വരാഹി: ഭാഗം 26 – അവസാനിച്ചു
നോവൽ
എഴുത്തുകാരി: ശിവന്യ
വരാഹിയുടെ അഭ്യുദയാംകാക്ഷി എന്ന പേരിൽ ഫോണ് ചെയ്യുന്ന ആളുടെ നിർദ്ദേശപ്രകാരം കോയമ്പത്തൂരെക്കു കാറിൽ ഇരിക്കുമ്പോൾ അന്നയുടെ മനസ്സിൽ അകാരണമായ ഒരു ഭയം ഉണ്ടായിരുന്നു…
അവൾ ആശങ്കയോടെ പിന്നിലെ സീറ്റിലിരുക്കുന്ന വരാഹിയെ നോക്കി…
അവളുടെ മുഖത്തു പക്ഷെ വല്ലാത്തൊരു നിസ്സംഗത ആയിരുന്നു…
“എനിക്കെന്തോ പേടി ആകുന്നു ഇച്ചായാ…”
ഒന്നും മിണ്ടാതെ കാറോടിക്കുകയായിരുന്ന അലക്സിനോടവൾ പതിയെ പറഞ്ഞു…
“എന്നാത്തിനാ കൊച്ചേ പേടിക്കുന്നെ… എന്തു വന്നാലും നേരിടാൻ ഉറച്ചല്ലേ നമ്മൾ ഇറങ്ങിയെക്കുന്നെ… അല്ലിയോ വാഹി..”
അയാൾ റിയർവ്യൂ മിററിലൂടെ അവളേ നോക്കി…
“അല്ലെങ്കിലും എനിക്ക് പേടി ഒന്നുമില്ല ഏട്ടാ…
അനുഭവിച്ചതിൽ കൂടുതലൊന്നും ഇനി എനിക്ക് വരാനില്ലല്ലോ…”
അവൾ നിസ്സംഗമായി പറഞ്ഞു…
അതുകേട്ടപ്പോൾ അന്നയുടെ മനസ്സ് വല്ലാതെ നീറി…
പിന്നെ മൂന്നുപേരും ഒന്നും മിണ്ടിയില്ല….
പുറത്തെ കാഴ്ചകളിലേക്ക് അന്നയുടെ കണ്ണുകൾ പായുമ്പോൾ പുറകിലെ സീറ്റിലേക്ക് ചാരിയിരുന്നു കണ്ണുകൾ അടച്ചു കഴിഞ്ഞിരുന്നു വാഹി…
ആദ്യമായി കോയമ്പത്തൂരേക്കു പോയത് മുതലുള്ള കാര്യങ്ങൾ ഒരു ചിത്രത്തിലേതു പോലെ അവളുടെ മുന്നിൽ തെളിഞ്ഞു…
**************************
“ഇതേതാ ഈ സ്ഥലം വാഹി…”
അന്ന പുറകിലേക്ക് നോക്കി…
“ഇതു ഹർഷന്റെ വീട്ടിലേക്കുള്ള വഴിയാണ് ചേച്ചീ… നമ്മളെന്താ ഏട്ടാ ഇങ്ങോട്ടു….”
അവൾ സംശയത്തോടെ അലക്സിനോട് ചോദിച്ചു…
“അയാൾ പറഞ്ഞു തന്ന വഴിയിതാണ് മോളേ… ”
“കർത്താവേ കാത്തോളണമേ…”
അന്ന കുരിശ് വരച്ചു…
ഹർഷന്റെ വീട്ടിലേക്കുള്ള ഇടവഴിയിലേക്കു കാർ തിരിഞ്ഞപ്പോൾ വരാഹിക്കു മനസ്സ് പിടച്ചു…
ആദ്യമായി ഹർഷനെ തേടി ആ വഴിയിലൂടെ വന്നതവൾ ഓർത്തു… പിന്നെ പലതവണ അവന്റെകൂടെ ഒരു ബൈക്കിൽ യാത്ര ചെയ്തത്.. പിന്നെ കീറിയ വസ്ത്രങ്ങളോടെ അതിലൂടെ ഓടിയത്… പിന്നെ … പിന്നെ…
അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി…
ഏതാണ് വീടെന്നറിയാതെ അലക്‌സ് കാർ സൈഡിലായി ഒതുക്കി നിർത്തി പുറത്തിറങ്ങി കൂടെ അന്നയും …
അവരുടെ തൊട്ടു പുറകിലായി ആ വീടുണ്ടായിരുന്നു… മതിൽ നിറയെ ബോഗൈൻ വില്ല ചെടികൾ പടർന്നു പന്തലിച്ച ഒരു കൊച്ചു വീട്…
“ഇച്ചായാ ഇതാണ് ആ വീട്…”
വരാഹിയുടെ വാക്കുകളിലൂടെ കേട്ടറിഞ്ഞ ആ വീട് അന്നയ്ക്കു ഒറ്റ നോട്ടത്തിൽ മനസ്സിലായിരുന്നു…
അലക്‌സ് കാർ കുറച്ചൂടെ മുന്നോട്ടെടുത്തു …
തിരിച്ചു വന്നവർ ആ വീടിന്റെ മുറ്റത്തേക്ക് കാർ എടുക്കുമ്പോൾ തന്നെ കണ്ടു വേറെയും മൂന്നു കാറുകൾ …
അതിൽ ഒന്നു അന്ന വളരെ വേഗം തിരിച്ചറിഞ്ഞു…
“അരുന്ധതിയുടെ ക്രൂയിസർ..”
അന്നയും അലക്‌സും പുറത്തിറങ്ങി… പതിയെ വരാഹിയും….
“എന്റെ വീട്ടിലെ കാറാണ് ചേച്ചീ അതു… മറ്റേതു ദേവിന്റെ.. പക്ഷെ മൂന്നാമത്തെതു ഏതാണെന്നു എനിക്കറിയില്ല….”
അവൾ പിറുപിറുത്തു…
പെട്ടെന്ന് ആ വീടിന്റെ വാതിൽ തുറക്കപ്പെട്ടു…
പുറത്തേക്കിറങ്ങി വന്ന ആളെ മൂന്നുപേർക്കും മനസ്സിലായില്ല…
“വരണം , വരണം ഡോക്ടർ അലക്‌സ് , അന്ന അലക്‌സ്…”
പക്ഷെ അയാളുടെ ശബ്ദം കേട്ടപ്പോൾ തന്നെ അന്നക്കു ആളെ മനസ്സിലായി….
“എന്നെ മനസ്സിലായില്ലേ… ഞാൻ ആണ്…”
“എനിക്ക് മനസ്സിലായി…”
അയാളെ തുടരാൻ സമ്മതിക്കാതെ അന്ന പറഞ്ഞു…
“കയറി വരൂ… നിങ്ങളാണ് ഇന്നെന്റെ ചീഫ് ഗസ്റ്റ്”
അലക്‌സ് അകത്തേക്ക് കയറി… പുറകെ അന്നയും….
“വരാഹി എന്താ അവിടെ തന്നെ നിക്കുന്നത്… ഇവിടേക്ക് വരാൻ വരാഹിക്കു ആരുടെയും സമ്മതം വേണ്ടല്ലോ… വാ…”
അയാൾ അവളുടെ കയ്യിൽ പിടിച്ചു കൊണ്ട് അകത്തേക്ക് കയറി….
***************************
ഹാളിൽ ഇരിക്കുന്ന ആളുകളെ കണ്ടു വരാഹി വീണ്ടും ഞെട്ടി…
“അരുന്ധതി , ചന്ദ്രഹാസൻ , ദേവപ്രിയ , രാജീവ് മേനോൻ, വനജ , വിഷ്ണു…”
അയാൾ അന്നക്കും അലക്സിനും ഒരൊരാൾക്കാരെയായി പറഞ്ഞു പരിചയപ്പെടുത്തി കൊടുത്തു…
വരാഹിയെ കണ്ട ഉടനെ എഴെന്നേറ്റു അവളുടെ അരികിലേക്ക് വരാൻ ഒരുങ്ങിയ വനജയെ അയാൾ തടഞ്ഞു…
” ഇതു വരെ നടന്ന കാര്യങ്ങളുടെയൊക്കെ ഒരു പിക്‌ചർ നിങ്ങൾ വരുന്നതിനു മുൻപേ ഞാനിവർക്കു കൊടുത്തിരുന്നു…
വരാഹി പറഞ്ഞു നിങ്ങൾക്കും ഏതാണ്ടെല്ലാം അറിയാലോ….”
അയാൾ അന്നയെയും അലക്സിനെയും നോക്കി
“ഇനി ഞാൻ ആരെന്നാകും എല്ലാരുടെയും മനസ്സിൽ അല്ലെ…”
മൊട്ടുസൂചി വീണാൽ കേൾക്കുന്ന തരത്തിൽ നിശ്ശബ്ദമായ ആ വീടിനകത്ത് അയാളുടെ ശബ്ദം മുഴങ്ങി…
“ദാ നോക്കു…
അയാൾ കൈ ചൂണ്ടിയ ചുമരിലേക്കു എല്ലാരും നോക്കി….
“അവൾ ആരാണെന്നു ആർക്കും അറിയുണ്ടാവില്ല… അവൾ ഹർഷിത.. എന്റെ , അല്ല ഞങ്ങളുടെ അച്ചു… ഹർഷന്റെ ഒരേയൊരു അനിയത്തി…
നാലു വർഷം മുൻപേ ആത്മഹത്യ ചെയ്തെന്നു വരാഹിയെ ചിലരൊക്കെ വിശ്വസിപ്പിച്ചില്ലേ… അതേ അച്ചു…അവൻ ജീവിച്ചത് തന്നെ അവൾക്കു വേണ്ടി ആയിരുന്നു… ഞാനും… അവന്റെ ജീവൻ അവളാണെങ്കിൽ എന്റെ ജീവിതം , എന്റെ പ്രണയം , ജീവിക്കാനുള്ള എന്റെ പ്രേരണ ഒക്കെ അവളായിരുന്നു… അവളിപ്പോൾ ഇല്ല….
മാല ചാർത്തിയിട്ടത് കണ്ടില്ലേ… പോയി…
കൃത്യമായി പറഞ്ഞാൽ രണ്ടു വര്ഷങ്ങൾക് മുൻപ്… വരാഹിയുടെ വിവാഹത്തിന് രണ്ടാഴ്ച മുൻപ്…
ആക്സിഡന്റ് ആയിരുന്നു…അതോ കൊലപാതകമോ….”
അവന്റെ കണ്ണുകൾ തീക്കനലായി … അവ ചാട്ടുളി പോലെ അരുന്ധതിയുടെ നേർക്കു നീണ്ടു….
“അതിവിടിരിക്കട്ടെ… അതിനു മുൻപ് വേറൊരു കാര്യം… വേണി ഫോണിലൂടെ സംസാരിച്ചതല്ലാതെ എന്നെങ്കിലും വിഷ്ണുവിന്റെ മുൻപിൽ വന്നിരുന്നോ…”
ഇല്ല എന്നര്ഥത്തിൽ വിഷ്ണു തലയാട്ടി…
അതുകണ്ട് അയാൾ പൊട്ടിച്ചിരിച്ചു…പിന്നെ അകത്തേക്ക് നോക്കി വിളിച്ചു…
“റോസിലി അവളേ കൊണ്ടു വാ…”
എല്ലാവരുടെയും കണ്ണുകൾ വാതിലിനു നേർക്കു നീണ്ടു….
വീൽ ചെയർ ഉരുട്ടി കൊണ്ടു ഒരു സ്ത്രീ വാതിൽക്കൽ പ്രത്യക്ഷപ്പെട്ടു… അതിലിരിക്കുന്ന ആളെ കണ്ടു എല്ലാരും ഒരുപോലെ ഞെട്ടി…
“നയാഖ….”
ഒരു കാലും ഒരു കയ്യും ഇല്ലാത്ത അവളേ കണ്ടപ്പോൾ വരാഹിയിൽ ഒരു നിലവിളിയുണ്ടായി…
“ബാക്കി ഇനി ഇവൾ പറയും… റോസിലി അവളേ ഇങ്ങോട്ടു നീക്കി നിർത്തൂ…”
ആ സ്ത്രീ വീൽചെയർ അയാളുടെ അടുത്തേക്ക് നീക്കി നിർത്തി… പിന്നെ അകത്തേക്ക് കയറിപ്പോയി….
” പറയെടീ… വേണി ആയി നി എന്തിനാ വിഷ്ണുവിനെ വിളിച്ചത്…”
എല്ലാരുടെയും കണ്ണുകൾ അവളുടെ മുഖത്തായിരുന്നു… അവരുടെ മനസ്സുകൾ അവളുടെ വാക്കുകൾക്കായി കാതോർത്തു…
. “അതേ… വേണി എന്ന വ്യാജേന വിഷ്ണുഏട്ടനെ വിളിച്ചത് ഞാനായിരുന്നു….
വാഹിയെയും ഹർഷനേയും തമ്മിൽ അകറ്റാൻ…”
“എന്തിനു…”
” ചെറുപ്പം മുതലേ ഞാൻ ആഗ്രഹിക്കുന്നതൊക്കെ നേടുന്നത് ഇവളായിരുന്നു….”
അവൾ പകയോടെ വരാഹിയെ നോക്കി…
“അമ്മയില്ലാത്ത കുട്ടിയായി ഞാൻ വളർന്നപ്പോൾ എന്റെ കണ്മുന്നിൽ അമ്മയുടെ സ്നേഹം അനുഭവിച്ചു ഇവളുണ്ടായിരുന്നു….
ഞാനെത്രയൊക്കെ കഷ്ടപ്പെട്ട് പഠിച്ചാലും റിസൾട്ട് വരുമ്പോൾ ഫസ്റ്റ് റാങ്ക് ഇവൾക്കായിരുന്നു…
പിന്നീട് എനിക്കു ആദ്യമായി ഇഷ്ടം തോന്നിയ ആളെയും ഇവൾ… അതേ… ആദ്യ കാഴ്ചയിൽ തന്നെ ഞാൻ അത്രയ്ക്ക് ഇഷ്ടപ്പെട്ടിരുന്നു ഹർഷനെ….
എനിക്ക് വെണമായിരുന്നു ഹർഷനെ… അതിനാ.. അതിനാ ഞാൻ വേണിയെ പോലെ വിഷ്‌ണേട്ടനെ വിളിച്ചതും ഒക്കെ അറിയിച്ചതും… എല്ലാം ചെയ്യിച്ചതും…”
അവൾ കിതപ്പോടെ പറഞ്ഞു നിർത്തിയപ്പോൾ വരാഹി സ്തബ്ധയായി ഇരുന്നു…
ഹർഷനെ മറക്കാൻ പലതവണ നയാഖ ആവശ്യപെട്ടതു വരാഹിയുടെ മനസ്സിൽ വന്നു…
“എന്നിട്ടു… അവിടം കൊണ്ടു തീർന്നോ…”
അയാൾ വീണ്ടും ചോദിച്ചു….
“ഇല്ല… ഹർഷനെ മോശമായി ചിത്രീകരിച്ചിട്ടും ഇവൾ അവനെ വെറുത്തില്ല… വീണ്ടും അവനെ തേടിപോയി… അതറിഞ്ഞ ഞാൻ അവനെ വിളിച്ചു …
ഞാനാണ് അവനോട് പറഞ്ഞതു ദേവിന് വേണ്ടി വാഹി അവനെ ചതിക്കാൻ ശ്രമിക്കുന്നുണ്ടെന്നു… അവനെകൊണ്ടു ഇല്ലാകഥകൾ പറഞ്ഞു ഉപേക്ഷിക്കാനാണ് അവളുടെ ശ്രമമെന്ന്…
അവളെ ശരീരമെങ്കിലും സ്വന്തമാക്കാൻ ഉപദേശിച്ചതും ഞാൻ തന്നെയാ….എന്നെ വിശ്വസിച്ച അവൻ അതിനു ശ്രമിക്കുമെന്നും അതിലൂടെ അവൾ അവനെ വെറുക്കുമെന്നും ഞാൻ വിചാരിച്ചു…. പക്ഷെ…”
അവൾ ഒന്നു നിർത്തി….
“പക്ഷേ…???
എല്ലാവരും ഒരുപോലെ ചോദിച്ചു….
“പക്ഷെ അവൻ ചെയ്തതൊക്കെ മറന്നു ഇവൾ വീണ്ടും പോയി… എന്നാൽ പോകുന്നതിനു മുൻപേ അവളൊരു മണ്ടത്തരം കാണിച്ചു…
ഹർഷനെ കാണാൻ പോകുകയാണെന്നും എനിക്കെന്തെങ്കിലും
സംഭവിച്ചാൽ അതിനുത്തരവാദി അവനായിരിക്കുമെന്നും ഇവൾ എന്നോട് പറഞ്ഞു….
അപ്പോൾ ഞാൻ അടുത്ത കളിക്കുള്ള വഴി ഒരുക്കുകയായിരുന്നു …
അവൾക്കു മുൻപേ ഇവിടെ ഞാനെത്തി… കൂടെ വേണിയുമുണ്ടായിരുന്നു….
വാഹിയെയും അവനെയും ഒന്നിപ്പിക്കാൻ എന്ന
വ്യാജേന വന്ന എന്നെ അവർ രണ്ടുപേരും സംശയിച്ചില്ല….
വരുമ്പോൾ വാങ്ങിക്കൊണ്ടു വന്ന കൂൾഡ്രിങ്ക്സിൽ മയക്കുമരുന്ന് കലർത്തി ഹർഷനേയും വേണിയെയും കുടിപ്പിച്ചതും ഞാൻ ആയിരുന്നു…
പണത്തിനു വേണ്ടി എന്തും ചെയ്യുന്ന ഹർഷന്റെ സുഹൃത്ത് പ്രകാശ് എല്ലാത്തിനും എനിക്ക് കൂട്ടു നിന്നു….
വേണിയെയും ഹർഷനെയും അർദ്ധ നഗ്നരാക്കി കിടത്തി അകത്തെ മുറിയിൽ വാരാഹിയെയും കാത്തു ഞങ്ങളിരുന്നു….
ഞങ്ങൾ പ്രതീക്ഷിച്ചപോലെ ഇവിടെ വന്നു ആ കാഴ്ച കണ്ട വാഹി സർവ്വവും തകർന്നു ഇറങ്ങിപ്പോയി….”
കത്തുന്ന മിഴികളോടെ വരാഹി അവളെ നോക്കി…
“പിന്നീടെല്ലാം നിങ്ങൾ ഉദ്ദേശിച്ചത് പോലെ നടന്നല്ലേ….”
“അതേ…. ദേവിനെയും വിവാഹം ഉറപ്പിച്ചപ്പോൾ ഹർഷനെ എനിക്ക് ലഭിക്കുമെന്ന വിശ്വാസത്തിൽ സമാധാനത്തിൽ ഞാൻ ഇരുന്നു… അതിനു എത്ര കാലം വേണമെങ്കിലും കാത്തിരിക്കാൻ ഞാൻ തയ്യാറായിരുന്നു.”
“വേണിക്കു പിന്നീടെന്തുണ്ടായി…”
“അന്നു ഞാൻ അറിയാതെ പ്രകാശ് എടുത്ത ഫോട്ടോസ് വെച്ചു അവളേ ബ്ലാക്ക്മെയിൽ ചെയ്തു… അതു താങ്ങാനാവാതെ അവൾ സൂയിസൈഡ് ചെയ്‌തു…..”
“ഇതൊക്കെ നിന്റെ മാത്രം ബുദ്ധി ആയിരുന്നോ….”
“അല്ല… വരാഹിയെ ദേവിന് നേടി കൊടുക്കാൻ പിന്നിൽ നിന്ന് ചരട് വലി മുഴുവൻ നടത്തിയത് അരുന്ധതി ആന്റി ആയിരുന്നു….”
അവളുടെ വെളിപ്പെടുത്തൽ കേട്ട അരുന്ധതി ഭൂമി പിളർന്നു പാതാളത്തിലേക്ക് പോകാൻ ആഗ്രഹിച്ചു….
“എഴുന്നേറ്റു വരണം മാഡം….”
അവൻ പറഞ്ഞു…
അരുന്ധതി പതിയെ എഴുന്നേറ്റു കുനിഞ്ഞ ശിരസ്സുമായി മുന്നോട്ടേക്കു വന്നു….
“നയാഖ പറഞ്ഞതൊക്കെ സത്യമാണോ…”
അവരൊന്നും മിണ്ടിയില്ല….
“ഇനി മിണ്ടാതിരുന്നിട്ടു ഒരു കാര്യവുമില്ല മാഡം… ”
“നയാഖ പറഞ്ഞതൊക്കെ സത്യമാണ്… എല്ലാം ചെയ്തത് ഞാനാണ്….”
അതുകേട്ട് മറ്റുള്ളവരെക്കാൾ ഞെട്ടിയത് വിഷ്ണു ആയിരുന്നു…
എല്ലാത്തിനും തന്നെ കൂടെ നിർത്തി എങ്കിലും അരുന്ധതിയുടെ ക്രൂരത മനസ്സിലാക്കാൻ അവന് സാധിച്ചിരുന്നില്ല….
“ഡിറ്റയിൽഡ് ആയി പറയു…”
അയാൾ ആവശ്യപ്പെട്ടു…
അരുന്ധതി ഒന്നും മിണ്ടിയില്ല….
“എങ്കിൽ ഞാൻ പറയാം… ദേവ് ഒരു പെണ്കുട്ടിയെ ഇഷ്ടപ്പെടുന്നു എന്നറിഞ്ഞപ്പോൾ തുടങ്ങിയ അരുന്ധതിയുടെ അന്വേഷണം എത്തി നിന്നതു വിഷ്ണുവിൽ ആയിരുന്നു… അവനിൽ നിന്നും ഹർഷനിലേക്ക്…
പിന്നെ വിഷ്ണു അറിയാതെ നായഖയെ കൂട്ടു പിടിച്ചു അവളിൽ ഉണ്ടായിരുന്നു ഇത്തിരി കനൽ ആളി കത്തിച്ചു ഓരോന്നും ചെയ്തു കൂട്ടി…
എല്ലാം ദേവിന് വേണ്ടി….
പക്ഷെ രണ്ടിടത്ത് അരുന്ധതിക്ക് പിഴച്ചു… ദേവിനെതിരെ ആയുധമാക്കാൻ ഹർഷൻ
അരുന്ധതിയുടെ പഴയകാല കഥകൾ തേടി പിടിക്കുമെന്ന് അവർ ഒരിക്കലും കരുതിയില്ല…
ചന്ദ്രഹാസനുമായുള്ള വിവാഹത്തിനു മുൻപ് അരുന്ധതിക്ക് ഒരു പ്രണയം ഉണ്ടായിരുന്നു… വിവാഹശേഷവും അവരതു തുടർന്നപ്പോൾ അതിന്റെ ശേഷിപ്പായി ദേവ് പിറന്നു…
ദേവിന്റെ യഥാർത്ഥ അച്ഛനെ ഹർഷൻ തേടിപ്പിടിച്ചതു അവൻ അരുന്ധതിയെ വിളിച്ചു പറഞ്ഞപ്പോൾ അവനെ കൊല്ലുക മാത്രമായിരുന്നു അവരുടെ മുന്നിലുള്ള വഴി….”
അവൻ ഒന്നു പറഞ്ഞു നിർത്തി…
എല്ലാം കേട്ട് തകർന്നടിഞ്ഞു ചന്ദ്രഹാസനും ദേവപ്രിയയും ഇരുന്നു….
“കോടീശ്വരനായ ദേവിന്റെ അച്ഛൻ , അതാരാണെന്നത് എന്റെ വിഷയമല്ലാത്തതിനാൽ അതന്വേഷിക്കാൻ ഞാൻ മിനക്കെട്ടില്ല …
ആ അദ്ദേഹം പണം വാരി എറിഞ്ഞപ്പോൾ മകന്റെ പ്രണയം സാക്ഷാത്കരിക്കാൻ ‘അമ്മ മുന്നിട്ടിറങ്ങി..”
അയാൾ അരുന്ധതിയുടെ നേർക്കു തിരിഞ്ഞു…
“അന്ന് നിങ്ങൾ കൊടുത്ത കോട്ടേഷനിൽ ഹർഷന്റെ കൂടെ അവന്റെ അനിയത്തിയും കൊല്ലപ്പെട്ടപ്പോൾ ഒന്നും അന്വേഷിക്കാൻ ആരും ഉണ്ടാകില്ലെന്ന് നിങ്ങൾ സമാധാനിച്ചു… അച്ചുവിന് വേണ്ടി മാത്രം ജീവിക്കുന്ന എന്നെ നിങ്ങൾ അറിയാതെ പോയി….”
ഒരിറ്റു കണ്ണുനീർ അയാളുടെ കണ്കോണിൽ നനവ് പടർത്തി…
“പിന്നീട് കാശിനു വേണ്ടി നിരന്തരം ശല്യം ചെയ്ത പ്രകാശുമായി നിങ്ങൾ തെറ്റി… എല്ലാം ദേവിനെയും വാരാഹിയെയും അറിയിക്കുമെന്ന അവന്റെ ഭീഷണി ഭയന്നു അവരോടൊപ്പം നിങ്ങളും കോയമ്പത്തൂരെക്കു പോന്നു…
പക്ഷെ എത്ര കാത്തുസൂക്ഷിച്ചിട്ടും ഒരു ദിവസം വരാഹി മിസ്സിങ് ആയി…. പിറ്റേന്ന് ക്രൂരമായി മാനഭംഗം ചെയ്യപ്പെട്ട അവളെ പ്രകാശ് നിങ്ങളുടെ ഫ്ലാറ്റിനു മുൻപിൽ കൊണ്ടിട്ടു അല്ലെ…. അതിനുള്ള പകരം വീട്ടലായി നിങ്ങൾ അവനെയും കൊന്നു….
അവൻ അതർഹിക്കുന്നതാണ്.. അതുകൊണ്ട് നോ പ്രോബ്ലം…”
“എല്ലാം അറിഞ്ഞപ്പോൾ ഞാൻ ആദ്യം ഇതൊക്കെ അറിയിച്ചത് ദേവിനെയാണ്… അയാൾ നിങ്ങളോടു പകരം ചോദിക്കുമെന്നു കരുതി…
പക്ഷെ സ്വന്തം ജീവിതം തെരുവിൽ അലഞ്ഞു തീർത്തു അയാൾ നിങ്ങളെ ശിക്ഷിച്ചു…
പിന്നീട് വരാഹിയുടെ വിവരങ്ങൾ അറിയാൻ സെബാനച്ചനെ ദേവ് എന്ന വ്യാജേന ഞാൻ ഫോണിലൂടെ ബന്ധപ്പെട്ടു…. അവിടെ നടക്കുന്ന ഓരോകാര്യങ്ങളും ദേവിനോടെന്ന പോൽ അദ്ദേഹം എന്നെ അറിയിച്ചു…. ”
അപ്പോൾ അകത്തെ വാതിൽക്കൽ വേറൊരു രൂപം പ്രത്യക്ഷപ്പെട്ടു…
“ദേവ്…”
പഴയ ദേവിന്റെ പ്രേതമാണ് തന്റെ മുൻപിൽ നിൽക്കുന്നതെന്ന് വരാഹിക്കു തോന്നി…
കറുത്തു, കരുവാളിച്ച മുഖം.. കണ്ണുകൾ ഉള്ളിലേക്ക് കുഴിഞ്ഞിരിക്കുന്നു…
മെലിഞ്ഞുണങ്ങിയ ആ ദേഹത്തിനകത്തു ജീവൻ ഉണ്ടെന്നു മനസ്സിലാകുന്നത് എല്ലുന്തിയ നെഞ്ചിന്കൂട് ഉയർന്നു പൊങ്ങുമ്പോൾ മാത്രമാണ്…
അവനെ ആ അവസ്ഥയിൽ കണ്ട എല്ലാരുടെയും മനം നൊന്തു…
“ഡൽഹിയിലെ തെരുവുകളിലൂടെ അലഞ്ഞു തിരിഞ്ഞു നടന്ന ദേവിനെ കണ്ടുപിടിക്കാൻ ഞാൻ ഒരുപാട് കഷ്ടപ്പെട്ടു….”
“ദേവിന് തന്റെ അച്ഛൻ ആരെന്നറിയണ്ടേ…”
ദേവിനോട് സംസാരിക്കുമ്പോൾ അയാളുടെ ശബ്ദം ആർദ്രമാകുന്നത് വരാഹി തിരിച്ചറിഞ്ഞു…..
“വേണ്ട… എനിക്കൊരച്ഛനെയുള്ളൂ ആ ഇരിക്കുന്ന ചന്ദ്രഹാസൻ…”
പെട്ടെന്ന് അയാൾ ഓടി വന്നു ദേവിനെ കെട്ടിപിടിച്ചു കരഞ്ഞു… പിന്നാലെ ദേവപ്രിയയും…
“ഇനി ഇവർക്കുള്ള ശിക്ഷ നൽകണ്ടേ…. ഇവളുടെ ഈ അവസ്ഥക്കുള്ള കാരണം ഞാൻ തന്നെയാണു… ഒന്നര വർഷം മുൻപ് ഞാൻ സൃഷ്ടിച്ച ഒരാക്‌സിഡന്റിൽ….”
അവൻ നായഖയെ ചൂണ്ടിക്കാട്ടി…
“ഇതു വരെ ഞാനിവളേ സംരക്ഷിച്ചത് ഈ ഒരു ദിവസത്തിനു വേണ്ടി ആണ്… ഇനി അത് വേണ്ട…”
പറഞ്ഞു കഴിഞ്ഞതും അവൻ പാന്റിന്റെ പുറകിൽ നിന്നും ഒരു റിവോൾവർ വലിച്ചെടുത്തു നായഖക്കു നേരെ ചൂണ്ടി… അടുത്തക്ഷണം ഒരു പിടച്ചിലൂടെ അവൾ പുറകിലേക്ക് മറിഞ്ഞു വീണു….
പിന്നെ അവൻ അരുന്ധതിക്ക് നേരെ തിരിഞ്ഞു…
പക്ഷെ ഞൊടിയിടയിൽ അവർ പുറത്തേയ്ക്ക് കുതിച്ചു… റോഡിലേക്ക് ഇറങ്ങി ഓടി അവരെ ആ ഇടവഴിയിലേക്കു പെട്ടെന്ന് കയറി വന്ന ഒരു ലോറി ഇടിച്ചു വീഴ്ത്തി… ദൈവം നേരിട്ടു നൽകിയ ശിക്ഷ പോലെ അവർ ആ റോഡിൽ പിടഞ്ഞു തീർന്നു….
****************************
അസുഖം എല്ലാം മാറിയ വരാഹിയെ കൂടെ കൊണ്ടുപോകാൻ രാജീവും വനജയും ശ്രമിച്ചെങ്കിലും അവൾ കൂടെ പോയില്ല…
ഇനി ഒരിക്കലും അവരുമായി ഒരു ബന്ധവും തനിക്കുണ്ടാവില്ലെന്ന് അവൾ തീർത്തു പറഞ്ഞു….
ഇനിയുള്ള തന്റെ ജീവിതം ആരാമത്തിലായിരിക്കുമെന്നു അവൾ പ്രഖ്യാപിച്ചു…
അവിടെയുള്ള അന്തേവാസികൾക്കു വേണ്ടി ആണ് ഇനി താൻ ജീവിക്കുക എന്നവൾ തീരുമാനിച്ചിരുന്നു….
ദേവിനെ ഒന്നു നോക്കുക പോലും ചെയ്യാതെ അവൾ നടന്നകന്നു….
“നോക്കു വരാഹി , തനിക്കെനിയും ജീവിതമുണ്ട്… അതു മറ്റുള്ളവരോടുള്ള പകയാൽ ഇല്ലാതാക്കി കളയരുത്… എല്ലാം മറന്നു ദേവിന്റെ കൂടെ താൻ ജീവിക്കണം….”
അവളുടെ പിന്നാലെ ചെന്ന അന്ന അവളേ ഉപദേശിച്ചു…
“എന്റെ സ്വന്തം ചേച്ചിയുടെ സ്ഥാനമാണ് ഞാൻ ചേച്ചിക്കു തന്നിരിക്കുന്നതു… എന്റെ എട്ടനായിട്ടാണ് ഞാൻ അലക്സേട്ടനെ കാണുന്നത്… ചേച്ചിക്ക് എന്നെ കൊണ്ടുപോകാൻ പറ്റുമോ… ”
അവൾ ആശയോടെ അന്നയെ നോക്കി….
“നി എന്റെ സ്വന്തം അനിയത്തി തന്നെയാ….”
കരഞ്ഞു കൊണ്ട് അന്ന അവളെ കെട്ടിപിടിച്ചു…
*****************************
പത്തു വർഷങ്ങൾക്കിപ്പുറം വരാഹിയുടേതായി ഒരുപാട് കഥാസമാഹാരങ്ങളും നോവലുകളും പുറത്തിറങ്ങി….
വളരെ പ്രശസ്തയായ ഒരെഴുത്തുകാരിയായി അവൾ മാറിയപ്പോഴും തിരക്കുകളിലേക്കു അവൾ ഊളിയിടുമ്പോഴും അവൾക്കായി കാത്തിരിക്കുന്ന ഒരാൾ ഉണ്ടായിരുന്നു…
ദേവ്…അവനിപ്പോഴും അവൾക്കു വേണ്ടിയുള്ള കാത്തിരിപ്പിലാണ്…
ഫോണ് ബെല്ലടിക്കുന്ന കേട്ടപ്പോഴാണ് ദേവ് ഓർമ്മകളിൽ നിന്നും ഉണർന്നത്….
“ദേവ്… ”
അവളുടെ ഇമ്പമാർന്ന ശബ്ദം അവൻ കേട്ടു…
“വായിച്ചോ….”
അവൾ എഴുതിയ ആത്മകഥ ആദ്യമായി വായിക്കാൻ നൽകിയത് അവനായിരുന്നു…
“വായിച്ചു…”
“കുഴപ്പമൊന്നുമില്ലല്ലോ….”
“ഇല്ല…. എങ്കിലും അവസാനം
“ഹർഷന്റെ ഓർമ്മയിൽ വരാഹി തനിച്ചു ജീവിക്കുന്നു ”
എന്നു മാറ്റി അവൾ ദേവിന്റെ കൂടെ ജീവിക്കാൻ തീരുമാനമെടുത്തെന്നും അവർക്ക് രണ്ടു കുട്ടികൾ ഉണ്ടായെന്നും എഴുതികൂടെ… ആ മക്കളെ അവർ ഹർഷനെന്നും വേണിയെന്നും പേരിട്ടു വിളിച്ചെന്നും ആയിക്കൂടെ….”
അവൻ പ്രതീക്ഷയോടെ ചോദിച്ചു…
മറുഭാഗത്ത് അവൾ ഒന്നും മിണ്ടിയില്ല…
” നി നോക്കിക്കോ… എന്നെങ്കിലും ഒരിക്കൽ എന്റെ ആഗഹം നടക്കും… എന്റെ സ്നേഹം മനസ്സിലാക്കി നി എന്നിലേക്ക് തിരിച്ചു വരും… അതിനാണ് എന്റെ കാത്തിരിപ്പു…”
“പത്തു വർഷം കഴിഞ്ഞില്ലേ ദേവ്…”
“പത്തല്ല നൂറു വർഷം വേണമെങ്കിലും നിനക്കായ് ഞാൻ കാത്തിരിക്കും… നിന്നോടുള്ള എന്റെ പ്രണയം അവസാനിക്കുന്നില്ല….”
“എന്നെങ്കിലും ഈ ആഗ്രഹങ്ങളൊക്കെ നടക്കട്ടെ ദേവ്… ”
അവൾ മനസ്സിൽ പറഞ്ഞു….
ശുഭാപ്തി വിശ്വാസത്തോടെ അവൻ കണ്ണുകളടച്ചു… നല്ലൊരു നാളേക്കായി ഉണരാൻ വേണ്ടി….
അവസാനിച്ചു…..
ഞാനെഴുതിയ ആറാമത്തെ തുടർക്കഥ ആണ്
” വരാഹി “…
മറ്റുകഥകളേക്കാൾ ഞാൻ ഏറെ ഇഷ്ടപ്പെടുന്നതും വരാഹി തന്നെ..
ക്ലൈമാക്സിൽ ” വാഹിയെയും ദേവിനെയും ഒരുമിപ്പിച്ചു ശുഭം എന്നെഴുതാൻ എന്തുകൊണ്ടോ എന്റെ മനസ്സ് സമ്മതിക്കുന്നില്ല….
പക്ഷെ ദേവിന്റെ പ്രതീക്ഷ പോലെ എന്നെങ്കിലും അവർ ഒരുമിക്കുമെന്നും ഹർഷനെന്നും വേണിയെന്നും പേരുള്ള രണ്ടു മക്കൾ അവർക്കുണ്ടാകുമെന്നും ഞാൻ വിശ്വാസിക്കുന്നു….
കാരണമെന്തെന്നാൽ ഹർഷനേക്കാൾ ഏറെ ഞാനിഷ്ടപ്പെടുന്നത് ദേവിനെ ആണ്… ഒരു പെണ്ണിനെ സ്നേഹിച്ചു എന്നല്ലാതെ ഒരു വാക്ക് കൊണ്ടു പോലും അവളേ വേദനിപ്പിക്കാൻ അവൻ മുതിരാത്തത് കൊണ്ടാകാം… അവളേ സ്നേഹിച്ചത് കൊണ്ടു മാത്രം അവന്റെ ജീവിതമില്ലാതായി പോകുന്നത് കാണാൻ താത്പര്യമില്ലാത്തത് കൊണ്ടാകാം…
ഒരുപക്ഷേ എവിടെയോ ഇരുന്നു ഹർഷനും അവർ തമ്മിൽ ഒരുമിച്ചൊരു ജീവിതമാകും ആഗ്രഹിക്കുന്നതെന്ന് എനിക്ക് തോന്നുന്നു….
അധികം വൈകാതെ മറ്റൊരു നായികയുടെ കഥയുമായി നമുക്കു കാണാലെ…
സ്നേഹത്തോടെ ശിവന്യ.
Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹