Saturday, April 20, 2024
Novel

അനുരാഗം : ഭാഗം 19

Spread the love

എഴുത്തുകാരി: അഞ്ജലി അഞ്ജു

Thank you for reading this post, don't forget to subscribe!

“കാഡ് നോക്കാതെയാണോ വന്നത്.?”

ഞാൻ മിണ്ടാതെ തല കുനിച്ചു നിന്നു.

“ഇന്നലെ നേരത്തേ പോയിട്ടും നോക്കാൻ സമയം കിട്ടിയില്ലേ? ”

ഇതൊരുമാതിരി സാറന്മാർ ചോദ്യം ചോദിക്കും പോലെ ആയല്ലോ. എന്തെങ്കിലും പറഞ്ഞു തടി തപ്പണം

“കാര്യം പറയു”

“അത് പിന്നെ പാറുവിനു റൂമെടുക്കാൻ കൂട്ട് പോയിരുന്നു. എല്ലാം ശെരിയായപ്പോൾ ലേറ്റ് ആയി. പിന്നെ രാത്രി സുഖമില്ലായിരുന്നു.”

“ആണോ ഓക്കേ. അപ്പോ പാറു ഞാൻ ശെരിയാക്കി കൊടുത്ത റൂം വെക്കേറ്റ് ചെയ്തോ?

ആഹാ നന്നായി. ഇയാളാണോ റൂം ശെരിയാക്കിയത്. തെണ്ടി അവൾക്ക് ഇതെന്നോടൊന്നു പറയായിരുന്നു. ഇനിയിപ്പോ ഒന്നും പറയാൻ ഇല്ലാത്തോണ്ട് നന്നായി ചിരിച്ചു കാണിച്ചു.

എന്റെ കള്ളത്തരം ഒന്നും ഇങ്ങേരുടെ അടുത്ത് ഏക്കുന്നില്ലല്ലോ. സാധാരണ എല്ലാവരുടെ മുന്നിലും ഒരു വിധം പിടിച്ചു നിക്കാറുള്ളതാ.

“എന്താണ് അടുത്ത നുണ ആലോചിക്കുവാണോ?”

“അല്ല.”അൽപം മുഖം വീർപ്പിച്ചു ഞാൻ പറഞ്ഞു.

“എങ്കിൽ പോയി വരച്ചു പഠിച്ചോളൂ.”

ഞാൻ പോയി വരയ്ക്കാൻ തുടങ്ങി. ഇടക്ക് ഇടം കണ്ണിട്ട് ഞാൻ റിഷിയേട്ടനെ നോക്കുമ്പോളൊക്കെ ഏട്ടൻ എന്നെ നോക്കുന്നുണ്ടായിരുന്നു. ഇതിപ്പോ ഒരു മാതിരി പണി ആയി പോയല്ലോ. ഇതിലും ഭേദം വെങ്കി സാറായിരുന്നു.

എന്തെങ്കിലും മനസമാധാനത്തോടെ വരയ്ക്കാൻ പറ്റുവോ തെറ്റൊക്കെ പുള്ളിയും കാണില്ലേ?
അല്ല ഇങ്ങേർക്ക് വേറെ ഒരു പണിയും ഇല്ലേ ഈ എന്നെയും നോക്കി ഇരിക്കാൻ.

നാണമില്ലാത്ത മനുഷ്യൻ അല്ല ഇടക്ക് ചിരിക്കുന്ന പോലെയും തോന്നുന്നല്ലോ. അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ. ഞാൻ റിഷിയേട്ടനെ കൂർപ്പിച്ചു നോക്കി.

“എന്താ?”

കനത്തിൽ തന്നെ ഞാൻ ചോദിച്ചു.
പെട്ടെന്ന് എന്റെ ഭാഗത്തു നിന്ന് ഇങ്ങനെയൊരു നീക്കം പ്രതീക്ഷിച്ചില്ലെന്ന് ആ മുഖം വ്യക്തമാക്കുന്നുണ്ടായിരുന്നു.

“ഇങ്ങനെ നോക്കി കൊണ്ടിരുന്നാൽ എനിക്ക് സമാധാനത്തോടെ വരയ്ക്കാൻ പറ്റില്ല.”

രണ്ടു വിരലും ചൂണ്ടി കണ്ണു കുത്തി പൊട്ടിക്കും എന്ന് എക്സ്പ്രഷനും ഇട്ടു. അയാളെന്നെ അന്യഗ്രഹ ജീവിയെ കണ്ട പോലെ നോക്കുന്നു.

ഹും ആരാണെന്നാ വിചാരം. എംഡി ആണെന്നും വെച്ചു അങ്ങ് താന്നു കൊടുക്കണ്ട കാര്യമൊന്നും ഇല്ലല്ലോ.

അൽപം ഗൗരവത്തിൽ തന്നെ ഇരുന്നു വേറെ ഒന്നും കൊണ്ടല്ല ഒന്നാമതെ എനിക്ക് ഒന്നും അറിയില്ല അതിനിടക്ക് ഇങ്ങേരു അത് നോക്കി ഇരുന്നാൽ എനിക്ക് നാണക്കേടാണ്.

പഠിക്കാതെ വരാൻ തോന്നിയ നിമിഷത്തെ ഇതിനോടകം ഒരു നൂറു തവണയെങ്കിലും ശപിച്ചിട്ടുണ്ടാവും.

എങ്ങനെയോ അഞ്ച് മണിയായി. ഏതായാലും ഞാൻ അങ്ങനെ പറഞ്ഞതിൽ പിന്നെ റിഷിയേട്ടൻ ഡീസന്റ് ആയി പോയി.

പോകാൻ എഴുന്നേറ്റപ്പോൾ നാളെ എല്ലാം പഠിച്ചു വരണമെന്ന് മാത്രം പറഞ്ഞു. നിഷ ചേച്ചിയോടും യാത്ര പറഞ്ഞു പുറത്തേക്ക് ഇറങ്ങിയപ്പോൾ പാറു വന്നു.

പിന്നെ അവളോട് കഥയൊക്കെ പറഞ്ഞു. അവളും പറഞ്ഞു. അവൾ രക്ഷപെട്ടെന്നെ. ഒരു പണിയുമില്ല. ഇടയ്ക്ക് എപ്പോഴോ റിഷിയേട്ടന്റെ കാർ ഞങ്ങളെ കടന്നു പോകുന്നത് കണ്ടു.

ഇപ്പോൾ ഞങ്ങൾ വന്നിട്ട് രണ്ട് മാസം ആയി. ഒരു വിധം കാര്യങ്ങളൊക്കെ ഞാൻ പഠിച്ചു തുടങ്ങിയിരിക്കുന്നു. എങ്കിലും പോരാ കേട്ടോ.

എത്രയൊക്കെ ശ്രെമിച്ചാലും പെൺപിള്ളേർക്ക് പഠിക്കാൻ ഉള്ള കഴിവ് ജോലിക്ക് ഉണ്ടാവില്ല. എന്റെ ഒരു അഭിപ്രായം ആണ് കേട്ടോ.

എനിക്ക് ആണേൽ കോമൺ സെൻസ് ഒട്ടും ഇല്ല. ഇപ്പോൾ ഏകദേശം ഓഫീസിൽ കൂടെയുള്ളവർക്ക് അത് മനസ്സിലായിട്ടുണ്ട്. ഞങ്ങളുടെ കുടെയുള്ളതിൽ രേവതി എന്ന കുട്ടി ഒഴിച്ച് ബാക്കി എല്ലാവരും നല്ല കൂട്ടാണ്.

ആ കുട്ടി ഭയങ്കര ജോലി തിരക്ക് കാണിക്കും ഞങ്ങളുടെ ഒപ്പം കൂടാൻ വരില്ല. വെങ്കി സാറൊക്കെ ഇപ്പോ എന്റെ കൂട്ടുകാരൻ ആണ്. പിന്നെ ആകെ അൽപം പേടിയുള്ളത് സന്ധ്യ ചേച്ചിയേ ആണ്.

വേറെ ഒന്നും കൊണ്ടല്ല ബഹുമാനം കൊണ്ടുള്ള പേടിയാണ്. കുറച്ചു ജോലി കൂടുതലാണെന്ന് ഒഴിച്ചാൽ ബാക്കി ഒക്കെ സന്തോഷം. ആകെ ഉള്ള ഒരു വിഷമം റിഷിയേട്ടൻ ആണ്.

എന്തിനും ഏതിനും എന്നെ വിളിച്ചു തെറ്റ് കണ്ടു പിടിച്ചു പറയലാണ് മെയിൻ ഹോബി. ഇപ്പോ കൂടെ ഉള്ളവരും ഇത് പറഞ്ഞാണ് എന്നെ കളിയാക്കുന്നത്. മനുഷ്യനെ നാണം കെടുത്താൻ.

ആകെ ഉള്ള ആശ്വാസം ആരും കേൾക്കെ ചീത്ത പറയില്ല. പിന്നെ എന്തെങ്കിലും പറഞ്ഞാൽ ഞാനും വിട്ട് കൊടുക്കില്ല. അത്യാവശ്യം നല്ലവണ്ണം ഞാനും തിരിച്ചു പറയും അപ്പോ ആൾക്കും എന്തോ സമാധാനമാവും.

പക്ഷെ എന്നോട് മാത്രേ ഉള്ളൂ കേട്ടോ ഇങ്ങനെ വേറെ എല്ലാവരോടും ദേഷ്യപ്പെടുന്നത് കാണുമ്പോ എനിക്ക് പേടിയായിട്ടുണ്ട്.

പിന്നെ നമ്മുടെ പാറു സൈറ്റിൽ ബംഗാളികളുടെയും പണിക്കാരുടെയും കൂടെ അടിച്ചു പൊളിക്കുവാ.

പണി ഇല്ലാത്തപ്പോൾ അവൾ കറങ്ങി നടക്കും. കുറച്ചു കുശുമ്പ് തോന്നും അവൾ കഥയൊക്കെ പറയുമ്പോൾ. ആഹ് എന്നാ ചെയ്യാനാ.

എന്റെ ജോലിയെന്ന് വെച്ചാൽ, സന്ധ്യ ചേച്ചി പറഞ്ഞു തരും ഞാൻ അത് പോലെ വരച്ചു കൊടുക്കണം. ചേച്ചിയും ചെക്ക് ചെയ്യും. തെറ്റൊക്കെ പറഞ്ഞു തരും. ഞാൻ വരും മുന്നേ രേവതി ആയിരുന്നു ഇങ്ങനെ ചെയ്തിരുന്നത്. ഇപ്പോ ഞാനാണ്.

ഞാൻ ചെയ്യാൻ തുടങ്ങിയതിൽ പിന്നെ കുറേ വർക്ക്‌ നമ്മുടെ ഓഫീസിൽ നിന്ന് വിട്ട് പോയിട്ടുണ്ട്. പ്ലാൻ ഇഷ്ടമല്ലാത്ത കൊണ്ടാണോ വേണ്ടാത്ത കൊണ്ടാണോ എന്ന് അറിയില്ല.

ഇതിനെ പറ്റി അവർ പറഞ്ഞപ്പോൾ എനിക്ക് സങ്കടം തോന്നി എന്റെ കുഴപ്പം കൊണ്ടല്ലെങ്കിലും ഞാൻ ചെയ്യാൻ തുടങ്ങിയപ്പോ വർക്ക് പോയെന്ന് പറയുമ്പോ ഒരു വിഷമം തോന്നുമല്ലോ. ഇതിനു പിന്നിൽ എന്തോ ഉണ്ടെന്ന് എനിക്ക് തോന്നി.

വെറുതെ വർക്ക്‌ അങ്ങനെ പോകണ്ട കാര്യമില്ലല്ലോ. എന്റെ കുരുട്ട് ബുദ്ധി ഞാൻ അത് കണ്ടു പിടിക്കാൻ പ്രയോഗിച്ചു കൊണ്ടിരിക്കുവാ.

അങ്ങനെയിരിക്കുമ്പോളാണ് ഒരു ദിവസം നമ്മുടെ സന്ധ്യ ചേച്ചി വന്നില്ലായിരുന്നു. അത്യാവശ്യം നല്ലൊരു പ്രൊജക്റ്റ്‌ നമുക്ക് വന്നിട്ടുണ്ട്. മൂർത്തി സാറിന്റെ പ്രിയപ്പെട്ട ആരുടെയോ ആണ്.

ആദ്യത്തെ പ്ലാൻ കാണിച്ചപ്പോൾ അവർക്ക് ഇഷ്ടായി പക്ഷെ കുറച്ചു ചെയിൻജെസ് ഉണ്ടായിരുന്നു.

അതൊക്കെ ശെരിയാക്കി ചേച്ചിയെ നേരത്തേ തന്നെ കാണിച്ചതായിരുന്നു. ചേച്ചി വരാഞ്ഞത് കൊണ്ട് അത് ഞാൻ ആണ് അയച്ചു കൊടുത്തത്.

ഒരു ഉച്ച ആകാറായപ്പോ മൂർത്തി സാറും വേറെ കുറച്ചു പേരും വന്നു. കുറേ കഴിഞ്ഞ് ലീവ് ആയിരുന്ന സന്ധ്യ ചേച്ചിയും വന്നു.

കുറച്ചു കഴിഞ്ഞ് എന്നെയും അങ്ങോട്ടേക്ക് വിളിപ്പിച്ചു. ഞാൻ ചെല്ലുമ്പോൾ സന്ധ്യ ചേച്ചി എന്തോ സങ്കടപ്പെട്ട് നിക്കുന്നുണ്ട്.

മൂർത്തി സാറിന് ഗൗരവം ആണ്. എല്ലാവരും പറഞ്ഞത് വെച്ചു സാർ ഇങ്ങനെയുള്ള ആളല്ല.

“ഇതാണോ അനുരാഗ?”മൂർത്തി സാറാണ്.

“അതേ.”സന്ധ്യ ചേച്ചി പറഞ്ഞു.

പാവം ചേച്ചിയുടെ മുഖത്തു ദയനീയ ഭാവം നിഴലിച്ചിരുന്നു.

“ഇന്ന് ശ്രീദേവി ഗ്രൂപ്പിന്റെ പ്ലാൻ ഇയാളാണോ അയച്ചത്.”

“അതേ.”

എല്ലാവരുടെയും ഭാവം കാണുമ്പോൾ എന്നിലും ഭയം ഇരുണ്ടു കൂടിയിരുന്നു. ഈശ്വരാ എന്താണാവോ പ്രശ്നം. എന്താണെങ്കിലും നിസാര കാര്യമല്ല.

“ഓക്കേ അപ്പോൾ ഈ പ്ലാൻ നോക്കി കുട്ടി ഉദേശിച്ചത്‌ എന്താണെന്ന് ഞങ്ങൾക്ക് കൂടെ പറഞ്ഞു തരു.”

ഇതും പറഞ്ഞു ഒരു പ്ലാൻ ലാപ്പിൽ എടുത്ത് എനിക്ക് നേരെ നീട്ടിയിരുന്നു. പക്ഷെ ഞാൻ അയച്ച പ്ലാൻ ആയിരുന്നില്ല അത്.

എന്താണ് സംഭവിച്ചതെന്ന് പോലും എനിക്ക് മനസിലാവുന്നുണ്ടായിരുന്നില്ല. പേടി കൊണ്ട് മനസ് മുഴുവൻ ബ്ലാങ്ക് ആയി പോയിരുന്നു.

“പക്ഷെ ഞാൻ അയച്ചത്..”

വാക്കുകൾ തൊണ്ടയിൽ തന്നെ കുടുങ്ങി കിടക്കുന്നു. പുറത്തേക്ക് വരുന്നില്ല. കണ്ണുകളൊക്കെ നിറഞ്ഞു വരുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു.

“ഒരു പ്ലാൻ അയക്കുമ്പോൾ മാറി പോകുക എന്ന് പറഞ്ഞാൽ അത്ര നിസാര കാര്യമാണോ? സന്ധ്യ പറഞ്ഞല്ലോ നിങ്ങൾ ചെയ്തത് ഈ പ്ലാനല്ല എന്ന്.

അപ്പോ ഇത് ഏതാണ്? നമ്മുടെ കുറേ വർക്ക്‌ ഇപ്പോൾ മിസ്സ്‌ ആയി പോയിട്ടുണ്ട്.

ഇതൊക്ക വെച്ചു നോക്കുമ്പോൾ കുട്ടി മനഃപൂർവം ചെയ്‌തതാണോ എന്ന് വരെ സംശയിക്കേണ്ടിയിരിക്കുന്നു.”

എവിടാണ് പിഴവ് സംഭവിച്ചതെന്ന് തിരിച്ചറിയാനാവാത്തത് കൊണ്ട് തല കുനിച്ചു നിൽക്കാനെ തോന്നിയുള്ളൂ.

“കരയാതെ കാര്യം പറയൂ. ഇതിപ്പോ എന്റെ സുഹൃത്ത് ആയത് കൊണ്ട് പ്രൊജക്റ്റ്‌ വേറെ ഒരാൾക്ക് കൊടുക്കാതെ കാര്യം എന്നോട് പറഞ്ഞു. വേറെ ആരെങ്കിലുമാണെങ്കിലോ?”

എന്തൊക്കെയോ അവർ പറയുന്നത് കേൾക്കുന്നുണ്ടെങ്കിലും തലയിലേക്ക് കേറാത്തത് പോലെ.

എന്തായിരിക്കും ശെരിക്കും സംഭവിച്ചത്? അത് മാത്രമായിരുന്നു എന്റെ മനസ്സിൽ.

പെട്ടെന്ന് ഡോർ തുറന്ന് വന്ന ആളെ കണ്ടപ്പോൾ എനിക്ക് സങ്കടം സഹിക്കാൻ പറ്റിയില്ല. പരിഭ്രമത്തോടെ റിഷിയേട്ടൻ എന്നെ നോക്കിയപ്പോൾ തല കുനിച്ചു നിക്കാൻ മാത്രമേ എനിക്ക് കഴിഞ്ഞുള്ളു.

“റിഷി നീ കാര്യങ്ങൾ അറിഞ്ഞു കാണുമല്ലോ? ദേ ഈ കുട്ടിയാണ് അയച്ചു കൊടുത്തത്.”

“അച്ഛാ ഞാൻ പറഞ്ഞിട്ടാണ് അനുരാഗ അത് അയച്ചു കൊടുത്തത്.”

ഒരു ഞെട്ടലോടെ ഞാൻ ഏട്ടനെ നോക്കി.

 

തുടരും………

അനുരാഗം : ഭാഗം 1

അനുരാഗം : ഭാഗം 2

അനുരാഗം : ഭാഗം 3

അനുരാഗം : ഭാഗം 4

അനുരാഗം : ഭാഗം 5

അനുരാഗം : ഭാഗം 6

അനുരാഗം : ഭാഗം 7

അനുരാഗം : ഭാഗം 8

അനുരാഗം : ഭാഗം 9

അനുരാഗം : ഭാഗം 10

അനുരാഗം : ഭാഗം 11

അനുരാഗം : ഭാഗം 12

അനുരാഗം : ഭാഗം 13

അനുരാഗം : ഭാഗം 14

അനുരാഗം : ഭാഗം 15

അനുരാഗം : ഭാഗം 16

അനുരാഗം : ഭാഗം 17

അനുരാഗം : ഭാഗം 18