Thursday, December 12, 2024
Novel

നിഴലായ് മാത്രം : ഭാഗം 9

നോവൽ
എഴുത്തുകാരി: സേഷ്മ ധനേഷ്‌

ദിവസങ്ങൾ അങ്ങനെ വേഗത്തിൽ ഓടി കൊണ്ടിരുന്നു. യാമി പിന്നെ അധികം പ്രശ്നങ്ങൾ മനപൂർവ്വം ആയി ഉണ്ടാക്കിയില്ല. അവരെ ഒറ്റ പെടുത്തുവാനോ തമ്മിൽ പിരിക്കുവാനോ…ഒന്നിനും ശ്രമിച്ചില്ല. ഉണ്ണിയെ തനിയെ കിട്ടുന്ന അവസരങ്ങളിൽ ചെറുതായി കളിയാക്കാനും കുറ്റപെടുത്തുവാനും മറന്നതുമില്ല. എങ്കിലും അനന്തുവിന്റെ അന്നത്തെ ആ ഭീഷണി ശരിക്കും ഏറ്റിരുന്നു.

യാമിയും ഹർഷനും തമ്മിലുള്ള സംസാരങ്ങളിൽ യാമി തന്നെ ഉണ്ണിയെ മനപൂർവ്വം പിടിച്ചിടും. അവരുടെ ഒപ്പം ഏത് നേരവും ഉണ്ണിയേയും നിർത്തും. ഹർഷനു യാമിയുടെ ആ പ്രവൃത്തി ഒരുപാട് സന്തോഷമായിരുന്നു.തങ്ങളെ മനസിലാക്കുന്ന കൂട്ടു തന്നെയാണല്ലോ യാമി. ഈ സമയങ്ങൾ കൊണ്ടു തന്നെ അനന്തുവും ഉണ്ണിയും വളരെയധികം അടുത്ത കൂട്ടുകാർ ആകുകയും ചെയ്തു. അധികം ആരുമായും കൂട്ടുകൂടാത്ത ഉണ്ണി അനന്തുവിനെ അടുപ്പിക്കുന്നത് ഹർഷനു അത്ഭുതമായിരുന്നു.

മീനു ഏടത്തി ഒരു ആണ്കുഞ്ഞിന്‌ ജന്മം നൽകി. പൂങ്കുന്നത്തെ സന്തോഷം ഇരട്ടിയാക്കി ആയിരുന്നു ആ കുഞ്ഞിന്റെവരവ്. പാറുവും ഉണ്ണിയും മത്സരം ആയിരുന്നു കുഞ്ഞിനെ സ്നേഹിക്കാനും ലാളിക്കാനും. കുഞ്ഞിന് ഒരു പേര് കണ്ടുപിടിക്കാൻ പാറുവും ബാലുവും ഉണ്ണിയും ഹർഷനും കൂടി ദിവസങ്ങൾ ആയി തല പുകഞ്ഞു നടക്കുന്നു. അവസാനം കുറെ പേരുകൾ കണ്ടുപിടിച്ചു. എല്ലാവർക്കും അവരവർ കണ്ടുപിടിച്ച പേരു തന്നെ ഇടണം. അവസാനം അടി ആകുമെന്ന് മനസിലാക്കിയ ഗോപൻ തന്നെ ഒരു ഐഡിയ പറഞ്ഞു. നറുക്കിടാം.

ബാലു വീട്ടിൽ എല്ലാവരും വിളിക്കാൻ ആയി അമ്പാടി എന്ന പേരു സെലക്ട് ചെയ്തു. ആ പേരു എല്ലാവർക്കും ഒരുപോലെ ഇഷ്ടം ആകുകയും ചെയ്തു. അപ്പൊ ആ പേരു നറുകെടുപ്പിന്റെ ആവശ്യമില്ലാതെ തന്നെ എല്ലാവരും അംഗീകരിച്ചു. പിന്നെ ഉള്ളത് സെലക്ട് ചെയ്യാൻ ആയിരുന്നു നറുക്കെടുപ്പ്. ഒഫീഷ്യൽ ആയി ഇടുവാൻ ഉള്ള പേരിന്റെ സെലക്ഷൻ ആണ് നടക്കാൻ പോകുന്നേ.

ആ കൂട്ടത്തിലേക്കു രവീന്ദ്രൻ മാഷ് കേറി വന്നു.

“എന്റെ മക്കളെ ഒരു പേരു കണ്ടുപിടിക്കാൻ ആണോ ഇത്രയും.”

“പിന്നല്ലാതെ…ഞങ്ങളുടെയൊക്കെ ലോകം തന്നെ ഇനി അവനാ. ചെറിയചൻ എന്ന വിളി കേൾക്കാൻ കൊതിയായിട്ടു വയ്യ” ഹർഷൻ അമിതാവേശത്തോടെ പറഞ്ഞു.

“എങ്കിൽ…ഞാൻ ഒരു പേര് പറയട്ടെ” ശബ്‌ദം കേട്ടിടത്തേക്കു എല്ലാവരും തിരിഞ്ഞു.

“അച്ഛൻ” ഉണ്ണിമായ മന്ത്രിച്ചു.

“ദേവ നാരായണൻ” രാധാകൃഷ്ണൻ ആ പേരു പറയുന്നതിനൊപ്പം രണ്ടു തുള്ളി കണ്ണുനീർ ഒഴുകി.

എല്ലാവരുടെയും മുഖം മങ്ങി. ഹർഷൻ കൂട്ടത്തിൽ നിന്നും എഴുനേറ്റു പോകുവാൻ തുടങ്ങിയപ്പോൾ ഉണ്ണിമായ കൈ പിടിച്ചു ഇരുത്തി. അവന്റെ താടിയിൽ പിടിച്ചു മുഖം ഉയർത്തിയപ്പോൾ കണ്ടു അവന്റെ കണ്ണുകൾ കലങ്ങിയിരുന്നു.

പെട്ടന്ന് അന്തരീക്ഷം സാധാരണ പോലെയാക്കാൻ ഗോപൻ തന്നെ പറഞ്ഞു തുടങ്ങി. “ഇനി ഒരു നറുകെടുപ്പിന്റെ ആവശ്യമില്ല. രാധഛൻ പറഞ്ഞപോലെ ദേവ നാരായണൻ മതി.”

അന്നത്തേക്കു എല്ലാവരും പിരിഞ്ഞു. മനസ്സിൽ ചെറിയ നോവുമായി.

പേരിടൽ കർമ്മത്തിന്റെ അന്ന് ഒരുപാട് ബന്ധുക്കൾ പൂങ്കുന്നത്തു എത്തിയിരുന്നു. പാറുവും ഉണ്ണിയും എല്ലാവരെയും സ്വീകരിക്കാനും വിശേഷങ്ങൾ ചോദിച്ചറിഞ്ഞും ഓടി നടന്നു. ബാലുവും ഹർഷനും പന്തലിലും കലവറയിലുമായും നടന്നു.

രവീന്ദ്രൻ മാഷ് മോനെ മടിയിൽ വച്ചു. അരികിൽ തന്നെ മീനാക്ഷിയും ഉണ്ടായിരുന്നു. കുഞ്ഞിന്റെ വലതു ചെവിയിൽ വെറ്റില ചേർത്തു രവീന്ദ്രൻ മാഷ് പതുക്കെ പേരു വിളിച്ചു. അതു കെട്ടന്നപോലെ ആ കുട്ടി കുറുമ്പൻ ഒന്നു കുഞ്ഞി മോണ കാട്ടി ചിരിക്കാൻ തുടങ്ങി…..

“ഹ…ഹാ.. കൊച്ചിന് പേരു നല്ല ഇഷ്ടമായെന്നു തോന്നുന്നു.”

കൂട്ടത്തിൽ നിന്ന ആരോ പറഞ്ഞു. പിന്നീട് ജാനകി അമ്മ അരയിൽ അരഞ്ഞാണം കെട്ടി കൊടുത്തു. മീനാക്ഷിയുടെ വീട്ടിൽ നിന്നും അച്ഛനും അമ്മയും അനിയത്തിയും എത്തിയിരുന്നു. മീനാക്ഷിയുടെ മനസ്സു കിടന്നു പടവെട്ടുകയായിരുന്നു. മറ്റുള്ളവരുടെ മുൻപിൽ തന്റെ അച്ഛനും അമ്മയും നാണം കെടും. കുട്ടിക്ക് കൊടുക്കാൻ ഒന്നുമില്ലലോ. പെട്ടന്ന് മീനാക്ഷിയെ പോലും ഞെട്ടിച്ചു കൊണ്ടു അച്ഛൻ സ്വർണത്തിൽ തീർത്ത ഗണപതിയുടെ ലോക്കറ്റോട് കൂടിയ ഒരു മാലയും അമ്മ കാലിൽ തളയും അനിയത്തി ഒരു കയ്യിൽ വളയും ഇട്ടുകൊടുത്തു. അതിശയം ആയിരുന്നു മീനാക്ഷിക്കു. ആ നിമിഷം ഒന്നും പറയനോ ചോദിക്കാനോ ആകില്ലലോ. പിന്നീട് ഓരോ ബന്ധുക്കൾ ആയി വന്നു സ്വർണ്ണവും ഉടുപ്പുമൊക്കെ കുട്ടിക്കായി നൽകി.

കുറെ നേരമൊക്കെ കുഞ്ഞു അമ്പാടി കരയാതെ മോണ കാട്ടി ചിരിച്ചും കൈ കാലുകൾ ഇട്ടു അടിച്ചു മൂളിയും സംസാരിച്ചുമൊക്കെ സമയം പോയി. പിന്നീട് നല്ല കരച്ചിൽ ആയി. മീനാക്ഷി പെട്ടന്ന് തന്നെ മുറിയിലേക്ക് പോയി കുഞ്ഞിന് പാൽ കൊടുത്തു. കുറച്ചു നിമിഷത്തിൽ തന്നെ അവൻ ഉറങ്ങി പോയിരുന്നു.

കുഞ്ഞിനെ ഭദ്രമായി തൊട്ടിലിൽ കിടത്തി ആവശ്യത്തിനു മാത്രം ആഭരണങ്ങൾ ഇട്ടുകൊണ്ടു ബാക്കി എല്ലാം ഊരിയെടുത്തു ഭദ്രമായി തന്നെ വച്ചു. പെട്ടന്ന് ഗോപൻ അവിടേക്ക് കയറി വന്നു. ഉറങ്ങുന്ന അമ്പാടിക്കു അച്ഛന്റെ ഒരു ഉമ്മയും നൽകി കൊണ്ടു അവൻ മീനുവിന്റെ മുഖത്തേക്കു നോക്കി.

“എന്താ പെണ്ണേ….നിനക്കും വേണോ…മോന് ഒന്നു കൊടുത്താൽ അമ്മയ്ക്ക് 10 കൊടുകാറുണ്ടല്ലോ” ഗോപൻ ഒരു കള്ള ചിരിയോടെ പറഞ്ഞു കൊണ്ട് മീനുവിന്റെ അടുത്തേക്ക് നീങ്ങി നിന്നു.

പക്ഷെ..മീനു അവന്റെ നെഞ്ചിൽ വീണു കരയാൻ തുടങ്ങി. അവൻ അവളുടെ മുടിയിഴകളിൽ തലോടിയും തോളിൽ തട്ടിയുമൊക്കെ ആശ്വസിപ്പിച്ചു. പതിയെ അവളുടെ മുഖം കൈക്കുമ്പിളിൽ എടുത്തുകൊണ്ടു അവൻ പറഞ്ഞു

“രണ്ടു ദിവസമായി നിന്റെ സങ്കടം ഞാൻ കാണുന്നില്ല എന്നു കരുതിയോ. മറ്റുള്ളവരുടെ മുൻപിൽ നീ തല താഴ്ത്തിയാലും ഞാൻ നിൽക്കുന്നപോലെ അല്ലെ മോളെ. നിന്നെ ഞാൻ അങ്ങനെ ഒറ്റക്കു വിടുമോ മോളെ…” കൈകുമ്പിളിൽ ഇരുന്നു വിതുമ്പിയ അവളുടെ നെറ്റിയിലേക്കു സ്നേഹ ചുംബനം നൽകി.

“ഇന്നലെ തന്നെ വീട്ടിൽ ചെന്ന് അച്ഛന്റെയും അമ്മയുടെയും കയ്യിൽ സ്വർണ്ണം ഏല്പിച്ചിട്ട വന്നത്. നിന്നോട് പറയാതെ ഇരുന്നത് നീ അപ്പൊകാണുമ്പോൾ ഞെട്ടിയാൽ മതിയെന്ന് കരുതി.”

മീനു പതിയെ ഗോപന്റെ നെഞ്ചോരം ചാരി നിന്നു. കണ്ണുകൾ ഇറുക്കെ അടച്ചു. ഈ സ്നേഹം എന്നും തന്റെ മരണം വരെ കൂടെ ഉണ്ടാകാണേ എന്നു ഈശ്വരനോട് പ്രാർത്ഥിച്ചു. നെഞ്ചിലെ പിരിമുറുക്കം എന്നോണം ഗോപനെ ചുറ്റി വരിഞ്ഞ കൈകൾ മുറുകി. ഒരു ചെറു ചിരിയോടെ അവളുടെ തലയിൽ തലോടി ഗോപൻ നിന്നു.

“ഏടത്തി..മോൻ ഉറങ്ങിയോ” പെട്ടന്ന് പാറു മുറിയിലേക്ക് കയറി വന്നു.

അവളുടെ ശബ്‌ദം കേട്ടതും മീനു ഞെട്ടി പിടഞ്ഞു മാറി നിന്നു.

“സോറി ഏട്ടാ…ഏടത്തി… ഞാൻ…മോൻ ഉറങ്ങിയൊന്നു…”

ഗോപൻ ദേഷ്യപ്പെട്ടലോ എന്നവൾ പേടിച്ചു. പക്ഷെ അവന്റെ മുഖം ശാന്തമായിരുന്നു. വാത്സല്യത്തോടെ ഗോപൻ പാറുവിന്റെ കവിളിൽ തട്ടി.

“അവൻ അപ്പോൾ തന്നെ ഉറങ്ങി പാറു….അല്ല നിന്റെ മുഖം എന്താ കടന്നല്ല് കുത്തിയപോലെ വീർത്തിരിക്കുന്നെ… ആരെങ്കിലും കല്യാണ ആലോചനയുമായി വന്നോ. സാധാരണ ഇതുപോലെയുള്ള പരിപാടികളിൽ ആണല്ലോ കല്യാണ ആലോചന മുറുകുന്നേ… അതുകൊണ്ടു ചോദിച്ചതാ…”

“ദേ… ഏട്ടാ…എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കാതെ പോയേ…” അവൾ ചുണ്ട് കൊട്ടി അമ്പടിയെ കിടത്തിയ ബെഡിൽ അവനോടു ചേർന്നു കിടന്നു.

“പാറൂട്ടി ഇവിടെ ഇരിക്കുട്ടോ. അവൻ എഴുന്നേൽക്കുമ്പോൾ വിളിച്ചാൽ മതി” മീനു അതും പറഞ്ഞു പുറത്തേക്കു ഇറങ്ങി. ഗോപൻ കുറച്ചു നിമിഷം പാറുവിനെ നോക്കി നിന്നു. ഒന്നു ദീർഘശ്വാസം വലിച്ചു വിട്ടു കുറെ ചിന്തകളിൽ മുഴുകി അവനും പുറത്തേക്കു ഇറങ്ങി.

പാറു വലിയ കുട്ടി ആയിരിക്കുന്നു. ഇപ്പൊ എന്തോ വിഷമം തട്ടിയിട്ടുണ്ട്. അതുകൊണ്ടാണ് ഇപ്പൊ മോന്റെ അടുത്തു വന്നു കിടക്കുന്നത്. ഏകദേശം കാര്യങ്ങൾ അറിയാം. ഞാനും അവളും 10 വയസ്സു വ്യത്യാസമുണ്ട്. എനിക്ക് എന്റെ മോളെ പോലെയാണ് അവൾ. ഒരു പക്ഷെ അച്ഛനേക്കാളും അമ്മയെക്കാളും അവളെ ഒരുപാട് ലാളിച്ചത് കൊഞ്ചിച്ചതുമെല്ലാം താൻ ആണ്. ബാലു….അവൻ നല്ല പയ്യൻ ആണ്. ഒരു അനാഥൻ ആയതും സംസാരശേഷി ഇല്ലാത്തതും അവന്റെ കുറ്റമായി കാണാൻ കഴിയില്ല. ഇവിടെ വളർന്ന കുട്ടിയാണ് അവൻ. ഇങ്ങനെ ഒരു ഇഷ്ടം അവളിൽ ഉണ്ടാകുമെന്നു ഒരിക്കലും കരുതിയില്ല. എന്നെ കരുതി തന്നെയാകണം ബാലു പാറുവിന്റെ ഇഷ്ടത്തെ മാനിക്കാത്തത്. എങ്കിലും എന്തുകൊണ്ടോ എനിക്ക് …. വേണ്ട…അതു ശരിയാകില്ല.

കുറെയേറെ ചിന്തകളും ആയി താഴെ പന്തലിലേക്കു വരുമ്പോൾ കണ്ടു ബാലുവുമായി അടുത്തു നിന്നു സംസാരിക്കുന്ന മീനുവിന്റെ അനിയത്തി കല്ലു മോളെ.

“ഓഹ്…കുശുമ്പി പാറു വെറുതെയല്ല മുഖം വീർപ്പിച്ചത്..”ചിരിയോടെ ഗോപൻ മനസിൽ ഓർത്തു.

പിന്നെ സദ്യ തുടങ്ങിയിരുന്നു. വിളമ്പാനും മറ്റും ഉണ്ണിയും പാറുവും കല്ലുവും കൂടെ കൂടി. ബാലുവും ഹർഷനും ഓടി നടക്കുന്നുണ്ടായിരുന്നു.

കുടുംബത്തിലെ ബന്ധുക്കൾ എല്ലാവരും കൂടി ഫോട്ടോ എടുക്കലും ഉണ്ടായിരുന്നു. ഫാമിലി ഫോട്ടോ എടുക്കണം എന്നു പറഞ്ഞപ്പോൾ മറ്റു ബന്ധുക്കൾ മാറി നിന്നു. ഒപ്പം ഉണ്ണിമായയും രാധാകൃഷ്ണനും കൂടി നീങ്ങാൻ തുടങ്ങി.

ഉണ്ണിയുടെ തോളിൽ ചേർത്തു ഹർഷൻ കൂടെ നിർത്തി.

“നീ എവിടെ പോകുന്നു. പറഞ്ഞതു കേട്ടില്ലേ ഫാമിലി ഫോട്ടോ എടുക്കണം. ഇവിടെ നില്ക്കു ”

“ഡാ… ഫാമിലി ഫോട്ടോ അല്ലെടാ…ഞാൻ”

അവന്റെ മറുപടി രൂക്ഷമായ നോട്ടം ആയിരുന്നു.

“നീയും മക്കളും ഇല്ലെങ്കിൽ എന്റെ കുടുംബം എങ്ങനെ മുഴുവൻ ആകും…നീ ഇവിടെ വാ” രവീന്ദ്രൻ കൂട്ടുകാരനെ ചേർത്തു നിർത്തി.

എല്ലാവരും സന്തോഷത്തോടെ ചിരിച്ചു നിൽക്കുമ്പോൾ പാറുവിന്റെ കണ്ണു ബാലുവിൽ ഉടക്കി. എല്ലാം നോക്കി കൊണ്ടു എല്ലാവരെയും ചിരിപ്പിച്ചു കൊണ്ടു മാറി നിൽപ്പുണ്ടായിരുന്നു. അവന്റെ ചിരിയിലും കണ്കോണിൽ മറച്ച നീരുറവ പാറു മാത്രേ കണ്ടുള്ളൂ. അവൾക്കു മാത്രേ അതു കാണാൻ കഴിയൂ. ഒരു നോവുള്ള ചിരിയോടെ പാറു നിൽക്കുന്നത് ഗോപൻ കണ്ടു. അവന്റെ കണ്ണും പാറുവിന്റെ നോട്ടത്തിലൂടെ ബാലുവിലേക്കും എത്തി.

“ബാലു…നീ കൂടെ വാ..” ഗോപൻ വിളിച്ചു.

ആ നിമിഷം പാറു ഗോപനെ നോക്കിയ നോട്ടത്തിൽ…എന്തൊക്കെയോ അവളുടെ കണ്ണുകൾ അവനോടു പറഞ്ഞു.

ഉണ്ണിയും ഹർഷനും പാറുവും ബാലുവും താഴെ ഇരുന്നു. എല്ലാവരും കൂടി നിന്നുള്ള ഫാമിലി ഫോട്ടോ. വലുതായി ഫ്രെയിം ചെയ്യണം എന്നും പറഞ്ഞു.

പിന്നെ അവിടെ പല തരത്തിൽ ഉള്ള ഫോട്ടോകൾ എടുക്കൽ ആയിരുന്നു. അമ്പാടിയെ എടുത്തു ഉണ്ണി പോസ് ചെയ്യുമ്പോൾ പെട്ടന്ന് ഹർഷൻ അവളുടെ തോളിൽ പിടിച്ചു നിന്നു.

“ഇവർ നല്ല ചേർച്ചയാണല്ലോ. പഠിപ്പു കഴിയുന്നതോടെ കല്യാണം നോക്കി കൂടെ..”

“അമ്മച്ചി…ഇപ്പൊ തന്നെ നടത്തിയാലോ. അല്ലെങ്കിൽ വേണ്ട നാളെയാകാം. അപ്പോൾ ഒരു സദ്യ കൂടി ഉണ്ണാമല്ലോ….

ഹർഷന്റെ മുഖം ദേഷ്യം കൊണ്ടു വിറകൊള്ളുന്നുണ്ടായിരുന്നു.

ഒരു ആണും പെണ്ണും ഒരുമിച്ചു നിന്നാൽ അപ്പൊ തുടങ്ങും. ഇവൾ എന്റെ കൂട്ടുകാരിയാണ്. ആത്മമിത്രം. ഇവളുടെ പേരിനോട് എന്റെ പേര് ചേർത്തു വയ്ക്കാൻ പോലും ഉള്ള യോഗ്യത എനിക്ക് ഇല്ല. ഇവൾ എന്നും എന്റെ ഉറ്റ കൂട്ടുകാരിയായിരിക്കും. എന്റെ മരണം വരെ”

എല്ലാവരിലും അവന്റെ വാക്കുകൾ ഒരു പ്രകമ്പനം തന്നെ ഉണ്ടാക്കി.

രാത്രിയിൽ യാമിയോട് വിശേഷങ്ങൾ പറയുന്ന കൂട്ടത്തിൽ എടുത്ത ഫോട്ടോസ് കൂടി അവൻ അയച്ചു കൊടുത്തു. മോനെയും ചേർത്തു ഒരുമിച്ചു നിൽക്കുന്ന ഉണ്ണിയേയും ഹർഷനെയും കണ്ടു അവളുടെ ഉള്ളം ദേഷ്യം കൊണ്ടു പുകഞ്ഞു. അതിന്റെ ചൂട് നീർ തുള്ളികൾ ആയി കണ്ണിൽ പടർന്നു.

കോളേജ് ജീവിതം അതിന്റെ പരിസമാപ്തി-യിലേക്ക് എത്തിയിരുന്നു. പരീക്ഷ കഴിഞ്ഞു അവസാന ദിവസം ഓർമ പുതുക്കൽ എന്നോണം ഉണ്ണി ലൈബ്രറിയിലേക്കു നടന്നു. കുറച്ചു നേരം അവിടെ ഇരുന്നു. കൈകളിൽ മുഖം തങ്ങി കണ്ണുകൾ അടച്ചു ഇരുന്നു ഓർമകൾ എല്ലാം ഒരു ചെപ്പിലേക്കു ആവഹിക്കാൻ ശ്രമിച്ചു. അടുത്തു ആരുടെയോ ആൾ പെരുമാറ്റം തോന്നിയപ്പോൾ ഉണ്ണി കണ്ണുകൾ വലിച്ചു തുറന്നു.

“അനന്തു”

ഒരു ചിരിയോടെ അനന്തു തൊട്ടടുത്തു ആയി ഇരിക്കുന്നുണ്ടായിരുന്നു.

“ഓർമകൾ എല്ലാം ഒരിക്കൽ കൂടി ചിക്കി ചികയുമ്പോൾ ഈ ഉള്ളവനും അതിൽ ഉണ്ടാകുമോ”

“ഇതുവരെ ഇല്ല…. ഇനി ചേർക്കണോ”

കുസൃതിയോടെ ഉണ്ണി മറുപടി പറയുമ്പോൾ അവന്റെ മുഖം മങ്ങി.

“ഓർമകൾ മാത്രം ആയി ചേർക്കേണ്ട. ജീവിതത്തിൽ കൂടെ കൂട്ടിയാൽ മതി.”

ഇപ്പൊ മങ്ങിയത് ഉണ്ണിയുടെ മുഖം ആയിരുന്നു.

അനന്തു പതിയെ എഴുനേറ്റു.

“ഇനിയും തമ്മിൽ കാണും. അതു കൊണ്ടു തന്നോട് ഒരു ടാറ്റ ബൈ ബൈ പറയാൻ എനിക്ക് ആകില്ല. എന്റെ ജീവിതത്തിലേക്ക് നിന്നെ മാത്രമേ ഞാൻ ക്ഷണിച്ചിട്ടുള്ളൂ. അതു എന്നും അങ്ങനെ തന്നെ ആയിരിക്കും. അതു നീ വേറെ ഒരാളുടെ സ്വന്തം ആയാൽ പോലും. മനസു മാറിയെന്നു തോന്നുമ്പോൾ വിളിക്കണം. നിന്റെ മറുപടിക്കായി എന്നും ഞാൻ ഉണ്ടാകും. എനിക്ക് നിന്നെ മറന്നു വേറെ ആരെയും സ്നേഹിക്കാൻ ആകില്ല ഉണ്ണി. അത്രമേൽ നീയെന്റെ മനസ്സിനെ കീഴ്പ്പെടുത്തി കളഞ്ഞു. നിർബന്ധിക്കില്ല നിന്നെ. എല്ലാം നിന്റെ ഇഷ്ടം. ഒറ്റക്കു ആകുന്നു എന്നു തോന്നിയാൽ നിന്റെ ഇടതു ഒരു നിഴലായ് ഒരു കൈ അകലത്തിൽ ഞാൻ ഉണ്ടാകും. എന്നും. വീണ്ടും കാണാം…”

അത്രയും പറഞ്ഞു ഉണ്ണിയുടെ കൈകളിലേക്ക് ‘ഒരു സങ്കീർത്തനം പോലെ’ എന്ന പുസ്തകം വച്ചു കൊടുത്തു. പെരുമ്പടവത്തിന്റെ അതി മനോഹരമായ ഒരു പ്രണയ കാവ്യം. അനന്തു തിരിഞ്ഞു നടന്നു. അവന്റെ കണ്ണുകൾ ഈറൻ ആയതു അവൾ കാണാതെ ഇരിക്കാൻ ആയി അനന്തു പെട്ടന്ന് തിരിഞ്ഞു നടന്നു പോയി.

പുസ്തകവും അവന്റെ പോക്കും മാറി മാറി ഉണ്ണി നോക്കി നിന്നു കലുഷിതമായ മനസുമായി.

റിസൾട്ട് വന്നതിനു ശേഷം ഹർഷൻ അതേ കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ ആയി തന്നെ ജോലിക്കു കേറി. അവിടെ നിന്നും ഒരു മണിക്കൂർ കൂടി യാത്ര ചെയ്താൽ ഉണ്ണി പഠിപ്പിക്കുന്ന കോളേജും. ഒപ്പം തന്നെ അവർ phd കൂടി ചെയ്യാൻ തീരുമാനിച്ചു.

ഉണ്ണിക്ക് ഒരു സമാധാനം ഉണ്ടായിരുന്നു. ഹർഷനിൽ നിന്നും അകലാൻ ഇപ്പൊ ഒരു കാരണം കൂടിയായി. ഉണ്ണിക്ക് ഒറ്റക്കു പോകേണ്ടതായി വരും എങ്കിലും സാരമില്ല. പക്ഷെ അവിടെയും ഹർഷൻ സമ്മതിച്ചില്ല. കാലത്തു അവൻ തന്നെ അവളെ കൊണ്ടുവിട്ടു വരികയും വൈകീട്ട് അവൻ തന്നെ തിരിച്ചു വിളിക്കാൻ പോകുകയും ചെയ്തു. എത്ര പറഞ്ഞിട്ടും ഹർഷൻ കെട്ടിരുന്നില്ല. ഉണ്ണിയുടെ നിഴലുപോലെ കൂടെ തന്നെ ഉണ്ടായിരുന്നു.

ഇടക്കൊക്കെ അവളെ കൂട്ടാൻ വരുമ്പോൾ യാമിയും കൂടെയുണ്ടാകും. അവർ തമ്മിൽ കാണുന്നത് അങ്ങനെ ആകും. യാമിയെ ജോലിക്കു വിടാതെ വീട്ടിൽ നിൽക്കുവാണ്. അവളുടെ അമ്മ ജോലിക്ക് വിടുവാൻ സമ്മതിക്കില്ല. എന്തെങ്കിലുമൊക്കെ പറഞ്ഞു ഹർഷനെ കാണാൻ കാരണങ്ങൾ ഉണ്ടാക്കി അവൾ വീടിനു പുറത്തേക്കു ചാടും.

ഒരിക്കൽ അവനെയും കാത്തു സ്റ്റാഫ് റൂമിൽ ഇരിക്കുമ്പോൾ ക്ലർക്ക് വന്നു ഒരു വിസിറ്റർ ഉണ്ടെന്നു പറഞ്ഞു.

“ആരാണാവോ ഈ നേരത്തു…” ആത്മഗതം പറഞ്ഞുകൊണ്ട് ഉണ്ണി വിസിറ്റർസ് റൂമിൽ കയറിയപ്പോൾ കാണാൻ വന്ന ആളെ കണ്ടു ആകെ ഞെട്ടി പോയി അവൾ.

തുടരും…..

Nb: ലൈക്ക് ചെയ്യാൻ മറക്കല്ലേ… നിങ്ങളുടെ ലൈക്കുകളും കമന്റുകളാണ് ഞങ്ങളെപ്പോലെയുള്ള എഴുത്തുകാർക്ക് പ്രചോദനം.

നിഴലായ് മാത്രം : PART 1

നിഴലായ് മാത്രം : PART 2

നിഴലായ് മാത്രം : PART 3

നിഴലായ് മാത്രം : PART 4

നിഴലായ് മാത്രം : PART 5

നിഴലായ് മാത്രം : PART 6

നിഴലായ് മാത്രം : PART 7

നിഴലായ് മാത്രം : PART 8