Saturday, October 5, 2024
Novel

നല്ല‍ പാതി : ഭാഗം 28

നോവൽ

*******
എഴുത്തുകാരി: ധന്യ സുജിത്ത്‌

പിറ്റേദിവസം നേരത്ത് തന്നെ വിനുവും സഞ്ജുവും ഓഫീസിൽ എത്തി… ആ സമയം സ്റ്റാഫുകൾ ആരും എത്തിയിട്ടില്ല…

കുറച്ച് സമയത്തിന് ശേഷമാണ് കിരൺ എത്തിയത്..കിരൺ ക്യാബിനിലേയ്ക്ക് കയറിയതിനു പിന്നാലെ സഞ്ജുവും കയറി.. വിനുവും കൂടെ ഉണ്ടായിരുന്നു.. ചക്കിയ്ക്ക് കൊടുത്ത ഗിഫ്റ്റ് അവന്റെ മുഖത്തേയ്ക്ക് വലിച്ചെറിഞ്ഞു സഞ്ജു..

“ഹലോ സഞ്ജയ്…
എന്താണ് ഇത്ര രോഷം..??? ഇരിയ്ക്ക്… നമുക്ക് സമാധാനമായി സംസാരിക്കാലോ…
അപ്പോ കാര്യങ്ങളൊക്കെ അറിഞ്ഞിട്ടുള്ള വരവായിരിക്കും അല്ലേ…”

“അതേടാ.. അറിഞ്ഞു…
ശരിയാണ് നീ പറഞ്ഞത്..
മുന്നേ തന്നെ എനിക്ക് മനസ്സിലായിരുന്നു…

നീ ആരാണെന്ന്… അത് നിനക്കും മനസ്സിലായി എന്ന് എനിക്കറിയാം… പക്ഷേ.. മനഃപൂർവം ഒരു പ്രശ്നം ഉണ്ടാക്കാതെ വിട്ടുകളഞ്ഞതാ ഞാൻ… അവളുടെ ജീവിതത്തിൽ ഇത്രയൊക്കെ ചെയ്തിട്ടും നിനക്ക് മതിയായിട്ടില്ല… അല്ലേ…

വേണ്ടാ വേണ്ടാന്ന് വയ്ക്കുമ്പോൾ നീ അതിനപ്പുറം പോകുന്നു..
വിട്ടേക്ക് കിരൺ.. ഒരിക്കൽ കൂടി ഞങ്ങളുടെ ജീവിതത്തിൽ നീ വന്നാൽ… മേലും കീഴും നോക്കില്ല ഞാൻ..”

“ഏയ്.. അങ്ങനെയങ്ങ് പറഞ്ഞു തീർക്കാതെ സഞ്ജയ്….

എനിക്കും കൂടി ഒരു ചാൻസ് താ പറയാൻ… അവളോടുള്ള പക തീർക്കാൻ കാത്തിരുന്നതല്ല ഞാൻ… അതിനുവേണ്ടി ആയിരുന്നെങ്കിൽ എനിക്ക് ഇത്രയും കാലം കാത്തിരിക്കേണ്ട ആവശ്യമില്ലല്ലോ…

പക്ഷേ…ദൈവമായി മുന്നിൽ കൊണ്ടു വന്നു നിർത്തുമ്പോൾ ഞാൻ കാണാതെ പോയാൽ അത് ദൈവനിന്ദ ആകില്ലേ… അതാണ്…

നഷ്ടപെടാൻ പലതും ഉള്ളപ്പോൾ അല്ലേ പ്രതികാരത്തിന് വിലയുള്ളൂ…
അഭിജിത്ത്…അവനു ശേഷം അവൾക്കു നഷ്ടപെടാൻ ഇപ്പോഴല്ലേ ആളുണ്ടായത്…

ഇഷ്ടപ്പെടുന്നത് നഷ്ടപ്പെടുമ്പോൾ അല്ലേ.. കൂടുതൽ ആഴത്തിൽ മുറിവുണ്ടാകൂ… ഒറ്റവെട്ടിന് വേദന കുറവായിരിക്കും.. പതിയെ പതിയെ.. അതല്ലേ നല്ലത്…”

സഞ്ജുവിനെ നോക്കി പുച്ഛത്തോടെയാണ് കിരൺ പറഞ്ഞത്..

“കിരൺ….യു ആർ ക്രോസിംഗ് ദി ലിമിറ്റ്..”

ഉച്ചത്തിൽ പറഞ്ഞു
മുന്നിലെ മേശയിൽ ആഞ്ഞടിച്ചു സഞ്ജയ്…

“ഒരുതവണ.. ഒരൊറ്റ തവണ കൂടി നീ ഇതു പറഞ്ഞാൽ… പിന്നെ ഈ സഞ്ജയ് ആരാണെന്ന് നീ അറിയും..

നീ ചെയ്ത തെറ്റിനെ ന്യായീകരിക്കാൻ വേണ്ടി മാത്രമാണ് നിന്റെ ഈ പ്രഹസനം..
അഭിയുടെ മരണത്തിൽ നിനക്കുളള പങ്ക് അറിയാഞ്ഞിട്ടല്ലടാ ഞങ്ങൾ ആരും അതിനു പിറകെ പോകാഞ്ഞത്…

ഞങ്ങൾക്ക് ജീവിക്കണമായിരുന്നു… സ്വസ്ഥമായി… നീ വിലകൊടുത്തു വാങ്ങിയ കുറേ എച്ചിൽ പട്ടികൾ ഒരു തെളിവും ബാക്കി വെക്കാതെ പോയതുകൊണ്ട് നീ ചെയ്ത തെറ്റ് തെറ്റല്ലാതാകില്ലല്ലോ…

ദൈവത്തിന്റെ കോടതിയിൽ തങ്ങൾക്ക് നീതി ലഭിക്കുമെന്ന് വിശ്വസിച്ച്.. ക്ഷമിച്ചു ജീവിക്കുന്നവരെ കാണുമ്പോ അവർ ഭീരുക്കൾ ആണെന്ന് വിചാരിക്കരുത് കിരൺ..”

സഞ്ജു പറഞ്ഞത് കേട്ട് പുച്ഛത്തോടെ നോക്കി നിൽക്കുകയായിരുന്നു കിരൺ…

“നിങ്ങളുടെ ജീവിതം വന്നപ്പോൾ അതിന് നിങ്ങൾക്ക് വിലയുണ്ടല്ലേ..

അന്ന് എനിക്കേറ്റ അപമാനം.. അതൊരിക്കലും മറക്കില്ല ഞാൻ..

അന്നത്തെ എന്റെ പ്ലാൻ മൊത്തം തെറ്റിയത് അവൻ കാരണമാണ്… അഭിജിത്ത്… അതിനുള്ള ശിക്ഷ അവനു കിട്ടി…അത്രേ ഉള്ളൂ.. പക്ഷേ നിന്റെ നന്ദു…

അവളെ എല്ലാം മറന്ന് സന്തോഷത്തോടെ ജീവിക്കാൻ വിടാൻ എനിക്ക് സാധിക്കില്ല സഞ്ജയ്… പേടിക്കേണ്ട കൊല്ലില്ല…

അതിലെന്താ ഒരു സുഖം.. അവൾക്ക് വേദനിക്കണമെങ്കിൽ അവൾക്ക് പ്രിയപ്പെട്ടവർക്ക് വേദനിക്കണം..

നീ ഇതിൽ കൂടുതൽ ഉത്സാഹം കാണിച്ചാൽ നിനക്ക് തന്നെയാണ് നഷ്ടം….”

കിരണിന്റെ വാക്കുകൾ കേട്ടതും സഞ്ജുവിന്റെ ക്ഷമ നശിച്ചിരുന്നു..

കിരണിന്റെ കോളറിൽ പിടിച്ചു ചുമരോട് ചേർത്ത് നിർത്തി കരണം പുകയുന്ന തരത്തിൽ മുഖമടച്ച് ഒന്നു കൊടുത്തു…മാറി മാറി ഇരു കവിളിലും അടിച്ചു.. കുതറി മാറാൻ കിരൺ ശ്രമിച്ചെങ്കിലും അവന് സാധിച്ചില്ല..

അടുത്ത അടിയ്ക്കായി കൈ പൊങ്ങിയതും വിനു തടഞ്ഞു…

“നീയെന്തിനാ സഞ്ജു അവനെ തല്ലുന്നെ… അവനെ തല്ലിയാൽ.. തല്ലിയ കൈ നാറും… നീ ഇങ്ങു വാ.. സ്റ്റാഫ് എല്ലാം എത്തിത്തുടങ്ങി… അവര് കണ്ടാൽ ആകെ പ്രശ്നമാകും..”

അടിയേറ്റിട്ടും യാതൊരു ഭാവവ്യത്യാസവും കൂടാതെയാണ് കിരൺ നിന്നിരുന്നത്..

“വിനൂ..കൂട്ടുകാരനെ വിളിച്ചു പോകാൻ നോക്ക്… സീനുണ്ടാക്കാതെ…”

വിനുവിനെ നോക്കി കിരൺ പറഞ്ഞു..

“ആരാടാ..സീനുണ്ടാക്കിയത്…”
എന്നും പറഞ്ഞു അവന്റെ അടുത്തോട്ട് പോയ സഞ്ജുവിനെ പിടിച്ച് നിർബന്ധിച്ച് വിനു തന്റെ ക്യാബിനിലേയ്ക്കാണ് കൊണ്ട് പോയത്…

വിവരങ്ങളെല്ലാം കാർത്തിയെ വിളിച്ചു വിനു തന്നെയാണ് പറഞ്ഞതും.. ഫോൺ സഞ്ജുവിന്റെ കയ്യിൽ കൊടുക്കാമെന്ന് പറഞ്ഞ് വിനു ഫോൺ സഞ്ജുവിന് കൈമാറി..

“ഹലോ ഏട്ടാ..
ഏട്ടൻ എന്തിനാ ടെൻഷനടിക്കുന്നത്…
ഒരു കുഴപ്പവും ഉണ്ടാവില്ല..

അവന്റെ ചീഞ്ഞുനാറിയ ഗെയിം പ്ലാൻ ഒന്നും അവിടെ നടക്കില്ല ഏട്ടാ… അത് ദുബായ് അല്ലേ…

അവിടെ വല്ല തേർഡ് റൈറ്റ് പ്ലാനും കൊണ്ടുവന്നാൽ അവൻ തന്നെ പെടും… അതുകൊണ്ട് ഏട്ടന് ധൈര്യമായി ഇരിക്ക്…

നന്ദൂന് ധൈര്യം കൊടുക്കേണ്ടത് ഏട്ടനല്ലേ.. ഞാൻ അങ്ങോട്ടേക്ക് വരണോ…”

“ഹേയ് വേണ്ടടാ..
നീ സമാധാനപ്പെട്… അവൻ എന്ത് ചെയ്യും എന്ന് ഓർത്തിട്ടല്ല എന്റെ ടെൻഷൻ.. നന്ദു.. അവളെ ഓർത്തിട്ടാ.. തനിച്ചാക്കി പോരാൻ ഇപ്പൊ പേടിയാടാ… അപ്പുറത്ത് ശ്വേതയുള്ളതാ ഏറ്റവും വലിയ ആശ്വാസം…

അത്രമാത്രം ആഗ്രഹിച്ച് കിട്ടിയ ജീവിതത്തിൽ നിന്ന് ഇനിയൊരു തിരിച്ചുപോക്ക്…
അതെനിക്ക് എനിക്ക് താങ്ങാൻ കഴിയില്ല കാർത്തീ…”

കാർത്തിയോട് അതു പറയുമ്പോൾ സഞ്ജുവിന്റെ ശബ്ദം ഇടറിയിരുന്നു..

“ഏട്ടൻ ഒന്നും കൊണ്ട് വിഷമിക്കേണ്ട.. ഒരു കുഴപ്പവും ഉണ്ടാക്കില്ല അവൻ.. നിങ്ങൾ ധൈര്യമായിരിക്കൂ..
എന്തെങ്കിലും ഉണ്ടെങ്കിൽ എന്നെ വിളിച്ചു പറയണേ.. വൈകിട്ട് വിളിക്കാം ഞാൻ..”

ഉം..
മറുപടിയൊന്നും പറയാതെ തന്നെ സഞ്ജു ഫോൺ കട്ട് ചെയ്ത് വിനുവിന് കൈമാറി..

എം ഡി യ്ക്ക് മുന്നിൽ യാതൊരു ഭാവവ്യത്യാസവും കൂടാതെയാണ് കിരൺ പെരുമാറിയിരുന്നത്..

കിരണിനോടൊപ്പം ഒരേ ഓഫീസിൽ ജോലി ചെയ്യാൻ തനിക്ക് ബുദ്ധിമുട്ടാണ്… പക്ഷേ അവൻ കണ്മുന്നിൽ ഉള്ളതാ തനിക്ക് നല്ലത്…

അതുകൊണ്ടുതന്നെ സൈറ്റ് ഓഫീസിലേക്ക് മാറണമെന്ന് ഉണ്ടായിട്ടുപോലും സഞ്ജയ് അവിടെത്തന്നെ നിന്നു..

വിനുവിന്റെ അഭിപ്രായവും അതായിരുന്നു… ഒരിടത്ത് ആയിരിക്കുമ്പോ അവൻറെ പോക്കും വരവും നമ്മുടെ കണ്മുന്നിൽ കൂടെ തന്നെ ആയിരിക്കുമല്ലോ… അതാണ് സേഫ്… സൈറ്റിലേക്ക് ഉള്ള പോക്കും വരവും ഒരുമിച്ച് തന്നെ ആകും..

കൂടെ വിനുവോ..മേഘയോ കാണും..
മേഘയോടുള്ള കിരണിന്റെ പെരുമാറ്റം അതിരുവിടുന്നതും…

അതിൽ മേഘ അസ്വസ്ഥത പ്രകടിപ്പിക്കുന്നതും പലതവണയായി സഞ്ജു ശ്രദ്ധിച്ചിരുന്നു…

തങ്ങൾ തമ്മിലുള്ള പ്രശ്നം കൂടുതൽ വഷളാക്കി മറ്റുള്ളവർ അറിയാതിരിക്കാനായി സഞ്ജു മൗനം പാലിച്ചു..

പക്ഷേ
സഞ്ജു അത് വിനുവിനോട് സൂചിപ്പിച്ചിരുന്നു.. കാര്യം അറിഞ്ഞപ്പോൾ വിനു വഴക്ക് പറയുകയാണ് ചെയ്തത്..

“നിനക്ക് ഇപ്പോളുള്ള ടെൻഷൻ പോരാഞ്ഞിട്ടാണോ അടുത്ത പ്രശ്നം വലിച്ചു തലയിൽ ഇടുന്നത്…??”

“അല്ല..വിനു..
മേഘയ്ക്ക് മാത്രമല്ല ഇവിടുത്തെ പല ലേഡീസ് സ്റ്റാഫിനും അവന്റെ പെരുമാറ്റം ദഹിക്കുന്നില്ല…

ഗതികേടു കൊണ്ട് മിണ്ടാതിരിക്കുന്നതാണ് പലരും.. അല്ലെങ്കിലും ഫാമിലിയെ വിട്ട് താമസിക്കുന്ന പെൺകുട്ടികളെ ഇവനെ പോലുള്ളവർ ചുമ്മാ ഇറിറ്റേറ്റ് ചെയ്തു കൊണ്ടിരിക്കും..

അവർക്കൊരു സപ്പോർട്ട് കൊടുത്താൽ മതി ഇവനൊക്കെയുള്ള മറുപടി അവർ തന്നെ കൊടുത്തോളും…”

“നിനക്കെന്തിന്റെ കേടാ സഞ്ജൂ…

ഒരാൾ ചെയ്തു കൂട്ടിയതിന്റെ ക്ഷീണം തീർക്കാൻ സമയമില്ല അവന്.. അപ്പോഴാ അടുത്തത്…
അവൾക്ക് പ്രശ്നമുണ്ടെങ്കിൽ അവൾ കംപ്ലൈന്റ് കൊടുക്കട്ടെ…

അല്ലാതെ ആ വയ്യാവേലി കൂടെ തലയിലെടുത്ത് വയ്ക്കല്ലേ…

ഇത് നമ്മുടെ നാടല്ല… അതോർമ്മ വേണം.. അല്ല പിന്നെ…”

“അവരെ പിന്തുണയ്ക്കുന്ന ആരെങ്കിലും ഉണ്ടെങ്കിൽ മാത്രമേ അവർക്ക് കംപ്ലൈന്റ് കൊടുക്കടാനുള്ള ധൈര്യം കാണൂ… എനിക്ക് ശ്വേതയും ഗായത്രിയും പോലെ തന്നെയാണ് മേഘയും… ഞാൻ സംസാരിച്ചോളാം.. നീ വേണ്ടാന്ന് പറയാഞ്ഞാൽ മതി.. മനസ്സിലായോ..??”

“ഉം.. ഞാൻ പറയാനുള്ളത് പറഞ്ഞു. ബാക്കിയെല്ലം നിറ ഇഷ്ടം..

പിന്നെ എം.ഡി ലാസ്റ്റ് പ്രൊജക്റ്റിന്റെ ക്ലോസിങ് ഡെയ്റ്റ് നോക്കി സ്റ്റാഫ് മീറ്റിംഗ് ഫിക്സ് ചെയ്യാൻ പറഞ്ഞിട്ടുണ്ട്. എന്നാണ് ഹാൻഡ്‌ ഓവറിംഗ് സെറിമണിയെന്ന് ഡിസൈഡ് ചെയ്യാനാകും..അതിനു ശേഷം എല്ലാ തവണത്തെയും പോലെ ഫാമിലി ഗെറ്റ്ടുഗെതർ ഉണ്ടാകൂല്ലോ…
അതൊന്നു നോക്കട്ടെ..”

വിനു തന്റേതായ തിരക്കുകളിൽ മുഴുകി..

🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻

തിരികെ ഫ്ലാറ്റിൽ എത്തുമ്പോൾ പതിവുപോലെ പാർക്കിൽ പോകാൻളചക്കി റെഡിയായി ഇരിപ്പുണ്ടായിരുന്നു..

ടി വി യും കണ്ട് .. മുഖം കടന്നൽ കുത്തിയ പോലെ വീർപ്പിച്ചു വച്ചിട്ടുണ്ട്.. നന്ദുവിനെ കിച്ചണിൽ കാണുന്നുമില്ല…

“ശ്..ശ്.. എന്തു പറ്റീടാ.. എന്തിനാ ഈ മുഖം ഇത്രേം വീർപ്പിച്ചു വച്ചേക്കണേ.. ഇപ്പോ പൊട്ടി പോകുമല്ലോ..??

“അച്ഛേ… ഇന്ന് നമുക്ക് മാത്രം പോകാം പാർക്കിൽ… നന്ദൂനെ കൊണ്ട് പോകേണ്ട…”

“എന്തുപറ്റീ…നന്ദൂനോട് പിണങ്ങിയോ..??”

“ആ.. നന്ദു പറഞ്ഞു.. ഇനി പാർക്കിലൊന്നും പോകണ്ടാന്ന്..”

“അത് നന്ദൂന് സുഖമില്ലാഞ്ഞിട്ടാവും കണ്ണാ.. നമുക്ക് നാളെ ആയാലും പോകാലോ…”

“വേണ്ട…നാളെ അല്ല.. ഇന്ന് പോണം.. എത്ര ദിവസായി പോയിട്ട്.. അമ്മക്ക് സുഖല്യാഞ്ഞിട്ടൊന്നല്ലാ…

ഇന്നല്ലാ..ഇനി ഒറ്റ ദിവസോം പോണ്ടാന്നാ പറഞ്ഞേ…

നമുക്ക് പോവാ.. നന്ദു ഇവിടിരുന്നോട്ടേ..
പ്ലീസ് അച്ഛേ…”

“ചക്കിക്കുട്ടീ..പിണങ്ങാതെ…
നന്ദു വരും.. അച്ഛയല്ലേ പറയണേ..
നന്ദു എന്ത്യേ…??”

“ദാ.. അവിടുണ്ട്… ”
ചക്കി റൂമിലേക്ക് ചൂണ്ടി..

“അച്ഛ..ഇപ്പം വരാം..പിണക്കം മാറ്റാൻ പറ്റോന്ന് നോക്കണല്ലോ..??”

അതും പറഞ്ഞു സഞ്ജു റൂമിന്റെ വാതിൽ തുറന്നു.. നന്ദു റൂമിൽ ഇല്ല… ബാൽക്കണിയിലെ വാതിൽ പാതി ചാരിയിട്ടതു കണ്ടപ്പോഴേ സഞ്ജുവിന് മനസ്സിലായി.. ഓരോന്ന് ആലോചിച്ചു കൂട്ടുകയാണ് അവളെന്ന്…

തന്റെ മനസ്സിലും ആശങ്കകൾക്ക് ക്ഷാമം ഒന്നുമില്ല… എന്താണ് കിരണിന്റെ മനസ്സിൽ നിന്ന് തനിക്ക് തനിക്കും അറിയില്ല..

എങ്കിലും നന്ദുവിനെ മുന്നിൽ അതൊന്നും പ്രകടിപ്പിക്കാതെ അഭിനയിച്ചു ഫലിപ്പിക്കുകയാണ് സഞ്ജയ്..

താനും കൂടി അവളുടെ മുന്നിൽ ഡൗൺ ആയാൽ പാവം തളർന്നു പോകുകയേയുള്ളൂ…

ഇപ്പോഴാണെങ്കിൽ തനിക്കും ചക്കിയ്ക്കും വേണ്ടി പരമാവധി അവളെ തന്നെ തിരിച്ചു പിടിക്കാൻ ശ്രമിക്കുന്നുണ്ട് നന്ദു…

പിന്നിലൂടെ ചെന്ന് കെട്ടിപ്പിടിച്ച് കുറേനേരം നിന്നു…
നന്ദുവിനും അതൊരാശ്വാസമായിരുന്നു…

“എന്താണ്…??
ഇവിടെ ഒറ്റയ്ക്ക് ഒരു നിൽപ്പ്…

ഞാൻ എത്ര നേരമായി വന്നിട്ട് എന്നറിയോ…?? പതിവുള്ള ചായയും കിട്ടിയില്ല… എന്താടോ..?? മോളോട് പാർക്കിലെ പോകണ്ടാ ഇനി എന്ന് പറഞ്ഞോ താൻ…?? ദേ അവിടെ പിണങ്ങി മുഖം വീർപ്പിച്ചു ഇരിപ്പുണ്ട്… ”

“എനിക്ക് പേടിയാ സഞ്ജു.. അതുകൊണ്ടാ ഞാൻ പോകണ്ടാന്ന് പറഞ്ഞത്…”

“ഞാൻ തന്റെ കൂടെ ഇല്ലേ.. പിന്നെ താൻ ആരെ പേടിക്കാനാ..

ഇവിടെ അവൻ ഒരു കുന്തവും ചെയ്യില്ല.. ഇനിയവൻ ചെയ്യാൻ എങ്ങാനും വന്നാൽ… അതിനുള്ള പണി അവനു തന്നെ കിട്ടും..വാ ഒന്ന് പുറത്തു പോയിട്ട് വരാം…

എപ്പോഴും ഇതിനുള്ളിൽ തന്നെ അടച്ചുപൂട്ടി ഇരിക്കുമ്പോഴാണ് താൻ ഇങ്ങനെ ഓരോന്ന് ചിന്തിച്ചു കൂട്ടുന്നത്… ആദ്യം എനിക്ക് ഒരു ചായ താ..”

“സഞ്ജു…

സഞ്ജുവിന്റെ മനസ്സിൽ നല്ല ടെൻഷൻ ഇല്ലേ.. അത് എനിക്ക് നന്നായിട്ടറിയാം… ഒക്കെ ഞാൻ കാരണമല്ലേ സഞ്ജു… സഞ്ജു എന്തിനാ എന്നെ സ്നേഹിച്ചേ… എന്തിനാ എനിക്ക് വേണ്ടി കാത്തിരുന്നേ…

എന്തിനാ നമ്മൾ ഒന്നായേ…

എന്നെക്കൊണ്ട് ആർക്കാ സഞ്ജു ഉപകാരം ഉണ്ടായിട്ടുള്ളേ…
ആർക്കുമില്ല..

ഇനിയൊരു നഷ്ടം അത് എനിക്ക് താങ്ങാൻ കഴിയില്ല.. എന്നെ വിട്ടു കൊടുക്കരുത് സഞ്ജൂ…”

“ദേ… ഇങ്ങോട്ട് ഒന്ന് നോക്കിയേ..”.

തന്നിലേക്ക് അവളെ തിരിച്ചു നിർത്തി.. താഴേയ്ക്ക് നോക്കി നിൽക്കുന്ന അവളുടെ മുഖം കയ്യിലെടുത്തു സഞ്ജു പറഞ്ഞു…

“അങ്ങനെ ആരെങ്കിലും വന്ന് ചോദിക്കുമ്പോൾ കൊടുക്കാനാണോ ഞാൻ എന്റെ നന്ദൂട്ടിയെ സ്വന്തമാക്കിയത്.. കാത്തു കാത്തിരുന്ന്.. കിട്ടില്ല എന്ന് വിചാരിച്ച്..

അവസാനം തന്നെ സ്വന്തമാക്കുമ്പോൾ എന്റെ മനസ്സിൽ ഒരു തീരുമാനം മാത്രമേ ഉണ്ടായിരുന്നുള്ളൂ… ഇനി എന്ത് തന്നെ ഉണ്ടായാലും തന്നെ ഞാൻ നഷ്ടപ്പെടുത്തില്ല എന്ന്..

എന്തിനാ നീ ആവശ്യമില്ലാത്ത കാര്യങ്ങൾ ഒക്കെ ചിന്തിച്ചു കൂട്ടുന്നത്.. നീ പറഞ്ഞത് സത്യം തന്നെയാണ്… എനിക്ക് ടെൻഷൻ ഉണ്ട്.. ഇല്ലാ എന്നൊന്നും ഞാൻ പറയുന്നില്ല അങ്ങനെ പറഞ്ഞാ..

അത് കള്ളം ആകും.. പക്ഷേ അതിനേക്കാളും മുന്നിട്ടുനിൽക്കുന്നത് അത് താനും മോളും ആണ്..

നിങ്ങളോടുള്ള എന്റെ സ്നേഹമാണ്.. നിനക്ക് എന്നിലുള്ള വിശ്വാസമാണ്..
മനസ്സ് കൈവിടാതെ നീ ഉണ്ടായാൽ മതി എന്റെ ഒപ്പം… അതുമാത്രം മതി…”

അതുപറഞ്ഞ് നെറ്റിയിൽ ചുണ്ടുകൾ ചേർത്തു സഞ്ജയ്..

“ഇങ്ങനെ ഡെസ്പടിച്ച് നിൽക്കണ നന്ദിതയെ മാറ്റിവച്ച് എന്റെ നന്ദൂട്ടിയായി വാ.. നമുക്ക് ഒന്ന് പുറത്തു പോയിട്ട് വരാം.. ”

സഞ്ജുവിന്റെ നിർബന്ധത്തിനു വഴങ്ങി നന്ദു പുറത്തിറങ്ങി.. കുറച്ചു ദിവസങ്ങൾക്ക് ശേഷമാണ് നന്ദു പുറത്തോട്ട് ഇറങ്ങുന്നത്… നന്ദുവിനെ കണ്ടപ്പോൾ ചക്കിക്കും സന്തോഷമായി..

പാർക്കിലെത്തിയിട്ടും ചക്കിയെ കളിക്കാൻ വിടാതെ തന്നോട് ചേർത്ത് പിടിച്ചിരുന്നു നന്ദു…
സഞ്ജു വളരെ നിർബന്ധിച്ചാണ് അവളെ കളിക്കാനായി വിട്ടത്..

കൺമുന്നിൽ നിന്ന് മറയാതെ അവളെ തന്നെ നോക്കി ഇരിക്കുകയായിരുന്ന നന്ദുവിനെ കണ്ടപ്പോൾ നന്ദുവിന്റെ ഉള്ളിലെ ഭയം അവളുടെ മുഖത്ത് പ്രകടമായിരുന്നു..

🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻

രണ്ടു ദിവസമായി സഞ്ജുവിനും കിരണിനുമൊപ്പം മേഘയായിരുന്നു സൈറ്റിൽ പോയിരുന്നത്.. കിരൺ അടുത്തൊന്നും ഇല്ല എന്ന് ഉറപ്പു വരുത്തിയാണ് മേഘ സഞ്ജുവിന്റെ അടുത്തേക്ക് ചെന്നത്..

“സഞ്ജയ് സർ…
ആർ യൂ ഫ്രീ നൗ…?? എനിക്ക് അൽപം സംസാരിക്കാൻ ഉണ്ടായിരുന്നു..”

“എന്താണ്..മേഘ…??
കാര്യം പറയൂ…”

സർ..കാര്യം അൽപം പേഴ്സണൽ ആണ്… എനിക്ക് സാറിന്റെ ഒരു ഹെൽപ് വേണം.. ”

ചുറ്റും നോക്കി ആരും ഇല്ല എന്ന് ഉറപ്പു വരുത്തി മേഘ…
മേഘ പറയാൻ തുടങ്ങുന്നത് കിരണിന്റെ കുറിച്ചാണെന്ന് സഞ്ജുവിന് അറിയാമായിരുന്നു..

“എന്താ..പറഞ്ഞോളൂ മേഘാ..
എന്ത് ഹെൽപ്പാ മേഘയ്ക്ക് വേണ്ടത്… ആരെയാ ഇങ്ങനെ നോക്കുന്നത്..??”

“സർ.. എനിക്ക് സംസാരിക്കാൻ ഉള്ളത് അത് കിരൺ സാറിനെ പറ്റിയാണ്… ലേഡീസ് സ്റ്റാഫിനോടുള്ള സാറിന്റെ പെരുമാറ്റം അത്രയ്ക്ക് സുഖകരമല്ല…

പലപ്പോഴും വളരെ മോശപ്പെട്ട സമീപനമാണ് എനിക്ക് സാറിന്റെ ഭാഗത്ത് നിന്ന് ഉണ്ടേയിട്ടുള്ളത്… എച്ച് ആർ ൽ കംപ്ലൈന്റ് കൊടുക്കാമെന്നാ ആദ്യം കരുതിയത്..

പക്ഷേ എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ അതെന്റെ ജോലിയെ പ്രതികൂലമായി ബാധിക്കും എന്നുള്ളത് ആണ് എന്നെ പിൻവലിക്കുന്നത്.. ആരും ഈ കാര്യത്തിൽ പിന്തുണയ്ക്കില്ല.. അയാൾക്കെതിരെ ഒരു തെളിവും ഇല്ല.. എന്തു ചെയ്യണം എന്ന് അറിഞ്ഞൂടാ എനിക്ക്…

സുപ്പീരിയേഴ്സ് ആരെങ്കിലും സപ്പോർട്ട് ഉണ്ടെങ്കിൽ…

സാറിന് അറിയാമല്ലോ.. ഇവിടെ വേറെ ആരുമില്ല എനിക്ക് പറയാൻ..

ആകെ നന്ദു മാത്രമാണ് ഒരു കൂട്ട്.. അവളും വഴി സാറും.. അതുകൊണ്ടാ സാറിന്റെ അടുത്ത് പറയാമെന്ന് കരുതിയത്..”

“എനിക്ക് അറിയാടോ… പലപ്പോഴും ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്….

അവൻ ഓഫീസിൽ വന്ന് ആദ്യത്തെ ദിവസം തന്നെ എനിക്ക് മനസ്സിലായി അവൻ അത്ര ശരിയല്ല.. പിന്നെ ഞാനായിട്ട് ഒരു പ്രശ്നം തുടങ്ങി വയ്ക്കേണ്ട എന്ന് കരുതി..”

താൻ ഒരു കാര്യം ചെയ്യ്…

എച്ച് ആർ ൽ കംപ്ലൈന്റ് കൊടുക്കണ്ട… അങ്ങനെ കൊടുത്താൽ ചിലപ്പോൾ കാര്യങ്ങളൊക്കെ ചോരും..

എനിക്ക് അനുഭവമുണ്ട്.. ഒരു കാര്യം ചെയ്യ്.. താൻ കംപ്ലൈൻറ്
ഡയറക്ടായി ലേബർ കോർട്ടിൽ കൊടുക്ക്.. രണ്ടു മൂന്നു പേര് ചേർന്ന് കൊടുക്കാണെങ്കിൽ കുറച്ച് കൂടെ നല്ലത്.. എച്ച് ആർ ൽ നിന്നുളള സപ്പോർട്ടിന്… എം ഡി യോട് പറയുന്ന കാര്യം വിനുവും ഞാനും കൂടെ നോക്കിക്കോളാം… ഡോണ്ട് വറി…
പിന്നെ ഒരു കാര്യം..

അത്രയും വിശ്വാസമുള്ളവരോട് മാത്രം ഇത് പറഞ്ഞാൽ മതി…

വേറെ ആരും അറിയേണ്ടാ..
താൻ ടെൻഷനടിക്കാതെ…

മിക്ക ഓഫീസിലും കാണും ഇതുപോലുള്ള ഞരമ്പു രോഗികൾ.. കൂടെ ഞങ്ങൾ കുറച്ച് പേരില്ലേ… താൻ ധൈര്യമായി ഇരിക്ക്..”

“താങ്ക്യൂ..സർ..”

“ആദ്യം എന്തെങ്കിലും പറ്റിയ തെളിവിന് ശ്രമിക്കു… വോയ്സ് റെക്കോർഡോ..മെസ്സേജസ്സോ.. അങ്ങനെ എന്തെങ്കിലും…

കിട്ടിയാൽ കാര്യം ഒന്നും കൂടെ എളുപ്പത്തിൽ സാധിക്കും..

ഒരിക്കൽ പോലും അവനൊരു സംശയം തോന്നരുത്…
കേട്ടല്ലോ…”

“ഓ.കെ സർ…
ഒരുപാട് നന്ദി.. പേടിയായിരുന്നു ആരോടെങ്കിലും ഇതൊന്നു പറയാൻ… എന്നെ പോലുള്ള പെൺകുട്ടികൾ നാടും വീടും വിട്ട് ഇവിടെ വന്നു ഒറ്റയ്ക്ക് ജീവിക്കുന്നത് കാണുമ്പോൾ ഇയാളെ പോലുള്ളവർ അതൊരവസരമായി കാണും…

ഞങ്ങളുടെ ഗതികേടാണവർ മുതലെടുക്കാൻ നോക്കുന്നത്…

ഇങ്ങനെയും ചിലർ ഉള്ളതാണ് ഏക ആശ്വാസം… ശരി സർ..

നന്ദുവും മോളും സുഖമായി ഇരിക്കുന്നോ…”

“സുഖം… പിന്നെ ഒരു കാര്യം..

ഈ കാര്യം അവളെ വിളിക്കുമ്പോൾ പറഞ്ഞേക്കരുത്…

കംപ്ലൈന്റ് കൊടുത്തതിനു ശേഷം പറയാം..
ശരി.. താൻ പൊയ്ക്കോ… കിരണിന് സംശയം തോന്നേണ്ടാ…”

ദൈവമായിട്ടാണ് തന്റെ മുന്നിൽ മേഘയെ കൊണ്ട് ഇത് പറയിച്ചത് എന്ന് തോന്നി സഞ്ജുവിന്…
ചെയ്തുകൂട്ടുന്ന പാപങ്ങൾക്ക് ഉള്ള പ്രതിഫലം എന്നായാലും അനുഭവിക്കാതെ തരമില്ലല്ലോ…

(തുടരും )

നല്ല‍ പാതി : ഭാഗം 1

നല്ല‍ പാതി : ഭാഗം 2

നല്ല‍ പാതി : ഭാഗം 3

നല്ല‍ പാതി : ഭാഗം 4

നല്ല‍ പാതി : ഭാഗം 5

നല്ല‍ പാതി : ഭാഗം 6

നല്ല‍ പാതി : ഭാഗം 7

നല്ല‍ പാതി : ഭാഗം 8

നല്ല‍ പാതി : ഭാഗം 9

നല്ല‍ പാതി : ഭാഗം 10

നല്ല‍ പാതി : ഭാഗം 11

നല്ല‍ പാതി : ഭാഗം 12

നല്ല‍ പാതി : ഭാഗം 13

നല്ല‍ പാതി : ഭാഗം 14

നല്ല‍ പാതി : ഭാഗം 15

നല്ല‍ പാതി : ഭാഗം 16

നല്ല‍ പാതി : ഭാഗം 17

നല്ല‍ പാതി : ഭാഗം 18

നല്ല‍ പാതി : ഭാഗം 19

നല്ല‍ പാതി : ഭാഗം 20

നല്ല‍ പാതി : ഭാഗം 21

നല്ല‍ പാതി : ഭാഗം 22

നല്ല‍ പാതി : ഭാഗം 23

നല്ല‍ പാതി : ഭാഗം 24

നല്ല‍ പാതി : ഭാഗം 25

നല്ല‍ പാതി : ഭാഗം 26

നല്ല‍ പാതി : ഭാഗം 27