Saturday, September 14, 2024
Novel

നിഴലായ് മാത്രം : ഭാഗം 29

നോവൽ
എഴുത്തുകാരി: സേഷ്മ ധനേഷ്‌

അഞ്ചു നിമിഷം തികയും മുന്നേ ബാലു കാറുമായി പടിക്കൽ എത്തിയിരുന്നു. അവൻ ഓടികിതച്ചു മുറിയിലേക്ക് ചെല്ലുമ്പോൾ രാധാകൃഷ്‌ണനെ താങ്ങി പിടിച്ചു കരയുന്ന ഉണ്ണിയെയാണ് കണ്ടത്…

അവൻ ഒറ്റക്കു തന്നെ അയാളെ കോരിയെടുത്തു കാറിൽ കിടത്തി. വാതിൽ പൂട്ടാനൊന്നും നിൽക്കാതെ അയാളെയും കൊണ്ടു ബാലു ഹോസ്പിറ്റലിലേക്ക് കുതിച്ചു.

സ്ട്രെച്ചറിൽ രാധാകൃഷ്ണനെ കിടത്തി കാഷ്യലിറ്റിയിലേക്കു കൊണ്ടുപോകുമ്പോൾ അയാൾ ശ്വാസമെടുക്കാൻ വല്ലാതെ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു. അയാളുടെ ഒരു കൈ ബാലുവിലും മറ്റൊരു കൈ ഉണ്ണിമായയിലും അമർന്നിരുന്നു.

ബാലു രാധാകൃഷ്ണനെ നോക്കുമ്പോൾ ദയനീയമായ ആ കണ്ണുകൾക്ക്‌ എന്തോ പറയാനുണ്ടെന്ന് അവനു തോന്നി. അതൊരുപക്ഷെ ഉണ്ണിയെ തനിച്ചാക്കരുതെന്നായിരിക്കും.കാഷ്യലിറ്റിയിലേക്കു പ്രവേശിക്കും മുന്നേ അയാളൊന്നുഉയർന്നു പൊങ്ങി.

ഉണ്ണിമായയും ബാലുവും ഒരു നിമിഷം സ്തംഭിച്ചുപോയി. ബാലുവിനെ തന്നോട് ചേർത്തു പിടിച്ചിരുന്നു അയാൾ.

ബാലുവിന് പേടികൊണ്ടും സങ്കടം കൊണ്ടും കണ്ണുകൾ നിറഞ്ഞൊഴുകി…. വാവിട്ടു കരയാൻ പോലുമാകാതെ ഏറ്റവും അധികം ബുദ്ധിമുട്ടിയത് ബാലുവായിരുന്നു.

സങ്കടവും കരച്ചിലും മനസ്സിലെ വേദനയും തിങ്ങി ഒന്നലറി കരയാൻ പോലുമാകാതെ അവനാകെ വീർപ്പുമുട്ടി.

തന്റെ രണ്ടുമക്കളെയും ചേർത്തുപിടിച്ചു രാധാകൃഷ്ണൻ സാവധാനം ശ്വാസമെടുക്കുന്നത് വര്ധിച്ചുവന്ന ഭയപ്പാടോടെ ഉണ്ണിമായയും ബാലുവും നോക്കി കണ്ടു. ഒരു നിമിഷം തന്റെ ശ്വാസവും നിലച്ചെങ്കിലെന്നു അവൾക്കു തോന്നിപ്പോയി.

ഇങ്ങനെ ഈ നിമിഷത്തിൽ ജീവിക്കേണ്ട എന്നവൾക്കു തോന്നിപ്പോയി. ബാലുവും ഉണ്ണിമായയും ചേർന്നു രാധാകൃഷ്ണനെ ചായ്ച്ചു കിടത്തി. അപ്പോഴേക്കും കാഷ്യലിറ്റിയുടെ ഉള്ളിലേക്ക് രാധാകൃഷ്ണനെ കയറ്റി.

ഉണ്ണിമായ അതിനു മുന്നിലെ ചുവരിൽ തളർന്നു താഴെക്കിരുന്നു. അവൾക്കരികിലായി ബാലുവും. അവന്റെ തോളിൽ തല ചായ്ച്ചു കൊണ്ടു ഉണ്ണിമായ നിശ്ശബ്ദമായി കണ്ണുനീർ വാർത്തു.

അവന്റെ കൈകൾ അവളുടെ കണ്ണുനീരിനാൽ നനഞ്ഞപ്പോൾ അവൻ പതിയെ അവളുടെ തലയിൽ തലോടി ആശ്വസിപ്പിച്ചു. അവന്റെ കണ്ണുനീരിനാൽ ഉണ്ണിമായയുടെ മൂര്ധാവും നനഞ്ഞിരുന്നു.

ഡോക്ടർസ് നഴ്സമാർ എല്ലാം ഭയപ്പാടോടെ ഓടി നടക്കുന്നത് ബാലുവും ഉണ്ണിമായയും നിര്വികാരതയോടെ നോക്കി കണ്ടു.

എത്ര സമയം കഴിഞ്ഞുവെന്ന് രണ്ടുപേർക്കുമറിയില്ല. ഒരു കാത്തിരിപ്പായിരുന്നു…. അച്ഛനുവേണ്ടി.

ആ സമയത്തു മനസ്സു കല്ലിച്ചുപോയിരുന്നു. പ്രാര്ഥിക്കാനോ കരയാനോ ഒന്നിനും കഴിയാത്ത അവസ്ഥ. അല്ലെങ്കിൽ എന്താ ചെയ്യേണ്ടതെന്ന് അറിയാത്ത അവസ്ഥ.

ഏറെ നേരം കഴിഞ്ഞപ്പോൾ പ്രധാന ഡോക്ടർ വാതിൽ തുറന്നു വന്നു. അദ്ദേഹത്തിന്റെ മുഖഭാവം തങ്ങൾ ഭയപ്പെട്ടത് തന്നെയാണെന്ന് അവർക്ക് മനസിലായി.

അവർ അവരുടെ സ്വതവെയുള്ള ശൈലിയിൽ ഒരു ക്ഷമാപണം നടത്തി കാര്യമവതരിപ്പിച്ചു.

ബാലുവിന് ഒരു നിമിഷം ഹൃദയം നിന്നപ്പോലെ തോന്നി. താൻ വീണ്ടും അനാഥനായെന്നു അവനു വിശ്വസിക്കാൻ കഴിഞ്ഞില്ല.

ഒരച്ഛന്റെ കരുതലും സ്നേഹവും ശ്വാസനയും തലോടലുമെല്ലാം ഏറ്റുവാങ്ങിയത് ഒരു ഓര്മചിത്രം കണക്കെ അവന്റെ മനസ്സിൽ ദൃശ്യ വിരുന്നൊരുക്കി.

സങ്കടകടൽ തിരമാലകൾ മനസിൽ ആഞ്ഞു വീശിയപ്പോൾ കണ്ണുനീർ ഒഴുകികൊണ്ടിരുന്നു. തന്റെ വായിൽ വിരലുകൾ കടത്തി കടിച്ചു ഭിത്തിയിൽ മുഷ്ടി ചുരുട്ടി ഇടിച്ചു കൊണ്ടിരുന്നു.

പെട്ടെന്നാണ് ഉണ്ണിമായയെ കുറിച്ചോർത്തത്. അവൾ നിന്ന നിൽപ്പിൽ തന്നെ നിൽക്കുകയാണ്. അവൻ അവളുടെ തോളിൽ കൈ വച്ചു.

അവളൊന്നു ഞെട്ടി ഉണർന്നു. “അച്ഛൻ… അച്ഛൻ… ഒന്നും പറയാതെ പോയല്ലേ” വാക്കുകൾ മുറിഞ്ഞു ഒരു ആർത്തനാദം മാത്രമേ കെട്ടുള്ളൂ അവളിൽ നിന്നു.

അവന്റെ നെഞ്ചിൽ മുഖം ചേർത്തു പൊട്ടി കരയുന്ന അവളെ എങ്ങനെ ആശ്വസിപ്പിക്കുമെന്നറിയാതെ അവനും ആ സങ്കടകടലിന് മുന്നിൽ പകച്ചു നിന്നു.

കേസിന്റെ കാര്യവുമായി ബന്ധപ്പെട്ടു ഹോസ്പിറ്റലിലെത്തിയതായിരുന്നു ഗോപൻ. കാഷ്യലിറ്റിയുടെ മുന്നിൽ താഴെ ഇരുന്നു കരയുന്ന ഉണ്ണിമായയെയും ബാലുവിനെയും കണ്ടു അവൻ ഓടി ചെന്നു.

” മോളെ… ബാലു… എന്താ …. എന്താ പറ്റിയത് “ഗോപനാകെ പേടിച്ചു പോയിരുന്നു. ഗോപന്റെ ശബ്‌ദം ഉണ്ണിമായയെ ഉണർത്തി.

അവൾ തേങ്ങി കരഞ്ഞു കൊണ്ടു ഗോപനെ കെട്ടിപിടിച്ചു കരഞ്ഞു തുടങ്ങി…”എന്റെ അച്ഛൻ…അച്ഛൻ…” ബാക്കിയൊന്നും അവനു കേൾക്കാൻ കഴിഞ്ഞിരുന്നില്ല.

പക്ഷെ അവിടെ എന്താ സംഭവിച്ചതെന്ന് അവൻ മനസിലാക്കി കഴിഞ്ഞിരുന്നു. കുറച്ചു നേരം ആ ഇരുപ്പ് അവനും ഇരുന്നുപോയി.

തന്റെ അച്ഛനെ പോലെയായിരുന്നില്ല രാധാകൃഷ്ണൻ…അച്ഛൻ എന്നുതന്നെയാണ് ഇതുവരെ വിളിച്ചിരുന്നത്. തന്റെ അച്ഛനേക്കാളും എന്നും എല്ലാ കാര്യങ്ങളിലും മാനസിക പിന്തുണ തന്നിരുന്ന ഒരു പാവം…

ഒരുപക്ഷേ അദ്ദേഹത്തിന്റെ ആ സ്നേഹ പകർച്ച തന്റെ വീടിനു കിട്ടിയിരുന്നില്ലെങ്കിൽ ഇന്ന് തന്റെ കുടുംബം തന്നെ ശിഥിലമായി പോയെന്നേ… ഗോപനും കരയുകയായിരുന്നു.

ഗോപന്റെ ഇടപെടൽ ഉള്ളതുകൊണ്ട് ആശുപത്രി ഫോമലിറ്റികൾ അവൻ തന്നെ വേഗം ചെയ്തു തീർത്തു. വീട്ടിൽ അറിയിച്ചോയെന്ന അവന്റെ ചോദ്യത്തിന് ബാലു നിര്വികാരതയോടെ ഇല്ലായെന്നു തലയാട്ടി.

അവൻ അപ്പോൾ തന്നെ ഫോൺ എടുത്തു ഹർഷനെ വിളിക്കാൻ തുടങ്ങി. പക്ഷെ അതു സ്വിച്ച് ഓഫ് എന്ന കേൾക്കാൻ കഴിഞ്ഞത്…

ഗോപന് സങ്കടം കൂടി അതു ദേഷ്യത്തിലേക്കു എത്തി നിന്നിരുന്നു. അടുത്തത് മീനുവിനെയാണ് വിളിച്ചത്…ഒരു മൂന്നാലു റിങ് കഴിഞ്ഞാണ് അവൾ കോൾ എടുത്തത്. “ഗോപേട്ട… എവിടെയാ”

“എത്ര തവണയായി വിളിക്കുന്നെ… എവിടെ പോയി കിടക്കുവാ നീയൊക്കെ” പതിവില്ലാത്ത ഗോപന്റെ ആക്രോശം അവളിൽ അതിശയവും വേദനയും ഉണ്ടാക്കി…

അവൾ മറുപടിക്കായി വാക്കുകൾ തപ്പി… “ഫോൺ ഹർഷനു കൊടുക്കു… വേഗം”
“അവൻ എഴുനേറ്റില്ല തോന്നുന്നു… യാമിയും ഇതുവരെ താഴേക്കു വന്നില്ല”

“മറുപടിയല്ല എനിക്ക് കേൾക്കേണ്ടത്… ഫോൺ ഹർഷനു കൊടുക്കു… നിനക്കു അവനെ വിളിക്കാൻ കഴിയില്ലേ…ഇല്ലെന്നു”

ഗോപൻ പരിസരം മറന്നു അലറുകയായിരുന്നു. മീനു ആകെ ഞെട്ടി… പിന്നീട് ഒന്നും പറയാതെ ഹർഷന്റെ മുറിയിലേക്ക് ഓടിയെത്തി.

അവന്റ് റൂമിന്റെ വാതിലിൽ മുട്ടി വിളിക്കാൻ തുടങ്ങി. പല വട്ടം തട്ടി കൊണ്ടിരുന്നു…

“അവരെയൊന്നു സ്വസ്ഥമായി വിടാൻ ഈ വീട്ടിലെ ആരും സമ്മതിക്കില്ലേ” ഹർഷന്റെ റൂമിനു മുന്നിൽ തട്ടി വിളിക്കുന്നത് കണ്ടുകൊണ്ടുവന്ന യാമിയുടെ അമ്മ ദേഷ്യത്തോടെ പറഞ്ഞു.

മീനാക്ഷി അതു കേൾക്കാത്ത പോലെ വീണ്ടും വിളിച്ചുകൊണ്ടിരുന്നു.

കുറച്ചു നിമിഷങ്ങൾക്കുള്ളിൽ തന്നെ ഹർഷൻ വാതിൽ തുറന്നു. “എന്താ ഏടത്തി… എന്തുപറ്റി ഇത്ര വെപ്രാള പെട്ടു…”

മീനാക്ഷി മറുപടി പറയാതെ ഫോൺ ഹർഷനുനേരെ നീട്ടി. അവൻ ഒരു ചെറു സംശയത്തോടെ ഫോൺ വാങ്ങി ചെവിയോട് ചേർത്തു. “ഏട്ടാ…”

“നിന്റെ ഫോൺ എന്താ പറ്റിയത്…”

“അതു..പിന്നെ ..ചാർജ്” ഹർഷൻ മുഴുവൻ പറയും മുന്നേ ഗോപൻ കാര്യം പറഞ്ഞു കഴിഞ്ഞിരുന്നു. ഹർഷൻ ഞെട്ടി നിശ്ചലനായി ഒരു പ്രതിമ കണക്കെ നിന്നു.

എന്തൊക്കെയോ കാര്യങ്ങൾ ഹർഷനെ ഏല്പിച്ചെങ്കിലും അവന്റെ മനസിൽ ഒന്നും കയറിയില്ല എന്നതാണ് സത്യം. അവനൊന്നും കേട്ടില്ല.

മീനാക്ഷി വന്നു അവനെ പിടിച്ചു കുലുക്കിയപ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. അപ്പോഴേക്കും യാമിയും കുളിച്ചു ഫ്രഷായി അവിടേക്കെത്തി.

“എന്താ… എന്താ പറ്റിയത്… എന്താ കാര്യം” യാമിയും വല്ലാത്ത ഒരു ആവലാതിയോടെ തിരക്കി. ഹർഷന്റെ കണ്ണുകൾ നിറഞ്ഞു തൂകുന്നുണ്ടായിരുന്നു…

വാക്കുകൾ പൊട്ടിയും ഇടറിയും അവൻ കാര്യം പറയുമ്പോൾ അവിടെയൊരു കരച്ചിൽ മാത്രമായി പിന്നീട്.

ജാനകിയമ്മയുടെ മടിയിൽ തലവച്ചു വെള്ള പുതപ്പിച്ച രാധാകൃഷ്ണനെ നോക്കി നിശ്ശബ്ദമായി കണ്ണുനീർ വാർക്കുകയായിരുന്നു ഉണ്ണിമായ.

പാറുവും മീനാക്ഷിയും യാമിയും അവളുടെ അടുത്തു തന്നെയുണ്ടായിരുന്നു.

നാട്ടുകാരും ബന്ധുക്കളും സുഹൃത്തുക്കളും ശിഷ്യന്മാരുമെല്ലാം രാധാകൃഷ്ണനെ കാണാൻ വന്നുകൊണ്ടിരുന്നു.

ജാനകിയുടെ മടിയിൽ കിടന്നുകൊണ്ട് സങ്കടം അധികരിക്കുമ്പോൾ ഉണ്ണിമായ രാധാകൃഷ്ണന്റെ മുഖത്തേക്കു കൈ എത്തിച്ചു തലോടും…

“അനാഥയാക്കിയില്ലേ തന്നെ… ഒറ്റക്കു…ഞാൻ..” വാക്കുകൾ മുറിഞ്ഞു അവൾ സങ്കടം കടിച്ചമർത്തി… കണ്ണുനീർ നിശ്ശബ്ദമായി ഒഴുക്കിയതല്ലാതെ ഒരു തേങ്ങൽ പോലും അവളിൽ നിന്നും ഉണ്ടായില്ല.

എല്ലാവരെയും തളർത്തിയതും അതു തന്നെയായിരുന്നു. അവളൊന്നു കരഞ്ഞു സങ്കടം ഒഴുക്കി കളഞ്ഞെങ്കിൽ മനസ്സിനെ നിയന്ത്രിക്കാൻ കഴിയുമായിരുന്നു.

രവീന്ദ്രൻ മാഷ് ഉമ്മറത്തെ ചാരു കസേരയിൽ തന്നോട് ഒരു വാക്കുപോലും പറയാതെ പോയ കൂട്ടുകാരനെ…മനസ്സാൽ ചീത്ത പറയുകയായിരുന്നു.

എവിടേക്കും ഒരുമിച്ചുപോകുന്ന തന്നെ ഈ യാത്രയിൽ കൂടെ കൂട്ടാത്തതിൽ പരിഭവം നിശ്ശബ്‌ദം പറഞ്ഞുകൊണ്ടിരുന്നു.

കൂട്ടുകാരന്റെ മിണ്ടാതെയുള്ള ഒന്നും പറയാതെയുള്ള ഈ പോക്ക് അയാളെ മനസുകൊണ്ടും ശരീരം കൊണ്ടും വല്ലാതെ തളർത്തി.

ഒരുമകന്റെ സ്ഥാനത്തു നിന്നുകൊണ്ട് സ്വന്തം മകനായി തന്നെ ബാലു എല്ലാകർമ്മങ്ങളും നിർവഹിച്ചു.

ഹർഷനും ഗോപനും കൂടെത്തന്നെ നിന്നുകൊണ്ട് അവരും ചെയ്തിരുന്നു. ഉണ്ണിമായ കരയുന്നത് കാണുന്നത് പോലും ഇഷ്ടമില്ലാത്ത ഹർഷൻ അവളുടെ മുന്നിൽ പോലും ചെല്ലാതെ ദിവസങ്ങൾ കഴിച്ചു കൂട്ടി.

അച്ഛന്റെ മരണം ഉണ്ണിമായയെ വല്ലാതെ തളർത്തി കഴിഞ്ഞിരുന്നു. ബാലു നിർബന്ധിച്ചു ശ്വാസിച്ചും അവൾക്ക് എന്തെങ്കിലും കൊടുക്കും.

ഒരുപക്ഷേ അവനോടു മാത്രം നിശ്ശബ്‌ദം സംസാരിക്കാൻ തുടങ്ങി കണ്ണുകൾ കൊണ്ടു.

എങ്കിലും ആ സങ്കടപെയ്ത്തു തോർന്നിരുന്നില്ല. കണ്ണുകളിൽ ചാറ്റൽ മഴപോലെ ഇടക്കിടക്ക് നീരുറവ വീണു തുടങ്ങും.

എല്ലാ ചടങ്ങുകൾക്ക് ശേഷവും അവൾ വീട്ടിൽ നിന്നും പുറത്തേക്കു ഇറങ്ങാതെയായി. ഹർഷനെ കാണുമ്പോൾ ദേഷ്യത്തോടെ മുഖം തിരിക്കാൻ തുടങ്ങി.

മറ്റുള്ളവരോട് ഒന്നോ രണ്ടോ വാക്കിൽ സംസാരം തുടങ്ങിയപ്പോൾ ഹർഷനോട് മാത്രം അവൾ മുഖം തിരിച്ചു. അവളുടെ ഈ മാറ്റം യാമിയും ശ്രെദ്ധിച്ചു.

കാരണം അവളെയും അകറ്റി നിർത്തുന്നപോലെ ഒരുതോന്നൽ യാമിയിലും ഉണ്ടായി. ഹർഷനു തന്റെ ഹൃദയം നുറുങ്ങുന്ന വേദനയായിരുന്നു ഉണ്ണിയുടെ കണ്ണുകളിലെ തന്നോടുള്ള ദേഷ്യം കാണുമ്പോൾ. കാരണമറിയാതെ അവനുഴറി.

അന്ന് ഫോൺ ശ്രെദ്ധിക്കാതെ പോയതു കാരണമാകാം… അവൾ തന്നെ വിളിച്ചിരിക്കാം… ഓർക്കുംതോറും ഹർഷനും സങ്കടം സഹിക്കാൻ കഴിയാത്ത അവസ്ഥയിലായി. രവീന്ദ്രൻ മാഷ് ലോങ്ലീവ് എടുത്തു വീട്ടിൽ മുറിയിൽ തന്നെ ഒതുങ്ങി കൂടി.

അനന്തുവിനെ കൃത്യമായി കാര്യങ്ങൾ ഹർഷൻ അറിയിക്കുന്നുണ്ടായിരുന്നു. ഒരു ദിവസം ജോലി കഴിഞ്ഞു വന്ന ഹർഷൻ കയ്യിൽ കുറച്ചു പെയിന്റിംഗ് ആയിട്ടാണ് ഉണ്ണിമായയുടെ അരികിലെത്തിയത്.

നേരം ഇരുട്ടി തുടങ്ങിയിരുന്നു. ബാലു എത്തിയിരുന്നില്ല. ഉണ്ണിമായ നിറം മങ്ങിയ ഒരു സാരിയും നെറ്റിയിൽ ഭസ്മ കുറിയുമായി ചാരുപടിയിൽ ഉമ്മറത്തു തന്നെ ഇരിപ്പുണ്ടായിരുന്നു. ഹർഷനെ കണ്ടതും അവളുടെ മുഖം ഇരുണ്ടു.

നിറം മങ്ങിയ ഒന്നും തന്നെ ഉണ്ണി ഇഷ്ടപ്പെട്ടിരുന്നില്ല. നിറം മങ്ങിയ സാരിയിൽ ഉണ്ണിയെ കണ്ടപ്പോൾ അവന്റെ വിഷമം ഒന്നുകൂടി കൂടിയതെയുള്ളൂ.

ഹർഷനെ കണ്ടുവെങ്കിലും അവൾ മുഖമുയർത്താതെ തല കുമ്പിട്ടു തന്നെയിരുന്നു.
“ബാലു എത്തിയില്ലേ… ഇരുട്ടായി തുടങ്ങിയല്ലോ”

ഹർഷന്റെ ചോദ്യത്തിന് മറുപടിക്കായി കുറച്ചുനേരം അവൻ കാത്തു നിന്നു. അവളൊന്നും പറഞ്ഞില്ല. അവൻ അവളുടെ അടുത്തേക്ക് ചെന്നു കൈനീട്ടി തോളിൽ പിടിക്കാൻ ആഞ്ഞതും അവൾ ഒഴിഞ്ഞുമാറി പുറകിലേക്ക് നീങ്ങി.

“എനിക്കൊന്നു കിടക്കണം. ഹർഷൻ ഇപ്പൊ പോ” താൻ നീട്ടിയ കൈകൾ അങ്ങനെ തന്നെ വച്ചു ഹർഷൻ അവളെ തന്നെ വിഷമത്തോടെ നോക്കി. ഇത്രനാളും കരുതിയത് വിഷമം കൊണ്ടാണ് അവൾ മിണ്ടാതിരുന്നതെന്നായിരുന്നു…

പക്ഷെ ഇപ്പൊ.. എങ്കിലും അവൾക്കൊരു മുഷിച്ചിൽ വേണ്ടെന്ന് കരുതി അവൻ ഒന്നും പറയാതെ ആ വീടിന്റെ പടികൾ ഇറങ്ങി ..

“ഹർഷൻ…” ഉണ്ണിയുടെ പിൻവിളി വന്നു. സങ്കടത്തോടെ ഹർഷൻ അവളെ തിരിഞ്ഞു നോക്കി.

“ഇതുപോലെയുള്ള നേരത്തു ഹർഷൻ ഈ വീട്ടിൽ ഇനി ഒറ്റക്കു വരരുത്. അങ്ങനെ വരുന്നുണ്ടെങ്കിൽ ഭാര്യയും കൂടെ വേണം ”

ഹർഷൻ എന്തെങ്കിലും ചോദിക്കും മുന്നേ അവന്റെ മുൻപിൽ ആ വീടിന്റെ വാതിലുകൾ അടഞ്ഞിരുന്നു….

അടച്ച വാതിലിൽ ചാരി നിന്നു ഉണ്ണിമായ അലറി കരഞ്ഞു…. ആദ്യമായി…

ഉണ്ണിമായ പറഞ്ഞ വാക്കുകളുടെ പൊരുൾ… അതവന്റെയുള്ളിൽ ഒരു സ്ഫോടനം തന്നെയുണ്ടാക്കുന്നുണ്ടായിരുന്നു….

കരച്ചിലിനും സങ്കടത്തിനുമപ്പുറം മറ്റെന്തോ അവന്റെ മനസ്സിൽ മിന്നൽ പിന്നർ ഉണ്ടാക്കി…

അതിന്റെ പ്രതിഫലമെന്നോണം അവൻ തന്റെ മുടി കോർത്തു വലിക്കുകയും മുഷ്ടി ചുരുട്ടി പല്ലുകൾ കടിച്ചു പിടിച്ചു അവൻ വീട്ടിലേക്കു നടന്നു….!!

തുടരും…..

Nb: ലൈക്ക് ചെയ്യാൻ മറക്കല്ലേ… നിങ്ങളുടെ ലൈക്കുകളും കമന്റുകളാണ് ഞങ്ങളെപ്പോലെയുള്ള എഴുത്തുകാർക്ക് പ്രചോദനം.

നിഴലായ് മാത്രം : PART 1

നിഴലായ് മാത്രം : PART 2

നിഴലായ് മാത്രം : PART 3

നിഴലായ് മാത്രം : PART 4

നിഴലായ് മാത്രം : PART 5

നിഴലായ് മാത്രം : PART 6

നിഴലായ് മാത്രം : PART 7

നിഴലായ് മാത്രം : PART 8

നിഴലായ് മാത്രം : PART 9

നിഴലായ് മാത്രം : PART 10

നിഴലായ് മാത്രം : PART 11

നിഴലായ് മാത്രം : PART 12

നിഴലായ് മാത്രം : PART 13

നിഴലായ് മാത്രം : PART 14

നിഴലായ് മാത്രം : PART 15

നിഴലായ് മാത്രം : PART 16

നിഴലായ് മാത്രം : PART 17

നിഴലായ് മാത്രം : PART 18

നിഴലായ് മാത്രം : PART 19

നിഴലായ് മാത്രം : PART 20

നിഴലായ് മാത്രം : PART 21

നിഴലായ് മാത്രം : PART 22

നിഴലായ് മാത്രം : PART 23

നിഴലായ് മാത്രം : PART 24

നിഴലായ് മാത്രം : PART 25

നിഴലായ് മാത്രം : PART 25

നിഴലായ് മാത്രം : PART 26

നിഴലായ് മാത്രം : PART 27