വരാഹി: ഭാഗം 24
നോവൽ
എഴുത്തുകാരി: ശിവന്യ
അന്ന നഴ്‌സിംഗ് സ്റ്റേഷനിൽ കയറി റിസീവർ എടുത്തു…
“ആ കാൾ കട് ആയി മാഡം…”
ഇവാന പെട്ടെന്ന് തന്നെ അങ്ങോട്ടു വന്നു…
“കട്ടായോ… ”
അന്ന ചോദ്യരൂപേണ അവളേ നോക്കി…
“ഹോൾഡ് ചെയ്യാൻ പറഞ്ഞിട്ടാണ് ഞാൻ മാഡത്തെ വിളിക്കാൻ വന്നത്… പക്ഷെ ഞാൻ തിരിച്ചു വരുമ്പോഴേക്കും കാൾ കട്ടായിരുന്നു….”
“ആരാണെന്നു വലതും പറഞ്ഞോ?? ഇസ് ഇറ്റ് എ ലേഡി…”???
അരുന്ധതിയെ സംശയിച്ചിട്ടായിരുന്നു അന്ന അതു ചോദിച്ചത്…
“അല്ല മാഡം… അതൊരു പുരുഷനാണ്…”
“ഒക്കെ… ഇനി വിളിക്കുകയാണെങ്കിൽ എന്റെ റൂമിലേക്കു കണക്ട് ചെയ്യണം …”
ഇവാനക്കുള്ള നിർദ്ദേശം നൽകി അന്ന തന്റെ കന്സലറ്റിങ് റൂമിലേക്ക് നടന്നു….
എങ്കിലും ആരായിരിക്കും തന്നെ വിളിച്ചത്… മൊബൈലിൽ കിട്ടുന്നില്ലന്നല്ലേ പറഞ്ഞതു.. അപ്പോൾ തീർച്ചയായും മൊബൈലിൽ വിളിച്ചിരിക്കണം…അവൾ മനസ്സിൽ പറഞ്ഞു…
റൂമിലെത്തി ഫോണ് എടുത്തു നോക്കിയെങ്കിലും പരിചയമില്ലാത്ത ഒരു നമ്പറിൽ നിന്നും കാൾ വന്നിട്ടില്ലെന്ന് അന്നക്കു മനസ്സിലായി….
“ഓഹ്.. അപ്പോൾ മൊബൈലിൽ വിളിച്ചെന്ന് പറഞ്ഞതു നുണയാണ്…. തന്റെ മൊബൈൽ നമ്പർ അറിയാത്ത എന്നാൽ ഇവിടുത്തെ ലൻഡ്‌ലൈൻ നമ്പർ അറിയുന്ന ആരോ ആണത്….”
ആ വിളിക്ക് വരാഹിയുമായി എന്തോ ബന്ധമുണ്ടെന്ന് അന്നക്ക് തോന്നി….
അവൾ കണ്ണുകളടച്ചു കസേരയിൽ ചാരിയിരുന്നു…
വരാഹി പറഞ്ഞ കഥകളത്രയും അവളുടെ മനസ്സിലൂടെ കടന്നു പോയി….
ആ കഥകളിൽ നിന്നും യഥാർത്ഥത്തിൽ നടന്ന സത്യങ്ങൾ എന്തൊക്കെ ആണെന്ന് അവൾക്കു വേര്തിരിച്ചെടുക്കാൻ പറ്റിയില്ലെങ്കിലും ഹർഷൻ വരാഹിയോടുള്ള സ്നേഹം ഒരു ഭ്രാന്ത് പോലെ കൊണ്ടു നടന്നവനാണെന്നു അവൾക്കു തോന്നി…. അതിന് ഏറ്റവും വലിയ തെളിവായിരുന്നു വരാഹിയെ ശാരീരിക ബന്ധത്തിൽ പ്പെടുത്തി എങ്കിലും തന്റെ സ്വന്തമാക്കാൻ അവൻ നടത്തിയ ശ്രമം….
പെട്ടെന്ന് റൂമിന്റെ വാതിൽ തുറന്നു കൊണ്ടു ഇവാന അകത്തേക്ക് വന്നു…
..”മാഡം, അയാൾ ലൈനിൽ ഉണ്ട്… ഇങ്ങോട്ടു കണക്ട് ചെയ്യാൻ പറ്റുന്നില്ല…വേഗം വരൂ…”
അന്ന ക്ഷണവേഗത്തിൽ പുറത്തേക്കു കുതിച്ചു…
“ഹലോ…ആരാണ്…”
മറുതലക്കൽ ആരാണെന്നറിയാനുള്ള അന്നയുടെ ആകാംക്ഷ അവളുടെ ശബ്ദത്തിൽ സ്ഫുരിച്ചിരുന്നു….
“ഡോക്ടർ അന്ന അല്ലെ…”???
“അതേ… നിങ്ങളാരാണെന്നു പറയു…”
“ഡോക്ടർക്കു എന്നെ അറിയില്ല… വ്യക്തിപരമായി എനിക്ക് ഡോക്ടറെയും… പക്ഷേ ഒരു കാര്യം ഞാൻ പറയാം…ഞാൻ ഡോക്ടറുടെ ശത്രു അല്ല….ഇന്ന് വരാഹി പറഞ്ഞു തരുന്ന കാര്യങ്ങൾ കേട്ട് ഹർഷനെ ഡോക്ടർ തെറ്റിദ്ധരിക്കരുത്… അവൾ പറഞ്ഞ , അറിഞ്ഞ ഹർഷൻ അല്ല യഥാർത്ഥത്തിൽ അവൻ… ”
അയാൾ പറയുന്നത് കേട്ടു അന്ന ഞെട്ടി എങ്കിലും അയാളുടെ ശബ്ദത്തിലെ വ്യതിയാനങ്ങൾ ശ്രദ്ധിക്കുകയായിരുന്നു അവൾ… ആ പറയുന്നതു ഒരു കള്ളം അല്ലെന്നു അവളിലെ സൈകോളജിസ്റ്റിന് എളുപ്പം മനസ്സിലായി…
“വരാഹി അതിനെന്നോട് ഒന്നും പറഞ്ഞിട്ടില്ലല്ലോ മിസ്റ്റർ…”
അതിനു മറുപടിയായി അയാളിൽ ഒരു പൊട്ടിച്ചിരി ഉയർന്നു…
“ഇന്ന് രാവിലെ മുതൽ ഡോക്ടർ വരാഹിയോട് സംസാരിക്കുകയായിരുന്നു എന്നു എനിക്കും ഡോക്ടർക്കും വ്യക്തമായി അറിയാം… പിന്നെന്തിനാണ് ഡോക്ടർ കള്ളം പറയാൻ ഒരു പാഴ്ശ്രമം…”
അതിനു അന്ന ഒന്നും പറഞ്ഞില്ല….
“വീണ്ടും പറയുന്നു… ഞാൻ ഡോക്ടറുടെ ശത്രു അല്ല….ഡോക്ടറെ ഈ പ്രതിസന്ധിയിൽ നിന്നും സഹായിക്കാൻ എനിക്ക് പറ്റും… ഞാൻ ഇനിയും വിളിക്കും… അപ്പോൾ.ഡോക്ടർക്കു തരാൻ എന്റെ കയ്യിൽ നല്ലൊരു വാർത്ത ഉണ്ടാകും…”
അന്ന അങ്ങോട്ടെന്തെങ്കിലും ചോദിക്കുന്നതിനു മുൻപേ മറുഭാഗം നിശ്ശബ്ദമായിരുന്നു….
അഴിക്കുംതോറും മുറുകുന്ന കുരുക്കാണല്ലോ താൻ ഏറ്റെടുത്തതെന്നു അന്ന മനസ്സിൽ പറഞ്ഞു….
******************************
അന്നെനി ഒന്നിനും വയ്യാതായിരുന്നു അവൾക്കു….അത്രയും ക്ഷീണം മനസ്സിന് ഉണ്ടായിരുന്നു…
പക്ഷെ വിഷ്ണുവിനെ അന്ന് വൈകിട്ട് തന്നെ കാണാമെന്നു പറഞ്ഞതു അവൾ ഓർത്തു…
അവൾ ഫോണെടുത്തു അവനെ വിളിച്ചു…
“ഇന്ന് വൈകുന്നേരം എന്റെ വീട്ടിലേക്കു വരാമോ… വിഷ്ണു..ലൊക്കേഷൻ ഞാൻ അയച്ചു തരാം…
“വരാം മാഡം…”
രണ്ടാമതൊന്നാലോച്ചിക്കാതെ അവൻ മറുപടി പറഞ്ഞു…
കാൾ അവസാനിപ്പിച്ചതിനു ശേഷം അവൾ വരാഹിയുടെ റൂമിലേക്കാണു പോയത്….
ചുമരിനു ഭാഗത്തേക്ക് ചരിഞ്ഞു കിടക്കുകയായിരുന്നു അവൾ….
അവളോടു യാത്ര പറയണോ എന്നാലോചിച്ചു അന്ന ഒരല്പനേരം അവിടെ നിന്നു… പിന്നീട് ആ ഉദ്യമം വേണ്ടെന്നു വെച്ചു അവൾ സെബാനച്ഛനെ കാണാൻ പോയി….
ഉച്ചക്ക് ശേഷം അവധി വാങ്ങി വീട്ടിലേക്ക് പോകാൻ അനുവാദം ചോദിക്കാൻ വേണ്ടി ആയിരുന്നു അത്… അദ്ദേഹം അവൾക്കതിനു അനുവാദം നൽകുകയും ചെയ്തു… പക്ഷെ ഇറങ്ങുന്നതിനു മുൻപായി അവളൊരു ചോദ്യം ചോദിച്ചു…
“ഫാദർ , താങ്കൾക്കു എന്നെക്കാൾ കൂടുതൽ വരാഹിയെ കുറിച്ചറിയാലോ… ചിലസമയങ്ങളിലെ അവളുടെ പെരുമാറ്റം അവൾക്കു ഒരു നോർമൽ പേർസണിനെ പോലെ തന്നെ ആണ്… പക്ഷെ ഇപ്പോഴും അവളുടെ മെന്റൽ ഹെല്ത് നോർമൽ അല്ല…. പക്ഷെ ഇവിടെയാണ് നമുക്ക് വേറൊരാളുടെ സഹായം വേണ്ടത്… ദേവാശിഷിന്റെ… അയാൾ ഇപ്പൊ എവിടെ ഉണ്ടെന്നു ഫാദറിനു എന്തെങ്ങിലും വിവരമുണ്ടോ… ഐ മീൻ അരുന്ധതി മാഡം വല്ലതും പറഞ്ഞിട്ടുണ്ടോ…”
ഒരു അവസാനശ്രമം എന്ന നിലയിൽ അന്ന സെബാനച്ചനെ ചൂഴ്ന്നു നോക്കി….
എന്നാൽ തനിക്കൊന്നും അറിയില്ലെന്ന അർത്ഥത്തിൽ നിസ്സഹായതയോടെ സെബാനച്ചൻ തലയാട്ടി…
“എങ്കിൽ ഞാനിറങ്ങുവാ ഫാദർ..”
അന്ന അദ്ദേഹത്തോട് യാത്ര പറഞ്ഞു പുറത്തേക്കിറങ്ങി…
എന്തോ ഒന്ന് പ്രതീക്ഷിച്ചെന്ന പോലെ അവൾ ജനലിലൂടെ അകത്തേക്ക് നോക്കി.. താൻ പ്രതീക്ഷിച്ചതു തന്നെ കണ്ട സന്തോഷത്തിൽ അവൾ ഒന്നു പുഞ്ചിരിച്ചു….
************************
മനസ്സിനേറ്റ ക്ഷീണം ശരീരത്തെയും ബാധിച്ചത് കൊണ്ടാവാം വീട്ടിലെത്തിയ ഉടൻ അന്ന അല്പനേരം മയങ്ങി….
ആ മയക്കത്തിൽ മുംബൈ യിൽ ഉള്ള അവളുടെ പഴയ ഹോസ്പിറ്റലും അവിടുത്തെ രോഗികളും അവളുടെ സ്വപ്നത്തിൽ വന്നു…
പിന്നെ ദൂരെ ഏതോ ഗലിയിലൂടെ നടന്നു പോകുന്നൊരു ആദിമമനുഷ്യൻ…
നീണ്ട ഇടതൂർന്ന താടിയും ജടപിടിച്ച മുടിയും…
അസാധാരണമാം വിധം തേജസ്സ് സ്ഫുരിക്കുന്ന ആ മുഖത്തു നിന്നും കണ്ണുകളിലൂടെ ഒഴുകുന്നത് ചുടുരക്തമാണെന്നവൾക്കു തോന്നി….
അയാളുടെ പുറകിലൂടെ അവൾ നടന്നു… പതിയെ അയാൾ പിന്തിരിഞ്ഞു നോക്കി…
പിന്നെ ഒരു വന്യമൃഗത്തെ പോലെ അവളുടെ മേലേക്ക് ചാടി വീണു….
അവൾ അതിശക്തിയായി പ്രതിരോധിച്ചു…. പക്ഷെ എത്ര ശ്രമിച്ചിട്ടും അവൾക്കു അയാളുടെ കയ്യിൽ നിന്നും രക്ഷപ്പെടാൻ സാധിച്ചില്ല…അവളുടെ പ്രതിരോധം ക്ഷയിച്ചു കൊണ്ടിരുന്നു…. അയാൾ അവളെ ദൂരെക്കെടുത്തെറിഞ്ഞു….
പെട്ടെന്ന് ദേഹത്തു ആരുടെയോ ശക്തിയിലുള്ള കുലുക്കത്തിൽ അന്ന പിടഞ്ഞെണീറ്റു… അല്പനേരം വേണ്ടി വന്നു അവൾക്കി സ്വബോധത്തിലേക്ക് തിരിച്ചു വരാൻ….
“എന്നതാ പറ്റിയെ മോളേ… നി ഇതെന്നതൊക്കെയാ വിളിച്ചു പറയുന്നേ..”
കത്രീനാമ്മ ആയിരുന്നു… അവർ ആകെ പരിഭ്രാന്ത ആയിരുന്നെന്ന് അവരുടെ ശബ്ദത്തിൽ നിന്നു അന്നക്കു മനസ്സിലായി….
“ഒന്നുമില്ല അമ്മച്ചീ…. ഞാൻ…ഞാനെന്തോ സ്വപ്നം കണ്ടതാ….”
” നിന്നെ നോക്കി താഴെ ഒരു ചെറുപ്പക്കാരൻ വന്നിരിക്കുന്നു… അതു പറയാൻ ഇങ്ങോട്ട് വന്നപ്പോഴാ നി ഇവിടെ ആകെ വിയർത്തു കുളിച്ചു….”
“അതു വിഷ്ണു ആയിരിക്കും അമ്മച്ചീ… എന്റൊരു പേഷ്യന്റിന്റെ ഏട്ടൻ ആണ്… അമ്മച്ചി അവനോട് ഇരിക്കാൻ പറയു… ഞാനൊന്നു ഫ്രഷ് ആയിട്ടു വരാം…. ”
അവൾ എഴുന്നേറ്റു ബാത്റൂമിലേക്കു നടന്നു….
*************************
വിഷ്ണുവിനെ കാണാനായി താഴെക്കിറങ്ങുമ്പോൾ ആണ് അവളുടെ മനസ്സിൽ താനിത് വരെ ദേവാശിഷിനെ കണ്ടിട്ടില്ലല്ലോ എന്നു അവൾ ചിന്തിച്ചത്….
താഴെ സിറ്റിങ്റൂമിൽ അന്നയെ കാത്തു വിഷ്ണു ഇരിക്കുന്നുണ്ടായിരുന്നു….
അവൾ കണ്ടതും അവൻ എഴുന്നേറ്റു…
“ഗുഡ് ഈവനിംഗ് മാഡം… ഞാൻ വിഷ്ണു…”
അവൻ മുഖത്തൽപ്പം ചിരി വരുത്തി…
“ഇരിക്കു…
അവൾ പറഞ്ഞു…
“വിഷ്ണുനെന്താ കുടിക്കാൻ… ചായയോ.. കാപ്പിയോ…”
“ഒന്നും വേണ്ട മാഡം…”
“അതു പറ്റില്ല… എന്റെ വീട്ടിൽ ആദ്യമായി വന്നതല്ലേ… എന്തേലും കഴിക്കണം… ”
വിഷ്ണു അവളേ അത്ഭുതത്തോടെ നോക്കി…
“അമ്മച്ചീ…
അവൾ അകത്തേക്ക് നോക്കി വിളിക്കുമ്പോഴേക്കും കത്രീനാമ്മ ജ്യൂസ് കൊണ്ടു വന്നിരുന്നു…
“ഇതെന്റെ അലക്സിന്റെ അമ്മച്ചിയാണ്…. എന്റെയും…”
അവൾ പറഞ്ഞു….
“താനിപ്പോൾ എന്തു ചെയ്യുന്നു…”???
“ഞാൻ ബാംഗ്ലൂരിൽ ഒരു കമ്പനിയിൽ ജോലി ചെയ്യുന്നു മാഡം….”
“താൻ എന്നെ ചേച്ചിയെന്നു വിളിച്ചാൽ മതി… തന്റെ അനിയത്തി എന്നെ അങ്ങനെയാ വിളിക്കുന്നത്….പിന്നെ തന്റെ കയ്യിൽ ദേവാശിഷിന്റെ ഫോട്ടോ വല്ലതുമുണ്ടോ….”
അവൾ വീണ്ടും വീണ്ടും അവനു അത്ഭുതപ്പെടുത്തി കൊണ്ടിരുന്നു…
“ഉണ്ടാകും മാഡം… അല്ല ചേച്ചി”…
കയ്യിലുള്ള മൊബൈലിൽ സെർച്ച് ചെയ്തു കൊണ്ടാവൻ പറഞ്ഞു….
“യെസ്.. കിട്ടി…”
അവൻ ഫോണ് അവൾക്ക് നേരെ നീട്ടി…
തികഞ്ഞ ആകാംക്ഷയോടെ അവൾ ആ ഫോണിലേക്ക് നോക്കി….
താൻ നേരത്തെ സ്വപ്നത്തിൽ കണ്ട ആ മുഖവുമായി എന്തെങ്കിലും സാദൃശ്യം ഉണ്ടൊന്നു ആലോചിച്ചു കൊണ്ടു കുറച്ചു സമയം അവൾ ഇരുന്നു….
പിന്നെ ഫോണ് അവന്റെ നേർക്കു നീട്ടിക്കൊണ്ടു ചോദിച്ചു…
“പറയു വിഷ്ണു… തനിക്കെന്താണ് എന്നോട് പറയാനുള്ളത്….”
“അതു… ചേച്ചീ…”
ഒരു തുടക്കതിനായവൻ പരതി..
“നോക്കൂ വിഷ്ണു… വരാഹി… അല്ല നിങ്ങളുടെ വാഹി , എന്നോട് ഒരുപാട് കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്… പറയ്യാത്തതും ഉണ്ട്… സോ വിഷ്ണു സത്യസന്ധമായി കാര്യങ്ങൾ പറയുക ആണെങ്കിൽ എനിക്ക് കാര്യങ്ങൾ എളുപ്പമാകും….”
അവളുടെ “വാഹി” എന്ന ഒറ്റ സംബോധനയിൽ അവൾക്കു ഏതാണ്ടെല്ലാം അറിയാമെന്നവന് ബോധ്യമായി….
അവൻ പിന്നെയും മൗനം അവലംബിച്ചപ്പോൾ അവൾ തന്നെ തുടക്കമിട്ടു….
“വരാഹിക്കു ഹർഷനുമായുള്ള ബന്ധം വിഷ്ണുവിനറിയാമായിരുന്നോ…????
“ഉവ്വ് ”
“എങ്ങനെ “????
” എന്നെ ഫോണ് വിളിച്ചു പറഞ്ഞു…”
“ആരു..???”
” അതു…അതു….”
ആ രംഗങ്ങൾ കണ്മുന്നിലേക്കു വന്ന പോലെ അവൻ കണ്ണുകൾ അടച്ചു…
തുടരും
Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹