നീർക്കുമിളകൾ : ഭാഗം 25
നോവൽ
എഴുത്തുകാരി: ശക്തി കല ജി
അമ്മയുടെ മടിയിൽ കണ്ണടച്ച് കിടക്കുമ്പോഴും മനസ്സ് പല വഴിക്ക് സഞ്ചിരിക്കുകയായിരുന്നു….
അജയ് പറഞ്ഞ വാക്കുകൾ അവന്റെ മനസ്സിൽ ഉയർന്നു വന്നുകൊണ്ടിരുന്നു…
മുത്തശ്ശന് വീണയുമായുള്ള ബന്ധം ഇഷ്ടമല്ല എന്ന് അജയ് പറഞ്ഞത് വിശ്വസിക്കാൻ കഴിയുന്നില്ല….
അമ്മയുടെ തലോടൽ മനസ്സിനെ നിയന്ത്രണത്തിലാക്കാൻ ശക്തിയേകി…
“എന്ത് പറ്റി ഇത്ര വിഷമം…. വല്ല പ്രണയനൈരാശ്യവുമന്നോ “… അമ്മയുടെ വാക്കുകൾ അവനെ ചിന്തയിൽ നിന്നുണർത്തി…
“ഹേയ് അല്ലാമ്മാ…. എന്തോ ഒരു ക്ഷീണം ഞാനൊന്ന് കിടക്കട്ടെ ” എന്ന് പറഞ്ഞ് ശരത്ത് എഴുന്നേൽക്കാൻ ഭാവിച്ചതും അമ്മ അവനെ പിടിച്ചിരുത്തി…
” മനസ്സിനാ അല്ലെ ക്ഷീണം… ” എന്ന് പറഞ്ഞ് അമ്മ ചിരിച്ചു..
ശരത്ത് മുഖം കുനിച്ചു…
” ഞാൻ കാരണം എല്ലാരും വീണ്ടും പിരിയേണ്ടി വരുമോ എന്ന് തോന്നുവാ”…
” അച്ഛന്റെ സന്തേഷത്തിന് വേണ്ടി ഇത്രയും കഷ്ടപ്പെട്ടത് “..
.” ആ സന്തോഷം ഞാൻ കാരണം നഷ്ടപ്പെടുമോ എന്ന് ഭയം തോന്നുന്നു “…ശരത്ത് വാക്കുകൾ ഇടറിയിരുന്നു…
” അച്ഛന്റെ സന്തോഷത്തിന് വേണ്ടി നീ എത്ര മാത്രം പ്രയത്നിച്ചിട്ടുണ്ട് എന്ന് ഞങ്ങൾക്കെല്ലാം അറിയാം”
“…. ഇപ്പോൾ എന്താ പെട്ടെന്നൊരു വിഷമം… എന്തായാലും പറ കുഞ്ഞേ…” അമ്മ സ്നേഹത്തോടെ പറയുമ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞു വന്നു….
അമ്മയോട് കൂടുതൽ സംസാരിച്ചു നിന്നാൽ ചിലപ്പോൾ മനസ്സിലെ വിഷമം പറഞ്ഞു പോകും…
“ഒന്നൂല്ലെന്റെ അമ്മക്കുട്ടി… കുറച്ച് നേരം കിടന്നാൽ മാറും.. ” എന്ന് പറഞ്ഞ് അവൻ എഴുന്നേറ്റ് അകത്തേക്ക് നടന്നു…
പാർവതിയമ്മയുടെ മനസ്സിൽ വല്ലാത്ത വിഷമം തോന്നി…
എല്ലാരുടെയും ഇഷ്ടം നോക്കി നടത്തി തരാൻ ഓടി നടക്കുകയാണ് ഈ നിമിഷം വരെ..
. അവനെന്താണോ ഇത്ര വിഷമം എന്തായാലും കണ്ടു പിടിക്കണം അവർ മനസ്സിൽ തീരുമാനിച്ചുറപ്പിച്ചു….
ശരത്ത് മുറിയിൽ എത്തി കുറച്ച് സമയം കഴിഞ്ഞ് വീണയും അമ്മയും സംസാരിക്കുന്ന ശബ്ദം കേട്ടു….
അവൻ കണ്ണടച്ച് കട്ടിലിൽ തന്നെ കിടന്നു….
വീണ വീട്ടിൽ എന്തിനാ ഈ സമയത്ത് വന്നത് എന്ന് ആലോചിച്ചപ്പോഴേക്ക് അവൾ മുറിയിലേക്ക് വന്നു…
ശരത്ത് എഴുന്നേറ്റ് തലയണയിൽ ചാരിയിരുന്നു എന്താണെന്ന ഭാവത്തിൽ നോക്കി…
വീണ അവന്റെ അടുത്തേക്ക് നടന്നു വന്നു…
കട്ടിലിനു അടുത്തായി തറയിൽ മുട്ടി കുത്തി നിന്നു…
കണ്ണുകൾ കരഞ്ഞു കലങ്ങിയിരിക്കുന്നു.
കവിളിൽ കണ്ണീർ ചാലിട്ടൊഴുകിയാ പാടു കാണാം…
കരിമഷി കവിളിലേക്ക് പടർന്നിരുന്നു…
ചുണ്ടുകൾ വിറയ്ക്കുന്നുണ്ടായിരുന്നു…
അവൾ കുറ്റബോധത്തോടെ അവന്റെ മുന്നിൽ മുട്ടുകുത്തി തല കുനിച്ചിരിക്കുകയാണ്…..
വീണ്ടും കണ്ണീർമഴ പെയ്തു തുടങ്ങി… അതവന്റെ ഹൃദയത്തെ കൂടതൽ വേദനിപ്പിച്ചു….
അവളെ വേദനിപ്പിക്കണമെന്നു അവൻ ഒരിക്കലും വിചാരിച്ചിട്ടില്ല..
പക്ഷേ അവന്റെ വാക്കുകൾ അവൾക്ക് താങ്ങാൻ പറ്റാത്തതായിരുന്നു…
ഏത് ബന്ധമായാലും പരസ്പര വിശ്വാസമാണ് വേണ്ടത്…
. പരസ്പര വിശ്വാസo നഷ്ടപ്പെടുത്തിടന്നിടത്ത് ഏത് ബന്ധമായാലും നിലനിൽക്കില്ല….
പ്രണയത്തിൽ ഹൃദയത്തിലെ മുറിവിന്റെ ആഴം കൂടും…
അവൻ അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചില്ല…
കരയട്ടെ … കുറച്ച് കരഞ്ഞ് കഴിഞ്ഞാൽ മനസ്സ് ശാന്തമാകും എന്ന് കരുതി അവളെ തന്നെ നോക്കിയിരുന്നു….
അവൾ പതുക്കെ മുഖമുയർത്തി നോക്കി…
അവന്റെ കണ്ണുകളെ നേരിടാനാവതെ അവൾ ദൃഷ്ടി താഴേക്ക് പതിപ്പിച്ചു….
“ന്നൊട് ദേഷ്യമന്നോ… ഞാൻ ‘… എന്നോട് ക്ഷമിക്കണം ശരത്തേട്ടാ… ”
“ഏട്ടനെ മനസ്സിലാക്കാതെ ഞാൻ എന്തൊക്കെയോ ചിന്തിച്ചു കൂട്ടി….”
” സിത്താരയെ കൊണ്ട് അവളുടെ മനസ്സിൽ അജയ് യോട് ഇപ്പോഴും ഇഷ്ടമുണ്ട് എന്ന് പറയിപ്പിക്കാനാണ് ഇങ്ങനൊക്കെ ചെയ്തു കൂട്ടിയത്….. ”
“അവൾ ഇഷ്ടം സമ്മതിച്ച് കഴിഞ്ഞ് ശരത്തേട്ടനോട് എല്ലാം തുറന്ന് പറയാൻ തന്നെയാ തീരുമാനിച്ചിരുന്നത്….”…
” പക്ഷേ എന്റെ കണക്കൂകൂട്ടലുകളെല്ലാം തെറ്റി പോയി ” എന്ന് പറഞ്ഞവൾ വിതുമ്പി…
” എന്നാലും നീ എന്നോട് മറച്ച് വച്ചത് തെറ്റ് തന്നെയാ… ”
“അതെനിക്ക് ഒരിക്കലും ക്ഷമിക്കാൻ കഴിയില്ല “…
” ആദ്യം സിത്താരയോട് സംസാരിച്ച് അജയിയുടെ കൂടെ പോകാൻ സമ്മതമാന്നോ എന്നറിയണം…. “ശരത്ത് ഗൗരവത്തോടെ പറഞ്ഞു…
” ന്നാലും ഒന്നു ക്ഷമിച്ചൂന്ന് വാക്കാൽ ഒന്ന് പറ എന്റെ ഒരു സമാധാനത്തിനെങ്കിലും ”
… പ്ലീസ്” അവൾ അപേക്ഷാ സ്വരത്തിൽ പറഞ്ഞു…
“നിനക്ക് സമാധാനം തന്നിട്ട് എനിക്ക് പ്രത്യേകിച്ച് നേട്ടമൊന്നുമില്ല…. ”
” പിന്നെന്തിനാ ഒരു വെറും വാക്ക് പറയുന്നത്…”
“. എനിക്കതിന്റെ ആവശ്യമില്ല….. ”
“ശരത്ത് ദേഷ്യം ഭാവിച്ച് പറഞ്ഞെങ്കിലും ചുണ്ടിൽ ചെറു കുസൃതി ചിരി വിടർന്നു….
അവൾ പതുക്കെ എഴുന്നേറ്റു…
അവളുടെ ദൃഷ്ടി ശരത്തിന്റെ കണ്ണിലേക്ക് പായിച്ചപ്പോൾ പറഞ്ഞറിയിക്കാനാകാത്ത അനുഭൂതി അവനിൽ നിറയുന്നതറിഞ്ഞു….
അവന്റെ കരങ്ങൾ അവളുടെ കവിളിലെ കണ്ണുനീർത്തുള്ളികളെ തൊട്ടപ്പോൾ വീണ മാറാനാവാതെ അങ്ങനെ നിന്നു പോയ്…
അവൾ കുറച്ചു കൂടി അവനോടു ചേർന്നു നിന്നു….
അവളുടെ ചുണ്ടുകൾ കവിളിലേക്കടുത്തതും അവൻ പുറകോട്ടു മാറി….
” ആണായാലും പെണ്ണായാലും അനുവാദം ഇല്ലാതെ ചുംബിക്കുന്നത് തെറ്റ് തന്നെയാ “….
“എന്നെ ഉമ്മ തന്ന് വീഴ്ത്താൻ നോക്കണ്ട…”
” അതിലൊന്നും ഈ ശരത്ത് വീഴില്ല ” ശരത്ത് കളിയാക്കി കൊണ്ടു പറഞ്ഞു…
അവൾക്കവന്റെ മുഖത്തേക്ക് നോക്കാൻ കഴിയുന്നുണ്ടാരുന്നില്ല…
. ആ നിമിഷം അവൾ ചിന്തിച്ചു താനെന്താ ചെയ്യാൻ പോയതെന്നോർത്തപ്പോൾ അവളുടെ ചുണ്ടിൽ പുഞ്ചിരി വിടർന്നു…
” ഞാൻ അറിയാതെ സോറി… ” എന്ന് പറഞ്ഞവൾ തിരിഞ്ഞു നടക്കാനൊരുങ്ങിയതും ശരത്തവളുടെ രണ്ടു കൈയ്യും പിടിച്ച് പുറകിലേക്കാക്കി തന്നിലേക്കടുപ്പിച്ചു….
“അതേയ് എന്തായാലും ഇവിടെ വരെ വന്നതല്ലേ ഇത് വാങ്ങിയിട്ട് പോ” എന്നു പറഞ്ഞ് കവിളിൽ അമർത്തി കടിച്ചു….
അവൾ എതിർത്തില്ല… കണ്ണുകൾ മുറുക്കി അടച്ചു…
കവിളിലെ ചെറിയ നോവ് അവളുടെ മനസ്സി വിഷമങ്ങളെല്ലാം നീർക്കുമിളകളായ് പൊട്ടിച്ചിതറിച്ചു….
” ഇപ്പോൾ എന്നെ അരിച്ചാക്ക് കൊണ്ട് തല്ലാൻ തോന്നുന്നുണ്ടോ ”.. എന്ന് ശരത്ത് ചോദിക്കുമ്പോൾ അവൾ ഏതോ മായിക ലോകത്തായിരുന്നു….
കൈയ്യിലെ പിടി അയഞ്ഞതും ശരത്ത് മുറി വിട്ട് പോയതുമൊന്നും അവളറിഞ്ഞില്ല….
“ഇതെന്താ കുട്ടി ഇവിടെ നിൽക്കുന്നത് “..
“അവനെന്ത് മരുന്നാ കൊടുത്തത് ”
“വല്ലാത്ത ക്ഷീണം എന്ന് പറഞ്ഞു വന്ന ആളാ…. ”
“ദാ ഇപ്പോൾ തുള്ളി ചാടി പോകുന്നു” പാർവതിയമ്മ സംശയദൃഷ്ടിയോടെ വീണയെ നോക്കി..
അവളറിയാതെ അവളുടെ വലത് കരം കവിളിൽ തൊട്ടു…
ചെറിയ നോവ് ഇപ്പോഴും ഉണ്ട്..
അവൾ പരിഭ്രമത്തോടെ എന്ത് പറയണമെന്നറിയാതെ നിന്നു….
” വീണ ഡ്രസ്സൊക്കെ മാറി വാ…. ചായയിട്ട് തരാം… വാ.”
“.. അവൻ അടുക്കളയിലേക്ക് പോയിട്ടുണ്ട് ചായയിടാനെന്നും പറഞ്ഞ് ”
” ഞാൻ വേഗം ചെല്ലട്ടെ “.. എന്ന് പറഞ്ഞ് പാർവതിയമ്മ താഴേക്ക് പോകാനിറങ്ങുമ്പോഴും അവർ വീണയുടെ മുഖത്തെ ഭാവം ശ്രദ്ധിച്ചു…
കവിളിലെ ചുവപ്പും ചുണ്ടിലെ ചിരിയും കണ്ണിലെ പ്രണയഭാവവും….
അവർ അവളെ കുടുതൽ ചോദ്യങ്ങൾ ഇപ്പോൾ ചോദിച്ച് ബുദ്ധിമുട്ടിക്കണ്ട എന്ന് കരുതി….
പാർവതിയമ്മ അടുക്കളയിൽ ചെന്നപ്പോഴേക്ക് ശരത്ത് ചായയിട്ടിരുന്നു…
ഇഞ്ചിയുടെയും ഏലയ്ക്കായുടെയും ഗന്ധം പടർന്നു…
വീണയ്ക്ക് താഴേക്ക് പോകാൻ മടി തോന്നി… അവൾ മുറിയിലേക്ക് പോയി..
കുറച്ച് നേരം ജനലിൽകൂടി പുറത്തെ കാഴ്ചകൾ കണ്ടു നിന്നു…
“ദാ ചായ. താഴേക്ക് കാണാഞ്ഞത് കൊണ്ട് ഞാനിങ്ങോട്ടേക്ക് കൊണ്ടുവന്നു “…
” എന്റെ മോനിട്ടതാ.. കുടിച്ചിട്ട് പറ… ഇഷ്ടായോന്ന് ” പാർവതിയമ്മ പുഞ്ചിരിയോടെ പറഞ്ഞു…
“യ്യോ… എന്തിനാമ്മേ…ഞാനങ്ങോട്ടേക്ക് വരാന്ന് പറഞ്ഞില്ലാരുന്നോ…. ” എന്ന് പറഞ്ഞ് അവൾ ചായ വാങ്ങി….
വീണ ചായ ഊതി കുടിക്കുന്നത് നോക്കി പാർവതിയമ്മ അവളുടെ അടുത്ത് തന്നെയിരുന്നു ….
” ന്റെ കുട്ടിക്കെന്താ ഇത്ര വിഷമം”
“… രാവിലെ ഇവിടുന്ന് പോയ പോലല്ലല്ലോ ഇപ്പോൾ “…. ” ആരെയും എന്തെലും പറഞ്ഞോ ” പാർവതിയമ്മ ചോദിച്ചു….
” അത് പിന്നെ… ചേച്ചിടെ കുഞ്ഞിനെ വിട്ട് വന്നെതിന്റെ വിഷമം.”
“… ഇപ്പം കുറച്ച് ദിവസം അവന്റെ കൂടെയായിരുന്നില്ലെ….”
” എന്റെ കൂടെയാരുന്നു കളിയും ചിരിയും ഉറക്കവും എല്ലാം…”
“അവനുറങ്ങുമ്പോഴാ ഞാനിറങ്ങിയത്…”
” പാവം ഉറക്കമുണർന്ന് എന്നെ തിരഞ്ഞിട്ടുണ്ടാവും..”. വീണയുടെ വിഷമം കണ്ട് പാർവതിയമ്മ അവളുടെ അടുത്തേക്ക് ചേർന്നിരുന്നു….
” ഇം പെണ്ണിന് അതേ പറഞ്ഞിട്ടുള്ളു കുട്ടി…. നമ്മുക്ക് ഇടയ്ക്ക് പോകാം അങ്ങോട്ടേക്ക്…. “…
“വിവാഹത്തിന് മുന്നേ അവൾ അച്ഛനുമമ്മയേയും വിട്ട് നിൽക്കാൻ വിഷമം ഉള്ളത് പോലെ തന്നെയാ വിവാഹശേഷം ഭർത്താവിനോടും കുടുംബത്തേയും വിട്ട് നിൽക്കാൻ വിഷമം തോന്നുക….
” ഗീതയെ കുറച്ച് ദിവസം ഇങ്ങോട്ട് വരാൻ പറഞ്ഞാലും അവൾ വരില്ല.. ”
.. സ്നേഹസമ്പന്നനായ ഭർത്താവിനെയും കുടുംബത്തെയും പിരിഞ്ഞിരിക്കാൻ ഒരു പെണ്ണിനും കഴിയില്ല…”…
” എന്ന് വച്ച് സ്വന്തം അച്ഛനോടുമമ്മയോടും സ്നേഹം ഒട്ടും കുറയുകയുമില്ല.. ”
… “സ്നേഹം കൂടുകയെയുള്ളു”… മാതാപിതാക്കൾക്കും അത് തന്നെയാ സന്തോഷം ” എന്ന് പറഞ്ഞ് പാർവതിയമ്മ പുഞ്ചിരിച്ചു..
” ശരിയാ ഞാനത്രയും ചിന്തിച്ചില്ല… ഗീതേച്ചിയെ തിരിച്ച് വിളിച്ചുകൊണ്ടു വന്നാലോന്ന് വരെ ആലോചിച്ചു ഞാൻ ”
“… എന്റെ അമ്മ ഇപ്പോഴുo കൂടെ ഉണ്ടാരുന്നേൽ എനിക്കെല്ലാം പറഞ്ഞു തന്നേനെ…. “.. എനിക്ക് പറഞ്ഞു തരാൻ ആരുമില്ലാല്ലോ….
” എനിക്കറിയില്ല ന്റെ ജീവിതമെങ്ങോട്ടാണെന്ന്… ”
” പുഴയിലെ ജലം മുൻപോട്ട് ഒഴുകുന്നത് പോലെ ഞാനും പോവാണ്.. “… അവളുടെ മിഴികൾ നിറഞ്ഞു തുളുമ്പിയതും പാർവതിയമ്മ അവളെ ചേർത്തു പിടിച്ചു..
“ഇനി ആരുമില്ലാന്ന് പറഞ്ഞാൽ വടിയെടുക്കും ഞാൻ ”
“ഞാനുണ്ട്… ഞങ്ങൾ എല്ലാരുമുണ്ട്… ” എന്ന് പാർവതിയമ്മ പറയുമ്പോൾ വീണയെ ഇരു കൈകൾ കൊണ്ടും തന്നിലേക്ക് ചേർത്ത് പിടിച്ചിരുന്നു…..
വീണ പാർവതിയമ്മയുടെ മടിയിൽ തല ചായ്ച്ച് കിടന്നു…
ശരത്ത് വാതിലിനരികിൽ വന്നപ്പോൾ അമ്മയുടെ മടിയിൽ വീണ തല വച്ച് കിടക്കുന്നതാണ് കണ്ടത്…
അവൻ അവളെ കുറ്റപ്പെടുത്തിയ വിഷമം കൊണ്ട് കിടക്കുകയാണ് എന്നവന് മനസ്സിലായി..
വിഷമങ്ങൾ കരഞ്ഞും പറഞ്ഞും തീർക്കട്ടെയെന്നു കരുതി ശരത്ത് ശബ്ദമുണ്ടാക്കാതെ തിരിഞ്ഞു നടന്നു…
ഇനി സിത്താരയെ കാണണം…. സിത്താരയെ ഫോണിൽ വിളിച്ചു ഓഫീസിലുണ്ട് എന്ന് പറഞ്ഞത് കൊണ്ട് ശരത്ത് ഓഫിസിലേക്ക് പോയി…
സിത്താര ക്യാബിനിൽ ചിന്താകുലയായി ഇരുന്നു..
. ശരത്തേട്ടൻ തന്റെ ഫോണിലേക്ക് കുറെ നാളുകൾക്ക് ശേഷമാണ് വിളിക്കുന്നത്..
തന്നോട് എന്തോ സംസാരിക്കണം ഓഫീസിന് വെളിയിൽ ചെന്ന് നിൽക്കണമെന്ന് പറഞ്ഞു…..
എന്താ ഇപ്പോൾ ഓഫീസിൽ വച്ച് സംസരിക്കാൻ പറ്റാത്ത കാര്യം… ചിലപ്പോൾ വിവാഹകാര്യമാവുമോ….
വേണ്ടാ എന്ന് പറഞ്ഞ് മടങ്ങി വന്നു കാണുമോ…
എന്തായാലും സൂക്ഷിച്ച് സംസാരിക്കണം…
അച്ഛന് ജാമ്യം കിട്ടാൻ വേണ്ടി എല്ലാം പേപ്പർസും റെഡിയാക്കി കൊടുത്തിട്ടുണ്ട്… അത് വരെ പിടിച്ചു നിന്നേ പറ്റു….
അച്ഛൻ ജാമ്യത്തിലിറങ്ങിയാൽ ആരും കാണാതെ എങ്ങോട്ടേലും പോകാം എന്ന് തീരുമാനിച്ചു.
.. അതിന് വേണ്ട പണം വേണം….
രണ്ടു ദിവസം മുന്നേ പഴയ വീട്ടിൽ പോയി അവിടെ സൂക്ഷിച്ചിരുന്ന സ്വർണ്ണവും പണവും എടുത്ത് കൊണ്ടുവന്നു…
ബാക്കി ബാങ്കിൽ കിടക്കുന്ന പൈസ കുറെശ്ശെയായി ഓരോ പ്രാവശ്യം ജയിലിൽ കാണാൻ പോകുമ്പോഴും ചെക്ക് ഒപ്പിട്ട് വാങ്ങി ബാങ്കിൽ നിന്ന് എടുത്ത് ഇപ്പോൾ താമസിക്കുന്ന വീട്ടിൽ സൂക്ഷിച്ചിട്ടുണ്ട്…
പിന്നെ പഴയ വീട് വിൽക്കാനുള്ള രഹസ്യ നീക്കങ്ങൾ നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് അജയ് മുൻപിൽ വന്നത്….
എവിടെ പോയാലും അജയ് നിഴലുപോലെ തന്നെ പിന്തുടരുകയാണ്…
വീണ്ടും അജയ് അന്വഷിച്ച് വരുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല….
അജയ് വന്നതോട് കൂടി ശരത്തേട്ടനെയും വീണയെയും തമ്മിൽ തെറ്റിക്കാൻ എളുപ്പമായി എന്നൊരു പ്രയോജനമുണ്ടായി….
തൽക്കാലം ശരത്തേട്ടൻ പറയുന്നത് കേൾക്കാനാ അച്ഛൻ പറഞ്ഞത്…
അജയ് ഇവിടെ ഉള്ളsത്തോളം കാലം ഒരു വിവാഹ ആലോചനയും മുൻപോട്ട് കൊണ്ടു പോകില്ലാന്ന് എന്നച്ഛൻ പറഞ്ഞത് കൊണ്ടാണ് നെഞ്ചിലെ താലിമറച്ച് വച്ച് ധൈര്യമായി വരുന്നവരുടെ മുന്നിൽ അണിഞ്ഞൊരുങ്ങി നിന്നത്…..
കാണാൻ വന്നവരുടെ ആലോചന അജയ് കൃത്യമായി മുടക്കുകയും ചെയ്തു…
ഇതു വരെ മുത്തശ്ശനും കുടുംബവും കാര്യങ്ങളറിയാതെ സുക്ഷിച്ചു….
ഇവിടെയുള്ളത് ഒന്നും വേണ്ട അച്ഛനെയും കൊണ്ടു ദൂരെയെവിടെയെങ്കിലും ആരും കാണാതെ ജീവിച്ചാൽ മതിയെന്ന് തോന്നുകയാണ്..
പക്ഷേ അച്ഛൻ ഇവിടെയുള്ളത് സകലതും നശിപ്പിച്ചിട്ട് പോകാനാണ് ആഗ്രഹിക്കുന്നത്…
പക്ഷേ അജയോടുള്ള പ്രണയം തൽക്കാലം ത്യജിച്ചേ പറ്റു അച്ഛനു വേണ്ടി…
ആകെ മനസ്സിൽ പലവിധ ചിന്തകൾ കയറിയിറങ്ങി….
സിത്താര എഴുന്നേറ്റു..ഫോണുo പേഴ്സുo എടുത്ത് പുറത്തിറങ്ങി…
അജയ് എതിരെ വന്നെങ്കിലും അവൾ മുഖം തിരിച്ചു നടന്നു.
.. അവന് നിരാശ തോന്നി…
.അവളുടെ പുറകേ പോയെങ്കിലും ശരത്തിന്റെ വണ്ടിയിലേക്ക് കയറുന്നത് കണ്ടപ്പോൾ മനസ്സിൽ നേരിയ പ്രതീക്ഷയുയർന്നു….
അതേ സമയം കുറച്ച് വിഷമവും തോന്നി..
നേർക്കുനേർ കണ്ടാൽ പോലും മുഖം തിരിച്ച് പോകുന്ന സിത്താര തന്റെ കൂടെ നല്ലപാതിയായി തിരിച്ച് വരുമോ എന്ന് സംശയവും തോന്നി..
എന്തായാലും തിരിച്ച് പോകുന്നെങ്കിൽ സിത്താരയും എന്റൊപ്പം ഉണ്ടാവും അജയ് മനസ്സിലുറപ്പിച്ചു….
ശരത്ത് ഒന്നും മിണ്ടാതെ ഡ്രൈവ് ചെയ്യുകയാണ് .:
സിത്താര എന്തു ചോദ്യവും നേരിടാൻ തയ്യാറായിരുന്നു….
തറവാട്ടിലെ അമ്പലമുറ്റത്തിന്റെയടുത്ത് കാർ നിർത്തി..
കാറിൽ നിന്നിറങ്ങിയതും ശരത്ത് മുത്തശ്ശിയെയും അമ്മയെയും ഉറക്കെ വിളിച്ചു…
ശരത്തിന്റെ വിളി കേട്ടതും അവർ രണ്ടു പേരും മുറ്റത്തേക്കിറങ്ങി ചെന്നു…
വീണ ശരത്ത് വിളിക്കുന്ന ശബ്ദം കേട്ടെങ്കിലും അവളെ വിളിക്കാത്തത് കൊണ്ട് ഹാളിൽ തന്നെ ഇരുന്നു..
“എന്താ ഇത്ര ബഹളമുണ്ടാക്കുന്നേ.. എന്ത് പറ്റി കുഞ്ഞേ “മുത്തശ്ശി ശരത്തിനോട് ചോദിച്ചതും അവൻ സിത്താരയെ കൈയ്യിൽ പിടിച്ചു മുൻപോട്ട് നിർത്തി..
തുടരും