Sunday, April 28, 2024
Novel

നിഴലായ് മാത്രം : ഭാഗം 10

Spread the love

നോവൽ
എഴുത്തുകാരി: സേഷ്മ ധനേഷ്‌

Thank you for reading this post, don't forget to subscribe!

“ആരാണാവോ ഈ നേരത്തു…” ആത്മഗതം പറഞ്ഞുകൊണ്ട് ഉണ്ണി വിസിറ്റർസ് റൂമിൽ കയറിയപ്പോൾ കാണാൻ വന്ന ആളെ കണ്ടു… അനന്തുവിനെ കണ്ടു ഞെട്ടി പോയി അവൾ.

ചന്ദന നിറമാർന്ന അവന്റെ മുഖത്തു നല്ല സ്പെക്സ് വച്ചിരിക്കുന്നു. ട്രിം ചെയ്തു ഒതുക്കി നിർത്തിയ താടിയും ചുണ്ടിലെ ആ കുസൃതി നിറഞ്ഞ ചിരിയും. ചിരി മാത്രം കുറച്ചുകൂടെ പുതുമ തോന്നിപ്പിച്ചു.

“എന്താടോ ഉണ്ണിമായെ താൻ ഇങ്ങനെ വായും പൊളിച്ചു നോക്കുന്നെ”

“നിനക്കു ഇത്ര ഭംഗി ഉണ്ടായിരുന്നോടാ”

അവളുടെ വാക്കുകളിൽ ഒരു നിമിഷം അവനിൽ ചമ്മൽ ഉണ്ടാക്കി.

“ഓഹ്…അപ്പൊ ഉണ്ണിമായയും അസ്സലായി വായി നോക്കും അല്ലെ…മോശമില്ലലോ”

അവന്റെ ആ വാക്കുകൾ ആണ് സ്വബോധത്തിൽ അവളെ എത്തിച്ചത്. താൻ എന്താ പറഞ്ഞതെന്ന് ഓർത്തു പെട്ടന്ന് അവൾ ചുണ്ട് കടിച്ചു ചിരിയോടെ നിന്നു.

“ചമ്മണ്ട…ദാ … പിടിച്ചോ” എന്നും അവന്റെ ചുണ്ടിൽ മായാതെ തങ്ങി നിൽക്കുന്ന കുസൃതി ചിരിയോടെ ഒരു പുസ്തകം അവളുടെ നേർക്കു നീട്ടി അവൻ പറഞ്ഞു.

“മനുഷ്യന് ഒരു ആമുഖം….സുഭാഷ് ചന്ദ്രൻ…” ഉണ്ണിമായ ഒരു ചോദ്യഭാവത്തോടെ അനന്തുവിനെ നോക്കി.

“എന്തേ…മുൻപ് വായിച്ചതാണോ”

“അല്ല. കഴിഞ്ഞ പ്രാവശ്യം വന്നപ്പോൾ തന്ന ബെന്യാമിന്റെ മഞ്ഞ വെയിൽ മരണങ്ങൾ വായിച്ചു അന്ത്രപ്പേറിനെ അന്വേഷിച്ചു ഡീഗോ ഗർഷ്യയിലേക്ക് വിട്ടാലോ എന്നൊരു ആലോചന ഉണ്ടായിരുന്നു. ഇനി ഇതു വായിച്ചു….”

“ഇതു വായിച്ചു നീ ആലുവായിലേക്കു വിട്ടോളൂ”

“ഉം…ഇതിൽ ഇനി എന്താ പ്രത്യേകത”

“ഇതിൽ…എന്താണെന്ന് ചോദിച്ചാൽ… മനുഷ്യനെ തിരിച്ചറിയാൻ ഒരു പുസ്തകം. പൂർണ്ണ വളർച്ച എത്തും മുന്നേ മരിച്ചു വീഴുന്ന ഒരു ജീവിയാണ് മനുഷ്യൻ. ഒരു മനുഷ്യ ജീവിതത്തിന്റെ അന്ത സത്ത മനസിലാക്കാതെ ജീവിക്കുന്നവർ ആണ് നമ്മൾ. അതാണ് ഈ കഥയിലൂടെ മനസിലാക്കി തരുന്നത്.”

“ആഹാ…എന്തായാലും കൊള്ളാം… പ്രണനിയിക്കു സമ്മാനിക്കുന്ന പുസ്തകങ്ങൾ”

“ഹ..ഹ…ഹ” അനന്തു ഉറക്കെ ചിരിച്ചുപോയി.

“എന്താ അനന്തു ഇങ്ങനെ ചിരിക്കുന്നെ ….”

“അല്ല…നിന്റെ പദ പ്രയോഗം കേട്ടു ചിരിച്ചുപോയതാ”

എന്തു എന്നര്ഥത്തിൽ ഉണ്ണി പുരികമുയർത്തി ആരാഞ്ഞു.

“നീ എന്റെ പ്രണയിനി ആണോ… നമ്മൾ പ്രണയത്തിൽ ആണോ”

അവളെ കാണുമ്പോൾ അനന്തുവിന്റെ കണ്ണിൽ ഒളിപ്പിച്ചിരുന്ന പ്രണയം അവന്റെ ഈ ചോദ്യത്തിന് മുന്നേ അവന്റെ കണ്ണുകളിൽ സ്ഥാനം പിടിച്ചിരുന്നു. ആ കണ്ണുകളെയും അതിനുള്ളിലെ പ്രണയത്തെയും നേരിടാൻ ആകാതെ അവൾ മിഴികൾ താഴ്ത്തി ഉത്തരമില്ലാതെ നിന്നു.

അവൻ പിന്നെയും തുടർന്നു.

“എന്റെ കൻസെപ്റ്റിൽ പ്രണയം എന്നുപറയുന്നത് ഇരു ഹൃദയവും മനസ്സും ഒന്നിച്ചു സ്നേഹിക്കുന്നതിനെയാണ്. അപ്പോൾ മാത്രമേ അവിടെ പ്രണയം ഉടലെടുക്കുന്നുള്ളൂ. നമ്മുടെ കാര്യം..സോറി…എന്റെ കാര്യത്തിൽ അങ്ങനെ അല്ലാലോ…. നിനക്കു എന്നോട് സ്നേഹമില്ലലോ….എന്റെ സ്നേഹവും നിന്റെ സ്നേഹവും ഒന്നാകുമ്പോൾ അല്ലെ നമുക്കുള്ളിൽ പ്രണയം ഒരു കുഞ്ഞു മൊട്ട് ആയി വിടരു.

ഞാൻ നിന്നെ സ്നേഹിക്കുന്നു. ഞാൻ നിന്നെ സ്നേഹിച്ചു കൊണ്ടിരിക്കും” അവസാനം പറഞ്ഞ വാക്കുകൾ ഉണ്ണിമായ പെട്ടന്ന് മിഴികൾ ഉയർത്തി അവനെ നോക്കി.

“കാത്തിരിക്കുകയാണ്…..നിന്റെ ക്യാൻവാസിൽ ആ മുഴുവിപ്പിക്കാതെ ചിത്രത്തിന്റെ നല്ല പാതിയാകാൻ”

അവന്റെ കുസൃതി നിറഞ്ഞ നോട്ടം അവളുടെ മനസിൽ അലയൊലികൾ ഉണ്ടാക്കുന്ന പോലെ തോന്നി. പെട്ടന്ന് തന്നെ അവൾ മുഖം വെട്ടിച്ചു നീങ്ങി നിന്നു.

“ഉണ്ണി മോളെ…”

“ഹർഷൻ….” അനന്തുവിന് അരികിൽ ഉണ്ണിമോളെ കണ്ടപ്പോൾ അവനു എന്തുകൊണ്ടോ ഒരു നീരസം തോന്നി.

“അനന്തു എന്താ ഇവിടെ…” ഹർഷൻ ചോദ്യരൂപേണ കടുപ്പിച്ചു തന്നെ ചോദിച്ചു.

“എന്റെ ഓഫീസ് ഇവിടെ അടുത്തു തന്നെയാ ഹർഷൻ. ഇടക്ക് ഇവിടെ വന്നു ഉണ്ണിമായയെ കാണാറുണ്ട്. ദാ… ഈ പുസ്തകം കൊടുക്കാൻ വന്നതാ… അപ്പൊ ശരി പിന്നെ കാണാം. ”

ഹർഷനു നേരെ കൈകൾ നീട്ടി ഹസ്തദാനം ചെയ്തു കൊണ്ട് അനന്തു തിരിഞ്ഞതും യാമിയെ കണ്ടു. അവരുടെ സംഭാഷണങ്ങളിൽ ശ്രദ്ധിച്ചു വാതിലിന് അരികിൽ തന്നെ ഉണ്ടായിരുന്നു അവൾ . എന്തുകൊണ്ടോ അന്നാദ്യമായി യാമി അനന്തുവിന് നേരെ ഹൃദ്യമായ ഒരു പുഞ്ചിരി നൽകി. വാതിൽ കടക്കും മുന്നേ തിരിഞ്ഞു നോക്കി ഉണ്ണിയോട് കണ്ണുകൾ കൊണ്ടു യാത്ര പറയുന്നത് ഹർഷൻ അസ്വസ്ഥതയോടെ നോക്കി.

“അനന്തു ഇവിടെ ഇടക്കിടക്ക് വരാറുണ്ടോ”

“എന്താണ് ഇന്ന് രണ്ടാളും കൂടി. എന്തോ കാര്യമായ കാര്യം പറയാൻ ഉണ്ടെന്നു തോന്നുന്നു. യാമിയുടെ മുഖം വല്ലാതെ ഇരിക്കുന്നു” ഹർഷൻ ചോദിച്ച ചോദ്യത്തിന് അല്ല ഉണ്ണി മറുപടി പറഞ്ഞത്. അവന്റെ മുഖത്തേക്കു നോക്കാതെ തന്നെ യാമിയുടെ കൈ പിടിച്ചു അവർ പുറത്തേക്കു ഇറങ്ങി.

“നിങ്ങൾ ഇവിടെ നില്ക്കു …ഞാൻ പോയി ബാഗ് എടുത്തു വരാം. സ്റ്റാഫ്‌റൂം പൂട്ടണം.” ഉണ്ണി പതുക്കെ മുന്നോട്ടു നടന്നുകൊണ്ടു പറഞ്ഞു.

കാറിൽ ഇരിക്കുമ്പോൾ എന്തുകൊണ്ടോ ഹർഷന്റെയും യാമിയുടെയും പിരിമുറുക്കം നിറഞ്ഞ മുഖം ഉണ്ണിയിൽ ഒന്നും തോന്നിപ്പിച്ചില്ല. അവൾ പുറത്തെ കാഴ്ചകൾ കാണുന്നതിനൊപ്പം അനന്തു തന്ന പുസ്തകത്തെ തലോടി കൊണ്ടിരുന്നു. ഇഡാ തടവില്ലാതെ നനുത്ത ചിരിയും അവളുടെ ചുണ്ടിൽ വിടർന്നിരുന്നു. ഹർഷൻ ഉണ്ണിയെ കണ്ണാടിയിലൂടെ ഇടക്കിടക്ക് നോക്കി കണ്ടു. തന്റെ മനസിലെ പിരിമുറുക്കം അവൾ അറിഞ്ഞിട്ടും അറിയാത്ത പോലെ ഇരിക്കുന്നതാണോ… അവനിൽ ഉണ്ണിയോട് ദേഷ്യത്തിന്റെ ആദ്യ കണം പൊട്ടി വീണു.

“ഉണ്ണി…ഞങ്ങൾക്ക് സീരിയസ് ആയി ഒരു കാര്യം സംസാരിക്കാൻ ഉണ്ടായിരുന്നു.” ഒടുവിൽ യാമി തന്നെ നിശ്ശബ്ദത ഭംഗിച്ചു.

“ആ…എന്താ പറഞ്ഞേ” ഉണ്ണി സ്വപ്നത്തിൽ നിന്നും ഉണർന്നെന്ന വണ്ണം ചോദിച്ചു.

ഇപ്പൊ ഹർഷനു ശരിക്കും ദേഷ്യം വന്നു. അവൻ റോഡിനു ഒതുങ്ങിയ ഒരു സ്ഥലത്തു ചവിട്ടി നിർത്തി.

“എന്താ ഹർഷാ..”

“കുറച്ചു സംസാരിക്കാൻ ഉണ്ട്” അവർ കാറിൽ നിന്നും ഇറങ്ങി.

“അതിനു എന്തിനാ ഒരു ആമുഖം …. കാര്യം…

യാമിയുടെ വീട്ടിൽ കല്യാണത്തിനുള്ള പ്രഷർ കൂടുന്നുണ്ട് അല്ലെ. ഇതിപ്പോ രവിയച്ഛന്റെ മുൻപിലും ഗോപേട്ടന്റെ മുൻപിലും ഞാൻ അവതരിപ്പിക്കണം….സമ്മതിപ്പിക്കണം… അതല്ലേ ആവശ്യം”

ഹർഷൻ അത്ഭുതത്തോടെ ഉണ്ണിയെ നോക്കി.

“നിനക്കു …എങ്ങനെ..”

“നിന്റെ മുഖം കണ്ടപ്പോൾ തന്നെ എനിക്ക് കാര്യം മനസിലായി. ഇന്ന് ശനി… നാളെ എന്തായാലും ഗോപേട്ടൻ വീട്ടിൽ ഉണ്ടാകുമല്ലോ.. ഞാൻ സംസാരിക്കാം അവരോടു”

ഹർഷൻ പെട്ടന്ന് അവളെ ചുറ്റി പിടിച്ചു ഒരു നിമിഷം നിന്നു. തൊട്ടു മുൻപ് അവന്റെയുള്ളിൽ അവളോട്‌ തോന്നിയ ദേഷ്യം ഒരു ഹിമ കണം ആയി രൂപാന്തരപെട്ടു.

യാമിയുടെ മുഖം ആ കാഴ്ച കണ്ടു തിളക്കം മങ്ങി. പക്ഷെ ആവശ്യം തന്റേത് ആയതുകൊണ്ട് മിണ്ടാതെ ഇരുന്നു.

തിരിച്ചു ഹർഷൻ കാറിൽ കയറി ഇരുന്നു. യാമി കയറും മുന്നേ അവളുടെ അരികിലേക്ക് നീങ്ങി നിന്നു ഉണ്ണി യാമി കേൾക്കാൻ മാത്രം പതുക്കെ പറഞ്ഞു….

“ഒരിക്കൽ അനന്തു പറഞ്ഞതു ഓർമയുണ്ടോ… വീട്ടുകാരെ പറഞ്ഞു സമ്മതിപ്പിക്കണം എങ്കിൽ ഞാൻ തന്നെ വേണം”

ഒരു വിജയ ചിരിയോടെ ഉണ്ണി കാറിലേക്ക് കയറി.

പിറ്റേന്ന് പൂങ്കുന്നതു വീട്ടിൽ വൈകുന്നേരം പൂമുഖത്തു എല്ലാവരും ഇരിക്കുകയായിരുന്നു. അമ്പടിയെ കളിപ്പിച്ചു പാറുവും ചാരു കസേരയിൽ രവീന്ദ്രന്മാഷ് അവരുടെ കളികൾ കണ്ടു ചിരിച്ചു കൊണ്ട് ഇരുന്നു. അരികിൽ തന്നെ ജാനാകിയും… അവരുടെ മടിയിൽ തല വെച്ചു ഹർഷനും കിടന്നു. അമ്പാടി ഇഴഞ്ഞു നടക്കാൻ തുടങ്ങിയിരുന്നു. ഇടക്ക് കളിച്ചു കൊണ്ടു ഹർഷന്റെ നെഞ്ചിൽ ഇരിക്കും. ആനപുറത്തു ഇരിക്കും പോലെ ജില്ലാം…ജില്ലാം എന്നു അവൻ തന്നെ പറഞ്ഞു കളിപ്പിക്കുകയായിരുന്നു. ഒരുപാത്രത്തിൽ നിറയെ ഒട്ടടയും ചക്ക അടയുമായി മീനുവും ഒരു ട്രെയിൽ എല്ലാവർക്കും ഉള്ള ചായയും ആയി ഗോപനും എത്തി.

അവിടേക്ക് രാധാകൃഷ്ണനും ഉണ്ണിയും ബാലുവും കൂടി വന്നു. ഉണ്ണിയെ കണ്ടപ്പോൾ ഹർഷന്റെ മുഖം വല്ലാതായി. ബാലു നേരെ അമ്പടിയുടെ അടുത്തു ചെന്നു കയ്യിൽ കരുതിയ ചാമ്പയ്ക്ക കൊടുത്തു. കൊച്ചരി പല്ലു രണ്ടെണ്ണം ഉണ്ടായിരുന്നു അതും കാട്ടി ചിരി തുടങ്ങി അമ്പാടി.

രാധാകൃഷ്ണൻ രവീന്ദ്രൻ മാഷിന് അരികിൽ ഇരുനെങ്കിലും എന്തോ വിഷമം ഉള്ളപോലെ തോന്നി. ബാലുവിനും അത്ര ഉത്സാഹം കാണുന്നില്ല. പാറുവും ശ്രദ്ധിച്ചു.

എല്ലാവരും ചെറിയ കുശാലന്വേഷണത്തിൽ തുടങ്ങി സംസാരം. ഗോപൻ തന്റെ വീര ശൂര പരാക്രമണങ്ങൾ കെട്ടഴിക്കാൻ തുടങ്ങുവായിരുന്നു. അതു തുടങ്ങിയാൽ നിർത്തില്ല എന്നറിയാം. അപ്പോഴേക്കും ഹർഷൻ ഉണ്ണിയോട് കണ്ണുകൊണ്ട് കാണിക്കുന്നുണ്ടായിരുന്നു.

“എന്താ ഇവിടെ നടക്കുന്നെ…കഥകളിയോ” മീനു ഏടത്തി ഹർഷനെയും ഉണ്ണിയേയും നോക്കി കൊണ്ടു ചോദിച്ചു

ഉണ്ണി കണ്ണുകൾ അടച്ചു ഒരു ദീർഘശ്വാസം വിട്ടുകൊണ്ട് എഴുനേറ്റു എല്ലാവർക്കും അഭിമുഖമായി നിന്നു.

“എനിക്ക് കുറച്ചു കാര്യങ്ങൾ നിങ്ങൾ കാർന്നവന്മാരോട് സംസാരിക്കാനുണ്ട്”

“പറഞ്ഞാലും കിളവി”

ഗോപന്റെ വക ആയിരുന്നു.

“ദേ… പോലീസ് ആണെന്നൊന്നും നോക്കില്ല. ഇമ്മാതിരി ചളി അടിച്ചാൽ മണ്ണ് വാരി എറിയും”

“ഓഹ്…അടിയൻ” വായ് കൈ കൊണ്ട് പൊത്തി ഗോപൻ നിന്നു.

അതുകണ്ട് ഉണ്ണി ഒരു ചിരിയോടെ പറഞ്ഞു തുടങ്ങി.

“അല്ല ഞങ്ങൾക്കിപ്പോ നല്ല ജോലിയായി. വയസ്സായി…കല്യാണ പ്രായമായി….ഞങ്ങളെ കെട്ടിക്കാൻ നിങ്ങൾക്ക് ഉദേശമൊന്നുമില്ലേ”

ഉണ്ണി തുടങ്ങി വച്ചു. ഹർഷനു നേരെ തലയാട്ടി എങ്ങനെ തുടക്കം എന്നു കണ്ണുകളും പുരികവും ഉയർത്തിയും ചോദിച്ചു

അവൻ തലയാട്ടി നന്നായിഎന്നു പറഞ്ഞു.

“നിങ്ങൾ പറയുന്നതും കാത്തിരുന്നത് അല്ലെ ഞങ്ങൾ. നിങ്ങൾ നാളെ റേഡിയാണോ നാളെ വേണമെങ്കിൽ നടത്താം”

രവീന്ദ്രൻ മാഷിന് സന്തോഷമായി. മാഷിന് മാത്രമല്ല പൂങ്കുന്നത്തെ മറ്റുള്ളവർക്കും.

“അങ്ങനെ നാളെ തന്നെ കെട്ടാൻ ഒന്നും പറ്റില്ല. അതു മാത്രമല്ല ഞങ്ങളുടെ രണ്ടുപേരുടെയും ഒരുമിച്ചു നടത്താൻ കഴിയില്ല. എനിക്കൊരു ചെക്കനെ കണ്ടു പിടിക്കാൻ ഇതുവരെ കഴിഞ്ഞില്ല. ഹർഷൻ നേരത്തെ കേറി ബുക് ചെയ്തതുകൊണ്ട് അവൻ രക്ഷപെട്ടു”

“ഉണ്ണിമോൾ ഇതു എന്തൊക്കെയാ ഈ പറയുന്നേ” ജനാകിയമ്മയുടെ ഉള്ളിൽ വ്യസനം നിറഞ്ഞു. അതവരുടേ വാക്കുകളിൽ നിറഞ്ഞിരുന്നു.

“തെളിച്ചു പറയാം. ഹർഷനു ഒരു ഇഷ്ടം ഉണ്ട്. കോളേജിൽ പഠിക്കുമ്പോൾ തൊട്ടു ഉള്ളതുമാണ്. ആ കുട്ടിയുടെ വീട്ടുകാർ ഒരു വിധം സമ്മതം ആണ്. ഇനി നമ്മൾ ഒരു പ്രൊപ്പോസൽ ആയി അവിടേക്ക് പോകണം. രവിയച്ച… ഹർഷന്റെ ഇഷ്ടം നടക്കണം”

അവസാനം പറയുമ്പോൾ ഉണ്ണിയുടെ വാക്കുകൾ ഇടറിയിരുന്നു… തൊണ്ട വരണ്ട പോലെ തോന്നി. പറഞ്ഞതെല്ലാം തീർത്തപോലെ രാധാകൃഷ്ണന്റെ കൈകളിൽ മുറുകെ പിടിച്ചു ഉണ്ണി ഇരുന്നു.

വളരെ നേരത്തെ നിശബ്ദത… അമ്പാടി ബാലുവിന്റെ മടിയിൽ ഇരുന്നു ഉറങ്ങി പോയിരുന്നു.അവൻ പതിയെ അമ്പടിയെ തലോടി ഉണ്ണിയെ നോക്കി. ഉണ്ണി ബാലുവിനെ നോക്കി കണ്ണു ചിമ്മി കാണിച്ചു.

“അച്ഛൻ ഒന്നും പറഞ്ഞില്ല” മൗനം വെടിഞ്ഞത് ഹർഷൻ തന്നെ ആയിരുന്നു.

“ഇതു നടക്കില്ല ഹർഷാ…ഞാൻ കൊടുത്ത ഒരു വാക്കുണ്ട്..”

രവീന്ദ്രൻ മാഷിന്റെ വാക്കുകളും കടുത്തിരുന്നു.

“വാക്കോ എന്തു വാക്കു…”

എല്ലാവരും ഒരുപോലെ പകച്ചു. കാരണം ആ വാക്കു ഹർഷനു മാത്രേ അറിയാത്തതു ആയിട്ടുള്ളു.

തുടരും…..

Nb: ലൈക്ക് ചെയ്യാൻ മറക്കല്ലേ… നിങ്ങളുടെ ലൈക്കുകളും കമന്റുകളാണ് ഞങ്ങളെപ്പോലെയുള്ള എഴുത്തുകാർക്ക് പ്രചോദനം.

നിഴലായ് മാത്രം : PART 1

നിഴലായ് മാത്രം : PART 2

നിഴലായ് മാത്രം : PART 3

നിഴലായ് മാത്രം : PART 4

നിഴലായ് മാത്രം : PART 5

നിഴലായ് മാത്രം : PART 6

നിഴലായ് മാത്രം : PART 7

നിഴലായ് മാത്രം : PART 8

നിഴലായ് മാത്രം : PART 9