Friday, July 19, 2024
Novel

നിഴലായ് മാത്രം : ഭാഗം 15

നോവൽ
എഴുത്തുകാരി: സേഷ്മ ധനേഷ്‌

Thank you for reading this post, don't forget to subscribe!

യാമിയുടെ മുഖം വല്ലാതായി…രംഗം ശാന്തമാക്കാൻ ഗോപൻ ഇടപെട്ടു. ആരും പിന്നെ ചോദ്യങ്ങളുമായി വന്നില്ല.

ഹർഷൻ മുഷ്ടി ചുരുട്ടി തന്റെ തുടയിൽ ദേഷ്യത്തിൽ ഇടിച്ചു… “അനന്തു…..!”

സന്ധ്യയോട് അടുപ്പിച്ചിരുന്നു അനന്തു ഉണ്ണിമായയെയും ബാലുവിനെയും വീട്ടിൽ ഡ്രോപ്പ് ചെയ്യുമ്പോൾ. രാധാകൃഷ്ണൻ പൂമുഖത്തു തന്നെ ഉണ്ടായിരുന്നു.

അനന്തു രാധാകൃഷ്ണനെ കണ്ടു… അപ്പോൾ തന്നെ യാത്ര പറഞ്ഞു ഇറങ്ങുകയും ചെയ്തു.

അനന്തു പോയിട്ടും ഉണ്ണിമായ അവിടെത്തന്നെ വിശേഷങ്ങൾ പറയാൻ ഇരിക്കുവായിരുന്നു. അവളുടെ മുഖം സന്തോഷം കൊണ്ട് വികസിച്ചിരുന്നു.

“എന്താണ് എന്റെ മോൾക്ക്‌ ഇത്ര സന്തോഷം”

രാധാകൃഷ്ണൻ വിശേഷങ്ങൾ കേൾക്കാനുള്ള ആഗ്രഹത്തോടെ ഇരുന്നു.

“അച്ഛാ… ശരിക്കും എനിക്കൊരു സർപ്രൈസ് ആയിരുന്നു അനന്തു തന്നത്. പ്രശസ്ത ആര്ടിസ്റ് ശ്രീ.ജ്യോതി ബസു വിന്റെ ചിത്ര പ്രദർശനം കാണുവാനായിരുന്നു ഞങ്ങളെ കൊണ്ടുപോയത്. അതുമാത്രമോ അനന്തു ഞങ്ങളെ പരിചയപ്പെടുത്തി തന്നു.

ഞാൻ വരയ്ക്കുമെന്നൊക്കെ പറഞ്ഞു…. വരയ്ക്കുന്ന കാര്യങ്ങൾ കുറെ സംസാരിച്ചു…. ആശയം പിന്നെ നിറങ്ങൾ ചാലിക്കേണ്ടതിനെ കുറിച്ചു അങ്ങനെയങ്ങനെ…. സ്വപ്ന തുല്യമായിരുന്നു ആ നിമിഷങ്ങൾ…അല്ലെ ബാലു”

ഉണ്ണിമായക്കു പറഞ്ഞിട്ടും പറഞ്ഞിട്ടും വിശേഷങ്ങൾ ഒന്നും തീരാത്തപോലെ. വാ തോരാതെ പറഞ്ഞു കൊണ്ടിരിക്കുന്നു.

രാധാകൃഷ്ണനും ബാലുവും അവളെ തന്നെ ഉറ്റു നോക്കി നിൽക്കുകയായിരുന്നു. ആ സമയം രണ്ടുപേരുടെയും മനസ് മന്ത്രിച്ചതും ഒരേ കാര്യമാണ്.

അടുത്ത കാലത്തൊന്നും ഉണ്ണിമായ ഇത്ര സന്തോഷത്തോടെ ഇരിക്കുന്നത് കണ്ടിട്ടില്ല. ഇത്ര ആകാംക്ഷയോടെ സംസാരിച്ചു കേട്ടിട്ടില്ല.

കുറെ നാളുകൾ ആയിരുന്നു അവളുടെ മുഖത്തെ ഇപ്പോഴുള്ള തിളക്കം കണ്ടിട്ടു…. അവർ രണ്ടുപേരും മനസുകൊണ്ട് അനന്തുവിന് നന്ദി പറഞ്ഞു.

“ഒരാൾ വാലിൽ തീ പിടിച്ചപ്പോലെ നടപ്പായിരുന്നു ഇവിടെ..” ഉണ്ണിമായ പോയതിനു ശേഷം ഹർഷന്റെ ദേഷ്യത്തെ കുറിച്ചു അവൾക്കൊരു സൂചന കൊടുത്തു രാധാകൃഷ്ണൻ.

“അവന്റെ ദേഷ്യവമൊക്കെ യാമി മാറ്റിക്കാണും” ഉണ്ണിമായ അലക്ഷ്യമായി പറഞ്ഞു. താൻ ഇപ്പൊ ഈ നിമിഷത്തിൽ അനുഭവിക്കുന്ന സന്തോഷത്തെ ഹനിക്കുന്നതൊന്നും കേൾക്കാൻ അവൾ ഇഷ്ടപ്പെട്ടില്ല എന്നുള്ളതാണ് സത്യം.

“ഇല്ല മോളെ…. അവൻ ആ കുട്ടിയോടും കുറച്ചു ദേഷ്യപ്പെട്ടു സംസാരിച്ചു”
അതു കേട്ടപ്പോൾ ഉണ്ണിമായ ലേശം അങ്കലാപ്പോടെ രാധാകൃഷ്ണനെ നോക്കി കുറച്ചു നിമിഷം നിന്നു.

“ഉം” മൂളികൊണ്ടു തന്റെ മുറിയിലേക്ക് നടന്നു. പെട്ടന്ന് തിരിഞ്ഞു നോക്കുമ്പോൾ ബാലു പോകാനായി ഇറങ്ങുന്നു…

“ബാലു… നാളെ പോകാം… ഇന്ന് ഇവിടെ”

അതും പറഞ്ഞു അവന്റെ മറുപടി കാക്കാതെ അവൾ മുറിയിലേക്ക് പോയി. അവളുടെ അടുത്തു ഇനി ഒന്നും പറഞ്ഞിട്ടു കാര്യമില്ലായെന്നു അവനു മനസ്സിലായി. അവനെ രാധാകൃഷ്ണൻ അകത്തേക്ക് കൊണ്ടുപോയി.

കട്ടിലിൽ കുറച്ചുനേരം ആലോചനയോടെ ഉണ്ണിമായ ഇരുന്നു. ഇന്ന് താൻ ഒരുപാട് സന്തോഷവതിയാണെന്നു തോന്നി.

കാരണം അനന്തു തന്നെ. ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത നിമിഷങ്ങളിൽ ഒന്ന്.

പതിയെ അവളിലെ മുഖത്തെ ചിരി മങ്ങി വന്നു. കാരണം ചിന്തകൾ ഹർഷന്റെ അടുക്കലേക്കു തിരിഞ്ഞു.

അവൾ ഒന്നു ദീർഘശ്വാസം വിട്ടു ഫോൺ കയ്യിൽ എടുത്തു അനന്തുവിനു ഒരു മെസ്സേജ് അയക്കാൻ തുടങ്ങി….

“ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത അസുലഭ നിമിഷങ്ങൾ എനിക്കായി നൽകിയതിന്…….
………… നന്ദി മാത്രം പറയില്ല”

മെസ്സേജ് അയച്ചു ഉണ്ണിമായ ഒരു ചിരിയോടെ ഫോൺ കൈകളിൽ പിടിച്ചിരുന്നു. പിന്നീട് ഹർഷന്റെ നമ്പറിലേക്കു വിളിച്ചു. കോൾ വെയ്റ്റിങ് ആയിരുന്നു.

“ഓഹ്… കുറുങ്ങൽ ആയിരിക്കും….” ആത്മഗതം പറഞ്ഞുകൊണ്ട് ഉണ്ണിമായ ഫ്രഷ് ആകുവാൻ കയറി.

കുളി കഴിഞ്ഞു ഇറങ്ങിയ ഉണ്ണിമായ തന്റെ ഫോൺ മിന്നി തെളിഞ്ഞത് കണ്ടു. എടുത്തു നോക്കുമ്പോൾ 25 മിസ്ഡ് കോൾ.

ഹർഷൻ തിരിച്ചു വിളിച്ചതായിരുന്നു. തിരികെ വിളിക്കാൻ തുടങ്ങിയപ്പോഴേക്കും ഹർഷൻ പിന്നെയും വിളിച്ചു. ഉണ്ണി ഒരു ആന്തലോടെ കോൾ എടുത്തു.

“ഹർഷാ”

“ഉം”

“ഹർഷാ”

“എനിക്ക് ചെവി കേൾക്കാം…. എന്താ കാര്യം”

“ഞങ്ങൾ…ഇന്ന്…”

“ഞാൻ ഒന്നും ചോദിച്ചില്ലലോ…. എനിക്ക് അറിയണ്ട”

“ഞാൻ പറയട്ടെ…നീയൊന്നു കേൾക്കു…”

“എനിക്ക് അറിയാൻ താൽപര്യമില്ല. എന്നെക്കാൾ വലുതായി എന്താ നിനക്കു…. അവൻ വന്നു വിളിച്ചപ്പോഴേക്കും പോകുവാൻ”

ഹർഷൻ ഒരു കുഞ്ഞി കുട്ടിയെ പോലെ പരാതി പറഞ്ഞു കൊണ്ടിരുന്നു.

“ഞാൻ മുഴുവൻ പറഞ്ഞതു കേട്ടു നീയെന്നെ ചീത്ത വിളിക്കു.”

“ഉം”

ഹർഷൻ ഒന്നടങ്ങി എന്നു തോന്നിയപ്പോൾ അവൾ പറയാൻ ആരംഭിച്ചു.

“നിനക്കു അറിയാലോ എന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്നാണ് ജ്യോതി ബസുവിനെ കാണുക എന്നത്.

ഇന്ന് തൃശ്ശൂർ അക്കാദമിയിൽ ചിത്രപ്രദർശനം ഉണ്ടായിരുന്നു. അദ്ദേഹവും അവിടെ ഉണ്ടായിരുന്നു.

അനന്തു അദ്ദേഹത്തെ പരിചയപ്പെടുത്താൻ കൊണ്ടുപോയതാണ്. വലിയ ഒരു ആഗ്രഹം സഫലമായി”

“അനന്തുവിന് അദ്ദേഹത്തെ മുൻ പരിചയം ഉണ്ടോ…?”

“ഉണ്ടെന്നെ… അല്ലാതെ ഇങ്ങനെ ഒരു ചാൻസ് കിട്ടുമോ. ബാലുവും ഹാപ്പി ആയി”

“നിനക്കു എന്നെ കൂടെ വിളികമായിരുന്നില്ലേ… നമുക്ക് ഒരുമിച്ചു പോകാമായിരുന്നല്ലോ”

ഹർഷൻ ഇപ്പോൾ പൂർണ്ണമായും ദേഷ്യത്തിൽ നിന്നും പുറത്തേക്ക് വന്നെന്നു ഉണ്ണിമായക്കു മനസിലായി.

“അതിനു നിശ്ചയത്തിന്റെ ഉള്ളിൽ നിന്നും നിന്നെയും യാമിയെയും കൊണ്ടുപോയാൽ എല്ലാവരും കൂടെ എന്നെ ചീത്തവിളിക്കും…. അതു നീ മറന്നോ..”

“അതും ശരിയാ… എനിക്ക് പെട്ടന്ന് നിന്നോട് ദേഷ്യം തോന്നിപ്പോയി ഉണ്ണിമോളെ… സോറി”

“നിന്നെ എനിക്ക് അറിയാമല്ലോ… അതു വിട്”

“നീ വിശേഷങ്ങൾ പറ”

“അതു നേരിൽ കാണുമ്പോൾ പറയാം … നീയിപ്പോ യാമിയെ നോക്കു.. നല്ല ക്ഷീണം എനിക്കു ഉറക്കം വരുന്നു”

“നീ ഇന്ന് ഉറങ്ങണ്ട….പറ… പറ… വിശേഷങ്ങൾ… ഒന്നുപോലും വിടാതെ”

ഹർഷൻ വിടാതെ എല്ലാ കാര്യങ്ങളും ചോദിച്ചുകൊണ്ടേയിരുന്നു. അനന്തുവിന്റെ കാര്യങ്ങൾ അറിയാനുള്ള ഹർഷന്റെ വ്യഗ്രത ഉണ്ണിമായക്കു മനസിലായി.

ഇതേ സമയം ഉണ്ണി വിളിക്കുന്നു എന്നും പറഞ്ഞു കോൾ കട്ടാക്കി പോയതായിരുന്നു ഹർഷൻ. പിന്നെ കുറെ നേരം കാത്തിരുന്നിട്ടും തിരിച്ചു കോൾ കാണാതായപ്പോൾ ക്ഷമകെട്ടു യാമി തന്നെ വിളിക്കാൻ തുടങ്ങി.

എത്ര വിളിച്ചിട്ടും കോൾ വെയ്റ്റിങ് കണ്ടു യാമിയുടെ ദേഷ്യം ഇരട്ടിച്ചു. ഒടുവിൽ ഉണ്ണിയുടെ നമ്പർ ഡയല് ചെയ്തപ്പോഴും അവിടെയും കോൾ വെയ്റ്റിങ്…..

യാമി ദേഷ്യം കേറി ഫോൺ ചുമരിൽ എറിഞ്ഞു ഉടച്ചു. ഒരു ഭ്രാന്തിയെ പോലെ മുറിയിലെ എല്ലാ സാധങ്ങളും വലിച്ചു വാരിയിട്ടു.

“ഉണ്ണി…ഉണ്ണിമോൾ…കാണിച്ചു തരാം ഞാൻ”

ഒരു മന്ത്രം പോലെ ഉറക്കെ ഉറക്കെ യാമി വിളിച്ചു കൂവി.

പിന്നീടുള്ള ദിവസങ്ങൾ വേഗത്തിൽ ഓടി പോയിരുന്നു. ഹർഷന്റെ കൂടെ തന്നെ ഉണ്ണിമായ കോളേജിൽ പോയിക്കൊണ്ടിരുന്നു. പരമാവധി അവൾ അതിനെ ചെറുത്തു നിർത്താൻ നോക്കിയിട്ടും ഹർഷൻ സമ്മതിക്കില്ലായിരുന്നു.

പിന്നെ ഉണ്ണിമായയും കരുതി എന്തായാലും അവരുടെ കല്യാണം വരെയേ അവന്റെകൂടെ പോകുവാൻ യാമി സമ്മതിക്കു. അതു കഴിയുമ്പോൾ യാമി തന്നെ എന്തെങ്കിലും കുരുട്ടു ബുദ്ധി ഉപയോഗിക്കും…

തന്നെ അകറ്റി നിർത്താൻ. അതുവരെ ഇങ്ങനെയൊക്കെ പോട്ടെ… അധികമില്ലല്ലോ ഇനി കല്യാണത്തിന്…

ഒരു മിന്നൽ പണിമുടക്ക് വന്ന ദിവസം പാറു കോളേജിൽ നിന്നും തിരിച്ചുപോകാൻ ബസ് കിട്ടാതെ വിഷമിച്ചു നിൽക്കുകയായിരുന്നു.

ഗോപേട്ടനെ വിളിച്ചിട്ട് കിട്ടുന്നില്ല. ഹർഷൻ ആണെങ്കിൽ വേറെ വഴിയും. കോളേജ് ഭാഗത്തു വന്നു അവളെ കൊണ്ടുവരണമെങ്കിൽ ഒരുപാട് നേരം വൈകും.

പതുക്കെ കോളേജ് ബസ് സ്റ്റോപ്പിൽ നിന്നും നടന്നു. ഏതെങ്കിലും വണ്ടി കിട്ടുമെന്ന് പ്രതീക്ഷിച്ചു തന്നെ.

അപ്പോഴാണ് അവളുടെ അടുത്തു ശ്രീരാജ് കാർ കൊണ്ടു നിർത്തിയത്. അവൻ പുറത്തേക്കു ഇറങ്ങി.

“ബസ് കിട്ടാതെ പെട്ടുപോയോ… പാറൂട്ടി വിഷമിക്കണ്ട… ഞാൻ ഡ്രോപ്പ് ചെയ്യാം”

പാറു മറുപടി ഒന്നും പറയാതെ മിണ്ടാതെ നിന്നു. എന്തു ചെയ്യുമെന്ന് അവൾക്കു ഒരു രൂപവും ഇല്ലായിരുന്നു.

അവൾ കാറിലേക്ക് നോക്കിയപ്പോൾ അവനെ കൂടാതെ ഒരാൾ കൂടി ഇരിക്കുന്നു. കണ്ടാൽ തന്നെ അറിയാം വഷളൻ ആണെന്ന്. പാറു വേഗം മുഖം തിരിച്ചു.

“എന്തിനാടോ പേടിക്കുന്നെ…. തന്റെ ചേട്ടൻ പറഞ്ഞു തനിക്കു കല്യാണത്തിന് ഇഷ്ടകുറവ് ഒന്നുമില്ല പഠിപ്പു കഴിഞ്ഞു മതിയെന്ന് പറഞ്ഞുവെന്ന്”

പാറു സങ്കടത്തോടെ മുഖം കുമ്പിട്ടു നിന്നു.

“അല്ല… പാറുട്ടിക്കു എന്തു പറ്റി… പഴയ ശൗര്യം ഒന്നും കാണാൻ ഇല്ല”

മൗനത്തെ കൂട്ടു പിടിച്ചു നിൽപ്പാണ് അവൾ . ശ്രീരാജ് ഒരു വഷളൻ ചിരിയോടെ കൂട്ടുകാരനെ നോക്കി കണ്ണു അടച്ചു കാണിച്ചു.

“ഇപ്പോളത്തെ കാലത്തു കല്യാണം കഴിക്കാൻ പോകുന്നവർ ഒരുമിച്ചു യാത്ര ചെയ്യുന്നതുകൊണ്ട് ഒരു കുഴപ്പവുമില്ല… താൻ വാടോ”

ശ്രീരാജ് കയ്യിൽ പിടിക്കാൻ ആഞ്ഞതും ഒരു ബുള്ളെറ്റിന്റെ ശബ്ദം അവരുടെ അടുത്തേക്ക് എത്തി.

“ബാലു” പാറു ജീവൻ വീണപ്പോലെ അവന്റെ പേരു മന്ത്രിച്ചു.

“ഹായ്…പൊട്ട..” ശ്രീരാജ് പൂർത്തിയാക്കും മുന്നേ പാറുവിന്റെ രൂക്ഷ നോട്ടം അവനിൽ എത്തിയിരുന്നു.

“ഹായ്…ബാലു”

ബാലു മറുപടിയായി ചിരിച്ചു.

പാറുവിനോട് എന്താ കാര്യമെന്ന് അന്വേഷിച്ചു.

ബാലുവിന്റെ ചോദ്യം മനസിലാക്കിയ ശ്രീരാജ് പാറുവിനു മറുപടിക്ക് ഒരുഅവസരം കൊടുക്കാതെ പറഞ്ഞു തുടങ്ങി.

“പണി മുടക്ക് ആയതുകൊണ്ട് പാറുവിനു ബസ് കിട്ടിയില്ല. ഞാൻ ഡ്രോപ്പ് ചെയ്യാൻ പോകുവായിരുന്നു.” ബാലുവിനെ ബ്ലോക്ക് ചെയ്യൽ തന്നെയായിരുന്നു ശ്രീരാജിന്റെ ഉദ്ദേശം.

ബാലു കാറിലേക്ക് ഒന്നു നോക്കി. ശേഷം ശ്രീരാജിനെയും പാറുവിനെയും നോക്കി. പാറുവിനെ കുറച്ചു നിമിഷങ്ങൾ നോക്കി ശ്രീരാജിനോട് തലയാട്ടി പോകുന്നുവെന്ന് കാണിച്ചു ബുള്ളറ്റ് എടുത്തു ബാലു മുന്നോട്ടു പോയി.

“പോകല്ലേ ബാലു… എന്നെ കൂടെ കൊണ്ടു പോ” പാറു മൗനമായി ബാലുവിനോട് പറഞ്ഞുകൊണ്ടിരുന്നു.

ബാലു പോകുന്നത് ഒരു വേവലാതിയോടെ പാറു നോക്കി നിന്നു. കുറച്ചു ദൂരം മുന്നോട്ടു പോയി അവൻ പെട്ടന്ന് നിർത്തി. ശ്രീയും പാറുവും അവൻ എന്താ ചെയ്യുന്നത് എന്നു നോക്കി നിന്നു.

തിരിയാത്തതുകൊണ്ടു കാണാൻ കഴിയുന്നുണ്ടായില്ല. കുറച്ചു നിമിഷങ്ങൾക്ക് ശേഷം അവൻ ബുള്ളറ്റ് വീണ്ടും എടുത്തു.

ശ്രീരാജ് ആശ്വാസത്തിന്റെ ഒരു നിശ്വാസം വിട്ടു. പാറുവിന്റെ ഉള്ളം പിന്നെയും നീറി പുകഞ്ഞു.

പക്ഷെ ശ്രീരാജിന്റെ കണക്കു കൂട്ടൽ തെറ്റിച്ചുകൊണ്ടു ബാലു ബുള്ളെറ്റ് തിരിച്ചു അവരുടെ അടുത്തേക്ക് വിട്ടു.

പാറുവിനു ആശ്വാസമായിരുന്നു അവന്റെ വരവ്. അവളുടെ മുഖം തെളിഞ്ഞു.

ബാലു അവരുടെ അടുത്തു നിർത്തി. പാറുവിനോട് കണ്ണുകൊണ്ട് വണ്ടിയിൽ കയറാൻ പറഞ്ഞു. പാറു ശ്രീരാജിനെ ഒന്നു നോക്കി അവന്റെ അടുത്തേക്ക് ചെന്നു.

പാറുവിന്റെ കൈകളിൽ പിടിച്ചു തടയാൻ ആഞ്ഞ ശ്രീരാജിന്റെ കൈകൾ ബാലുവിന്റെ രൂക്ഷമായ നോട്ടത്തിനു മുൻപിൽ അവൻ പോലും അറിയാതെ പിന്വലിഞ്ഞു.

പാറു ബാലുവിന്റെ കൂടെ ബുള്ളറ്റിൽ പോകുന്നത് അധികരിച്ച ദേഷ്യത്തോടെ ശ്രീരാജ് നോക്കി കണ്ടു.

“നാട്ടു പച്ചക്കിളി രക്ഷപെട്ടു പറന്നു പോയല്ലോടാ” കൂട്ടുകാരൻ കാറിൽ നിന്നും ഇറങ്ങി ശ്രീരാജിനെ കളിയാക്കാൻ തുടങ്ങി.

“ഇതിനുള്ള പണി ആ പൊട്ടൻ ബാലുവിന് ഞാൻ കൊടുത്തിരിക്കും …. അവളുടെ ചേട്ടനെ കൊണ്ടു തന്നെ… ഇവരുടെ പ്രണയത്തിന് വിലങ്ങു തടി ചേട്ടൻ ആണ്…

നീ കണ്ടോ” അതും പറഞ്ഞു ശ്രീരാജ് ഫോൺ എടുത്തു ഗോപന്റെ നമ്പർ ഡയല് ചെയ്തു.

“ഹലോ…ഗോപേട്ടാ… ഞാൻ ശ്രീയാണ്… ശ്രീരാജ്”

“പറയു …ശ്രീ… എന്താ വിശേഷം…”

തുടർന്ന് ശ്രീ പറയുന്നത് കേട്ടു ഗോപൻ ദേഷ്യം കൊണ്ടു കണ്ണുകളും മുഖവും അമർത്തി തുടച്ചു. ദേഷ്യം കൊണ്ടു ഗോപന്റെ മുഖത്തു ചുവപ്പു വർണ്ണം പടർന്നു.

തുടരും…..

Nb: ലൈക്ക് ചെയ്യാൻ മറക്കല്ലേ… നിങ്ങളുടെ ലൈക്കുകളും കമന്റുകളാണ് ഞങ്ങളെപ്പോലെയുള്ള എഴുത്തുകാർക്ക് പ്രചോദനം.

നിഴലായ് മാത്രം : PART 1

നിഴലായ് മാത്രം : PART 2

നിഴലായ് മാത്രം : PART 3

നിഴലായ് മാത്രം : PART 4

നിഴലായ് മാത്രം : PART 5

നിഴലായ് മാത്രം : PART 6

നിഴലായ് മാത്രം : PART 7

നിഴലായ് മാത്രം : PART 8

നിഴലായ് മാത്രം : PART 9

നിഴലായ് മാത്രം : PART 10

നിഴലായ് മാത്രം : PART 11

നിഴലായ് മാത്രം : PART 12

നിഴലായ് മാത്രം : PART 13

നിഴലായ് മാത്രം : PART 14