Saturday, April 27, 2024
Novel

വരാഹി: ഭാഗം 5

Spread the love

നോവൽ
ഴുത്തുകാരി: ശിവന്യ

Thank you for reading this post, don't forget to subscribe!

”ദേവാശിഷ്…. നല്ല പേര് ”

വരാഹി അത് പറഞ്ഞപ്പോൾ അവന്റെ മുഖത്തൊരു പുഞ്ചിരി വിരിഞ്ഞു….

“അതേയ്… അത്രക്കങ്ങട് പൊങ്ങണ്ട… വരാഹി ഒട്ടും മോശം പേരല്ല….”

അവൾ കെറുവിച്ചു…

” അതിന് മോശമാണെന്ന് ഞാൻ പറഞ്ഞില്ലല്ലോ…. ”

ദേവാശിഷ് അവളെ അനുനയിപ്പിക്കാൻ ഒരു ശ്രമം നടത്തി..

“ങ്ഹാ…. പറയണ്ട എന്ന് തന്നാ ഞാനും പറഞ്ഞത്….”

അവൾ ചുണ്ട് കോട്ടി….

അത് കണ്ടപ്പോൾ ദേവാശിഷിന് പിന്നെയും ചിരി വന്നു….

” എന്നെ കളിയാക്കിയതാണോ”…

വരാഹി അവനെ സംശയത്തോടെ നോക്കി….

“അല്ലെന്നേ…. ”

” അപ്പോ ഞാനെന്താ വിളിക്കണ്ടേ???”

” ദേവാ ന്ന് വിളിച്ചോളൂ…. എന്റമ്മ എന്നെ അങ്ങനെയാ വിളിക്കുന്നെ…. അല്ലെങ്കിൽ ദേവേട്ടാ ന്ന് വിളിച്ചോളൂ….. ”

“അയ്യേ… ദേവേട്ടനോ…. അതൊക്കെ ഔട്ട് ഓഫ് ഫാഷൻ അല്ലേ… അതുകൊണ്ട് ദേവനും വേണ്ട ദേവേട്ടനും വേണ്ട…. ഞാൻ ദേവ് എന്നേ വിളിക്കുള്ളൂ…. ”

” ആയിക്കോട്ടെ…. വരൂന്റെ ഇഷ്ടം….”

” വരു ഓ… അതെന്താ സാധനം… ”

” വരാഹി…. വരു…. ”

“ച്ചീ… അവൾ ഇഷ്ടമില്ലാത്ത എന്തോ കേട്ടത് പോലെ തല വെട്ടിച്ചു….

” വരാഹി…. എന്നെ അങ്ങനെ വിളിച്ചാ മതി….അതാണെനിക്കിഷ്ടം….”

” ഓ… ഉത്തരവ്…”

അവൻ അവളുടെ മുൻപിൽ ഓച്ചാനിച്ചു നിക്കുന്നത് പോലെ ആംഗ്യം കാട്ടി….

അപ്പോൾ വീണ്ടും അവളിൽ പൊട്ടിച്ചിരി ഉയർന്നു… കുപ്പിവള കിലുങ്ങുന്ന പോലെ…..

******************””

ട്രയിൻ കൊയമ്പത്തൂരേക്ക് എത്തുമ്പോഴേക്കും ദേവാശിഷും വരാഹിയും അടുത്ത് പരിചയപ്പെട്ടിരുന്നു…

കോയമ്പത്തൂർ മെഡിക്കൽ കോളേജിൽ എംബിബിഎസ് വിദ്യാർത്ഥിനിയാണ് വരാഹി എന്നും നേരത്തെ അവളെ യാത്ര അയക്കാൻ വന്നത് അവളുടെ അച്ഛനാണെന്നും ദേവാശിഷ് മനസ്സിലാക്കി….

ആർമിയിൽ ഉയർന്ന ഉദ്യോഗസ്ഥനാണ് അദ്ദേഹം… രാജീവ് മേനോൻ… ഭാര്യ സ്കൂൾ അധ്യാപികയായ വനജ…

പറഞ്ഞു വന്നപ്പോൾ ചെമ്പേരി വിമൽജ്യോതി എഞ്ചിനീയറിംഗ് കോളേജിൽ വരാഹിയുടെ ഏട്ടൻ വിഷ്ണുവിന്റെ സിനീയറായി പഠിച്ചതായിരുന്നു ദേവാശിഷ്….

വിഷ്ണുവിന്റെ അനിയത്തി ആണ് വരാഹി എന്നറിഞ്ഞപ്പോൾ അവന് അവളോട് കുറച്ച് കൂടി സ്വാതന്ത്ര്യം ഉള്ളത് പോലെ തോന്നി …

സാധാരണ ലീവ് കഴിഞ്ഞ് കൊയമ്പത്തൂരേക്ക് പോകുമ്പോഴുള്ള യാത്ര ദേവാശിഷിനെ മടുപ്പിക്കുന്നതായിരുന്നെങ്കിലും ഇത്തവണ അങ്ങനെ ആയിരുന്നില്ല….

കിളി ചിലക്കും പോലെ നിർത്താതെയുള്ള അവളുടെ സംസാരവും ചിരിയും അവനെ വല്ലാതെ രസിപ്പിച്ചു….

ട്രയിൻ അരമണിക്കൂർ ലേറ്റായിട്ട് ആയിരുന്നു കൊയമ്പത്തൂർ എത്തിയത്….

ദേവാശിഷും വരാഹിയും ഒരുമിച്ച് തന്നെയാണ് മെയിൻ എൻട്രൻസിലൂടെ പുറത്തേക്കിറങ്ങിയത്….

ടാക്സി സ്റ്റാന്റിനടുത്തെത്തിയപ്പോൾ ദേവാശിഷ് ചോദിച്ചു..

” വരാഹി എങ്ങനെ പോകും… ”

” ബസ്സിന്.. അല്ലാതെന്താ…. ഇവിടുന്ന് ജസ്റ്റ് ഹാഫ് എൻ അവർ യാത്രയല്ല ഉള്ളൂ…. ദേവ് എങ്ങനെയാ.. ”

“എനിക്ക് ബസ്സ് ശരിയാവില്ല വരാഹി…. ഞാനിവിടുന്ന് ഒരു ടാക്സി എടുത്തോളാം… ഇയാളെ ഞാൻ ഡ്രോപ്പ് ചെയ്യണോ…”

“അയ്യോ.. അതൊന്നും വേണ്ട… ഞാൻ പോയ്ക്കോളാം… അപ്പോ ശരി… കാണാം…”

”കാണാം.. ”

അവർ വീണ്ടും പരസ്പരം ഹസ്തദാനം ചെയ്തു….

തന്റെ കയ്യിൽ പിടിച്ചിരുന്ന വരാഹിയുടെ കൈ അയയുന്നത് ദേവാശിഷ് അറിഞ്ഞു…

തന്റെ നേർക്ക് കൈ വീശി കാണിച്ച് അവൾ നടന്നകലുന്നത് ഒരു സ്വപ്നത്തിലെന്നവണ്ണം അവൻ കണ്ടു….

ഇത്രയും നേരം തനിക്ക് കൂട്ടായുണ്ടായിരുന്ന അവളുടെ ചിരി അകന്നുപോയപ്പോൾ ആ വലിയ ലോകത്ത് ദിക്കറിയാതെ, ദിശയറിയാതെ ഒറ്റപ്പെട്ടു പോയവനെ പോലെ അവൻ നിന്നു….

ചുറ്റുമുള്ളത് ഒന്നും അവന്റെ കണ്ണിൽ കാണുന്നുണ്ടായിരുന്നില്ല…. ശബ്ദ കോലാഹലങ്ങൾ ഒന്നും അവന്റെ ചെവിയിൽ പതിച്ചില്ല….

പെട്ടെന്ന് മനസ്സിനകത്തേക്ക് ഒരു ഞെട്ടൽ ബാധിച്ച പോലെ … അവന്റെ ശരീരത്തിലും ഒരു വിറയലുണ്ടായി’….

ശബ്ദം പുറത്തേക്ക് വരാത്തത് പോലെ…

” വരാഹി….”

അവൻ സർവ്വശക്തിയുമെടുത്ത് വിളിച്ചു;…

കുറച്ച് മുൻപോട്ട് എത്തിയിരുന്ന അവൾ തിരിഞ്ഞ് നോക്കി….

അവൻ വേഗത്തിൽ അവളുടെ അടുത്തെത്തി…

“ഇതെന്റെ വിസിറ്റിംഗ്‌ കാർഡാണ്…. ഹോസ്റ്റലിൽ എത്തിയാൽ വിളിക്കണം…. നമ്പർ അതിലുണ്ട്…. വിളിക്കില്ലേ ”

” വിളിക്കാം… ”

” ഒകെ “….

മനസ്സില്ലാ മനസ്സോടെ വരാഹിക്ക് യാത്ര പറഞ്ഞ് നടക്കുമ്പോഴും എത്ര തവണ അവളെ പിൻതിരിഞ്ഞ് നോക്കിയെന്ന് ദേവാശിഷിന് ഓർമ്മയില്ല….

*********************

ഹോസ്റ്റലിൽ എത്തി അവൾ വിളിക്കുമെന്ന പ്രതീക്ഷ ദേവാശിഷിന് ഉണ്ടായിരുന്നെങ്കിലും അവൾ വിളിച്ചില്ല….

രാത്രി ഏറെ വൈകിയും അവൻ അവളുടെ കാളിന് വേണ്ടി കാത്തിരുന്നെങ്കിലും നിരാശ ആയിരുന്നു ഫലം….

പിറ്റേന്ന് പതിവ് പോലെ കോളേജിൽ പോയി ക്ലാസ്സ് എടുക്കുമ്പോഴും അവന് ഒന്നിലും ശ്രദ്ധിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല….

അവന്റെ ശരീരത്തിന്റെ ഓരോ അണുവിലും അവളെ കുറിച്ചുള്ള ഓർമ്മകൾ മാത്രം നിറഞ്ഞു നിന്നു….

അവൾ വൈകുന്നേരം വിളിക്കുമായിരിക്കുമെന്ന് അവൻ വെറുതെ പ്രതിക്ഷിച്ചെങ്കിലും അതുമുണ്ടായില്ല….

കൂട്ടിലകപ്പെട്ടു പോയ സിംഹത്തെ പോലെ അവൻ ഫ്ലാറ്റിനുള്ളിൽ ശ്വാസം മുട്ടി….

അവളുടെ ശബ്ദം കേൾക്കാതെ വയ്യ എന്ന അവസ്ഥ ആയപ്പോൾ ഇന്റർനെറ്റിൽ മെഡിക്കൽ കോളേജ് ഹോസ്റ്റലിലെ നമ്പർ സെർച്ച് ചെയ്തു….

ഭാഗ്യത്തിന് ഹോസ്റ്റൽ നമ്പർ കിട്ടി…

ഒട്ടും അമാന്തിക്കാതെ അവൻ ആ നമ്പറിലേക്ക് ഡയൽ ചെയ്തു…

ഹോസ്റ്റൽ വാർഡനായിരുന്നു മറുഭാഗത്ത്…

തമിഴ് അറിയാമെങ്കിലും മനപൂർവ്വം അവൻ ഇംഗ്ലീഷിലായിരുന്നു വരാഹിയെ കണക്ട് ചെയ്യാൻ ആവശ്യപ്പെട്ടത്…

അൽപസമയം ഹോൾഡ് ചെയ്തതിന് ശേഷം മറുഭാഗത്ത് അവളെത്തി….

“ഹലോ…..”

അവളുടെ ശബ്ദം ഫോണിലൂടെ വീണ്ടും കേട്ടപ്പോൾ വല്ലാത്തൊരു പരിഭ്രമം അവനുണ്ടായി…

ഒരാവേശത്തിന് കേറി വിളിച്ചതായിരുന്നു..

ഈ അസമയത്ത് ഹോസ്റ്റൽ നമ്പർ തേടിപ്പിടിച്ച് ഒരു പെൺകുട്ടിയെ താൻ വിളിക്കുമ്പോൾ അവൾ തന്നെ കുറിച്ച് എന്ത് വിചാരിക്കും എന്നോർത്തപ്പോൾ വിളിക്കണ്ടായിരുന്നെന്ന് അവന് തോന്നി…

മറുഭാഗത്ത് നിന്നും ഉയർന്ന അവളുടെ ശബ്ദം അക്ഷമയോടെ ആയിരുന്നു…

“ഹലോ…. ആരാ…. ”

” വരാഹി… ഞാനാ ദേവ്…. ദേവാശിഷ്”…

തന്റെ പരിഭ്രമവും പതർച്ചയും അവൾ മനസ്സിലാക്കാതിരിക്കാൻ അവൻ പാടുപ്പെട്ടു…

പക്ഷേ മറുഭാഗത്ത് വരാഹിയിൽ വല്ലാത്ത ആശ്ചര്യമായിരുന്നു….

”ദേവ്… ഇതെങ്ങനെ…. ”

ആകാംക്ഷയോടെയുള്ള അവളുടെ ചോദ്യം അവനെ തെല്ലൊന്ന് ആശ്വസിപ്പിച്ചു….

” ഹോസ്റ്റൽ ഏതാണെന്ന് ഇയാള് പറഞ്ഞിരുന്നല്ലോ… സോ നെറ്റിൽ നിന്നും നമ്പർ എടുത്തു…. ”

“ഓഹോ… അത് ശരി…. ”

“ഇയാളോട് ഹോസ്റ്റലിൽ എത്തിയാൽ വിളിക്കണം എന്ന് ഞാൻ പറഞ്ഞതല്ലേ…. എന്നിട്ട് വിളിച്ചോ… ഇയാള് അവിടെ എത്തിയോ ഇല്ലയോ എന്നറിയാൻ വേറെ വഴിയൊന്നും കണ്ടില്ല… ”

“സോറി ദേവ്.. ഇവിടെ എത്തി ഫ്രണ്ട്സിനെയൊക്കെ കണ്ടപ്പോൾ ഞാനത് വിട്ടു പോയി ”

അവൾ ക്ഷമാപണം നടത്തി….

” ഉം… കുഴപ്പമൊന്നുമില്ലാതെ അങ്ങെത്തിയല്ലോ…. അത് മതി…. ”

ഹോസ്റ്റലിലെ ഫോണിലായതിനാൽ കൂടുതൽ സംസാരിക്കാതെ അവൻ സംഭാഷണം അവസാനിപ്പിച്ചു….

പക്ഷേ കാൾ ചെയ്യുന്നതിന് മുൻപേ നാളെ മൊബൈലിൽ നിന്നും വിളിക്കാമെന്ന് വരാഹി ഉറപ്പ് കൊടുത്തിരുന്നു…

എത്രയും പെട്ടെന്ന് നാളെ ആവണേയെന്ന് പ്രാർത്ഥിച്ചു പോയി ദേവാശിഷ്…. അപ്പോൾ അവന്റെ ചുണ്ടുകളിൽ ഒരു മന്ദസ്മിതമുണ്ടായിരുന്നു..

തുടരും

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

വരാഹി: ഭാഗം 1

വരാഹി: ഭാഗം 2

വരാഹി: ഭാഗം 3

വരാഹി: ഭാഗം 4