നീർക്കുമിളകൾ : ഭാഗം 26
നോവൽ
എഴുത്തുകാരി: ശക്തി കല ജി
“എന്താ ഇത്ര ബഹളമുണ്ടാക്കുന്നേ.. എന്ത് പറ്റി കുഞ്ഞേ “മുത്തശ്ശി ശരത്തിനോട് ചോദിച്ചതും അവൻ സിത്താരയെ കൈയ്യിൽ പിടിച്ചു മുൻപോട്ട് നിർത്തി…
സിത്താരയുടെ നെറ്റിയിൽ വിയർപ്പുകണകൾ പൊടിഞ്ഞു….
“അമ്മയും മുത്തശ്ശിയും ശരണ്യയ്ക്കും വീണയ്ക്കുo വിവാഹത്തെപ്പറ്റിയും താലിയുടെ മഹത്വത്തെപ്പറ്റിയും വിവാഹ ജീവിതത്തെ കുറിച്ചുമൊക്കെ എന്താ സിത്താരയ്ക്ക് പറഞ്ഞു കൊടുക്കാത്തെ ”
“അതുകൊണ്ടാ വരുന്ന ആലോചനയെല്ലാം മുടക്കുന്നത്..”
“സിത്താരയെ ഇപ്പോഴും ഈ കുടുംബത്തിലെ കുട്ടിയാണെന്ന് അംഗികരിക്കാത്തത് കൊണ്ടല്ലേ ”
“നിങ്ങളു മനസ്സിൽ ഇപ്പോഴും ഇളയച്ഛനോടുള്ള ദേഷ്യമുള്ളത് കൊണ്ടല്ലേ ഇവളോട് മാത്രം അകൽച്ച കാണിക്കുന്നത് ..”.
. ” ഒരു മകളോടുള്ള പരിഗണന വീണയ്ക്ക് കൊടുക്കുമ്പോൾ സിത്താരയെ ഒന്നു നോക്കുക കൂടി ചെയ്യുന്നില്ലല്ലോ ”
“..ശരത്തിന്റെ ചോദ്യങ്ങൾ കേട്ട് അമ്പരന്ന് നിൽക്കുകയാണ് മുത്തശ്ശിയും പാർവതിയമ്മയും….
” അതിനിപ്പോ ഇവിടെയെന്താ സംഭവിച്ചത്… ഇവിടെയെല്ലാരും സ്നേഹത്തോടെയാ അവളോടു പെരുമാറുന്നത് “..
. “. വീണ പിന്നെ കുഞ്ഞുനാളിലെ തൊട്ട് ഇവിടെ വന്നു പോയ കുട്ടിയായത് കൊണ്ട് കുറച്ചൂടെ അടുപ്പം ഉണ്ട് എന്നോട് ”
“ഇവിടെ വന്ന് ഇത്ര നാളായിട്ട് സിത്താര മുത്തശ്ശിന്ന് വിളിച്ചിട്ടുണ്ടോ എന്ന് ആ കുട്ടിയോട് ചോദിച്ച് നോക്ക് “…
“ഞാൻ എല്ലാരെയും ഒരു പോലെ തന്നെയാ കാണുന്നത്…. അകലം കാണിക്കുന്നത് സിത്താര തന്നെയാ…”
” അങ്ങോട്ട് ചെന്ന് മിണ്ടിയാലും ഇങ്ങോട്ട് വല്യ മിണ്ടാട്ടത്തിന് നിൽക്കില്ല” മുത്തശ്ശിയുടെ വാക്കുകളിൽ സിത്താരയോടുള്ള പരിഭവം നിറഞ്ഞു നിന്നിരുന്നു..
ശരത്ത് സിത്താരയുടെ നേർക്ക് തിരിഞ്ഞു…
” സിത്താരയെന്താ ഞങ്ങളോട് അന്യരെ പോലെ പെരുമാറുന്നത് “എനിക്ക് ശരണ്യയും നീയും ഒരു പോലെയാ”…
” അതു കൊണ്ടാണ് എന്റെ ഇഷ്ടങ്ങൾ മാറ്റി വച്ച് നിന്റെ നല്ല ജീവിതത്തിന് വേണ്ടി പ്രയത്നിക്കുന്നത്…”
” എന്നിട്ടും ഒരു തരി സ്നേഹം ഞങ്ങളോടാരോടും നിനക്ക് തോന്നുന്നില്ലേ “…
” പഴയ കഥകളൊക്കെ കഴിഞ്ഞതാണ്.. ” അന്നത്തെ സാഹചര്യമല്ല ഇന്ന് എന്നോർക്കണം”…
.” ഈ തറവാട്ടിലുള്ളവരോട് പൊറുക്കാൻ കഴിയാത്ത തെറ്റാണ് നിന്റെ അച്ഛൻ ചെയ്തത് ”
“ഈ നിൽക്കുന്ന അമ്മയുടെ മകനെയും ഭാര്യയായി വരേണ്ട പെണ്ണിനെയുമാണ് കൊന്നത് “….
” മകനെ കൊന്നയാളായിട്ട് കൂടി നിന്റെ അച്ഛനോട് മുത്തശ്ശി ക്ഷമിച്ചു.. ”
“. ആർക്കു വേണ്ടിയാന്നെന്ന് അറിയാമോ… നിനക്ക് വേണ്ടി… ”
” അത് മനസ്സിലാക്കാതെ തെറ്റിൽ നിന്ന് തെറ്റിലേക്കാണ് നീ ഇപ്പോൾ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത് “ശരത്തത് പറയുമ്പോൾ സിത്താര മുഖം കുനിച്ച് നിന്നു….
വീണ അപ്പോഴേക്ക് ഇറങ്ങി വന്നു…
” ഇപ്പോൾ കുറ്റവിചാരണ നടത്താൻ ഇപ്പോൾ എന്താ ഉണ്ടായത് “.
. “അഥവാ തെറ്റ് ചെയ്തെങ്കിൽ തന്നെ ഇങ്ങനെ നിർത്തിയാണോ ചോദ്യം ചെയ്യേണ്ടത് “…
“. സാവധാനം സ്നേഹത്തോടെ പറഞ്ഞ് മനസ്സിലാക്കുകയാണ് വേണ്ടത്… ”
” അല്ലാതെ ഇങ്ങനെയൊരു ചോദ്യം ചെയ്യലല്ല “… വീണ സിത്താരയുടെ കൈ പിടിച്ച് അകത്തേക്ക് നടക്കാനൊരുങ്ങി….
“നിക്ക് മുഴുവൻ കാര്യങ്ങൾ പറഞ്ഞ് കഴിഞ്ഞില്ല ” ശരത്ത് ദേഷ്യ ഭാവത്തിൽ പറഞ്ഞു….
“ഞാനവളോട് സംസാരിച്ചോളാം…”
” സിത്താര കൊച്ചു കുട്ടിയൊന്നുമല്ല…”
” അവർക്ക് കാര്യങ്ങൾ പറഞ്ഞാൽ മനസ്സിലാവും” ശരത്തിന്റെ മറുപടിക്ക് കാത്തു നിൽക്കാതെ വീണ സിത്താരയെ വിളിച്ചു കൊണ്ടുപോയി…
വീണ സിത്താരയെ മുറിയിൽ കട്ടിലിൽ പിടിച്ചിരുത്തി…
. അവൾ വിയർത്തു നനഞ്ഞിരുന്നു… വീണ ഫാനിട്ടു…
. ജഗ്ഗിലിരുന്ന വെള്ളം ഗ്ഗാസ്സിലേക്ക് പകർന്നു സിത്താരയുടെ കൈയ്യിൽ കൊടുത്തു…
അവൾ ഒറ്റ വലിക്ക് വെള്ളം കുടിച്ച് തീർത്തു….
വീണ സിത്താരയുടെ കഴുത്തിലെ താലിഎടുത്തു പുറത്തേക്കിട്ടു…
സിത്താരയിൽ ഒരു ഞെട്ടലുണ്ടായി… അവൾ പുറകോട്ടു മാറി….:
” സിത്താര അജയ് എന്ത് മാത്രം നിന്നെ പ്രണയിക്കുന്നുണ്ട് എന്നറിയാമോ….”
” ഇങ്ങനെ ഒരാൾക്ക് പ്രണയിക്കാൻ കഴിയുമോ എന്ന് ഞാൻ അത്ഭുതപ്പെട്ടിട്ടുണ്ട് ”
“. നിന്നെ കൂടാതെ മടങ്ങുകയാണെങ്കിൽ അത് മരണത്തിലേക്കാവും എന്നാ അജയ് പറഞ്ഞത് “…
” പക്ഷേ എന്റെ സുഹൃത്തിനെ ഞാനെങ്ങനെ മരണത്തിലേക്ക് തള്ളിവിടുന്നത് “…
” നീ അജയിടെ ഭാര്യയല്ലെ.. ഒന്നൂല്ലേലും കുറച്ച് കാലം നിങ്ങൾ പ്രണയിച്ച് നടന്നതല്ലേ… ”
“വിവാഹം കഴിഞ്ഞ് കുറച്ച് മാസങ്ങൾ ഒരുമിച്ച് സന്തോഷത്തോടെ കഴിഞ്ഞതല്ലേ…”
“ഒരു നുള്ള് പ്രണയo നിന്റെ ഹൃദയത്തിന്റെ ഓരം കാണുമെന്ന് തന്നെയാണ് ന്റെ വിശ്വാസം” എന്ന് വീണ പറഞ്ഞ് തീർന്നപ്പോഴേക്ക് ശരത്ത് മുറിയിലേക്ക് വന്നു….
അവൻ ഫോണിൽ റക്കോർഡ് ചെയ്ത അജയിയുടെ സംഭാഷണം സിത്താരയെ കേൾപ്പിച്ചു….
സിത്താരയുടെ കണ്ണിൽ നിന്ന് വെളളതുള്ളിക്കൾ ചിതറി തെറിക്കവേ അവൾ ഇരുവരുടെയും മനസ്സിൽ പ്രതീക്ഷയുടെ നാമ്പുകൾ പൊട്ടി മുളച്ചിരുന്നു…
. ശരത്ത് വീണയെ പുറത്തേക്ക് വരാൻ കണ്ണ് കാണിച്ചു…
” നന്നായിരുന്ന് തനിയെ ആലോചിക്ക് എന്ത് വേണമെന്ന്.. ” ..
” അജയ് ജീവിതത്തിലേക്ക് തിരിച്ച് വരുന്നതും മരണത്തിലേക്ക് പോകുന്നതും നിന്റെ മറുപടിയിലാണ് “..
” പണ്ടെങ്ങോ നടന്ന കാര്യങ്ങൾക്ക് വേണ്ടി ഇപ്പോൾ പ്രതികാരം ചെയ്യുന്നതിൽ എന്ത് പ്രയോജനമാണുള്ളത് ”…
” നിന്റെ അച്ഛനെ ശരിക്കും ജയിലിലേക്കല്ല അയക്കേണ്ടിയിരുന്നത് “…
”നല്ല ഒരു മാനസീകാരരോഗ്യത്തിന് ചികിത്സിക്കുന്നിടത്തേക്കാണ് കൊണ്ടു പോകേണ്ടിയിരുന്നത് ” ….
” അദ്ദേഹം നല്ല അച്ഛനാരുന്നേൽ നിന്റെ നല്ല ജീവിതമേ ആഗ്രഹിക്കു…”…
“. പക്ഷേ നിന്റെ ജീവിതം ഇല്ലാതാക്കിയിട്ടാണ് നിന്നെ അദ്ദേഹത്തിന്റെ മനസ്സിലെ പ്രതികാരത്തിന് വേണ്ടി പ്രേരിപ്പിക്കുന്നത് “…
” അച്ഛനെ നമ്മുക്ക് നല്ല ഡോക്ടറുടെ അടുത്ത് ചികിത്സിക്കാം”…
” ഞാൻ പറഞ്ഞ കാര്യങ്ങൾ ഒന്ന് ചിന്തിച്ച് നോക്ക്… ഇപ്പോൾ അജയ് ഇവിടെ വരും…. ”
“. എന്ത് തീരുമാനമായാലും അവനെ നേരിട്ടറിയിക്ക് ” എന്ന് ശരത്ത് പറഞ്ഞതും അത്രയുo നേരം മുഖം കുനിച്ച് ഇരുന്ന സിത്താര ഞെട്ടി എഴുന്നേറ്റു…..
” വേണ്ട ….എനിക്ക് കാണണ്ട…. ”
” ആരെയും വരാൻ പറയണ്ട… എനിക്ക് ആരോടുo സംസാരിക്കണ്ട “.. –
“എനിക്കെന്റെ അച്ഛനെ മാത്രം മതി… എനിക്കാരേയും വേണ്ടാ ” എന്ന് പറഞ്ഞ് ഭ്രാന്തിയെ പോലെ അലറി കരഞ്ഞു….
അജയ് വാതിലിപ്പുറം നിന്ന് അവരുടെ സംഭാഷണം ശ്രവിക്കുകയായിരുന്നു…
അവന്റെ ഹൃദയം പൊട്ടി പോകുമെന്നൊരവസ്ഥ….
സിത്താരയെ തന്റെ നെഞ്ചോടു ചേർക്കാൻ അജയ് ആഗ്രഹിച്ചു…..
എത്ര വല്യ പിണക്കമാണെങ്കിലും തന്റെ നെഞ്ചോട് ചേർത്ത് പിടിച്ചാൽ തീരുമായിരുന്നു….
താൻ ചേർത്ത് പിടിച്ചില്ലെങ്കിൽ ചിലപ്പോൾ അവൾ ഭ്രാന്താമായ അവസ്ഥയിലേക്ക് പോകും…
അത് പാടില്ല… ഞാൻ ജീവിച്ചിരിക്കുമ്പോൾ സിത്താരയെ ഒറ്റയ്ക്ക് വിടില്ല….
അവൻ പതിയെ മുറിയുടെ അകത്തേക്ക് കയറി…
സിത്താര മുറിയിലുള്ള ഓരോ സാധനങ്ങൾ ശരത്തിന്റെയും വീണയുടെയും നേരെ എറിയുകയാണ്….
വീണയെ ശരത്ത് ഇരു കൈകൾ കൊണ്ട് പൊതിഞ്ഞു പിടിച്ചത് കൊണ്ട് സിത്താര എറിയുന്നതെല്ലാം ശരത്തിന്റെ ദേഹത്തേക്കാണ് വീഴുന്നത്….
അജയിയെ കണ്ടതും സിത്താര എറിയുന്നത് നിർത്തി….
വീണ കണ്ണു തുറന്ന് നോക്കി ശരത്തിന്റെ എന്തോ കൊണ്ട് നെറ്റി മുറിഞ്ഞിരിക്കുന്നു…
നെറ്റിയിൽ നിന്ന് ഒഴുകിയ ചോര അവളിലേക്കും പടർന്നു തുടങ്ങി…..
“അയ്യോ ശരത്തേട്ടാ ചോര “വീണ അലറിയതിൽ സിത്താര ഒന്ന് ഞെട്ടി…
സിത്താര ഓടി ശരത്തിന്റെ അരികിലേക്ക് വന്നു… –
അടുത്ത് കിടന്ന ബെഡ്ഷിറ്റ് വലിച്ചു കീറി സിത്താര ശരത്തിന്റെ നെറ്റിയിലെ മുറിവിൽ കെട്ടാൻ ശ്രമിച്ചു….
“ഏട്ടാ ഞാൻ അറിയാതെ…. ക്ഷമിക്കു…യ്യോ ചോര…. ഞാൻ തൊടയ്ക്കാം “..
“. വാ ആശുപത്രിയിൽ പോകാം”.. സിത്താര ചുറ്റുമുള്ളവരെ പോലും ശ്രദ്ധിക്കാതെ ശരത്തിന്റെ കൈ പിടിച്ചു മുൻപോട്ട് നടക്കാൻ ശ്രമിച്ചു…
വീണ അവളുടെ പ്രവർത്തി അത്ഭുതത്തോടെ നോക്കുകയായിരുന്നു…
അജയി സിത്താരയുടെ അടുത്തേക്ക് നടന്നു വരും തോറും അവളുടെ മുഖം വലിഞ്ഞു മുറുകി….
അവൾ ശരത്തിന്റെ കൈയ്യിൽ മുറുകെ പിടിച്ചു…
” ഇല്ല ഞാനെങ്ങും വരുന്നില്ല… പറ ശരത്തേട്ടാ…
“എനിക്ക് ന്റെ അച്ഛന്റെ മകളായി ഏട്ടന്റെ അനിയത്തിക്കുട്ടിയായി കഴിഞ്ഞാൽ മതി… “…
“ആർക്കു വേണ്ടിയും നിങ്ങളെ ഒന്നും നഷ്ടപ്പെടുത്താൻ വയ്യ എനിക്ക് “.. സിത്താര ശരത്തിന്റെ കൈ പിടിച്ച് മുറിയിൽ നിന്നു പുറത്തേക്ക് നടന്നു….
വീണ ശരത്തിന് കണ്ണുകൾ കൊണ്ട് അനുവാദം നൽകി….
വീണ അജയിയോട് മുറിയിൽ തന്നെയിരിക്കാൻ ആവശ്യപ്പെട്ടത് കൊണ്ട് അവൻ അവിടെ തന്നെയിരുന്നു..
അവൾ സിത്താര എറിഞ്ഞിട്ട സാധനങ്ങൾ ഓരോന്നായി അതാത് സ്ഥാനത്ത് എടുത്ത് വച്ചു….
അജയ് നിർവികാരനായി താഴേക്ക് ദൃഷ്ടി പായിച്ചു….
“വാ ആദ്യം ആശുപത്രിയിൽ പോകാം” എന്ന് പറഞ്ഞ് സിത്താര ശരത്തിന്റെ കൈ പിടിച്ച് കൊണ്ടു പോകുന്നത് അതിശത്തോടെ മുത്തശ്ശിയും പാർവതിയമ്മയും നോക്കി നിന്നു…
സിത്താര കാറിന്റെ ഡ്രൈവിംഗ് സീറ്റിലേക്ക് കയറി ഇരുന്നു… വണ്ടി സ്റ്റാർട്ട് ചെയ്തു..
“ഏട്ടാ വേഗം കയറു ” സിത്താര പരിഭ്രമത്തോടെ പറഞ്ഞു…
ശരത്തിന് തൽക്കാലം സിത്താരയെ അനുസരിക്കുന്നതാണ് നല്ലതെന്ന് തോന്നി…
അവൻ ഒന്നുo മിണ്ടാതെ കാറിൽ കയറി…
ശരത്ത് പറഞ്ഞ ആശുപത്രിയിലേക്ക് പോയി….
ചെറിയ മുറിവേ ഉണ്ടാരുന്നുള്ളു….
മുറിവ് വൃത്തിയാക്കി മരുന്നു വച്ച് കെട്ടി.. ചെറിയ മുറിവായത് കൊണ്ട് സ്റ്റിച്ച് ഒന്നും ഇടേണ്ടി വന്നില്ല…
മരുന്ന് വാങ്ങാൻ വേണ്ടി കാത്തിരുന്നു….
സിത്താര മരുന്ന് വാങ്ങാൻ പോയ സമയം കൊണ്ട് ശരത്ത് വീണയെ വിളിച്ചു…
വേഗം അജയിയേയും കൂട്ടി ആശുപത്രിയിലേക്ക് വരാൻ പറഞ്ഞു…
അപ്പോഴേക്ക് സിത്താര മരുന്നു വാങ്ങി വന്നിരുന്നു….
” സിത്താര അച്ഛനെ ചികിത്സിക്കാൻ പറ്റിയ സൈക്കാട്രിസ്റ്റ് ഇവിടെയുണ്ട്… വാ പരിചയപ്പെടാം…”
“. ഡോക്ടർ സമ്മതിക്കുമെങ്കിൽ നമ്മുക്ക് കോടതിയിൽ പോയി ചികിത്സയ്ക്ക് വേണ്ടി ജാമ്യം അപേക്ഷിക്കാം”…
” ഈ ഡോക്ടർക്ക് പ്രത്യേകം ക്ലിനിക്ക് ഉണ്ട്…
” അവിടാകുമ്പോൾ ആരുമറിയില്ല”
എന്ന് ശരത്ത്പറഞ്ഞതും സിത്താര സമ്മതിച്ചു…
ശരത്തിന്റെ കോൾ വന്നും വീണയും അജയും മുത്തശ്ശിയോടും പാർവതിയമ്മയോടും കാര്യങ്ങൾ വിശദീകരിച്ചു..
ഇറങ്ങാൻ നേരം ശരത്തിന്റെ അച്ഛനും കൂടെ വരുന്നൂന്ന് പറഞ്ഞത് കൊണ്ട് കമ്പനിയിൽ വിളിച്ച് പറഞ്ഞു അവിടെ നിന്ന് കാർ വന്നു….
അജയിയും വീണയും കാറിന്റെ പിൻസീറ്റിൽ കയറി…. സേതു മുന്നിൽ കയറി….
അയാളുടെ മനസ്സ് കലങ്ങിമറിയുകയായിരുന്നു…,
” പാവം ന്റെ കുട്ടി.. എന്തോരം പ്രശ്നങ്ങളാ… എല്ലാം ഞാൻ കാരണമാ…. ”
“എന്റെ മോനായി പിറന്നത് കൊണ്ട് “….
” അവൻ കുഞ്ഞായിരിക്കുമ്പോൾ ആഗ്രഹിച്ച കളിപ്പാട്ടം പോലും വാങ്ങി കൊടുക്കാൻ കഴിഞ്ഞിട്ടില്ല…”…
” അവന്റെ കൂട്ടുകാരൊക്കെ പുത്തനുടുപ്പും കളിപ്പാട്ടങ്ങളുമായി നടക്കുമ്പോഴും ഒരിക്കൽ പോലും എനിക്കിതില്ലാ എന്ന് വാശി പിടിച്ച് കരഞ്ഞിട്ടില്ല.. “…
“പഠിച്ച് നല്ല ജോലി വാങ്ങേണ്ട പ്രായത്തിൽ ഞാൻ തളർന്നു പോയതും കൂലിവേലയ്ക്ക് പോകേണ്ടി വന്നു “…
“എന്നിട്ടും എന്റെ ആരോഗ്യത്തിനും സന്തോഷത്തിനും വേണ്ടി അവൻ സന്തോഷത്തോടെ ഓരോ കഠിന ജോലികളും ചെയ്തു”
“ഒടുവിൽ ദാ എന്റെ സന്തോഷത്തിന് വേണ്ടി അച്ഛനരികിൽ എത്തിച്ചു നിരപരാദിത്വം തെളിയിച്ചു… ”
“എല്ലാ കഷ്ടപ്പാടും കഴിഞ്ഞു എന്ന് കരുതി സമാധാനിച്ച് ഇരിക്കുമ്പോൾ ഓരോ പ്രശ്നങ്ങൾ ഓരോന്നായി അവനെ തേടി വരികയാണ്”
” എന്നാണ് ന്റെ കുട്ടി ഒന്ന് സമാധാനത്തോടെ ജീവിച്ചു തുടങ്ങുക ” അച്ഛൻ
മനസ്സിലടക്കി വച്ചിരുന്ന ദുഃഖങ്ങൾ വാക്കുകളായി പുറത്തേക്കൊഴുകി..
അജയിയും വീണയും എന്ത് പറഞ്ഞാശ്വസിപ്പിക്കണമെന്നറിയാതെ ഇരുന്നു….
ആശുപത്രിയിൽ എത്തിയതും അജയ് വേഗം മുൻപോട്ട് നടന്നു..
അവന്റെ കാലുകൾക്ക് വേഗത കൂടി….
ശരത്തിനെ കണ്ടതും അജയ് ഓടുകയായിരുന്നു…..
അവൻ കിതച്ചു കൊണ്ട് ശരത്തിന്റെ മുന്നിൽ വന്നു നിന്നു….
ശരത്ത് അവനെ സമാധാനിപ്പിച്ച് അടുത്ത് കിടന്ന കസേരയിൽ ഇരുത്തി…
“പേടിക്കാനൊന്നുമില്ല… സിത്താരയുമായി ഡോക്ടർ സംസാരിക്കുകയാണ്.”
“.. നമ്മുക്ക് കാത്തിരിക്കാം ” എന്ന് പറഞ്ഞ് ശരത്ത് അജയിക്കരികിൽ ഇരുന്നു…
ശരത്തിന്റെ അച്ഛനും വീണയും വന്നു…
അവരും അടുത്തടുത്ത കസേരകളിലായി ഇരുന്നു…..
ആരും പരസ്പരം മിണ്ടിയില്ല…
ഡോക്ടർ അകത്തേക്ക് വിളിപ്പിച്ചു…
ശരത്തും അജയിയും ഡോക്ടറിന്റെ മുറിയിലേക്ക് കയറി…
ഡോക്ടർ ഒരു ചെറുപുഞ്ചിരിയോടെ അവരെ സ്വീകരിച്ചു… ഇരിക്കാൻ പറഞ്ഞു…
അവർ ഡോക്ടർ പറയുന്നത് കേൾക്കാൻ ആകാംഷയോടെ ഇരുന്നു….
“നിങ്ങൾ കുറച്ച് വൈകിപ്പോയി…. ഇപ്പോൾ സിത്താരായുടെ ചിന്തകളിൽ പക മാത്രമേളമുയുള്ളു… ”
“ആകെ സ്നേഹം തോന്നുന്നത് ശരത്തിനോടാണ്.. ”
“കുഞ്ഞുനാളിൽ അവൾക്ക് കിട്ടാത്ത ഒരു ഏട്ടന്റെ സ്നേഹം ഇപ്പോൾ കിട്ടുമ്പോൾ അത് നഷ്ടപ്പെടുമോ എന്ന ഭയമാണ് അവളെ കൊണ്ട് ഇതൊക്കെ ചെയ്യിക്കുന്നത്….”
” ഇതിൽ എന്തെങ്കിലും ചെയ്യാൻ പറ്റുന്നത് അജയിക്ക് മാത്രമാണ് “…
“ഒരു ഭർത്താവിന്റെ സ്നേഹവും പരിഗണയും കിട്ടുമ്പോൾ അവൾ സാധാരണ നിലയിലേക്ക് വരാം ” ഡോക്ടർ പറയുന്നത് അവർ ശ്രദ്ധയോടെ കേട്ടു..
ഞാൻ ഈ ലോകത്ത് എവിടെ വേണമെങ്കിലും കൊണ്ടു പൊയ്ക്കോളാം”.
..” എനിക്ക് പറ്റും… അവൾ എന്റെ സ്നേഹം തിരിച്ചറിയും എന്ന വിശ്വാസമുണ്ട് എന്ന് ” അജയ് പ്രതീക്ഷയോടെ പറഞ്ഞു….
” നല്ലത്…. താങ്കൾക്ക് തീർച്ചയായും കഴിയും”…
. “സത്യം നിങ്ങൾ അറിഞ്ഞിരിക്കണമെന്നത് കൊണ്ട് പറയുകയാണ് ”
“യഥാർത്ഥത്തിൽ സിത്താരയ്ക്ക് നിങ്ങളോടോ കുടുംബത്തിനോടോ അല്ല പക “..
. സ്വന്തം അമ്മയുടെ സ്നേഹം നിഷേധിച്ചയാൾ ”
.” അവളുടെ അമ്മ ജീവിച്ചിരിപ്പുണ്ട് എവിടെയോ….”..
“ഒരിക്കൽ പോലും അമ്മയെ കാണാനനുവദിക്കാതെ വളർത്തിയതിൽ…
കുഞ്ഞിലെ ഹോസ്റ്റലിലാക്കി ”
“ഹോസ്റ്റലിൽ അവൾ എല്ലാരാലും ഒറ്റപ്പെട്ടു… ”
“ഒരിറ്റു സ്നേഹത്തിനായ് കൊതിച്ചു.. ”
“പലരിലും അവൾ സ്നേഹം പരതി നടന്നു… നിരാശയായിരുന്നു ഫലം ”
” അവസാനം അച്ഛന്റെ സ്നേഹം കിട്ടാൻ വേണ്ടി പ്രതികാരത്തിനിറങ്ങി ”
“പക്ഷേ അവിടെയും അച്ഛന് തന്നോട് സ്നേഹമല്ല മറിച്ച് പ്രതികാരം ചെയ്യാനുള്ള ഒരു വഴിമാത്രമാണ് എന്ന് തിരിച്ചറിഞ്ഞപ്പോഴേക്കും സ്വന്തം പ്രണയം വിവാഹ ജീവിതം എല്ലാം കൈവിട്ടു പോയിരുന്നു ”
”തന്റെ അമ്മയുടെ സ്നേഹവും കരുതലും തനിക്ക് നിഷേധിച്ച…. ”
തന്റെ പ്രണയം ഇല്ലാതാക്കിയ സ്വന്തം അച്ഛനോട് തന്നെയാണ് പക ”
തുടരും