Friday, June 14, 2024
Novel

വരാഹി: ഭാഗം 6

നോവൽ
ഴുത്തുകാരി: ശിവന്യ

Thank you for reading this post, don't forget to subscribe!

പിറ്റേ ദിവസം വരാഹി പറഞ്ഞ വാക്ക് പാലിച്ചു…. അവൾ സ്വന്തം ഫോണിൽ നിന്നും ദേവാശിഷിനെ വിളിച്ചു….

പക്ഷേ അതിന് മുൻപ് അവൾ വിഷ്ണുവിനെ വിളിച്ച് ദേവാശിഷിനെ കുറിച്ച് അന്വേഷിച്ചിരുന്നു….

പഠിക്കുന്ന കാലത്ത് അവൻ ഒരു
ഓൾറൗണ്ടർ ആയിരുന്നെന്ന്
അപ്പോഴാണ് അവൾ അറിയുന്നത്….

അത്യാവശ്യം പാടുകയും എഴുതുകയും പിന്നെ സ്പോർട്ട്സിലും കഴിവ് തെളിയിച്ചിട്ടുണ്ടെന്ന് മാത്രമല്ല എല്ലാ ക്ലാസിലും ബിടെകും എംടെ കും ഉൾപ്പെടെ റാങ്കോടെയാണ് പാസ്സായത് എന്നതും വരാഹിക്ക് പുതിയ അറിവായിരുന്നു…..

വിശ്വസിക്കാൻ കൊള്ളാവുന്ന ഒരാൾ വരാഹിക്കടുത്ത് ഉണ്ട് എന്നത് അവളുടെ വീട്ടുകാർക്ക് ഒരാശ്വസവുമായി…..

ദിവസങ്ങൾ കഴിയുംതോറും വരാഹിയുടേയും ദേവാശിഷിന്റെ സൗഹൃദം അവർ അറിയാതെ തന്നെ വളർന്നു….

അവളോട് തനിക്കുള്ളത് സൗഹൃദം ആണോ എന്നത് ദേവ്‌ പലവട്ടം തന്നോട് തന്നെ ചോദിച്ചു കൊണ്ടിരുന്നു..

ഒരുത്തരം അവന് കിട്ടിയില്ല…. പക്ഷേ ഒരു ദിവസം പോലും അവളോട് സംസാരിക്കാതിരിക്കാൻ അവന് സാധിക്കുമായിരുന്നില്ല…

ഓരോ ദിവസം കഴിയും തോറും ദേവ് അവളോട് കൂടുതൽ അടുത്ത് കൊണ്ടിരുന്നു….

അവളോട് അടുക്കും തോറും അവന് അമ്മയെ കുറിച്ചോർക്കുമ്പോൾ ഭയവും ഉണ്ടായിരുന്നു….

ഒരു ദിവസം വരുന്നത് വരട്ടെ എന്ന് വിചാരിച്ച് അവൻ അരുന്ധതിയുടെ മുൻപിൽ കാര്യം അവതരിപ്പിച്ചു….

പക്ഷേ അവനെ ഞെട്ടിച്ച് കൊണ്ട്
” ആ കുട്ടിയോട് ആദ്യം നീ ചോദിച്ചു നോക്കൂ വിവാഹത്തിന് സമ്മതമാണോ എന്ന്… അല്ലാതെ പ്രേമവും കളിയും ഒന്നും വേണ്ട” എന്നായിരുന്നു അവരുടെ മറുപടി…

അതൊന്നും നടക്കില്ലെന്ന് അമ്മ പറയുമെന്ന് കരുതിയ ദേവിന് ആ മറുപടി ആശ്വാസം പകരുന്നതായിരുന്നു….

എത്രയും പെട്ടെന്ന് തന്നെ വരാഹിയുടെ മനസ്സറിയാൻ അവൻ തീരുമാനിച്ചു…..

*************************

“അതേയ്… നാളെ ഒന്ന് മീറ്റ് ചെയ്യാൻ പറ്റുമോ….”

വരാഹിയുടെ ശബ്ദം അവൻ ഫോണിലൂടെ കേട്ടു….

” ആഹാ.. ഇതേ കാര്യം ചോദിക്കാൻ അങ്ങോട്ട് വിളിക്കാനിരിക്കുകയായിരുന്നു ഞാൻ…”

ദേവാശിഷിന്റെ ശബ്ദത്തിൽ സന്തോഷം തുടിച്ചു….

“അതെന്തിനാ ”

“ഒരാളെ ഇയാൾക്ക് പരിചയപ്പെടുത്തി തരാൻ…. ഇനി ഇയാൾ പറ… എന്നെ എന്തിനാ കാണാൻ വിളിച്ചത്…”

“ഒരാളെ ദേവിന് പരിചയപ്പെടുത്തി തരാൻ…”

അതും പറഞ്ഞ് വരാഹി പൊട്ടിച്ചിരിച്ചു…

“ഒന്നു പോടീ… ”

ദേവാശിഷിന്റെ മറുപടി കേട്ടപ്പോൾ അവളുടെ ചിരിയുടെ ശബ്ദം ഉറക്കെ ആയി….

” നിന്റെ ഈ ചിരിയാണ് പെണ്ണേ എന്നെ കൊതിപ്പിക്കുന്നത്….”

അവൻ മനസ്സിൽ പറഞ്ഞു…

” എവിടെ വെച്ച് കാണും… ” ?

“ഇയാള് പറഞ്ഞോ…. എപ്പോഴും ഇയാള് തന്നല്ലേ തീരുമാനിക്കുന്നെ… ”

“ഒകെ…. എങ്കിൽ നാളെ രാവിലെ പത്ത് മണി ആകുമ്പോൾ ബ്രൂക്ഫീൽഡ്സിൽ വരാവോ…???

അവൾ ചോദിച്ചു….

“അതെന്താ അവിടെ… ഷോപ്പിംഗ് വല്ലതുമുണ്ടോ..”

” ഉം… ഇത്തിരി… ”

“എന്റെ പൊന്നുമോളേ… ഷോപ്പിംഗിന് കൂട്ട് വരാനാണേൽ എന്നെ വിട്ടേക്ക് ട്ടോ… നിങ്ങള് പെണ്ണുങ്ങൾ ഷോപ്പിംഗ് തുടങ്ങി കഴിഞ്ഞാൽ പിന്നെ ഞങ്ങള് ആണുങ്ങള് പോസ്റ്റാകേണ്ടി വരും… ”

” അതിന് ദേവ് എത്ര പെണ്ണുങ്ങളുടെ കൂടെ ഷോപ്പിംഗിന് പോയിട്ടുണ്ട്…. “?

അവളുടെ ചോദ്യത്തിന് മുൻപിൽ അവനൊന്നു ചമ്മി….

” ഞാൻ പോയിട്ടില്ല… പക്ഷേ പറഞ്ഞു കേട്ടിട്ടുണ്ട്… ”

“ഓ ശരി രാജാവേ…. നിങ്ങള് വലിയ സംഭവം തന്നാ… പിന്നെ ഷോപ്പിംഗിനൊന്നുമല്ല കേട്ടോ….. ഒരാളെ പരിചയപ്പെടുത്തി
തരാനാ “….

” ആരെ…”

” അത് നാളെ അറിയാം…”

” വരാഹി… ”

അപ്പോഴേക്കും അവൾ കാൾ കട്ട് ചെയ്തിരുന്നു….

ഇനി ആരെയാവും അവൾ പരിചയപ്പെടുത്തി തരാൻ പോകുന്നതെന്നോർത്ത് അവൻ വിഷണ്ണനായി…

**********************

പതിവ് പോലെ ദേവാശിഷ് അതിരാവിലെ ഉണർന്നു…. ജോഗിംഗ് കഴിഞ്ഞ് വന്നയുടനെ അവൻ അരുന്ധതിയുടെ നമ്പർ ഡയലിംഗിലിട്ടു…

” ദേവാ… ജോഗിംഗ് കഴിഞ്ഞെത്തിയോ…”

” യെസ് അമ്മാ… ദാ വന്നതേയുള്ളൂ… അച്ഛനെന്തിയേ അമ്മാ….”

” എണീറ്റിട്ടില്ല… നല്ല ഉറക്കം…. നിന്റെ അച്ഛന്റെ ഈ ഉറക്ക ഭ്രാന്താ പ്രിയക്കും കിട്ടിയിട്ടുള്ളത്….”

” അപ്പോൾ എനിക്കോ…”

” നീ അമ്മേടെ മോനല്ലേ…. പിന്നെ… ഫുഡ് നീ പ്രിപ്പയർ ചെയ്യുമോ… അല്ല.. ”

“ഇല്ലമ്മാ ഇന്ന് ടൈം ഇല്ല… പിന്നെ അമ്മാ ഞാനിന്ന് വരാഹിയെ കാണാൻ പോവുകയാ… എന്റെ ഇഷ്ടം അവളോട് പറയാൻ…”

” ഉം… ശരി… അവളെ കണ്ട് കഴിഞ്ഞ് നീ എന്നെ വിളിക്കണം”….

“വിളിക്കാം അമ്മാ…”

കാൾ കട്ട് ചെയ്തതിന് ശേഷം ഒരു മൂളിപ്പാട്ടും പാടി കൊണ്ട് അവൻ ഫ്രഷാകാൻ പോയി….

വരാഹിയുടെ മുൻപിൽ തന്റെ മനസ്സിലുള്ളത് തുറന്ന് കാണിക്കാൻ പോകുന്നു എന്ന ഓർമ്മയിൽ അവന്റെ ശരീരം കോരിത്തരിച്ചു…

വരാഹിക്ക് ആദ്യം അമ്മയെ പരിചയപ്പെടുത്തി കൊടുക്കണം… അതിന് ശേഷമാവണം തന്റെ ഇഷ്ടം അവളോട് പറയേണ്ടതെന്ന് അവൻ മുൻപേ തീരുമാനിച്ചിരുന്നു..

ഇനി അവൾക്ക് തന്നെ ഇഷ്ടമല്ലാതെ വരുമോ…. ഏയ് ഇല്ല…. തന്നോട് അവൾക്കെന്തോ പ്രത്യേക ഇഷ്ടമുള്ളത് പോലെ തന്നെയാണ് അവളുടെ പെരുമാറ്റം… മാത്രമല്ല തനിക്കെന്താ ഒരു കുറവുള്ളത്… സൗന്ദര്യം ഉണ്ട്.. നല്ല ജോലിയുണ്ട്…. ഫാമിലിബാക്ക് ഗ്രൗണ്ടും ഒകെയാണ്… പിന്നെന്താ വേണ്ടത്….

വരാഹിയെ കാണാൻ പോകുന്നതിന് വേണ്ടി റെഡിയാകുന്നതിനിടയിൽ ഇങ്ങനെയുള്ള പല ചോദ്യങ്ങളും ഉത്തരങ്ങളും അവന്റെ മനസ്സിൽ നിറഞ്ഞു…

അവൾക്ക് തന്നെ ഇഷ്ടമായിരിക്കുമെന്ന് അത്രയേറെ ഉറപ്പുണ്ടായിരുന്നെങ്കിലും അകാരണമായൊരു ഭയം അവന്റെ ഉള്ളിൽ എവിടെയോ ഉണ്ടായിരുന്നു…

**********************

ബ്രൂക്ഫീൽഡ്സിന്റെ പാർക്കിംഗ് സെന്ററിൽ ബുള്ളറ്റ് പാർക്ക് ചെയ്ത് കഴിഞ്ഞ് അവൻ ഫോണിൽ വരാഹിയെ വിളിച്ചു..

” ഇയാള് എവിടെയാ…”

” ഞാൻ ഫസ്റ്റ് ഫ്ലോറിൽ ഉണ്ട്…കഫേ കോഫി ഡേയിൽ…”

” ഒകെ… ഞാനങ്ങോട്ട് വരാം.. ”

അവൻ ബുള്ളറ്റിന്റെ കീ കയ്യിലിട്ട് കറക്കി കൊണ്ട് ലിഫ്റ്റിനരികിലേക്ക് നടന്നു..

കഫേ കോഫി ഡേയിൽ അധികം ആരുമുണ്ടായിരുന്നില്ല…

ദേവാശിഷ് ചുറ്റും കണ്ണോടിച്ചു…. ഷോപ്പിന്റെ ഒരു മൂലയിൽ ഉള്ള ടേബിളിലെ ചെയറിലിരുന്ന് കൊണ്ട് വരാഹി അവന് നേരെ കൈ വീശി കാണിച്ചു..

അവനങ്ങോട്ട് നടന്നു….

അവിടെ വരാഹി തനിച്ചായിരുന്നില്ല’…

കൂടെ ഒരു ചെറുപ്പക്കാരനുണ്ടായിരുന്നു….

വെളുത്ത് മെലിഞ്ഞ് നീളൻ മുഖവും നീണ്ട തലമുടിയും ഉള്ള ഒരു യുവാവ്…. പൂച്ചയുടേത് പോലുള്ള നീലകണ്ണുകൾ…. ഇടയ്ക്കിടെ അത് തിളങ്ങുന്നതായി തോന്നി ദേവിന്…

ദേവാശിഷ് അയാളെ കണ്ട് അമ്പരന്നു… അവന് അതാരാണെന്ന് മനസ്സിലായില്ല..

“ഹായ് ദേവ്…”

“ഹായ്….”

വരാഹിയെ തിരിച്ച് വിഷ് ചെയ്തെങ്കിലും അവന്റെ കണ്ണുകൾ ആ യുവാവിന്റെ മുഖത്തായിരുന്നു…

“ഹായ്.. ”

അവൻ ദേവാശിഷിന് നേർക്ക് കൈ നീട്ടി..

“പരിചയപ്പെടുത്തി കൊടുക്കെടീ… ”

അവൻ ചെറുചിരിയോടെ വരാഹിയെ നോക്കി..

”ദേവ്…. ഇത്.. ഇതാണെന്റെ പ്രണയം… ഹർഷൻ….”

അത് പറയുമ്പോൾ വരാഹിയുടെ മുഖം നാണം കൊണ്ട് ചുവന്നിരുന്നു…

നെറ്റിയിക്ക് വീണു കിടക്കുന്ന നീളൻ മുടികൾ ഹർഷൻ കൈ കൊണ്ട് മാടി വെച്ചു…..

ഹർഷൻ നീട്ടിയ കയ്യിൽ പിടിക്കാനാവാതെ ദേവാശിഷ് തറഞ്ഞു നിന്നു…..

തുടരും

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

വരാഹി: ഭാഗം 1

വരാഹി: ഭാഗം 2

വരാഹി: ഭാഗം 3

വരാഹി: ഭാഗം 4

വരാഹി: ഭാഗം 5