Thursday, September 19, 2024
Novel

നീർക്കുമിളകൾ: ഭാഗം 2

നോവൽ
എഴുത്തുകാരി: ശക്തി കല ജി

കാറിന്റെ ചക്രങ്ങൾ ഉരുണ്ടു തുടങ്ങിയതും മനസ്സിലേക്ക് നിറമുള്ള സ്വപ്നങ്ങൾ ഒഴുകിയെത്തി തുടങ്ങി….. കണ്ണ് തുറക്കുമ്പോൾ ഇരുട്ട് വീണ് തുടങ്ങിയിരുന്നു….

. ഇനിയെങ്ങോട്ടാണ് യാത്രയെന്നറിയാതെ പുറത്തേ ഇരുളിലേക്ക് കണ്ണും നട്ടിരുന്നു..

. അച്ഛനു മാത്രമെ അറിയു എങ്ങോട്ടാണ് ഈ യാത്ര എന്ന്…. ചോദിക്കണമെന്ന് പലയാവർത്തി മുതിർന്നതാണ്… എന്ത് കൊണ്ടോ ചോദിക്കാനുള്ള ധൈര്യം വന്നില്ല….

. ചോദിച്ചാൽ അച്ഛന്റെ ധൈര്യം ചോർന്ന് പോകുമോ എന്ന ഭയം മനസ്സിൽ ഉണ്ട്…. വെറുതെ കണ്ണടച്ച് പുറകോട്ട് ചാഞ്ഞിരുന്നു…..

പിന്നീടെപ്പോഴോ അച്ഛൻ വിളിച്ചപ്പോഴാണ് കണ്ണ് തുറന്നത്…. സൂര്യന്റെ പൊൻകിരണങ്ങൾ ഒളിഞ്ഞു നോക്കുന്നു…. കാറിൽ നിന്ന് പുറത്തിറങ്ങി.
…..
…അൻപത് വർഷം പഴക്കം തോന്നിക്കുന്ന ഒരു കെട്ടിടത്തിന് മുൻപിലാണ് വണ്ടി നിർത്തിയിരിക്കുന്നത്….

മുറ്റത്ത് തുളസിതറയും കിഴക്ക് വശത്തായുള്ള കുഞ്ഞു അമ്പലവും ഒറ്റനോട്ടത്തിൽ നാലു കെട്ടിന്റെ സൗന്ദര്യം വിളിച്ചോതുന്നുന്ന കെട്ടിടം….

. നല്ല വൃത്തിയായി സൂക്ഷിച്ചിരിക്കുന്നു…

അച്ഛനെന്റെ തോളത്ത് കൈവച്ചപ്പോഴാണ് തിരിഞ്ഞ് നോക്കിയത്…..

“ഒരിക്കൽ പടിയിറങ്ങിയതാണ് ഈ വീട്ടിൽ നിന്ന് ….

പക്ഷെ നീണ്ട മുപ്പത് വർഷങ്ങൾക്ക് ശേഷം തിരിച്ച് വന്നു….

എന്റെ മക്കൾക്ക് വേണ്ടി..എനിക്ക് ജയിക്കാൻ വേണ്ടി…

ഇപ്പോൾ ഇത്രയുമറിഞ്ഞാൽ മതി…. അമ്മയെയും ശരണ്യയെയും ഒന്ന് വിളിക്ക് അവരും കാണട്ടെ… നമ്മൾ വേറെ ഒരു സ്ഥലത്തേക്കാണ് പോകുന്നത്..

ഞാൻ പറയുന്നിടത്ത് നാളെ നീ ജോലിക്ക് കയറണം…. “.. അച്ഛന്റെ മുഖത്തെ ഭാവം നിഗൂഡത ഒളിഞ്ഞു കിടക്കുന്നു….

ഞാൻ ശരണ്യയെയും അമ്മയെയും ഉണർത്തി… അമ്മ ഉണർന്ന് കാറിൽ നിന്നിറങ്ങിയതും ആ കണ്ണുകൾ നിറയുന്നത് കണ്ടു..

. ഒരിക്കൽ താലി കെട്ടിയ അന്ന് ഭർത്താവിന്റെ കൈ പിടിച്ച് ഈ പടികൾ കടന്നെത്തിയത്.. പാർവതിയമ്മയുടെ മനസ്സിൽ കൂടി ചലിക്കുന്ന ചിത്രങ്ങൾ കടന്നു പോയി.

ഒരു അമ്മയുടെ നിലവിളികളും ചുറ്റിലുള്ള ബന്ധുക്കളുടെ ബഹളങ്ങളും ഇന്നും ഇരുചെവികളിലും മുഴങ്ങി കേൾക്കുന്നു…

“അക്ഷരമറിയാത്തവനെ കെട്ടിയ നീയൊരു വിഡ്ഡി… നിങ്ങൾക്ക് ജനിക്കുന്ന മക്കൾ പമ്പരവിഡ്ഡികളായിരിക്കും… കടക്ക് പുറത്ത്” ഇദ്ദേഹത്തിന്റെ അച്ഛൻ ഹരീന്ദ്രൻ ന്റെ വാക്കുകൾ….

ഇരുചെവികളും കൈകൊണ്ട് പൊത്തി പിടിച്ചു…… കണ്ണടച്ച് നിൽക്കുന്ന അമ്മയെ അച്ഛൻ ചേർത്ത് പിടിച്ചു ആശ്വസിപ്പിക്കുന്നു’..

” പാർവതി …കഴിഞ്ഞതൊക്കെ ഓർമ്മ വന്നു അല്ലെ…. അച്ഛന്റെ വാക്കുകൾ തെറ്റായിരുന്നു എന്ന് തെളിയിക്കാനല്ലെ നമ്മുടെ മക്കളെ മിടുക്കരാക്കി കൊണ്ടു വന്നേക്കുന്നത് ” എന്ന് പറഞ്ഞ് അച്ഛൻ അമ്മയെ കാറിൽ ഇരുത്തി….

“സേതുവേട്ടാ ഇത്ര വർഷമായിട്ടും ഒന്നുo മറന്നിട്ടില്ല ഞാൻ… ഒരിക്കലും മറക്കാൻ കഴിയില്ല ” എന്ന് അമ്മ കരഞ്ഞ് കൊണ്ട് അച്ഛന്റെ നെഞ്ചിലേക്ക് ചാഞ്ഞു….

കഥയറിയാതെ ആട്ടം കാണുന്ന പോലെ ഞാനും ശരണ്യയും നിന്നു…..

എന്തായാലും ഒരു ഫ്ളാഷ്ബാക്കിനു സാധ്യതയുണ്ട്….

എന്തായാലും പ്രതികാരം വീട്ടാൻ വേണ്ടി വന്നതാണെന്ന് മനസ്സിലായി…

നേരത്തെ ഒരു വാക്കു പറഞ്ഞിരുന്നേൽ സ്വയരക്ഷയ്ക്കായെങ്കിലും ആയുധങ്ങൾ കൈയ്യിൽ കരുതായിരുന്നു..

…. ഈ അച്ഛന്റെയൊരു കാര്യം…

. എല്ലാരുo തിരിച്ച് വണ്ടിയിൽ കയറി. വണ്ടി തിരിച്ച് പോകുമ്പോൾ ഒന്നുകൂടി ആ നാലു കെട്ടിലേക്ക് തിരിഞ്ഞ് നോക്കി..

. അകത്തങ്ങളിൽ നിന്ന് ഒരു സ്ത്രീ ശബ്ദം ഉയർന്നു കേൾക്കുന്നു.

… അവർ മുറ്റത്തേക്കിറങ്ങിയതും ഞങ്ങളുടെ കാർ നാലുക്കെട്ടു വീടിന്റെ ഗ്രേറ്റ് കടന്നിരുന്നു…

… ഒരു കുഞ്ഞു വീടിന്റെ മുൻപിൽ നിർത്തി… ആ വീടിന്റെ മുൻപിൽ ഒരു പ്രായമുള്ളയാൾ നിൽക്കുന്നുണ്ടായിരുന്നു ഞങ്ങളുടെ വരവും കാത്ത്….

അച്ഛനാദ്യം കാറിൽ നിന്ന് ഇറങ്ങി അവർ തമ്മിൽ ആലിംഗനം ചെയ്തു സ്നേഹം പ്രകടിപ്പിക്കുന്നു..

. “അത് നിന്റെ കുഞ്ഞു മുത്തശ്ശനാ.. അതായത് നിന്റെ മുത്തശ്ശന്റെ അനിയൻ”.. നമ്മൾ ഇങ്ങോട്ടേക്ക് വന്നത് ശ്രീധരമ്മാവനു മാത്രമെ അറിയു.”

.. ” അദ്ദേഹം നമ്മുക്ക് താമസ സൗകര്യം ശരിയാക്കാമെന്ന് പറഞ്ഞിരുന്നു… “വാ നമ്മുക്ക് ഇവിടെ ഇറങ്ങാം ” എന്ന് അമ്മ പറഞ്ഞപ്പോൾ എന്റെ കൈകൾ യാന്ത്രികമായി കാറിന്റെ ഡോർ തുറന്നു…

അച്ഛൻ എന്നെയും ശരണ്യയെയും പരിചയപ്പെടുത്തി….

ഞാൻ പരിചയം ഒരു പുഞ്ചിരിയിൽ ഒതുക്കി.

.. ഏത് ഭാഗത്തുന്നാ പാര വരുന്നത് എന്ന് പറയാൻ പറ്റില്ലല്ലോ..

താക്കോലേൽപ്പിച്ചു വണ്ടിയിൽ നിന്ന് സാധനങ്ങൾ താഴെയിറക്കാൻ ആൾക്കാരെയും ഏർപ്പാടാക്കി തന്നിട്ട് പോയി..

സാധനങ്ങളെല്ലാം ഇറക്കി വണ്ടിക്കൂലിയും കൊടുത്ത് വണ്ടിക്കാരെ പറഞ്ഞു വിട്ടു…

രാവിലത്തെ ആഹാരം കടയിൽ നിന്നും വാങ്ങി.. സാധനങ്ങളും എല്ലാം ഒതുക്കി ജോലിയെല്ലാം കഴിഞ്ഞ് ഞാൻ മുറ്റത്തേക്കിറങ്ങി…..

നാളെ എന്ത് ജോലിക്കാണോ പോകണമെന്ന് പറയുന്നത്… അച്ഛനോട് സംസാരിക്കണം.

.. മനസ്സിലെന്താ വിചാരിക്കുന്നത് എന്ന് ഒരു പിടിയും കിട്ടുന്നില്ല..

. ഇത്രയും കാലം എന്താ അച്ഛന്റെ വീട്ടുകാരെ കുറിച്ച് ഒരു വാക്ക് പോലും പറയാഞ്ഞത്…. ഒരു പാട് ചോദ്യങ്ങൾ മനസ്സിലുയർന്നുകൊണ്ടിരുന്നു…..

ഞാൻ അച്ഛൻെയടുത്തേക്ക് നടന്നു.. അച്ഛനെന്തോ ആലോചനയിലാണ്.. ഞാൻ ചുമച്ച് ശബ്ദമുണ്ടാക്കി…

ഇത് വരെ അച്ഛന്റെ മുൻപിൽ നിന്ന് ഒന്നും ആവശ്യപ്പെട്ടിട്ടില്ല….

എല്ലാം അമ്മ വഴിയായിരുന്നു കാര്യങ്ങൾ അച്ഛനിലേക്ക് എത്തിച്ചിരുന്നത്…..

”അച്ഛാ ഞാൻ എവിടെയാ നാളെ ജോലിക്ക് പോകണ്ടത് ഒന്നും പറഞ്ഞില്ലല്ലോ ” ഞാൻ പതിഞ്ഞ സ്വരത്തിൽ ചോദിച്ചു…

“വാ ഇവിടെ അടുത്തിരിക്ക്… ഒരു കഥ പറഞ്ഞ് തരാം.. നിന്റെ മുത്തശ്ശന്റെ കഥ.. ഞാനും അതിൽ കഥാപാത്രമാണ്…

എന്റെ അച്ഛൻ ഹരീന്ദ്രനും അമ്മ ശാരദാമ്മയുമാണ്.. നാട്ടിലെ പ്രമാണികളിൽ ഒരാൾ.

… അച്ഛന് ഒരു മൂത്ത ചേച്ചിയും ഒരു അനിയനും ആണ്…

ചെറുപ്പത്തിലെ മാതാപിതാക്കൾ മരിച്ച് പോയത് കൊണ്ട് മൂത്ത ചേച്ചിയാണ് അച്ഛനെയും അനിയനേയും വളർത്തിയത്…

അനിയൻ വിവാഹം കഴിച്ചിട്ടില്ല… അച്ഛന്റെ ചേച്ചിയുടെ ഭർത്താവും കുട്ടികളുമായി കുടുംബത്ത് തന്നെയായിരുന്നു താമസിച്ചിരുന്നത്..

.. അവർക്ക് രണ്ട് മക്കൾ ദേവനും ദേവികയും

എനിക്ക് ഒരു അർദ്ധ സഹോദരൻ കൂടിയുണ്ടാരുന്നു മാധവ്.. മാധവ് നന്നായി പഠിക്കും.. ഞാൻ പഠിക്കാൻ താൽപര്യമില്ലാത്തത് കൊണ്ട് പോയില്ല…

മാധവും അച്ഛന്റെ സഹോദരിയുടെ മകൾ ദേവികയും ഇഷ്ടത്തിലായിരുന്നു..

അവൻ മൂലം അവൾ ഗർഭിണിയായി എന്ന് ദേവിക അവനെ അറിയിച്ച പിറ്റേ ദിവസം മാധവ് കുളത്തിൽ മരിച്ചു കിടക്കുന്നതാണ് കണ്ടത്…

… മാധവിന്റെ മരണശേഷം ഞാനാണ് ദേവികയുടെ വയറ്റിൽ വളരുന്ന കുഞ്ഞിന്റെ ഉത്തരവാദി എന്ന് പറഞ്ഞ് വിവാഹം കഴിക്കണമെന്ന് അച്ഛൻ പെങ്ങൾ ബഹളമുണ്ടാക്കി…

സത്യം അറിയാൻ ശ്രമിക്കാതെ അച്ഛൻ എന്നോട് ദേവികയെ വിവാഹം കഴിക്കണമെന്ന് നിർബന്ധിച്ചു…

വിവാഹം നിശ്ചയിച്ച തലേ ദിവസം രാത്രി ആരോടും പറയാതെ വീട്ടിൽ നിന്നിറങ്ങിയ ഞാൻ നിന്റെ അമ്മയെ വിവാഹം കഴിച്ച ശേഷമാണ് തറവാട്ടിലേക്ക് തിരിച്ച് ചെന്നത്…

തറവാട്ടിൽ ചെന്ന എന്നെ അച്ഛൻ വാക്കുകളാൽ മുറിവേൽപ്പിച്ചു….. ഞാൻ പോന്ന പുറകെ ദേവിക ആത്മഹത്യ ചെയ്തു എന്നറിഞ്ഞു..

“അക്ഷരമറിയാത്തവനെ കെട്ടിയ നീയൊരു വിഡ്ഡി… നിങ്ങൾക്ക് ജനിക്കുന്ന മക്കൾ പമ്പരവിഡ്ഡികളായിരിക്കും… കടക്ക് പുറത്ത് ” എന്ന് പറഞ്ഞ് അധിക്ഷേപിച്ചു വിട്ടു…

അന്ന് മുതൽ വാശിയായിരുന്നു എന്റെ മക്കളെ പഠിപ്പിച്ച് നല്ല നിലയിലാക്കി എന്റെ അച്ഛന്റെ മുൻപിൽ കൊണ്ടു നിർത്തണം എന്നത്…”..

ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് അച്ഛന്റെ മുൻപിൽ തെളിയിക്കാനുള്ള മാർഗ്ഗം ദേവികയുടെ ആത്മഹത്യയോടെ ഇല്ലാതായി.. ”

… മരിക്കുന്നതിന് മുന്നേ എനിക്ക് എന്റെ നിരപരാതിത്വം അച്ഛന്റെ മുൻപിൽ തെളിയിക്കണം…..

അത്രയും നേരം ഗൗരവത്തോടെ ശബ്ദിച്ചിരുന്ന സ്വരം നേർത്തു വന്നു…. അച്ഛന്റെ വാക്കുകളിലെ നിസ്സഹായാവസ്ഥ മനസ്സിലാക്കി ..

”അച്ഛാ എനിക്ക് കുറച്ച് ദിവസത്തെ സമയം വേണം….. അതിനുള്ളിൽ മുത്തശ്ശന്റെ മുൻപിൽ പോയി നിൽക്കാനുള്ള യോഗ്യത ഞാൻ നേടിയെടുക്കുo….

അത് വരെ നമ്മുക്ക് കാത്തിരിക്കണം” എന്ന് പറഞ്ഞ് മുറിയിലേക്ക് പോകുമ്പോൾ മനസ്സ് ശൂന്യമായിരുന്നു…

ഇന്നലെ വരെ ഒരു ലക്ഷ്യമില്ലാത്ത യാത്രയായിരുന്നു….

പക്ഷേ ഇന്ന് അങ്ങനെയല്ല ഒരു ലക്ഷ്യമുണ്ട്.. അതിന് വേണ്ടിയുള്ള ഒരുക്കങ്ങൾ തുടങ്ങണം….

. അതിന് വേണ്ടി അന്ന് മുതൽ അച്ഛന്റെ കുടുംബക്കാരെ കുറിച്ച് പഠിക്കുകയായിരുന്നു…

മുത്തശ്ശൻ രണ്ട് അരി മില്ലിൽ തുടങ്ങിയ സംരംഭം ഇപ്പോൾ വല്യ മില്ലുകളായി…

ഇപ്പോൾ ഏകദേശം പത്ത് പതിനഞ്ച് മില്ലുകൾക്ക് ഉടമയാണ്.. ഇപ്പോഴും മുത്തശ്ശനാണ് നോക്കി നടത്തുന്നത് മുത്തശ്ശി വീട്ടിലുണ്ട്..

മില്ലുകളുടെ കണക്കും കാര്യങ്ങളും മുത്തശ്ശന്റെ പെങ്ങൾ സാവിത്രിയമ്മയുടെ മകൻ ദേവനാണ് നോക്കുന്നത്…. ഭർത്താവ് കേശു വെറുതെയിരുന്നു സമയം കളയുന്ന ഒരാളാണ്..

ദേവന്റെ ഭാര്യയും രണ്ടു ആൺ മക്കളും മില്ലിന്റെ മേൽനോട്ടം വഹിക്കുന്നുണ്ട്… ഇവരെല്ലാം നോക്കുന്നുണ്ടെങ്കിലും മുത്തശ്ശനാണ് എല്ലാരെയും നിയന്ത്രിക്കുന്നത്..

ഇപ്പോൾ പഴയ പോലെ നോക്കാൻ കഴിയാത്തത് കൊണ്ട് പുതിയതായി എല്ലാ മില്ലിന്റെയും കണക്കുകൾ ഒരു ഓഫീസിലേക്കാക്കാൻ തീരുമാനിച്ചു..

അതിന് പറ്റിയ ഒരാളെ ജോലിക്ക് അന്വഷിക്കുന്നുണ്ട്..

ഇതിന് മുൻപ് ആ ജോലിക്ക് ചേർന്നവർക്ക് എന്തെങ്കിൽ അപകടം പറ്റി ആശുപത്രിയിൽ ആകുകയും പിന്നീട് ജോലിക്ക് വരാതാകുകയും ചെയ്യും…

. ഇത്രയും വിവരങ്ങൾ അറിഞ്ഞു… അപ്പോൾ ആ ജോലിക്ക് വേണ്ടിയാണ് അച്ഛൻ എന്നെ പോകാൻ പറഞ്ഞത്.

..വെറും എം ബി എ മാത്രം എടുത്തിട്ട് എനിക്ക് ഈ പണിയൊക്കെ പറ്റുമോന്ന് ആലോചിച്ചെങ്കിലും പിന്നെ അച്ഛനെ ഓർത്തപ്പോൾ പോകാൻ തീരുമാനിച്ചു…..

മുത്തശ്ശന്റ അനിയൻ ജോലി ടെ കാര്യം എല്ലാം ശരിയാക്കിയിട്ടുണ്ട്.. ഇനി ചെന്നാൽ മാത്രം മതി..

എല്ലാം തീരുമാനിച്ച് ഉറപ്പിച്ച് ഉറങ്ങാൻ കിടന്നു… പിറ്റേ ദിവസം കുളിച്ച് ഒരുങ്ങി അച്ഛന്റെ അനുഗ്രഹം വാങ്ങി മുത്തശ്ശന്റെ മില്ലിലേക്ക് യാത്ര തിരിച്ചു…

“സേതുമാധവ് ” എന്ന പേരിലായിരുന്നു മില്ലുകൾ…. അപ്പോ അച്ഛന്റെ പേര് വെട്ടി കളഞ്ഞിട്ടില്ല…..

സെക്യൂരിറ്റിയോട് ജോലിക്ക് വന്നതാ എന്ന് പറഞ്ഞപ്പോൾ ഓഫീസ് കാണിച്ചു തന്നു…. ഓഫീസിലേക്ക് കയറുമ്പോൾ ഒരു പെണ്ണിന്റെ ഉച്ചത്തിലുള്ള ശബ്ദം കേട്ടു.

ഒരു ചെറുപ്പക്കാരൻ പറന്ന് എന്റെ കാൽക്കൽ വീണു..

. ” അങ്ങനെ തോന്നുമ്പോൾ കയറി പിടിക്കാൻ വേറെ ആളെ നോക്കിക്കോണം”….

ഇമ്മാതിരി വേലത്തരം കൊണ്ട് എന്റെടുക്കൽ വന്നാലുണ്ടല്ലോ ഈ വീണ ആരാണെന്ന് താനറിയും”..

ശബ്ദത്തിനുടമയെ ഞാൻ കണ്ടു കൈയ്യിലൊരു അഞ്ചു കിലോയുടെ അരിച്ചാക്കുമായി നിൽക്കുന്ന പെണ്ണിനെ…

നിമിഷം എന്റെ ശ്രദ്ധ അവളിലേക്ക് പോയി.. അലങ്കാരമായി മുഖത്ത് ഒരു കുഞ്ഞുപൊട്ട് മാത്രം …
അവൾ ഇവനെ അരിച്ചാക്കുകൊണ്ട് ഇടിച്ചിട്ടതാവും…ശ്ശൊ.

തുടരും

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

നീർക്കുമിളകൾ: ഭാഗം 1