Friday, October 11, 2024
Novel

നിഴലായ് മാത്രം : ഭാഗം 31

നോവൽ
എഴുത്തുകാരി: സേഷ്മ ധനേഷ്‌

ഗോപൻ… എന്താ ഹർഷൻ ഇത്ര വൈലെന്റ് ആകാൻ കാരണം… കുറെ വർഷങ്ങളായി ഒരു കുഴപ്പവും ഇല്ലാതിരുന്നതല്ലേ… തത്കാലം സെഡേഷൻ കൊടുത്തിട്ടുണ്ട്. അതുകൊണ്ടായില്ല… എത്രയും വേഗം ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യണം… അതല്ലാതെ ഒരു ട്രീട്മെന്റ് സാധ്യമല്ല… എത്രയും വേഗം ഹോസ്പിറ്റലിൽ കൊണ്ടുവായോ” ഡോക്ടർ ഹരി പറഞ്ഞു നിർത്തിയപ്പോഴേക്കും ഗോപന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.

ഗോപൻ തിരിച്ചൊരു മറുപടി കൊടുക്കാതെ തന്നെ നിന്നു. ഒരു ഡോക്ടർ എന്നതിലുപരി ഹരിയും ഗോപനും നല്ല സുഹൃത്തുക്കളായിരുന്നു.

വർഷങ്ങളായി ഹർഷനെ ചികിൽസിച്ചിരുന്നതും ഹരി തന്നെയായിരുന്നു.

“അല്ല ഗോപാ… ഉണ്ണിയെവിടെ … അവളെ കാണാനില്ലലോ” ഹരിയുടെ ആ ചോദ്യത്തിനുള്ള ഉത്തരവും ഗോപന്റെ പക്കലുണ്ടായിരുന്നില്ല.

ഗോപൻ ഇതുവരെ നടന്ന കാര്യങ്ങൾ ഹരിയോട് പറഞ്ഞു. “ഗോപാ… ഇതുവരെ എന്റെ മരുന്നു കൊണ്ടു മാത്രമല്ല ചികിത്സ നടന്നിരുന്നത് ഉണ്ണിയുടെ സാമീപ്യവും സ്നേഹവും കരുതലും കൂടിയുള്ളത് കൊണ്ടായിരുന്നു.

എനിക്കുറപ്പുണ്ട് അവളില്ലാതെ മരുന്നുകൊണ്ടു മാത്രം ഭേദമാകില്ല… ഉണ്ണിയെ തിരികെ വിളിക്കണം… അവൾ വരാതിരിക്കില്ല.” ഗോപന്റ തോളിൽ തട്ടി ഹരി പുറത്തേക്കു ഇറങ്ങി.

അവരുടെ സംസാരം നിര്വികാരതയോടെ കേട്ടു നിൽക്കുകയായിരുന്നു യാമി. അവൾ കരഞ്ഞു കരഞ്ഞു തളർന്നു ചുമരിൽ ചാരി താഴേക്കു ഇരുന്നു പോയി.

മുട്ടുകാലിൽ മുഖമമർത്തി ഒരുപാട് കരഞ്ഞു. ആര് ആരെ ആശ്വസിപ്പിക്കുമെന്നറിയാതെ ഗോപനും മീനാക്ഷിയും പാറുവും…

കുറെ കരഞ്ഞപ്പോൾ തെല്ലൊരു ആശ്വാസം കിട്ടി യാമിക്കു. അവൾ റൂമിലേക്ക് ചെന്നു… ചരിഞ്ഞു കിടന്നു മയങ്ങുകയായിരുന്നു ഹർഷൻ.

നെറ്റിയിൽ കൂടി വിയർപ്പു ഒഴുകിയിരുന്നു. നിറഞ്ഞ കണ്ണുകളോടെ അവന്റെ വിയർപ്പുകണങ്ങൾ അവൾ സാരി തലപ്പുകൊണ്ടു തുടച്ചു.

കുറച്ചു നേരം അവന്റെ കൈകളിലും നെറ്റിയിലുമെല്ലാം തലോടി ഒരു നിമിഷം പോലും മിഴി ചിമ്മാതെ അവനിൽ നിന്നും മിഴികളെ പിരിക്കാതെ അവനെ തന്നെ നോക്കിയിരുന്നു. സങ്കടം അധികരിച്ചു അവൾക്കു തൊണ്ടയിൽ ശ്വാസം നിന്നു കുരുങ്ങി.

അവളുടെ തേങ്ങലുകൾ അവന്റെ ഉറക്കത്തെ ഭംഗിച്ചാലോയെന്നു പേടിച്ചു അവൾ അവന്റെ നെറ്റിയിൽ അമർത്തിചുംബിച്ചു റൂമിൽ നിന്നും പുറത്തേക്കിറങ്ങി… ചുംബനത്തിൽ അവളുടെ കണ്ണിൽ നിന്നും വീണ മിഴിനീരിനൊപ്പം അവന്റെ മിഴിനീരും കൂടി ചേർന്നൊഴുകി….

യാമി മുറിക്കു പുറത്തേക്കിറങ്ങിയപ്പോൾ ഗോപനും മീനാക്ഷിയും പാറുവും ബാലുവും കൂടി നിൽപ്പുണ്ടായിരുന്നു. യാമി ഓടി ചെന്നു ഗോപന്റെ നെഞ്ചിൽ വീണു കരഞ്ഞു. അവൾക്കപ്പോൾ ഒരു കൈത്താങ്ങ് വേണമായിരുന്നു.

പിടച്ചിലോടെ കരയുന്ന യാമിയെ സമാധാനിപ്പിക്കാൻ കഴിയാതെ ഗോപനും…. കുറച്ചു നേരത്തെ കരച്ചിലൊന്നടങ്ങിയപ്പോൾ യാമി തലയുയർത്തി ഗോപാനോട് സംസാരിക്കാൻ തുടങ്ങി. പാറുവിന്റെയും മീനാക്ഷിയുടെയും കണ്ണുകൾ തോരുന്നുണ്ടായിരുന്നില്ല.

“ആരാ ഈ ദേവൻ… എനിക്കറിയണം ഹർഷന്റെ പാസ്റ്റ്…പറ ഏട്ടാ… എന്താ ഇങ്ങനെയൊക്കെ” ഏങ്ങലടികളോടെ അവളുടെ വാക്കുകൾ ചിതറി കൊണ്ടിരുന്നു.

ഗോപൻ അവളുടെ തലയിൽ തലോടികൊണ്ടു ആശ്വസിപ്പിച്ചു. അവിടെ കൂടി നിന്നവരുടെ കണ്ണുകളും ഈറനായിരുന്നു. എന്തു സംഭവിക്കരുതെന്നു കരുതിയോ അതു നടന്നുകഴിഞ്ഞന്നെപോലെ…

“മോളോട് ഹർഷൻ എല്ലാം പറഞ്ഞിട്ടുണ്ടാകുമെന്ന ഞാൻ കരുതിയത്… ഒരിക്കൽ അവനോടു ചോദിച്ചപ്പോഴും അവൻ മോളോട് പറഞ്ഞുവെന്ന് എന്നോട് പറയുകയും ചെയ്തു” ഗോപൻ തന്റെ സംശയം മറച്ചു വയ്ക്കാതെ തന്നെ ചോദിച്ചു.

യാമി ഗോപന്റെ നെഞ്ചിൽ നിന്നും മാറി ഇരു കവിളുകളും കൈപ്പത്തി കൊണ്ടു തുടച്ചു. തന്റെ കരചിലടക്കി അവൾ സംസാരിക്കാൻ തുടങ്ങി.

“ഒരിക്കൽ എന്നോട് പറഞ്ഞിരുന്നു ഹർഷൻ… ഒരു കാര്യം സംസാരിക്കാൻ ഉണ്ടെന്നും അതു കേട്ടിട്ടു ഹർഷനെ ജീവിതത്തിലേക്ക് കൂട്ടണോ വേണ്ടയോ എന്നു തീരുമാനിച്ചാൽ മതിയെന്നും പറഞ്ഞു.

എന്തു കാര്യമായാലും ഹർഷൻ ഒരാളെ കൊന്നു എന്നു പറഞ്ഞാൽ പോലും എനിക്ക് ഹർഷനെ വിട്ടു പോകാൻ കഴിയുമായിരുന്നില്ല.

എനിക്ക് ഒന്നും കേൾക്കണ്ട എന്നു ഞാൻ തന്നെ പറഞ്ഞു. ഹർഷൻ അതു പറയാൻ പലവട്ടം ശ്രെമിച്ചിട്ടും ഞാൻ തന്നെയാണ് വേണ്ട പറഞ്ഞതു. ഹർഷൻ ഇല്ലാത്ത ഒരു ജീവിതത്തെ കുറിച്ചു എനിക്ക് സങ്കൽപ്പിക്കാൻ പോലുമാകില്ല. അവനെ വെറുക്കാൻ കഴിയില്ല.

അത്രക്കും ഞാൻ എന്റെ ഹർഷനെ സ്നേഹിക്കുന്നുണ്ട്… പ്രണയിക്കുന്നുണ്ട്… അതുകൊണ്ട് തന്നെ ഇന്നുവരെ ഞാൻ അതു അറിയാൻ ശ്രെമിച്ചിട്ടില്ല.. പക്ഷെ ഇപ്പൊ… ഇപ്പൊയെനിക്കതറിയണം ഏട്ടാ…”

അവസാന വാക്കുകൾ പറയുമ്പോൾ ഹർഷനോടുള്ള സ്നേഹത്താലും പ്രണയത്താലും അവളുടെ ആത്മവിശ്വാസം കൂടിയപ്പോലെ… അവൻ എന്തു തെറ്റു തന്നെ ചെയ്താലും അതു കേൾക്കാനുള്ള മനസ്സോടെ അവൾ നിൽക്കുന്നപോലെ ….

ഗോപന്റെ അടുത്തു ചെന്നു അവൾ വീണ്ടും ചോദിച്ചു തുടങ്ങി “പറ ഏട്ടാ… അവൻ എന്താ ചെയ്തെ… അവനു എങ്ങനെയാ ഇങ്ങനെയൊക്കെ സംഭവിച്ചേ… ആരാ ഈ ദേവൻ… ഉണ്ണിയുടെ ആരാ അതു”
യാമി തുടരെ തുടരെ ചോദ്യ ശരങ്ങൾ എയ്തു കൊണ്ടിരുന്നു.

“ദേവൻ…ദേവ നാരായണൻ… ഉണ്ണിയുടെ എല്ലാമായിരുന്ന അവളുടെ ഏട്ടൻ… ദേവേട്ടൻ… ഞങ്ങളുടെ എല്ലാം ദേവൻ…” ഗോപൻ പറഞ്ഞു നിർത്തി യാമിയെ നോക്കുമ്പോൾ അവളുടെ കണ്ണിൽ ഉണ്ണിക്ക് അങ്ങനെയൊരു ഏട്ടൻ ഉണ്ടായിരുന്നോ എന്നൊരു സംശയമായിരുന്നു…

ആരും പറഞ്ഞുപോലും കേട്ടിട്ടില്ല… താന്റെ സംശയങ്ങൾക്കും ചിന്തകൾക്കും വിരാമമിട്ടു കൊണ്ടു ബാക്കി കൂടി കേൾക്കാൻ യാമി തയ്യാറായി.

“ഉണ്ണിമായ ജനിച്ചു കുറച്ചു കഴിഞ്ഞപ്പോൾ തന്നെ അവളുടെ അമ്മ മരിച്ചിരുന്നു. അമ്മയെ കണ്ട ഓര്മപോലും മനസിൽ ജനിക്കും മുന്നേ… പിന്നീട് അവളുടെയെല്ലാം ദേവനായിരുന്നു. അവളെക്കാളും നാലുവയസ്സു മാത്രേ വ്യത്യസമുണ്ടായിരുന്നുള്ളൂ ദേവനും ഹർഷനും. ഹർഷന്റെ ഉറ്റ ചങ്ങാതിമാരായിരുന്നു ബാലുവും ദേവനും.

അവരുടെ ഒരു ദിവസം തുടങ്ങുന്നതുപോലും ഒരുമിച്ചായിരുന്നു.

ഉണ്ണിമായയെ ഗര്ഭിണിയായിരിക്കുമ്പോൾ തന്നെ കുഞ്ഞു ദേവൻ തന്റെ കുഞ്ഞി കൈകൾ വിടർത്തി അമ്മയുടെ വയറിൽ ചുറ്റി പിടിച്ചു ഏട്ടന്റെ കുഞ്ഞാവേ എന്നു എപ്പോഴും വിളിക്കുമായിരുന്നു… ഉണ്ണി ജനിച്ചു കഴിഞ്ഞും എപ്പോഴും അവൻ ഏട്ടന്റെ കുഞ്ഞാവേ എന്നുതന്നെ വിളിക്കുമായിരുന്നു…

അച്ഛനെയും അമ്മയെയും മനസ്സിലുറയ്ക്കും മുന്നേ ഉണ്ണിയുടെ മനസിൽ പതിഞ്ഞത് അവളുടെ എല്ലാമായ ഏട്ടനെയായിരുന്നു…. ദേവനെ… അമ്മ മരിച്ചതിനു ശേഷവും അവളുടെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നത് അവനായിരുന്നു. കുളിപ്പിക്കാനും ഒരുക്കുവാനും ഭക്ഷണം കൊടുക്കുവാനും.. എല്ലാം ദേവൻ തന്നെ ചെയ്യും.

അമ്മ ഭക്ഷണം കൊടുക്കുവാൻ തുടങ്ങുമ്പോൾ രണ്ടു മണിക്കൂറോളം കുറുമ്പുമെടുത്തു ഓടി നടക്കുന്ന ഉണ്ണി ഏട്ടന്റെ മുന്നിൽ അനുസരണയോടെ വായ തുറക്കും. അവൾക്കു നാലു വയസാകും മുന്നേ അമ്മ മരിച്ചിരുന്നു.

പിന്നീട് ഒരു അമ്മ നോക്കുന്ന പോലെ അവളെ നോക്കാൻ തുടങ്ങി. ഞങ്ങൾക്കെല്ലാം അതിശയമായിരുന്നു കുഞ്ഞു ദേവൻ. ചെറിയ വയസിൽ തന്നെ നല്ല പക്വതയാർന്ന സ്വഭാവം. അവളെ ആദ്യാക്ഷരം കുറിപ്പിച്ചതും അവനായിരുന്നു.

പാട്ടുകളും കഥകളുമെല്ലാം വായിച്ചും പഠിപ്പിച്ചും കൊടുക്കുമായിരുന്നു. നിറങ്ങളുടെ ലോകം അവൾക്കു സമ്മാനിച്ചതും ഞങ്ങളുടെ ദേവനായിരുന്നു.

” ഗോപൻ ഒന്നു നിർത്തികൊണ്ടു വിദൂരത്തിലേക്കി നോക്കി ഒന്നു ദീർഘശ്വാസം വിട്ടു. ദേവനെ കുറിച്ചു എത്ര പറഞ്ഞിട്ടും മതിയാകുന്നില്ലയെന്നു അവനു തോന്നി. യാമിക്കും അതിശയമായിരുന്നു കളിച്ചു നടക്കുന്ന പ്രായത്തിൽ… ഇങ്ങനെ സ്നേഹിക്കാനൊക്കെ കഴിയുമോയെന്നു.

“ഹർഷന്റെയും ദേവന്റെയും ബാലുവിന്റെയും കൂട്ടുകെട്ടിലേക്കായിരുന്നു ഉണ്ണിയും വന്നത്. ഹർഷനു ആദ്യമൊക്കെ കുറച്ചു ദേഷ്യവും കുശുമ്പുമൊക്കെയുണ്ടായിരുന്നു ഉണ്ണിയോട്.

ഒരു കുട്ടികുറുമ്പു. പിന്നീട് ഉണ്ണിയുടെ കളിച്ചിരികൾ തന്നെ അവന്റെ ദേഷ്യത്തെ അലിയിച്ചില്ലാതാക്കി.

അങ്ങനെയായിരുന്നു അവരുടെ ബാല്യം. അധികം കുറുമ്പുകൊളൊന്നുമില്ലാതെ, അവർ നാലുപേരും എപ്പോഴും ഒരുമിച്ചായിരിക്കും.

അവർക്ക് അവർ തന്നെ കൂട്ടു.. അത്രയേറെ ആത്മബന്ധമായിരുന്നു നാലുപേരും തമ്മിൽ” ഗോപന്റെ വാക്കുകൾ അടക്കി പിടിച്ച തേങ്ങലോടെ മാത്രമേ ബാലുവിന് കേൾക്കാനായുള്ളൂ… തന്റെ കൂട്ടുകാരന്റെ ഓർമയിൽ അവൻ തേങ്ങി…

ശബ്ദമില്ലാതായത് തനിക്കൊരു അനുഗ്രഹമായി തോന്നിയവന്. അവന്റെ വേദന മനസ്സിലാക്കിയപ്പോലെ പാറു അവന്റെ കൈകളിൽ കൈകോർത്തു മുറുകെ പിടിച്ചു… പാറുവിന്റെ മുഖത്തേക്കു നോക്കിയ ബാലുവിനെ കണ്ണുകൾകൊണ്ടു അവളാശ്വസിപിച്ചു.

എങ്കിലും അവളുടെ കണ്ണുകളിൽ നിന്നും മിഴിനീർ ചാലുകൾ തീർത്തിരുന്നു…. അവനും അവളുടെ കൈകൾ മുറുകെ പിടിച്ചു… ചിലപ്പോഴൊക്കെ വാക്കുകൾ കൊണ്ടുള്ള ആശ്വാസത്തേക്കാൾ കണ്ണിലെ നോട്ടത്തിനും ചെറിയ ചേർത്തുപിടിക്കലുകൾക്കും കഴിയും.

“ദേവനും ഹർഷനും നന്നായി നീന്താനറിയാം. ബാലുവിന് അറിയില്ല. നമ്മുടെ അടുത്തുള്ള പുഴയിൽ ഒഴിവു ദിവസങ്ങളിൽ നാൽവർ സംഘം പോകാറുണ്ട്. അന്ന്… ശക്തമായ മഴയൊക്കെ കഴിഞ്ഞു പുഴ ശാന്തമായി ഒഴുകി കൊണ്ടിരുന്ന ദിവസം…

എല്ലാവരും പറഞ്ഞു പോകരുതെന്ന്… അവരോടു… പുഴയിലേക്ക് ഇറങ്ങില്ലയെന്നു പറഞ്ഞു പോയതാ നാലുപേരും…” ഗോപന്റെ വാക്കുകളെല്ലാം അപൂർണ്ണമായി….

സങ്കടം അധികരിച്ചു വാക്കുകളെല്ലാം തന്നെ മുറിഞ്ഞു പോയി… മനസിന്റെ സങ്കടം കൊണ്ടു വാക്കുകൾ പോലും നൽകാതെ പ്രതികരിക്കാതിരുന്നു അവന്റെ മനസ്സു… ഗോപൻ ശാന്തമാകുവാൻ യാമി കാത്തു നിന്നു…

“തീരത്തിരുന്നു കളിക്കുന്നതിനിടയിൽ ഹർഷൻ ചെയ്ത ഒരു കുസൃതി…. ബാലുവിനെ തള്ളിയിട്ടു…. അവനു നീന്താനറിയില്ലായിരുന്നു… അവൻ മുങ്ങി താഴുന്നത് കണ്ടു പന്തികേട് തോന്നിയ ദേവനും എടുത്തു ചാടി…

അപ്പോഴേക്കും അടുത്തുണ്ടായ വള്ളക്കാർ കൂടി വന്നു… ബാലുവിനെ രക്ഷപ്പെടുത്തി…. പക്ഷെ ദേവൻ… അവനെ അടിയൊഴുക്കിൽ പുഴ തന്നെ കൊണ്ടുപോയിരുന്നു…. രണ്ടാം ദിവസമായിരുന്നു അവനെ…” ഗോപൻ കണ്ണുകൾ ഇറുകെ തുടച്ചു..

“തന്റെ കൈകൊണ്ടു പറ്റിയ അബദ്ധം… അതിനേക്കാൾ ഏറെ തന്റെ കൂട്ടുകാരന്റെ വിയോഗം, മറ്റുള്ളവരുടെ കുറ്റപ്പെടുത്തൽ…. ദേവനെ കിട്ടിയപ്പോൾ അവന്റെ രൂപമെല്ലാം… അതൊക്കെ കണ്ടു ഹർഷന്റെ മനസ്സിന്റെ താളം തെറ്റാൻ തുടങ്ങിയിരുന്നു…..

പിന്നീട് ഹർഷൻ ആരോടും മിണ്ടാതെയായി… ഉണ്ണിയെ ഒറ്റക്കു ആക്കിയ തെറ്റു തന്റെ കൈകൊണ്ടാണെന്നു ഉറച്ചു വിശ്വസിച്ചു അവൻ…. ആരോടും മിണ്ടാൻ കൂട്ടാക്കാതെ തനിച്ചിരിക്കാൻ തുടങ്ങി..

ചിലപ്പോ തനിച്ചിരുന്നു കരയും… ചിലപ്പോൾ പൊട്ടി ചിരിക്കുന്നത് കാണാം… അവന്റെ മനസിന്റെ താളം തെറ്റിയെന്നു ഞങ്ങൾക്ക് മനസിലായി…. പിന്നെ ചികിത്സയും മറ്റുമായി… രണ്ടുവർഷം ഇരുട്ട് മുറിയിലും ഹോസ്പിറ്റലിലുമൊക്കെയായി…. അപ്പോഴേക്കും ഉണ്ണി അവനുമായി കൂട്ടുകൂടാൻ തുടങ്ങി…. അവളിലൂടെ അവൻ പുതിയ ലോകം കാണാൻ തുടങ്ങി.

അവളുടെ കൂട്ടു… അവന്റെ കൂട്ടുകാരനെ കൂടി തിരിച്ചു കിട്ടിയ പോലെയായിരുന്നു.

അവളൊരിക്കലും അവനെ കുറ്റപ്പെടുത്തിയില്ല. ജീവിതത്തിൽ അവളെ തനിച്ചാക്കിയതിൽ പരിഭവമോ പരാതിയോ പറഞ്ഞിരുന്നില്ല. മറിച്ചു നീയുണ്ടല്ലോ… നീ കൂടെ പോകല്ലേയെന്നു പറഞ്ഞു അവനെ ജീവിതത്തോട് തന്നെ ചേർത്തു പിടിച്ചു.

പതുക്കെ പതുക്കെ അവൻ സാധാരണ ജീവിതത്തിലേക്ക് വന്നു. അവനു നഷ്ടപെട്ട അവന്റെ രണ്ടു വർഷങ്ങൾ…. പിന്നീട് അവർ ഒരുമിച്ചായി പഠനം…”

“ഇപ്പൊ ഇതുവരെ കേൾക്കാതിരുന്ന പരാതിയും പരിഭവവുമെല്ലാം അവന്റെ മനസിനെ…” ഗോപൻ പിന്നീട് ഒന്നും പറയാതെ കൈകൾ കൊണ്ടു മുഖം പൊത്തി കരചിലടക്കാൻ പാടുപെട്ടു. മീനാക്ഷി അടുത്തു ചെന്നു അവന്റെ തോളിൽ കൈവച്ചു നിന്നു.

“അപ്പൊ… ഒരു ഭ്രാന്തൻ ചെക്കനെ നിങ്ങൾ ഞങ്ങളുടെ മകളുടെ തലയിൽ കെട്ടി വയ്ക്കുകയായിരുന്നു അല്ലെ”

ശബ്ദം കേട്ടിടത്തെക്കു എല്ലാവരും നോക്കെ യാമിയുടെ അമ്മ ദേഷ്യം കൊണ്ട് പുകഞ്ഞു നിൽപ്പുണ്ട്. ഗോപനും യാമിയും മുഖത്തോടു മുഖം നോക്കെ…യാമിയുടെ മുഖം കുനിഞ്ഞു പോയി….

“മോളെ… യാമി… വാ.. ഇനി നിനക്കു ഈ ബന്ധം വേണ്ട… ആ താലിയങ്ങു ഊരി കൊടുത്തേക്കു… എടുക്കാനുള്ളതൊക്കെ എടുക്കു… ഇനി മോളിവിടെ നിൽക്കേണ്ട” യാമിയുടെ കൈകൾ പിടിച്ചു വലിച്ചു കൊണ്ടു അവളുടെ അമ്മ പറഞ്ഞു കൊണ്ടിരുന്നു.

“നിങ്ങൾ ബഹളം വയ്ക്കാതെ. ഞങ്ങളാരും മനപൂർവ്വം ഒന്നും മറച്ചു വയ്ക്കാൻ ശ്രമിച്ചിട്ടില്ല. യാമിക്കും അതറിയാം. ഞാങ്ങളാരും യാമിയെ തടയില്ല.

അവൾ വരാൻ തയ്യാറാണെങ്കി നിങ്ങൾ കൊണ്ടുപോയിക്കൊള്ളു” ഗോപൻ ഗൗരവത്തോടെ തന്നെ യാമിയുടെ അമ്മയോടും അച്ഛനോടും പറഞ്ഞു നിർത്തി.

അവന്റെ വാക്കുകൾ യാമിയിലും വിഷമം ഉണ്ടാക്കിയെന്നു അവനും മനസിലായി. അവൻ അവളുടെ അരികിലേക്ക് ചെന്നു തോളിൽ കൈവച്ചു പറഞ്ഞു”മോൾക്കൊന്നും അറിയില്ലായിരുന്നല്ലോ… മോളെ തെറ്റു പറയില്ല.

മോൾക്ക്‌ ഇനിയും ജീവിതം മുന്നോട്ടുണ്ടു. എന്റെ അനിയന്റെ കൂടെ ജീവിച്ചു അതു പാഴായി പോയെന്ന് പിന്നീട് തോന്നരുത്” യാമി ഒരുതരം നിസ്സഹായതയോടെ അവനെ നോക്കി നിന്നു. കണ്ണുനീർ ചിന്നി ചിന്നി തെറിച്ചു കൊണ്ടിരുന്നു അവളുടെ കണ്ണിലൂടെ.

ഗോപനിൽ നിന്നും നീങ്ങി മീനാക്ഷിയുടെ അടുത്തേക്ക് പതുക്കെ ചെന്നു അവളുടെ കൈകൾ കൂട്ടി പിടിച്ചു.

“ഗോപേട്ടന് ഇങ്ങനെയൊരു അവസ്ഥ വന്നിരുന്നെങ്കിൽ… മുൻപ് ഉണ്ടായിരുന്നുവെന്ന് അറിഞ്ഞിരുന്നെങ്കിൽ ചേച്ചി ഇട്ടേച്ചു പോകുമായിരുന്നോ… പറ.. പോകുമായിരുന്നോ… എന്നെ അവരുടെ കൂടെ പറഞ്ഞയക്കല്ലേ ചേച്ചി… എന്നെ ഇവിടെനിന്നും പറഞ്ഞു വിടല്ലേയെന്നു പറ… ഏട്ടനോട് ഒന്നു പറയോ” യാമി വിമ്മിപൊട്ടി മീനാക്ഷിയുടെ നെഞ്ചോരം ചേർന്നു നിന്നു കരഞ്ഞു.

അവളെ ഇറുകെ പുണർന്നു അലതല്ലി കരഞ്ഞു കൊണ്ടിരുന്നു. അവളുടെ പതംപറഞ്ഞുള്ള കരച്ചിൽ കണ്ടുനിന്നവരെയും വേദനയിലാഴ്ത്തി. “എനിക്കെന്റെ ഹർഷനെ വേണം…

അവനെന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ട്… പ്രണയിക്കുന്നുണ്ട്… എന്റെ ജീവിതം അവനു വേണ്ടി മാത്ര…. അവനില്ലാതെ എനിക്ക് പറ്റില്ല” യാമി പിന്നെയും എണ്ണിപെറുക്കി കരയാൻ തുടങ്ങി.

യാമിയുടെ അമ്മ ദേഷ്യത്തിൽ അവളെ മീനാക്ഷിയിൽ നിന്നും അടർത്തി മാറ്റി… നീ ഇനി എവിടെ ജീവിക്കണമെന്ന് ഞാൻ തീരുമാനിക്കും… മര്യാദക്ക് സാധനങ്ങളെല്ലാം എടുത്തു ഇപ്പൊ തന്നെ ഇറങ്ങാൻ നോക്കു ഇവിടെനിന്നും”

“എവിടേക്ക്… എവിടേക്ക്”യാമിയും നല്ല ദേഷ്യത്തിൽ തിരിച്ചു ചോദിച്ചു. അതുവരെ കരഞ്ഞു തളർന്നു കിടന്ന യാമിയേയല്ല അവിടെ കണ്ടത്…

എന്തോ ഒരുതരം ഭാവം. ഒരുവേള അവളുടെ അമ്മപോലും അവളുടെ കണ്ണുകളെ നേരിടാനാകാതെ തല കുമ്പിട്ടുപോയി.

“മോളെ… നമുക്കു നമ്മുടെ വീട്” അവളെ അനുനയിപ്പിക്കാൻ ശ്രെമിച്ചു കൊണ്ടിരുന്നു…
“വീടോ… ആരുടെ വീട്.. അതൊരു വീട് ആണോ… ഒരു വീട് കുടുംബം അവിടെയുള്ള അച്ഛന്റെയും അമ്മയുടെയുമൊക്കെ പരസ്പര സ്നേഹം…

ഇതൊക്കെഎന്താണെന്ന് നിങ്ങൾക്കറിയാമോ… എപ്പോഴെങ്കിലും ആ വീട്ടിലെ എന്റെ അവസ്ഥയെ കുറിച്ചു നിങ്ങളാലോചിച്ചിട്ടുണ്ടോ..” വർഷങ്ങളായി തന്റേയുള്ളിലെ തീ മഴ ആ സമയത്തു ആർത്തലച്ചു പെയ്യുകയായിരുന്നു.

യാമിയെ പിടിക്കാനാഞ്ഞ മീനാക്ഷിയെ ഗോപൻ കണ്ണുകളാൽ തടഞ്ഞു… അവളുടെയുള്ളിലെ ആ മഴയെ അവൾ പെയ്തൊഴിക്കട്ടെയെന്നു അവൻ കരുതി. അതുവരെ കാത്തുനിൽക്കാനും.

“ഒരു അച്ഛന്റെയും അമ്മയുടെയും യഥാർത്ഥ സ്നേഹം എനിക്കിവിടെ കിട്ടി… എന്റെ ഇത്രയും വയസിനു ഇടയിൽ… ആദ്യമായി… ഒരു ഭാര്യയും ഭർത്താവും പരസ്പരം എങ്ങനെയായിരിക്കണമെന്നു ഏട്ടനും ഏടത്തിയും കാണിച്ചു തന്നു… ഒരു അമ്മയുടെ വയറ്റിൽ ഉണ്ടായതല്ലെങ്കിലും ബാലുവിന്റെ സഹോദര സ്നേഹം…

അതു ശ്രീരാജിന്റെ അടുത്തു നിന്നുപോലും എനിക്ക് കിട്ടിയിട്ടില്ല…. ഹർഷൻ എങ്ങനെയും ആയിക്കോട്ടെ… അവന്റെയുള്ളിലെ പ്രണയം.. അതൊന്നു മാത്രം മതി എനിക്കിവിടെ നിൽക്കാൻ… എന്റെ ഹർഷനെ ഞാൻ മടക്കി കൊണ്ടുവരും…

എനിക്ക് വേണ്ടി അവൻ തിരിച്ചു വരും… എൻറെയുള്ളിലെ അവനോടുള്ള എന്റെ പ്രണയം… അതു തന്നെ ഒരു തപസ്യയായിരുന്നു… അതിനു ശക്തിയുണ്ടെങ്കി അവൻ എനിക്ക് വേണ്ടി തിരിച്ചു വരും”

“ഇങ്ങനെയൊക്കെ നീ ജയിക്കാൻ വേണ്ടി പറയുന്നതല്ലേ… നോക്കു യാമി… കുറച്ചു കഴിയുമ്പോൾ നിനക്കു തന്നെ വേണ്ടായിരുന്നു എന്നു തോന്നും… അല്ല നീയും ഉണ്ണിമായയെ ഹർഷനിൽ നിന്നും വേർപെടുത്താൻ ആഗ്രഹിച്ചതല്ലേ” യാമിയുടെ അമ്മയുടെ വെട്ടി തുറന്നുള്ള പറച്ചിൽ അവിടെ ആകെ നിശബ്ദതയുണ്ടാക്കി.

“ശരിയാണ്…. ഞാൻ ആഗ്രഹിച്ചിരുന്നു… ഉണ്ണിയെ സ്നേഹിക്കുന്ന പോലെ എന്നെയും അവൻ സ്നേഹിക്കണമെന്നു… അവന്റെ പ്രണയം അതെനിക്ക് മാത്രം സ്വന്തമാകണമെന്നു…

അന്നെനിക്ക് അറിയില്ലായിരുന്നു ഹർഷന്റെ മനസിൽ ഉണ്ണിക്കുള്ള സ്ഥാനം…. അവന്റെ ഉണ്ണിയോടുള്ള സ്നേഹം അതു എല്ലാവർക്കും മനസിലകണമെന്നില്ല…. ഞാൻ അതു തിരിച്ചറിഞ്ഞ നിമിഷം…

എനിക്ക് എന്നോട് തന്നെ ദേഷ്യം തോന്നിയിട്ടുണ്ട് അവരെ പിരിക്കാൻ ശ്രെമിച്ചതിൽ” രോക്ഷത്തോടെ സ്വന്തം അമ്മയെ നോക്കി കണ്ണുകൾ തുടച്ചു യാമി പറഞ്ഞു.
“അപ്പൊ… അവന്റെ മനസിൽ നിന്നെക്കാളും വലിയ സ്ഥാനമാണോ ആ പെണ്ണിന്” അവളുടെ അമ്മയും വിട്ടുകൊടുക്കാൻ ഉദേശമില്ലായിരുന്നു.

“എന്റെ ഹർഷന്റെ മനസിൽ അങ്ങനെ തുലാസിൽ വച്ചു നോക്കിയുള്ള ഒരു സ്നേഹം ആരോടുമില്ല. ആരോടുള്ള സ്നേഹവും അവൻ താരതമ്യം ചെയ്യാതെ സ്നേഹിക്കാൻ അവനു മാത്രമേ കഴിയു.

ആരുടെ സ്ഥാനവും അവൻ ഉയരത്തിലോ താഴ്ചയിലോ വെച്ചിട്ടില്ല. എനിക്കറിയാം നിങ്ങളുടെ സ്റ്റാറ്റസിന് അനുസരിച്ചു കണ്ട ക്ലബ്ബുകളിലും പാർട്ടികളിലുമൊക്കെ വരാൻ എന്റെ ഹർഷനെ കിട്ടില്ല…

അതല്ലേ നിങ്ങളുടെ ഈ വിയോജിപ്പ്”
യാമിയെ ഒരു തരത്തിലും അനുനയിപ്പിക്കാനാകാതെ യാമിയുടെ അമ്മ അവളെ രൂക്ഷമായിനോക്കി നിന്നു.

ബാലു യാമിയുടെ അമ്മയെ ക്രോധത്തോടെ നോക്കി പാറുവിനോട് കണ്ണുകൊണ്ട് എന്തോ പറഞ്ഞു. അവൾ ശരിയെന്നു തലയാട്ടി യാമിയുടെ അടുത്തേക്ക് നീങ്ങി. “ഏടത്തി.. പറയുന്നതുകൊണ്ടു ഒന്നും തോന്നരുത്.

ഈ സ്ത്രീ കാരണമാണ് ഇന്ന് എന്റെ ഏട്ടന് ഇങ്ങനെ വന്നത്… ഇവർ ഒരാൾ കാരണമാണ് രാധഛൻ….

ഇവർ ഒരാൾ കാരണമാണ് ഉണ്ണിയേച്ചി …. ” പാറു പറയാൻ വന്നത് മുഴുവനാക്കാൻ കഴിയാതെ വാക്കുകൾ കുരുങ്ങി കിടന്നു… യാമി ദേഷ്യത്തോടെ പാറുവിന്റെ ചുമലിൽ പിടിച്ചു

“നീയെന്താ പറഞ്ഞത്…. അമ്മ കാരണോ… എന്താ … എന്താ നടന്നത്…. ” യാമിയുടെ നോട്ടത്തിലും വാക്കിലും പാറുവിനു ഒന്നും പറയാതെയിരിക്കാനായില്ല. ഓരോന്നും അവൾ പറഞ്ഞു.

എല്ലാം കേട്ടു കഴിഞ്ഞപ്പോൾ യാമിയുടെ മാത്രമല്ല ഗോപന്റെയും മീനാക്ഷിയുടെയും ബാലുവിന്റെയുമെല്ലാം മുഖത്തു ദേഷ്യം മാത്രമേയുണ്ടായുള്ളൂ. ദേഷ്യം കൂടി യാമിയുടെ കണ്ണുകളെല്ലാം രക്ത വർണ്ണമായിരുന്നു….

യാമി അമ്മയുടെ അടുത്തു ചെന്നു അവരെ പുറകിലേക്ക് തള്ളി… പെട്ടന്നുള്ള പ്രവൃത്തിയിൽ അവർ പുറകിലേക്ക് വീണുപോയി… യാമിയുടെ അച്ഛൻ വന്നു അവരെ താങ്ങി..

“ഇപ്പൊ ഈ നിമിഷം തന്നെ ഇവിടെനിന്നും ഇറങ്ങണം… മകൾ എന്നുള്ള ഒരു ബന്ധവും നമുക്കിടയിൽ ഇനിയില്ല. പോ…പോകാൻ” യാമി അലറുകയായിരുന്നു.

അവർ എന്തെങ്കിലും പറയും മുന്നേ അവരെ ഉന്തി തള്ളി പുറത്താക്കി വാതിലടച്ചു അവിടെത്തന്നെ നിലത്തൂന്നി അലറി കരഞ്ഞു കൊണ്ടിരുന്നു…..

കുറച്ചു കഴിഞ്ഞപ്പോൾ ഹർഷൻ വാതിലിൽ തുടരെ തുടരെ മുട്ടി കൊണ്ടിരുന്നു. അതു പൂട്ടിയിരിക്കുകയായിരുന്നു.

യാമി ചെന്നു വാതിൽ തുറന്നു കൊടുത്തു. ഹർഷൻ അവളെ ഒന്നു നോക്കുക കൂടി ചെയ്യാതെ മുറി വിട്ടു പോകാൻ തുടങ്ങി. യാമി അവനെ കയ്യിൽ പിടിച്ചു നിർത്തി…. മുടിയൊക്കെ ഒതുക്കി വയ്ക്കാതെ…

ഷേവ് ചെയ്യാത്ത കവിളുകളും അലക്ഷ്യമായി സഞ്ചരിക്കുന്ന കൃഷ്ണമണികളും…. ദേഷ്യമോ സങ്കടമോ എന്താണെന്നറിയാത്ത മുഖഭാവവും… ചുണ്ടിലും മറ്റും പറ്റി പിടിച്ചിരിക്കുന്ന തുപ്പലും…

എല്ലാം കൊണ്ടും അവനെ ഒരു ഭ്രാന്തനെപോലെ തോന്നിപ്പിച്ചു…. “ഹർഷാ” യാമി സ്നേഹത്തോടെ അവനെ വിളിച്ചു… മറുപടിയായി അവളെ ശക്തിയിൽ ആഞ്ഞു തള്ളിയിടുകയായിരുന്നു അവൻ ചെയ്തത്… നെറ്റി ചുമരിൽ ഇടിച്ചു ചോര പൊടിഞ്ഞു… ശബ്‌ദം കേട്ടു ഗോപൻ ഓടി വന്നു അവനെ കൂട്ടി കൊണ്ടുപോയി….

യാമിയിൽ ആ നിമിഷം കരച്ചിലുണ്ടായില്ല… ഇനി കരയില്ല എന്നൊരു തീരുമാനത്തിൽ അവളെത്തിയിരുന്നു…. ഉണ്ണിമായയെ തിരികെ കൊണ്ടുവരാനും…!

തുടരും….!!

ദേവന്റെയും ഉണ്ണിയുടെയും കഥ നിങ്ങൾക്ക് എത്രത്തോളം ഉൾകൊള്ളാനായെന്നു എനിക്കറിയില്ല. ഞാൻ അതെഴുതിയത് എന്റെ പുത്രന്മാരെ മനസിൽ കണ്ടുകൊണ്ടായിരുന്നു. കാശിയെ ഗര്ഭിണിയായിരിക്കുമ്പോൾ തന്നെ മൊട്ട് അവന്റെ കുഞ്ഞികൈകൾ വിരിച്ചു വയറിൽ ചുറ്റി “ചേട്ടന്റെ കുഞ്ഞാവേ…ഉമ്മ” ഇങ്ങനെ നൂറാവർത്തി ഒരു ദിവസം ചെയ്യുമായിരുന്നു. കാശി ജനിച്ചതിനു ശേഷം കുറച്ചു ദേഷ്യവും അസൂയയും ഉണ്ടായിരുന്നു അതും കാശിയുടെ കളിച്ചിരികളും പുഞ്ചിരിയും കൊണ്ടുതന്നെ അലിഞ്ഞില്ലാതായി. പിന്നെ ചേട്ടന്റെ കുഞ്ഞാവേ എന്നുള്ളത് ചേട്ടന്റെ കാശി എന്നായി… എന്തിനും ഏതിനും ‘ചേട്ടൻ’ എന്നു ചേർത്തു മാത്രേ പറയു…’ചേട്ടൻ ചെയ്യട… ചേട്ടൻ പറഞ്ഞു തരാം… ചേട്ടൻ എടുക്കാം…ചേട്ടൻ കളിപ്പിക്കാം’…. അതുകൊണ്ട് തന്നെ കാശിയുടെ മനസിൽ വേരുറച്ചത് ചേട്ടൻ എന്ന വിളിയാണ്…അവൻ ആദ്യമായി സംസാരിച്ച വാക്കും ‘ചേട്ടാ’ എന്നായിരുന്നു. ഒരുമിച്ചുള്ള കളിയും അടിയും ഇടിയും കഴിഞ്ഞു വൈകീട്ട് ചേട്ടൻ തന്നെ കുളിപ്പിക്കണം…മൊട്ട് കഥ പറഞ്ഞു അവനെ കുളിപ്പിക്കുന്നത് എനിക്ക് സത്യത്തിൽ അതിശയം തന്നെയാണ്… രണ്ടുമണിക്കൂർ എന്നെ ഇട്ടു ഓടിക്കും ഭക്ഷണം കഴിപ്പിക്കാൻ… ചേട്ടന്റെ അടുത്തു അനുസരണയോടെ വായ തുറന്നിരിക്കുന്നത് കാണുമ്പോൾ എനിക്ക് ദേഷ്യം തോന്നും. അപ്പൊ എന്നെ ഇട്ടു ഓടിക്കുന്നതോയെന്നാലോചിച്ചു. കാശിയുടെ അടി മുഴുവൻ കൊണ്ടു “എന്നെ ഇങ്ങനെ തല്ലല്ലേടാ” എന്നു പറയുന്ന ചേട്ടൻ.

Nb: ലൈക്ക് ചെയ്യാൻ മറക്കല്ലേ… നിങ്ങളുടെ ലൈക്കുകളും കമന്റുകളാണ് ഞങ്ങളെപ്പോലെയുള്ള എഴുത്തുകാർക്ക് പ്രചോദനം.

നിഴലായ് മാത്രം : PART 1

നിഴലായ് മാത്രം : PART 2

നിഴലായ് മാത്രം : PART 3

നിഴലായ് മാത്രം : PART 4

നിഴലായ് മാത്രം : PART 5

നിഴലായ് മാത്രം : PART 6

നിഴലായ് മാത്രം : PART 7

നിഴലായ് മാത്രം : PART 8

നിഴലായ് മാത്രം : PART 9

നിഴലായ് മാത്രം : PART 10

നിഴലായ് മാത്രം : PART 11

നിഴലായ് മാത്രം : PART 12

നിഴലായ് മാത്രം : PART 13

നിഴലായ് മാത്രം : PART 14

നിഴലായ് മാത്രം : PART 15

നിഴലായ് മാത്രം : PART 16

നിഴലായ് മാത്രം : PART 17

നിഴലായ് മാത്രം : PART 18

നിഴലായ് മാത്രം : PART 19

നിഴലായ് മാത്രം : PART 20

നിഴലായ് മാത്രം : PART 21

നിഴലായ് മാത്രം : PART 22

നിഴലായ് മാത്രം : PART 23

നിഴലായ് മാത്രം : PART 24

നിഴലായ് മാത്രം : PART 25

നിഴലായ് മാത്രം : PART 25

നിഴലായ് മാത്രം : PART 26

നിഴലായ് മാത്രം : PART 27

നിഴലായ് മാത്രം : PART 28

നിഴലായ് മാത്രം : PART 29