Friday, April 26, 2024
Novel

നല്ല‍ പാതി : ഭാഗം 6

Spread the love

നോവൽ

Thank you for reading this post, don't forget to subscribe!

*******
എഴുത്തുകാരി: ധന്യ സുജിത്ത്‌

(ആകെ ഒരു കൺഫ്യൂഷൻ ആയിരുന്നു… ഇന്നലെ രാത്രി മൊത്തം ആലോചിച്ചു.. അവസാനം ഇങ്ങനെ എഴുതാനാണ് മനസ്സു പറഞ്ഞത്..
നിങ്ങൾക്ക് ഇഷ്ടപ്പെടോന്ന് അറിയില്ല…
എന്തായാലും അഭിപ്രായങ്ങൾ അറിയിക്കണേ….)

💞 നല്ല പാതി 💞
ഭാഗം 06

നേരം പുലര്ന്നപ്പോ കാര്ത്തി വന്നു വിളിച്ചാണ് സഞ്ജു എഴുന്നേറ്റത്.

“ആഹാ.. ഏട്ടൻ ഇന്നലെ ഇവിടെയാണോ കിടന്നത്..എന്തുപറ്റീ..??”

“ഹേയ്… ഒന്നുമില്ലെടാ.. ഓരോന്നു ആലോചിച്ചു ഉറങ്ങിപ്പോയതാ..”

“ദാ.. താഴെ അമ്മ വിളിക്കുന്നുണ്ട്.. ഏട്ടൻ ഇന്ന് പോണില്ലേ..”

“ഉം.. പോകണം.. പോകാതെ പറ്റില്ലടാ.. അല്ലെങ്കിൽ രണ്ട് ദിവസം കഴിഞ്ഞിട്ട് പോകാമായിരുന്നു..”

“ഞാൻ കൂടെ വരട്ടെ.. രണ്ടുദിവസം നിന്നിട്ട് ഞാൻ ഇങ്ങോട്ട് തിരിച്ചു വരാം..”

“അതു വേണോ.. ഞാൻ ഓഫീസിലേക്ക് പോയി കഴിഞ്ഞാൽ നിനക്കാകെ ബോറടിയാകും..”

“അതൊക്കെ ഞാൻ മാനേജ് ചെയ്തോളാം… എട്ടൻ റെഡിയായി വായോ.. ഞാൻ താഴെ കാണും.. ”

“എങ്കിൽ ശരി… ഞാൻ റെഡി ആവട്ടെ… നീ പൊയ്ക്കോ..”

കാർത്തിക്കും അച്ഛനും ഒപ്പം പ്രാതൽ കഴിക്കുമ്പോഴും സഞ്ജുവിന്റെ ശ്രദ്ധ അവിടെ ഒന്നുമായിരുന്നില്ല..

“അമ്മാ ഞാൻ കൂടെ പോകുന്നുണ്ട് ഏട്ടനൊപ്പം…”

കാർത്തി അമ്മയോട് പറഞ്ഞു.

“അതെന്തിനാ കാർത്തീ… അവൻ ഓഫീസിൽ പോയാൽ പിന്നെ നീ അവിടെ എന്ത് ചെയ്യാനാ..??”

“അതോ.. അത് ഞാൻ എന്തെങ്കിലും ചെയ്തോളാം.. ഞാനിന്ന് പോയില്ലെങ്കിൽ ഏട്ടനിന്ന് അവിടെ എത്തില്ല..”

“എന്തൂട്ട്…?? എന്തൊക്കെ നീ പറയണേ..??”

“ഇരിക്കുന്ന കണ്ടോ..
കിറുങ്ങി അടിച്ച്… ഇന്നലെ ഒരു തരി ഉറങ്ങിയിട്ടില്ല ഈ മനുഷ്യൻ.. ഈ അവസ്ഥയിൽ വണ്ടിയെടുത്ത് പോയാൽ അവിടെ തന്നെ എത്തുമെന്ന് തോന്നുന്നുണ്ടോ അമ്മയ്ക്ക്..?? അതാ ഞാൻ കൂടി പോവാം എന്ന് പറഞ്ഞത്.. ഞാൻ പോയിട്ട് രണ്ടു ദിവസം കഴിഞ്ഞ് ഇങ്ങ് വരാം..”

“എന്തുപറ്റി സഞ്ജു നിനക്ക്..”

അച്ഛൻ ചോദിച്ചതിന് ഒന്ന് കണ്ണടച്ച് ചിരിക്കുക മാത്രം ചെയ്തു സഞ്ജു..

“കാർത്തി നീ വരുന്നുണ്ടെങ്കിൽ വേഗം കഴിച്ചിട്ട് വാ.. സമയം ആയി നമുക്ക് ഇറങ്ങാം..”

“ഒരു ഫൈവ് മിനിറ്റ്സ് ബ്രോ..ദാ വരുന്നൂ..”

കാർ ഡ്രൈവ് ചെയ്തത് കാർത്തി ആണ്.. നേരെ സഞ്ജുവിന് ഓഫീസിലിറക്കി താമസസ്ഥലത്തേക്ക് പോയി. വൈകിട്ട് കാർത്തി തന്നെയാണ് സഞ്ജുവിനെ കൂട്ടാൻ വന്നതും..
രാത്രി ഭക്ഷണം കഴിഞ്ഞ് ഇരിക്കുമ്പോഴാണ് സഞ്ജു അഭിയുടെ കാര്യം എടുത്തിട്ടത്..

“കാർത്തി എനിക്കൊരു കാര്യം ചോദിക്കാനുണ്ടായിരുന്നു നിന്നോട്..??”

“എന്താ ഏട്ടാ..?? ചോദിക്ക്..”

“കാർത്തി… അഭിയ്ക്ക് ആരെങ്കിലും ശത്രുക്കൾ ഉണ്ടായിരുന്നോ..??”

“അഭിയ്ക്കോ..?? നെവർ.. അവൻ ഒരു പാവം ആയിരുന്നു ഏട്ടാ.. നന്നായി വരയ്ക്കുമായിരുന്നു അവൻ.. ചിത്രങ്ങളും നന്ദുവുമായിരുന്നു അവന്റെ ലോകം.. ഒതുങ്ങിക്കൂടുന്ന ഒരു പ്രകൃതം ആയിരുന്നു..
അങ്ങനെ അവന് ശത്രുക്കൾ ഉണ്ടെങ്കിൽ തന്നെ അത് നന്ദുവിൻ്റെ ശത്രുക്കളായിരിയ്ക്കും..
വരുംവരായ്കകൾ ആലോചിയ്ക്കാതെ എടുത്തുചാടുന്ന അവളുടെ സ്വഭാവം അതാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണം.. അത് അവൾ മനസ്സിലാക്കുമ്പോഴേക്കും അവർക്ക് നഷ്ടപ്പെട്ടത് അവരുടെ ജീവിതമാണെന്നു മാത്രം..

പാവം അഭി… അവിടെ അവനു പകരം വരേണ്ടിയിരുന്നത് ഞാനോ നന്ദുവോ ആയിരുന്നില്ലേ.. ഞങ്ങള്ക്കു വേണ്ടിയാ ആ പാവം…ഏട്ടൻ ഓർക്കുന്നില്ലേ ആ വാർത്ത..”

“യൂണിവേഴ്സിറ്റി എ സോൺ കലോത്സവത്തിനിടെ വിദ്യാർത്ഥി സംഘർഷം..കുത്തേറ്റ വിദ്യാർത്ഥി മരിച്ചു.. ആറുപേർക്ക് പരിക്ക്…
സമാപന സമ്മേളനം റദ്ദാക്കി..”

സഞ്ജു ആ വാർത്ത ഓർത്തെടുത്തു.
അന്ന് താൻ ബിപിഎൽ ൽ ഇന്റേൺഷിപ്പ് ചെയ്യുകയായിരുന്നു. വാർത്ത അറിഞ്ഞ് എത്തുമ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു.. അന്നാണ് അഭിയെ താൻ ആദ്യമായി കണ്ടത്.. അവസാനമായും..

“എല്ലാ തുടങ്ങിയത് ആ നശിച്ച ദിവസത്തിൽ നിന്നാണ്… പിന്നീട് എല്ലാം കെട്ടടങ്ങി എന്ന് വിചാരിച്ചിരിക്കുമ്പോൾ ഒന്നിന് പിന്നാലെ ഒന്നായി പ്രശ്നങ്ങളുടെ വരവ്..”

കാർത്തി ഓര്ത്തെടുത്തു…

ആദ്യം മുതലേ കോളേജിലെ എൻഎസ്എസ് ഗ്രൂപ്പിലെ സജീവ പ്രവർത്തകരായിരുന്നു നന്ദുവും കാർത്തിയും സുഹൃത്തുക്കളും. കൂടാതെ ആന്റി റാഗിംഗ് സ്ക്വാഡിലും ആന്റി ഡ്രഗ്സ് സ്ക്വാഡിലും ഇരുവരും ഉണ്ടായിരുന്നു.

ആദ്യത്തെ പ്രശ്നം.. അത് നന്ദുവിൻ്റെ റൂംമേറ്റ് അനുശ്രീയുമായി ആയി ബന്ധപ്പെട്ടാണ് തുടങ്ങുന്നത്. തേർഡ് ഇയർ തുടക്കം.. നന്ദുവിൻറെ ജൂനിയറായിരുന്നു അനുശ്രീ. കാണാൻ നല്ല സുന്ദരി കൊച്ച്. തനി ഒരു നാട്ടിൻപുറത്തുകാരി.
പാലക്കാട് തന്നെ ഏതോ ഒരു ഉൾഗ്രാമത്തിലായിരുന്നു അവളുടെ വീട്. സാമ്പത്തികമായി വളരെയധികം പിന്നോക്കം നിന്നിരുന്ന അവൾ പഠിച്ചിരുന്നത് സ്കോളർഷിപ്പ് കൊണ്ടും മറ്റുള്ളവരുടെ സഹായം കൊണ്ടുമായിരുന്നു.. അനുവിനെ നന്ദുവിന് വലിയ കാര്യമായിരുന്നു. ചിലപ്പോഴൊക്കെ സാമ്പത്തികമായി അവളെ സഹായിക്കാറുണ്ട് നന്ദു.

ഒരിക്കൽ അനുവിനെ മെക്കാനിക്കലിലെ രാഹുലും കൂട്ടരും റാഗ് ചെയ്യാനായി പിടിച്ചു നിർത്തി.
അതും അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്റെ മുന്നിൽ വച്ച്…അവന്മാർ ആ കൊച്ചിനെ എന്തൊക്കെയോ പറഞ്ഞ് കരയിപ്പിയ്ക്കാൻ തുടങ്ങിയപ്പോഴാണ് കോളേജ് സ്റ്റോറിലേക്ക് നന്ദു വന്നത്..
അനുവിന്റെ അവസ്ഥ നന്ദുവിനെ ചൊടിപ്പിച്ചു..

“ഹേയ് അനു… എന്താ പ്രശ്നം..???”

“ആഹാ… സ്ക്വാഡ് എത്തിയില്ലല്ലോന്ന് വിചാരിച്ചതേയുള്ളൂ..അപ്പഴേയ്ക്കും വന്നല്ലോ വനമാല…”

“നീ എന്തിനാ അനു കരയണേ…???
അനൂ നിന്നോടാ ചോദിച്ചേ എന്താ പ്രശ്നം ന്നു..???”

“ഒന്നൂല്ല നന്ദേച്ചി..”

“ഒന്നുമില്ലാതെ ആണോ നീ കരയണത്..”

“എന്താടാ പ്രശ്നം…
നിങ്ങൾക്കറിയില്ലേ കോളേജിൽ റാഗിംഗ് എലൗഡ് അല്ലെന്ന്… ഒരുതവണ ഒന്നും പറഞ്ഞാൽ മനസ്സിലാകില്ലേ.. പിന്നെയും പിന്നെയും ഷോ കാണിക്കാൻ.. ഞാനിത് റിപ്പോർട്ട്
ചെയ്യും..”

നന്ദു രാഹുലിനോടുംകൂട്ടുകാരോടും പറഞ്ഞു.

“അയ്യടി മോളേ… അതിന് റിപ്പോർട്ട് ചെയ്യാൻ ഞങ്ങൾ സമ്മതിച്ചാലും ഈ കൊച്ചു സമ്മതിക്കൂല അല്ലേ അനുക്കുട്ടി…

നീ ഒന്ന് റിപ്പോർട്ട് ചെയ്തു ഞങ്ങൾക്ക് പണിഷ്മെൻറ് വാങ്ങിച്ചുതാ… ഞങ്ങൾ ഒന്ന് കാണട്ടെ..”

“ആ ടാ..കാണിച്ചുതരാം..”

“അത്രയും കോൺഫിഡൻസ് വേണോ മോളേ.. നന്ദിതേ..”

അവരുമായുള്ള തര്ക്കത്തിനിടയിലാണ്, രണ്ടു പേർ ബുള്ളറ്റില് വന്നിറങ്ങിയത്..
അതൊന്നും ഗൗനിയ്ക്കാതെ അനുശ്രീയെയും വിളിച്ചു പോകാനായി തിരിഞ്ഞതും ബുള്ളറ്റ് അവരുടെ മുന്നിലോട്ടെടുത്തു. വീഴാനായി പോയ നന്ദുവിന് ദേഷ്യം അടക്കാനായില്ല..

“എന്താടി.. നിനക്കെത്ര ശൗര്യം..???
നിനക്ക് ഇത്ര ധൈര്യമുണ്ടോ റിപ്പോർട്ട് ചെയ്യാൻ…???
അവൾക്കില്ലാത്ത കംപ്ലൈൻറ് എന്തിനാ നിനക്ക്.. ചുമ്മാ ഷോ കാണിക്കാൻ നിക്കാതെ പോകാൻ നോക്ക് മോളെ..

അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന് മുന്നിൽ ആയതുകൊണ്ട് കോളേജിൽ വരുന്ന എല്ലാവരും ശ്രദ്ധിക്കുന്നുണ്ടായിരുന്നു..

“നീ എന്താടി വെട്ടു പോത്ത് പോലെ നോക്കി പേടിപ്പിക്കുന്നത്..??”

“ഞാനൊന്ന് നോക്കുമ്പോഴേ പേടിക്കാൻ ഉള്ള ധൈര്യം ഉള്ളോ നിനക്കൊക്കെ..
ലുക്ക് ഒക്കെ കണ്ടപ്പോൾ വിചാരിച്ചു…
ലുക്ക് മാത്രേ ഉള്ളൂല്ലേ..സോറീട്ടാ..”

“ഡീ..”

“കിടന്നു ചീറണ്ട നീ…ആരാ ഷോ കാണിക്കണേന്ന്.. ഇവിടെ എല്ലാവർക്കും അറിയാം.. പാവം പിള്ളേരെ ഹരാസ് ചെയ്തതല്ല ഷോ കാണിക്കേണ്ടത്… പിന്നെ കാശിന്റെ ഹുങ്ക് കാരണം തിന്നത് എല്ലിന്റെ ഇടയിൽ കേറീട്ടാണെങ്കില്
ദേ.. നിൻ്റെ ഈ വാലുകളുടെ അടുത്തോട്ട് ഇറക്കിയാൽ മതി.. അവന്മാര് നീ വരുമ്പോഴേ ഓച്ഛാനിച്ചു നിന്നോളും.. അല്ലാതെ ഇങ്ങോട്ടേക്ക് ഇറക്കണ്ട.. മനസ്സിലായോ..”

“ഡി നിൻറെ നാക്കിന് എല്ലില്ലാന്ന് വെച്ചു.. പറയണത് സൂക്ഷിച്ചു പറഞ്ഞില്ലെങ്കിൽ..
നീ എഴുതിവെച്ചോ മോളെ… ഞങ്ങൾ ഇവിടുന്ന് പോകും മുമ്പായി നിനക്ക് ഒരു പണി തന്നിരിക്കും..”

“ഓ ശരി… പണി റെഡി ആകുമ്പോള് പറഞ്ഞാൽ മതി ഞാൻ വന്നു വാങ്ങിക്കോളാം.. ചൂടാറുന്നതിനു മുമ്പ്.. ഇപ്പോൾ ചേട്ടന്മാർ ചെല്ല്.. പ്രിൻസി വിളിക്കുമ്പോൾ അങ്ങോട്ടേക്ക് വന്നാൽമതി..”

“നീ വാ അനൂ..”

“അങ്ങനെ അങ്ങ് പോയാലോ മോളെ നീ എന്തായാലും റിപ്പോർട്ട് ചെയ്യാൻ പോവല്ലേ… അപ്പോ പിന്നെ ഇതും കൂടി ചേർത്ത് അങ്ങ് റിപ്പോർട്ട് ചെയ്യ്..”
അവൻ നന്ദുവിന്റെ കയ്യിൽ കയറി പിടിച്ചു..നന്ദു പിടി വിടുവിക്കാൻ ശ്രമിക്കും തോറും അവന്റെ കൈയുടെ മുറുക്കം കൂടിക്കൂടി വന്നു…

അതും കണ്ടുകൊണ്ടാണ് കാർത്തിയുടെ വരവ്.. ഇപ്പൊ അടി പൊട്ടും എന്ന് തന്നെയാണ് എല്ലാവരും വിചാരിച്ചിരുന്നത്… അപ്പോഴേക്കും കാർത്തി വന്ന് നന്ദുവിനെ പിടിച്ചു മാറ്റി..

നന്ദു മതി മതി… പോവാൻ നോക്ക്… അനു… അവളെം വിളിച്ചോണ്ട് പോ…

“വന്നല്ലോ ബോഡിഗാർഡ്… നീ അവളുടെ പിന്നാലെ ഇങ്ങനെ നടന്നോ ആണുങ്ങൾക്ക് ചീത്തപ്പേര് ഉണ്ടാക്കാൻ…”രാഹുൽ പറഞ്ഞു.

“ദേ രാഹുലേ കേറി ചൊറിയാൻ നിക്കല്ലേ… ഇങ്ങോട്ട് കേറി ചൊറിഞ്ഞാൽ അങ്ങോട്ട് കേറി മാന്തും… കേട്ടല്ലോ… നിങ്ങൾ പോകാൻ നോക്ക്…”

പ്രിൻസിപ്പാളിനെ കാർ ഗേറ്റ് കടന്നു വന്നതും എല്ലാവരും സ്കൂട്ടായി..

“വാ ചേച്ചി നമുക്ക് പോകാം…അവരെന്തെങ്കിലും ചെയ്യും..”
അനു അവളെം വിളിച്ച് നടന്നു..

“ആ.. അവർ എന്തെങ്കിലും ചെയ്യട്ടെ.. അതിനുമുന്നേ നമുക്ക് ചെയ്യാനുള്ളത് ചെയ്യാം നീ വാ..”

“ഓഹോ… രാവിലെ തന്നെ അങ്കം തുടങ്ങിയോ ഉണ്ണിയാർച്ച..
നിന്നോട് ഞാൻ പല തവണ പറഞ്ഞിട്ടുണ്ട് ഞാൻ ഇല്ലാതെ അവന്മാരുടെ അടുത്ത് പോയി മെക്കിട്ടു കേറരുത് കേറരുത് എന്ന്..”

കാർത്തി നന്ദു വിനോട് ചൂടായി…

“നീ ഉണ്ടായിട്ടും എന്തിനാ…??? എന്നെ പിടിച്ചു മാറ്റാൻ അല്ലേ.. അല്ലാതെ അവന്മാരോട് ചോദിക്കാൻ അല്ലല്ലോ..??”

കാർത്തി അന്നത്തെ സംഭവങ്ങൾ ഓർത്തെടുക്കുകയായിരുന്നു..

നന്ദു അനുവിനെ കൊണ്ടുപോയി കംപ്ലൈൻറ് സെല്ലിൽ റിപ്പോർട്ട് ചെയ്തു. പ്രിൻസിപ്പാൾ രാഹുലിനെ കൂട്ടരെയും വിളിപ്പിച്ചു വാണിംഗ് കൊടുത്തു.. പക്ഷേ ബുള്ളറ്റും കൊണ്ടുവന്ന ഷോ കാണിച്ചവൻ രക്ഷപ്പെട്ടു.. കാരണം അവസാനം അല്ലേ അവൻ വന്നത്.. പോരാത്തതിന് ബാക്കിയുള്ളവരൊക്കെ അവന്റെ വാലുകളും…

“ഇപ്പോൾ തന്നെ ആവശ്യത്തിനു കംപ്ലൈൻറ് ഒക്കെ നിങ്ങളുടെ പേരിൽ കിട്ടിയിട്ടുണ്ട്.. ഇനി ഒരു കംപ്ലൈൻറ് കൂടി കിട്ടിയാൽ സസ്പെൻഷൻ എഴുതിയങ്ങ് കയ്യിൽ തരും… ഇത് ലാസ്റ്റ് വാണിംഗാ കേട്ടല്ലോ..”

അവിടുന്നാണ് പ്രശ്നങ്ങളുടെ തുടക്കം…

അതിനുപകരം എന്നോണം രണ്ട് ദിവസം കഴിഞ്ഞ് ഒരു സംഭവം നടന്നു… തികച്ചും നാണംകെട്ടൊരു സംഭവം..

അന്നൊരു ഞായറാഴ്ചയായിരുന്നു. ഹോസ്റ്റലിലെ പെൺകുട്ടികൾ രാവിലെ പള്ളിയിൽ പോകാനായി ഇറങ്ങിയപ്പോൾ ഒരു കാഴ്ച കണ്ടു തറഞ്ഞുനിന്നു..
ഹോസ്റ്റൽ ഗേറ്റിൽ.. ഹോസ്റ്റലിൽ നിന്ന് കോളേജിലേക്കുള്ള വഴിയിൽ.. ഹോസ്റ്റലിലെ മതിലിൽ.. മരത്തിൽ.. ഇന്ന് വേണ്ട മിക്ക സ്ഥലത്തും സാനിറ്ററി നാപ്കിൻസ്.. അതും ചുവപ്പു കളർ മഷിയൊഴിച്ചു വെച്ച് വികൃതമാക്കിയ തരത്തിൽ..

പെൺകുട്ടികളുടെ സ്വകാര്യതയെ ചോദ്യം ചെയ്താൽ അത് അവർക്ക് കൂടുതൽ ഇൻസൾട്ട് ആകും എന്ന് അറിയാമായിരുന്നു ഏതോ പരനാറികളുടെ പണിയാണിതെന്ന് എല്ലാവർക്കും മനസ്സിലായി.

പക്ഷേ ഇത് കണ്ടില്ലെന്ന് വെക്കാൻ പറ്റില്ലല്ലോ.. കണ്ടില്ലെന്ന് വെച്ചാ അവന്മാർക്ക് ഒരു പ്രോത്സാഹനം ആകില്ലേ…അന്ന് ഞായറാഴ്ച ആയതിനാൽ പിറ്റേദിവസം രാവിലെ തന്നെ പ്രിൻസിപ്പാളിനെ അടുത്ത് നേരിട്ട് കംപ്ലൈൻറ് കൊടുക്കാൻ ആയിരുന്നു ലേഡീസ് ഹോസ്റ്റൽ കമ്മിറ്റിയുടെ തീരുമാനം.
അതിനെ എല്ലാവരും സപ്പോർട്ടും ചെയ്തിരുന്നു. അവിടെയും നന്ദു ഉണ്ടായിരുന്നു മുൻപന്തിയിൽ.. അതും ഒരു വിഷയം ആയിരുന്നു..

“ആന്റി റാഗിംഗ് സ്ക്വാഡിനെ അനുകൂലിച്ചും പ്രതികൂലിച്ചും ലേഡീസ് ഹോസ്റ്റലിൽ നിന്ന് തന്നെ ധാരാളം അഭിപ്രായങ്ങൾ വരാറുണ്ട്… അതൊന്നുമല്ല നമ്മുടെ വിഷയം… ഇവിടെ പെണ്ണിൻറെ സ്വകാര്യതയെ ഇതുപോലെ റോഡിലേക്ക് വലിച്ചിടുന്ന വൃത്തികെട്ട മനസ്സുള്ളവർക്ക് എതിരെയുള്ള നടപടി ആണ് നമ്മുടെ ആവശ്യം.. ഇഷ്ടപ്പെടാത്തത് കേൾക്കുമ്പോൾ മൂർച്ചയോടെ നമ്മളൊന്ന് സംസാരിച്ചാൽ നമ്മൾ അഹങ്കാരികൾ ആണെന്ന് പറയും… ഇഷ്ടപ്പെടാത്തത് കാണുമ്പോൾ നമ്മളൊന്ന് കൂർപ്പിച്ചു നോക്കിയാൽ തന്റേടി ആണെന്ന് പറയും… ഞാൻ പറയും അങ്ങനെ ഉള്ളവരെ ആണ് ഇന്ന് സമൂഹത്തിന് ആവശ്യം…

കംപ്ലൈൻറ് കൊടുക്കുമ്പോൾ അത് ആരാ ചെയ്തേ എന്നൊരു ചോദ്യം വരും… നമുക്ക് മൊത്തം അറിയാം ഇത്രയും തരംതാണ പരിപാടി ആരാ ചെയ്തേ എന്ന്… പക്ഷേ പറയാൻ നമുക്ക് നമ്മുടേതായ തെളിവ് വേണം.. അതിനുള്ള തെളിവാണ് ഈ മെസ്സേജ്.. മനപ്പൂർവമോ അല്ലാതെയോ അവർ അയച്ച ഈ മെസ്സേജ്..

രാവിലെ പള്ളിയിൽ പോകാൻ ഇറങ്ങിയ പിള്ളേര് ഈ കാര്യം വന്നു പറയുമ്പോഴും ഞാൻ ഈ മെസ്സേജ് നോക്കിയിട്ട് ഇല്ലായിരുന്നു.. പിന്നീടാണ് ഞാൻ ഇത് തുറന്നു നോക്കിയത്.

പുറത്തോട്ട് ഒന്ന് ഇറങ്ങി നോക്കെടി പുല്ലേ..

ഒരു അൺനോൺ നമ്പറിൽ നിന്നുള്ള മെസ്സേജ് ആയിരുന്നു അത്.. നമ്മുടെ ഭാഗ്യം കൊണ്ടോ അവന്മാരുടെ നിർഭാഗ്യം കൊണ്ടോ അവർ അയച്ച മെസ്സേജ്.. ഇതാണ് നമ്മുടെ കയ്യിൽ അവർക്കെതിരെയുള്ള തെളിവ്.. ഇതും കൂടി ഇല്ലായിരുന്നെങ്കിൽ ആര് ചെയ്തു എന്ന് നമുക്ക് ഉത്തരം ഉണ്ടാവുമായിരുന്നില്ല.. ഈ നമ്പർ ആരുടേതാണെന്ന് കണ്ടുപിടിച്ചാൽ ഉറപ്പിക്കാം ഇത് അവർ ആണെന്ന്..
ഇതൊരു ചീപ്പ് കേസായി തോന്നുന്നവർക്ക് മാറിനിൽക്കാം. അല്ലാത്തവർ മാത്രം ഈ പരാതിയിൽ ഒപ്പിട്ടാൽ മതി.. ”

നന്ദുവും ഹോസ്റ്റൽ സെക്രട്ടറി പാർവതിയും പറഞ്ഞപ്പോൾ യാതൊരു എതിർപ്പും കൂടാതെ ഹോസ്റ്റലിലെ മുഴുവൻ കുട്ടികളും ഒപ്പിട്ടു കൊടുത്തു ആ പരാതിയിൽ..

പിറ്റേദിവസം കോളേജിൽ മുഴുവൻ പെൺകുട്ടികളുടെയും പരാതിയുമായി മുൻവശത്ത് കുത്തിയിരിപ്പ് സമരം നടത്തി ഹോസ്റ്റലിലെ പെൺകുട്ടികൾ.
കോളേജിലെ മൊത്തം ആൺപിള്ളേരും കളിയാക്കി.. കൂവി വിളിച്ചു അവരെ…വളരെ കുറച്ചുപേർ മാത്രമേ പെൺകുട്ടികളുടെ കൂടെ നിന്നിട്ടുള്ളൂ… അവർക്കും നല്ലതുപോലെ കിട്ടിയിട്ടുണ്ട് മറ്റുള്ളവരുടെ കയ്യിൽ നിന്ന്.. നാണമില്ലേ ഇത്രയും ചീപ്പ് സമരത്തിന് പോവാൻ എന്നും പറഞ്ഞ്.. പക്ഷേ അവരെ സംബന്ധിച്ചിടത്തോളം അത് ചീപ്പ് സമരമായിരുന്നില്ല.. ഇതൊരു ചീപ്പ് സമരം ആണെന്ന് പറഞ്ഞവർക്കൊക്കെ കുറിക്കു കൊള്ളുന്ന മറുപടി തന്നെയാണ് അവരോരോരുത്തരും കൊടുത്തിരുന്നത്.

“ഇത്രയും ചീപ്പ് പരിപാടി കാണിക്കുന്ന അവർക്ക് നാണം അല്ലെങ്കിൽ പിന്നെ ഞങ്ങൾ എന്തിന് നാണിക്കണം… ഞങ്ങൾ ഇതിൽ അഭിമാനിക്കുന്നു…
ആർത്തവം ഞങ്ങൾക്കൊരു ഭാരമല്ല അംഗീകാരമാണ്. നാളെ ഞങ്ങളും അമ്മയാകും എന്ന അംഗീകാരം..
ഒരു പെണ്ണിനെ മനസ്സിലാക്കാൻ പെണ്ണാകേണ്ട കാര്യമില്ല… സ്വന്തം അമ്മയെ സ്നേഹിച്ചാൽ മതി..

നിനക്കൊക്കെ പൈസയുടെ ഹുങ്ക് ആണെങ്കിൽ മാസാമാസം ഞങ്ങൾക്ക് ഒരു പാക്കറ്റ് വാങ്ങി തായോ.. മാസാമാസം ഇതു വാങ്ങാൻ കഷ്ടപ്പെടുന്ന.. കാശില്ലാതെ.. വിലക്കുറവിന്റെ നാപ്കിൻ ഉപയോഗിക്കുന്ന ഒരുപാട് പെൺകുട്ടികൾ ഉണ്ട് ഈ ഹോസ്റ്റലിൽ… അവർക്ക് ഒരു സഹായാവും..
ഭാവിയിൽ നിങ്ങളും ഇത് വാങ്ങുന്ന ഒരു ദിവസം വരും… നിങ്ങളുടെ ഭാര്യക്ക് വേണ്ടി… നിങ്ങളുടെ മകൾക്ക് വേണ്ടി… അപ്പോഴേ നിങ്ങൾക്ക് മനസ്സിലാകൂ.. നിങ്ങളിപ്പോൾ ചെയ്ത തെറ്റിനെ ആഴം…”

അവളുടെ മറുപടി ഓര്ത്തു കാര്ത്തി..

കോളേജ് മാനേജ്മെൻറ് മുഴുവൻ നാണക്കേട് കൊണ്ട് തല താഴ്ത്തിയ ഒരു കേസ് ആയിരുന്നു അത്. ഒന്നിനും ആ പെൺകുട്ടികളെ അതിൽ നിന്ന് പിന്തിരിപ്പിക്കാൻ പറ്റിയില്ല. പോലീസ് കേസ് ആക്കണം എന്നായിരുന്നു പ്രിൻസിപ്പാളിൻ്റെ ആവശ്യം..
അതിനുവേണ്ടി ലേഡീസ് ഹോസ്റ്റൽ കമ്മിറ്റി അംഗങ്ങളെ പ്രിൻസിപ്പാൾ വിളിപ്പിച്ചിരുന്നു…

“ഇതിനൊക്കെ പോലീസ് ആണ് മറുപടി പറയേണ്ടത്.. നിങ്ങളാണ് ഇനി തീരുമാനിക്കേണ്ടത്. നിങ്ങൾ എന്തു തീരുമാനിച്ചാലും ഞാനുണ്ട് നിങ്ങൾക്കൊപ്പം..
ഇങ്ങനെ ചെയ്യുന്നവമാരൊക്കൊ രണ്ടടി കിട്ടിയാലേ പഠിക്കൂ.. പക്ഷേ ഒന്നുണ്ട്..കേസ് ആയാൽ പിന്നെ ആ പിള്ളേരുടെ ജീവിതം കട്ടപ്പുറത്താകും… അതിൽ കാശുള്ളവൻമാർ ഊരി പോരും… ബാക്കിയുള്ളവരാണ് അനുഭവിക്കുക അതും നിങ്ങൾ ചിന്തിയ്ക്കണം..”

“ഞങ്ങൾ തീരുമാനം അറിയിക്കാം സർ.. നന്ദി സർ ഞങ്ങളോടൊപ്പം നിന്നതിന്…”

എന്നും പറഞ്ഞ് അവരവിടെ നിന്നിറങ്ങി.

പിടിപാടുള്ള മാതാപിതാക്കൾ ഉള്ളപ്പോൾ ഒരു കേസും ഇവരെപ്പോലുള്ള മക്കൾക്ക് പ്രശ്നമില്ലല്ലോ.. അവന്മാർ ഊരി പോരും എന്ന് അവർക്ക് നല്ല ഉറപ്പായിരുന്നു.. അതുകൊണ്ടുതന്നെ അവൻമാരെക്കൊണ്ട് പൊതുമാപ്പ് പറയിപ്പിക്കാം എന്നായിരുന്നു പെൺകുട്ടികൾ മുന്നോട്ടുവെച്ചത്… അവർക്ക് അതിലും വലിയ നാണക്കേട് വരാനുണ്ടോ..??
കോളേജ് മാനേജ്മെൻറിനു മുന്നിൽ.. അധ്യാപകർക്ക് മുന്നിൽ…
വിദ്യാർഥികൾക്ക് മുന്നിൽ…
എല്ലാറ്റിലുമുപരി
സ്വന്തം മാതാപിതാക്കൾക്ക് മുന്നിൽ..
എല്ലാവരുടെയും മുന്നിൽ ഓഡിറ്റോറിയത്തിൽ വച്ച് ഈ വിഷയത്തിൽ ഉൾപ്പെട്ട എല്ലാവരും പൊതുമാപ്പ് പറയണം.

പ്രിൻസിപ്പാളും അതംഗീകരിച്ചു..
ഇതിൽ ആദ്യപടിയായി ആ നമ്പറിന്റെ ഉടമസ്ഥനെ കണ്ടുപിടിക്കേണ്ട തായിരുന്നു ആവശ്യം. അതിന് മാനേജ്മെൻറ് പോലീസ് സഹായം തേടി.. ഇതൊരു കേസ് ആകരുതെന്ന് കോളേജ്മെൻറ് മുൻകൂട്ടി പറഞ്ഞിരുന്നു…

പോലീസുകാർ അവരുടെ കടമ വേണ്ടവിധം തന്നെ ചെയ്തു.. സൈബർ സെല്ലിൽ വിളിച്ച നമ്പറിന്റെ ഉടമസ്ഥനെയും ആ നമ്പറിന്റെ കോൾ ലിസ്റ്റ് പരിശോധിച്ച് ഇത് ചെയ്യാൻ കൂട്ടുനിന്നവരെയും കണ്ടുപിടിച്ചു…

കാർത്തി പറഞ്ഞു നിർത്തി..
ഏട്ടന് മനസ്സിലായോ ആ നമ്പറിന്റെ ഉടമസ്ഥനെ..???
അതവനാ… ബുള്ളറ്റിൽ വന്നിറങ്ങി ആദ്യം ചീപ്പ് ഷോ കാണിച്ചില്ലേ…

അവൻ.. കിരൺ പ്രതാപ്…!!!

(മാപ്പ് പറച്ചിലിനും അടുത്ത പ്രശ്നങ്ങൾക്കുമായി കാത്തിരിക്കുക…
ഇതുകൊണ്ടൊന്നും തീർന്നില്ല..പ്രശ്നങ്ങൾ ഒന്നിനു പിന്നാലെ മറ്റൊന്നായി വന്നുകൊണ്ടിരിക്കുന്നതേയുള്ളൂ…)

(ഇത് കഥയ്ക്ക് വേണ്ടി എഴുതിയ ചുമ്മാ ഒരു സംഭവമല്ല കേട്ടോ… ശരിക്കും നടന്നിട്ടുള്ളത് തന്നെയാണ് ആണ്… ഏത്…ഈ ചീപ്പ് കേസേ… പലപ്പോഴും ഇതിനെപ്പറ്റി ഒരു പോസ്റ്റിടണം ഞാൻ വിചാരിക്കാറുണ്ട്.. കഥയിൽ ആവുമ്പോൾ എനിക്കും മനസ്സുതുറന്ന് എഴുതാലോ… എങ്ങനുണ്ട് ഐഡിയ..)

കാത്തിരിക്കുന്നു…
സ്നേഹത്തോടെ ധന്യ….)

നല്ല‍ പാതി : ഭാഗം 1

നല്ല‍ പാതി : ഭാഗം 2

നല്ല‍ പാതി : ഭാഗം 3

നല്ല‍ പാതി : ഭാഗം 4

നല്ല‍ പാതി : ഭാഗം 5