Saturday, September 14, 2024
Novel

വരാഹി: ഭാഗം 9

നോവൽ
ഴുത്തുകാരി: ശിവന്യ

” ഇയാളെന്തൊക്കെയാ ഈ പറയുന്നത്… ഞാനുമായി ഇയാൾക്ക് വിവാഹമോ? അപ്പോ ഹർഷനോ? അവനെവിടെപ്പോയി ?
അവനെയല്ലേ പ്രേമിക്കുന്നെന്നും പറഞ്ഞ് എനിക്ക് പരിചയപ്പെടുത്തി തന്നത്… എന്നിട്ടിപ്പോ…. ”

ദേവാശിഷിന്റെ ചോദ്യങ്ങൾക്കൊന്നും മറുപടി ഇല്ലാതെ വരാഹി തല കുനിച്ചു നിന്നു….

“ഇയാള് എന്തെങ്കിലും ഒന്ന് പറയുന്നുണ്ടോ…. ”

വരാഹിയുടെ മൗനം അവനെ ചൊടിപ്പിച്ചു….

അവൾ പതിയെ തലയുയർത്തി നോക്കി… അടർന്നു വീഴാറായ മുത്ത് പോലെ , സജലമായിരുന്നു അവളുടെ കണ്ണുകൾ….

” എനിക്ക്…. എനിക്ക് കൂടുതലൊന്നും പറയാനില്ല….. എന്നോടൊന്നും ചോദിക്കയുമരുത്…. ”

അവളുടെ ചുണ്ടുകൾ വിറച്ചു….

“വിവാഹത്തിന് സമ്മതമാണെങ്കിൽ എന്നെ വിളിക്കണം.. അല്ലെങ്കിൽ പിന്നെ എന്നെ അന്വേഷിക്കരുത്….”

അത്രയും പറഞ്ഞ് കൊണ്ട് ദേവാശിഷിന്റെ മറുപടിക്ക് കാത്തു നിക്കാതെ വരാഹി നടന്നകന്നു….

അവളുടെ നടത്തത്തിൽ വരെ എന്തോ മാറ്റമുണ്ടെന്ന് അവന് തോന്നി….

പൂച്ചക്കുട്ടിയെ പോലെ ഓടിച്ചാടി നടന്നവൾ, ഒരു നിമിഷം പോലും വായsക്കാതെ കലപിലാ സംസാരിച്ചവൾ .. ഇപ്പോൾ ഇണ നഷ്ടപ്പെട്ട മാൻപേടയെപ്പോലെ….. അവളുടെ ആ മാറ്റവുമായി ദേവാശിഷിന് പൊരുത്തപ്പെടാൻ പറ്റുന്നുണ്ടായിരുന്നില്ല..

തന്റെ മനസ്സിലേക്ക് ഒരു കുടംകനലു കോരിയിട്ട് അവൾ പോയപ്പോൾ എന്താണ് അവർക്കിടയിൽ സംഭവിച്ചതെന്നറിയാതെ ദേവാശിഷ് നിന്നു വിയർത്തു…

യാന്ത്രികമെന്നോണം ബുള്ളറ്റിൽ കയറി സ്റ്റാർട്ട് ചെയ്ത് ഓടിച്ചു പോകുമ്പോഴും അവന്റെ മനസ്സ് വരാഹിയിലായിരുന്നു….

*********************

വരാഹിയുമൊത്തൊരു ജീവിതം അവളെ കണ്ട നാൾ മുതൽ ദേവാശിഷിന്റെ ഏറ്റവും വലിയ സ്വപ്നമായിരുന്നു….

വിഷ്ണുവുമായുള്ള പരിചയം അത് നടത്താൻ എളുപ്പമാകുമെന്നും അവൻ വിചാരിച്ചു….
അരുന്ധതിയുടെ സപ്പോർട്ട് കൂടി കിട്ടിയപ്പോൾ പകുതി കടമ്പ കടന്നതായി തോന്നി….
അപ്പോഴാണ് ഹർഷന്റെ വരവ്….
അതോടെ തന്റെ ഇഷ്ടം പോലും അവളെ അറിയിക്കാതെ അവളിൽ നിന്നും ഒഴിഞ്ഞു മാറാനും അവളെ മറക്കാനും ശ്രമിക്കുകയായിരുന്നു…
പക്ഷേ ഇപ്പോ അവൾ തന്നെ വന്ന് വിവാഹത്തിന് സമ്മതമാണെന്ന് പറയുമ്പോൾ….

എന്ത് വേണമെന്ന് ദേവാശിഷിന് ഒരെത്തും പിടിയും കിട്ടിയില്ല….

ആരോടെങ്കിലും ഷെയർ ചെയ്യാതെ പറ്റില്ല എന്നായപ്പോൾ അവൻ കോളേജിൽ അവന്റെ കൂടെ ജോലി ചെയ്യുന്ന റിഷാദിനോട് കാര്യങ്ങൾ മുഴുവൻ പറയാമെന്ന് തീരുമാനിച്ചു….
റിഷാദും കണ്ണൂര് തന്നെയാണ്..

ഒരുമിച്ച് പഠിച്ചതല്ലെങ്കിലും കൊയമ്പത്തൂർ എത്തിയത് മുതൽ അവർ നല്ല സുഹൃത്തുക്കളാണ്…..
റിഷാദും ഭാര്യയും ദേവാശിഷിന്റെ ഫ്ലാറ്റിനടുത്ത് തന്നെയാണ് താമസം….

അവൻ വേഗം തന്നെ റിഷാദിനെ വിളിച്ച് ഫ്ലാറ്റിലേക്ക് വരാൻ പറഞ്ഞു…

പത്ത് മിനിറ്റ് കഴിഞ്ഞപ്പോഴേക്കും റിഷാദ് എത്തി….

“എന്താടാ … എന്താ പ്രോബ്ലം.. ”

അവൻ വന്നയുടനെ ചോദിച്ചതതാണ്….

“പ്രോബ്ലമോ.. ”

“അതെ.. ഞാൻ കുറേ ദിവസായി നിന്നെ ശ്രദ്ധിക്കുന്നുണ്ട്…. നിനക്കെന്തോ പ്രശ്നമുണ്ടെന്നും മനസ്സിലായിരുന്നു…. പക്ഷേ നീ ഒന്നും പറയാത്തത് കൊണ്ടാ ഒന്നും മനസ്സിലാകാത്ത ഭാവത്തിൽ നിന്നത്… പറ എന്താ കാര്യം….”

” അത്…. എടാ… അതെങ്ങനാ പറയേണ്ടതെന്ന്…. ”

” നീ മലയാളത്തിൽ പറഞ്ഞാ മതി…. എനിക്ക് മനസ്സിലാവും….”

“അതല്ലെടാ…. എനിക്ക്… എനിക്കൊരു പെണ്ണിനെ…. ഇഷ്ടാണ്….”

അവൻ മടിച്ചു മടിച്ചു പറഞ്ഞു….

ഇതുവരെയുള്ള ജീവിതത്തിൽ ആദ്യമായിട്ടാണ് തന്റെ മനസ്സിൽ ഒരാളോട് ഇഷ്ടമുണ്ടെന്ന് അവൻ തന്റെ ഏതെങ്കിലും ഒരു സുഹൃത്തിനോട് പറയുന്നത്.. അതിന്റെ എല്ലാ ജാള്യതയും അവന്റെ മുഖത്തുണ്ടായിരുന്നു….

“എടാ പഹയാ…. പെണ്ണിനെ അല്ലാതെ പിന്നെ നീ ആണിനെ ഇഷ്ടപ്പെടുവോ…. നിന്ന്‌ കിണുങ്ങാതെ ആളാരാണെന്ന് പറയ്… ബി ഇ യിലുള്ള സീനയാണോ ??.”

” സീനയോ “???

” ആ… സീന തന്നെ…. അവൾക്ക് നിന്നോടൊരു നോട്ടം ഉണ്ടെന്നാ കര കമ്പി…”

അവൻ ഒരു ആക്കിയ ചിരി ചിരിച്ചു….

”ച്ചെ… അതൊന്നുല്ലടാ..”

“പിന്നെ…..പിന്നെ ആരാ ?”

ദേവാശിഷ് പതിയെ റിഷാദിനു മുൻപിൽ മനസ്സ് തുറന്നു….

അവള് അവനെ നൈസായി ഒഴിവാക്കിയതാവും എന്നായിരുന്നു എല്ലാം കേട്ടു കഴിഞ്ഞപ്പോൾ റിഷാദിന്റെ പ്രതികരണം….

” ഇല്ലെടാ… വരാഹി അങ്ങനൊരു പെണ്ണാണെന്ന് എനിക്ക് തോന്നിയിട്ടില്ല…. ”

” അതെന്തോ ആവട്ടെ…. ഇപ്പോ നിന്റെ തീരുമാനം എന്താ… അത് പറ”….

റിഷാദ് ആകാംക്ഷയോടെ അവനെ നോക്കി….

“എനിക്കെന്തു തീരുമാനം എടുക്കണമെന്ന് അറിയില്ലെടാ… ”

“നിനക്ക് അവളെ ഇഷ്ടാണോ…”

” ഉം”

”ഇപ്പോഴും… 😕

” എപ്പോഴും “…

“ന്നാ പിന്നൊന്നും നോക്കണ്ട…. അവളെ തന്നെ കെട്ടിക്കോ…. ”

” പക്ഷേ അവർക്കിടയിൽ എന്താ സംഭവിച്ചതെന്നറിയണ്ടേ…. ”

ദേവാശിഷിന്റെ മുഖം ചുളിഞ്ഞു….

” എന്തിന്…നിനക്ക് അവളെ ആദ്യമേ തന്നെ ഇഷ്ടാണ്… നീ അത് പറയാതെ തന്നെ അവൾക്കും നിന്നെ ഇഷ്ടപ്പെട്ടത് കൊണ്ടല്ലേ വിവാഹം ആലോചിച്ചവൾ വന്നത്…. പിന്നെന്തിനാ പഴയ കാമുകന്റെ കാര്യം അന്വേഷിച്ച് പോകുന്നത്…. അതിന്റെ ആവശ്യമില്ല…”

റിഷാദ് തീർത്തു പറഞ്ഞു….

“അതല്ലെടാ…. എന്തുകൊണ്ടാണവൾ ഇങ്ങനൊരു തീരുമാനമെടുത്തതെന്നറിയണം….

ഇതിന്റെ പിന്നിലെ അവളുടെ ചേതോവികാരം അറിഞ്ഞില്ലെങ്കിൽ ചിലപ്പോൾ ഈ വിവാഹം നടന്നാലും ഞങ്ങൾക്ക് സ്വസ്ഥമായി ജീവിക്കാൻ കഴിയില്ല….. ”

അതേ കുറിച്ച് ആലോചിച്ചപ്പോൾ റിഷാദിനും അവൻ പറഞ്ഞത് ശരിയാണെന്ന് തോന്നി…

“നീ പറയുന്നതിലും കാര്യമുണ്ട്…. നീ അവളോട് ചോദിച്ചോ എന്താ പ്രശ്നമെന്ന്…”

“അതിന് ഒന്നും ചോദിക്കരുതെന്ന് ആദ്യമേ പറഞ്ഞില്ലേ…”

” എങ്കിൽ അവനെ കാണാം… അവനോട് ചോദിക്കാലോ… അവന്റെ ഡീറ്റയിൽസ് പറ…”

അപ്പോഴാണ് ദേവാശിഷും അതോർത്തത്….ഹർഷൻ എന്നൊരു പേരല്ലാതെ വേറൊന്നും തനിക്കറിയില്ലെന്ന്… താൻ ചോദിച്ചതും അവർ പറഞ്ഞതുമില്ല…. ദേവാശിഷിന്റെ മുഖം വീണ്ടും മങ്ങി….

“എന്തേ… ഒന്നും അറിയില്ലേ?

“ഇല്ല ”

“ഹാ ബെസ്റ്റ്… അവളുടെ കാമുകന്റെ കാര്യങ്ങൾ ചോദിച്ചറിയുന്നതെന്തിനാണെന്ന് വിചാരിച്ചു കാണും ല്ലേ…. ”

“ഉം “…

“ഇനിയിപ്പോ എന്തു ചെയ്യും…”

“യെസ്… കിട്ടി…ദേവാശിഷ് ആവേശത്തോടെ പറഞ്ഞു… അവന്റെ മൊബൈൽ നമ്പറുണ്ട്…. ”

” ആണോ… എങ്കിൽ വിളിക്ക്… ”

റിഷാദിനും ആവേശമായി….
ദേവാശിഷ് വേഗം തന്നെ മൊബൈൽ എടുത്ത് ഹർഷന്റെ നമ്പർ സെർച്ച് ചെയ്തു… ഭാഗ്യത്തിന് നമ്പറുണ്ടായിരുന്നു….

“ടാ… നമ്പറുണ്ട്… ഇപ്പോ തന്നെ വിളിക്കണോ…”

” നീ വിളിക്ക്… ”

അവൻ വിറക്കുന്ന കൈകളോടെ ഹർഷന്റെ നമ്പറിലേക്ക് ഡയൽ ചെയ്തു.

“റിംഗ് ഉണ്ട്…”

“ഹലോ.. ”

ഹർഷൻ കാൾ അറ്റന്റ് ചെയ്തു… പെട്ടെന്ന് എന്താ പറയണ്ടേന്ന് ദേവാശിഷിന്
ഒരു രൂപം കിട്ടിയില്ല…

“ഹലോ…. ആരാ…”
ഇത്തവണ ഹർഷന്റെ ശബ്ദം അൽപം ഉയർന്നിരുന്നു…

” ഹർഷൻ…”

“അതെ”

” ഞാൻ ദേവാശിഷ്… വരാഹീടെ….”

അവൻ പറഞ്ഞു തീരും മുൻപേ ഹർഷന്റെ ശബ്ദം ഉയർന്നു….

” ഓ… ദേവാശിഷ്… വരാഹീടെ ദേവാശിഷ്.. എന്താണ് സാറേ… നമ്മളെയൊക്കെ വിളിക്കാൻ തോന്നാൻ…”

ഹർഷന്റെ ശബ്ദത്തിലെ പരിഹാസം ദേവിന് മനസ്സിലായെങ്കിലും അവനത് പുറത്ത് കാണിച്ചില്ല….

“എനിക്കൊന്നു ഹർഷനെ കാണണമായിരുന്നു…. ”

“എന്തിനാണാവോ…”

“ചിലകാര്യങ്ങൾ സംസാരിക്കാനുണ്ട്.. ഒന്നു കാണാൻ പറ്റുമോ… അത് പറയു….”

ഇത്തവണ ദേവാശിഷിന്റെ ശബ്ദവും അൽപം കടുത്തു….

അൽപസമയം മറുഭാഗത്ത് മൗനമായിരുന്നു…

“ഉം.. ശരി… കാണാം…”

” എപ്പോഴാണ് ഹർഷൻ ഫ്രീയാവുക… ”

“ഞാനിപ്പോ ഫ്രീയല്ല… നാളെ.. നാളെ വൈകുന്നേരം കാണാം നമുക്ക്…. ”

“ഒകെ… എവിടെ എപ്പോ എന്നത് തീരുമാനിച്ചിട്ട് മെസേജിട്ടാ മതി….”

” ശരി”

ദേവാശിഷ് കാൾ കട്ട് ചെയ്തു ഫോൺ കിടക്കയിലേക്കിട്ടു…..

“നാളെ വൈകിട്ട് കാണാമെന്ന് പറഞ്ഞിട്ടുണ്ട്…

അവനെ തന്നെ ഉറ്റുനോക്കി കൊണ്ടിരുന്ന റിഷാദിനോടായ് അവൻ പറഞ്ഞു…

“ഒകെ.. അപ്പോ നാളെ നമ്മളവനെ കാണാൻ പോകുന്നു.. അതിന് ശേഷം മാത്രമേ ഈ കാര്യം ഇനി വേറെ ആരോടെങ്കിലും പറയേണ്ടതുള്ളൂ… മനസ്സിലായല്ലോ… അമ്മയോടൊന്നും പറയേണ്ടെന്ന്… ”

ഇല്ലെന്ന് ദേവാശിഷ് തലയാട്ടി..

റിഷാദ് പോയി കഴിഞ്ഞിട്ടും എന്തുകൊണ്ടോ ദേവാശിഷിന്റെ മനസ്സ് അസ്വസ്ഥമായിരുന്നു…

**********************

പിറ്റേന്ന് വൈകുന്നേരം റിഷാദിനെയും കൂടിയാണ് ദേവ് ഹർഷനെ കാണാൻ പോയത്…

അവൻ പ്രതീക്ഷിച്ച പോലെ ഹർഷൻ തനിച്ചായിരുന്നില്ല വന്നത്… അവന്റെ കൂടെ വേറെയും രണ്ട് പേരുണ്ടായിരുന്നു..

പക്ഷേ ദേവിനടുത്തേക്ക് ഹർഷൻ തനിച്ചാണ് വന്നത്.. അതുകൊണ്ട് തന്നെ റിഷാദും അവർക്കരികിലേക്ക് പോയില്ല…

ദേവാശിഷ് ഹർഷനെ തന്നെ ശ്രദ്ധിക്കുകയായിരുന്നു…. ആദ്യത്തെ കാഴ്ച്ചയിലുള്ളത് പോലെയല്ല അവന്റെ മുഖം കരുവാളിച്ചിരുന്നു…
കണ്ണിലെ പ്രകാശവും കെട്ടിരുന്നു…. പക്ഷേ ചുണ്ടിൽ ഒരു പരിഹാസച്ചിരി തത്തികളിക്കുന്നതായി ദേവിന് മനസ്സിലായി….

” എന്തിനാ സാർ കാണണമെന്ന് പറഞ്ഞത്…”

” വരാഹിയുമായി എന്താ പ്രശ്നം “?

” പ്രശ്നമോ… എന്ത് പ്രശ്നം.. “?

ഗൗരവത്തോടെ ഹർഷൻ മറുചോദ്യം എറിഞ്ഞപ്പോൾ ദേവാശിഷ് ഒന്നു പരുങ്ങി…

” ഞാനും വരാഹിയും തമ്മിൽ പ്രശ്നമുണ്ടെന്ന് ആരാ സാറിനോട് പറഞ്ഞത്.. ”

ഹർഷന്റെ ശബ്ദമുയർന്നു….

”അത്…. വരാഹി…. ”

” വരാഹി എന്ത് പറഞ്ഞു.?? ഞാനും അവളും തമ്മിൽ പിരിഞ്ഞെന്നോ…. ആ ഗാപ്പിൽ അവളുടെ മനസ്സിലേക്ക് കയറി കൂടാമെന്ന് വിചാരിച്ച് വന്നതാണോ താൻ..”

ഹർഷൻ ദേഷ്യത്തോടെ ദേവാശിഷിനെ പിടിച്ച് തള്ളി…

അത് പ്രതീക്ഷിക്കാത്തതായതിനാൽ ദേവ് പിന്നിലേക്ക് വേച്ചു വീഴാൻ പോയി…

” ഹർഷാ.. പ്ലീസ്.. ഞാൻ കാര്യണളെന്താണെന്നറിയാനാ വന്നത്… അല്ലാതെ.. ”

“എന്ത് കാര്യം….. എന്ത് കാര്യമാ തനിക്കറിയേണ്ടത്… പറയെടോ തനിക്കെന്താ അറിയേണ്ടതെന്ന്….. ”

അവന്റെ കൈ ദേവാശിഷിന്റെ കവിളിൽ ആഞ്ഞ് പതിച്ചു..
ആ അടിയിൽ ദേവ് ആടിയുലഞ്ഞു പോയി…

അപ്പോഴേക്കും റിഷാദ് ഓടി അവരുടെ അടുത്തേക്കെത്തിയിരുന്നു…

പിന്നെയും ദേവാശിഷിന്റെ അടുത്തേക്ക് പാഞ്ഞടുത്ത ഹർഷനെ അവൻ തടഞ്ഞു..

ഹർഷന്റെ കൂടെയുണ്ടായിരുന്ന രണ്ട് പേരും കൈ കെട്ടി നോക്കി നിന്നതല്ലാതെ അങ്ങോട്ടേക്ക് പോയില്ല…..

റിഷാദിനെ കുടഞ്ഞു മാറ്റിയിട്ട് ഹർഷൻ വീണ്ടും ദേവാശിഷിന്റെ അടുത്തേക്ക് നടന്നു..

“എന്റെ പെണ്ണാ വരാഹി… ഈ ജന്മം എന്നല്ല ഒരു ജന്മത്തിലും തനിക്ക് ഞാനവളെ വിട്ട് തരില്ല…. ”

അവൻ ദേവാശിഷിന്റെ മുഖത്തേക്ക് വിരൽ ചൂണ്ടി….

ദേവാശിഷ് ഹർഷന്റെ മുഖത്തേക്ക് തറപ്പിച്ചു നോക്കി കൊണ്ട് അവന് നേർക്ക് നീട്ടിയ കൈ പിടിച്ച് താഴ്ത്തി… അവന്റെ പല്ലുകൾ ഞെരിഞ്ഞമർന്നു….

” എങ്കിൽ നീ കേട്ടോ…. ഇനി നിന്റെ നിഴൽ പോലും അവളുടെ മേൽ വീഴില്ല… അവളെ സ്വന്തമാക്കാൻ നിന്നെ കൊല്ലണമെങ്കിൽ….ദേവാശിഷ് അതിനും മടിക്കില്ല… ”

തുടരും

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

വരാഹി: ഭാഗം 1

വരാഹി: ഭാഗം 2

വരാഹി: ഭാഗം 3

വരാഹി: ഭാഗം 4

വരാഹി: ഭാഗം 5

വരാഹി: ഭാഗം 6

വരാഹി: ഭാഗം 7

വരാഹി: ഭാഗം 8