Saturday, April 27, 2024
Novel

നിഴലായ് മാത്രം : ഭാഗം 22

Spread the love

നോവൽ
എഴുത്തുകാരി: സേഷ്മ ധനേഷ്‌

Thank you for reading this post, don't forget to subscribe!

യാമി പ്രതീക്ഷിച്ച വാക്കുകൾ കേട്ടപോലെനിന്നു… എങ്കിലും അവളുടെ കണ്ണുകൾ ടേബിളിൽ ഇടിച്ച അവന്റെ കൈകളിലായിരുന്നു. ഇതേ സമയം…. അനന്തു ഉണ്ണിയുടെ കൈകളിലും മുറുകെ പിടിച്ചു…. അവളെ തന്നിൽ നിന്നും ആർക്കും വിട്ടുകൊടുക്കില്ലെന്നപോലെ…!

യാമി കണ്ണുകൾ ഇറുകെയടച്ചു നിശബ്ദമായി നിന്നു തേങ്ങി കരഞ്ഞു. തന്റെ കൈകൾ കൂട്ടി തിരുമി സാരിതുമ്പ് വായിൽ പല്ലുകൾക്കിടയിൽ തിരുകി.

“ഹർഷാ… നീയിതു എന്തൊക്കെയാ പറയുന്നേ” ഗോപൻ തന്നെ തുടങ്ങിവച്ചു. ഹർഷനോട് ധൈര്യത്തിൽ ചോദിച്ചുവെങ്കിലും ഗോപന്റെ മുഖത്തും പേടിയുടെയോ അല്ലെങ്കിൽ വായിച്ചെടുക്കാൻ കഴിയാത്ത ഏതോ ഭാവത്തിന്റെ രക്ത വർണ്ണം ചാലിച്ചിരുന്നു.

ഹർഷൻ ഗോപനെ തിരിഞ്ഞു നോക്കിയതല്ലാതെ വേറെ ഒന്നും പറഞ്ഞില്ല.

ഇപ്പൊ അവന്റെ ദേഷ്യത്തിനു കുറച്ചൊന്നു ഒരു അയവു വന്നുവെന്നു അവന്റെ മുഖഭാവത്തിൽ നിന്നും മനസ്സിലായി. കുറച്ചു സമയം കൂടി അവിടെ നിശ്ശബ്ദത തുടർന്നു.

രവീന്ദ്രന്മാഷ് ഹർഷനെ ഒന്നു ദേഷ്യത്തിൽ നോക്കിയത്തിനു ശേഷം അവിടുത്തെ അപ്പോഴത്തെ നിശ്ശബ്ദതയെ അയാൾ തന്നെ ഭേദിച്ചു.

“ഹർഷാ… നീയെന്താ കരുതിയത്, കല്യാണം എന്നാൽ ഒരു കുട്ടികളിയാണെന്നാണോ.

ഈ കുട്ടിയെ ഇഷ്ടമാണെന്നും കൂടെ ജീവിക്കാൻ ഇവൾ തന്നെ മതിയെന്നും നീ തന്നെയല്ലേ പറഞ്ഞതു. നിന്റെ നിര്ബന്ധമായിരുന്നില്ലേ ഈ കല്യാണം പോലും.

എന്നിട്ടിപ്പൊ എന്താ ഇങ്ങനെയൊക്കെ…. അതും അവസാന നിമിഷത്തിൽ”

ഹർഷന്റെ കണ്ണുകളിൽ പിന്നെയും രക്തവർണം നിറഞ്ഞു. അതു കാണുംതോറും ഉണ്ണിമായ നിശ്ശബ്ദമായി അനന്തുവിന്റെ കൈകളിൽ തന്റെ പിടുത്തം മുറുക്കും.

ഉണ്ണിമായയുടെ അതേ പിരിമുറുക്കം തന്നെയായിരുന്നു ബാലുവിനും പാറുവിനും ഗോപനും അനുഭവപ്പെട്ടത്.

എങ്കിലും ഹർഷൻ സ്വയം നിയന്ത്രിക്കാൻ ശ്രമിക്കുന്നത് അവർ ശ്രെദ്ധിച്ചിരുന്നു. അതവർക്കൊരു ആശ്വാസമായിരുന്നു.

“മോനെ…. ശ്രീരാജിന്റ് കാര്യത്തിൽ ഞങ്ങൾക്കൊരു തെറ്റു പറ്റിപോയതാണ്.”
യാമിയുടെ അച്ഛൻ ഹർഷനെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു.

“ഒരു തെറ്റു പറ്റി പോയെന്ന് എന്തു നിസാരമായാണ് നിങ്ങൾ പറഞ്ഞു തീർത്തത്. ഒരു പെണ്കുട്ടിയുടെ ജീവിതം കൊണ്ടല്ലേ നിങ്ങൾ കളിക്കാൻ നോക്കിയത്. അന്ന് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ…. എന്റെ പെങ്ങളുടെ ഭാവി ജീവിതം…. നിങ്ങൾക്കും ഒരു മകൾ ഇല്ലേ… നിങ്ങളും ഒരു അച്ഛനല്ലേ… ”

ഹർഷന്റെ ഓരോ വാക്കുകളും യാമിയുടെയും അവളുടെ അച്ഛന്റെയും അമ്മയുടെയും നെഞ്ചിൽ മുള്ളാണികൊണ്ടു കുത്തും പോലെ തോന്നി. യാമിയുടെ നിസ്സഹായാവസ്ഥ അവളുടെ മുഖത്തു നിന്നു മറ്റുള്ളവർ വായിച്ചിരുന്നു.

പക്ഷെ ഹർഷൻ മാത്രം അവളിൽ നിന്നും മുഖം തിരിച്ചു.

“ഞങ്ങളുടെ കല്യാണം ഉറപ്പിക്കും മുന്നേ നിങ്ങൾ ഞങ്ങളുടെ നാട്ടിൽ വന്നു അന്വേഷിച്ചതല്ലേ ഈ എന്നെ കുറിച്ചു. എത്ര ദിവസങ്ങൾ എന്നെ നിരീക്ഷിക്കാൻ നിങ്ങൾ ആളെ ഏർപ്പാട് ചെയ്തിരുന്നുവെന്നു എനിക്കറിയാം.”

ഹർഷൻ പറഞ്ഞു നിർത്തുമ്പോൾ യാമിയുടെ കണ്ണുകൾ അവളുടെ അച്ഛന്റെ മേലെനീണ്ടു. അയാൾ മുഖം കുനിച്ചു നിൽക്കുകയാണ് ഉണ്ടായത്. യാമി സംശയത്തോടെ തന്നെ തന്റെ അച്ഛനെ നോക്കി.

“ഞാൻ അതെല്ലാം ഒരു അച്ഛന്റെ വേവലാതിയായി മാത്രമേ കണ്ടിട്ടുള്ളു. പക്ഷെ അറിഞ്ഞുകൊണ്ട് അല്ലെ നിങ്ങൾ ഞങ്ങളെ ചതിക്കാൻ ശ്രമിച്ചത്”

ഹർഷൻ നിന്നു അടി മുടി വിറക്കുകയായിരുന്നു. പാറുവും സംസാരിക്കാൻ മുതിർന്നപ്പോൾ ഹർഷന്റെ ഒരു നോട്ടത്തിൽ നാക്കുപോലും പഞ്ചപുഛ മടക്കി ഒതുങ്ങിയിരുന്നപോലെ തോന്നി അവൾക്കു.

“ശ്രീരാജിന്റ് …”

“നിങ്ങൾ ഒരക്ഷരം മിണ്ടരുത്” ഹർഷന്റെ അലർച്ച യാമിയുടെ അമ്മയുടെ നേർക്കായിരുന്നു. അവർ ഒരു ഞെട്ടലോടെ പുറകോട്ടു വെച്ചുപോയി.

“മോനെ… ശ്രീരാജിന് പ്രായത്തിന്റേതായ കുറച്ചു അലസതയും പ്രേശ്നങ്ങളുമാണെന്നു തന്നെയാ ഞങ്ങളും കരുതിയത്. അതൊരു കല്യാണം കഴിക്കുന്നതോടെ ശരിയാകുമെന്നു കരുതി.

പാറുവിനെപ്പോലെ തന്റേടമുള്ള ഒരു കുട്ടിയാണെങ്കിൽ അവൻ നേരെയാകുമെന്നു കരുതി… അവന്റെ കയ്യിൽ ഇത്രയും കുരുത്തക്കേട് ഉണ്ടെന്നു കരുതിയില്ല മോനെ.

മോന്റെ കാലു പിടിക്കാം… കല്യാണം ഒഴിയല്ലേ”

യാമിയുടെ അച്ഛന്റെ സംസാരം എല്ലാവരിലും ഒരു അലിവും വിഷമവും ഉണ്ടാക്കി. സ്വന്തം മകളുടെ ഭാവിയെ കുറിച്ചുള്ള ആവലാതി ആ മനുഷ്യന്റെ മുഖത്തു നിന്നു വായിക്കാൻ കഴിഞ്ഞിരുന്നു.

“അവന്റെ കയ്യിലിരിപ്പിനെ എത്ര നിസാരവൽക്കരിച്ചാണ് അലസതയും കുരുത്തക്കേടുമെന്നൊക്കെ നിങ്ങൾ പറഞ്ഞതു. അവൻ ഇൻ ബോണ് ക്രിമിനലാണ്.

നിങ്ങളുടെ മകൾക്കായിരുന്നു ഇങ്ങനെ ഒരു അവസ്ഥയെങ്കിൽ അവനെ ജീവനോടെ വെക്കുമായിരുന്നോ. ഇങ്ങനെയുള്ള നിങ്ങളുടെ ബന്ധുത്വം എനിക്ക് വേണ്ട… നിങ്ങളുടെ… നിങ്ങളുടെ മകളെയും”

അവസാന വാചകം പറയുമ്പോൾ ഹർഷന്റെ ശബ്‌ദം അവനുപോലും അറിയാതെ ഇടറിയിരുന്നു. കൻകോണിൽ നനവ് പടർത്തി കണ്ണുകളും, വാക്കുകളിൽ ഇടർചനല്കി മനസ്സും അവന്റെ കൂടെ നിന്നില്ല.

പക്ഷെ രവീന്ദ്രൻ മാഷ് അവനരികിലേക്കു വന്നു കൊണ്ടു കവിളിൽ ആഞ്ഞു അടിച്ചു.

“ഇതിനിടയിൽ എന്റെ മോൻ മറന്നു പോയ അല്ലെങ്കിൽ മനപൂർവ്വം മറന്ന ഒരു കാര്യമുണ്ട്. നീ ഇപ്പൊ വേണ്ടായെന്നു വച്ച ഈ പെണ്കുട്ടി കാരണമാണ് നിന്റെ പെങ്ങൾ ഇപ്പോഴും ജീവനോടെ ഇരിക്കുന്നത്.

ശ്രീരാജിന്റെ പ്രവൃത്തികളിൽ സംശയം തോന്നി അവനെ കൂടെ കൂടെ നിരീക്ഷിച്ചതുകൊണ്ട അവന്റെ നീക്കങ്ങൾ അറിയാൻ കഴിഞ്ഞത്.

കൃത്യസമയത്തു ബാലുവിനെയും ഗോപനെയും അറിയിച്ചത് കൊണ്ട അവർക്ക് അവിടെ എത്താൻ കഴിഞ്ഞത്…. അല്ലായിരുനെങ്കിലോ.. അതിനെ കുറിച്ചു ചിന്തിക്കാൻ കൂടി സാധിക്കുന്നില്ല.

നിന്റെ പെങ്ങളെക്കാൾ അവൾക്കു അവളുടെ സഹോദരനെ രക്ഷിക്കമായിരുന്നു. അവൾ അതു ചെയ്യാതിരുന്നതാണ് അവളുടെ നല്ല മനസ്സു.

അതു എന്റെ മോൻ എന്താ മറന്നുപോകുന്നത്. ആ ഒരു നന്ദിയെങ്കിലും നീ അവളോട്‌ കാണിക്കണം.”

രവീന്ദ്രന്മാഷ് അത്രയും പറഞ്ഞു തീർത്തപ്പോൾ ഹർഷൻ മുഖം രക്തമയം മങ്ങി നിന്നു. ഹർഷന്റെ മുഖം താഴ്ത്തിയുള്ള നിൽപ്പു കണ്ടപ്പോൾ തന്നെ ഉണ്ണിമായക്കു ഒരു കാര്യം മനസ്സിലായിരുന്നു.

വേറെയെന്തോ കാരണം ഹർഷനെ വല്ലാതെ അലട്ടുന്നുണ്ടെന്നു. അവൾ ഹർഷനെ തന്നെ സാകൂതം വീക്ഷിച്ചു നിന്നു.

ഹർഷന്റെ അടുത്തേക്ക് നടന്നു നീങ്ങാൻ തുടങ്ങിയ ഉണ്ണിമായയെ അനന്തു തോളിൽ കൈ വച്ചു കൊണ്ട് തടഞ്ഞു. തിരിഞ്ഞു നോക്കിയ ഉണ്ണിമായക്കു നേരെ അനന്തു അരുതെന്ന് തലയാട്ടി.

എന്നിട്ടു യാമിയെ നോക്കി. ഉണ്ണിമായയും യാമിയുടെ നേരെ നോക്കി. ഈ സമയം ഹർഷന്റെ അടുത്തു യാമി തന്നെയായിരിക്കണം വേണ്ടതെന്നു ഉണ്ണിമായക്കും തോന്നി.

രവീന്ദ്രന്മാഷ് തിരിഞ്ഞു യാമിയുടെ അച്ഛനരികിൽ ചെന്നു നിന്നു പറഞ്ഞു.

“എന്റെ വാക്കാണ്…. ഈ കല്യാണം പറഞ്ഞദിവസം പറഞ്ഞ മുഹൂർത്തത്തിൽ തന്നെ നടന്നിരിക്കും.

നിങ്ങൾ ചെന്നു മുന്നോട്ടുള്ള കാര്യങ്ങൾ നീക്കിക്കോ” ഉറച്ചതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. ആ കനത്ത ശബ്‌ദം മാത്രം മതിയായിരുന്നു ഉറപ്പിനായി.

രവീന്ദ്രൻ മാഷ് അതും പറഞ്ഞു കൊണ്ടു ബാലുവിനെയും ഗോപനെയും നോക്കി പുറത്തേക്കു നടന്നു. ഒപ്പം മറ്റുള്ളവരും.

യാമിയുടെ അച്ഛനും അമ്മയും അവളെയൊന്നു നോക്കി. അവസാനം അവരും പുറത്തേക്കു ഇറങ്ങി.

യാമിയുടെ അച്ഛനും അമ്മയും ഹോസ്പിറ്റൽ വരാന്തയിലൂടെ നടക്കാൻ തുടങ്ങി. മറ്റുള്ളവർ അപ്പോഴേക്കും താഴത്തെക്കു എത്തിയിരുന്നു.

“നിങ്ങൾ എന്തിനാ മനുഷ്യ അവന്റെ കാലുപിടിക്കാൻ പോയത്. കല്യാണം വേണ്ട എന്നു പറഞ്ഞപ്പോൾ ഞാൻ ഉള്ളാലെ സന്തോഷിച്ചതായിരുന്നു.”

അവർ കെറുവിച്ചു കൊണ്ടു പറഞ്ഞു.

“നീയിനി ഒരക്ഷരം മിണ്ടരുത്”

“പിന്നെ…. പറയാതെ.”

അവർ എന്തെങ്കിലും പറഞ്ഞു മുഴുവിപ്പിക്കും മുന്നേ യാമിയുടെ അച്ഛന്റെ കൈകൾ അവരുടെ കവിളിൽ അഞ്ചു വിരലുകൾപതിച്ചു കൊണ്ടു തഴുകി തലോടിയിരുന്നു.

“ഈയൊരു അടി നിനക്കു നേരത്തെ തന്നിരുന്നെങ്കിൽ നീ പണ്ടേക്കു പണ്ടേ നന്നായി പോയേനെ…. ആ പന്ന ചെറുക്കന് കൂട്ടു നിന്നതും ഉപദേശം ഓതികൊടുത്തതുമെല്ലാം നീയാണെന്നു എനിക്ക് നന്നായി അറിയാമെഡി.

ഇനി നിന്റെ ഒരു അഭിപ്രായവും എനിക്ക് കേൾക്കണ്ട… ഒരക്ഷരം മിണ്ടരുത്… വാ …നടക്കു”

സ്വന്തം ഭർത്താവ് തന്നെയാണോ എന്നായിരുന്നു അവർ അപ്പോൾ ആലോചിച്ചത്. ഇതിക്കു മുന്നേ ഇത്രയും ദേഷ്യപ്പെട്ടു കണ്ടിട്ടില്ല. പുതിയ ഒരു മുഖം….

“സ്വന്തം മകളുടെ ഭാവിയോ ഇഷ്ടമോ അല്ല അവൾക്കു വലുതു… സ്റ്റാറ്റസ് ആണ്… ആളുകളുടെ മുന്നിൽ പ്രദർശന വസ്തു ആകാനൊന്നും ഹർഷനെ കിട്ടില്ല…

അതുകൊണ്ട് മാത്രമല്ലേ നീയി കല്യാണം വേണ്ട പറയുന്നത്…”

നടക്കുന്ന വഴിയിലെല്ലാം അയാൾ മുറു മുറുത്തു കൊണ്ടേയിരുന്നു.

മുറിയിൽ എല്ലാവരും പോയിരുന്നു. ഹർഷനും യാമിയും ഒഴികെ. യാമി കുറച്ചു നേരം ഹർഷനെ നോക്കി നിന്നു.

മൗനം തന്നെ. ഹർഷൻ മുഖം കുനിച്ചു തന്നെ നിൽക്കുകയാണ്. യാമി പതുക്കെനടന്നു ഹർഷനു സമീപം എത്തി. ഒന്നു നിന്നു.

അപ്പോഴും അവന്റെ തല കുമ്പിട്ടു തന്നെ. അവനെ കടന്നുപോയ യാമിയുടെ കൈകളിൽ അവന്റെ പിടുത്തം വീണിരുന്നു. അവൾ മുഖം ഉയർത്തി നോക്കുമ്പോഴും ഹർഷൻ മുഖം കുനിച്ചു തന്നെ നിൽക്കുന്നു.

യാമി അവന്റെ കൈകൾ അവളുടെ കൈകൾക്കുമേലെ നിന്നും അടർത്തി മാറ്റി.

നെഞ്ചിലേറ്റ ഒരു വേദനയോടെ ഹർഷൻ മുഖമുയർത്തി നോക്കി…. ആ നോട്ടത്തിൽ ഒരു ദയനീയത…നിസ്സഹായത… എന്തൊക്കെയോ അവൾക്കു തോന്നിയിരുന്നു. അവന്റെ ഇരു കൈകളും അവളുടെ കൈകളിൽ നിന്നും അടർന്നപ്പോൾ അവൾ തിരിഞ്ഞു നടന്നു.

ഹർഷൻ ജനലിനു നേരെ നടന്നു. കമ്പികളിൽ പിടിച്ചു ദൂരേക്ക്‌ നോക്കി നിന്നു. പുറത്തു നല്ല മഴ പെയ്യുന്നുണ്ടായിരുന്നു. മഴയുടെ ചാറ്റൽ ഇടക്കിടക്ക് അവന്റെ മുഖത്തേക്കു അടിച്ചു കൊണ്ടിരുന്നു.

എന്തൊക്കെയോ ഓർത്തുകൊണ്ടു വിദൂരതയിലേക്ക് തന്നെ അവൻ നോക്കി നിന്നു.

മഴത്തുള്ളികൾ അവന്റെ താടിയിൽ ചെറിയ ചെറിയ മുത്തുമണികൾ പോലെ തങ്ങി നിന്നിരുന്നു.

അവന്റെ വയറിൽ കൂടി രണ്ടു കരങ്ങൾ പൊതിഞ്ഞു. ആ സ്പര്ശനത്തിൽ അവൻ അറിഞ്ഞു….

“യാമി”

അവൾ അവനെ പുറകിലൂടെ ചുറ്റി ഇറുകെ പുണർന്നു തോളിൽ മുഖം ചേർത്തു നിന്നു. കുറച്ചു സമയങ്ങൾ പരസ്പരം ഒന്നും സംസാരിക്കാതെ മൗനമായി കടന്നു പോയി.

പതുക്കെ അവളുടെ കരങ്ങളെ അവനും പൊതിഞ്ഞു പിടിച്ചു.

“ഹർഷൻ”

“ഉം”

“നിനക്കു… നിനക്കു എന്നെ വേണ്ടേ”

“വേണം”

“ഉറപ്പാണോ”

“ഉം”

“പിന്നെ… പിന്നെ നേരത്തെ…”

“എന്റെ കൈകൾ കൊണ്ടു നിനക്കൊന്നും സംഭവിക്കരുത് യാമി”

“നീയെന്താ പറഞ്ഞു വരുന്നത് ഹർഷാ” വളരെ വ്യാകുലതയോടെ യാമിയതു ചോദിക്കുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു ഒപ്പം ശബ്ദവും ഇടറിയിരുന്നു.

ഹർഷൻ അവളെ മുന്നിലേക്ക്, ജനലിനോട് ചേർത്തു നിർത്തി. അവളുടെ മുഖത്തെ രണ്ടു കൈകളിൽ എടുത്തു…. അവളുടെ കണ്ണുകളിൽ നോക്കി…

അവളുടെ കണ്ണുകളിൽ നോക്കുംതോറും അവന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു.

“എനിക്ക്… എനിക്ക് പേടിയാ യാമി… എനിക്കെന്തോ പഴയതുപോലെ…. ഞാൻ ആകുമോയെന്നു… ഉണ്ണി… അവൾ കൂടെയിനി ഉണ്ടാകില്ലലോ… അനന്തുവിന് സ്വന്തമാകില്ലേ…

എനിക്കിനി പഴയതുപോലെ അവളെ സ്നേഹിക്കാൻ കഴിയുമോ… അവൻ സമ്മതിക്കുമോ…”

“നിനക്കു ഞാൻ ഉണ്ടാകില്ലേ” യാമി നിര്വികാരതയോടെ അവന്റെ കണ്ണുകളിൽ നോക്കി ചോദിച്ചു.

“നീയും വേണം… ഉണ്ണിമായ… എന്റെ ഉണ്ണി… അവൾ എന്നും കൂടെ വേണം… അവളില്ലെങ്കിൽ ഞാൻ… നിനക്കറിയാലോ യാമി…

താളം തെറ്റുന്ന എന്റെ മനസ്സിനെ എന്നും തിരിച്ചു കൊണ്ടുവരുന്നത് അവളാണ്… അവൾക്കു മാത്രമേ അതിനു കഴിയു… ഇനി അവളെന്നോടൊപ്പം ഇല്ല എന്നു ആലോചിക്കുമ്പോൾ…. ഞാൻ പഴയതൊക്കെ ഓർത്തു….

വീണ്ടും പഴയതുപോലെ ആകാൻ എനിക്ക് ആകില്ല… പഴയ ഹർഷൻ ആയാൽ നിന്നെ പോലും ഞാൻ ചിലപ്പോ ഉപദ്രവിച്ചെന്നു വരും….”

അവളുടെ മുഖത്തു ചേർത്തു പിടിച്ചിരുന്ന അവന്റെ കൈകൾ വാക്കുകൾക്കൊപ്പം മുറുകി വരുന്നുണ്ടായിരുന്നു.

ചെറിയ ഒരു നോവ്‌ കവിളിൽ അവൾക്കനുഭവപ്പെട്ടു. എങ്കിലും അവന്റെ കണ്ണുകളിൽ തന്നെ അവളുടെ മിഴികളെയും കോർത്തു വലിച്ചു.

അവളുടെ ഇരു കൈകളും അവനെ ചുറ്റിയിരുന്നു. കുറച്ചു നിമിഷങ്ങൾ… കണ്ണുനീർ ഒഴുകിയത് പോലും രണ്ടാളും അറിഞ്ഞില്ല തോന്നുന്നു.

ഇരുവരും ഇരുവരുടെയും മിഴികളിൽ തന്നെയായിരുന്നു.

“നീയെന്നെ പ്രണയിക്കുന്നുണ്ടോ ഹർഷാ”

പെട്ടന്നായിരുന്നു യാമിയുടെ ചോദ്യം. ആ ചോദ്യത്തിൽ യാമിയുടെ കവിളിൽ മുറുകിയ ഹർഷന്റെ കൈകൾ അഴഞ്ഞു.

അവളുടെ കണ്ണുകളിൽ അവനോടുള്ള പ്രണയം അവൻ തിരിച്ചറിഞ്ഞിരുന്നു. മുന്നേ തന്നെ അവൻ കണ്ടതാണ് അതു.

താൻ ഒരിക്കലും ഒരു പൈങ്കിളി കാമുകൻ ആയിരുന്നില്ലെന്നു അവൻ ഓർത്തു. ഹർഷൻ യാമിയെ നോക്കി ഒന്നു പുഞ്ചിരിക്കാൻ ശ്രമിച്ചു.

“എനിക്ക്… എനിക്ക് … പ്രണയം എന്താണെന്ന് അറിയില്ല. ഉണ്ണിയോട് സ്നേഹമുണ്ട് പാറുവിനോടും ബാലുവിനോടും ഗോപേട്ടനോടും എല്ലാവരോടും…

പക്ഷെ… നിന്നിലൂടെ ഞാൻ അറിഞ്ഞ സ്നേഹം, ഇഷ്ടം അതെല്ലാം പ്രണയമാണെന്നു വിശ്വസിക്കാനാണ് എനിക്കിഷ്ടം… എനിക്ക് നിന്നോട് തോന്നുന്ന വികാരമെന്തോ അതാണ് എന്റെ പ്രണയം… നീയാണെന്റെ…

എന്റെ മാത്രം പ്രണയം.” ഹർഷൻ പറഞ്ഞു തീർന്നതും ഒരു തേങ്ങലോടെ യാമി ഹർഷന്റെ നെഞ്ചിൽ വീണു പിടഞ്ഞു. അവനെ ഇറുകെ പുണർന്നു…

“എനിക്ക് ഇത്രയും കേട്ടാൽ മതി ഹർഷാ… നീയെന്നെ ഒന്നും ചെയ്യില്ല… ഉണ്ണി നിന്റെ മനസിൽ ഉള്ളതുപോലെ ഞാനും നിന്റെ ഹൃദയത്തിലുണ്ട്… എനിക്കൊരു പേടിയുമില്ല… നിന്നെ മാത്രം മതി…. നിന്റെ പ്രണയവും സ്നേഹവും…ജീവിതവും… അത്രമേൽ നിന്നെ മോഹിച്ചുപോയി ഞാൻ… എനിക്ക് വേണം നിന്നെ… ”

വിതുമ്പലിൽ പലപ്പോഴും യാമിയുടെ വാക്കുകൾ മുറിഞ്ഞു പോയിരുന്നു. ഹർഷൻ ഒന്നുകൂടി വരിഞ്ഞു മുറുക്കി പിടിച്ചു അവളെ.

കുറച്ചു നിമിഷങ്ങൾ. അവളെ അവനിൽ നിന്നും അടർത്തി മാറ്റി നെറ്റിയിൽ അമർത്തി ചുംബിച്ചു.

യാമിയുടെ കണ്ണുകൾ കൂമ്പി അടയുന്നതോടൊപ്പം രണ്ടു തുള്ളി കണ്ണുനീർ അവന്റെ കൈ തണ്ട നനച്ചു താഴേക്കു ചിതറി തെറിച്ചു.

“നമ്മൾ മെയ്ഡ് ഫോർ ഈച് അധെർ…ആണ് പെണ്ണേ” യാമിയുടെ മൂക്കിൻതുമ്പിലെ വെള്ളക്കൽ മൂക്കുത്തിയിൽതന്റെ നാസിക തുമ്പു ചേർത്തു അവൻ പറഞ്ഞു…

ഒരു മിന്നൽ തരിപ്പ് ശരീരത്തിൽ പെട്ടന്ന് വന്നതുപോലെ യാമി പിടഞ്ഞു ഹർഷനിൽ നിന്നും അടർന്നു മാറി. എന്നിട്ടു വശ്യമായ ഒരു ചിരി നൽകി…അവൾ അല്ലായെന്നു തലയാട്ടി.

“എന്താ ഉദ്ദേശം” ഹർഷൻ പുരികമുയർത്തി കണ്ണുകളാൽ ചോദിച്ചു….

യാമി ചിരിയോടെ തന്നെ മറുപടി നൽകി.

“ജന്മംകൊണ്ട് ആരും പരസ്പരം സൃഷ്ടിക്കപ്പെടുകയില്ല. അവർ ഒരുമിച്ച് ജീവിക്കാൻ തുടങ്ങുമ്പോഴാണ് അവ പരസ്പരം സൃഷ്ടിക്കപ്പെടുന്നത്”

അവനെ നോക്കി പ്രേമാർദ്രമായി പുഞ്ചിരിച്ചു.

“എങ്കിൽ…എങ്കിൽ നമുക്ക് പരസ്പരം സൃഷ്ടിക്കപ്പെടാം…ഉം” അതും പറഞ്ഞു അവളുടെ കഴുത്തിലേക്കു ഹർഷൻ മുഖം പൂഴ്ത്തുമ്പോൾ അവന്റെ മനസ്സിൽകല്യാണ മേളം മുഴങ്ങിയിരുന്നു…

യാമിയുടെ ഉള്ളു വേവലാതി പെട്ടത് മുഴുവൻ ഹർഷന്റെ മനസിൽ നിന്നും ഉണ്ണിമായയെ എങ്ങനെ വേര്പെടുത്താമെന്നായിരുന്നു.

തുടരും…..

Nb: ലൈക്ക് ചെയ്യാൻ മറക്കല്ലേ… നിങ്ങളുടെ ലൈക്കുകളും കമന്റുകളാണ് ഞങ്ങളെപ്പോലെയുള്ള എഴുത്തുകാർക്ക് പ്രചോദനം.

നിഴലായ് മാത്രം : PART 1

നിഴലായ് മാത്രം : PART 2

നിഴലായ് മാത്രം : PART 3

നിഴലായ് മാത്രം : PART 4

നിഴലായ് മാത്രം : PART 5

നിഴലായ് മാത്രം : PART 6

നിഴലായ് മാത്രം : PART 7

നിഴലായ് മാത്രം : PART 8

നിഴലായ് മാത്രം : PART 9

നിഴലായ് മാത്രം : PART 10

നിഴലായ് മാത്രം : PART 11

നിഴലായ് മാത്രം : PART 12

നിഴലായ് മാത്രം : PART 13

നിഴലായ് മാത്രം : PART 14

നിഴലായ് മാത്രം : PART 15

നിഴലായ് മാത്രം : PART 16

നിഴലായ് മാത്രം : PART 17

നിഴലായ് മാത്രം : PART 18

നിഴലായ് മാത്രം : PART 19

നിഴലായ് മാത്രം : PART 20

നിഴലായ് മാത്രം : PART 21