Saturday, December 14, 2024
Novel

നിഴലായ് മാത്രം : ഭാഗം 32 – അവസാനിച്ചു

നോവൽ
എഴുത്തുകാരി: സേഷ്മ ധനേഷ്‌

“ഉണ്ണി…ഉണ്ണി മോളെ… ഒരിക്കലും എന്നെ വിട്ടു പിരിയില്ലയെന്നു പറഞ്ഞിട്ടു…. എന്നെ വിട്ടു പോവുകയാണോ… എന്നെ വീണ്ടും ഭ്രാന്തനാക്കുകയാണോ നീ… എനിക്ക് ഭ്രാന്ത് പിടിക്കുന്നു … ഞാൻ ഒരു ഭ്രാന്തനായി… ” ഇരുമ്പഴിക്കുള്ളിൽ തലയടിച്ചു പതംപറഞ്ഞു കരയുന്ന ഹർഷൻ… ചോരയൊലിച്ചു മുഖമെല്ലാം രക്തവർണം കൊണ്ടു ചിത്രങ്ങൾ രൂപപ്പെട്ടു….

അവന്റെ കവിളിലേക്കു തന്റെ കൈ ചേർക്കുവാൻ നീട്ടിയതും അട്ടഹസിച്ചു അലറികൊണ്ടു ഹർഷൻ പുറകിലേക്ക് പോയി….

“ഹർഷാ… ഹർഷാ….” ഉണ്ണിമായ തൊണ്ടയിൽ അലച്ച ഒരു നിലവിളിയോടെ എഴുനേറ്റു… പെട്ടന്ന് തന്നെ മുറിയിൽ വെളിച്ചം പരന്നു. പക്ഷെ അതൊന്നും അവൾ അറിഞ്ഞിരുന്നില്ല.

അനന്തു നോക്കുമ്പോൾ മുടിയെല്ലാം പാറി പറന്നു അനുസരണയില്ലാതെ അവളുടെ മുഖത്തേക്കു വീണു കളിക്കുന്നുണ്ട്. ചെന്നിയിലൂടെ വിയർപ്പു കണങ്ങൾ കഴുത്തിലേക്കു പടർന്നൊഴുകുന്നു.

വല്ലാതെ ഭയപ്പെട്ടപോലെ, കൃഷ്ണമണികളും ആരെയോ അന്വേഷിക്കും പോലെ സഞ്ചരിക്കുന്നുണ്ട്.

കണ്ണിനു ചുറ്റും കറുപ്പ് നിറം പടർന്നിട്ടു കുറെയായി… അവിടെ നിന്നും പോന്നതിനു ശേഷം ഉറക്കം പോലും അവൾക്കന്യമായി കഴിഞ്ഞിരുന്നു.

അനന്തു ഒരു ഗ്ലാസ്സിൽ വെള്ളവുമെടുത്തു അവളുടെ അടുത്തേക്ക് ചെന്നു… അവളുടെ മൂർധാവിൽ പതിയെ തലോടി”ഉണ്ണി… സ്വപ്നം വല്ലതും കണ്ടോ നീ” പതിയെ ചോദിച്ചു… അവൾ ഉള്ളിൽ അലച്ച തേങ്ങലോടെ അവന്റെ വയറിൽ ചുറ്റി പിടിച്ചു കുറെ കരഞ്ഞു… അവളുടെ സങ്കടപെയ്തു കഴിയും വരെ അവനും കാത്തു നിന്നു.

അവനൊന്നും ചോദിച്ചില്ല. കരച്ചിൽ തേങ്ങലായും വിതുമ്പലുകളുമായി മാറിയപ്പോൾ അവൻ ഉണ്ണിയുടെ മുഖം തന്റെ കൈകളിൽ കോരിയെടുത്തു നെറ്റിയിൽ അമർത്തി ചുംബിച്ചു.

കണ്ണും മുഖവുമെല്ലാം തുടച്ചു കൊടുത്തു. കട്ടിലിൽ ഒരു തലയിണ ചാരി വച്ചു അവൻ ഇരുന്നു.

ഉണ്ണിയുടെ തല അവന്റെ മടിയിൽ വച്ചു അവളുടെ മുടിയിഴകളിൽ തലോടിയിരുന്നു…. പതുക്കെ പതുക്കെ അവൾ ഉറക്കത്തിലേക്കു വീണു… അവനും.

ഉറക്കത്തിൽ തന്റെ കവിളിൽ അനുഭവപ്പെട്ട നനുത്ത സ്പര്ശമായിരുന്നു അനന്തുവിനെ ഉണർത്തിയത്. കണ്ണു തുറന്നു നോക്കുമ്പോൾ ചായ ടേബിളിൽ വച്ചു ചിരിച്ചു തന്റെ അടുത്തുരിക്കുന്ന ഉണ്ണിമായയെ കണ്ടു.

അവൻ ഒരു നറു പുഞ്ചിരിയോടെ അവളെ നോക്കി… കണ്ണിമ ചിമ്മാതെ… കണ്ണുകളിൽ പരമാവധി സങ്കടങ്ങൾ ഒളിപ്പിക്കാൻ ശ്രെമിക്കുന്നുണ്ട്. അതിന്റെ ഫലമായി ചിരിക്കുമ്പോഴും കടക്കണ്ണിൽ മുത്തു കണക്കെ മിഴിനീർ തിളങ്ങി നിൽക്കുന്നു.

കരച്ചിൽ അടക്കി ചുണ്ടുകളിൽ ചിരി വരുത്താൻ ശ്രെമിക്കുന്നുണ്ട് അതുകൊണ്ടു തന്നെ എപ്പോഴുമുള്ള അവളുടെ പുഞ്ചിരിയുടെ ഭംഗിയൊക്കെ നഷ്ടപ്പെട്ടു കഴിഞ്ഞിരുന്നു.

തന്നെ കണ്ണിമ ചിമ്മാതെ നോക്കുന്ന അനന്തുവിനെ കണ്ടപ്പോൾ അവൾക്കാനിമിഷത്തിൽ നാണമൊന്നും തോന്നിയില്ല.

അല്ലെങ്കിൽ അവന്റെ നോട്ടം മതിയാർന്നു അവൾക്ക് പൂത്തുലയുവാൻ.

“എഴുന്നേൽക്കെടോ…. ഇന്ന് വൈകീട്ടല്ലേ പോകേണ്ടത്… അതു മറന്നുപോയോ” അതും പറഞ്ഞു അനന്തുവിനെ എഴുന്നേൽപ്പിച്ചു അവൾ ദൃതിയിൽ പാക്കിങ് ചെയ്യാൻ തുടങ്ങി.

ഡ്രെസ്സുകളെല്ലാം എടുത്തു നന്നായി മടക്കി വയ്ക്കുന്നു… പുസ്തകങ്ങൾ അടക്കുന്നു… ദൃതിയിൽ ഒട്ടും സമയമില്ലാത്തതുപോലെ അവളെന്തൊക്കെയോ ചെയ്തുകൂട്ടാൻ ശ്രമിക്കുകയാണ്. കുറച്ചു നിമിഷങ്ങൾ കൂടി അവളെ നോക്കി അവൻ ടവൽ എടുത്തു ഫ്രഷാകാൻ കേറി.

അവൻ പോയതും അവൾ ജനലിനു അടുത്തു ചെന്നു ശബ്ദതമില്ലാതെ കരയാൻ തുടങ്ങി…

മൂന്നുമാസം ആകാറായിരിക്കുന്നു നാട്ടിൽ നിന്നും വന്നിട്ട്…ഇവിടെ ബാംഗ്ലൂര് അനന്തുവിന്റെയൊപ്പം…

എല്ലാം മറക്കുവാൻ വേണ്ടിയായിരുന്നു ആ നാട്ടിൽ നിന്നും തന്നെ പോന്നത്. പക്ഷെ ഹർഷൻ ഉണ്ണിമായയുടെ മനസിൽ വേരുറച്ചു പോയൊരു മരമാണ്.

വെട്ടി മാറ്റിയാലും ആ വേരുകൾ ആഴ്നിറങ്ങിയത് തന്റെ ആത്മാവിലാണെന്നു ഇപ്പോഴാണ് അവൾക്കു മനസിലായത്.

ഓരോ രാത്രിയിലും ഒരു ഭ്രാന്തനായി ഇരുമ്പഴിക്കുള്ളിൽ രക്തമൊലിപ്പിച്ചു നിൽക്കുന്ന… തനിക്കരികിൽ നിന്നും അകന്നുപോകുന്ന ഹർഷന്റെ മുഖം അവളുടെ ഉറക്കം കളയാൻ തുടങ്ങിയിട്ട് കുറേയേറെ ദിവസങ്ങളായി.

ഇതിനോടകം തന്നെ ഹർഷന്റെ അവസ്ഥയെന്താകുമെന്നു ആലോചിച്ചു ഉള്ളം പിടഞ്ഞു പാതി ജീവനെയുള്ളൂ ഉണ്ണിമായക്കു.

അവിടെ നിന്നും അനന്തുവിന്റെ വീട്ടിലെത്തിയിട്ടു അച്ഛനേയും അമ്മയെയും വിവരങ്ങൾ അറിയിച്ചു.

അച്ഛൻ മരിച്ചിട്ട്‌ കുറച്ചു ദിവസങ്ങൾ മാത്രമേ ആയിട്ടുണ്ടയുള്ളൂ… പിന്നെയും കുറച്ചു ദിവസങ്ങൾ കഴിഞ്ഞു അമ്പലത്തിൽ കൊണ്ടുപോയി അനന്തു താലി കെട്ടി.

കുറച്ചു ദിവസങ്ങൾ കൂടി കഴിഞ്ഞു രജിസ്റ്റർ ചെയ്യുകയും ചെയ്തു. പിന്നീടായിരുന്നു ബാംഗ്ലൂരിലേക്ക് പോയത്.

മനസിന്റെ ഒരു മാറ്റത്തിന് വേണ്ടി. ഇതുവരെയും ഒരു ജീവിതം തമ്മിൽ തുടങ്ങിയിട്ടില്ല. അതിനുള്ള സാവകാശം അനന്തു കൊടുക്കുകയും ചെയ്തു.

അവനറിയാം ഉണ്ണിമായയെയും അവളുടെ മനസിനെയും…. അതുകൊണ്ട് പൂർണ്ണമായ ഒരു മാറ്റത്തിന് വേണ്ടി അവളെ ദുബായിൽ കൊണ്ടുപോകുകയാണ്.

കുറച്ചു നാളുകൾ ഒന്നു മാറി നിൽക്കുവാൻ. ഇന്ന് വൈകീട്ടാണ് ഫ്ലൈറ്റ്.

അതിനു വേണ്ടിയുള്ള തയ്യാറെടുപ്പുകളാണ് ഉണ്ണിമായ നടത്തിയത്. പോകുന്നതിനു മുൻപേ നാട്ടിലെ വിവരങ്ങൾ അറിയണമെന്നുണ്ട്… കുറച്ചുനാൾ ദുബായിൽ.. പിന്നെ അവിടെ നിന്നും അമേരിക്കയിലേക്ക്…

ഇനിയൊരു തിരിച്ചു വരവ് തനിക്കുണ്ടാകുമോയെന്നറിയില്ല… ഹർഷൻ… അവനെ കാണാതെ പോയാൽ ഒരു വിങ്ങലായി മനസ്സിൽ കാണുമെന്നു അവൾക്കു തോന്നി.

അവസാന നിമിഷത്തിൽ നാട്ടിലേക്ക് പോകണമെന്ന് പറഞ്ഞാൽ… അനന്തു എന്തു വിചാരിക്കും…. ഉണ്ണിമായയുടെ മനസ്സു ആകെ കലങ്ങി മറിഞ്ഞു.

അനന്തു ഫ്രഷായി വന്നതൊന്നും അവളറിഞ്ഞില്ല. അവൻ ഡ്രസ് ചെയ്തു അവളെ പുറകിലൂടെ ഇടുപ്പിൽ പിടിച്ചു, അവളുടെ തോളിൽ മുഖമമർത്തി.

പെട്ടന്ന് ഉണ്ണിമായ ഞെട്ടിയതല്ലാതെ പ്രത്യേകിച്ചു ഒരു ഭാവവും അവളിലുണ്ടായില്ല. മുഖം ചെരിച്ചു അവനെയൊന്നു നോക്കി ചിരിച്ചെന്നു വരുത്തി അവൾ നിന്നു.

“കഴിക്കാം നമുക്ക്” അവന്റെ കൈകൾ വിടുവിച്ചു അവൾ നേർമതയോടെ ചോദിച്ചു. കൈ വിടുവിച്ചു നടന്നകലാൻ ശ്രെമിച്ച ഉണ്ണിമായയെ അവൻ കൈകളിൽ പിടിച്ചു നിർത്തി.

“എന്താടോ… ഇനിയും… തനിക്കു… ഹർഷനെ കാണണോ”

അവന്റെ ചോദ്യങ്ങൾക്ക് അവൾ മറുപടി പറഞ്ഞില്ല. നിറ കണ്ണുകളോടെ അവൾ വേണ്ടയെന്നു തലയാട്ടി. ഹാളിലേക്ക് നടന്നു.

ഭക്ഷണം എടുത്തു വയ്ക്കുമ്പോളായിരുന്നു കോളിങ്ബെൽ ശബ്‌ദം കേൾക്കുന്നത്.

ഉണ്ണിമായ എഴുന്നേൽക്കാൻ തുടങ്ങിയതും അനന്തു അവളെ കൈപിടിച്ചു അവിടെത്തന്നെ ഇരുത്തി. അവൻ പോകാമെന്ന് കണ്ണുകൾ കൊണ്ടു പറഞ്ഞു എഴുനേറ്റു ഡോറിനടുത്തേക്കു നടന്നു.

ഉണ്ണിമായ തിരിഞ്ഞു അവന്റെ ചായ കപ്പിൽ ചായ ഒഴിച്ചു. അവനെ തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് മുന്നിൽ നിൽക്കുന്ന യാമിയെയും ബാലുവിനെയുമായിരുന്നു.

അവരെ കണ്ടതും അവളുടെ കണ്ണുകൾ നിറഞ്ഞു. പക്ഷെ പെട്ടന്ന് തന്നെ ഉണ്ണിമായ മുഖത്തു ദേഷ്യത്തിന്റെ മൂടുപടം എടുത്തണിഞ്ഞു തല വെട്ടിച്ചു തിരിഞ്ഞു നിന്നു.

എങ്കിലും അവളുടെ മനസിലൂടെ പോയത് യാമിയുടെ രൂപമായിരുന്നു.

മൂന്നുമാസം കൊണ്ടു അവളാകെ ക്ഷീണിച്ചു പോയിരുന്നു… എല്ലുപോലെ ഒരു രൂപം…. കണ്ണുകൾ കുഴിഞ്ഞു കറുപ്പ് പടർന്നിരുന്നു…

എങ്കിലും അവളുടെ കണ്ണുകളിൽ തേടി നടന്നതെന്തോ കിട്ടിയ സന്തോഷവും തിളക്കവും കണ്ടു…

കവിളുകളിലെ തുടിപ്പുകളെല്ലാം പോയിരുന്നു. വിഷാദത്തിന്റെ പുഞ്ചിരിയായിരുന്നു അവളുടെ ചുണ്ടിൽ… ഹർഷൻ..

“ഉണ്ണി… നിന്നെ കൂടെ കൊണ്ടുപോകാനാണ് ഞങ്ങൾ വന്നത്… എവിടെയൊക്കെ അന്വേഷിച്ചു നടന്നുവെന്നോ… നീയല്ലാതെ ഹർഷൻ… അവനെ” യാമി പറഞ്ഞു തുടങ്ങി ഹർഷന്റെ പേരു കേട്ടതും അവൾ ദേഷ്യത്തിൽ തിരിഞ്ഞു വലം കൈ നീട്ടിയവളെ പറയുന്നതിൽ നിന്നും തടുത്തു.

“എനിക്കൊന്നും കേൾക്കണ്ട ഹർഷനെ കുറിച്ചു… എന്തു തന്നെ സംഭവിച്ചാലും എനിക്കൊന്നുമില്ല… ഞാൻ നിങ്ങളുടെ കൂടെ വരുമെന്നും കരുതണ്ട… ഇപ്പൊ ഇവിടെ നിന്നും പോകണം… ”

അത്രയും ദേഷ്യത്തിൽ ഉണ്ണിമായ അലറി പറഞ്ഞതു തല കുമ്പിട്ടു അവളുടെ മുഖത്തു നോക്കാതെയായിരുന്നു. എന്നിട്ടു ബാലുവിനെയും യാമിയേയും നോക്കാതെ തന്നെ തിരിഞ്ഞു നിന്നു.

ഉണ്ണിമായയുടെ തോളിൽ ഒരു കരസ്പര്ശം…. തിരിഞ്ഞു നോക്കിയില്ലെങ്കിലും അവൾക്കറിയാം അതു ബാലുവാണെന്നു. അവൻ ബലം പ്രയോഗിച്ചു അവളെ തിരിച്ചു നിർത്തി.

ബാലു അവളുടെ മുഖം പിടിച്ചുയർത്തി അവന്റെ കണ്ണുകളെ നേരിടാനാകാതെ അവൾ കണ്ണുകൾ ഇറുക്കിയടച്ചു. ബാലു ഉണ്ണിയുടെ കവിളിൽ തട്ടി ഉണർത്തി….

“നിനക്കു നമ്മുടെ ഹർഷനെ കാണണ്ടേ… അവന്റെ ഇപ്പോഴത്തെ അവസ്ഥയിൽ നിന്നും നിനക്കു മാത്രമേ അവനെ തിരിച്ചു കൊണ്ടുവരാനാകു. നീ വരണം ഞങ്ങളുടെ കൂടെ… നമ്മുടെ ഹർഷൻ അല്ലെ ടി”

ബാലു ദയനീയമായി അവളോട്‌ പറഞ്ഞു. ഉണ്ണിമായ കരഞ്ഞു കൊണ്ടേയിരുന്നു. അവൾ ഇല്ലായെന്നു തലയാട്ടി…ബാലു പിന്നെയും ചോദ്യങ്ങൾ എയ്തു തുടങ്ങി..

“എന്തിന്റെ പേരിലാ നീ ഹർഷനെ ശിക്ഷിക്കുന്നത്… യാമിയുടെ അമ്മയാണ് കാരണം… അന്ന് അച്ഛന് വയ്യാതെ ആയപ്പോ നീ വിളിച്ചപ്പോ അവർ ഫോൺ കൊടുക്കാതിരുന്നതാണ്… ഹർഷൻ ഒന്നും അറിഞ്ഞിരുന്നില്ല… നിനക്കറിയില്ലേ മോളെ അവനെ… അവനെ തിരികെ കൊണ്ടുവരേണ്ടേ നമുക്ക്… നമ്മളല്ലേയുള്ളൂ അവനു…”

ബാലു രണ്ടു കൈകളും അവളുടെ കൈകളെ പൊതിഞ്ഞു. യാചിക്കും പോലെ നിന്നിരുന്നു. നിറകണ്ണുകളോടെ തന്നെ ഉണ്ണിമായ അവന്റെ കൈകളെ വിടുവിച്ചു യാമിയെ കടന്നു അനന്തുവിനരികിലേക്കു നടക്കാൻ തുടങ്ങി.

അനന്തു അവരുടെ സംഭാഷണങ്ങൾ എല്ലാം തന്നെ കേട്ടു ഉണ്ണിമായയെ തന്നെ വീക്ഷിച്ചു നിൽക്കുകയായിരുന്നു. യാമിയെ കടന്നുപോയ ഉണ്ണിമായയെ അവൾ കൈകൾ തടഞ്ഞു നിർത്തി. ഒരു നിമിഷം രണ്ടുപേരും പരസ്പരം കണ്ണുകൾ കോർത്തു സംസാരിച്ചു.

രണ്ടുപേരുടെ മിഴികളും നിറഞ്ഞൊഴുകിയിരുന്നു…. ഉണ്ണിമായ പ്രതീക്ഷിക്കാതെ യാമി അവളുടെ കാലിൽ വീണു… യാമിയുടെ കണ്ണുനീർ അവളുടെ പാദങ്ങളെ നനയിച്ചു കൊണ്ടേയിരുന്നു…

“നിന്റെ നഷ്ടങ്ങളൊന്നും തിരികെ തരാൻ എനിക്കോ ഹർഷനോ ഇനി കഴിയില്ല ഉണ്ണി… പക്ഷെ ഞാൻ ഇപ്പൊ യാചിക്കുകയാണ്… എന്നെ ഓർക്കേണ്ട… ഹർഷനെ ഓർത്തും വേണ്ട…

ഞങ്ങൾക്ക് ജനിക്കാനിരിക്കുന്ന കുഞ്ഞിനെയോർത്തെങ്കിലും ഹർഷനെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ നീ വേണം…

ഈ രണ്ടുമാസം ഞാൻ ഒരുപാട് ശ്രെമിച്ചിട്ടും ഹർഷന്റെ മനസിൽ നിന്നോളം ആഴത്തിൽ എന്റെ പ്രണയവും സ്നേഹവും പതിഞ്ഞിട്ടില്ല… എന്റെ നിസ്സഹായാവസ്ഥ… ”

യാമിയെ പിടിച്ചെഴുനേല്പിച്ചു ഉണ്ണിമായ… അവളുടെ കൈകൾ അവളുടെ മനസു മന്ത്രിച്ചപോലെ യാമിയുടെ വയറിൽ പതിയെ തലോടി… അതുവരെ ഇല്ലാതിരുന്ന ഒരു പുഞ്ചിരി അവളുടെ ചുണ്ടിൽ വിടർന്നിരുന്നു.

ഉണ്ണിമായ അനന്തുവിനെ നോക്കുമ്പോൾ അവന്റെ മുഖത്തും സമാധാനത്തിന്റെയും സന്തോഷത്തിന്റെയുമൊക്കെ ഒരു ഭാവം അവനിൽ നിറഞ്ഞിരുന്നു.

അനന്തു കൈകൾ രണ്ടും നീട്ടി പിടിച്ചു ഉണ്ണിമായ അവന്റെ നെഞ്ചിലേക്ക് ചേക്കേറി… കുറേനേരം കരഞ്ഞു… അതുവരെയുണ്ടായിരുന്ന… അവളൊളിപ്പിച്ചു വച്ച അവളുടെ എല്ലാ സങ്കടങ്ങളും ആ നിമിഷത്തിൽ അവന്റെ നെഞ്ചിൽ കരഞ്ഞു തീർത്തു….

ഹോസ്പിറ്റൽ പടികൾ ഓരോന്നായി കയറുമ്പോൾ അവസാനമായി ഹർഷന്റെ കൈകൾ പിടിച്ചു ഇനിയൊരിക്കലും ഒരു മടങ്ങി വരവുണ്ടാകില്ല എന്നു വിശ്വസിച്ചു അതേ പടികൾ അവരൊരുമിച്ചു ഇറങ്ങിയത് അവളോർത്തു.

കണ്ണു നിറഞ്ഞു അവൾക്കു നടക്കാൻ കഴിയുന്നുണ്ടായില്ല. അനന്തുവിന്റെ കൈകളിൽ മുറുകെ പിടിച്ചു അവൾ പടികളോരോന്നും കയറി. ഹർഷന്റെ മുറിയുടെ മുന്നിൽ ഒരു ഇരുമ്പഴികൾ തീർത്ത വാതിലായിരുന്നു.

അതു പൂട്ടിയിരുന്നു. അതിൽ തല ചായ്ച്ചു കുമ്പിട്ടു ഹോസ്പിറ്റലിൽ കിടക്കുന്ന വേഷത്തിൽ… ഹർഷൻ നിൽക്കുന്നത് ഉണ്ണിമായ ദൂരത്തു നിന്നുകൊണ്ട് തന്നെ കണ്ടു.

അവൾ വേഗത്തിൽ നടന്നു അവനരികിലേക്കു… സത്യത്തിൽ അവൾ ഓടുകയായിരുന്നു… അവൾ ഇരുമ്പഴിക്കു മുന്നിലെത്തി… അവന്റെ ശ്വാസതാളം മാത്രം അവൾക്കു വ്യക്തമായി കേട്ടു…

അവൾ കരച്ചിലും തേങ്ങലുകളും അടക്കി പിടിച്ചു “ഹർഷ… ഹർഷാ…” കരച്ചിലോടെയുള്ള അവളുടെ വിളി ഹൃദയത്തിൽ നിന്നും വന്ന ഒരു പിടച്ചിലോടെ അവൻ മുഖമുയർത്തി നോക്കി…

അവന്റെ നെറ്റിയിൽ നിന്നും ചോരയൊഴുകി മുഖത്തു അങ്ങുഇങ്ങായി രക്തചിത്രങ്ങൾ വരച്ചിരുന്നു… ഉണ്ണിമായയെ കണ്ട സന്തോഷത്തിൽ അവൻ അലറി ചിരിച്ചു…

അവന്റെ വായിൽ നിന്നും രക്തം വന്നിരുന്നു ചുണ്ടുകൾ പൊട്ടി… വെളുത്ത പല്ലിൽ ചുവപ്പു പടർന്നിരുന്നു… താൻ അടുത്തിടെ എന്നും കാണുന്ന സ്വപ്നത്തെ ഓർത്തു പോയി ഉണ്ണിമായ…

അവൾ അവന്റെ കവിളിൽ പിടിക്കാൻ കൈകൾ നീട്ടി.. അനുസരണയുള്ള കുട്ടിയെപ്പോലെ അവൻ നിന്നു….

അവന്റെ കവിളിൽ കൈകൾ ചേർത്തു രണ്ടുപേരും ഇരുമ്പഴികയിൽ നെറ്റി മുട്ടിച്ചു ഒരുമിച്ചു നിന്നു കരഞ്ഞു…

കുറച്ചു മാസങ്ങൾക്ക് ശേഷം പൂങ്കുന്നത്തു വീട്ടു മുറ്റത്തു വീണ്ടുമൊരു കല്യാണ പന്തലൊരുങ്ങി…. ഗോപനും മീനാക്ഷിയും ഓടി നടക്കുന്നുണ്ട്…ഒപ്പം അനന്തുവും ഹർഷനും കൂടിയുണ്ട്…

“ഹർഷാ… പൂ വാങ്ങിയില്ലേ… ഒരാൾ പൂവ് കിട്ടിയില്ല എന്നും പറഞ്ഞു ബഹളം വയ്ക്കുന്നുണ്ട്… വേഗം കൊണ്ടുവാ.. ഞാൻ അപ്പോഴേക്കും ഈ കുട്ടികുറുമ്പനെ ഒന്നു ഒരുക്കട്ടെ..

” യാമി തന്റെ കയ്യിലിരിക്കുന്ന കുരുന്നിനെ ഉമ്മവച്ചു കൊണ്ടു ഹർഷനോട് പറഞ്ഞു… ഹർഷനെ കണ്ടതും ആ കുരുന്നു അവന്റെ മേലേക്ക് ചാടി…

“അച്ഛന്റെ കണ്ണൻ ഇങ്ങു വന്നേ…ഉമ്മ..” ഹർഷൻ അവന്റെ കണ്ണനെ എടുത്തുയർത്തി കൊഞ്ചിച്ചു… തുരുതുരെ ഉമ്മകൾ കൊണ്ടു പൊതിഞ്ഞു… യാമി നിറ മിഴികളോടെ അച്ഛന്റെയും മോന്റെയും കളികൾ കണ്ടു മനസ്സു നിറഞ്ഞ ചിരിയോടെ നിന്നു.

ഹർഷൻ കണ്ണനെ തിരികെ ഏൽപ്പിച്ചു യാമിയുടെ കവിളിൽ പതിയെ തലോടി ഹാളിൽ ഇരുന്ന പൂവ് കൊണ്ടു മുകളിലെ മുറിയിലേക്ക് നടന്നു…

ഹർഷൻ മുറിയിലേക്ക് കടക്കുമ്പോൾ അവിടെ നീല നിറത്തിൽ പട്ടു സാരിയിൽ നെറ്റിയിൽ ചുവന്ന പൊട്ടും സിന്ദൂരവും നീണ്ട താലി മാലയുമൊക്കെ ഇട്ടു ഒരുങ്ങി ഇരിക്കുകയായിരുന്നു ഉണ്ണിമായ… കണ്ണാടിയുടെ മുന്നിൽ ഇരിക്കുന്ന അവളുടെ പുറകിലായി ഹർഷൻ വന്നു നിന്നു…”ആഹാ … സുന്ദരിയായല്ലോ…

അപ്പൊ അനന്തുവിന്റെ സെലക്ഷൻ തെറ്റിയില്ല… നല്ല ഭംഗിയുണ്ട് നിന്നെ കാണാൻ ഈ സാരിയിൽ” ഹർഷൻ കണ്ണാടിയിലൂടെ ഉണ്ണിയോട് സംസാരിച്ചു. അവൾ ചിരിച്ചു. “പൂ എവിടെ”

ചോദ്യം തീരും മുന്നേ അനന്തു ഒരു കയ്യിൽ കുറച്ചു പൂവുമായി അകത്തേക്ക് കയറി അവൾക്കു നേരെ നീട്ടി… അതേ സമയത്തു തന്നെ ഹർഷനും… ഒരു നിമിഷം ഉണ്ണിയും സംശയിച്ചു…

ആരുടെ കയ്യിൽ നിന്നും പൂ വാങ്ങും… ഒരാൾ പോലും കൈ പിന്വലിക്കുന്നുമില്ല… ഉണ്ണിമായ രണ്ടുപേരുടെ മുഖത്തേക്കും നിസഹായതോടെ നോക്കി…

അവളുടെ അവസ്ഥ മനസിലാക്കിയ ഹർഷൻ ഒരു ചിരിയോടെ അവന്റെ കൈകളിലെ പൂവ് അനന്തുവിനു നേരെ നീട്ടി ഇതുകൂടി ചേർത്തു വച്ചു കൊടുക്കാൻ കണ്ണുകൾ കൊണ്ടു പറഞ്ഞു…

അനന്തു ചിരിയോടെയും സന്തോഷത്തോടെയും പൂക്കൾ വാങ്ങി ഒരുമിച്ചു ചേർത്തു നല്ല ഭംഗിയിൽ തലമുടിയിൽ വച്ചു കൊടുത്തു… ശേഷം അവളെ പതുക്കെ എഴുന്നേൽപ്പിച്ചു… ഹർഷനും അവളുടെ അടുത്തേക്ക് ചെന്നു…

“എന്റെ മോളൂട്ടി ചവിട്ടു തുടങ്ങിയോ” ഉണ്ണിമായയുടെ വയറിൽ കൈവച്ചു ഹർഷൻ ചോദിച്ചു. “അഞ്ചു മാസമല്ലേ ആയുള്ളൂ… അനക്കം മാത്രമേ ആയുള്ളൂ… ചവിട്ടി കുത്തു തുടങ്ങിയില്ല” ഉണ്ണിമായ ചിരിയോടെ പറഞ്ഞു അനന്തുവിന്റെ കൈകളിൽ കൈ കോർത്തു പിടിച്ചു.

“അതേ… നിങ്ങൾ ഇവിടെ കിന്നാരം പറഞ്ഞു നിൽക്കുവാണോ… ഇന്ന് ഞങ്ങളുടെ കല്യാണമാണ്… വല്ലതും ഓർമയുണ്ടോ… സമയമായി തുടങ്ങി… നിങ്ങൾ വരുന്നുണ്ടോ” ബാലുവിന്റെ കൈകളിൽ പിടിച്ചു വിവാഹവേഷത്തിൽ നിൽക്കുകയാണ് പാറുവും.

“ഈശ്വരാ.. പാവം ബാലു… അവനെക്കാൾ ദൃതി അവൾക്കണല്ലോ” അനന്തു പറയുന്നത് കേട്ടു എല്ലാവരും അവളെ കളിയാക്കി ചിരിച്ചു… എല്ലാവരോടും ചുണ്ട് കോട്ടി ബാലുവിന്റെ കൈകൾ പിടിച്ചു വലിച്ചുകൊണ്ട്

“അവര് വന്നില്ലെങ്കിലും കുഴപ്പമില്ല… വാ.. നമുക്ക് കെട്ടാം” ബാലു അവളെയും ചേർത്തു പിടിച്ചുകൊണ്ടു നടന്നു…

“നിങ്ങൾ ഇന്ന് വൈകീട്ട് തന്നെ തിരിക്കില്ലേ… വൈകീട്ട് അല്ലെ ഫ്ലൈറ്റ്… അവിടെ അമ്മയുള്ളത് കൊണ്ടു സമാധാനം ഉണ്ട്” ഹർഷൻ അനന്തുവിനോടും ഉണ്ണിയോടും ചോദിച്ചു. അതെയെന്ന് അവർ ഒരുമിച്ചു പറഞ്ഞു.

കല്യാണം കഴിഞ്ഞു അവർ ഇറങ്ങും. അമേരിക്കയിലേക്ക് പോകുകയാണ്. കുറച്ചു നാളുകൾക്കു ശേഷം മടങ്ങിവരുമെന്നും പറഞ്ഞിട്ടുണ്ട്. ഉണ്ണിമായക്കു ഇപ്പൊ അഞ്ചാം മാസമാണ്.

അമേരിക്കയിലേക്ക് പോയാലും അനന്തുവിന്റെ അമ്മയുള്ളതാണ് ഒരു സമാധാനമെന്നു ഹർഷൻ കൂടെ കൂടെ പറയുന്നുണ്ട്. അവർ പിന്നെയും എന്തൊക്കെയോ സംസാരിച്ചു നിൽക്കെ അനന്തുവിനെ ഗോപൻ എന്തോ ആവശ്യത്തിനു വിളിച്ചുകൊണ്ടുപോയി. യാമി കണ്ണനെ ഒരുക്കി വന്നു…

രണ്ടു കണ്ണുകളും നീട്ടിയെഴുതി ഗോപി പൊട്ടും കവിളിൽ കണ്ണുപെടാതെ ഇരിക്കാനുള്ള ഒരു വലിയ കറുത്ത പൊട്ടും ഇളം ചുവപ്പു കളറിൽ ഒരു ഉടുപ്പും ധരിപ്പിച്ചു കൊണ്ടുവന്നു…

നല്ല ഭംഗിയുണ്ടായിരുന്നു… കണ്ണനെ കണ്ടതും ഉണ്ണിമായ കോരിയെടുത്തു കൊഞ്ചിക്കാൻ തുടങ്ങി…

“ഇവൻ ശരിക്കും നിന്റെ പോലെ തന്നെയുണ്ട്…അല്ലെ യാമി..” ഉണ്ണിമായയുടെ ചോദ്യത്തിന് ചിരിച്ചു കൊണ്ടു യാമി തലയാട്ടി.
“അതേ മുഹൂർത്തം ആകാറായി വന്നേ രണ്ടാളും…”

ഉണ്ണിമായയുടെ കയ്യിൽ നിന്നും കണ്ണനെ വാങ്ങിക്കൊണ്ടു യാമി പറഞ്ഞു… യാമിയോട് പൊയ്ക്കൊള്ളാൻ കണ്ണുകൾ കൊണ്ട് ഹർഷൻ പറഞ്ഞു. അവൾ ചിരിയോടെ നടന്നു….

“ഉണ്ണി…”ഹർഷന്റെ വിളിയിൽ ഉണ്ണിമായ എന്താണെന്ന ഭാവത്തിൽ അവനെ നോക്കി പുരികമുയർത്തി… ഹർഷൻ അവളുടെ കണ്ണുകളിൽ ഉറ്റു നോക്കിക്കൊണ്ടു അവളുടെ അടുത്തേക്ക് നീങ്ങി… കൈകൾ നീട്ടി ഇരു കണ്തടങ്ങളിലും തലോടി.

“ഈ കണ്ണുകളിൽ… ഈ കണ്ണുകളിൽ എന്നോടുള്ള പ്രണയത്തെ നീയൊളിപ്പിച്ചു വച്ചിരുന്നു അല്ലെ” പെട്ടന്നുള്ള ഹർഷന്റെ ചോദ്യത്തിൽ അവളുടെ മനസൊന്നിടറി. കണ്ണുകളിൽ ഞെട്ടൽ വിടർന്നു… അവൻ പതിയെ അവളുടെ മുഖത്തു നിന്നും കൈകളെ പിൻവലിച്ചു….

“ഒരുപാട് ….ഒരുപാടു തവണ ഈ കണ്ണുകളിൽ ഞാൻ തേടിയിട്ടുണ്ട്… എന്നോടുള്ള പ്രണയത്തെ…എപ്പോഴൊക്കെയോ… പിന്നീട് എനിക്ക് തന്നെ തോന്നി നിന്നെ പ്രണയിക്കാനും കിട്ടാനുമുള്ള അര്ഹതയെനിക്കു ഇല്ലായെന്നു… അങ്ങനെ സമാധാനിച്ചു…

പക്ഷെ… നിന്റെയ പ്രണയത്തെ ഞാനൊഴികെ ബാക്കിയെല്ലാവരെയും നീയി കണ്ണുകളാൽ അറിയിച്ചു… എന്നിൽ നിന്നും മാത്രം നിന്റെ മനസിനെയും പ്രണയത്തെയും മറച്ചു വച്ചു…”

ഹർഷൻ നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചു ഉണ്ണിമായയെ നോക്കുമ്പോൾ അവൾ കരയാൻ പോലുമാകാതെ സ്തംഭിച്ചു നിൽക്കുകയായിരുന്നു…

“ഹർഷനു ഇതൊരു പുതിയ ജീവിതമാണ്… പുതിയ ജന്മമാണ്… നീ തിരികെ തന്നെ ജീവിതത്തിൽ പുതിയ കുറെ തിരിച്ചറിവുകളും ഉണ്ടായെനിക്കു… ഒരു കാര്യം കൂടി എനിക്ക് പറയാനുണ്ട്…. ഇനി എന്നിലേക്ക്‌ തിരികെ വരരുത്…

എന്റെ ആത്മാവിൽ പോലും വേരുറച്ചു പോയതായിരുന്നു ഉണ്ണിമായ… ആ നിന്നെ ഞാൻ വേരോടെ തന്നെ പിഴുതു കളയാൻ ആഗ്രഹിക്കുകയാണ് ഇപ്പോൾ… ഇനിയൊരു മടങ്ങിവരവ് ഉണ്ടാകരുത്… എനിക്കിപ്പോ എന്റെ ഈ പുതിയ ജീവിതം യാമിക്കു വേണ്ടി മാത്രമായി ജീവിച്ചു തീർക്കണം…

ഇനി എന്റെ ആത്മാവിൽ അവൾ മാത്രമായി നിറയണം… അവളോടുള്ള പ്രണയത്തെ ഒരു വിത്തായി ഞാൻ എന്നെ പാകിയിരുന്നു എന്റെ മനസ്സിൽ… അതൊരു ചെടിയായി വളർന്നു തുടങ്ങി കഴിഞ്ഞു… ഒരിക്കൽ കൈ വിട്ടു പോയ മനസ്സു ഇനി പതറില്ല… ”

ഹർഷൻ പതിയെ അവളുടെ കവിളിൽ തട്ടി കൊണ്ടു മുന്നോട്ടു നടക്കവേ യാമിയും അനന്തുവും ഒരിക്കൽ കൂടി അവരെ വിളിക്കാൻ വന്നു… പെട്ടന്ന് യാമിയെ ഹർഷൻ നെഞ്ചോടു ചേർത്തു അവളുടെ നെറ്റിയിൽ അധരങ്ങൾ ചേർത്തു… പിന്നീട് കവിളിലും അമർത്തി ചുംബിച്ചു…

പെട്ടന്നുള്ള ഹർഷന്റെ ഭാവത്തിൽ സ്തംഭിച്ചു നിന്ന യാമിയെ ചേർത്തു പിടിച്ചുകൊണ്ടു തന്നെ ഹർഷൻ നടന്നു നീങ്ങി.. അനന്തു ഉണ്ണിമായയെ നെഞ്ചോടു ചേർത്തു പിടിച്ചിരുന്നു… ആ നെഞ്ചിലെ ചൂട് മാത്രമേ അവളറിഞ്ഞുള്ളൂ…

ബാലു പാറുവിന്റെ കഴുത്തിൽ താലി കെട്ടിയതും കല്യാണമേളവും ഒന്നും തന്നെ ഉണ്ണിമായ കണ്ടില്ല… ഒരു ബഹളവും കേട്ടില്ല… ആ ഇടനാഴിയിലൂടെ അവൻ നടന്നകന്നു പോയത് മനസ്സിൽ നിന്നു കൂടിയാണെന്ന് അവൾക്കു തോന്നിപ്പോയി…. വളരെ ദൂരത്തേക്ക്…!

(അവസാനിച്ചു)

ചിലർക്കെങ്കിലും ഈ അവസാന ഭാഗത്തെ ഉൾക്കൊള്ളാൻ കഴിയാതെ പോയിട്ടുണ്ടാകും. ഇതു ഇങ്ങനെ അവസാനിപ്പിക്കാൻ മാത്രേ എനിക്ക് അറിയൂ. സത്യത്തിൽ ഇങ്ങനെയല്ലായിരുന്നു ഈ കഥയുടെ ആശയം. ഉണ്ണിമായയെ ഒരു കണ്ണീർ പുത്രിയാക്കാൻ ആയിരുന്നു ഉദ്ദേശം.

അനന്തുവിന്റെയും ഉണ്ണിമായയുടെ അച്ഛന്റെയും മരണവും യാമിയുടെ ക്രൂരതയുമൊക്കെ… പക്ഷെ ഒന്നു രണ്ടു സുഹൃത്തുക്കളോട് പറഞ്ഞപ്പോ എന്നോട് പറഞ്ഞു നല്ല പൊങ്കാല കിട്ടുമെന്ന്… അതു പേടിച്ചു കഥ മാറ്റിയെഴുതാൻ ഞാൻ ശ്രമിച്ചു എങ്കിലും ഏത് വഴിക്ക് കൊണ്ടു പോകുമെന്ന് അറിയാതെ നിന്ന നിസ്സഹായവസ്ഥയിൽ എന്റെ ഒരു സുഹൃത്തായിരുന്നു ഇങ്ങനെ ഒരു outline കഥ പറഞ്ഞു തന്നത്. ദേവന്റെയും ഉണ്ണിയുടെയും ഫ്ലാഷ് ബാക് കഥ മറ്റൊരു സുഹൃത് അനു ആയിരുന്നു പറഞ്ഞു തന്നത്.

കേരളം ഒരു മഹാ ദുരന്ത മുഖത്തു നിൽക്കുമ്പോഴും കഥയിലൂടെ മാത്രം എന്നെ പരിചയമുള്ള ഒരുപാട് സുഹൃത്തുക്കൾ ഞാൻ സേഫ് അല്ലേയെന്നു ചോദിച്ചു msg അയച്ചിരുന്നു. ഒരുപാട് സന്തോഷം തോന്നി. നിങ്ങളുടെ ഏറ്റവും അടുത്ത സുഹൃത്തായോ ബന്ധുവായോ ഒക്കെയല്ലേ എന്നെ കണ്ടത്. എല്ലാവർക്കും ഒരുപാടു നന്ദി.

Nb: ലൈക്ക് ചെയ്യാൻ മറക്കല്ലേ… നിങ്ങളുടെ ലൈക്കുകളും കമന്റുകളാണ് ഞങ്ങളെപ്പോലെയുള്ള എഴുത്തുകാർക്ക് പ്രചോദനം.

നിഴലായ് മാത്രം : PART 1

നിഴലായ് മാത്രം : PART 2

നിഴലായ് മാത്രം : PART 3

നിഴലായ് മാത്രം : PART 4

നിഴലായ് മാത്രം : PART 5

നിഴലായ് മാത്രം : PART 6

നിഴലായ് മാത്രം : PART 7

നിഴലായ് മാത്രം : PART 8

നിഴലായ് മാത്രം : PART 9

നിഴലായ് മാത്രം : PART 10

നിഴലായ് മാത്രം : PART 11

നിഴലായ് മാത്രം : PART 12

നിഴലായ് മാത്രം : PART 13

നിഴലായ് മാത്രം : PART 14

നിഴലായ് മാത്രം : PART 15

നിഴലായ് മാത്രം : PART 16

നിഴലായ് മാത്രം : PART 17

നിഴലായ് മാത്രം : PART 18

നിഴലായ് മാത്രം : PART 19

നിഴലായ് മാത്രം : PART 20

നിഴലായ് മാത്രം : PART 21

നിഴലായ് മാത്രം : PART 22

നിഴലായ് മാത്രം : PART 23

നിഴലായ് മാത്രം : PART 24

നിഴലായ് മാത്രം : PART 25

നിഴലായ് മാത്രം : PART 25

നിഴലായ് മാത്രം : PART 26

നിഴലായ് മാത്രം : PART 27

നിഴലായ് മാത്രം : PART 28

നിഴലായ് മാത്രം : PART 29

നിഴലായ് മാത്രം : PART 30