Wednesday, May 22, 2024
Novel

നിഴലായ് മാത്രം : ഭാഗം 7

Spread the love

നോവൽ
എഴുത്തുകാരി: സേഷ്മ ധനേഷ്‌

Thank you for reading this post, don't forget to subscribe!

ഫോണും പിടിച്ചു ഒരു പകപ്പോടെ നിൽക്കുമ്പോൾ ഹർഷൻ കയറി വന്നു. അവളെ ഒന്നു നോക്കി സങ്കടം അതികരിച്ചു ഹർഷൻ ഉണ്ണിയെ മുറുകെ കെട്ടി പിടിച്ചു. നിമിഷങ്ങളോളം. ഉണ്ണിയുടെ തോളിൽ അവന്റെ കണ്ണുനീർ വീണു നനഞ്ഞപ്പോൾ അവളുടെ മനസിൽ മുഴങ്ങിയത് യാമിയുടെ വാക്കുകൾ ആയിരുന്നു….

“ഇതൊരു തുടക്കം മാത്രം”

രണ്ടുപേർക്കുമിടയിൽ മൗനം നിറഞ്ഞു നിന്നിരുന്നു. ആ മൗനത്തെ ആരു ഭേദിക്കുമെന്നു രണ്ടുപേരുടെയും മനസ്സിൽ ഒരു തർക്കം ഉടലെടുത്തു. ഒടുവിൽ ഉണ്ണി തന്നെ തോൽവി സമ്മതിച്ചു മൗനത്തെ ഭേദിച്ചു.

“നീയെന്തിനാ ഹർഷാ ഇങ്ങനെ സങ്കടപെടുന്നെ” അവനെ തന്നിൽ നിന്നും അടർത്തി മാറ്റിക്കൊണ്ട് ഉണ്ണി സംസാരിച്ചു തുടങ്ങി.

“ആദ്യമായല്ലേ നിന്നെ ഞാൻ മറന്നു പോയത്. നിന്റെ പേരും പറഞ്ഞു തന്നെ നുണ പറഞ്ഞു. നിന്നോട് ഒരു കാര്യം പോലും മറച്ചു വച്ചിട്ടില്ല ഞാൻ ഇതുവരെ. ഇന്നലെ രാത്രി ഒരുപാട് വൈകിയാണ് യാമി പുറത്തേക്കു പോകുന്ന കാര്യം പറഞ്ഞതു. അപ്പൊ എനിക്ക് സമ്മതിച്ചു കൊടുക്കേണ്ടി വന്നു. എനിക്ക് അറിയില്ലായിരുന്നു എന്നുതന്നെയാണ് കോമ്പറ്റീഷൻ ഡേ എന്ന്.”

“നീ പറഞ്ഞതു ശരി തന്നെയാണ്. നിനക്കു അറിയില്ലായിരുന്നു. ഇന്നലെ രാത്രി തന്നെയാ എനിക്കും മെസ്സേജ് വന്നത് ഇന്നാണ് തീയതി എന്നും പറഞ്ഞു. രാത്രി ഫുൾ നിങ്ങൾ കുറുങ്ങൽ അല്ലെ ഫോണിൽ ശല്യപ്പെടുത്തണ്ട രാവിലെ നേരത്തെ എണീറ്റു പോകാമല്ലോ എന്നു കരുതി.”

“എന്നോട് പിണക്കാമോ ദേഷ്യമോ ഉണ്ടോ ഉണ്ണിമോളെ”

“ഉണ്ട്…പിണക്കം അല്ല ദേഷ്യം ആണോ എന്ന് ചോദിച്ചാൽ…”

“എന്താടാ…” അവളുടെ വാക്കുകൾ കേട്ട് വ്യാസനിച്ചു പോയി അവൻ.

“യാമി പെട്ടന്ന് ഒരു ദിവസം വന്നു നിന്നെ ഇഷ്ടം ആണെന്ന് പറഞ്ഞതാണ്. പക്ഷെ അവളുടെ മനസ്സിൽ നീയുണ്ടായിരുന്നു എന്നത് കോളേജിലെ പരസ്യമായ ഒരു രഹസ്യം ആയിരുന്നു. നിന്റെയോ…” അവന്റെ കണ്ണുകളിലേക്കു ഉറ്റു നോക്കി ഉണ്ണി ചോദ്യം ചെയ്തപ്പോൾ ഒരു കുറ്റവാളിയെ പോലെ അവളുടെ കണ്ണുകൾ നേരിടാൻ ആകാതെ അവളുടെ നോട്ടത്തിൽ പതറി പോകുമെന്ന് അറിയുന്നത് കൊണ്ടും ഹർഷന്റെ തല കുനിഞ്ഞു പോയി.

“എന്റെ മുന്നിൽ ഒരു കുറ്റവാളിയെ പോലെ നീ തല കുനിച്ചു നിൽക്കുന്നത് കാണാൻ ഇഷ്ടമില്ലാത്തതുകൊണ്ടു ഞാൻ ഇതുവരെ അതു ചോദിക്കാതെ ഇരുന്നത്.”

ശരിയാണ്. ഹർഷനും അതു തന്നെ ആലോചിക്കുവായിരുന്നു. ഉണ്ണിയുടെ ഈ ചോദ്യത്തിന് ഉള്ള മറുപടി എന്തു നൽകുമെന്ന്. ഇതുവരെയും ഇങ്ങനെ ഒരു ചോദ്യം പ്രതീക്ഷിച്ചു എങ്കിലും ഇതിനുള്ള മറുപടി എന്തു നൽകുമെന്ന് ഒരു നെരിപ്പൊട് പോലെ മനസിൽ ഉണ്ടായിരുന്നു.

ഹർഷന്റെ തല ഉയർന്നില്ല. എന്തു പറയുമെന്ന് അവനു അറിയില്ലായിരുന്നു.

ഉണ്ണി അവനെ ഒന്നുകൂടി നോക്കി.

“എല്ലാം എന്നോട് പറയുന്ന നീ ഇങ്ങനെയൊരു ഇഷ്ടം മനസ്സിൽ ഉള്ളത് എന്നോട് പറഞ്ഞില്ലല്ലോ. എന്റെ മുന്നിൽ അവളോട്‌ എനിക്ക് വേണ്ടി വഴക്കിട്ടു മല്ലിട്ടത് മുഴുവൻ എന്റെ കണ്ണിൽ പൊടിയിടുവായിരുന്നോ. അല്ലെങ്കിൽ നിങ്ങൾ തമ്മിൽ വഴക്കിട്ടു ആയിരുന്നോ പ്രണയിച്ചത്. നിങ്ങൾക്ക് തമ്മിൽ സംസാരിക്കാനുള്ള ഒരു ഉപാധി മാത്രമായിരുന്നോ ഞാൻ ”

ഉണ്ണിയുടെ വാക്കുകളിൽ അവനോടുള്ള ദേഷ്യം ഉണ്ടായിരുന്നു,പരിഭവം ഉണ്ടായിരുന്നു, ഹർഷനോട് ഉണ്ണി പറയാതെ പോയ അവളുടെ പ്രണയത്തിന്റെ….നഷ്ട പ്രണയത്തിന്റെ നോവ്‌ ഉണ്ടായിരുന്നു. ഹർഷനു മനസിലാകാതെ പോയതും ആ നോവ്‌ തന്നെയായിരുന്നു.

എന്തിനെന്ന് അറിയാതെ ഉണ്ണിയുടെ കണ്ണുകൾ നിറഞ്ഞു. കണ്ണുനീർ ഒഴുക്കി കളയാൻ തോന്നിയില്ല. നീർച്ചാലുകൾ തീർക്കും മുന്നേ കണ്ണുകൾ അമർത്തി തുടച്ചു അവൾ.

“നീയെന്താ ഒന്നും മിണ്ടാതെ നിൽക്കുന്നെ….”

“എന്നോട് ക്ഷമിക്കെടി… ഞാൻ..മനപൂർവ്വം ഒന്നും പറയാതെ ഇരുന്നതല്ല. പറ്റിപോയി. അവളോട്‌ വഴക്കിട്ടതു മുഴുവൻ നിനക്കു വേണ്ടി തന്നെയാ. അതിൽ ഒരിക്കലും ഞാൻ എന്റെ സ്വാർത്ഥത കൊണ്ടുവന്നിട്ടില്ല. നിനക്കു അങ്ങനെ തോന്നിയോ. യാമിയോട് തല്ലു പിടിക്കുമ്പോൾ എപ്പോഴൊക്കെയോ അവളുടെ നോട്ടത്തിൽ ഞാൻ പതറി പോയിട്ടുണ്ട്. അല്ലാതെ അവളോട്‌ സംസാരിക്കാനും കാണാനും ഒന്നുമല്ല നിനക്കു വേണ്ടി മാത്ര ഞാൻ…ക്ഷമിക്കൂ നീ… എന്തോ എന്റെ മനസ്സ് നിന്നോട് അതു മറച്ചു വയ്ക്കാൻ പ്രേരിപ്പിച്ചു.”

“അങ്ങനെ ഒന്നു നിന്റെ മനസു എന്നിൽ നിന്നും ഒളിപ്പിക്കാൻ ശ്രമിച്ചെങ്കിൽ… നമ്മൾ തമ്മിൽ…മനസുകൾ തമ്മിൽ എവിടെയോ ഒരു മിസ്സിങ് വന്നിട്ടുണ്ട്…ഇനിയിപ്പോ ആത്മാർത്ഥ കൂട്ടുകാർ…ആത്മ മിത്രങ്ങൾ ..എന്നൊക്കെ നീ പറയുന്നതിൽ എന്തെങ്കിലും അർത്ഥം ഉണ്ടെന്നു എനിക്ക് തോന്നുന്നില്ല.”

“ഒരിക്കൽ കൂടി നീ അങ്ങനെ പറയല്ലേ. എനിക്ക് അതു സഹിക്കില്ല. നിനക്കു ഇഷ്ടമായില്ലേ യാമിയെ. ഈ നിമിഷം ഇവിടെ വച്ചു ഞാൻ വേണ്ടാന്ന് വയ്ക്കും. എനിക്ക് നിന്നെക്കാൾ വലുതായി ഒന്നുമില്ല. ആരുമില്ല. എന്റെ പ്രണയം പോലും.”

ഹർഷന്റെ വാക്കുകൾ കേട്ടു ഒരേ സമയം സങ്കടവും സന്തോഷവും തോന്നിപ്പോയി അവൾക്കു. ഹർഷന്റെ മനസ്സിൽ താൻ എന്നും അവന്റെ കളിക്കൂട്ടുകാരി മാത്രം ആണ്. അവന്റെ സോൾമേറ്റ്‌….ആത്മ മിത്രം.

“ഛേ… ഈ കൂട്ടുകാരനെ മനസിലാക്കാതെ പോയത് താൻ ആണല്ലോ എന്നോർത്തു എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നുന്നു. എന്നും ജീവിതത്തിൽ ഞാൻ കൂടെ വേണം എന്ന് മാത്രേ ഇവൻ ആഗ്രഹിക്കുന്നുള്ളൂ. ഈശ്വരാ… എന്റെ മനസ്സിൽ തോന്നിയത് അവൻ അറിയാതെ ഇരിക്കട്ടെ. അതു അറിയുന്ന നിമിഷം അവൻ തകർന്നു പോകും” ഉണ്ണിയുടെ മനസ്സിൽ വാക്കുകൾ കൊണ്ട് ഒരു യുദ്ധം തന്നെ നടക്കുവായിരുന്നു. അവളുടെ മൗനം ഹർഷനെ കൂടുതൽ വിഷമിപ്പിച്ചു.

“നീയെന്താ ഒന്നും പറയാതെ.. പറ.. യാമിയെ ഇഷ്ടമായില്ലേ നിനക്കു. അവൾക്കു നമ്മുടെ ബന്ധം നന്നായി അറിയാമല്ലോ. എന്നെ എളുപ്പം അവൾക്കു മനസിലാകുമെന്നു തോന്നി. അതുകൊണ്ടാ ഞാൻ. എന്റെ ഈ ജീവിതം മുഴുവൻ …മരണം വരെ നീയുണ്ടാകണം ഉണ്ണി. അതു അംഗീകരിക്കാൻ …. നമ്മുടെ കൂട്ടു അംഗീകരിക്കാൻ ചിലപ്പോ അധികം ആർക്കും കഴിയില്ല. യാമിക്കു അതിനു കഴിയുമെന്ന് തോന്നി. അതുകൊണ്ടാ ഞാൻ… ”

ഹർഷന്റെ വാക്കുകൾ ഉണ്ണിയെ നന്നായി വേദനിപ്പിച്ചു. ഹർഷൻ അറിയുന്നില്ലല്ലോ യാമിയെ. അവൻ സ്നേഹിച്ചാൽ ആത്മാർത്ഥമായി സ്നേഹിക്കും. പക്ഷെ യാമി…
ആദ്യം എന്താ അവളുടെ ഉദ്ദേശ്യം എന്നറിയണം.

“അതല്ലാതെ നിനക്കു അവളോട്‌ പ്രണയം തോന്നിയിട്ടില്ല അല്ലെ…” ഒരു കുസൃതി ചിരിയോടെ ഉണ്ണി അതു ചോദിക്കുമ്പോൾ ഹർഷന്റെ കണ്ണുകളിൽ അവൾ കണ്ടു പ്രണയ തിളക്കം.

ഞാൻ ഇപ്പൊ ഈ ബന്ധം വേണ്ടെന്ന് പറഞ്ഞാൽ അവൻ വേണ്ട എന്നുതന്നെ വയ്ക്കും. പിന്നീട് അവൻ വിഷമിക്കുന്നതും ഞാൻ കാണേണ്ടി വരും. അവൻ വേദനിക്കാൻ പാടില്ല. യാമി അവനെ മാറ്റിയെടുക്കും ഉറപ്പാ. ഹർഷൻ പൂർണ്ണമായും അവളിലേക്ക് എത്തുമ്പോൾ ഒരു കൂട്ടുകാരിയായി ഞാൻ വേണമെന്ന് അവനു തന്നെ തോന്നില്ല. ജീവിതത്തിന്റെ കുത്തൊഴുക്കിൽ ഈ ഉണ്ണിയും അവന്റെ മനസ്സിൽ നിന്നും ഒഴുകി പൊക്കോളും. അതുവരെ കൂടെ ഉണ്ടാകുമല്ലോ എനിക്ക് അതു മതി. ഉണ്ണി മനസ്സിൽ കണക്കു കൂട്ടി.

“നിന്റെ കണ്ണിൽ ഞാൻ കാണുന്നുണ്ട് യാമിയോടുള്ള പ്രണയ തിളക്കം. അല്ല ഇന്ന് കറങ്ങി നടന്നിട്ട് വല്ലതും ഒപ്പിച്ചോ രണ്ടും കൂടി. ”

ഉണ്ണി അതു ചോദിക്കുമ്പോൾ അവനിൽ ചമ്മലും നാണവും വന്നു നിറഞ്ഞു.

“അതു…പിന്നെ…”

“അയ്യേ…എനിക്കൊന്നും കേൾക്കണ്ട… നീ ചെല്ലു… നാളെ കാണാം… നല്ല ക്ഷീണമുണ്ട്”

ഹർഷൻ ചിരിയോടെ അവളോട്‌ തലയാട്ടി യാത്ര പറഞ്ഞു.

ഉണ്ണിയുടെ മുഖം മ്ലാനമായി. അവൾ പിന്നെയും ചിന്തയിലാണ്ടു ബെഡിൽ ഇരുന്നു. യാമിക്കു എന്തോ തെറ്റിധാരണയുണ്ട്.അതു മാറ്റിയെടുക്കണം. ഇനി ഞാൻ ആണ് അവളുടെ പ്രശ്നം എങ്കിൽ ഒഴിഞ്ഞു കൊടുക്കുകയും വേണം.എനിക്ക് ഹർഷന്റെ സന്തോഷം മാത്രം മതി. അവൾ ചിന്തകളുടെ വേലികെട്ടുകൾ പൊട്ടിച്ചു പതിയെ കിടന്നു. കണ്ണടച്ചു കിടന്ന നിമിഷം കുസൃതി നിറഞ്ഞ കണ്ണുകളും സദാ പുഞ്ചിരിക്കുന്ന മുഖവും അവളുടെ മനസ്സിൽ നിറ ചിത്രംപോലെ ക്യാൻവാസിൽ എന്നപോലെ തെളിഞ്ഞു വന്നു.
“അനന്തു…!”

അനന്തു എത്ര നന്നായി ആണ് തനിക്കു കാര്യങ്ങൾ മനസിലാക്കി തരുന്നത്. അവൻ ഇപ്പോൾ തനിക്കു നല്ലൊരു സുഹൃത്തായി മാറിയെന്നു അവൾ ഓർത്തു. ഇന്ന് തിരിച്ചു അവന്റെ കാറിൽ വരും വഴി എത്രയേറെ സംസാരിച്ചു. അവന്റെ അച്ഛൻ അമ്മ സഹോദരൻ….എല്ലാവരെയും കണ്ടപോലെ പരിചയം തോന്നുന്നു. അനന്തുവിനെ കുറിച്ചു ആലോചിക്കുംതോറും ഉള്ളിൽ ഒരു മഞ്ഞു വീഴുന്ന സുഖം. പതിയെ ഉണ്ണി ഉറക്കത്തിലേക്കു വഴുതി വീണു.

പിറ്റേന്ന് കോളേജിൽ പോകാൻ അത്ര ഉഷാർ ഉണ്ടായിരുന്നില്ല ഉണ്ണിക്ക്. എങ്കിലും പോകണം. യാമിയോട് സംസാരിക്കണം. എന്താ അവളുടെ മനസ്സിൽ എന്നു അറിയണം. ആദ്യം കരുതി തനിയെ ബസ് കേറി പോകാമെന്ന്. താൻ അങ്ങനെ ചെയ്താൽ ഇന്നലത്തെ പിണക്കവും പരിഭവവും എന്റെയുള്ളിൽ ഉണ്ടെന്നു ഹർഷൻ കരുതും. എന്തായാലും അവന്റെ കൂടെ തന്നെ പോകാം.

ഉണ്ണി ഹർഷന്റെ വീട്ടിലേക്കു പോകുമ്പോൾ ബാലുവും കൂടെ വന്നിരുന്നു. അവന്റെ മനസ്സിൽ പാറുവിനെ എങ്ങനെ ഫേസ് ചെയ്യും എന്നൊരു കടമ്പ ഉണ്ടെന്നു മനസിലായി. ഉണ്ണിയേക്കാൾ അവനു വേണ്ടി… അവനൊരു ജോലിക്കു വേണ്ടി കൂടുതൽ നോമ്പ് നോറ്റതും പ്രാർത്ഥനയും വഴിപാടുകളും ആയി കഴിഞ്ഞതും പാറു ആയിരുന്നു. എല്ലാം അവനു അറിയാം. പക്ഷെ അകറ്റി നിർത്താതെ നിവൃത്തിയില്ല. സ്നേഹിച്ചിട്ടു…ആഗ്രഹിപ്പിച്ചും മോഹിപ്പിച്ചും കൈ വിടുന്നതിലും നല്ലതല്ലേ ഒരു പ്രതീക്ഷയും കൊടുക്കാതെ ഇങ്ങനെ നീറുന്നതു…

ഉണ്ണിയുടെ കൈ പിടിച്ചു ബാലു പൂമുഖത്തേക്കു കയറുമ്പോൾ ആരെയോ കണ്ടപോലെ നിന്നു. അവന്റെ നിൽപ്പു കണ്ടു ഉണ്ണി മുഖം ഉയർത്തി നോക്കി…..

“ഗോപേട്ടൻ….!”

തുടരും…..

Nb: ലൈക്ക് ചെയ്യാൻ മറക്കല്ലേ… നിങ്ങളുടെ ലൈക്കുകളും കമന്റുകളാണ് ഞങ്ങളെപ്പോലെയുള്ള എഴുത്തുകാർക്ക് പ്രചോദനം.

നിഴലായ് മാത്രം : PART 1

നിഴലായ് മാത്രം : PART 2

നിഴലായ് മാത്രം : PART 3

നിഴലായ് മാത്രം : PART 4

നിഴലായ് മാത്രം : PART 5

നിഴലായ് മാത്രം : PART 6