Novel

വരാഹി: ഭാഗം 8

Pinterest LinkedIn Tumblr
Spread the love

നോവൽ
ഴുത്തുകാരി: ശിവന്യ

Thank you for reading this post, don't forget to subscribe!

“തനിക്ക് എന്നോടെന്താ? പ്രേമമോ…. ആണോ…. പറയെടോ…. തനിക്ക് എന്നോട് പ്രേമമാണോന്ന്….”

അവളുടെ ശബ്ദമുയർന്നു….

അവളുടെ ചോദ്യം കേട്ട് ദേവാശിഷ് ഞെട്ടിത്തരിച്ചു നിന്നു….

“മുത്തപ്പാ ഇവളെങ്ങനെ ഇതറിഞ്ഞു…. അമ്മയോടല്ലാതെ ഞാനിത് വേറാരോടും പറഞ്ഞിട്ടില്ലല്ലോ…. അമ്മക്ക് ഇവളെ നേരിട്ടറിയോമില്ല…. പിന്നെങ്ങനെ… ”
ഒരു നിമിഷത്തിനിടെ അങ്ങനെ പല ചോദ്യങ്ങളും അവന്റെ മനസ്സിലൂടെ കടന്ന് പോയി….

അവളെ മറക്കാൻ വേണ്ടി ബോധം മറയുന്നത് വരെ മദ്യപിക്കണമെന്ന് വിചാരിച്ച മനസ്സും ശരീരവും നിന്നെരിഞ്ഞു….

അവളുടെ ചോദ്യത്തിനെന്തുത്തരം നൽകുമെന്നറിയാതെ ദേവാശിഷ് നീറി….

ഇഷ്ടമാണെന്നോ…. അല്ലയെന്നോ…. എന്ത് പറയും….

” വരാഹി…. അവൻ പതിയെ വിളിച്ചു…..

പെട്ടെന്ന് മറുഭാഗത്ത് അവളുടെ പൊട്ടിക്കരച്ചിൽ കേട്ടു….

“ഇവളിപ്പോ എന്തിനാ കരയുന്നെ…. ഇതിന് വട്ടാണോ എന്റെ പൊന്നു മുത്തപ്പാ…. ”

” വരാഹി ഇയാളെന്തിനാ കരയുന്നെ…. ആദ്യം കാര്യം പറ… അതിന് ശേഷം കരയ്….”

ദേവിന് ദേഷ്യം വന്നു തുടങ്ങി….

അപ്പോഴും അവളുടെ കരച്ചിലിന്റെ ശക്തി കൂടിയതല്ലാതെ കുറഞ്ഞില്ല….

അവളുടെ കരച്ചിൽ കേൾക്കും തോറും ദേവിന്റെ ദേഷ്യവും കൂടി വന്നു… സമനില കൈവിട്ട് പോകുമെന്ന് തോന്നിയ നിമിഷത്തിൽ അവൻ കാൾ കട്ട് ചെയ്ത് ഫോൺ സ്വിച്ച് ഓഫ് ചെയ്തു വെച്ചു….

**********************

റൂമിനുളളിൽ തനിച്ചിരുന്നിട്ട് ഭ്രാന്ത് പിടിക്കുമെന്ന തോന്നിയപ്പോൾ അവൻ ബുള്ളറ്റും എടുത്ത് ഇറങ്ങി….

അവിനാശി റോഡും കഴിഞ്ഞ് പെരിയാർ നഗറിലൂടെ ചുമ്മാ രണ്ട് തവണ കറങ്ങി വന്നു… ഇതിനിടയിൽ ചിലയിടത്തൊക്കെ ബാർ റെസ്റ്റോറന്റുകൾ കണ്ണിൽ പെട്ടെങ്കിലും അരുന്ധതിയുടെ മുഖം ഓർത്തപ്പോൾ അവന് കുടിക്കാൻ തോന്നിയില്ല…

വരാഹിയുടെ കരച്ചിലിന്റെ അർത്ഥം ആലോചിച്ചപ്പോൾ വണ്ടി നേരെ ചെന്ന് നിന്നത് അവളുടെ ഹോസ്റ്റലിന്റെ മുൻപിലായിരുന്നു….

വരാഹിയുടെ സുഹൃത്താണെന്നും ഒന്ന് കാണണമെന്നും ഹോസ്റ്റൽ വാർഡനോട് ആവശ്യപ്പെട്ടപ്പോൾ ദേവാശിഷിന്റെ പെരുമാറ്റവും മുഖത്തെ സൗമ്യതയും കാരണമാവാം അവർ കൂടുതൽ ചോദ്യങ്ങൾ ചോദിക്കാതെ വരാഹിയെ വിളിച്ചത്‌…

മുകളിലെ റൂമിൽ നിന്നും പടവുകളിറങ്ങി വരുന്ന വരാഹിയെ കണ്ടപ്പോൾ അവന്റെ മനസ്സ് വിങ്ങി….

കരഞ്ഞ് തളർന്നു ക്ഷീണിച്ച മുഖവും നീര് വന്ന കൺപോളകളും അലസമായി കിടന്ന മുടിയും പിന്നെ എല്ലാം തകർന്നെന്ന മട്ടിലുള്ള അവളുടെ ശരീരഭാഷയും അവനെ വേദനിപ്പിച്ചു…

തനിക്ക് മുൻപേ പരിചയമുണ്ടായിരുന്ന വരാഹിയല്ല തന്റെ മുൻപിൽ നിക്കുന്നതെന്നവന് തോന്നി….

അവന്റെ മുഖത്തേക്ക് നോക്കിയപ്പോർ അവളറിയാതെ തന്നെ അവളുടെ കണ്ണ് നിറഞ്ഞൊഴുകി….

“നോക്ക് ഇയാൾടെ കരച്ചിൽ കാണാനല്ല ഞാൻ വന്നത്… എന്താണ് സംഭവിച്ചതെന്ന് എനിക്കറിയണം…. ഇയാള് കരച്ചിൽ നിർത്തി കാര്യം പറ…”

അതിനുത്തരമായി അവളുടെ മൊബൈൽ ഫോൺ അവൾ അവന് നേരെ നീട്ടി….

അവനത് വാങ്ങി…

വാട്സാപ്പിൽ ഹർഷനുമായുള്ള ചാറ്റ് ആയിരുന്നു അവൾ അവന് കാണിച്ചു കൊടുത്തത്…

ഒന്നും മനസ്സിലാക്കാതെ ദേവ് അത് സ്ക്രോൾ ചെയ്തു…

അന്ന് രാവിലെ മുതൽ ഉള്ളതല്ലാതെ ബാക്കിയൊക്കെ ഡിലീറ്റ് ചെയ്തിരുന്നു…

അവസാനത്തെ മെസ്സേജ് ഒരു സ്ക്രീൻഷോട്ടായിരുന്നു…

അവൾ അവനയച്ച മെസ്സേജിന്റെ സ്ക്രീൻ ഷോട്ട്…

“നിന്നെ കാണുന്നതിന് മുൻപേ ഞാൻ ദേവിനെ കണ്ടിരുന്നെങ്കിൽ തീർച്ചയായും ഞാനയാളെ പ്രേമിച്ചേനെ… ”

അതിന് താഴെ ആ സ്ക്രീൻ ഷോട്ടിനുള്ള മറുപടി ആയി അവൻ എഴുതിയിരിക്കുന്നു…

“ഞാനെന്നും നിന്റെ സ്വപ്നമാണെന്നു പറയാറില്ലേ…. അതെ… ഹർഷനെന്ന സ്വപ്നം നിന്നിൽ അവസാനിച്ചിരിക്കുന്നു… ഇനി നിനക്ക് ദേവ് എന്ന യാഥാർത്ഥ്യം തുണയാവട്ടെ…”

ആ മെസ്സേജുകളൊക്കെ കണ്ട് ആകെ കിളി പോയ അവസ്ഥയിലായിരുന്നു ദേവാശിഷ്..

മുത്തപ്പാ…. അപ്പോ അവനില്ലായിരുന്നെങ്കിൽ അവളെന്റെ സ്വന്തമായേനെ….
എന്തിനാടാ ഹർഷാ നീ എന്റെ ജീവിതത്തിൽ പാര ആയി വന്നത്.. അപ്പോൾ അവനുമായി തെറ്റി പിരിഞ്ഞ സ്ഥിതിക്ക് തന്നെ അവൾക്കിഷ്ടമാണേൽ തനിക്കൊരു ചാൻസ് ഉണ്ട്….

ദേവാശിഷിന്റെ മനസ്സിൽ സന്തോഷം അലയടിച്ചു….

പക്ഷേ അവനതൊന്നും പുറത്ത് കാണിച്ചില്ല….

“എടീ… ഇത്.. ഇതൊക്കെയെന്താ…. ”

അവൻ ചോദ്യഭാവത്തിൽ വരാഹിയെ നോക്കി…

തൊട്ടാൽ ഇപ്പോ പൊട്ടും എന്ന രീതിയിൽ നിന്നിരുന്ന വരാഹിയുടെ കണ്ണുകൾ വീണ്ടും നിറഞ്ഞൊഴുകാൻ തുടങ്ങി….

അവൻ അവളുടെ തോളിൽ പതിയെ തട്ടി ആശ്വസിപ്പിച്ചു….

അതിലേ പോയ പലരും ആ കാഴ്ച്ച ശ്രദ്ധിക്കുന്നുണ്ടെന്ന് ദേവിന് മനസ്സിലായി…

” നോക്ക്… നമുക്ക് പുറത്തെവിടേലും പോയി സംസാരിക്കാം…. ഇയാള് റെഡി ആയി വാ…. ഞാൻ പുറത്തുണ്ടാകും….”

അതും പറഞ്ഞ് അവൻ പുറത്തേക്ക് നടന്നു….

**************************

” ഇനി കരയരുത്… പറ…. എന്താ വിഷയം…. ”

അവൻ അവളുടെ മുഖത്തേക്ക് ഉറ്റുനോക്കി…

“നമ്മൾ തമ്മിലുള്ള ഫ്രണ്ട്ഷിപ്പിൽ ഹർഷന് നേരത്തെ തന്നെ സംശയമുണ്ടായിരുന്നു….. ദേവിനെ കുറിച്ച് ഞാനവനോട് പറഞ്ഞപ്പോഴൊക്കെയും ഞങ്ങൾ തമ്മിൽ പിണങ്ങിയിട്ടുണ്ട്…. കാരണം എപ്പോഴോ ഒരിക്കൽ ദേവ് അവനെക്കാളും നല്ലൊരാളാണെന്ന് ഞാൻ പറഞ്ഞിരുന്നത്രേ… ”

അത്രയും കേട്ടപ്പോഴും ആസ്ക്രീൻ ഷോട്ടിനെ കുറിച്ച് അവനൊന്നും ചോദിച്ചില്ല…..

” ഈ ഒരു സംശയമൊഴിച്ചാൽ അവനെന്നെ വല്ല്യ ഇഷ്ടാണ്…. ഒരു പാവമാണവൻ…

കവിളിലേക്കൊഴുകി വന്ന കണ്ണീർ അവൾ തുടച്ച് കളഞ്ഞു….

“ഇന്ന് അവന്റെ സംശയങ്ങളെല്ലാം മാറട്ടെ എന്ന് കരുതിയാണ് ഞാൻ ദേവിനെ കാണാൻ അവനെയും കൂട്ടി വന്നത്…. പക്ഷേ ഒന്നും പറയാതെ ദേവ് പോയപ്പോൾ ഹർഷന്റെ സംശയം കൂടി…. പിന്നെ എന്നെ എന്തൊക്കെയോ വഴക്ക് പറഞ്ഞ് അവിടുന്നിറങ്ങിപ്പോയി…. അതാ ഞാൻ ദേവിനോട് അങ്ങനൊക്കെ…. ”

അവൾ പറഞ്ഞതൊക്കെ കേട്ട് മിണ്ടാതിരിക്കാനേ അവന് ആകുമായിരുന്നുള്ളൂ… ഹർഷനോട് അവൾക്കുള്ള സ്നേഹം അവളുടെ വാക്കുകളിൽ നിന്ന് അവന് വ്യക്തമാകുമായിരുന്നു….. തന്നെ ഇഷ്ടമായിരുന്നെന്ന് അവൾ ഹർഷനോട് ചുമ്മാ പറഞ്ഞതായിരിക്കണമെന്ന് അവന് തോന്നി… അവളെ ഇനി ഒരു നോട്ടം കൊണ്ടു പോലും ആഗ്രഹിക്കാൻ തനിക്ക് യോഗ്യതയില്ലെന്നും അവന് തോന്നി…

വരാഹി എന്നത് തനിക്കൊരിക്കലും എത്തി പിടിക്കാനാകാത്ത സ്വപനം തന്നെയാണെന്ന് ദേവിന് മനസ്സിലായി….

വേണ്ട… ഒന്നും വേണ്ട…. ഹർഷനാണ് അവളുടെ സന്തോഷമെങ്കിൽ അവർക്കിടയിൽ ഇനിതാനുണ്ടാകാൻ പാടില്ല….

അവളുടെ കയ്യിൽ നിന്നും ഹർഷന്റെ നമ്പർ വാങ്ങി അതിലേക്ക് വിളിക്കുമ്പോൾ അവനത് മനസ്സിൽ ഉറപ്പിച്ചിരുന്നു…

വരാഹിയോട് തനിക്ക് പ്രേമമില്ലെന്നും അവൾ തന്റെ സുഹൃത്ത് മാത്രമാണെന്നും ഹർഷനെ ബോധ്യപ്പെടുത്താൻ ദേവാശിഷ് ഒരുപാട് വിഷമിച്ചു…

ഹർഷനോട് സംസാരിക്കുന്നതിനിടയിൽ പലതവണ അവന്റെ ശബ്ദം ഇടറിപ്പോയിരുന്നു…

പക്ഷേ എങ്ങനെയൊക്കെയോ ദേവാശിഷ് ഹർഷനെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി…

അവളെ തിരിച്ച് ഹോസ്റ്റലിലാക്കി തിരിച്ച് പോവുന്നതിന് മുൻപായി അവളെ അവനൊന്ന് തിരിഞ്ഞു നോക്കി….

ആ നോട്ടത്തിലുണ്ടായിരുന്നു അവന് അവളോടുള്ള സ്നേഹത്തിന്റെ ആഴം….

*********************

ദിവസങ്ങൾ വീണ്ടും കഴിഞ്ഞു പോയി….

വരാഹിയുമായുള്ള അടുപ്പം മനപൂർവ്വം തന്നെ ദേവാശിഷ് കുറച്ചു….

അവളെ മറക്കാൻ വേണ്ടി ആ അധ്യയന വർഷത്തിന് ശേഷം കൊയമ്പത്തൂർ വിടുന്നതിനെ കുറിച്ച് അവൻ ആലോചിച്ച് കൊണ്ടിരുന്നു…

ഇതിനിടയിൽ വരാഹിയെ കുറിച്ചന്വേഷിച്ച അരുന്ധതിയോട് അവളോട് എനിക്കങ്ങനൊരു ഇഷ്ടം ഇപ്പോൾ തോന്നുന്നില്ലെന്ന് പറഞ്ഞവൻ ഒഴിവായി…

എന്തോ പ്രശ്നം അവർക്കിടയിൽ ഉണ്ടെന്ന് മനസ്സിലായതിനാൽ അരുന്ധതിയും കൂടുതൽ അന്വേഷിച്ചില്ല…

അന്നൊരു വെള്ളിയാഴ്ച്ച ആയിരുന്നു…
രാവിലെ കോളേജിലേക്ക് പോകാനിറങ്ങുമ്പോൾ ദേവാശിഷിനൊരു മെസ്സേജ് വന്നു….

“എനിക്കൊന്നു കാണണം… പറ്റുമെങ്കിൽ ഉച്ചക്ക് ഒരു മണി ആകുമ്പോൾ കോളേജിൽ വരണം ”

ഒരുപാട് ദിവസങ്ങൾക്ക് ശേഷമുള്ള അവളുടെ ആ മെസേജ് അവന് അദ്ഭുതമായിരുന്നു….

“യെസ്… വരാം.. ”

ഒറ്റവാക്കിലുള്ള ആ മറുപടി അവൾക്കയക്കുമ്പോൾ താനെനിയും എന്തിനാണവളെ കാണുന്നതെന്ന ചോദ്യം അവന്റെ മനസ്സിൽ ബാക്കി ആയി….

വരാമെന്ന് അവളോട് പറഞ്ഞെങ്കിലും പോണോ വേണ്ടയോ എന്ന് അവൻ ആലോചിച്ചു കൊണ്ടിരുന്നു…

പക്ഷേ കൃത്യം ഒരു മണിക്ക് മെഡിക്കൽ കോളേജ് കാമ്പസിന് മുൻപിൽ ദേവാശിഷെത്തി….

ദൂരെ നിന്നും നടന്നു വരുന്ന വരാഹിയെ കണ്ടപ്പോൾ അവന്റെ കണ്ണുകൾ അറിയാതെ തിളങ്ങി…

“ദേവ്… വരുമെന്ന് എനിക്കറിയാരുന്നു… ”

” പറയൂ… എന്തിനാണെന്നെ കാണണമെന്നാവശ്യപ്പെട്ടത്….”

”ഒരു കാര്യം പറയാൻ….”

“അതിനെന്തിനാണീ മുഖവുര… ഇയാള് കാര്യം പറയൂ ”

“എനിക്ക്…. എനിക്ക്…. ദേവിനെ…. എനിക്ക് ഇഷ്ടമാണ്…. എന്നോടും ആ ഇഷ്ടമുണ്ടെങ്കിൽ വീട്ടിൽ വന്ന് വിവാഹമാലോചിക്കണം….

വരാഹിയുടെ വാക്കുകൾ ദേവിൽ ഒരു ഞെട്ടലുണ്ടാക്കി….

”വിവാഹമോ…. അപ്പോ ഹർഷൻ…”

തുടരും

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

വരാഹി: ഭാഗം 1

വരാഹി: ഭാഗം 2

വരാഹി: ഭാഗം 3

വരാഹി: ഭാഗം 4

വരാഹി: ഭാഗം 5

വരാഹി: ഭാഗം 6

വരാഹി: ഭാഗം 7

Comments are closed.