Friday, April 26, 2024
Novel

വരാഹി: ഭാഗം 14

Spread the love

നോവൽ
ഴുത്തുകാരി: ശിവന്യ

Thank you for reading this post, don't forget to subscribe!

രണ്ട് ദിവസങ്ങൾ പ്രത്യേകിച്ച് സംഭവ വികാസങ്ങളൊന്നുമില്ലാതെ കടന്നു പോയി..

മൂന്നാമത്തെ ദിവസം ഏകദേശം പതിനൊന്ന് മണി കഴിഞ്ഞപ്പോൾ ആരാമത്തിന്റെ ഗേറ്റ് കടന്ന് ഒരു ലാൻഡ് ക്രൂയ്സർ ഒഴുകിവന്നു….

കാറിന്റെ പിൻസീറ്റിൽ നിന്നും അരുന്ധതി പുറത്തേക്കിറങ്ങി…

ഇളം പിങ്കിൽ വയലറ്റ് ബോർഡറുള്ള ഒരു പട്ടുസാരി ആയിരുന്നു അവരുടെ വേഷം…. കാതുകളിൽ സ്വർണ്ണത്തിന്റെ വലിയ കമ്മലുകൾ….

കഴുത്തിൽ വളരെ നേരിയ ഒരു മാലയും അതിൽ ചെറിയൊരു താലിയുടെ ലോക്കറ്റും….. കയ്യിലും നേരിയ വളകൾ മാത്രം…..

പക്ഷേ ഇടത് കയ്യിലെ മോതിരവിരലിൽ വിവാഹമോതിരത്തിന് പകരം “ഓംകാരം ” ചിഹ്നം ആലേഖനം ചെയ്യ്ത വലിയ മോതിരമായിരുന്നു ഉണ്ടായിരുന്നത്…

അപ്പോഴേക്കും സെക്യൂരിറ്റി ഓടി വന്ന് ക്രൂയിസറിന് പാർക്കിംഗ് സ്ഥലം കാണിച്ചു കൊടുത്തു…. അയാളുടെ പെരുമാറ്റത്തിൽ അരുന്ധതിയോടുള്ള ബഹുമാനം തെളിഞ്ഞ് കാണാമായിരുന്നു….

അരുന്ധതി നേരെ ചെന്നത് സെബാനച്ചനെ കാണാനായിരുന്നു….

“താൻ ഒറ്റക്കാണോ വന്നത്”….

തന്റെ മുൻപിലിരിക്കുന്ന അരുന്ധതിയെ സെബാനച്ചൻ അനുകമ്പയോടെ നോക്കി….

“അതെ…. ഇവിടുന്ന് വിളിച്ചിട്ടാണ് വന്നതെന്ന് ഞാൻ ആരോടും പറഞ്ഞിട്ടില്ല…. വരാഹിയെ ഒന്ന് കാണണമെന്നാണ് പറഞ്ഞത്…. അവളെ ഈ അവസ്ഥയിൽ കാണാൻ വയ്യെന്ന് പറഞ്ഞ്ചന്ദ്രേട്ടൻ വന്നില്ല…. ”

“ദേവൻ…; ?”

സെബാനച്ചന്റെ ചോദ്യം കേട്ട് അരുന്ധതിയുടെ കണ്ണ് നിറഞ്ഞു…. അത് കണ്ടപ്പോൾ പിന്നെ ഒന്നും ചോദിക്കാൻ അദ്ദേഹത്തിന് തോന്നിയില്ല…

” എന്നെ എന്തിനാണ് ഫാദർ ആ ഡോക്ടർ വിളിപ്പത്?”

കയ്യിലിരുന്ന കർച്ചീഫ് കൊണ്ട് കണ്ണുകൾ അമർത്തി തുടച്ചതിന് ശേഷം അവർ ചോദിച്ചു…

” വ്യക്തമായി എനിക്കും അറിയത്തില്ല എന്നതാ കാര്യമെന്ന്‌… പക്ഷേ എന്നതാണേലും വരാഹിയുടെ നന്മക്ക് വേണ്ടി തന്നെയാണെന്നാ എന്റെ
വിശ്വാസം…. ”

” ഈ ഡോക്ടർ ആളെങ്ങനെയാ..???

” വളരെ നല്ലവൾ…. ആരാമത്തിലെ മനോനില തെറ്റിയ അന്തേവാസികളെ രോഗികളായി കാണാതെ അവരിൽ ഒരാളായി അവർക്ക് വേണ്ട കാര്യങ്ങൾ ചെയ്തു കൊടുക്കുന്നവൾ… താൻ ചെന്ന് അന്നയെ കാണൂ.. അന്നയോട് സംസാരിക്കുമ്പോൾ തനിക്ക് ഒക്കെ ബോദ്ധ്യമാകും… ”

”ശരി ഫാദർ… ”

ഫാദറിന്റെ അഭിപ്രായം കേട്ടപ്പോൾ അന്നയെ കാണാനും സംസാരിക്കാനും അരുന്ധതിക്കും ആഗ്രഹം തോന്നി…..

അവർ ഫാദറിനോട് സമ്മതം വാങ്ങി ഡോക്ടർ അന്നയുടെ ക്യാബിൻ ലക്ഷ്യമാക്കി നടന്നു….

*******************

“മേ ഐ കമിൻ ഡോക്ടർ”

വളരെ പതിഞ്ഞ ശബ്ദത്തിലുള്ള ആ ചോദ്യം ചോദിച്ചയാൾ ആരാണെന്ന് അന്നക്ക് അതിവേഗം മനസ്സിലായി…

” അരുന്ധതി “… അവളുടെ ചുണ്ടുകൾ വിറച്ചു..

വീണ്ടും ഡോറിൽ മുട്ട് കേട്ടപ്പോൾ അന്ന പറഞ്ഞു…

“യെസ്… കമിൻ…. ”

അകത്തേക്ക് കയറി വന്ന അരുന്ധതിയെ അന്ന ആപാദചൂഢം നോക്കി….

ദേവാശിഷ് പറഞ്ഞ കഥയിലെ വാത്സല്യനിധിയായ അമ്മ മാത്രമല്ല അവരെന്ന് അന്നക്ക് ഒറ്റനോട്ടത്തിൽ മനസ്സിലായി….

” മാഡം ഇരിക്കൂ.”

അന്നയുടെ അനുമതി കിട്ടിയപ്പോൾ അരുന്ധതി അവൾക്ക് മുൻപിലായുള്ള കസേരയിൽ ഇരിപ്പുറപ്പിച്ചു…. അപ്പോഴും അവരുടെ കണ്ണുകൾ അന്നയിലായിരുന്നു….

അരുന്ധതിയുടെ ചൂഴ്ന്ന് നോട്ടം അവളെ തെല്ലൊന്ന് അസ്വസ്ഥയാക്കിയെങ്കിലും ഇവിടെ താൻ താഴ്ന്ന് കൊടുക്കരുതെന്ന് അവളുടെ മനസ്സ് പറഞ്ഞ് കൊണ്ടിരുന്നു….

ഔദ്യോദിഗകമായ പരിചയപ്പെടലിന് ശേഷം അരുന്ധതി ചോദിച്ചു…

” ചോദിക്കൂ ഡോക്ടർ… നിങ്ങൾക്ക് എന്താണ് എന്നിൽ നിന്നും അറിയേണ്ടത്….”

“നിങ്ങൾ ” എന്ന സംബോധന ബഹുമാനപൂർവ്വം ആണെന്ന് മനസ്സിലായപ്പോൾ അന്നയിൽ ഒരു ആശ്വാസമുണ്ടായി….

” എനിക്ക് അറിയേണ്ടത് വരാഹിയെയും ദേവിനെയും കുറിച്ചാണ്…..”

“ഡോക്ടർ ചോദിച്ചോളു…..”

“വരാഹിയുമായുള്ള ഇഷ്ടത്തെകുറിച്ചു ആദ്യമായി കേട്ടപ്പോൾ തന്നെ ദേവിന് മാഡം
സമ്മതം കൊടുത്തിരുന്നല്ലേ…. ”

” അതെ ”

” കാരണം?”

“എന്റെ ഇഷ്ടത്തിനല്ലാതെ അവന്റെ ജീവിതത്തിൽ ഒന്നും നടന്നിരുന്നില്ല.. ആദ്യമായാണ് ഒരാഗ്രഹം അവനെന്നോട് പറയുന്നത്.. അതുകൊണ്ട് അത് നടക്കണം എന്നെനിക്ക് തോന്നി… ”

” വരാഹി വെൽസെറ്റിൽഡായ ഒരു പെൺകുട്ടി ആയത് കൊണ്ടാണോ…. ”

“ഒരിക്കലുമല്ല…. അവളെ എന്റെ മോനിഷ്ടമായിരുന്നു… അത് മാത്രമാണ് കാരണം…

” ഒകെ എങ്കിൽ വരാഹിയെ കാണാതായ അന്നത്തെ കാര്യങ്ങൾ മാഡത്തിന് ഓർമ്മയുണ്ടോ…. ”

“ഉണ്ട് …. ”

” എങ്കിൽ പറയു…. അന്നെന്തൊക്കെയാണ് സംഭവിച്ചത്…..”

“പതിവ് പോലെ തന്നെ രാവിലെ ദേവനും വരാഹിയും ഒരുമിച്ചാണ് വീട്ടിൽ നിന്നിറങ്ങിയത് … വൈകിട്ട് ക്ലാസ് കഴിഞ്ഞാൽ ചിലപ്പോഴൊക്കെ അവൻ പിക് ചെയ്യും…. അല്ലെങ്കിൽ വരാഹി തനിച്ചു വരും….

പക്ഷേ അന്ന് ക്ലാസ്സിലേക്ക് പോയ വരാഹി വരേണ്ട സമയവും കഴിഞ്ഞു കാണാതായപ്പോ എനിക് അല്പം പരിഭ്രമം തോന്നി…. ഇന്നത്തെ കാലമല്ലേ….

എന്റെ കുട്ടിക്ക്‌ എന്തേലും ആപത്തു സംഭവിച്ചോ ന്നു….”

ഒരുനിമിഷം അരുന്ധതിയുടെ വാക്കുകൾ മുറിഞ്ഞു…..

അന്ന അവർക്ക് പറയാൻ ആവോളം സമയം കൊടുക്കുന്ന പോലെ ചെയറിലേക്കു ചാഞ്ഞു കിടന്നു….

അരുന്ധതി തുടർന്നു..

“ഞാൻ അപ്പോൾ തന്നെ അവളുടെ ഫോണിലേക്ക് വിളിച്ചു നോക്കി…. അതു സ്വിച്ചോഫ് ആയിരുന്നു…. ഒട്ടും താമസിയാതെ ദേവന്റെ ഫോണിലേക്കും വിളിച്ചു….

പക്ഷെ അതും സ്വിച്ചോഫ് ആയിരുന്നു… ഓരോ നിമിഷം കഴിയും തോറും എന്റെ ഭയം കൂടി വന്നു….

ഏഴു മണി ആയപ്പോ ദേവൻ വന്നു… അവന്റെ ഫോണ് ചാർജ് തീർന്നതാണെന്നു പറഞ്ഞു….

വരാഹി അത്രയും സമയം ആയിട്ടും എത്തിയില്ല എന്നറിഞ്ഞപ്പോൾ അവനും ആകെ പരിഭ്രാന്തനായിരുന്നു …

അപ്പൊ തന്നെ അവനും അവളുടെ സുഹൃത്തുക്കളും എല്ലാവരും അവളെ അന്വേഷിച്ചിറങ്ങി….

ഞാൻ ഉടൻ തന്നെ നാട്ടിലേക്കും വിവരം അറിയിച്ചു…. രാജീവ് സ്ഥലത്തില്ലാത്തതിനാൽ വിഷ്ണു മാത്രമാണ് നാട്ടിൽ നിന്നും എത്തിയത്….

അന്ന് മുഴുവൻ ആ നാട് മൊത്തം അവർ അന്വേഷിച്ചെങ്കിലും വരാഹിയുടെ ഒരു വിവരവും കിട്ടിയില്ല…. ആ രാത്രി ദേവനും വീട്ടിൽ ഉണ്ടായിരുന്നില്ല …

പിറ്റേന്ന് രാവിലെ പോലീസിൽ അറിയിക്കാം എന്ന തീരുമാനം ഞങ്ങൾ എടുത്തു….

പക്ഷേ രാവിലെ ഫ്ലാറ്റിന്റെ വാതിൽ തുറന്നപ്പോൾ വാതിൽക്കൽ വരാഹി ഉണ്ടായിരുന്നു….”

അരുന്ധതി പറഞ്ഞതൊക്കെയും അന്ന കണ്മുന്പിൽ കാണുകയായിരുന്നു….

” അന്ന് എന്തായിരുന്നു അവളുടെ ഭാവം”??

“ആകെ വല്ലാത്തൊരു രീതി ആയിരുന്നു അവൾക്കു….

ആകെ മുഴിഞ്ഞു മുടിയൊക്കെ പരത്തി വല്ലാത്തൊരു ഭാവം …

ഞാൻ എവിടെ ആയിരുന്നു മോളേ ന്നു ചോദിച്ചപ്പോ എന്നെ ആക്രമിക്കാൻ വന്നു….

അപ്പോഴേക്കും അയൽക്കാർ വിവരം അറിയിച്ചതിനെ തുടർന്ന് ദേവനും വിഷ്ണുവും ബാക്കിയുള്ളവരും വീട്ടിൽ എത്തി….

അവരെ കണ്ട ഉടൻ അവൾ വാതിൽ അടച്ചു റൂമിൽ കയറി….

കുറെ സമയം കഴിഞ്ഞും വാതിൽ തുറക്കാതയപ്പോ അവരെല്ലാം കൂടി വാതിൽ ചവിട്ടി തുറന്നു … അവിടെ കണ്ട കാഴ്‌ച….”

ആ രംഗം മുൻപിൽ അരങ്ങേറുന്ന പോലെ അരുന്ധതി കണ്ണുകൾ ഇറുകെ അടച്ചു ….

“സൂയിസൈഡ് അറ്റംപ്റ്റ് അല്ലേ….”

“അതേ…. ”

താൻ ഊഹിച്ചതാണ് എങ്കിലും അത് ശരി ആയിരിക്കുന്നു….

എല്ലാം പറഞ്ഞു കഴിഞ്ഞപ്പോൾ അരുന്ധതിയുടെ മുഖത്തു അല്പം ആശ്വാസം പ്രകടമായി….

“മാഡത്തിന് മകളെക്കാൾ ഏറെയിഷ്ടം മകനെ ആയിരുന്നല്ലേ…. ”

ചോദ്യം കേട്ടപ്പോൾ അരുന്ധതിയുടെ മുഖത്തൊരു പുഞ്ചിരി വിടർന്നു…

“അങ്ങനെയല്പ… പ്രിയ എന്നും അച്ചനെ ആയിരുന്നു അനുകരിച്ചത്… ദേവൻ എന്നെയും… മോളേറെ സമയം അച്ഛന്റെ കൂടെ ചിലവഴിച്ചപ്പോൾ അവൻ ഒരു അമ്മ മോനായി… ”

” എന്നിട്ട് ദേവശിഷ് ഇപ്പോൾ എവിടെയാണ്..”??

അന്നയുടെ പെട്ടെന്നുള്ള ചോദ്യം അരുന്ധതിയെ ഞെട്ടിച്ചു.. തീച്ചൂളയിൽ എന്നപോലെ അവർ ഉരുകി….

” പറയൂ മാഡം… വരാഹിയുടെ ദേവ് ഇപ്പോൾ എവിടെയാണ്….

വരാഹിയെ ഇവിടെ അഡ്മിറ്റ് ചെയ്തതിന് ശേഷം ഒരു തവണ കൃത്യമായി പറഞ്ഞാൽ ഒരാഴ്ച്ച കഴിഞ്ഞ് വന്ന് പോയതാണ്…

പിന്നെ അയാൾ ഇങ്ങോട്ട് വന്നിട്ടില്ല.. ഇവിടെ കൊടുത്തിരിക്കുന്ന കോംടാക്ട് നമ്പറിൽ ഞാൻ വിളിച്ചു…. നമ്പർ നോട് റീച്ചബിൾ ആണ്…

സോ മാഡത്തിന് അറിയാതിരിക്കില്ലല്ലോ…. കാരണം മാഡം പറഞ്ഞത് പോലെ അവനൊരു അമ്മ മോനല്ലോ…. അപ്പോൾ മാഡം പറയണം ദേവ് എവിടുണ്ടെന്ന്…. ”

അരുന്ധതിയുടെ മുഖം വിവർണ്ണമാകുന്നത് യാതൊരു ഭാവവ്യത്യാസവുമില്ലാതെ അന്ന നോക്കിയിരുന്നു….

” മാഡം… പ്ലീസ്…”

ഉടൻ തന്നെ അവർ ഇരുന്നിടത്ത് നിന്നും പിടഞ്ഞെണീറ്റു…. അന്നയുടെ മുഖത്തേക്ക് നോക്കാതെ കാറ്റ് പോലെ അവർ പുറത്തേക്ക് പാഞ്ഞു…..

പുറകേ അന്നയും… അന്ന നോക്കിനിൽക്കെ തന്നെ അവർ ഓടിച്ചെന്ന് ക്രൂയിസറിന്റെ പിൻസീറ്റിൽ കയറി….

ഒരു മുരൾച്ചയോടെ ക്രൂയിസർ പുറത്തേക്ക് കുതിച്ചു….

*********************

കാറിന്റെ സീറ്റിലേക്ക് ചാഞ്ഞ് കിടന്നു കൊണ്ട് അരുന്ധതി കണ്ണുകളടച്ചു…. കടിഞ്ഞാണില്ലാത്ത കുതിരയെപ്പോല അവരുടെ മനസ്സ് പാഞ്ഞുകൊണ്ടിരുന്നു….

ഒരിക്കൽ പോലും തന്റെ ജീവിതത്തിൽ സംഭവിക്കും എന്ന് കരുതിയ കാര്യങ്ങളല്ല കഴിഞ്ഞ രണ്ട് വർഷമായി തന്റെ ജീവിതത്തിൽ അരങ്ങേറുന്നതെന്ന് അവർക്ക് തോന്നി….

മനസ്സും ശരീരവും ചുട്ട് പൊള്ളുന്നത് പോലെ…

“ഒരിക്കലും നിങ്ങളിൽ നിന്ന് ഞാനിത് പ്രതീക്ഷിച്ചില്ല…. ”

ദേവാശിഷിന്റെ വാക്കുകൾ അവരുടെ കാതുകളിൽ കിടന്ന് പൊള്ളി…..

“മോനേ….. ”

അരുന്ധതിയുടെ ഹൃദയം തകർന്ന വിളി ദേവ് കേട്ടില്ല….

…” കാണണ്ട എനിക്ക് നിങ്ങളെ… അറപ്പാണെനിക്ക്…. ”

നുരഞ്ഞ് പൊന്തുന്ന വെറുപ്പോടെ ദേവ് പറഞ്ഞു…..

” ദേവാ…”

ഒരു അലർച്ചയോടെ അരുന്ധതി ഞെട്ടി എണീറ്റു….. ആ അലർച്ചയിൽ ക്രൂയിസർ ആടിയുലഞ്ഞു…

…” മാഡം…. എന്തു പറ്റി…”

ഡ്രൈവർ സജിത്തിന്റെ ചോദ്യം മനസ്സിലാകാത്ത പോലെ അരുന്ധതി അവനെ പകച്ച് നോക്കി…

ഏറെ സമയം വേണ്ടി വന്നു അരുന്ധതിക്ക് സ്ഥലകാലബോധം ഉണ്ടാകാൻ….

” നീ ഒന്ന് പുറത്തിറങ്ങി നിൽക്ക്… എനിക്കൊരു കോൾ ചെയ്യണം…. ”

സജിത്ത് പുറത്തിറങ്ങിയതും അരുന്ധതിയുടെ മൊബൈലിൽ നിന്നും ഒരു കാൾ പോയി…. അൽപസമയം കഴിഞ്ഞപ്പോൾ മറുഭാഗത്ത് അനക്കം വന്നു…

” ധൈര്യമായിരിക്കൂ… ഞാൻ വരാം…. അതിന് ശേഷം തീരുമാനിക്കാം എന്ത് വേണമെന്ന്…”

ഉടൻ കാൾ കട്ടായി…

അരുന്ധതിയുടെ മുഖത്ത് അപ്പോഴും ഭയമുണ്ടായിരുന്നു…

തുടരും

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

വരാഹി: ഭാഗം 1

വരാഹി: ഭാഗം 2

വരാഹി: ഭാഗം 3

വരാഹി: ഭാഗം 4

വരാഹി: ഭാഗം 5

വരാഹി: ഭാഗം 6

വരാഹി: ഭാഗം 7

വരാഹി: ഭാഗം 8

വരാഹി: ഭാഗം 9

വരാഹി: ഭാഗം 10

വരാഹി: ഭാഗം 11

വരാഹി: ഭാഗം 12

വരാഹി: ഭാഗം 13