Wednesday, April 24, 2024
Novel

ദേവാസുരം : ഭാഗം 13

Spread the love

എഴുത്തുകാരി: അഞ്ജലി അഞ്ജു

Thank you for reading this post, don't forget to subscribe!

രാവിലേ മുതൽക്കേ ഇന്ദ്രൻ ഫങ്ക്ഷന്റെ തിരക്കിലായിരുന്നു. ജാനുവിനെ വൈകിട്ട് വന്നു പിക് ചെയ്യാമെന്ന് ഏറ്റിട്ടാണ് അവൻ പോയത്. ഓഫീസിലെ ജോലിക്കാരെ കൂടാതെ ബിസിനസ്‌ ഫ്രണ്ട്‌സും ഷെയർ ഹോൾഡേഴ്സുമൊക്കെ വരുമായിരുന്നു.

അത് കൊണ്ട് തന്നെ ഇന്ദ്രന്റെ ശ്രദ്ധ എല്ലാ കാര്യത്തിലും പതിഞ്ഞിരുന്നു. പുതിയ പല പ്രോജെക്ടുകളെ പറ്റി സംസാരിക്കാനും ഈ അവസരം ഉപയോഗപ്പെടുത്താനായിരുന്നു ഇന്ദ്രന്റെ ഉദ്ദേശം.

ഉച്ച കഴിഞ്ഞ് ഡ്രസ്സ്‌ മാറാനും ജാനുവിനെ കൂട്ടാനുമാണ് ഇന്ദ്രൻ വീട്ടിൽ എത്തിയത്. പക്ഷെ ജാനുവിനെ അവിടെ കണ്ടില്ലായിരുന്നു.
രണ്ടു തവണ റിങ് ചെയ്തതിന് ശേഷമാണ് ജാനു ഫോൺ എടുത്തത്.

“ഹലോ നീയിത് എവിടെയാണ്?”

ക്ഷമ നശിച്ചാണ് ഇന്ദ്രനത് ചോദിച്ചത്.

“ഞാൻ ദേ ഇപ്പോൾ വരാം ഏട്ടാ. വീടിന്റെ കീ ആ ജനലിന് അടുത്ത് ഉണ്ട്. ഏട്ടൻ റെഡി ആവുമ്പോളേക്കും ഞാൻ അവിടെ ഉണ്ടാവും.”

“ആഹ് വേഗം വാ.”

ഫോൺ വെച്ചിട്ട് അവൻ ഫ്രഷ് ആകാനായി പോയി. ഒരു വൈറ്റ് ഷർട്ടും കോട്ടും സ്യൂട്ടും ഒക്കെ ഇട്ടു മുടിയൊക്കെ ജെൽ ഉപയോഗിച്ച് ഒതുക്കി ഒരു പെർഫെക്ട് ബിസിനസ്‌കാരന്റെ രീതിയിലാണ് അവൻ ഒരുങ്ങിയത്. ഒരിക്കൽ കൂടെ കണ്ണാടി നോക്കിയ ശേഷം ഇന്ദ്രൻ താഴേക്ക് ഇറങ്ങി ചെന്നു.

മുറ്റത്തു ഓട്ടോയുടെ ശബ്ദം കേട്ടപ്പോളെ ജാനു ആവുമെന്ന് ഊഹിച്ചിരുന്നു. അകത്തേക്ക് കയറി വന്ന ജാനു ആളാകെ മാറിയിരുന്നു.

മുഖത്തെ ചായം കുറച്ചേ ഉള്ളെങ്കിലും അവളിൽ കുറെയേറെ മാറ്റങ്ങൾ ഉണ്ടായതായി ഇന്ദ്രന് തോന്നി. സാധാരണ ഉപയോഗിക്കുന്നതിൽ നിന്ന് വത്യസ്തമായ ആഭരണങ്ങളായിരുന്നു അവളണിഞ്ഞിരുന്നത്.

അവയ്ക്ക് നല്ല വലുപ്പവും ഉണ്ടായിരുന്നു. മുടി കെട്ടുന്ന രീതിയും കണ്ണെഴുതിയതും എല്ലാം ഒന്നിനൊന്നു മെച്ചമായിരുന്നു.

ഒരു നിമിഷം ഇന്ദ്രനും അവളെ കണ്ണെടുക്കാതെ നോക്കി പോയി.
ഡോ അടിപൊളിയായിട്ടുണ്ടല്ലോ.

കൈ കൊണ്ട് സൂപ്പർ എന്ന് ആംഗ്യം കാട്ടി കൊണ്ടാണ് ഇന്ദ്രനത് പറഞ്ഞത്. അവനിൽ നിന്നും കേൾക്കാൻ ആഗ്രഹിച്ച വാക്കുകൾ കേട്ടതോടെ അവളുടെ മുഖം ഒന്നുകൂടെ വിടർന്നു.

“ശെരിക്കും.”

“ആടോ. താനിങ്ങനെ പൊളിയായിട്ട് വരുമെന്നു അറിഞ്ഞിരുന്നെങ്കിൽ ഞാനും പാർലറിൽ പോയേനെ.”

“അതെന്താ?”

“അല്ല നിന്റെ കൂടെ പിടിച്ച് നിൽക്കണ്ടേ.”

ചിരിച്ചു കൊണ്ടാണ് ഇന്ദ്രനത് പറഞ്ഞത്. ജാനിക്കും അത് കേട്ടപ്പോൾ ചിരി വന്നു.
അപ്പോളേക്കും ഇന്ദ്രനൊരു കാൾ വന്നു.
ദാ ഞാൻ വരുന്നു. ഞങ്ങൾ ഇറങ്ങുവാ.

“ജാനു വേഗം ഇറങ്ങാം. അലക്സ് ആണ് വിളിച്ചത്. അവരൊക്കെ എത്തി.”

ഓഡിറ്റോറിയത്തിനു മുന്നിൽ തന്നെ അലെക്സും അലീനയും നിൽക്കുന്നുണ്ടായിരുന്നു. വർക്കുകൾ ഒന്നുമില്ലാത്ത നേവി ബ്ലൂ നിറത്തിലെ സ്ലീവ് ലെസ്സ് ഗൗണിൽ അലീനയും സുന്ദരിയായിരുന്നു.

വൈറ്റ് സ്റ്റോൺസ് പതിപ്പിച്ച കമ്മലുകൾ ഒഴിച്ചാൽ മറ്റാഭരണങ്ങൾ ഒന്നും തന്നെ അവൾ അണിഞ്ഞിരുന്നില്ല. അലെക്സുമായി എന്തൊക്കെയോ സംസാരിച്ചു നിൽക്കുമ്പോളാണ് ഇന്ദ്രനും ജാനുവും അവർക്കരികിലേക്ക് വരുന്നത് അലീന കണ്ടത്.

ജാനുവിനെ കണ്ടതും അവളുടെ മുഖത്തെ പുഞ്ചിരി മാഞ്ഞിരുന്നു. എന്തോ ഒരു വെറുപ്പ് വന്നു മൂടിയത് പോലെ. അലക്സ് ആണെങ്കിൽ സന്തോഷത്തോടെ അവരുടെ അടുത്തേക്ക് നടന്നു. അലീനയും അവനെ അനുഗമിച്ചു.

‘എന്തുവാടെ ഭാര്യയും ഭർത്താവും ഇപ്പോളാണോ ഒരുങ്ങി കഴിഞ്ഞത്?”

അലക്സിന്റെ ചോദ്യത്തിന് മറുപടിയെന്നവണ്ണം രണ്ടാളും ചിരിച്ചു.

“ഡീ അലീ നീയല്ലേ ഇവന് പറ്റുന്ന പെണ്ണല്ല ഇവളെന്ന് പറഞ്ഞത്. സത്യാണ് കേട്ടോ ഇവളുടെ ലുക്ക്‌ വെച്ചു എനിക്കാവും മാച്ച്. ജാൻ നീ സൂപ്പറായിട്ട് ഉണ്ട്.”

“ജാനോ?”

അലീന മുഖം കോട്ടി കൊണ്ട് ചോദിച്ചു.

“അതേ ജാനകിയെ ഷോർട്ട് ആക്കി ജാൻ ! ഞാൻ ഇനി അങ്ങനെയേ വിളിക്കു കേട്ടോ.”

“ഡാ വാ നമുക്ക് അകത്തു കുറച്ചു പണികൾ ഉണ്ട്. ആ ഗ്ലോബൽ ഗ്രൂപ്പിന്റെ എംഡി യെ കറക്കാൻ കുറച്ചു വഴി പറഞ്ഞ് താ. അലീ ജാനുവിനെയും കൂട്ടി നമ്മുടെ പഴയ കമ്പനിക്കാരെയൊക്കെ പരിചയപ്പെടൂ.”

ഇന്ദ്രനാണ് അത് പറഞ്ഞത്.

“മ്മ്.”

ജാനു ശെരിയെന്ന രീതിയിൽ തലയാട്ടി. കുറച്ചു സമയം രണ്ടാളും സംസാരിച്ചു ഇരുന്നു. പലപ്പോഴും ജാനകിയെ പുച്ഛിച്ചാണ് അലീന സംസാരിച്ചത്.

ജാനുവിന് അത് മനസിലായെങ്കിലും അവൾ വലിയ മൈൻഡ് ഒന്നും കൊടുത്തില്ല. ഇന്ദ്രന്റെ അച്ഛനും അമ്മയും വന്ന് കഴിഞ്ഞപ്പോൾ ജാനു അവരുടെ കൂടെ കൂടി. കുറേ നാളു കൂടി അലീനയെ കണ്ട സന്തോഷം ഉഷയിലും ഉണ്ടായിരുന്നു.

ഒരു മകളോടെന്ന സ്നേഹം ഉഷയ്ക്ക് അലീനയോട് ഉണ്ടായിരുന്നു. അലീനയ്ക്കും മറിച്ചായിരുന്നില്ല. ജാനു രണ്ടാളെയും നിരീക്ഷിച്ചു കൊണ്ടിരിക്കുകയായിരുന്നു.

രണ്ടാളുടെയും സ്നേഹത്തിൽ ഒരു മായവും അവൾക്ക് കണ്ടെത്താനായില്ല. പിന്നെ എന്ത് കൊണ്ടാവും ഇന്ദ്രൻ അലീനയെ വിവാഹം കഴിക്കാഞ്ഞത്? ആ ഒരു ചോദ്യത്തിന് ഉത്തരം തേടുകയായിരുന്നു ജാനു.

പഴയ കൂട്ടുകാരെ കണ്ടപ്പോൾ അലീന ആ വഴിക്ക് പോയി. പിന്നെ അമ്മയും മോളും കത്തിയടി ആയിരുന്നു.

ഗസ്റ്റ് എല്ലാവരും എത്തിയതിനു ശേഷം പാർട്ടി തുടങ്ങി. ഇടയ്ക്കെപ്പോഴോ ഇന്ദ്രൻ ജാനുവിന് അരികിൽ വന്നു. അവളുടെ കൈകളിൽ പിടിച്ച് അവളെ എല്ലാർക്കും പരിചയപ്പെടുത്തി.

വീണ്ടും അവൻ തിരക്കുകളിൽ മുഴുകി. സ്റ്റേജിൽ കയറി സ്റ്റാഫുകളിൽ ആരോ ഇന്ദ്രനും ജാനുവും ഒന്നിച്ചു പാട്ട് പാടാൻ ആവശ്യപ്പെട്ടു. ജാനുവിന് പാടാൻ അറിയില്ലെന്ന് പറഞ്ഞ് ഇന്ദ്രൻ ഒഴിയാൻ ശ്രമിച്ചു.

ഇന്ദ്രൻ പാടുന്ന കാര്യം എല്ലാവർക്കും അറിയാമായിരുന്നു. എങ്കിൽ പതിവ് പോലെ അലീനയുമായി പാടാൻ ആരൊക്കെയോ പറഞ്ഞു. ജാനുവിനെ കാണിക്കാനെന്ന വണ്ണം അലീന പാടാൻ തയ്യാറായി.

ഇന്ദ്രനും ഒന്നിച്ചു സ്റ്റേജിൽ നിന്ന് അലീന ജാനുവിനെ നോക്കി. ജാനുവിന് അതിൽ എന്തോ വിഷമം തോന്നിയിരുന്നു.

ഒരു പാട്ട് പാടുന്നതിൽ തെറ്റൊന്നുമില്ല പക്ഷെ തന്നോടൊന്നു ചോദിക്കുക പോലും ചെയ്യാതെ ഇന്ദ്രൻ മറുപടി പറഞ്ഞതിൽ അവൾക്ക് വിഷമം തോന്നി.

മുൻപേ വാ എൻ അൻപേ വാ
ഊനേ വാ ഉയിരെ വാ
മുൻപേ വാ എൻ അൻപേ വാ
പൂ പൂവായ് പൂപോം വാ..

അവർ പാടി തുടങ്ങി. അലീനയും നന്നായി പാടുമായിരുന്നു. കുട്ടിക്കാലം മുതൽക്കേ അലീന ഇന്ദ്രൻ കോമ്പിനേഷൻ ഹിറ്റ്‌ ആയിരുന്നു.

ജാനുവിന്റെ മുഖത്തു നിന്നും എന്തൊക്കെയോ മനസിലായിട്ടാവാം ഉഷയ്ക്കും ചെറിയ വിഷമം തോന്നി. ബാക്കി എല്ലാവരും പാട്ട് ആസ്വദിക്കുകയായിരുന്നു.

തേൻ മലൈ തേക്കുക്കു നീതാൻ
ഉന്തൻ തോഴകളിൽ ഇടം തരലാമ..?
നാൻ സായും തോഴമേൽ
വേറാരും സായ്‌ന്താലെ താഗുമാ..?

ജാനുവിന്റെ കണ്ണുകൾ അറിയാതെ തന്നെ നിറഞ്ഞു വന്നു. ഇനിയും അവിടെ നിന്നാൽ ആളുകൾ ശ്രദ്ധിക്കുമെന്നതിനാൽ അവൾ പതിയെ പുറകിലായി ആളൊഴിഞ്ഞ ഒരു മൂലയിലേക്ക് മാറി നിന്നു.

അവിടെ നിന്ന് സ്റ്റേജിലേക്ക് നോക്കി നിൽക്കുമ്പോളാണ് ആരോ അവളുടെ കയ്യിൽ പിടിച്ച് വലിച്ചു കൊണ്ട് പോയത്. പെട്ടെന്നുള്ള വെപ്രാളത്തിൽ കൈ വിടുത്താനും സംസാരിക്കാനും ശ്രമിച്ചെങ്കിലും ആളുകളുടെ ബഹളത്തിൽ ആരും അത് ശ്രദ്ധിച്ചില്ല.

സ്റ്റേജിൽ നിന്ന് ഇറങ്ങിയതും എല്ലാവരും ഇന്ദ്രനെയും അലീനയെയും പ്രശംസിക്കാൻ ചുറ്റും കൂടിയിരുന്നു. എന്ത് കൊണ്ടോ ആ തിരക്കിനിടയിലും ഇന്ദ്രന്റെ കണ്ണുകൾ ഒരു മുഖത്തെ തേടി.

ജാനു ഉഷയുടെ കൂടെ ഉണ്ടാവുമെന്നാണ് അവനും കരുതിയത്. കുറേ സമയം കഴിഞ്ഞും അവളെ കാണാതായപ്പോൾ അവൻ ഉഷയുടെ അടുത്തേക്ക് നീങ്ങി.

അവിടെ സേതുവിനൊപ്പം സംസാരിച്ചു നിൽക്കുന്ന ഉഷയെ കണ്ടതും അറിയാതെ ഉള്ളിലൊരു ആന്തൽ. ജാനുവിന് മറ്റാരെയും പരിചയമില്ലാത്തത് കൊണ്ട് വേറെ എവിടെയും പോകാൻ സാധ്യത ഇല്ലെന്ന് അവന് അറിയാമായിരുന്നു.

അവന്റെ കാലുകൾക്ക് വേഗത കൂടി. ആളുകൾക്ക് ഇടയിൽ ആ രണ്ടു കണ്ണുകൾ മാത്രം തിരഞ്ഞു കൊണ്ട് അവൻ നടന്നു.

ആരൊക്കെയോ സൗഹൃദം പുതുക്കാൻ വന്നപ്പോളും അതൊന്നും ശ്രദ്ധിക്കാതെ ഏറ്റവും പുറകിലെ ഒഴിഞ്ഞ മൂലയിലേക്ക് അവൻ പാഞ്ഞു. ആ തിരക്കിനിടയിലും ഇന്ദ്രന്റെ പരിഭ്രമം അലീന ശ്രദ്ധിച്ചിരുന്നു.

അവളും അവന്റെ പിന്നാലെ അങ്ങോട്ടേക്ക് നടന്നു.

(തുടരും )

ദേവാസുരം : ഭാഗം 1

ദേവാസുരം : ഭാഗം 2

ദേവാസുരം : ഭാഗം 3

ദേവാസുരം : ഭാഗം 4

ദേവാസുരം : ഭാഗം 5

ദേവാസുരം : ഭാഗം 6

ദേവാസുരം : ഭാഗം 7

ദേവാസുരം : ഭാഗം 8

ദേവാസുരം : ഭാഗം 9

ദേവാസുരം : ഭാഗം 10

ദേവാസുരം : ഭാഗം 11

ദേവാസുരം : ഭാഗം 12