Saturday, July 13, 2024
Novel

നല്ല‍ പാതി : ഭാഗം 21

നോവൽ

Thank you for reading this post, don't forget to subscribe!

*******
എഴുത്തുകാരി: ധന്യ സുജിത്ത്‌

പിറ്റേന്ന് രാവിലെ സഞ്ജു ഉണരുമ്പോഴും അവന്റെ കൈയ്ക്കുള്ളിൽ അവന്റെ നെഞ്ചിനോടു ചേർന്നാണ് നന്ദു കിടന്നിരുന്നത്..

അവന് ഇടതു കൈകൊണ്ട് മുഖത്തേക്ക് വീണുകിടക്കുന്ന അവളുടെ മുടിയിഴകൾ മാടി ഒതുക്കി ചെവിയ്ക്കു പിന്നിലേക്ക് വച്ചു.. ആ മുഖത്തേയ്ക്ക് തന്നെ നോക്കി കിടന്നു.. ശരിയ്ക്കും നന്ദ്യാർവട്ടപൂ പോലെ…

അല്ലെങ്കിലും സ്നേഹിക്കപ്പെടുന്ന സ്ത്രീ എപ്പോഴും സുന്ദരിയായിരിക്കും…. നന്ദ്യാർവട്ടപൂ പോലെ… താൻ വായിച്ചു മറന്ന വരികൾ അവനോർത്തു..
അവളോടുള്ള പ്രണയം തന്നിൽ നിറയുന്നത് അവനറിഞ്ഞു..

നിന്റെ സാമീപ്യം…
നിന്റെ നിശ്വാസം…

നിന്റെ സ്പർശം…
പിന്നെ ഞാനെങ്ങനെ നിന്നിൽ നിന്നും അകന്നു മാറും…

പെണ്ണേ.. നിന്നിലലിയാനായി കൊതിയാകുന്നു.. പക്ഷേ ഇത് വല്ലാത്തൊരു പരീക്ഷണമായിപ്പോയി.. പ്ലാസ്റ്ററിട്ട അവളുടെ കൈയ്യിൽ തടവി കൊണ്ടവൻ പറഞ്ഞു..

അവന്റെ ചുണ്ടുകളിൽ ഒരു കുസൃതി ചിരി നിറഞ്ഞു.. നന്ദു എണീക്കാൻ തുടങ്ങുന്നത് അറിഞ്ഞതും അവൻ കണ്ണുകളടച്ച് ഉറക്കം നടിച്ചു കിടന്നു..

നന്ദുവിന് എണീക്കണമെങ്കിൽ തന്നെ വിളിച്ചേ പറ്റൂ…എന്തു ചെയ്യും എന്ന് നോക്കട്ടെ.. സഞ്ജു മനസ്സിൽ പറഞ്ഞു..

നന്ദു ഉറക്കം ഉണർന്നപ്പോൾ താൻ കിടക്കുന്നത് സഞ്ജുവിനോടു ചേർന്നാണ് എന്നുള്ള ബോധം വന്നതും അവളുടെ മുഖത്ത് സന്തോഷവും ഒപ്പം ചെറിയൊരു ചമ്മലും ഉണ്ടായിരുന്നു…

മുഖമുയർത്തി അവനെ ഒന്നു നോക്കി.. സഞ്ജുവിനെ വിളിക്കാതെ എണീക്കാൻ ശ്രമിച്ചതും ആ കൈകൾ തന്റെ ഇടുപ്പിൽ അമരുന്നത് അവളറിഞ്ഞു..

അവൻ ഉണർന്നു കിടക്കുകയാണെന്ന തിരിച്ചറിവ് അവളിൽ നാണം വിരിയിച്ചു…

ചമ്മലോടെ കണ്ണുകൾ ഇറുക്കിയടച്ചു. അവനവളെ അവനിലേക്ക് ചേർത്ത് കിടത്തി…

നാണം കൊണ്ട് തുടുത്ത മുഖത്തേയ്ക്ക് അവൻ കുറച്ചു നേരം നോക്കി.. പുരികമുയർത്തി എന്താണെന്ന് ചോദിച്ചു..

അവന്റെ ചുടു നിശ്വാസം തന്റെ മുഖത്ത് തട്ടുന്നത് തന്റെ ഹൃദയമിടിപ്പിന്റെ താളം തെറ്റിക്കുന്നത് അവളറിഞ്ഞു..

അവന്റെ ചുണ്ടുകൾ മൃദുവായി അവളുടെ കണ്ണുകളിൽ ചേർന്നു.. ഒന്നെതിർക്കുക പോലും ചെയ്യാതെ അവളതേറ്റു വാങ്ങി..

അടുത്ത ലക്ഷ്യം തന്റെ ചുണ്ടുകളാണെന്ന് ബോധ്യമായ നിമിഷം അവൾ വലത്തോട്ട് മുഖം തിരിച്ചു… അവന്റെ ചുണ്ടുകൾ അവളുടെ കഴുത്തിൽ അമർന്നു..

“നന്ദൂട്ടീ..”
പ്രണയാർദ്രമായ അവന്റെ വിളിയ്ക്കവൾ കാതോർത്തു…

“തനിക്ക് എന്നെ പേടിയുണ്ടോടോ…???
പെട്ടെന്നൊരു ദിവസം ഭർത്താവായി അധികാരം സ്ഥാപിക്കുമോന്ന്…”

കുസൃതിയോടെയാണ് സഞ്ജു ചോദിച്ചത്.. നന്ദു മറുപടിയൊന്നും പറഞ്ഞില്ല..

“തന്റെ പൂർണ്ണ അനുവാദത്തോടെ മാത്രമേ നമ്മളൊന്നാവൂ… പക്ഷേ അതുവരെ എനിക്ക് ഓർത്തു വെയ്ക്കാൻ കുറച്ച് നല്ല നിമിഷങ്ങൾ അതെങ്കിലും വേണ്ടേടോ…അതു മാത്രം മതി..തന്നൂടെ തനിക്ക്…”

അവളുടെ മുഖം തന്നിലേക്ക് തിരിച്ചു നോക്കുമ്പോൾ അവളുടെ കണ്ണെല്ലാം നിറഞ്ഞിരുന്നു..

“എന്താടോ.. എന്താ പറ്റിയത്..??
കൈ വേദനിച്ചോ..”

“ഏയ്.. ഒന്നുമില്ല..!!”

“ഒന്നുമില്ലാതെ ആണോ കണ്ണെല്ലാം നിറഞ്ഞിരിക്കുന്നത്..
അതോ.. ഞാൻ ചെയ്തത് തെറ്റായോ…??”

സഞ്ജു അതു പറഞ്ഞു തീർന്നതും നന്ദു സഞ്ജുവിന്റെ വാ പൊത്തി..

“അതല്ല സഞ്ജൂ… ഞാനെങ്ങനെ പറഞ്ഞ് മനസ്സിലാക്കും..”

പെട്ടെന്ന് പിൻവലിച്ച കൈ സഞ്ജൂ കൈപിടിയിലൊതുക്കി..

“പറ.. കേൾക്കട്ടെ..”
സഞ്ജു പറഞ്ഞു..

“ഈ മനസ്സിൽ എനിക്കുള്ള സ്ഥാനം.. പ്രണയം.. അതെനിക്കിപ്പോ അറിയാം..
പക്ഷേ..അതെത്രത്തോളം തിരികെ തരാൻ കഴിയും എന്ന് എനിക്കറിയില്ല…

എനിക്ക് പേടിയാ സഞ്ജൂ….മനസ്സു തുറന്നു സ്നേഹിച്ചാൽ നഷ്ടപ്പെടുമോ എന്നുള്ള പേടി…”

“തനിക്ക് അറിയോ… ഒരു റിലേഷൻ ബ്രേക്ക് ആകുന്നതോ… പിരിയുന്നതോ.. രണ്ടു പേരിൽ ഒരാൾക്ക് ആത്മാർഥത കുറഞ്ഞതോണ്ടു മാത്രമല്ല…

ആ ബന്ധം ദൈവത്തിന്റെ ഉള്ളം കൈയിൽ രേഖപ്പെടുത്തി കാണില്ല… അങ്ങനെ വിശ്വസിക്കുന്ന ആളാ ഞാൻ..

ഓർക്കാനിഷ്ടമില്ലാത്ത..മനസ്സു നീറ്റുന്ന വേദനകളെ മറന്നു കളയണം… മനഃപൂർവം.. കേട്ടോ…”

അത് പറഞ്ഞു തീർന്നതും സഞ്ജുവിന്റെ ചുണ്ടുകൾ അവളുടെ കൈയിൽ അമർന്നു..

“ഇതിനാണോ താൻ വിഷമിയ്ക്കുന്നേ…ഞാൻ തരുന്ന അളവിൽ സ്നേഹം
തിരികെ തരാൻ താൻ ബുദ്ധിമുട്ടേണ്ട… ഞാൻ അത് വാങ്ങിച്ചെടുത്തോളാം…

പ്രണയം എന്നു വച്ചാൽ രാവിലെ കണ്ട് രാത്രി തോന്നേണ്ട കാര്യമല്ല..

പതിയെ പതിയെ പരസ്പരം മനസ്സിലാക്കി അറിയാതെ ഹൃദയത്തിൽ നിന്ന് ഉണ്ടാകുന്നതാണ്..
നിന്നിൽ ഇങ്ങനെ ഒരു ചാറ്റൽ മഴയായി പെയ്തു തുടങ്ങി..

പതിയെ ആർത്തലച്ചു പെയ്യുന്ന മഴയായി പെയ്തു തോർന്നാൽ മതിയെനിക്ക്..അതു തന്നെയാണ് എനിക്കിഷ്ടം..”

അവനവളെ തന്നിലേക്ക് ചേർത്തു..

“ഇങ്ങനെ കിടന്നാ മതിയോ… ഇനി വൈകിയാൽ അമ്മ ഇങ്ങോട്ടേയ്ക്ക് കേറിവരുംട്ടോ..”

നന്ദുവിനോടായി സഞ്ജു പറഞ്ഞു..
അതു കേട്ടതും നന്ദു എണീക്കാൻ തിരക്കു കൂട്ടി..

എല്ലാവരും ഒരുമിച്ച് ഇരുന്ന് ഭക്ഷണം കഴിക്കുമ്പോഴും ഇടയ്ക്കിടെ സഞ്ജുവിന്റെ മിഴികൾ തന്നെ തേടിയെത്തുന്നത് നന്ദു അറിയുന്നുണ്ടായിരുന്നു..

അവന്റെ ഓരോ നോട്ടവും തന്റെ ഹൃദയത്തിന്റെ ആഴങ്ങളിൽ പതിയുന്നതവൾ മനസ്സിലാക്കി..

അവളുടെ തിരികെയുള്ള ഓരോ നോട്ടത്തിലും അവന്റെ മനസ്സിൽ നിറഞ്ഞത് തങ്ങളുടെ ജീവിതത്തിൽ വരാനിരിക്കുന്ന നല്ല നിമിഷങ്ങളാണ്..

ഹൃദയങ്ങൾ തമ്മിൽ സംസാരിക്കാൻ ഭാഷയുടെ ആവശ്യമില്ലല്ലോ.. അവിടെ വാക്കുകൾക്ക് എന്തു പ്രസക്തി..

പരസ്പരമുള്ള ഒരു നോട്ടം കൊണ്ടു പോലും ഒരുപാട് കഥകൾ പറയാൻ കഴിയും..

“രണ്ടു പേരുടെയും കണ്ണുകൾ കൊണ്ടുള്ള കഥപറച്ചിൽ കഴിഞ്ഞെങ്കിൽ ഭക്ഷണം കഴിക്കാൻ തുടങ്ങ്…”

അച്ഛന്റെ കളിയാക്കൽ കേൾക്കേണ്ടി വന്നതിന്റെ ചമ്മലിലാണ് നന്ദു.. ചമ്മൽ മറച്ച് അവളെണീറ്റതും അച്ഛൻ അവളെ അവിടെ പിടിച്ചിരുത്തി പറഞ്ഞു..

“മോള്..ചമ്മേണ്ട ആവശ്യമൊന്നുമില്ല..

അച്ഛൻ ചുമ്മാ പറഞ്ഞതല്ലേ..ഇതൊക്കെ അല്ലെ ഒരു രസം..
അവനെ കണ്ടില്ലേ… കാർത്തിയുടെ കളിയാക്കൽ കേട്ട് കേട്ട് അവനത് ശീലമായി..” സഞ്ജുവിനെ നോക്കി അച്ഛൻ പറഞ്ഞു..

“ആ..കാർത്തി കൂടി വേണമായിരുന്നു.. അപ്പോ തകർത്തേനെ..”
അമ്മ കാർത്തിയെ പറ്റി പറഞ്ഞപ്പോൾ അച്ഛനും അത് ശരി വച്ചു.. ശരിയാണ്.. കാർത്തിയെ വല്ലാതെ മിസ്സെയ്യുന്നുണ്ട്.. നന്ദു ഓർത്തു..

പിന്നീട് ഉള്ള രണ്ടു ദിവസങ്ങൾ നന്ദുവിനും സഞ്ജുവിനും വേണ്ടിയുള്ളതായിരുന്നു..

നന്ദുവുമൊത്തുള്ള ഓരോ നിമിഷവും അവൻ തന്റെ ഹൃദയത്തിന്റെ ആഴങ്ങളിൽ എടുത്തു വച്ചു..

ഇപ്പോൾ തന്റെ സന്തോഷം…
അത് നീ മാത്രമായി മാറിയിരിക്കുന്നു നന്ദൂട്ടീ…

നിന്നെ ഇങ്ങനെ കാണുന്നത്..
നിന്നോട് സംസാരിക്കുന്നത്..

നിന്നോടൊപ്പം ചിലവഴിക്കുന്ന ഈ നിമിഷങ്ങൾ..അതിലും വലിയ സന്തോഷം ഇപ്പോൾ എനിക്കില്ല..

നന്ദുവിന്റെയും സഞ്ജുവിന്റെയും ഇടയിലെ മഞ്ഞുരുകി തുടങ്ങിയത് കാർത്തിയെ സംബന്ധിച്ച് ഒരുപാട് സന്തോഷം നൽകുന്ന വാർത്തയായിരുന്നു..

ജോലിയിൽ പ്രവേശിച്ച ഉടനെ ആയതിനാൽ സഞ്ജുവിനെ യാത്രയാക്കാൻ കാർത്തിയ്ക്ക് വരാൻ സാധിക്കില്ല.. അതിന്റെ വിഷമത്തിലാണ് കാർത്തി..

പോകുന്നതിനു മുൻപ് നന്ദുവിന്റെ വീട്ടിൽ പോയി വരാം എന്നും പറഞ്ഞെങ്കിലും നന്ദുവിന് സുഖമില്ലാത്തതുകൊണ്ട് തങ്ങൾ അങ്ങോട്ട് ചെല്ലാമെന്നവർ വാക്കു കൊടുത്തു..

നാളെ രാവിലെയാണ് പുറപ്പെടേണ്ടത്.. അമ്മയും
അച്ഛനെയും അമ്മയെയും വിട്ട് ഇത്രയും ദൂരം..

രണ്ടു പേരുടെയും മുഖത്ത് ആ വിഷമം കാണാം.. പക്ഷേ അതൊന്നും പ്രകടിപ്പിക്കാതെ സഞ്ജുവിന് കൊണ്ട് പോകേണ്ട സാധനങ്ങൾ രണ്ടു പേരും കൂടെ അടുക്കി പെറുക്കി വയ്ക്കുകയാണ്…

കുറച്ച് നാളത്തേക്ക് ആണെങ്കിലും പിരിഞ്ഞു ഇരിക്കാൻ പറ്റാത്ത വിധം അടുത്തു കഴിഞ്ഞിരുന്നു നന്ദുവും സഞ്ജുവും.. അതിന്റെ വിഷമം സഞ്ജുവിന്റെ മുഖത്ത് കാണാം..

പക്ഷേ നന്ദുവിന്റെ മുന്നിൽ എത്തുമ്പോൾ അത് മറച്ചു പിടിക്കാൻ അവൻ പരമാവധി ശ്രമിച്ചിരുന്നു..

ചെന്നു കഴിഞ്ഞാൽ ആറുമാസം ഒന്നും തന്നെ കൊണ്ട് കാത്തിരിക്കാൻ പറ്റില്ല… അവളുടെ കൈ ശരിയാകാൻ എന്തായാലും ഒരു മാസം എടുക്കും…

എന്തായാലും പെട്ടെന്ന് തന്നെ നന്ദുവിനെ കൂടെ കൂട്ടണം.. അവളില്ലാതെ തനിക്ക് പറ്റാതായിരിക്കുന്നു.

വൈകീട്ട് നന്ദുവിന്റെ അച്ഛനുമമ്മയും എത്തി.. നന്ദു വിന് സന്തോഷമായി.. എങ്കിലും ആ മുഖത്ത് അത്ര തെളിച്ചം പോരായിരുന്നു..

തന്നിൽ നിന്നും എന്തോ അകലുന്ന പോലെ… രാത്രി ഭക്ഷണം കഴിക്കുന്നതിനിടെ സങ്കടം നിറഞ്ഞ അവളുടെ മുഖം സഞ്ജുവിന്റെ അമ്മ ശ്രദ്ധിച്ചിരുന്നു..

അവളെ താഴേക്ക് കാണാത്തത് കൊണ്ടാണ് സഞ്ജുവിനെ അമ്മ റൂമിലേക്ക് വിട്ടത്..

റൂമിലേക്ക് ചെല്ലുമ്പോൾ ജനലിലൂടെ പുറത്തേക്കു നോക്കി നിൽക്കുന്ന നന്ദുവിനെ കണ്ടപ്പോൾ സഞ്ജുവിന് സങ്കടം തോന്നിയെങ്കിലും അതു മറച്ചു വെച്ചാണവൻ അവളുടെ അടുത്തെത്തിയത്…

പിന്നിലൂടെ ചെന്നവളെ പുണർന്ന്.. അവളുടെ കഴുത്തിൽ മുഖം ചേർത്ത് നിന്നു..

“എന്താടോ..നക്ഷത്രമെണ്ണി കഴിഞ്ഞോ..???”

അവളുടെ ഭാഗത്ത് നിന്ന് തിരിച്ചു പ്രതികരണം ഒന്നും ഉണ്ടായില്ല..

“നന്ദൂട്ടീ… അവളുടെ ചെവിയിൽ ചുണ്ടും ചേർത്ത് അവൻ വിളിച്ചപ്പോൾ ഉത്തരമായി അവളൊന്നു മൂളി..

“എന്താടോ പറ്റീത്…താനെന്താ ഒറ്റയ്ക്ക് ഇവിടെ വന്നു നിൽക്കുന്നേ… ??”
അവളോട് ചേർന്ന് നിന്നവൻ ചോദിച്ചു..

“ഒന്നുമില്ല സഞ്ജൂ… ചുമ്മാ ഓരോന്ന് ആലോചിച്ചു നിന്നതാ…”

“എന്താടോ… എന്നോട് പറയാൻ പറ്റാത്തത് വല്ലതുമാണോ…??”

“ഏയ്.. അങ്ങനെ ഒന്നുമല്ല…
ആദ്യം എനിക്ക് സഞ്ജൂനോട് ഒരു സുഹൃത്തിനപ്പുറം ഇഷ്ടം തോന്നിയിരുന്നില്ല..അതാണ് സത്യം… പക്ഷേ അന്ന് പിണങ്ങിയപ്പോഴാണ് ഞാൻ മനസ്സിലാക്കുന്നത് സഞ്ജൂ എനിക്കാരാണെന്ന്…

നാളെ ഈ സമയത്ത്… ഞാനിവിടെ ഒറ്റയ്ക്ക്.. സഞ്ജൂ പോയ് കഴിഞ്ഞാൽ പിന്നെയും ഞാൻ തനിച്ചാണ്.. അല്ലേ.. അതോർത്തപ്പോൾ ഒരു സങ്കടം.. അതാണ്..”

“ഓഹോ..അപ്പോ..ഈ മനസ്സിൽ ഇപ്പോ ഞാൻ മാത്രേ ഉള്ളൂ അല്ലേ… ഒരുപാട് സന്തോഷം..
നിന്നെ വിട്ട് പോകാൻ എനിക്ക് സങ്കടമില്ലെന്നു കരുതിയോ..?? നന്ദൂട്ടീ…

നീ എന്നെ അവഗണിച്ച എത്രയോ രാത്രികൾ ഉണ്ടായിരുന്നെങ്കിലും നിന്നോട് പിണങ്ങിയ ആ രാത്രി തള്ളി നീക്കാൻ ഞാനെത്ര കഷ്ടപ്പെട്ടു എന്നറിയോ തനിക്ക്…

തിരിച്ച് കിട്ടുമെന്ന ധാരണ പോലുമില്ലാതെയാണ് ഞാൻ നിന്നെ പ്രണയിച്ചത്.. എന്നെങ്കിലും നീ എന്റേതു മാത്രമാകും എന്ന് ഒരിക്കൽ പോലും വിചാരിച്ചിട്ടില്ല ഞാൻ..

എന്നിട്ടും നീ എന്റേതായില്ലേ… ഇനിയെന്നും നിന്റെ നെഞ്ചോടു ചേർത്ത് സ്നേഹിച്ചാൽ മതി…

അതു മാത്രം മതി..ജീവന്റെ അവസാന തുടിപ്പ് വരെ ഒരു പിണക്കത്തിനു പോലും ഇടകൊടുക്കാതെ പ്രണയിക്കണം നമുക്ക്..

എത്രയും വേഗം ഞാൻ കൊണ്ട് പോയ്ക്കോളാം എന്റെ പെണ്ണിനെ..

അതുവരെ സങ്കടപ്പെടാതെ ഇരിക്കണം കേട്ടല്ലോ… നാളെ ഞാനിറങ്ങുമ്പോ മുഖത്ത് ഈ സങ്കടം പാടില്ലട്ടോ… കേട്ടല്ലോ..
തനിക്ക് സങ്കടം ഒട്ടും ചേരില്ല..

ഒന്നു പറഞ്ഞാൽ തിരിച്ചു മറുപടി പറയുന്ന.. അടിപിടി കൂടുന്ന.. ആ പഴയ വായാടി പെണ്ണായാൽ മതി… എന്റെ നന്ദൂട്ടീ.. കേട്ടല്ലോ..??”

അവളെ തന്നിലേക്ക് തിരിച്ചു നിർത്തി സഞ്ജു പറഞ്ഞു..

“ഉം..”
മറുപടിയായി തല താഴ്ത്തി ഒന്നു മൂളുക മാത്രം ചെയ്തു നന്ദു..

താഴ്ത്തി നിന്ന തല ഇടംകൈ കൊണ്ടവൻ പിടിച്ചുയർത്തി.. നിറഞ്ഞു തൂവാനായ കണ്ണുകൾ നോക്കിയപ്പോൾ അവനും ഉള്ളിലൊരു വിങ്ങൽ തോന്നി…

“ഇനി എന്നെ കാണും വരെ ഓർക്കാനായി ഒരു ചെറിയ സമ്മാനം തന്നോട്ടെ ഞാൻ.. വേണ്ടെന്നു മാത്രം പറയരുത്.. പ്ലീസ്..”

അവന്റെ കുസൃതി ചിരിയോടെ..മുഖവുരയോടെ ഉള്ള സംസാരം കേട്ടപ്പോഴേ അവന്റെ ഉദ്ദേശം എന്താണെന്ന് നന്ദുവിനു മനസ്സിലായി..

എന്തെങ്കിലും തിരിച്ചു പറയുന്നതിനും മുന്നേ അവൻ അവളുടെ ചുണ്ടുകൾ സ്വന്തമാക്കിയിരുന്നു… എതിർപ്പൊന്നും പറയാതെ അവളതേറ്റു വാങ്ങി..

അവന്റെ ടീ ഷർട്ടിന്റെ ഒരുവശം കൈകൾ കൊണ്ടവൾ ചുരുട്ടി പിടിച്ചു..

ഏറെ നേരത്തിനൊടുവിൽ അവളിൽ നിന്ന് അകന്നു മാറുമ്പോൾ അവൾ നന്നേ കിതച്ചിരുന്നു…
തന്റെ കൈ വയ്യാത്തോണ്ട് ഇത്രയും മതി അല്ലേടോ..

എന്നവൻ ചോദിക്കുമ്പോൾ അവൾ നാണത്താൽ അവന്റെ നെഞ്ചിലേയ്ക്ക് മുഖം പൂഴ്ത്തി…

പിറ്റേന്ന് അതിരാവിലെ എണീക്കുമ്പോഴും ഇറങ്ങാൻ തയ്യാറാകുമ്പോഴും പരസ്പരം മുഖം കൊടുക്കാതെ രണ്ടു പേരും നിന്നു..

മുഖം കൊടുക്കാതെ തന്നെ രണ്ടു പേരുടെയും മനസ്സിൽ ഒരു കല്ലെടുത്ത് വച്ച ഭാരമുണ്ടായിരുന്നു..

അവരുടെ മുഖത്ത് ഇരുണ്ടു കൂടുന്ന മേഘങ്ങൾ പെയ്യാൻ പോകുന്ന മഴയുടെ ശക്തി വിളിച്ചോതി..

ഇന്നലെകളിൽ സാമീപ്യം കൊണ്ട് തന്റെ മനസ്സിനെ കുളിരണിയിച്ചവൾ.. തന്റെ പ്രണയം..ഇരുമനസ്സുകളും ഒന്നായി ജീവിച്ചു തുടങ്ങുമ്പോഴേക്കും അവളെ തനിച്ചാക്കി..

യാത്ര പോലും പറയാൻ പറ്റാത്ത വിധം നെഞ്ചിൽ ഒരു നെരിപ്പോടു പോലെ..
അവളുടെ സ്ഥിതിയും മറിച്ചായിരുന്നില്ല…

കരയരുത് എന്ന വാശിയോടെ അവൾ നിന്നു… എയർപോർട്ടിൽ ആരും വരണ്ട എന്നത് സഞ്ജുവിന് നിർബന്ധമായിരുന്നു..

ഇറങ്ങാൻ നേരം അച്ഛനമ്മമാരുടെ അനുഗ്രഹം വാങ്ങി നന്ദുവിന്റെ കവിളിൽ ഒന്ന് തട്ടി..പോട്ടെടോ എന്നു പറഞ്ഞു ഇറങ്ങി…

പെട്ടെന്ന് തിരിഞ്ഞു നന്ദുവിനടുത്തേയ്ക്ക് വന്നു.. തോളിലൂടെ കയ്യിട്ട് നെറ്റിയിൽ മൃദുവായി ചുംബിച്ചു.. നെറ്റിയിൽ നെറ്റിയൊന്നു മുട്ടിച്ചു.. തുളുമ്പാനായി കാത്തു നിൽക്കുന്ന കണ്ണുകളിലും..

വിതുമ്പാനായി നിന്ന ചുണ്ടുകളിലും പുഞ്ചിരി തെളിഞ്ഞു.. അവൻ കാറിൽ കയറി ഗേറ്റു കടന്നു പോകുന്നതും അവൾ കണ്ണിമവെട്ടാതെ നോക്കി നിന്നു..

പോയ് കഴിഞ്ഞ് റൂമിൽ എത്തിയതും പെയ്യാനായി വെമ്പി നിന്ന മേഘം കണക്കെ അവൻ പെയ്തൊഴിയുകയായിരുന്നു…

അവനോടൊപ്പമുള്ള ഓർമ്മകളിൽ അവളറിയുകയായിരുന്നു…

തനിക്ക് അവനോടുള്ള പ്രണയം..
അതിൽ..ഏച്ചു കെട്ടലില്ല…പതിയെ പടർന്നു കയറുന്ന മുല്ലവള്ളി പോലെ… പതിയെ പതിയെയാണ് അവൻ തന്റെ മനസ്സിൽ സ്ഥാനം പിടിച്ചെടുത്തത്…

അവന്റെ പ്രണയം നൽകിയ നനുത്ത പുഞ്ചിരി അവളിൽ തെളിഞ്ഞപ്പോൾ അവൾ ശരിക്കും പൂ പോലെ സുന്ദരിയായിരുന്നു… നന്ദ്യാർവട്ടപൂ പോലെ…

ദുബായിൽ സഞ്ജുവിന്റെ അവസ്ഥയും അതു തന്നെയായിരുന്നു…

തന്റെ പ്രണയം നൽകിയ ഓർമ്മകളിൽ ഓരോ ദിവസവും ജീവിക്കുകയായിരുന്നു… ഏതൊരു പ്രവാസിയെയും പോലെ…ശരീരം അവിടെയും മനസ്സ് നാട്ടിലും..

പെട്ടെന്നൊരു പറിച്ചു നടൽ… അത് സമ്മാനിക്കുന്നത് വല്ലാത്തൊരു നോവാണ്…

ആദ്യ ദിവസങ്ങളിൽ വല്ലാത്ത ബുദ്ധിമുട്ട് തോന്നിയിരുന്നു സഞ്ജുവിന്..കമ്പനി അക്കോമഡേഷനിലായിരുന്നു സഞ്ജു..

എന്തൊക്കെ പറഞ്ഞാലും പ്രവാസ ജീവിതം പ്രവാസിയെ സംബന്ധിച്ച് ഒരു നീറ്റൽ തന്നെയാണ്…അതു അനുഭവിച്ചു തന്നെ അറിയണം..

ജീവിതം തേടിയുള്ള യാത്രയിൽ അവർക്ക് നഷ്ടപ്പെടുന്നത് പ്രിയപ്പെട്ടവരോടൊപ്പമുള്ള നല്ല നിമിഷങ്ങളാണ്…
അച്ഛന്റെ കരുതലും..

അമ്മയുടെ ലാളനകളിൽ നിറഞ്ഞ സ്നേഹവുമാണ്..
നല്ല പാതിയൊത്തുള്ള ജീവിതമാണ്…

കൂടപിറപ്പുകളും ബന്ധുക്കളുമൊത്തുള്ള ആഘോഷങ്ങളാണ്… സുഹൃത്തുക്കളുമൊത്തുള്ള സായാഹ്നങ്ങളാണ്…ഉത്സവങ്ങളും പള്ളിപെരുന്നാളുകളുമാണ്…

പ്രവാസിയുടെ വിഷമം ഏറ്റവും മനസ്സിലാക്കാൻ സാധിക്കുന്നത് മറ്റൊരു പ്രവാസിക്കു തന്നെയാകും…

പതിയെ ദുബായിലെ നഗര ജീവിതവുമായി സഞ്ജു പൊരുത്തപ്പെട്ടു…

കമ്പനിയുടെ തന്നെ വേറെ ബ്രാഞ്ചിൽ ആയിരുന്നു ആദ്യം ജോയിൻ ചെയ്തത്…ഒരു മാസത്തിനു ശേഷം ഹെഡ്ഓഫീസിലേയ്ക്ക് ട്രാൻസ്ഫർ ആയി..

അവിടെ നിന്നും സഞ്ജുവിന് കിട്ടിയസൗഹൃദമാണ് വിനു എന്ന വിനോദ്..

വിനോദും ഭാര്യ ശ്വേതയും അവരുടെ ആറു മാസം പ്രായമുള്ള മകൾ അമേയയും അമ്മുക്കുട്ടി സഞ്ജുവിന് ഒരു ആശ്വാസമായിരുന്നു..

വെള്ളിയാഴ്ച ദിവസം അവളുടെ കൂടെ കൂടിയുള്ള തമാശകളും ഔട്ടിങ്ങും ഒക്കെയായി വീട്ടിൽ നിന്നും മാറി നിൽക്കുന്ന സങ്കടം കുറച്ചു സമയത്തെങ്കിലും മറക്കാൻ സഹായിക്കും…

നന്ദുവിന്റെ മനസ്സും പൊരുത്തപ്പെട്ടു വന്നു…ഫോണിലൂടെയും മെസേജിലൂടെയും മാത്രം വിശേഷങ്ങളും പ്രണയവും പങ്കുവെച്ച് ദിവസങ്ങളും മാസങ്ങളും കടന്നുപോയി…

(തുടരും )

ഞങ്ങളുട വാട്‌സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക…

എല്ലാവായനക്കാരോടും, എല്ലാവർക്കും എല്ലാ നോവലും വായിക്കാൻ കിട്ടുന്നില്ല എന്നു കണ്ടു. ആയതിനാൽ ഞങ്ങൾ ഒരു ടെലഗ്രാം ഗ്രൂപ്പ് ആരംഭിച്ചിരിക്കുന്നു. സുരക്ഷിതമായ ഒരു ആപ്പാണ് ടെലഗ്രാം ആപ്പ്. വാട്‌സാപ്പ് പോലെ അല്ല. സുരക്ഷിതമാണ്. ഒരാൾക്ക് മറ്റൊരാളുമായി ചാറ്റാനോ ഒന്നും സാധിക്കില്ല. കാണാനും പറ്റില്ല. ആയതിനാൽ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് എല്ലാവരും ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യുക. നിങ്ങളുടെ മൊബൈലിൽ ടെലഗ്രാം ആപ്പ് ഇൻസ്റ്റാൾ ചെയ്തിട്ടുവേണം ലിങ്കിൽ ക്ലിക്ക് ചെയ്യാൻ. മൊബൈലിൽ പ്ലേ സ്റ്റോറിൽ കയറി Telegram എന്ന് ടൈപ്പ് ചെയ്താൽ നിങ്ങൾക്ക് പ്ലേ സ്റ്റോറിൽ നിന്നും അത് ഇൻസ്റ്റാൾ ചെയ്യാം. എല്ലാ നോവലുകളും നിങ്ങൾക്ക് നിങ്ങളുടെ സൗകര്യത്തിന് വായിക്കാനും സാധിക്കും.telegram

ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക…

നല്ല‍ പാതി : ഭാഗം 1

നല്ല‍ പാതി : ഭാഗം 2

നല്ല‍ പാതി : ഭാഗം 3

നല്ല‍ പാതി : ഭാഗം 4

നല്ല‍ പാതി : ഭാഗം 5

നല്ല‍ പാതി : ഭാഗം 6

നല്ല‍ പാതി : ഭാഗം 7

നല്ല‍ പാതി : ഭാഗം 8

നല്ല‍ പാതി : ഭാഗം 9

നല്ല‍ പാതി : ഭാഗം 10

നല്ല‍ പാതി : ഭാഗം 11

നല്ല‍ പാതി : ഭാഗം 12

നല്ല‍ പാതി : ഭാഗം 13

നല്ല‍ പാതി : ഭാഗം 14

നല്ല‍ പാതി : ഭാഗം 15

നല്ല‍ പാതി : ഭാഗം 16

നല്ല‍ പാതി : ഭാഗം 17

നല്ല‍ പാതി : ഭാഗം 18

നല്ല‍ പാതി : ഭാഗം 19

നല്ല‍ പാതി : ഭാഗം 20