Friday, June 14, 2024
Novel

നിഴലായ് മാത്രം : ഭാഗം 8

നോവൽ
എഴുത്തുകാരി: സേഷ്മ ധനേഷ്‌

Thank you for reading this post, don't forget to subscribe!

ഉണ്ണിയുടെ കൈ പിടിച്ചു ബാലു പൂമുഖത്തേക്കു കയറുമ്പോൾ ആരെയോ കണ്ടപോലെ നിന്നു. അവന്റെ നിൽപ്പു കണ്ടു ഉണ്ണി മുഖം ഉയർത്തി നോക്കി…..

“ഗോപേട്ടൻ….!”

കുറച്ചു നാളുകൾ ആയി ഗോപേട്ടൻ ബാലുവിനെയും പാറുവിനെയും നിരീക്ഷിക്കുന്നു. അതിനു ശേഷം ബാലുവിനോട് ഒരു നീരസം ഉണ്ട് ഗോപന്. അതു ബാലുവിന് മനസ്സിലാവുകയും ചെയ്തു. അതുകൊണ്ടു തന്നെ ബാലു ഇവിടേക്കുള്ള വരവ് കുറച്ചു. ഇന്നിപ്പോ പുതിയ ജോലിക്കു കയറുമ്പോൾ ഇവിടെ പറയാതെ തനിക്കു പോകാൻ കഴിയില്ല.

“ആഹാ… ഇന്ന് രണ്ടാളും കൂടിയാണല്ലോ. ഇവനെ ഇപ്പൊ കുറെ ആയി ഇവിടേക്കു കണ്ടിട്ടു” ഗോപന്റെ സംസാരത്തിൽ ഒട്ടും തന്നെ നീരസം തോന്നിയില്ല. മറിച്ച് സന്തോഷം തന്നെയായിരുന്നു. ബാലു മനസു നിറഞ്ഞ ചിരി മാത്രം നൽകി മറുപടിയായി.

“അവനു ജോലി കിട്ടിയതു ഹർഷൻ പറഞ്ഞില്ലേ. ഇവിടെ വന്നു അച്ചനോടും അമ്മയോടും എല്ലാരോടും പറയാൻ വന്നതാ” അവന്റെ ശബ്ദതത്തിനു ഉണ്ണിയുടെ തുണ.

അവരുടെ സംഭാഷണങ്ങൾക്കിടയിൽ പാറു എവിടെനിന്നോ ഓടി കിതച്ചു അവർക്ക് അരികിലേക്ക് എത്തി. പാറുവിന്റെ സാന്നിധ്യം അടുത്തു വരുന്നുണ്ടെന്ന് അവളുടെ ഹൃദയമിടിപ്പിന്റെ വേഗം കേട്ടു ബാലു മനസിലാക്കി. പാറുവിനു മുഖം കൊടുക്കാതെ അവന്റെ മിഴികൾ ഗോപേട്ടന്റെ മുഖത്തു ഉറപ്പിച്ചു.

ഗോപനോട് ജോലിയെ കുറിച്ചു ബാലു അവന്റെ ഭാഷയിൽ വിശദീകരിച്ചു. ചെറുപ്പം മുതൽക്കേ കാണുന്നതിനാൽ അവന്റെ ഭാഷ ആ വീട്ടിൽ എല്ലാവർക്കും വശം ആയിരുന്നു. ഗോപന്റെ കണ്ണുകൾ ഇടക്കിടക്ക് പാറുവിൽ നീങ്ങിയപ്പോൾ ഗോപൻ കണ്ടു അനിയത്തിയുടെ കണ്ണുകളിലെ തിളക്കം. ആ തിളക്കം പാറുവിന്റെ പ്രണയം… അവളുടെ മനസിൽ എഴുതിരിയിട്ടു കത്തിച്ചുവച്ച പ്രണയപ്രകാശത്തിന്റെ തിളക്കം ആയിരുന്നു.

അവരുടെ അടുത്തേക്ക് രവീന്ദ്രനും ജാനാകിയും കൂടി കടന്നു വന്നു. ബാലു രണ്ടുപേരുടെയും കാലിൽ വീണു അനുഗ്രഹം വാങ്ങി. ബാലുവിന്റെ ഒരു നോട്ടം എങ്കിലും പ്രതീക്ഷിച്ച പാറുവിനു ആ നോട്ടം പോലും അവൻ അവഗണിച്ചു. ഹർഷൻ ബാഗും എടുത്തു താഴേക്കു ഇറങ്ങി വന്നു.

“എന്റെ രണ്ടു കാലുകൾ ഫ്രീയാണ് കേട്ടോ… ഇവിടെയും വീഴാം വേണമെങ്കിൽ” ഹർഷൻ തന്റെ ഒരു കാൽ നീട്ടി കൊണ്ടു പറഞ്ഞു.

ബാലു ഒരു ചിരിയോടെ കുമ്പിട്ടു കൊണ്ടു അവനെ എടുത്തു പൊക്കി കറക്കി.

“ഡാ… മാക്കാനെ നിലത്തു നീർത്തട…അയ്യോ…”

ബാലു പെട്ടന്ന് തന്നെ നിർത്തി. ഹർഷൻ നിന്നു കിതച്ചു. എല്ലാവരും നിന്നു ചിരിച്ചു.

“നിനക്കു അങ്ങനെ തന്നെ വേണം നീയിതു ചോദിച്ചു വാങ്ങിയത് അല്ലെ” രവീദ്രൻ അവനെ കളിയാക്കി.

“നിനക്കു ഞാൻ വച്ചിട്ടുണ്.” ഹർഷൻ ദേഷ്യത്തിൽ ഉണ്ണിയുടെ നേർക്കു തിരിഞ്ഞു.

“യൂ ടൂ ബ്രൂട്ടൂ… നിന്നു കിണിക്കുന്നോ”

അതു കേട്ടതും ഉണ്ണി വേഗം ചിരി നിർത്തി. ശേഷം ഹർഷൻ കാണ്കെ ബാലുവിന്റെ പുറത്തു ശാസനയോടെ പതുക്കെ ഒരു ഇടി കൊടുത്തു.

പാറു കണ്ണിൽ വെള്ളം നിറഞ്ഞു നോവ്‌ പടർന്ന ഒരു ചിരിയോടെ നോക്കി നിന്നു.

“മീനു ഏടത്തി എവിടെ.. കണ്ടില്ലല്ലോ” ബാലു തിരിഞ്ഞു ഗോപനോട് ചോദിച്ചു.

“മീനു…മീനു…ഒന്നിങ്ങു വന്നേ” ഗോപൻ അകത്തെ മുറിയിലേക്ക് നീട്ടി വിളിച്ചു. മീനുവിനു ഒരു ക്ഷീണം തോന്നി കിടന്നത് ആയിരുന്നു. അവൾ പതിയെ എണീറ്റു ഹാളിലേക്ക് കടക്കും മുന്നേ ഒരു കയ്യിൽ ഹർഷനും മറു കയ്യിൽ ബാലുവും പതുക്കെ പിടിച്ചു നടക്കാൻ സഹായിച്ചു. തുടർന്ന് ബാലു മീനുവിനോട് തന്റെ ജോലി കാര്യം പറഞ്ഞു. ഉണ്ണിയുടെ കയ്യിൽ ഒരു കവർ ഉണ്ടായിരുന്നു. അതിൽ നിന്നും ചെമ്പിലയിൽ പൊതിഞ്ഞെടുത്ത പഴുത്ത ഞാവൽ പഴം അവൾക്കു കരുതിയിരുന്നു.

ഞാവൽ പഴം കണ്ടതും അവളുടെ കണ്ണുകൾ വിവർണ്ണമായി. പെട്ടന്ന് കണ്ട കൊതിയിൽ വായിൽ കപ്പലോടിക്കാനുള്ള വെള്ളം നിറഞ്ഞു. മീനുവിന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. അവൾ ബാലുവിന്റെ തലയിൽ…മുടിയിഴകളിൽ തലോടി. ബാലു തന്നെ ഒരെണ്ണം അവളുടെ വായിൽ വെച്ചു കൊടുത്തു. അതു കണ്ടുനിന്ന എല്ലാവരുടെ കണ്ണുകളിലും വാത്സല്യം നിറഞ്ഞു കണ്ണുനീർ ആയി തുളുമ്പി.

ഹർഷനും ഉണ്ണിയും കോളേജിലേക്ക് യാത്ര പറഞ്ഞു ഇറങ്ങിയതിനു ഒപ്പം തന്നെ ബാലുവും അവിടെ നിന്നും ഇറങ്ങി. അവർ പോകുന്നതും നോക്കി…ബാലുവിന്റെ ഒരു ചിരിയോ നോട്ടത്തിനോ വേണ്ടി കണ്ണിൽ നിന്നും മറയും വരെ അവരെ തന്നെ നോക്കി അവൾ ഉമ്മറത്ത് നിന്നു. നിരാശ മാത്രമായിരുന്നു ഫലം.

കോളേജിലേക്ക് പോകും വഴിയെല്ലാം ഉണ്ണിയുടെ ചിന്ത മുഴുവൻ യാമിയുടെ പ്രതികരണം എങ്ങനെയാകുമെന്നു ആലോചിച്ചു ആയിരുന്നു.
ഹർഷനും അധികമൊന്നും സംസാരിച്ചില്ല. അവനും എന്തോ ഓർത്തെന്നപോലെ ഇരിക്കുകയായിരുന്നു.

അവർ ക്ലാസ്സിലേക്ക് കയറുമ്പോൾ മുൻപിൽ തന്നെ അവരെ പ്രതീക്ഷിച്ചെന്ന പോലെ യാമിയും നിൽക്കുന്നു. ഉണ്ണിയുടെ കണ്ണുകൾ യാമിയിൽ മാത്രം തങ്ങി നിന്നു. യാമിയുടെ മുഖം വളരെ ആർദ്രമായിരുന്നു. വിഷാദം തളം കെട്ടി നിൽക്കുന്ന മുഖ ഭാവം. ഉണ്ണിക്ക് അത്ഭുതം തോന്നി അവളുടെ ആ ഭാവത്തോടെയുള്ള നിൽപ്പു കണ്ടു. യാമിയെ നോക്കി ചിരിച്ചെന്നു വരുത്തി ഉണ്ണി തന്റെ സീറ്റിനു നേരെ നടന്നു.

“ഉണ്ണി…എന്തു പണിയ നീ കാണിച്ചത്. തലേ ദിവസം അറിഞ്ഞപ്പോൾ എങ്കിലും എന്നോടെങ്കിലും ഒന്നു പറയാമായിരുന്നില്ലേ. ഹർഷൻ എത്ര വിഷമിച്ചെന്നോ” ഒരു തുള്ളി കണ്ണീർ നനവോടെ യാമി അതു പറഞ്ഞു നിർത്തുമ്പോൾ ഇടം കണ്ണാലെ ഉണ്ണിയെ നോക്കാനും അവൾ മറന്നില്ല. ഹർഷൻ വിഷമത്തോടെ തല കുമ്പിട്ടു നിന്നു. ഉണ്ണി യാമിയെ തന്നെ നിസ്സംഗതയോടെ മൗനമായി യാമിയെ തന്നെ ഉറ്റു നോക്കി നിന്നു.

ഒരു നിമിഷത്തെ മൗനം ഉണ്ണി തന്നെ ഭേദിച്ചു.

“ഇനി അതിനെ കുറിച്ചു പറയണ്ട യാമി. അതു കഴിഞ്ഞു. ഹർഷൻ ഇപ്പൊ ഒക്കെ ആണ്.
ഞങ്ങൾ തമ്മിൽ പിണക്കം ഒന്നുമില്ല. ഇതിന്റെ പേരിൽ ഒന്നും എനിക്ക് അവനോടു പിണങ്ങാൻ കഴിയില്ല.” യാമിയെ വെല്ലുവിളിക്കുന്ന പോലെ കണ്ണുകളിൽ ദേഷ്യം നിറച്ചു ഉണ്ണി പറഞ്ഞിട്ടു പുറത്തേക്കു ഇറങ്ങി.

ലൈബ്രറിയിൽ അധികം ആരും ഉണ്ടായിരുന്നില്ല. അവൾക്കു വല്ലാത്ത വിമ്മിഷ്ടം തോന്നി. ഹർഷന്റെ തീരുമാനം…ഇഷ്ടം… ഇതൊക്കെ തെറ്റായി പോയോ.. യാമി അവൾക്കു എന്നോട് ആണ് ദേഷ്യം. ഉണ്ണി ആലോചനയോടെ വിരലുകൾ കടിച്ചു ഇരുന്നു.

“ഡി…. നീ ഇവിടെ ഇരുന്നു വിരലിന്റെ ഭംഗി നോക്കുകയാണോ” യാമി ആയിരുന്നു. ഉണ്ണി നോക്കുമ്പോൾ അവളുടെ കണ്ണുകൾ ദേഷ്യം കൊണ്ടു തീ ഗോളം പോലെ തോന്നി. കണ്ണിൽ ചുവപ്പു പടർന്നു നീർ മുത്തുകൾ തങ്ങി നിൽക്കുന്നതും കാണാം.

“നീയെന്താ ഹർഷനോട് പറയാതെ ഇരുന്നത്. ”

ഉണ്ണി ഒരു മറുപടിയും പറയാതെ കൈകൾ തന്റെ നെഞ്ചിൽ പിണച്ചു കെട്ടി അടുത്തു കിടന്ന ടേബിളിൽ ചാരി നിന്നു അവൾക്കായി കാതോർത്തു.

“എന്തു പറഞ്ഞാലും ഒരു ഉണ്ണി. തുടങ്ങുന്നതും നിന്നിൽ അവസാനിപ്പിക്കുന്നതും നിന്നിൽ. ഞങ്ങൾക്കിടയിൽ ശരീരം കൊണ്ടു നിന്റെ സാന്നിധ്യം ഇല്ല. പക്ഷെ അല്ലാതെ തന്നെ നീ നിറഞ്ഞു നിൽക്കുകയാണ്. അഞ്ചു വർഷം ആയി അവനു ആയുള്ള കാത്തിരിപ്പു. അവന്റെ സ്നേഹം കിട്ടിയിട്ടും ഞങ്ങൾക്ക് ഞങ്ങളുടേതായ ലോകത്തു ഇരിക്കാൻ കഴിയുന്നില്ല അവിടെയും നീ…. നീ കുറിച്ചു വെച്ചോ ഉണ്ണി… അവൻ നിന്നെ തള്ളി പറയും. അവനിൽ നിന്നും നിന്നെ അകത്തി മാറ്റിയിരിക്കും ഞാൻ…പിന്നെ..പിന്നെ…ഇന്നലെ അവനു നൽകിയ ചുംബനത്തിന്റെ ഓർമയിൽ അവനെ വിളിച്ചപ്പോഴും അവനു പറയാൻ ഉണ്ടായിരുന്നത് ഉണ്ണിയെ വിഷമിപ്പിച്ചതിനെ കുറിച്ചു ആയിരുന്നു”

യാമി നിന്നു കിതക്കുകയായിരുന്നു. അപ്പോഴും ഉണ്ണി കണ്ണുകൾ പോലും അവളിൽ നിന്നും പിന്തിരിക്കാതെ അവളെ തന്നെ ഉറ്റു നോക്കി നിൽക്കുകയായിരുന്നു. ഇനി അവൾ എന്താ പറയുന്നതും ചെവിയോർത്തു കൊണ്ടു.

ഒരു നിമിഷം യാമി വാക്കുകൾക്കായി മനസ്സിൽ മൽപിടുത്തം നടത്തി. ഇനി എന്താ പറയാ എന്നോർത്തുകൊണ്ടു.

“പിന്നെ….ബാക്കി കൂടി പറയു യാമി” പുരുഷ ശബ്‌ദം.

“അനന്തു…”യാമി മന്ത്രിച്ചു.

“അതേ യാമി…ഒരു കാര്യം നീ മനസിലാക്കണം. നീ പറഞ്ഞപ്പോൾ തന്നെ ഹർഷൻ നിന്റെ പ്രണയം സ്വീകരിച്ചത് നിന്നെക്കാൾ അവൻ നിന്നെ പ്രണയിച്ചത് കൊണ്ടാണ്. അവനു നിന്നോട് പ്രണയം മാത്രമേയുള്ളു. നിന്നോട് മാത്രം. ഉണ്ണിയോടുള്ളത് ഒരു ആത്മാത്ര മിത്രത്തോടുള്ള സ്നേഹവും കടപ്പാടും.” അനന്തുവിന്റെ വാക്കുകൾ പുച്ഛത്തോടെ മാത്രം കേട്ടു കൊണ്ടു യാമി ചിറി കോട്ടി നിന്നു.

അനന്തു പിന്നെയും തുടർന്നു.
“ഹർഷനെയും ഉണ്ണിയേയും പൂർണ്ണ മനസോടെ അംഗീകരിക്കുമ്പോൾ മാത്രേ നിനക്കു ഹർഷനെ പൂർണ്ണമായും കിട്ടു. അതു ആദ്യം മനസിലാക്കി നടക്കു. ഇപ്പൊ അവന്റെ കണ്ണിൽ പൊടി ഇടും പോലെ എന്തെങ്കിലുമൊക്കെ ചെയ്തു അവനെ നിന്നോട് അടുപ്പിച്ചാലും സത്യം ഒരിക്കൽ അവൻ തിരിച്ചറിയും. അന്ന് നിനക്കു ചിലപ്പോൾ ഹർഷനെ നഷ്ടമായെന്നും വരും. അത്രക്കും തീവ്രമാണ് ഉണ്ണിയും ഹർഷനും … അവർക്കിടയിലെ ആത്മബന്ധം.

പിന്നെ നീ ഇപ്പൊ പറഞ്ഞതു. ഹർഷനു ഉണ്ണിയും ബാലുവും കൂടാതെ ഒരു കൂട്ടു ഉണ്ടായിരുന്നില്ല ഇതുവരെ. അവർക്കിടയിലേക്കു ആണ് നീ ചെല്ലുന്നത്. നീ ഹർഷനെ മനസിലാക്കും മുന്നേ ഉണ്ണിയേയും ബാലുവിനെയും അറിയണം എന്നു അവൻ ആഗ്രഹിച്ചത് നിന്നെ അവരിൽ ഒരാളായി കാണാൻ വേണ്ടിയാണ്. അതിനു വേണ്ടിയാണ് അവൻ ഉണ്ണിയെ പറ്റി തന്നെ പറയുന്നത്. നീ ക്ഷമയോടെ മനസിലാക്കാൻ ശ്രമിക്കു യാമി അങ്ങനെ ചെയ്താൽ നിനക്കു നിന്റെ ജീവിതം ഏറ്റവും മനോഹരമാക്കാം. കാരണം ഹർഷൻ അത്രയും നല്ല മനസ്സു ഉള്ള ഒരാൾ ആണ്. ആരും ആഗ്രഹിച്ചു പോകും അവന്റെ പോലെ ഒരു കുടുംബം കിട്ടാൻ.”

“ഇതൊക്കെ നീ പറഞ്ഞു തരണ്ട. എന്റെ അമ്മ പറഞ്ഞിട്ടുണ്ട് നിന്നിൽ നിന്നും ഈ ഉണ്ണിയിൽ നിന്നും അവന്റെ വീട്ടിൽ നിന്നും തന്നെ … ഞാൻ അവനെയും കൊണ്ടു പോയിരിക്കും. അവനെ മറ്റാർക്കും ഞാൻ നൽകില്ല.

അല്ല നീയെന്തിനാ ഇവളുടെ വക്കാലത്തും ആയി വരുന്നത്. നീയാര ഇവളുടെ. ”

യാമിയുടെ ചോദ്യം ഉണ്ണിയുടെ കണ്ണിൽ ഒരു പകപ്പു നിറച്ചു. തല കുമ്പിട്ടു പോയി ഒരു നിമിഷം.

“ഞാൻ അവൾക്കു ആരുമല്ല ഒരു സുഹൃത്തിന് അപ്പുറം. പക്ഷെ…. പക്ഷെ ” അവൻ രണ്ടടി മുന്നോട്ടു വച്ചുകൊണ്ട് ഉണ്ണിയുടെ ഇടം കയ്യിൽ പിടിച്ചു പറഞ്ഞു

“പക്ഷെ…എന്റെ എല്ലാം ആണ്. എനിക്കെല്ലാം ഇവൾ…ഈ ഉണ്ണിമായ മാത്രം ആണ്”

ഉണ്ണിയുടെ കണ്ണുകൾ അറിയാതെ നിറഞ്ഞു.

“ഹാ… അതാ ഇപ്പൊ നന്നായത്. ഇവളുടെ മനസിൽ ഹർഷനോടുള്ള …കൂട്ടുകാരനോടുള്ള സ്നേഹമല്ലല്ലോ….പ്രണയം അല്ലെ…കഴിഞ്ഞ തവണ നിങ്ങൾ തമ്മിൽ സംസാരിച്ചത് ഞാൻ കേട്ടിരുന്നു..”

ഉണ്ണിക്ക് ഇപ്പൊ പൂർണ്ണമായും മനസിലായി യാമിയുടെ തന്നോടുള്ള പെരുമാറ്റത്തിനു കാരണം.

“ആഹാ…അപ്പൊ അതു നീ അറിഞ്ഞല്ലേ. എങ്കിൽ മോളു കൂടുതൽ പേടിക്കണം”

അനന്തു ഒരു ചിരിയോടെ പറഞ്ഞു.

“മനസ്സിലായില്ല” യാമിക്കു ആ പറഞ്ഞതിന്റെ പൊരുൾ മനസിലായില്ല.

“അയ്യോ…കുട്ടിക്ക് മനസിലായില്ലേ…ഒരിക്കൽ നിന്റെ ഹർഷൻ എന്നോട് പറഞ്ഞിരുന്നു, ഉണ്ണിയെ സ്നേഹിക്കുവാനോ പ്രണയിക്കുവാനോ ഉള്ള അർഹതയില്ല അവനെന്നു. ഇപ്പൊ ഉണ്ണിക്കും അവനോടു പ്രണയം ഉണ്ടെന്നു അറിഞ്ഞാൽ…യാമി നീയൊന്നു ആലോചിച്ചു നോക്കൂ”

വെല്ലുവിളി പോലെ അനന്തു പറഞ്ഞതു ഒരേ സമയം യാമിയിലും ഉണ്ണിയിലും ഞെട്ടൽ ഉണ്ടാക്കി.

“അതു മാത്രമല്ല ഇനി നിങ്ങളുടെ കല്യാണം ഹർഷന്റെ വീട്ടിൽ അവതരിപ്പിക്കാനും ഹർഷന്റെ വീട്ടുകാരെ കൊണ്ട് സമ്മതിപ്പിക്കാനും ദേ ഈ നിൽക്കുന്ന ഉണ്ണി തന്നെ വേണം. അതുകൊണ്ടു യാമി നീ കുറച്ചൊന്നു അടങ്ങിയാൽ നിനക്കു തന്നെ കൊള്ളാം. ഇനി ഇവളുടെ മേലെ നിന്റെ വാചക കസർത്തു മായി വന്നാൽ ഇതുപോലെ ആയിരിക്കില്ല എന്റെ മറുപടി”

അനന്തു യാമിയോട് ഒരു താക്കീതോടെ പറഞ്ഞു.

പെട്ടന്ന് ഹർഷൻ അവിടേക്ക് കയറി വന്നു.

“നിങ്ങൾ മൂന്നുപേരും ഇവിടെ നിൽക്കുവാണോ. എത്ര നേരമായി അന്വേഷിക്കുന്നു ഉണ്ണി.”

ഹർഷൻ അതും പറഞ്ഞു വന്നു നിന്നതും ഉണ്ണിയുടെ അടുത്തു ആയിരുന്നു. ഹർഷൻ നോക്കുമ്പോൾ അനന്തു ഉണ്ണിയുടെ ഇടതു കൈകളിൽ പിടിച്ചു നിൽക്കുന്നു. എന്തുകൊണ്ടോ അവനൊരു നീരസം തോന്നി.

“ഞാനും ഉണ്ണിയെ വിളിക്കാൻ വന്നതാ ഹർഷാ. hod വിളിക്കുന്നുണ്ടായിരുന്നു ഉണ്ണിമായയെ.. വാടോ”

അനന്തു ഉണ്ണിയുടെ കൈകളിൽ പിടിച്ചു വലിച്ചു കൊണ്ടു നടന്നു. എന്തോ ഓർത്തെന്നപോലെ ഉണ്ണിയും അവന്റെ പുറകെ നടന്നു.

അവരുടെ ആ പോക്ക് നോക്കി നിൽക്കെ ഹർഷനു പിന്നെയും ദേഷ്യം ഉടലെടുത്തു. യാമിയുടെ മനസ്സിൽ അപ്പോൾ അനന്തു പറഞ്ഞ വാക്കുകൾ ഇടി മുഴക്കം പോലെ മുഴങ്ങി കൊണ്ടിരുന്നു.

“ഉണ്ണിയെ സ്നേഹിക്കുവാനോ പ്രണയിക്കുവാനോ ഉള്ള അർഹതയില്ല ഹർഷനെന്നു. ഇപ്പൊ ഉണ്ണിക്കും അവനോടു പ്രണയം ഉണ്ടെന്നു അറിഞ്ഞാൽ…..”

തുടരും…..

Nb: ലൈക്ക് ചെയ്യാൻ മറക്കല്ലേ… നിങ്ങളുടെ ലൈക്കുകളും കമന്റുകളാണ് ഞങ്ങളെപ്പോലെയുള്ള എഴുത്തുകാർക്ക് പ്രചോദനം.

നിഴലായ് മാത്രം : PART 1

നിഴലായ് മാത്രം : PART 2

നിഴലായ് മാത്രം : PART 3

നിഴലായ് മാത്രം : PART 4

നിഴലായ് മാത്രം : PART 5

നിഴലായ് മാത്രം : PART 6

നിഴലായ് മാത്രം : PART 7