Monday, November 4, 2024
Novel

വരാഹി: ഭാഗം 4

നോവൽ
ഴുത്തുകാരി: ശിവന്യ

“കാമുകനോ…..”

അന്ന അമ്പരന്ന് പോയി…..

”അതെ….. ഹർഷൻ അവളുടെ കാമുകനാണെന്ന് തന്നെയാണ് ദേവാശിഷ് പറഞ്ഞത്….”

അരുൺ എഴുന്നേറ്റ് പതിയെ ഹാളിലേക്ക് നടന്നു….
പിന്നാലെ അന്നയും…..

” അപ്പോൾ ഹർഷനെന്ന കാമുകനെ തേച്ച് ദേവാശിഷിനെ വിവാഹം ചെയ്തതാവാം ചിലപ്പോൾ വരാഹിയുടെ മാനസ്സിക നില തെറ്റാൻ കാരണം…. ”

അന്ന ഊഹിച്ചു….

” തേച്ചോ….?

അരുൺ ചോദ്യഭാവത്തിൽ അന്നയെ നോക്കി….

” ആ.. അരുൺ കേട്ടിട്ടില്ലേ….. തേപ്പ്… ഇപ്പോഴത്തെ ട്രെൻറ് വാക്കല്ലേ അത്…. അവളെന്നെ തേച്ചൊട്ടിച്ചു …. അവനെന്നെ തേച്ചിട്ട് പോയി….”

അന്ന കൈ കൊണ്ട് ആംഗ്യം കാണിച്ച് പറയുന്നത് കണ്ടപ്പോൾ അരുണിന് ചിരി വന്നു.. പക്ഷേ പൊടുന്നനെ ആ മുഖം മ്ലാനമായി…

“സാഹചര്യങ്ങളാവാം അന്ന പലരെ കൊണ്ടും പലതും ചെയ്യിക്കുന്നത്…. പറഞ്ഞു വരുമ്പോൾ ഞാനും….;

അവൻ അർദ്ധോക്തിയിൽ നിർത്തി….

“ഞാനും…??”

അന്ന ചോദ്യഭാവത്തിൽ അവനെ നോക്കി….

അവൾക്ക് മുഖം കൊടുക്കാനാവാതെ അവൻ തിരിഞ്ഞ് നിന്നു….
അരുണിന്റെ മുഖത്ത് അപ്പോൾ വല്ലാത്തൊരു ഭാവമായിരുന്നു…..

” അരുൺ…. വാട്ട് ഹാപ്പെൻഡ്…. ”

അന്ന പതിയെ അവന്റെ മുൻപിലേക്ക് വന്നു….

“നതിംഗ്…. അവൻ മുഖത്ത് നിന്നും കണ്ണട മാറ്റി കണ്ണ് അമർത്തി തുടച്ചു….

അപ്പോഴാണ് അവന്റെ കണ്ണ് നിറഞ്ഞിരുന്നതായി അവൾക്ക് മനസ്സിലായത്….

“തനിക്ക് വരാഹിയെ കുറിച്ചറിയണ്ടേ ”

” വേണം… ”

അവൾ മറ്റെല്ലാം മറന്ന് ആവേശത്തിലായി….

” പറയാം”….

അന്ന വരാഹിയുടെ കഥ കേൾക്കാനായി കാത് കൂർപ്പിച്ചിരുന്നു…..

**********************

ചേച്ചിയുടെ വിവാഹം പ്രമാണിച്ച് എടുത്ത ലീവ് കഴിഞ്ഞ് കൊയമ്പത്തൂരേക്കുള്ള മടക്കയാത്രയിൽ ആയിരുന്നു ദേവാശിഷ്….

ഒന്ന് നാൽപതിന് കണ്ണൂരെത്തുന്ന മംഗലാപുരം കൊയമ്പത്തൂർ സൂപ്പർഫാസ്റ്റിനെ കാത്തിരിക്കുമ്പോഴായിരുന്നു ദേവാശിഷ് അവളെ ആദ്യമായി കാണുന്നത്…..

കിലുക്കാംപെട്ടി തുറന്നത് വെച്ചത് പോലെ ഒരേ സമയം സംസാരിക്കുകയും ചിരിക്കുകയും ചെയ്യുന്നൊരു പെൺകുട്ടി….. ഏകദേശം ഒരു പതിനെട്ട് വയസ്സ് കാണും….

വെളുത്ത് മെലിഞ്ഞ നീളൻ കൈകൾ നിറയെ ചുവന്ന കുപ്പിവളകൾ….. “ഇന്നാരാ കുപ്പിവളകളൊക്കെ ഇടുന്നതെന്ന് അവനോർത്തു…..

നീണ്ട മുഖത്തെ വലിയ കണ്ണുകളായിരുന്നു അവളുടെ പ്രത്യേകത….. ചിരിക്കുമ്പോൾ ആ കണ്ണുകൾ തുറക്കുകയും അടക്കുകയും ചെയ്യുന്നത് നോക്കി അവനിരുന്നു….

സംസാരിക്കുമ്പോൾ വായുവിൽ പറന്ന് കളിക്കുന്ന അവളുടെ കൈകൾ കണ്ടപ്പോൾ അവളുടെ നാവിനെക്കാളേറെ സംസാരിക്കുന്നത് അവളുടെ കൈകളാണെന്ന് അവന് തോന്നി……

കാറ്റിൽ ഒഴുകി നടക്കുന്ന വാർമുടി അവളൊരു ക്ലിപ്പെടുത്ത് മുകളിലേക്ക് ഉയർത്തി കെട്ടിവെക്കുന്നത് അവൻ സാകൂതം വീക്ഷിച്ചു….

കടും ചുവപ്പ് നിറത്തിലുള്ള ലോങ്ടോപ്പും ലെഗ്ഗിങ്സുമായിരുന്നു അവളുടെ വേഷം…. കൈത്തണ്ടയിൽ അലസമായിട്ട ഷാൾ ഒരു അഭംഗി ആയി അവന് തോന്നി….

“ലോങ് ടോപ്പിനൊന്നും ഷാളിന്റെ
ആവശ്യമില്ല “….

അവൻ മനസ്സിൽ പറഞ്ഞു….

കൂടെയുള്ളത് അവളുടെ അച്ഛനാവാം….. ആറര അടി ഉയരവും അതിനൊത്ത വണ്ണവും കണ്ടപ്പോൾ അയാളൊരു പോലീസ് ഓഫീസറെ പോലെ തോന്നി ദേവാശിഷിന്….

ഇരുണ്ട നിറത്തിൽ അധികം ചിരിക്കാത്ത ഒരാൾ….

പക്ഷേ മകളുടെ ചിരിയും കളിയും അയാൾ അസ്വദിക്കുന്നുണ്ടെന്ന് ആ മുഖത്ത് വ്യക്തമായി കാണാം….

പെട്ടെന്നാണ് അവന്റെ മൊബൈൽ റിംഗ് ചെയ്തത്…. എടുത്ത് നോക്കിയപ്പോൾ അമ്മ ആയിരുന്നു… അവൻ കാൾ അറ്റന്റ് ചെയ്തു….

“ട്രയിൻ വന്നോ ദേവാ…”

പതിഞ്ഞതെങ്കിലും ഗാംഭീര്യമുള്ള ശബ്ദം…

“ഇപ്പോ വരുമെന്ന് തോന്നുന്നു അനൗൺസ്മെൻറ് കേൾക്കുന്നുണ്ട്…. ”

” ഉം….സൂക്ഷിക്കണം…. ”
അവർ നിർദ്ദേശിച്ചു…

” ശരി അമ്മാ… ”

“അവിടെത്തിയിട്ട് വിളിക്കണം… ”

” ശരി”…

മറുഭാഗത്ത് നിന്നും കാൾ കട്ടായി….

ഫോൺ അൺലോക്ക് ചെയ്തു പോക്കറ്റിലേക്ക് വെക്കുന്നതിനിടയിൽ ദേവാശിഷിന്റെ കണ്ണുകൾ വീണ്ടും ആ പെൺകുട്ടി നിന്നയിടത്തേക്ക് പാഞ്ഞു….

പക്ഷേ അവിടൊന്നും അവളുണ്ടായിരുന്നില്ല..

പ്രിയപ്പെട്ടതെന്തോ കളഞ്ഞു പോയൊരു കുട്ടിയുടെ ഭാവമായിരുന്നു അപ്പോൾ ദേവാശിഷിന്….
അവൾ കൺമുൻപിൽ നിന്നും മറഞ്ഞ് പോയപ്പോൾ വല്ലാത്തൊരു ഹൃദയവേദന തോന്നി അവന്….

” നിന്ന നിൽപ്പിൽ മാഞ്ഞു പോകാൻ ഇവൾ വല്ല മന്ത്രവാദിനിയുമാണോ…. ”

അവന്റെ ആത്മഗദം അൽപ്പം ഉച്ചത്തിൽ തന്നെ ആയിരുന്നു….

പ്ലാറ്റ്ഫോമിൽ അടുത്ത് നിന്നൊരു ബംഗാളി പയ്യൻ അവനെ തുറിച്ച് നോക്കി….

വീണ്ടും ട്രയിൻ വരുന്നതായുള്ള അനൗൺസ്മെന്റ് കേട്ടപ്പോൾ ദേവാശിഷ് ലഗേജെടുത്ത് മുൻപോട്ട് നടന്നു….

*****************************

റിട്ടയേർഡ് ബാങ്ക് മാനേജർ ചന്ദ്രഹാസന്റെയും
ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ അരുന്ധതിയുടേയും രണ്ടു മക്കളിൽ ഇളയവനാണ് ദേവാശിഷ്….

കൊയമ്പത്തൂരുള്ള കർപ്പകം എഞ്ചിനീയറിംഗ്‌ കോളേജിൽ അസിസ്റ്റന്റ് പ്രൊഫസറായ അവന് എന്നും അമ്മയുടെ വഴിയേ നടക്കാനായിരുന്നു ഇഷ്ടം….

അതിനാലാവാം മൂത്ത മകൾ ദേവപ്രിയ അച്ചനെ പോലെ തന്നെ ബാങ്ക് മാനേജരായപ്പോഴും അവൻ അമ്മയെ പോലെ അധ്യാപനത്തിലേക്ക് നടന്ന് കയറിയത്…

ടീച്ചറായത് കൊണ്ടാവാം മക്കളുടെ കാര്യത്തിൽ വളരെ സ്ട്രിക്റ്റാണ് അരുന്ധതി.. അതു കൊണ്ട് തന്നെ അച്ചനെക്കാളേറെ മക്കൾക്ക് ഭയം അമ്മയോടാണ്…..

ദേവപ്രിയയുടെ വിവാഹവും നടന്നത് അരുന്ധതിയുടെ ഇഷ്ടപ്രകാരം തന്നെ… അവർ സെലക്ട് ചെയ്തതായിരുന്നു ദുബായിൽ ഡോക്ടറായ മഹേഷിന്റെ ആലോചന… വലിയ താൽപ്പര്യമില്ലാതിരുന്നിട്ടും അതിന് സമ്മതിക്കുകയല്ലാതെ ദേവപ്രിയക്ക് വേറൊരു ചോയ്സ് ഉണ്ടായിരുന്നില്ല….

*********************

ഓരോന്ന് ഓർത്ത് ട്രയിനിന്റെ ജാലകത്തിലൂടെ പുറം കാഴ്ച്ചകൾ നോക്കിയിരിക്കുന്നതിനിടെ തന്റെ എതിർ വശത്ത് വന്നിരിക്കുന്ന ആളെ അവൻ ഇടംകണ്ണിട്ട് നോക്കി…..

അത് അവളായിരുന്നു…. വീണ്ടും അവളെ തന്റെ തൊട്ടടുത്ത് കണ്ടപ്പോൾ സന്തോഷം കൊണ്ടവന്റെ കണ്ണുകൾ വിടർന്നു….

ഒരു ട്രോളിബാഗും ചെറിയൊരു ഷോൾഡർ ബാഗും ആയിരുന്നു അവളുടെ ലഗേജെസ്…

അവൾ അത് ഒതുക്കി വെക്കുന്നത് ശ്രദ്ധിച്ച് അവനിരുന്നു…

കൈത്തണ്ടയിൽ ഉണ്ടായിരുന്ന ഷാൾ അഴിച്ച് ബാഗിൽ മടക്കി വെക്കുന്നത് കണ്ടപ്പോൾ അവൻ അമ്പരന്നു പോയി….

“പിന്നെ ഇത് ഇടേണ്ട ആവശ്യമുണ്ടായിരുന്നോ… ”

അവൻ മനസ്സിൽ ചോദിച്ചു..

” ചേട്ടനെന്നെ അറിയോ “..

പെട്ടെന്നുള്ള അവളുടെ ചോദ്യം കേട്ട് ദേവാശിഷ് പകച്ചു പോയി….

അവൻ ചോദ്യം ആരോടാണെന്ന് മനസ്സിലാകാതെ അവളെ തറച്ചു നോക്കി…

“ചേട്ടനോട് തന്നെയാ…”

” ഇല്ല… എന്തേ “…

” എവിടെയോ കണ്ട് മറന്നത് പോലെ പ്ലാറ്റ്ഫോമിൽ എന്നെ തന്നെ നോക്കി നിൽക്കുന്നത് കണ്ടു… അതോണ്ട് ചോദിച്ചതാ…”

അവളൊരു ആക്കിയ ചിരി കൂടി ചിരിച്ചപ്പോൾ ദേവാശിഷിന്റെ സ്വതവേ വെളുത്ത മുഖം ഒന്നു കൂടെ വെളുത്തു..

അവന്റെ മുഖം കണ്ടപ്പോൾ അവളുടെ ചിരിയുടെ തിളക്കം കൂടി… മുത്ത് കിലുങ്ങുന്ന പോലുള്ള അവളുടെ ചിരിയിൽ അവൻ അലിഞ്ഞില്ലാതായി….

“എനിവേ… ആം വരാഹി … ”

അവന് നേരെ കൈ നീട്ടികൊണ്ട് അവൾ പറഞ്ഞു…

“ദേവാശിഷ്..”

അവൾ നീട്ടിയ കയ്യിൽ അവന്റെ കരതലം അമർന്നു…..

തുടരും

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

വരാഹി: ഭാഗം 1

വരാഹി: ഭാഗം 2

വരാഹി: ഭാഗം 3