Thursday, December 12, 2024
Novel

നീർക്കുമിളകൾ: ഭാഗം 7

നോവൽ
എഴുത്തുകാരി: ശക്തി കല ജി

..ഞാൻ അവളെ ചേർത്ത് പിടിക്കണോ വേണ്ടയോ എന്നറിയാതെ നിന്നു…

ഒന്നു നോക്കിയാൽ പീഡിപ്പിച്ചു എന്നു പറയുന്ന കാലമാണേ….

കൈകൾ രണ്ടും അവളുടെ ദേഹത്ത് മുട്ടിക്കാതെ മാറ്റിപ്പിടിച്ചു…

ഇങ്ങനെ നിൽക്കുന്നതും ഒരു സുഖമുണ്ട്..

. എന്റെ മനസ്സിലെ പേടി നെഞ്ചിലെ ഹൃദയമിടിപ്പ് കൊണ്ട് ഇപ്പോൾ അവൾ അറിയും…

ഇപ്പോഴാ ഇത്ര അടുത്ത് കാണുന്നത്…

അവളുടെ കണ്ണീർ കൊണ്ട് എന്നെ നനച്ചു… ഇനി കുറച്ച് നേരo കൂടി നിന്നാൽ കുളിപ്പിച്ച് കളയും..

…. ഞാൻ ഇത്തിരി പുറകോട്ട് ചരിഞ്ഞു….

എന്റെ ശരീരത്തിലെ ചെറിയ അനക്കം കൊണ്ട് അവൾ ഞെട്ടി പുറകോട്ട് മാറി….

” ക്ഷമിക്കണം… ഞാൻ പെട്ടെന്ന് വിഷമം തോന്നിയപ്പോൾ “സോറി ശരത്തേട്ടാ ” എന്ന് പറഞ്ഞവൾ വേഗത്തിൽ മുറിയിൽ നിന്ന് പുറത്തേക്ക് പോയി….

അവൾ പോയി… എന്റെ മനസ്സിനെ പഴയ നിലയിലാക്കാൻ കുറച്ച് സമയം വേണ്ടി വന്നു….

അവളുടെ മുഖം ചേർത്ത് നിന്ന എന്റെ ഹൃദയഭാഗത്ത് എന്റെ വിരലുകൾ സഞ്ചരിച്ചു ചുണ്ടിൽ പുഞ്ചിരി വിടർന്നു….

ശ്ശൊ ഇനി ചിന്തിച്ച് കാടുകയറണ്ട…. ശരിക്കും വിഷമം തീർക്കാൻ യാഥൃഴ്ച്ചികമായി നെഞ്ചിലേക്ക് ചാരിയതാവും…

. വെറുതെ അതിന് പ്രണയം എന്ന് കരുതണ്ട….. ചിലപ്പോൾ ഞാൻ നല്ല സുഹൃത്തായ് തോന്നിയിട്ടുണ്ടാവും ….

അനാവശ്യ ചിന്തകൾക്ക് കടിഞ്ഞാണിട്ടു കൊണ്ട് മുറിയിൽ നിന്ന് ഇറങ്ങി…

കാറിന്റെയടുത്ത് എത്തിയതും മുത്തശ്ശൻ കൈയ്യുയർത്തി പുറകിലേക്ക് കയറാൻ പറഞ്ഞു…

മുത്തശ്ശന്റെ വീട്ടിലേക്കുള്ള യാത്രയിലും മുത്തശ്ശിയുടെ അപ്പുറത്തിരുക്കുന്ന വീണയിലേക്ക് അറിയാതെ എന്റെ കണ്ണുകളിലെ നോട്ടം ചെന്നെത്തി നിന്നു….

അവൾ മുഖം കുനിച്ചിരുപ്പാണ്…

പാവം ഇങ്ങനൊരു നിസ്സാഹായാവസ്ഥ ഒരു പെൺക്കുട്ടിക്കും വരാൻ പാടില്ല….

”ദാ ഈ വഴി പോകാം ആദ്യം അമ്പലത്തിൽ കയറിയിട്ട് പോവാം “എന്ന് മുത്തശ്ശൻ പറഞ്ഞപ്പോൾ ഡ്രൈവർ അമ്പലത്തിലേക്ക് പോകാനുള്ള വഴിയിൽ കൂടി വണ്ടി പോകാൻ തിരിച്ചു…

അമ്പലത്തിൽ ഇറങ്ങി കഴിഞ്ഞ് വീണയെ ശ്രദ്ധിക്കാൻ പോയില്ല… മുത്തശ്ശിയുടെ കൂടെ നടന്നു….

കിട്ടാതെ പോയ മുത്തശ്ശിയുടെ സ്നേഹം മുഴുവൻ ഈ ഒരു ദിവസം കൊണ്ട് കിട്ടണമെന്ന് മനസ്സ് തീവ്രമായി ആഗ്രഹിച്ചു…

. എല്ലാരും ഒരുമിച്ചായിരുന്നെങ്കിൽ ഈ ജീവിതം എന്ത് മനോഹരമാകുമായിരുന്നു….

ആ കാലം വരാൻ ഇനിയെറേ പരിശ്രമിക്കേണ്ടതുണ്ട്….

അമ്പലത്തിൽ തൊഴുത് കഴിഞ്ഞ് തിരിച്ച് വണ്ടിയിൽ കയറുമ്പോഴും വീണ മുഖമുയർത്തി നോക്കിയതേയില്ല…..

ചന്ദനക്കുറിയും കൂടെ തൊട്ടമ്പോൾ നല്ല ഐശ്വര്യം തുളുമ്പുന്ന മുഖം….

സാരിയുടുത്തപ്പോൾ ഇത്തിരി ചന്ദനമൊക്കെ തോന്നുന്നുണ്ട്…

അവളെ നോക്കിയിരുന്ന് വീട് വന്നതറിഞ്ഞില്ല….

നാലുക്കെട്ടു വീടിന്റെ മുൻപിൽ വണ്ടി നിന്നു….

അന്ന് ഈ നാട്ടിലേക്ക് വന്നപ്പോൾ അച്ഛൻ വിളിച്ചു കാണിച്ച വീട്…

അച്ഛന്റെയാകേണ്ടിയിരുന്ന വീട്…

മുറ്റത്തെ അമ്പലം പൂട്ടിക്കിടക്കുകയാണ്.

വീടിനകത്തേക്ക് കയറാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും പുറത്ത് തന്നെ നിന്നു…..

മുറ്റത്തെ പൂട്ടി കിടന്ന അമ്പലത്തിലേക്ക് നോക്കി നിന്നു…

ഈ അമ്പലത്തേക്കുറിച്ച് അച്ഛൻ പറഞ്ഞിട്ടുണ്ട്..

. കുടുംബത്തിലെ ആണുങ്ങൾ ആണ് പൂജവയ്ക്കാറുള്ളത്…

അതും പൗർണ്ണമി ദിവസങ്ങളിൽ മാത്രം….

ആയുസ്സിൽ ഇരുപതൊന്ന് വയസ്സ് കഴിഞ്ഞ് ഇരുപത്തൊന്ന് വർഷങ്ങൾ മാത്രമെ പൂജവയ്ക്കാൻ പറ്റു അത് കഴിഞ്ഞാൽ അടുത്ത അവകാശിക്ക് കൈമാറണം..

.. അച്ഛന് ആ ഭാഗ്യം കിട്ടിയില്ല… ആ പ്രായത്തിൽ നാടുവിടേണ്ടി വന്നു..

ഇനി അടുത്ത അവകാശി ഞാനാണ്…. അതിനും യോഗമുണ്ടാവുവോ എന്തോ….

” ശരത്ത് ഇവിടെ നിൽക്കുകയാണോ…. വീണ പോയിക്കഴിഞ്ഞാൽ വീട്ടിൽ ശാരദയ്ക്ക് കൂട്ടിന് ആരും ഇല്ല. .

. രാത്രി ഞാൻ വരുന്നത് വരെ ആ കുട്ടിയാ ഇവിടെ കൂട്ടിനിരിക്കുന്നേ…

.. തന്റെ താമസം ഇങ്ങോട്ടേക്ക് മാറ്റിക്കോളു… ” ശരത്തിന് വിരോധമൊന്നുമില്ലാല്ലോ” എന്ന് മുത്തശ്ശൻ ചോദിച്ചപ്പോൾ മനസ്സിൽ ഞാൻ തുള്ളിച്ചാടുകയായിരുന്നു….

”സാർ തീരുമാനിക്കുന്നത് പോലെ….സന്തോഷമേയുള്ളു” എന്ന് ഞാൻ സന്തോഷത്തോടെ പറഞ്ഞു….

” എന്നാൽ വാ താമസിക്കേണ്ട മുറി കാണിച്ച് തരാം” എന്ന് പറഞ്ഞ് മുത്തശ്ശൻ നാലുക്കെട്ടിനകത്തേക്കു നടന്നു….

പുറകിലായ് ആ നാലുക്കെട്ടിന്റെ പടികൾ കയറുമ്പോൾ മനസ്സിൽ പറഞ്ഞറിയിക്കാനാകാത്ത എന്തോ വികാരം…..

ഈ വീടും വീട്ടിലുള്ളവരും സ്വന്തമായിട്ടും ഒരു അന്യനെപ്പോലെ കയറി വരേണ്ട ഒരു അവസ്ഥ….

നിറഞ്ഞു വന്ന കണ്ണുനീർ തുള്ളികൾ ആരും കാണാതെ ഒളിപ്പിച്ചു നിർത്തി..

സോഫയിൽ ഇരുന്നു… മുത്തശ്ശി സംഭാരo കൊണ്ടു തന്നു….സംഭാരം കുടിക്കുന്നതിന്റെയിൽ ചുറ്റും വീക്ഷിച്ചു കൊണ്ടിരുന്നു…

നടുമുറ്റത്തിന്റെ മുകൾഭാഗം ഗ്രിൽ ഇട്ടിട്ടുണ്ട്…

.. നടുമുറ്റത്ത് ചെടികൾ നിരത്തി വച്ചിട്ടുണ്ട്….

പനിനീർ റോസ പൂക്കൾ കൊണ്ട് നിറഞ്ഞ് നിൽക്കുന്നു..

.. തെച്ചിയും തുളസിയും എന്ന് വേണ്ട നാടൻ ചെടികൾ എല്ലാം ചെടിച്ചട്ടിയിൽ നട്ടുപിടിപ്പിച്ചിട്ടുണ്ട്..

.കുടമുല്ലവള്ളി ഒരു തുണിൽ കൂടി മുകളിലെ ഗ്രില്ലിലേക്ക് പടർത്തി വിട്ടിട്ടുണ്ട്…

എല്ലാം ഭംഗിയായി നാലുഭാഗത്തായി അടുക്കി വച്ചിട്ടുണ്ട്…

പുക്കളുടെ സുഗന്ധം നിറഞ്ഞു നിൽക്കുന്നു..

“ഈ ചെടികളൊക്കെ വീണയുടെ ഇഷ്ടങ്ങളാണ് അവളാണ് പരിപാലിക്കുന്നതും “മുത്തശ്ശി പറഞ്ഞു

വീണ മുത്തശ്ശിയുടെ പുറകിലായി നിൽക്കുന്നുണ്ട്…

അവളുടെ കണ്ണുകളിൽ എന്നോട് എന്തോ പറയാനുള്ളത് പോലെ…

ഞാൻ ആ കണ്ണുകളിലേക്ക് നോക്കിയതും അവൾ പൂർണ്ണമായും മുത്തശ്ശിയുടെ മറവിലേക്ക് മറഞ്ഞ് നിന്നു…

” ശരത്തിനു താമസിക്കാൻ മുറി മുകളിലാണ് അവിടെയാകുമ്പം എല്ലാ സൗകര്യങ്ങളുമുണ്ട്… വാ …

” പിന്നെ എന്റെ സഹോദരൻ ഒരാളുണ്ട് ശ്രീധരൻ.ആള് വിവാഹമൊന്നും കഴിച്ചിട്ടില്ല.. ”

അയാൾടെയാ അടുത്ത മുറി’.” എന്ന് പറഞ്ഞ് മുത്തശ്ശൻ മുകളിലത്തെ പടവുകൾ കയറി തുടങ്ങി….

ഞാൻ പുറകിലായ് നടന്നു….

മുത്തശ്ശൻ മുറി കാണിച്ചു തന്നിട്ട് പോയി…

അത്യവശ്യം സൗകര്യങ്ങളുള്ള മുറി…

ഇങ്ങനൊരു അവസരം ഇത്രയും നേരത്തെ കിട്ടുമെന്ന് വിചാരിച്ചില്ല….

ഇനി വേഗം കാര്യങ്ങൾ ചെയ്ത്‌ തീർക്കണം…

എല്ലാം മനസ്സിൽ കണക്ക് കൂട്ടി..

ഫോണെടുത്തു ശരണ്യയെ വിളിച്ചു വിവരങ്ങളൊക്കെ പറഞ്ഞു.. അവൾ കോളേജ് ക്ലാസ്സ് കഴിഞ്ഞ് വൈകുന്നേരം ഓഫീസിലേക്ക് വരാം എന്ന് പറഞ്ഞു..

അച്ഛനോടും വിളിച്ച് പറഞ്ഞു.

ഫോൺ പോക്കറ്റിലിട്ടു തിരിഞ്ഞ് നോക്കുമ്പോൾ വീണ എന്നെ തന്നെ നോക്കി നിൽക്കുന്നുണ്ട്…

– “എനിക്ക് വേണ്ടി ഒരു പാട് ബുദ്ധിമുട്ടുണ്ട…. ഞാൻ ഇവിടെ നിന്നോളാം” എന്ന് പറയുമ്പോൾ അവളുടെ മിഴികൾ നിറഞ്ഞു വന്നു…..

”എല്ലാം തീരുമാനിച്ചു കഴിഞ്ഞു എന്തേലും പറയാനുണ്ടേൽ സാറിനോട് പറഞ്ഞാൽ മതി… എന്തിനാ മടി….”

“എന്റെ അമ്മക്കും അനിയത്തിക്കും വീണ ചെല്ലുന്നത് ഒരു ബുദ്ധിമുട്ടുമില്ല…”

” അവർ കാത്തിരിക്കുകയാണ് തനിക്ക് വേണ്ടി “… അവർക്ക് വീണയെ ഇഷ്ടപ്പെടും” എന്ന് ഞാൻ പറഞ്ഞപ്പോൾ സമ്മതമാണെന്ന ഭാവത്തിൽ തലയാട്ടി…

“പിന്നെ ഇപ്പോൾ വിഷമം തോന്നുന്നുണ്ടേൽ ഞാൻ റെഡിയാ ” എന്ന് ചെറുപുഞ്ചിരിയോടെ ഞാൻ പറഞ്ഞതും അവൾ പിന്നെ നിന്നില്ല വേഗം തിരിഞ്ഞു നടന്നു….

പറഞ്ഞ് കഴിഞ്ഞാണ് ഓർത്തത് അവൾ എന്തേലും വിചാരിച്ച് കാണുമോന്ന്….

ഇത്രയൊക്കെ അടുത്ത സ്ഥിതിക്ക് ഇനിയിപ്പോ വിചാരിച്ചാലും കുഴപ്പമില്ല അല്ലേ..

.. ഞാൻ മുത്തശ്ശിയോട് വൈകിട്ട് വരാം എന്ന് പറഞ്ഞ് മുത്തശ്ശനൊടൊപ്പം ഓഫീസിലേക്ക് പോയി…

ഉച്ചകഴിഞ്ഞപ്പോൾ മുത്തശ്ശൻ കാറിന്റെ താക്കോൽ കൊണ്ടു തന്നു..

വൈകുന്നേരം വരെ കാത്തിരുന്നാൽ ചിലപ്പോൾ തിരിച്ച് വരാൻ താമസിക്കും എന്ന് മുത്തശ്ശൻ പറഞ്ഞു

അത് കൊണ്ട് മൂന്ന് മണിയായപ്പോൾ ഓഫീസിൽ നിന്നിറങ്ങി….

…..കാറു കൊണ്ട് പോയി ശരണ്യയെ കോളേജിൽ നിന്ന് വിളിച്ച് നേരെ മുത്തശ്ശിയുടെ അടുത്തേക്ക് പോയി…..

മുത്തശ്ശിയെ കണ്ടതും ശരണ്യ കാൽതൊട്ടു വന്ദിച്ചു..

.. മുത്തശ്ശി ശരണ്യയെ തോളോട് ചേർത്തണയ്ക്കുമ്പോൾ അവളുടെ കണ്ണുകളിൽ തിരമാല ആർത്തലച്ച് വരുന്നത് കണ്ടു….

ദൈവമേ എല്ലാം കുളമാക്കുമോ ഈ പെണ്ണ് എന്ന് തോന്നി….

അപ്പോഴാണ് വീണ വന്നത്…

”ശരത്തേട്ടൻ അനിയത്തി ശരണ്യയാണെന്ന് പറഞ്ഞപ്പോൾ ഈ ശരണ്യയാണ് എന്ന് ഞാനറിഞ്ഞില്ലട്ടോ.. ”

വീണയുടെ ശബ്ദം കേട്ടതും ശരണ്യ അത്ഭുതത്തോടെ നോക്കി..

. കുറച്ച് നിമിഷങ്ങൾ ശരണ്യ വീണയെ സുക്ഷിച്ച് നോക്കി..

.. പെട്ടെന്ന് അവളുടെ കണ്ണുകൾ വിടർന്നു….

സന്തോഷത്തോടെ ശരണ്യ വീണയുടെ അടുത്തേക്ക് നടന്നു.. .


”ആഹാ ചേച്ചിയാരുന്നോ… പിന്നീട് ഒരുപാട് ആഗ്രഹിച്ചിരുന്നു എന്നെങ്കിലും ഒരിക്കൽ വീണ്ടും കാണണമെന്ന്.. എത്ര പ്രാവശ്യം ലാന്റ് ഫോണിൽ വിളിച്ചു കിട്ടിയതേയില്ല “..

” ഏട്ടാ ഇത് ഞാൻ പറഞ്ഞിട്ടില്ലേ ഒരു ചേച്ചിയെക്കുറിച്ച് “… ഡിഗ്രി ഫസ്റ്റ് ഇയർ ടൂർ പോയപ്പോൾ പരിചയപ്പെട്ട ചേച്ചി.. ”

“.. ഞങ്ങൾ താമസിച്ച ഹോട്ടലിൽ വച്ച് ഒരാൾ എന്നെ ഉപദ്രവിക്കാൻ നോക്കിയപ്പോൾ ചേച്ചിയാ വന്ന് രക്ഷിച്ചത്….”

“എനിക്ക് ഈ മുഖം ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയില്ല” എന്ന് പറഞ്ഞ് ശരണ്യ വീണയെ കെട്ടിപ്പിടിച്ചു……

” അന്ന് രാത്രി സംഭവം കഴിഞ്ഞ് പിറ്റേ ദിവസം പോലീസിൽ പരാതി കൊടുക്കാൻ പോയപ്പോൾ അയാൾക്ക് ആക്സിഡന്റ് പറ്റി കാലൊടിഞ്ഞു കിടക്കുകയാണെന്നാണ് അറിഞ്ഞത്… അന്ന് പരാതി കൊടുത്ത് തിരിച്ച് പോന്നു…. ”

” ആ സമയത്താണ് അച്ഛനും അമ്മയും മരിക്കുന്നത്….

” പിന്നെ കേസിന്റെ പുറകേ പോയില്ല”
… അത് പറയുമ്പോൾ അവളുടെ ശബ്ദമിടറി…

ശരണ്യ വീണ്ടും ഒന്നൂടെ വീണയെ ചേർത്തു പിടിച്ചു മുറിയിലേക്ക് പോയി….

അവർ വരാൻ വേണ്ടി പൂക്കളുടെ സൗന്ദര്യം ആസ്വദിച്ച് കൊണ്ട് ഞാൻ നടുമുറ്റത്ത് കാത്തുനിന്നു….

അന്ന് ഞാനാണ് അവന്റെ കാര്യത്തിൽ തീരുമാനമെടുത്തതെന്ന് ആർക്കുമറിയാത്ത സത്യം..

..പെങ്ങളെ ഉപദ്രവിച്ചവന്റെ കൈയ്യുo കാലും തല്ലിയൊടിക്കാതെ പിന്നെ അവനെ പൂവിട്ട് പൂജിക്കണോ….

* * * ** * * ** * * ** * * ** * * ** * * ** *

ശരണ്യയെ കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി…

ആദ്യം വീട്ടിലെ ലാന്റ് ഫോൺ നമ്പറിൽ ഞാനും ശരണ്യയും പരസ്പരം വിളിക്കുമായിരുന്നു….

ചേച്ചിടെ വിവാഹം ഉറപ്പിച്ചത് പറയാനായിരുന്നു അവസാനം വിളിച്ചത്….

പിന്നീട് വീട് വിട്ട് പോന്ന് കഴിഞ്ഞ് ജോലിക്ക് കയറി കഴിഞ്ഞാണ് പുതിയ മൊബൈൽ ഫോൺ വാങ്ങുന്നത്…..

അപ്പോഴേക്ക് ശരണ്യയുടെ നമ്പർ നഷ്ടപ്പെട്ടു പോയിരുന്നു…..

ഇപ്പോൾ മനസ്സിനൊരു സമാധാനം…അറിയാത്ത ഒരാളുടെ വീട്ടിലല്ലല്ലോ പോകുന്നത്

വല്യ സാറിനോടും ശാരദാമ്മയോടും യാത്ര പറഞ്ഞിറങ്ങി…

ആദ്യം താമസിച്ചിരുന്ന ക്വാട്ടേഴ്സിലേക്കാണ് പോയത്….

ശരത്തേട്ടനെ അഭിമുഖീകരിക്കാൻ ബുദ്ധിമുട്ട് തോന്നി…

..മുഖം കൊടുക്കാതെയിരുന്നു അത് മനസ്സിലാക്കിയെന്ന പോലെ ശരത്തേട്ടനും മൗനമായി തുടർന്നു….

ശരണ്യ അത്യാവശ്യ സാധനങ്ങൾ പായ്ക്ക് ചെയ്യാൻ സഹായിച്ചു….

എല്ലാം ബാഗിലാക്കിയപ്പോഴേക്ക് ശരത്തേട്ടൻ അകത്തേക്ക് വന്നു…

. ബാഗെടുത്തു ഡിക്കിയിൽ വച്ച ശേഷം യാത്ര തുടർന്നു…

ശരണ്യ എന്തോക്കെയോ സംസാരിക്കുന്നുണ്ടായിരുന്നെങ്കിൽ എന്റെ മനസ്സ് മുഴുവനും നിറഞ്ഞു നിന്നത് ശരത്തേട്ടന്റെ നെഞ്ചോടു ചേർന്ന് നിന്ന സുന്ദര നിമിഷങ്ങളായിരുന്നു…..

ആഗ്രഹിക്കുന്നതിൽ അർഹതയുണ്ടോ എന്നറിയില്ല….

സ്വപ്നം കാണുന്നതിന് ആരുടെയും അനുവാദം വേണ്ടല്ലോ….

ഇടയ്ക്കെപ്പോഴോ ശരണ്യ എന്റെ മടിയിൽ കിടന്നുറങ്ങി പോയി…

ഞാനും ഉറങ്ങാൻ വേണ്ടി തല പതുക്കെ സീറ്റിലേക്ക് ചായ്ച്ച് കണ്ണടച്ച് കിടന്നു…….

എന്തിനോ എന്റെ കണ്ണുകളിൽ നിന്നു നീർച്ചാലുകൾ രൂപപ്പെട്ടു…

ആരോരുമില്ലാത്ത പെണ്ണിന്റെ കണ്ണീർ….

വണ്ടിയുടെ ഹോൺ അടിക്കുന്ന ശബ്ദം കേട്ടാണ് ഉണർന്നത്….

കണ്ണ് തുറന്ന് നോക്കിയപ്പോൾ ഞാൻ അത്ഭുതപ്പെട്ടു….

ഞാൻ ജനിച്ചു വളർന്ന വീട്….

അച്ഛന്റെയും അമ്മയുടെയും ചേച്ചിയുടെയും ഒപ്പം സന്തോഷമായി ജീവിച്ച വീട്…..

ഞാൻ ശരണ്യയെ എഴുന്നേൽപ്പിച്ചു…

വണ്ടിയിൽ നിന്നിറങ്ങുമ്പോൾ കാലുകൾ വിറച്ചു….

എന്റെ കാലുകൾ അച്ഛനുമമ്മയും ദഹിപ്പിച്ച സ്ഥലത്തേക്ക് സഞ്ചരിച്ചു…..

മുട്ടി കുത്തി നിന്ന് ഹൃദയം പൊട്ടുമാറ് കരഞ്ഞു പോയി…

.. ശരണ്യ വന്ന് തോളിൽ കൈവച്ചപ്പോൾ… “എന്റെ വീടായിരുന്നു… ഞങ്ങടെ വീട്…. ന്റെ അച്ഛനുമമ്മയും ഉറങ്ങുന്ന മണ്ണ് ” എന്ന് ഞാൻ പറഞ്ഞപ്പോൾ ശരത്തേട്ടൻ ഓടി വന്ന് എന്നെ പിടിച്ചെഴുന്നേൽപ്പിച്ചു….

ശരണ്യ എന്നെ ചേർത്ത് പിടിച്ചു….

ഹാളിൽ ഇരുക്കുമ്പോൾ മനസ്സ് അസ്വസ്ഥമായിരുന്നു ആരും ഒന്നും ചോദിച്ചില്ല… അമ്മയെ പരിചയപ്പെടുത്തി.

.. “അച്ഛനെ ഒരു മാസത്തെ ആയുർവേദ ചികിത്സയ്ക്കായി ഒരു ആശുപത്രിയിൽ ചേർത്തിരിക്കുകയാണ്… ചികിത്സ കഴിയാറായി… ഒരാഴ്ച കഴിയുമ്പോൾ വരും ” …. എന്ന് ശരണ്യ പറഞ്ഞു…

അമ്മയോടും ശരണ്യയോടും കുറച്ച് നേരം സംസാരിച്ചിരുന്നപ്പോൾ മനസ്സ് ശാന്തമായി…..

ഞാൻ കിടന്നിരുന്ന മുറി തന്നെ എനിക്ക് തന്നു….

ഒരു പാട് ഓർമ്മകൾ നിറഞ്ഞു നിൽക്കുന്ന മുറി…

ശരത്തേട്ടൻ മുറിയിൽ ബാഗ് കൊണ്ടു തന്നു..

.. “ആദ്യം കണ്ടപ്പോൾ ഒരു റൗഡി പെണ്ണായിട്ടാ കണ്ടത്… തനിക്ക് ഈ കരച്ചിലിന്റെ ഭാവം ചേരില്ല.:..എനിക്ക് ആ റൗഡി പെണ്ണിനോടാ ഇഷ്ടം” എന്ന് ശരത്തേട്ടൻ പറഞ്ഞപ്പോൾ മനസ്സിലായിരം വർണ്ണശലഭങ്ങൾ പറന്നുയർന്നു…

തുടരും

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

നീർക്കുമിളകൾ: ഭാഗം 1

നീർക്കുമിളകൾ: ഭാഗം 2

നീർക്കുമിളകൾ: ഭാഗം 3

നീർക്കുമിളകൾ: ഭാഗം 4

നീർക്കുമിളകൾ: ഭാഗം 5

നീർക്കുമിളകൾ: ഭാഗം 6