Tuesday, April 30, 2024
Novel

നിഴൽ പോലെ : ഭാഗം 26

Spread the love

എഴുത്തുകാരി: അമ്മു അമ്മൂസ്‌

Thank you for reading this post, don't forget to subscribe!

റൂമിൽ ഇരുന്ന് മാളുവിന് മടുത്തു തുടങ്ങിയിരുന്നു. പനി മാറിയെങ്കിലും പുറത്തേയ്ക്കിറങ്ങാൻ സമ്മതിച്ചിരുന്നില്ല.

പനിയല്ലേ ഇത്തിരി റൊമാൻസ് നടത്താം എന്നുള്ള തന്റെ എല്ലാ സ്വപ്നങ്ങളെയും വെള്ളമൊഴിച്ചു കെടുത്തിയിട്ട് അപ്പോൾ മുതൽ തുടങ്ങിയ ജോലി ആണ്. ഇടക്കിടക്ക് വന്നു ചൂട് നോക്കും. കട്ടിലിൽ നിന്നും താഴേക്ക് ഇറങ്ങി പോകരുത് എന്നൊരു ഓർഡറും.

അമ്മക്ക് സ്റ്റെപ് കയറുമ്പോൾ മുട്ട് വേദന ആണ് അല്ലെങ്കിൽ അമ്മയെ എങ്കിലും വിളിച്ചു കൂടെ ഇരുത്താമായിരുന്നു.

“ശെടാ ഒന്ന് ഓഫീസിൽ പോയിരുന്നെങ്കിൽ താഴെ ചെന്ന് അമ്മേടെ കൂടെ ഇരിക്കാമായിരുന്നു. മണി പതിനൊന്നായല്ലോ പോകുന്നില്ലേ ആവോ. ”

ലാപ്ടോപ്പിൽ എന്തൊക്കെയോ ചെയ്തുകൊണ്ടിരിക്കുക ആയിരുന്നു ഗൗതം.

“അതേ ഓഫീസിൽ പോകുന്നില്ലേ. “ഒടുവിൽ സഹികെട്ട് അവൾ ചോദിച്ചു.

“ഞാൻ ഓഫീസിൽ പോയിട്ട് നിനക്കെന്താ കാര്യം.” അവൻ കണ്ണ് കൂർപ്പിച്ചു.

“എ…..എനിക്കെന്ത് കാര്യം. പുതിയ പ്രൊജക്റ്റ്‌ നടക്കുവല്ലേ അപ്പൊ ഞാൻ കാരണം കമ്പനിക്ക് ഒരു നഷ്ടം ഉണ്ടാകേണ്ട എന്ന് വിചാരിച്ചു”. അവൾ പരമാവധി നിഷ്കളങ്കത വരുത്തി പറഞ്ഞു.

അവളുടെ ഉദ്ദേശം ഗൗതമിന് മനസ്സിലായിരുന്നു. “എന്റെ കമ്പനി അല്ലേ. നഷ്ടം ഉണ്ടായാലും ഞാൻ സഹിച്ചു. നിന്നോട് സംസാരിക്കാതെ അവിടെ കിടക്കാൻ പറഞ്ഞില്ലേ”. അവൻ കണ്ണുരുട്ടി.

“അങ്ങനെ പറഞ്ഞാൽ എങ്ങനാ. എനിക്ക് ബോറടിച്ചു വട്ടാകുന്നു. ഒന്നുങ്കിൽ എന്നേ താഴെ പോകാൻ സമ്മതിക്ക് അല്ലെങ്കിൽ എന്റെ ബോറടി മാറ്റാൻ എന്തെങ്കിലും ചെയ്യ്. “അവൾ പിണക്കത്തോടെ കൈകൾ കെട്ടി.

“അതൊക്കെയെ അനുസരണക്കേട് കാണിക്കുമ്പോൾ ആലോചിക്കണം. മര്യാദക്ക് അടങ്ങി കിടന്നില്ല എങ്കിൽ അടുത്ത ദിവസവും ഇത് തന്നെ ആയിരിക്കും”. അവൻ വീണ്ടും ജോലിയിൽ മുഴുകി.

“എങ്കിൽ എന്റെ ഫോൺ എങ്കിലും താ. കഷ്ടമുണ്ട്….”

“ഇല്ലെന്ന് പറഞ്ഞില്ലേ. പനി ഉള്ളപ്പോ ഫോൺ ഉപയോഗിച്ചാൽ തലവേദന എടുക്കും. മിണ്ടാതെ കിടന്നോണം അവിടെ. വേണേൽ കുറച്ചു നേരം കൂടി കിടന്നുറങ്ങിക്കോ. ”

“ഞാൻ കൊറോണ നിരീക്ഷണത്തിൽ ഒന്നുമല്ല എന്നേ ഇങ്ങനെ റൂം ക്വാറന്റൈനിൽ ഇരുത്താൻ.” അവൾ അവൻ കേൾക്കാത്ത രീതിയിൽ പതുക്കെ പറഞ്ഞു.

അവളുടെ പ്രാർത്ഥന കേട്ടിട്ടോ എന്തോ ഗൗതമിന്റെ ഫോൺ ബെല്ലടിച്ചു.

മാളുവിന്റെ മുഖം തെളിഞ്ഞു. “ഭഗവാനെ ഓഫീസിൽ നിന്നും ആയിരിക്കണേ. അത്യാവശ്യം ആയിട്ട് വരാൻ പറയണേ. ”

അവളുടെ മുഖത്തെ ആകാംഷ അവൾ ഒന്നും പറയാതെ തന്നെ എല്ലാം വിളിച്ചു പറയുന്നുണ്ടായിരുന്നു. അവളെ ഒന്ന് നോക്കിയിട്ട് ഗൗതം കാൾ അറ്റൻഡ് ചെയ്തു.

“എന്താ പ്രിയ. ലീവിന്റെ കാര്യം ഞാൻ പറഞ്ഞതല്ലേ. ”

പ്രിയയുടെ പേര് കേട്ടതും മാളുവിന്റെ നെഞ്ചിൽ കൂടി ഒരു മിന്നൽ കടന്നു പോയി.

” ഭഗവാനേ പുട്ടി ആയിരുന്നോ. ദേ നേരത്തെ പറഞ്ഞ പ്രാർത്ഥനകൾ ഒക്കെ തിരിച്ചെടുത്തോ. എന്ത് വന്നാലും ഓഫീസിലേക്ക് പോകല്ലേ”. അവൾ വീണ്ടും ആത്മാർത്ഥമായി പ്രാർത്ഥിച്ചു.

അവളുടെ ഭാവങ്ങൾ ഒക്കെ ഗൗതമിന്റെ മിഴികൾ ഒപ്പി എടുക്കുന്നുണ്ടായിരുന്നു.

“ഇപ്പോഴോ ഓഫീസിലേക്കോ. “അവൻ മാളുവിനെ ഒളികണ്ണിട്ട് നോക്കി.

പോകല്ലേ പോകല്ലേ എന്ന് അവിടെ ഇരുന്ന് തലയാട്ടുന്നുണ്ട്. അവനു ചിരി വരുന്നുണ്ടായിരുന്നു.

“പ്രിയ താൻ ഒരു കാര്യം ചെയ്യ്. അതൊന്നു സ്കാൻ ചെയ്തിട്ട് എനിക്ക് മെയിൽ ചെയ്യ്. ഞാൻ നോക്കിക്കോളാം. എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ നന്ദനോട് പറഞ്ഞാൽ മതി. ”

അവന്റെ ആ മറുപടി പ്രതീക്ഷിക്കാഞ്ഞിട്ടാകാം പ്രിയ അപ്പോൾ തന്നെ കാൾ കട്ട്‌ ചെയ്തു.

മാളു ആശ്വാസത്തോടെ നെഞ്ചിൽ കൈ വച്ചു. ഏട്ടനെ വിശ്വാസം ഇല്ലാഞ്ഞിട്ടല്ല. പക്ഷേ ആ പുട്ടി അങ്ങനെ ഇപ്പൊ സന്തോഷിക്കണ്ട.

ആദ്യമൊക്കെ വല്ലാത്ത മടുപ്പും വിരസതയും ആയിരുന്നു എങ്കിലും മെല്ലെ ഈ പനിക്കാലത്തെ അവളും സ്നേഹിച്ചു തുടങ്ങി. കാരണം മറ്റാരുമല്ല ഗൗതം തന്നെ. ആദ്യമൊക്കെ ഒന്നും മിണ്ടാതെ ജോലിയിൽ മുഴുകി ഇരുന്നെങ്കിലും. അവളിലെ മടുപ്പ് തിരിച്ചറിഞ്ഞു എല്ലാ ജോലിയും മാറ്റി വച്ചു അവൾക്ക് കൂട്ടിരുന്നു.

ആദ്യമൊക്കെ അവളുടെ വാക്കുകൾക്ക് വെറുമൊരു കേൾവിക്കാരൻ മാത്രം ആയിരുന്നെങ്കിൽ പതിയെ പതിയെ അവനും മനസ്സ് തുറക്കാൻ തുടങ്ങി.

മാളു അറിയുകയായിരുന്നു ഗൗതത്തെ അവന്റെ വാക്കുകളിലൂടെ. ബാല്യവും കൗമാരവും സൗഹൃദവുമെല്ലാം സംഭാഷണത്തിൽ കടന്നു വന്നു എങ്കിലും ഒരിക്കൽ പോലും മനുവേട്ടൻ ആ ഓർമകളിൽ ഇല്ല എന്നുള്ളത് അവളെ വല്ലാതെ വേദനിപ്പിച്ചു.

🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

അടുത്ത ദിവസം ഓഫീസിൽ പോകാനുള്ള അനുവാദം ഒരുപാട് കഷ്ടപ്പെട്ടാണ് വാങ്ങിച്ചെടുത്തത്. അവിടെയും ഇവിടെയുമായി നടക്കില്ലെന്നും സ്വന്തം സീറ്റിൽ ഇരുന്നുള്ള ജോലി മാത്രമേ ചെയ്യുള്ളൂ എന്നും….അങ്ങനെ ഉറപ്പുകൾ കുറേ കൊടുക്കേണ്ടി വന്നു.

സ്കൂട്ടി ഓടിക്കൽ എന്നത് തൽക്കാലത്തേക്ക് ഒരു സ്വപ്നം മാത്രം ആയി മാറി.

ഗൗതമിന്റെ കൂടെ വന്നിറങ്ങുന്ന മാളുവിനെ കണ്ടപ്പോൾ പ്രിയയുടെ മുഖം ഇരുണ്ടു മൂടി. പക്ഷേ പെട്ടെന്ന് തന്നെ ഒരു പുഞ്ചിരിയുടെ മുഖാവരണം അവൾ എടുത്തണിഞ്ഞു. ഗൗതം ക്യാബിനിലേക്ക് പോയതും അവൾ മാളുവിന്റെ അരികിൽ എത്തി.

“പനിയൊക്കെ മാറിയോ മാളവിക. “അവളുടെ സ്വരത്തിലെ പരിഹാസം തിരിച്ചറിഞ്ഞു എങ്കിലും മറുപടി ഒരു ചിരിയിൽ ഒതുക്കി മാളു.

“എന്തായാലും താൻ ആള് കൊള്ളാം. പനി ആണെന്നും പറഞ്ഞു ഗൗതമിനെയും കൂടി വീട്ടിൽ പിടിച്ചു വച്ചല്ലേ. എത്ര പ്രധാനപ്പെട്ട മീറ്റിംഗ് ആണ് അവസാന നിമിഷം ക്യാൻസൽ ആക്കിയതെന്നറിയാമോ. ഞാനും നന്ദനും ഒരു വിധമാ അവരെ പറഞ്ഞു സമാധാനിപ്പിച്ചത്. അല്ലായിരുന്നു എങ്കിൽ എത്ര ലക്ഷം രൂപയുടെ നഷ്ടം ആണ്”. പ്രിയ കൗശലം നിറഞ്ഞ ചിരിയോടെ പറഞ്ഞു.

മാളുവിന്റെ തല കുനിഞ്ഞു. “ശെരിയാണ് തന്റെ ഒരു നിമിഷത്തെ എടുത്തുചാട്ടത്തിന്റെ ഫലം.. ”

പ്രിയയുടെ ചുണ്ടുകളിൽ വിടർന്ന വിജയത്തിന്റെ ചിരിയെ പൂർണമായും മാറ്റാൻ ശേഷി ഉണ്ടായിരുന്നു മാളുവിന്റെ അടുത്ത വാക്കുകൾക്ക്.

“ശോ…..എന്ത് ചെയ്യാനാ മാഡം. ഈ ഏട്ടൻ പറഞ്ഞാൽ കേൾക്കില്ലെന്നേ. ഞാൻ പറഞ്ഞതാ മീറ്റിംഗ് ഉണ്ട് എമർജൻസി അല്ലേ എന്നൊക്കെ. ഉടനേ എന്നോട് പറയുവാ നിന്നെക്കാൾ വലുതല്ല എനിക്ക് കമ്പനി എന്ന്. പിന്നെ ഞാൻ എന്താ ചെയ്ക”. അവൾ താടിക്ക് കൈ കൊടുത്തു പറഞ്ഞു.

പ്രിയയുടെ മുഖം വീർത്തു ഇപ്പൊ പൊട്ടും പോലെ ആയി.

“പനി പകരും എന്ന് പറഞ്ഞാൽ പോലും അടുത്ത് നിന്നും പോകില്ലെന്നേ. കെട്ടിപ്പിടിച്ചു ഒറ്റ കിടപ്പാ. ഹോ…. നമ്മളീ പനിച്ചൂടിൽ തണുത്തു വിറക്കുമ്പോൾ അങ്ങനെ കെട്ടിപ്പിടിച്ചു കിടക്കണം…. എന്റെ സാറേ….” അവൾ നാണം കലർന്ന ഭാവത്തോടെ പ്രിയയെ നോക്കി.

പെട്ടെന്ന് നല്ല മുഖത്തു വിഷമം വരുത്തി.”.. അല്ല ഞാനിതൊക്കെ മാഡത്തിനോട് പറഞ്ഞിട്ടെന്താ അല്ലേ കാര്യം. മാഡത്തിന് അങ്ങനെ ആരും ഇല്ലല്ലോ. ഞാൻ ദൈവത്തോട് പ്രാർത്ഥിക്കാം കേട്ടോ മാഡത്തിന് വേണ്ടി.”

പ്രിയക്ക് മാളുവിനെ കൊല്ലാനുള്ള ദേഷ്യം തോന്നി. ഒരിക്കലും ഇത്തരത്തിൽ ഒരു മറുപടി അവൾ പ്രതീക്ഷിച്ചിരുന്നില്ല.

“ശോ… ദാ നോക്ക് അപ്പോഴേക്കും വിളി വന്നു. എന്നേ കാണാതിരിക്കാൻ പറ്റില്ല എന്ന് തോന്നുന്നു. ”

ഡിസ്പ്ലേയിലെ പേര് കണ്ടതും പ്രിയ പുച്ഛിച്ചു ചിരിച്ചു. “ഓഹ് ഈ പറഞ്ഞതൊക്കെ സത്യം ആയതുകൊണ്ടായിരിക്കും ചെകുത്താൻ എന്ന് സേവ് ചെയ്തിരിക്കുന്നത് അല്ലേ. ”

“ഓഹ് അതോ…അതും ഈ ഏട്ടന്റെ പണി ആണെന്നേ. എന്നേ കണ്ടാൽ മാലാഖയെ പോലെ ഉണ്ട് പോലും. മാലാഖ സ്നേഹിച്ചത് ചെകുത്താനെ ആണല്ലോ. കേട്ടിട്ടില്ലേ ചെകുത്താനെ സ്നേഹിച്ച മാലാഖ. മാഡത്തിന് തോന്നിയോ ഞാൻ മാലാഖ ആണെന്ന്.”

പെട്ടെന്നുള്ള ചോദ്യത്തിൽ ഒരു നിമിഷം ഒന്ന് പതറി എങ്കിലും മാളു ഒന്നും അറിയാത്ത പോലെ നിഷ്കളങ്കമായ സ്വരത്തിൽ പറഞ്ഞു.

ഫോൺ വീണ്ടും ബെല്ലടിക്കാൻ തുടങ്ങിയപ്പോൾ പ്രിയയെ നോക്കി പുച്ഛത്തോടെ ചിരിച്ചിട്ട് അവൾ ഗൗതമിന്റെ ക്യാബിനിലേക്ക് നടന്നു.

മാളു പോയ വഴിയേ നോക്കി നിന്നു പ്രിയ കുറച്ചു നേരം. പിന്നീട് അവളിൽ ക്രൂരമായ ഒരു ചിരി വിരിഞ്ഞു. പെട്ടെന്ന് തന്നെ ഫോൺ എടുത്തു ലാസ്റ്റ് വിളിച്ച നമ്പറിലേക്ക് തിരികെ വിളിച്ചു.

“എനിക്കൊന്ന് നേരിട്ട് കാണണം. നാളെ തന്നെ… ”

“ഈ സന്തോഷം കുറച്ചു ദിവസം കൂടിയേ നിന്റെ മുഖത്ത് കാണു മാളവിക. ”

🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

ദിവസങ്ങൾ കടന്നു പോയിക്കൊണ്ടിരുന്നു. പലപ്പോഴും തുറന്നു പറഞ്ഞില്ലെങ്കിലും മാളു തനിക്കാരാണെന്ന് ഗൗതമിന്റെ ഓരോ പ്രവൃത്തിയും വിളിച്ചു പറയുന്നുണ്ടായിരുന്നു.

എത്ര തിരക്കിൽ ആണെങ്കിലും ആദ്യത്തെ വറ്റ് വായിൽ വയ്ക്കുന്നതിന് മുൻപ് അവളോട്‌ ചോദിക്കും കഴിച്ചോ എന്ന്.

ഇഷ്ടമാണെന്ന് നൂറു വട്ടം പറയുന്നതിനേക്കാൾ മനസ്സ് നിറക്കും ഓരോ തവണയും കഴിക്കുന്നതിനു മുൻപ് നീ കഴിച്ചോ എന്നുള്ള ആ ചോദ്യം.

പലപ്പോഴും ഇല്ലെന്നായിരിക്കും മറുപടി അപ്പോഴൊക്കെ ക്യാബിനിലേക്ക് വിളിപ്പിച്ചു സ്നേഹം കലർന്ന ശാസനയോടെ കഴിക്കാൻ നിർബന്ധിക്കുമ്പോൾ അവനിലെ ഓരോ അണുവിലും പ്രണയം തുളുമ്പി നിൽക്കുന്നത് പോലെ തോന്നും.

🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

കഴിഞ്ഞ രണ്ടു ദിവസമായി ഗൗതം വല്ലാത്ത ടെൻഷനിൽ ആയിരുന്നു എന്ന് മാളു ശ്രെദ്ധിച്ചു.

രാത്രി മുറിയിലേക്ക് വന്നപ്പോഴും അവൻ കട്ടിലിൽ ചാരി കണ്ണടച്ചു കിടക്കുകയായിരുന്നു.

ചോദിക്കണോ വേണ്ടയോ എന്ന് ഒരു നിമിഷം ശങ്കിച്ചു നിന്നു. പിന്നെ രണ്ടും കല്പ്പിച്ചു ചോദിക്കാൻ തീരുമാനിച്ചു.

“ഏട്ടാ… എന്താ പറ്റിയെ.. ”

ഒന്നുമില്ല എന്ന് പറഞ്ഞു ഒഴിഞ്ഞു മാറാൻ ശ്രെമിച്ചെങ്കിലും അവൾ സമ്മതിച്ചില്ല.

“ഒന്നുമില്ലെടി. നാളത്തെ മീറ്റിങ്ങിന്റെ ഒരു ചെറിയ ടെൻഷൻ. ഇന്നലെ നിന്നെ ഒരു പ്രസന്റേഷൻ കാണിച്ചില്ലേ അതിന്റെ. മീറ്റിംഗ് സക്സസ് ആയാൽ നമ്മുടെ കമ്പനിക്ക് വലിയ ഒരു ടെർണിങ് പോയിന്റ് ആകും അത്. കൺസ്ട്രക്ഷൻ രംഗത്തേക്കുള്ള നമ്മുടെ ആദ്യ ചുവടുവയ്പ്പ്. ”

“ഇതിലിപ്പോ എന്തിനാ ഇത്ര ടെൻഷൻ അടിക്കാൻ. ഇങ്ങനെ എത്ര അവസരങ്ങൾ വരാറുണ്ട്. ”

“ഇതങ്ങനെ അല്ല മാളു. ഇതിൽ ഞാൻ മറ്റാരെയും ഇൻക്ലൂഡ് ചെയ്തിട്ടില്ല. എന്റെ മാത്രം ഐഡിയയും പ്ലാനുകളുമാണ്. അതിന്റെ ഒരു ചെറിയ ടെൻഷനും ആകാംഷയും. എന്നേ കൂടാതെ നീ മാത്രമേ അത് കണ്ടിട്ടുള്ളു. അത് കാര്യമാക്കണ്ട. സമയം കുറേ ആയി അല്ലേ…. കിടക്കാം”.
അവളോട്‌ മനസ്സ് തുറന്നപ്പോൾ അവനു ചെറിയ ആശ്വാസം തോന്നി.

അവന്റെ നെഞ്ചോടു ചേർന്ന് കിടക്കുമ്പോൾ ഉയർന്നു കേൾക്കുന്ന നെഞ്ചിടിപ്പ് അവന്റെ ടെൻഷൻ അവൾക്ക് വെളിവാക്കി കൊടുത്തു. എത്രയൊക്കെ സമാധാനിപ്പിച്ചാലും നാളത്തെ മീറ്റിംഗ് കഴിയാതെ അത് മാറില്ല എന്ന് അവൾക്കുറപ്പായിരുന്നു.

പിറ്റേന്ന് മീറ്റിംഗ് ഹാളിൽ എത്താൻ ഗൗതമിനെക്കാൾ തിടുക്കം ആയിരുന്നു മാളുവിന്‌.

മീറ്റിംഗ് ഹാളിൽ ഇരിക്കുമ്പോൾ ഗൗതമിന് വല്ലാത്ത ടെൻഷൻ തോന്നി. അരുതാത്തതെന്തോ സംഭവിക്കാൻ പോകുന്നത് പോലെ. ഓരോരുത്തരും അവരുടെ പ്രസന്റേഷനുകൾ അവതരിപ്പിക്കാൻ തുടങ്ങി.

തനിക്ക് തൊട്ടു മുൻപുള്ള ആളിന്റെ പ്രസന്റേഷൻ കണ്ടതും ഗൗതമിന് കാൽച്ചുവട്ടിലെ മണ്ണൊലിച്ചു പോകുന്നതായി തോന്നി.

തന്റെ അതേ പ്ലാനുകളും ബഡ്ജറ്റും. ഡിസൈനിലും നിറത്തിലും മാത്രം അല്പം വ്യത്യാസം വരുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കൂട്ടി ചേർത്ത ഭാഗങ്ങൾ ഒഴികെ തന്റെ പ്രസന്റേഷൻ നേരിൽ കാണും പോലെ.
അവനാകെ തല പെരുക്കും പോലെ തോന്നി.

നാല് വർഷങ്ങൾക്ക് മുൻപുള്ള ഓർമകളിലേക്ക് അവന്റെ മനസ്സ് അവനെ കൂട്ടിക്കൊണ്ട് പോയി. താൻ കഷ്ടപ്പെട്ട് ചെയ്ത പ്രൊജക്റ്റ്‌ ചെറിയ രൂപമാറ്റം വരുത്തി ദർശൻ അവതരിപ്പിച്ച ദിവസം. കൂടെ നിന്ന മനീഷിനെ തിരിച്ചറിഞ്ഞ ദിവസം. എല്ലാം അവന്റെ മനസ്സിലേക്ക് ഇരച്ചെത്തി.

മാളുവും നടുക്കത്തോടെ ആണ് അത് കണ്ടു നിന്നത്. തന്നെ ഗൗതം കാണിച്ച അതേ പ്ലാൻ.

ഗൗതമിനെ നോക്കിയപ്പോൾ അവളെ തന്നെ പകപ്പോടെ നോക്കി നിൽക്കുന്നുണ്ടായിരുന്നു.

തന്നിൽ തന്നെ ദൃഷ്ടി ഉറപ്പിച്ച തനിക്കേറെ പ്രിയപ്പെട്ട ആ കണ്ണുകളിൽ നിർവികാരത നിഴലിക്കുന്നത് അവൾ നടുക്കത്തോടെ കണ്ടു നിന്നു.

തുടരും……….

തീരാറാകുന്നുണ്ട് കേട്ടോ. ഇനി കുറച്ചു part കൂടിയേ ഉള്ളൂ. അതുകൊണ്ട് അഭിപ്രായം ഒട്ടും ചുരുക്കണ്ട. എല്ലാരും പറഞ്ഞോളൂ….. 😍😍

നിഴൽ പോലെ : ഭാഗം 1

നിഴൽ പോലെ : ഭാഗം 2

നിഴൽ പോലെ : ഭാഗം 3

നിഴൽ പോലെ : ഭാഗം 4

നിഴൽ പോലെ : ഭാഗം 5

നിഴൽ പോലെ : ഭാഗം 6

നിഴൽ പോലെ : ഭാഗം 7

നിഴൽ പോലെ : ഭാഗം 8

നിഴൽ പോലെ : ഭാഗം 9

നിഴൽ പോലെ : ഭാഗം 10

നിഴൽ പോലെ : ഭാഗം 11

നിഴൽ പോലെ : ഭാഗം 12

നിഴൽ പോലെ : ഭാഗം 13

നിഴൽ പോലെ : ഭാഗം 14

നിഴൽ പോലെ : ഭാഗം 15

നിഴൽ പോലെ : ഭാഗം 16

നിഴൽ പോലെ : ഭാഗം 17

നിഴൽ പോലെ : ഭാഗം 18

നിഴൽ പോലെ : ഭാഗം 19

നിഴൽ പോലെ : ഭാഗം 20

നിഴൽ പോലെ : ഭാഗം 21

നിഴൽ പോലെ : ഭാഗം 22

നിഴൽ പോലെ : ഭാഗം 23

നിഴൽ പോലെ : ഭാഗം 24

നിഴൽ പോലെ : ഭാഗം 25