Saturday, October 5, 2024
Novel

നല്ല‍ പാതി : ഭാഗം 15

നോവൽ

*******
എഴുത്തുകാരി: ധന്യ സുജിത്ത്‌

“ഡോ…
ഇനി കണ്ണുതുറക്കാം… സ്ഥലമെത്തിട്ടോ..”

സഞ്ജയ് പറഞ്ഞത് കേട്ടാണ് നന്ദു എണീറ്റത്..

“എങ്ങനെ സാധിക്കുന്നെടോ തനിക്ക് ഇത്രനേരം കണ്ണടച്ച് ഇരിക്കാൻ…?? സംസാരിക്കാൻ ഞാൻ നിർബന്ധിക്കുമെന്നു കരുതീട്ടാണോ..??
തനിയ്ക്ക് ഫ്രീയായി സംസാരിക്കാൻ പറ്റുമെന്ന് തോന്നുമ്പോൾ സംസാരിച്ചാ മതി..”

“അതുകൊണ്ടല്ല.. സത്യമായും ഞാൻ മയങ്ങിപ്പോയതാ..”

“ശരി..ശരി.. സമ്മതിച്ചു..താനിറങ്ങ്..”

നന്ദു ചുറ്റും കണ്ണോടിച്ചു… പിന്നെ സഞ്ജുവിനെ നോക്കി…

“എന്താ ഇവിടെ.. എന്നല്ലേ.. ചോദ്യം.. മനസ്സിലായി..
പറയാം.. താൻ വായോ..”

‘ഒരിക്കലും തിരിച്ചു വരാതിരിക്കാൻ വേണ്ടി യാത്ര പറഞ്ഞു ഇറങ്ങിയ സ്ഥലത്തേക്ക്.. വീണ്ടും തിരികെ..’
ആനന്ദ് ഭവനിലേക്കുള്ള ഗേറ്റ് തുറന്നു നന്ദു അവിടെ തന്നെ നിന്നു..

“താനെന്താ അവിടെ തന്നെ നിൽക്കണത്…കേറി വാടോ…”

സഞ്ജുവിന്റെ ഒപ്പം നടന്നു ചെല്ലുമ്പോൾ പിള്ളേരെല്ലാം ഊഞ്ഞാലാട്ടം…കളികൾ.. എന്നീ തിരക്കുകളിലായിരുന്നു..

സഞ്ജുവിനെ കണ്ടതും കുട്ടികളെല്ലാം സഞ്ജുവിന്റെ അടുത്തേക്ക് ഓടി വന്നു… സഞ്ജുവിന്റെ കൂടെ നന്ദുവിനെ കണ്ടപ്പോൾ കുട്ടികളുടെ മുഖത്ത് സന്തോഷവും അദ്ഭുതവും..

മൂന്നു വർഷം കൊണ്ട് അവരെല്ലാം ഒരുപാട് വലുതായിരിയ്ക്കുന്നു..
സുഖാണോ ചേച്ചി..ഞങ്ങളെ മറന്നോ..എന്നുള്ള അവരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുന്നതിനിടയിൽ ഒരാളുടെ ചോദ്യം..

“അപ്പോ നന്ദു ചേച്ചിനെ കൊണ്ടുവരാന്ന് പറഞ്ഞത് സത്യമായിരുന്നുല്ലേ..??
ഞങ്ങൾ കരുതി സഞ്ജുവേട്ടൻ ഞങ്ങളെ പറ്റിക്കുന്നതാന്ന്…”

“ഉം.. ചേട്ടൻ പറഞ്ഞാ പറഞ്ഞതാണ് മനസ്സിലായോ..??”

നന്ദു അതെല്ലാം അത്ഭുതത്തോടെയാണ് നോക്കിനിന്നത്..

“ഇതെങ്ങനെ.. ഇവർക്ക് എന്നെ ഇത്രയും പരിചയം..??
എന്നല്ലേ അടുത്ത ചോദ്യം…”

“ഉത്തരം ഞാൻ പറഞ്ഞാ മതിയോ.. സഞ്ജൂ..”

ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയപ്പോൾ മാഷും ടീച്ചറും…
മാഷാണ് ചോദിച്ചത്..

“ആരും പറഞ്ഞാലും തർക്കമില്ല..”
സഞ്ജു ചിരിച്ചുകൊണ്ട് പറഞ്ഞു.

“സുഖമാണോ എന്റെ കുട്ടിയ്ക്ക്..??”

ടീച്ചറുടെ വാത്സല്യം നിറഞ്ഞ ചോദ്യം കേട്ടതും നന്ദുവിന്റെ കണ്ണൊക്കെ നിറഞ്ഞു.

“സുഖമാണല്ലോ..
ടീച്ചറമ്മയ്ക്കും മാഷിനും സുഖമല്ലേ..??”
സങ്കടം പുറമേ കാണിക്കാതെ നന്ദു ചോദിച്ചു.

“അതൊക്കെ പറയാം..
വായോ രണ്ടാളും.. അകത്തേക്കിരിയ്ക്കാം..”

പൂമുഖത്ത് തിണ്ണയിൽ ഇരിയ്ക്കുമ്പോഴും നന്ദുവിന്റെ മുഖത്ത് സംശയമായിരുന്നു..
അതു കണ്ടതും മാഷു തന്നെയാണ് സംസാരിച്ചു തുടങ്ങിയത്..

“എന്താ നന്ദു മോൾക്ക് അറിയേണ്ടത്..??
സഞ്ജു എങ്ങനെ ഇവിടെ..എന്നാണോ…??”

സഞ്ജുവും ആനന്ദ് ഭവനും തമ്മിൽ കുറേയേറെ കാലമായുള്ള ബന്ധമാണ്. കൃത്യമായി പറഞ്ഞാൽ സഞ്ജു ഇവിടെ പാലക്കാട് പഠിക്കുന്ന കാലം മുതലേ… പാസ് ഔട്ട് ആകുന്നതിന്നു മുന്നേ ആണെന്ന് തോന്നുന്നു..

അന്നൊരിക്കൽ ദർശന ചാരിറ്റബിൾ ട്രസ്റ്റിന്റെ ഭാഗമായി എന്തോ പിരിവിനോ മറ്റോ വന്നതാണ്.. എന്നാണെന്റെ ഓർമ്മ..

ഇവിടുത്തെ കുട്ടികളുടെ എണ്ണവും അവരുടെ പ്രശ്നങ്ങളും എല്ലാം അറിഞ്ഞപ്പോൾ ഇവർക്കു വേണ്ടിയും അവർ പ്രവർത്തിച്ചു തുടങ്ങി.. അങ്ങനെ തുടങ്ങിയ പരിചയമാണ്..

“പക്ഷേ…
ഒരിക്കൽ പോലും ഞങ്ങൾ..??”

“കാർത്തി പോലും..
പറയുന്നത് കേട്ടിട്ടില്ലല്ലോ…എന്നല്ലേ..
പറയാൻ മാത്രം..
അവനും ഒന്നുമറിയില്ല..”

ചോദ്യവും ഉത്തരവും സഞ്ജു തന്നെയാണ് പറയുന്നത്..

“നിങ്ങൾ വരുമ്പോഴൊക്കെ സഞ്ജയ് മിക്കവാറും ഒഴിവുകഴിവ് പറഞ്ഞു കൂട്ടുകാരെ ഏൽപ്പിച്ചു രക്ഷപെടാറാണ് പതിവ്.

പിന്നെ കാർത്തി വരാതായതിൽ പിന്നെയാണ്.. സഞ്ജു വന്നു തുടങ്ങിയത്..വന്നാലും പരമാവധി നിങ്ങളിൽ നിന്ന് മാറിനിൽക്കാൻ ശ്രമിക്കും.. അപ്പോഴും ഞങ്ങൾക്ക് അറിയില്ല..
കാർത്തിയും സഞ്ജുവും സഹോദരൻമാരാണെന്ന്…

പിന്നീട് എപ്പോഴോ ടീച്ചർ നിങ്ങളെ പരിചയപ്പെടുന്ന കാര്യം പറഞ്ഞപ്പോഴാണ് സഞ്ജു പറയുന്നത് കാർത്തി അനിയനാണെന്നും അവനെ അറിയിയ്ക്കണ്ടയെന്നും…”

“എന്നാലും.. അന്ന്..??”

“അന്നൊരിക്കൽ നന്ദുവിനെയും കൊണ്ട് വന്നപ്പോളും ഞങ്ങൾ തമ്മിൽ പരിചയഭാവം കാണിച്ചില്ല..അതല്ലേ തന്റെ അടുത്ത സംശയം.. അതു ഞാൻ പറഞ്ഞിട്ടാണ്..”

“അങ്ങനെ എല്ലാ ചോദ്യവും ഉത്തരവും താൻ തന്നെ പറഞ്ഞാലെങ്ങനാ സഞ്ജൂ…??
നന്ദു അതു തന്നെയാണോ ചോദിക്കാൻ വന്നതെന്ന് ചോദിക്കട്ടെ ആദ്യം..”

ടീച്ചറുടെ ചോദ്യം കേട്ട് സഞ്ജുവും മാഷും ചിരിച്ചു.

താൻ മനസ്സിൽ വിചാരിക്കുന്നത് ഒക്കെ തന്നെ ഈ മനുഷ്യൻ ചോദിക്കുന്നു ഉണ്ടല്ലോ എന്ന് ചിന്തിച്ച് ഇരിക്കുകയായിരുന്നു നന്ദു അപ്പോൾ…

“ആണോ മോളെ…
ഇതാണോ മോള് ചോദിയ്ക്കാൻ വന്നത്…”
ടീച്ചർ നന്ദു വിനോട് ആയി ചോദിച്ചു…

“ഉം..ഇതും തന്നെയാണ്..”

നന്ദുവിന്റെ ഉത്തരം കേട്ടതും ‘ഇപ്പോ എങ്ങനെയുണ്ട്’ എന്ന ഭാവത്തിൽ ടീച്ചറെയും മാഷെയും നോക്കി സഞ്ജു ചിരിച്ചു..

“താൻ ആള് കൊള്ളാലോ സഞ്ജയ്.. തനിക്ക് മറ്റുള്ളവരുടെ മനസ്സ് വായിക്കാനുള്ള കഴിവുണ്ടെന്ന് തോന്നുന്നു…”
മാഷ് ചിരിയോടെ ചോദിക്കുക യാണ്..

“ഏയ്..
എല്ലാവരുടെയും ഇല്ല മാഷേ…
ചിലരുടെ മനസ്സ് വായിക്കാൻ ശ്രമിക്കുകയാണ്…
വിജയിയ്ക്കോന്നറിഞ്ഞൂടാ..”

നന്ദുവിന്റെ മുഖത്ത് നോക്കിയാണ് സഞ്ജയ് അതു പറഞ്ഞത്…
അവന്റെ നോട്ടം തന്നിലേക്ക് ആണെന്നു മനസ്സിലാക്കിയതും നന്ദു അവനും മുഖം കൊടുക്കാതെ പുറത്തേക്ക് ഇറങ്ങി.. സഞ്ജു മാഷിനെ നോക്കി ഒന്ന് കണ്ണടച്ചു ചിരിച്ചു.

അവനറിയാമായിരുന്നു.. അവളുടെ പോക്ക് എങ്ങോട്ടാണെന്ന്…

കുറച്ച് നേരം മാഷോട് സംസാരിച്ചു അവനും പതിയെ മുറ്റത്തോട്ടിറങ്ങി.

അഭിയുടെ അസ്ഥിത്തറ നോക്കി കണ്ണടച്ചു നിൽക്കുകയാണ് നന്ദു.. മനസ്സിൽ ഒരുപാട് സംസാരിച്ചു കൊണ്ട്.. ഇതുവരെയുള്ള വിശേഷങ്ങളും..സങ്കടങ്ങളും എല്ലാം..കണ്ണു നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു..

“അഭിയുടെ തീരുമാനത്തിനു വിട്ടോ എല്ലാം…??”

ചോദ്യം കേട്ട് കണ്ണു തുറന്നപ്പോൾ കണ്ടത് തൊട്ടടുത്ത് നിൽക്കുന്ന സഞ്ജുവിനെ..
ചോദ്യം കേട്ടതും കണ്ണു തുടച്ച് നന്ദു വിശ്വാസം വരാത്തത് പോലെ സഞ്ജുവിനെ നോക്കി..
ഇനി ഈ മനുഷ്യന് ശരിയ്ക്കും മനസ്സു വായിക്കാനുള്ള കഴിവുണ്ടോ..

കണ്ണീരിനിടയിലും നന്ദുവിന്റെ മുഖത്തെ പുഞ്ചിരിയിൽ ഉണ്ടായിരുന്നു അവന്റെ ചോദ്യത്തിനുള്ള ഉത്തരം..

“പോകണ്ടേ…?? വൈകിയാൽ ഹോസ്റ്റലിൽ പ്രശ്നമാകും..”

“എവിടെ പോണൂ…??
ആരും ഒരിടത്തും പോകുന്നില്ല…
സഞ്ജു പോയി ആ ബാഗെല്ലാം എടുത്തു വരൂ..”

നന്ദുവിന്റെ ചോദ്യത്തിന് അകത്തു നിന്ന് ചായയുമായി വരുന്ന ടീച്ചറാണ് മറുപടി പറഞ്ഞത്..

“ജോലി സംബന്ധമായി പാലക്കാട് വരുമ്പോഴെല്ലാം സഞ്ജു ഇവിടെയാ താമസം…
മോളോടു പരീക്ഷയ്ക്ക് ഇവിടുന്ന് പോകാമെന്ന് പറഞ്ഞിട്ട് കേട്ടില്ലാന്ന് കുട്ടികൾ പറഞ്ഞപ്പോൾ സഞ്ജുവാ പറഞ്ഞത് അവൻ കൊണ്ടു വരാമെന്ന്…

ഈ ഒരു മാസം മോളിവിടെ നിൽക്ക്.. ഒറ്റയ്ക്ക് നിൽക്കുന്നതിനേക്കാളും നല്ലതല്ലേ..”

“അത്..ടീച്ചറമ്മേ..”

“പപ്പയ്ക്കും അമ്മയ്ക്കും ഒക്കെ അറിയാം… ഞാനവരോട് പറഞ്ഞിട്ടാ കൊണ്ട് വന്നത്…”

ബാഗെല്ലാം എടുത്തു തോളിൽ തൂക്കി വരുന്നതിനിടെ സഞ്ജയ് പറഞ്ഞു..

“ഇനിയിപ്പോ ആ സംശയവും തീർന്നല്ലോ…
മോളു വന്നു കുളിച്ചു ഫ്രഷാവ്..

അടുത്ത ആഴ്ചയല്ലേ പരീക്ഷ തുടങ്ങൂ…
ഇന്ന് റെസ്റ്റ് എടുക്ക്..നാളെ മുതൽ കൃത്യമായി പഠനം തുടങ്ങാം..” ടീച്ചർ പറഞ്ഞു..

“ചെല്ലെടോ…”

ബാഗ് നന്ദുവിനു നേരെ നീട്ടിക്കൊണ്ട് സഞ്ജയ് പറഞ്ഞു..

നന്ദു എതിർപ്പൊന്നും പറയാതെ ബാഗെടുത്തു ടീച്ചറോടൊപ്പം ചെന്നു.. സഞ്ജു അവന്റെ മുറിയിലേക്കും..

മുറിയിൽ ചെന്നപാടെ നന്ദു വീട്ടിലേയ്ക്ക് വിളിച്ചത്.. ആനന്ദ് ഭവനിൽ ആണെന്ന് പറഞ്ഞപ്പോൾ പപ്പയും അമ്മയും കൂടെ അറിഞ്ഞു കൊണ്ടാണ് സഞ്ജൂ ഇങ്ങോട്ട് വന്നതെന്ന്..

അടുത്തത് അവനെ വിളിച്ച് നല്ലത് പറയണം… കാർത്തിയെ

“ഡാ..നിന്നെ ഇപ്പോ എൻറെ കയ്യിൽ കിട്ടിയാലുണ്ടല്ലോ…”

“എന്താടി പോത്തെ.. നിനക്കെന്നെ അരച്ച് കലക്കി കുടിക്കാനുള്ള ദേഷ്യം ഉണ്ടെന്ന് തോന്നുന്നല്ലോ.. എന്നാ പറ്റി..??”

“നീയും കൂടി അറഞ്ഞിട്ടാണോ ഇങ്ങോട്ടേക്ക് കൊണ്ടുവന്നതെന്നെ..??”

“എങ്ങോട്ടേക്ക്..?? നീ ഇപ്പൊ എവിടെയാ..??”

“നിന്റെ ഭാര്യ വീട്ടില്..അല്ല പിന്നെ..”

“പറയെടീ.. എവിടെ ആണെന്ന്..??”

“ആനന്ദ് ഭവനിൽ..”

“ഏ.. എവിടെ..??”

നീയെന്താ പൊട്ടനാണോ..
പറഞ്ഞത് കേട്ടില്ലേ… ആനന്ദ് ഭവനിൽ ന്ന്..”

“ഏട്ടൻ നിന്നെ അവിടെ വിട്ടിട്ടാണോ പോയത്..”

“എവിടെ എന്ന് പോകാൻ..ദാ..പുറത്തിരുന്നു പിള്ളേരുടെ കൂടെ കളിക്കുന്നു..
ആ നിന്റെ ചേട്ടനിവിടെ ഓൾ ഇൻ ഓൾ ആണല്ലോ..”

“എന്ത്..ഒന്നും മനസിലായില്ല..
നീ കാര്യം വിശദമായി പറ നന്ദൂ…”

കാര്യങ്ങൾ വിശദമായി പറഞ്ഞപ്പോൾ സഞ്ജുവും ആനന്ദ് ഭവനും തമ്മിലുള്ള കണക്ഷനൊക്കെ അവനറിയാം.. ഇത്രയും അടുത്ത ബന്ധം ഉണ്ടെന്നൊന്നും അവനും അറിഞ്ഞൂടാ..

“ഡാ.. തെണ്ടീ..
അപ്പോ ഇത് നീയും കൂടി അറിഞ്ഞുകൊണ്ടുള്ള പ്ലാൻ ആയിരുന്നു അല്ലേ…
ശരിയാക്കി തരാം ഞാൻ..”

“അയ്യോ..സത്യമായിട്ടും അത് മാത്രം എനിക്കറിയാം.. പക്ഷേ ഇന്നു നിന്നെ കൊണ്ടു അങ്ങോട്ടേക്കാണ് പോകണതെന്നോ…ഏട്ടനും അവിടെ ഉണ്ട് ഒരു മാസം എന്നൊന്നും എനിക്കറിയില്ലായിരുന്നു…”

എല്ലാം കേട്ടിട്ട് കിളി പോയ അവസ്ഥയിൽ നിൽക്കുകയായിരുന്നു കാർത്തി..

“എന്നാലും ആ മനുഷ്യൻ ഇതിനു വേണ്ടിയാണല്ലേ എന്നെ ഒഴിവാക്കിയത്… ശരിയാക്കി കൊടുക്കാം…എന്തൊക്കെ ആയിരുന്നു..ഒലിപ്പിയ്ക്കൽ…

നീ വച്ചേ…ഞാനങ്ങേരെ വിളിച്ചു നാലു വർത്തമാനം പറയട്ടെ..അല്ല പിന്നെ..”

“വേണ്ട വേണ്ടാ..നീയിപ്പോ വിളിച്ചാൽ ..ഞാൻ വിളിച്ചു പറഞ്ഞൂന്ന് മനസ്സിലാകില്ലേ…
പിന്നെ വിളിച്ചാൽ മതി.. ഒന്നും അറിയാത്ത പോലെ..
ഓ.ക്കേ..ഡാ..ഞാൻ പിന്നെ വിളിക്കാം.. ”

രാത്രി ഭക്ഷണം കഴിക്കാൻ ടീച്ചർ വന്നു വിളിച്ചപ്പോഴാണ് നന്ദു ചിന്തയിൽ നിന്നുണർന്നത്..

“ഇപ്പോഴേ ഉറങ്ങിയാൽ രാത്രി ഉറങ്ങണ്ടേ കുട്ടീ നിനക്ക്… എണീറ്റു വരൂ ഭക്ഷണം കഴിക്കാം…”

“ഏയ്..ഉറങ്ങിയതല്ല ടീച്ചറെ.. വെറുതെ ഓരോന്ന് ആലോചിച്ചു ഇരുന്നതാ..”

ടീച്ചറോടൊപ്പം ചെല്ലുമ്പോൾ
ഊണുമേശയ്ക്കരുകിൽ മാഷ് മാത്രമേയുള്ളൂ.. സഞ്ജുവിനെ കാണാതെ ചുറ്റും നോക്കുകയായിരുന്നു നന്ദു..

“ആരെയാ മോള് തിരയുന്നേ..?? സഞ്ജൂനെയാണോ..??
അവൻ പിള്ളേരുടെ കൂടെ കഴിക്കാൻ പോയി..
ഇവിടെ വന്നാലതാ പതിവ്…
ഇപ്പോ കുറേ നാളായി ഇവിടെ വന്നിട്ട്.. ഇനിയിപ്പോഴൊന്നും നോക്കണ്ടാ.. മോളിരിക്ക്..”

അവരോടൊപ്പം കാലങ്ങൾക്ക് ശേഷം ഒരുമിച്ച് ഇരുന്ന് ഭക്ഷണം കഴിക്കുമ്പോൾ നന്ദുവിന്റെ മനസ്സിലേക്ക് പഴയകാര്യങ്ങൾ ഓരോന്നായി ഓടിയെത്തി..

അവളുടെ കണ്ണുകൾ നിറഞ്ഞത് കണ്ടതു കൊണ്ടാകണം.. അവരൊന്നും പറഞ്ഞില്ല… ഭക്ഷണം കഴിഞ്ഞ് എണീക്കാൻ തുടങ്ങുമ്പോഴാണ് മാഷ് വിളിച്ചത്..

“മോളേ..നന്ദൂ..
ഇവിടേയ്ക്ക് വരാൻ പറഞ്ഞത് പഴയതൊന്നും ഓർമ്മപ്പെടുത്താനല്ല.. മോളെ ഒറ്റയ്ക്ക് അവിടെ നിർത്താൻ തോന്നിയില്ല…അതാ..
നന്നായി പരീക്ഷയെഴുതണം…
മോളെപ്പോഴും സന്തോഷത്തോടെ ഇരിക്കണം…അതാ ഞങ്ങൾക്ക് ഇഷ്ടം..അവനും..

പിന്നെ.. ഞങ്ങൾക്കിപ്പോ..
അഭിയെപ്പോലെ തന്നെയാണ് സഞ്ജുവും.. ഞങ്ങൾക്ക് മാത്രമല്ല… കുട്ടികൾക്കും.. എന്തിന് സ്റ്റാഫിനു പോലും..

മറ്റുള്ളവർക്ക് വേണ്ടി സ്വന്തം ഇഷ്ടങ്ങൾ മാറ്റിവയ്ക്കുന്ന വളരെ കുറച്ചുപേരേ ഉണ്ടാകൂ.. അങ്ങനെ ഒരാളാണ് ആണ് സഞ്ജുവും..

മോളൊന്നു ആലോചിക്കൂട്ടോ…
പതിയെ മതി..”

വീട്ടിലെയും കാർത്തിയുടെയും വിശേഷങ്ങൾ ചോദിച്ചറിയുന്നതിന്റെ ഇടയ്ക്കാണ് പെട്ടെന്ന് നന്ദു ചോദിച്ചത്…

“ടീച്ചറേ.. ഗായത്രിയെ എവിടെ…?? ബാക്കി എല്ലാവരെയും കണ്ടു…അവളെ മാത്രം കണ്ടില്ലല്ലോ..”

“ഗായത്രി ഇവിടെ ഇല്ല മോളേ… ബാംഗ്ലൂരാ ഗായത്രി പഠിക്കണത്…”

“അവൾക്ക് ഇപ്പോ ഹെൽത്ത് ഇഷ്യൂസൊന്നും ഇല്ലല്ലോ…??”

“ഇല്ല… അന്നത്തെ സ..”

“ടീച്ചറേ.. കുറച്ച് വെള്ളം തരൂ..”

പെട്ടെന്നുള്ള മാഷിന്റെ വിളി കേട്ടതും..പറയാനായി വന്നത് ടീച്ചർ മനഃപൂർവം ഒഴിവാക്കിയത് പോലെ തോന്നി നന്ദുവിന്….

“എന്താ മാഷേ.. കാര്യം..??”

“ഏയ്.. ഒന്നുമില്ല മോളേ.. അന്നത്തെ പോലെ പിന്നെ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല അവൾക്ക്..
അതു പറഞ്ഞതാ..”

ഉം.. മറുപടിയായി ഒന്നു മൂളുക മാത്രം ചെയ്തു നന്ദു..

അവരോട് യാത്ര പറഞ്ഞു കിടക്കാനായി പോകുമ്പോഴാണ് മുറ്റത്തെ മാവിൻ ചുവട്ടിൽ സഞ്ജു ആരോടോ ഫോണിൽ സംസാരിച്ചു കൊണ്ട് ഇരിക്കുന്നു..

കാണാത്ത മട്ടിൽ പോകാൻ തുടങ്ങുമ്പോഴാണ് പിന്നിൽ നിന്ന് വിളി വന്നത്..

“നന്ദൂ..
താൻ കണ്ടിട്ടും കാണാത്ത മട്ടിൽ പോകാണല്ലോ…”

“ഏയ്..സത്യമായും ഞാൻ കണ്ടില്ല… എന്താ വിളിച്ചത്..??”

“തന്നെ പറ്റിച്ചു ഇങ്ങോട്ടേയ്ക്ക് കൊണ്ടുവന്നു എന്ന് തോന്നുന്നുണ്ടോ..??”

“അങ്ങനെ തന്നെയാണ് കൊണ്ടു വന്നത്..എന്താ അങ്ങിനെ അല്ലേ…??”

“സോറി ഡോ..തന്നെ തനിച്ച് ഹോസ്റ്റലിൽ വിടാൻ ഒരു പ്രയാസം..ഇവിടാകുമ്പോ എപ്പോഴും ടീച്ചറും മാഷും ഉണ്ടല്ലോ… തനിക്ക് ഇവിടെ വരാൻ ഒരുപാട് ഇഷ്ടമാണെന്നറിയാം എനിയ്ക്ക്..താനത് മനഃപൂർവം വേണ്ടാന്ന് വെയ്ക്കണ്ട ആവശ്യമൊന്നുമില്ല.. കേട്ടല്ലോ..??

പിന്നെ എനിക്ക് ആനന്ദ് ഭവനുമായുള്ള ബന്ധം അത് കാർത്തി തന്നെ അറിഞ്ഞത് ഈയടുത്താണ്..
അതുകൊണ്ട് അവനെ നിർത്തി പൊരിച്ചിട്ട് ഒരു കാര്യവുമില്ല…”

സഞ്ജു ചിരിയോടെ പറഞ്ഞത് കേട്ടപ്പോൾ വിളിച്ചത് കാർത്തി തന്നെയാണെന്ന് നന്ദുവിന് മനസ്സിലായി..

“പിന്നെ അഭി..
അഭിയെ നേരിട്ട് പരിചയമൊന്നും ഇല്ലായിരുന്നു..ഫോണിലൂടെ സംസാരിച്ചിട്ടുണ്ട് ഒന്നുരണ്ടു തവണ.. സ്പോൺസർഷിപ്പുമായി ബന്ധപ്പെട്ട്..അത്രേയുള്ളൂ…

പരിചയപ്പെടാൻ അവസരങ്ങൾ ഇല്ലാതെ അല്ല.. ഒരുപാട് ഉണ്ടായിരുന്നു.. എല്ലാം ഞാൻ തന്നെ മനഃപൂർവം ഒഴിവാക്കിയതാണ്.. കാരണം ഞാനിനി പറയേണ്ടല്ലോ…

താനന്നു തന്റെ ഡയറി തന്ന പ്പോൾ ഞാൻ പറഞ്ഞത് ഓർക്കുന്നോ..
“താനറിയാതെ തന്റെ കൂടെ ഞാനും ഉണ്ടായിരുന്നു..

പലപ്പോഴും..മനപൂര്വ്വമല്ല… യാദൃച്ഛികമായി..
സോ..അറിയണമെന്ന് യാതൊരു നിര്ബന്ധവുമില്ല..” എന്ന്… ഇതാണ് കാരണം…

വേറൊന്നുമില്ല..താൻ കിടന്നോ…നാളെ കാണാം…
ഗുഡ് നൈറ്റ്..”

“ഗുഡ് നൈറ്റ്..”
പറഞ്ഞു തിരിഞ്ഞു നടന്ന് പെട്ടെന്ന് നന്ദു എന്തോ പറയാൻ വന്നത് പോലെ തോന്നി സഞ്ജുവിന്..

“എന്താടോ..??”

“ഉം.. താങ്ക്യൂ സോ മച്ച്..”

“എന്തിന്..??”

“ഇവിടേയ്ക്ക് കൊണ്ട് വന്നതിനു…”

“അപ്പോ.. ദേഷ്യമൊന്നുമില്ലല്ലേ..
സന്തോഷം..”

നന്ദു റൂമിൽ കയറി വാതിലടയ്ക്കുന്ന വരെ.. സഞ്ജു നന്ദു പോകുന്നതും നോക്കി നിൽക്കുകയായിരുന്നു..
പ്രതീക്ഷ നിറഞ്ഞ പുഞ്ചിരിയോടെ..

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

ആനന്ദ് ഭവനിൽ നന്ദു വളരെ സന്തോഷത്തിലായിരുന്നു.. തെളിഞ്ഞ ആകാശത്ത് കാർമേഘങ്ങൾ വരുന്ന പോലെ ഇടയ്ക്കിടെ ആകെ വിഷമിച്ചിരിക്കുമെങ്കിലും.. ടീച്ചറും മാഷും കുട്ടികളും ഉള്ളതിനാൽ അവർ മിക്കവാറും എൻഗേജ്ഡ് ആക്കും..

കാർത്തി മുടക്കം കൂടാതെ വിളിയ്ക്കുമ്പോഴാണ് അവൾ പഴയ നന്ദുവായി മാറുന്നത്.. അവനോട് വഴക്കിട്ടും പരിഭവിച്ചും… ഒരേസമയം സുഹൃത്തുക്കളും സഹോദരങ്ങളും ..
സഞ്ജു മിക്കവാറും ജോലി തിരക്കുകൾക്കിടയിൽ ആയിരിക്കും..

പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിലായതിനാൽ നന്ദുവിനെ അധികം ശല്യപ്പെടുത്താൻ പോകാറില്ല..
നന്ദുവിനും അതൊരു ആശ്വാസമായിരുന്നു..

പരീക്ഷ തുടങ്ങുന്നതിന് രണ്ടു ദിവസം ദിവസം മുൻപാണ് നന്ദു സഞ്ജയ് യോട് ആദ്യമായി ഒരു കാര്യം ആവശ്യപ്പെട്ടത്..

“സഞ്ജു..എനിക്കൊരു കാര്യം പറയാനുണ്ടായിരുന്നു.. ”

“എന്താടോ.. താൻ പറ..”

“ഈ സാറ്റർഡേ ഫ്രീയാണോ..ആണെങ്കിൽ എന്നെ നമ്മുടെ കോളേജ് വരെ ഒന്ന് കൊണ്ടുപോകാമോ..”

“അത്രയേ ഉള്ളോ.. അതിനെന്താ പോകാമല്ലോ ആദ്യമായിട്ട് താൻ ഒരു കാര്യം എന്നോട് ഇങ്ങോട്ട് ആവശ്യപ്പെട്ടിട്ട് ഞാൻ അത് സാധിച്ചു തരാതിരിയ്ക്കോ..
താൻ റെഡിയായി നിന്നോ…”

അവളോടൊപ്പം കോളേജിലേക്കുള്ള വഴികളിലൂടെ സഞ്ചരിക്കുമ്പോൾ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു സമ്മാനം കയ്യിൽ കിട്ടിയ കുട്ടിയുടെ സന്തോഷമായിരുന്നു സഞ്ജുവിന്..
അവന്റെ മുഖത്തും അത് പ്രകടമായിരുന്നു..

“എന്തിനാടോ പെട്ടെന്ന് കോളേജിലേക്ക് ഒരു പോക്ക്.. പരീക്ഷയ്ക്ക് എന്തായാലും പോകുന്നതല്ലേ..??”

“വെറുതെ..”

“ഉം.. മനസ്സിലായി.. പെട്ടെന്നൊരു ദിവസം കോളേജിലോട്ട് കയറിച്ചെന്നാൽ തന്റെ മനസ്സിന് പ്രയാസമുണ്ടാകും.. അതല്ലേ കാരണം..”

ഉം.. നന്ദു മറുപടിയായി ഒന്നു മൂളി..

കോളേജിലേയ്ക്കുള്ള യാത്രയിൽ മുഴുവനും അവൾ പുറത്തെ കാഴ്ചകൾ കണ്ട് ഇരിക്കുകയായിരുന്നു.. ആദ്യമായി കോളേജിൽ വന്ന അതേ അതിശയത്തോടെ..
കോളേജ് എത്തിയപ്പോൾ സഞ്ജു പറഞ്ഞു..

“നന്ദു..തനിയെ പോയൊന്നു നടന്നു വാ…ഞാനിവിടെ ഇരിക്കാം..
ഈ നീളൻ വരാന്തയോടും… ക്ലാസ്സ് റൂമുകളോടും..ആൽമരത്തിനോടും..
എല്ലാറ്റിനോടും തനിക്ക് സംസാരിക്കാനുണ്ടാകില്ലേ…

ഞാനൊപ്പമുണ്ടായാൽ തനിയ്ക്ക് അതൊരു ബുദ്ധിമുട്ടാകും..
പോയി വാ…”

നന്ദു ആ ഗ്രില്ലിട്ട നീളൻ വരാന്തയിലേക്ക് നടന്നു കയറുമ്പോൾ… കൂടെ ഒരു കൂട്ടം ഓർമ്മകളും ഉണ്ടായിരുന്നു…

തോളോട് തോൾ ചേർന്ന് നടക്കുന്ന സുഹൃത്തുക്കൾ.. കൂട്ടം കൂടി നിന്ന് കത്തി വെക്കുന്ന… അടിപിടി കൂടുന്ന… പ്രണയം പങ്കുവയ്ക്കുന്ന ഒരുപാടുപേർ…

ക്ലാസ്സ് റൂമിനോടും.. ഗോവണിപ്പടികളോടും.. എല്ലാം സംസാരിച്ചു ഒരുപാട്..
ആൽത്തറയിൽ ഇരിക്കുമ്പോൾ…

ചുറ്റും ഒരുപാട് പേർ ഉള്ളതുപോലെ…
വല്ലാത്തൊരു പോസിറ്റീവ് എനർജിയാണ് ആണ് ഇതിൻറെ ചുവട്ടിൽ ഇരിക്കുമ്പോൾ…

ഈ ആൽമരം കാണാത്ത ഒരൊറ്റ പ്രണയവും സൗഹൃദവും ഈ കോളേജില്ല..ഈ കോളേജിനെ പറ്റി പറയാൻ ഏറ്റവും കൂടുതൽ കഴിയുക ഇതിനു തന്നെയായിരിക്കും…

കോളേജിൽ ചേർന്ന നാൾ മുതലുള്ള കാര്യങ്ങൾ ഓരോന്നോരോന്നായി അവൾ ഓർത്തു…
കോളേജിലെ ആദ്യദിനം.. പരസ്പരമുള്ള പരിചയപ്പെടുത്തലുകൾ..

ഹൃദയം ഏറ്റുവാങ്ങിയ ചില സൗഹൃദങ്ങൾ… ബാക്ക് ബെഞ്ചിൽ ഇരുന്നു കൂട്ടുകാർക്കായി വിളിച്ച പ്രോക്സികൾ.. മടിപിടിച്ച് ഉറക്കം തൂങ്ങിയിരുന്ന ക്ലാസുകൾ… വേഗം അവസാനിപ്പിച്ച് ക്യാൻറ്റീനിലേക്ക് ഓടാൻ നിൽക്കുന്ന പ്രാക്ടിക്കൽ ക്ലാസുകൾ..

പരീക്ഷയുടെ ചൂട് അറിയുമ്പോൾ മാത്രം എടുത്തു കൂട്ടുന്ന ഫോട്ടോ സ്റ്റാറ്റുകൾ.. ആഘോഷിച്ചു തിമിർത്ത പരിപാടികൾ…
അഭിയെ ആദ്യമായി കണ്ടത്..

താനും അഭിയും ആദ്യമായി പ്രണയം പറഞ്ഞത്… വെറുതെ പിണങ്ങിയത്… വഴക്കിട്ടത്… എല്ലാം ഒന്നിനു പിന്നാലെ ഒന്നായി.. അവളുടെ ഓർമയിൽ വന്നു കൊണ്ടേയിരുന്നു…

അതോടൊപ്പം എല്ലാത്തിനും കാരണമായ ആ നശിച്ച ദിവസങ്ങളും അവൾ ഓർത്തു.. പ്രിൻസിപ്പാളിന്റെ മുറിയുടെ മുന്നിലെ സമരവും ഓഡിറ്റോറിയവും മാപ്പുപറച്ചിലും എല്ലാം..

“നന്ദൂ..”
എന്നുള്ള വിളി കേട്ടാണ് തിരിഞ്ഞു നോക്കിയത്…

സാരിയൊക്കെ ഉടുത്ത് കൈയിൽ ഒരു ഫോണും പിടിച്ച് കണ്ണടയൊക്കെ വച്ച് ഒരു പെൺകുട്ടി..

“നന്ദൂ..നിനക്ക് എന്നെ മനസ്സിലായില്ലേ..??”

ശബ്ദം തിരിച്ചറിഞ്ഞതും നന്ദു ഓടിപ്പോയവളെ കെട്ടിപ്പിടിച്ചു… കണ്ണൊക്കെ നിറഞ്ഞ് ഒന്നും സംസാരിക്കാൻ പറ്റാതെ.. കുറെ നേരം അങ്ങനെ തന്നെ നിന്നു…

“നീയെന്താ പാറൂ ഇവിടെ..
എത്രനാളായെടീ മോളെ കണ്ടിട്ട്…”

സങ്കടം കൊണ്ടോ സന്തോഷം കൊണ്ടോ ശബ്ദം പുറത്തേക്ക് വരുന്നില്ല… പാറുവും കൂടെ കരയുകയാണ്.

“നിങ്ങളിങ്ങനെ കരയാൻ ആണോ ഇവിടെ വന്നത്…”
സഞ്ജുവിന്റെ ചോദ്യം കേട്ട് ഇരുവരും കണ്ണുതുടച്ചു.

“ഒരിക്കലും ഇങ്ങനെ ഒരു കൂടിക്കാഴ്ച ഞാൻ പ്രതീക്ഷിച്ചില്ല… താങ്ക്യൂ സഞ്ജുവേട്ടാ…”
പാറു പറയുന്നത് കേട്ട് അന്തംവിട്ടു നിൽക്കുകയാണ് നന്ദു..

“ഡീ.. നിനക്ക് വിശ്വാസം വരുന്നില്ലേ..
ഞാൻ ഇപ്പോ ഇവിടെയാണ് ആണ് വർക്കെയുന്നത്… ഇവിടുത്തെ പിള്ളേരെ ഒരു വഴിയ്ക്കാക്കാം എന്ന് വിചാരിച്ചു.. നിന്നെപ്പറ്റി ഞാൻ അറിയാറുണ്ട്.. വന്ന് കാണാൻ മനസ്സ് സമ്മതിക്കുന്നില്ല ആയിരുന്നു അതുകൊണ്ട് വരാഞ്ഞത്..

കാർത്തി വിളിച്ചു പറഞ്ഞിട്ടാ നീ പാലക്കാട് പരീക്ഷയ്ക്കായി വരുന്നെന്ന് ഞാനറിഞ്ഞത്.. അവന്റെ കയ്യിൽ നിന്ന് എന്റെ നമ്പർ വാങ്ങിയതും..

ഇന്നു വരുന്നു എന്ന് പറഞ്ഞു വിളിച്ചതും.. ഒക്കെ സഞ്ജു ചേട്ടനാണ്.. എന്നാലും കാണാൻ കഴിഞ്ഞല്ലോ നിന്നെ.. അത്രേം സന്തോഷം…”

കുറച്ചുനേരം പാറുവിനൊപ്പമിരുന്ന് സങ്കടങ്ങളും പരിഭവങ്ങളും സന്തോഷങ്ങളും എല്ലാം പറഞ്ഞു തിരികെ പോരുമ്പോൾ നന്ദുവിന്റെ മനസ്സ് ശാന്തമായിരുന്നു…

താങ്ക്യൂ സഞ്ജു.. താങ്ക്യൂ ഫോർ എവരിതിങ്…

മറുപടിയായി ഒന്ന് ചിരിക്കുക മാത്രമേ ചെയ്തുള്ളൂ സഞ്ജു…

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

മാഷോടൊപ്പമാണ് നന്ദു പരീക്ഷയ്ക്ക് പോകുന്നതു..മാഷിനും അത് സന്തോഷം നൽകുന്ന കാര്യമായിരുന്നു..

പരീക്ഷ കഴിയുന്നതു വരെയും സഞ്ജു ഒന്നും ചോദിച്ചില്ല…
പരീക്ഷ എല്ലാം അവസാനിച്ചു..

രണ്ടു ദിവസം കൂടി നിന്നതിനുശേഷം
വീട്ടിലെ പോകാമെന്ന് മാഷിന്റെ നിർബന്ധം കാരണം അവർ യാത്ര നീട്ടി.. അവർ രണ്ടുപേരും പോകുന്നതു പിള്ളേർക്ക് എല്ലാം വലിയ വിഷമമുണ്ടാക്കുന്ന കാര്യമായിരുന്നു..

കുട്ടികളുടെ കൂടെ രാത്രി ഭക്ഷണം കഴിച്ച് സംസാരിച്ചിരിക്കുമ്പോൾ ആണ് നന്ദു ചേച്ചിയെയും സഞ്ജു ചേട്ടനെയും മാഷ് വിളിക്കണൂ എന്ന് പറഞ്ഞത്..

താൻ നടന്നോ ഞാൻ വന്നോളാം എന്ന് സഞ്ജു പറഞ്ഞപ്പോൾ നന്ദു എണീറ്റു മാഷിന്റെ അടുത്തേക്ക് പോയി..

“ആ നന്ദു മോളേ….
തീരുമാനമെടുത്തു ഇല്ലയോ എന്നൊന്നും മാഷ് മോളോട് ചോദിക്കുന്നില്ല… എന്തായാലും ആ തീരുമാനം ഒരിക്കലും തെറ്റില്ല എന്ന് മാഷിന് ഉറപ്പുണ്ട്…

നമ്മൾ എടുക്കുന്ന ഓരോ തീരുമാനവും മറ്റുള്ളവരുടെ മനസ്സിനെ സന്തോഷം നൽകുമെങ്കിൽ അതല്ലേ ഏറ്റവും നല്ല തീരുമാനം…

തുടക്കത്തിൽ കുറച്ച് ബുദ്ധിമുട്ടാണ് വിഷമങ്ങൾ ഒക്കെ ഉണ്ടായെന്നു വരും…

കേട്ടിട്ടില്ലേ….
നട്ട ചെടിക്ക് രണ്ട് ദിവസത്തെ വാട്ടമുണ്ടാകും… പിന്നീടത് പുതിയ മണ്ണിനെ സ്നേഹിച്ചു തുടങ്ങും….

അതുപോലെ തന്നെയാണ് ഓരോ ആണിന്റെയും പെണ്ണിന്റെയും മനസ്സ്….
ഇതൊന്നും ഞാൻ പറഞ്ഞതല്ല കേട്ടോ… വിവരമുള്ളവർ എഴുതി വച്ചിട്ടുള്ളതാ….

ഞങ്ങളുടെ എല്ലാ പ്രാർത്ഥനകളും അനുഗ്രഹങ്ങളും നിങ്ങളുടെ കൂടെ എപ്പോഴും ഉണ്ടാവും… പോയി കിടന്നോളൂ…”

നന്ദു പോയതിനു ശേഷമാണ് സഞ്ജു അവിടേക്ക് വന്നത്… എന്താ മാഷേ വിളിച്ച്ത് എന്ന ചോദ്യത്തിന് മാഷ് ഒന്ന് കണ്ണടച്ചു കാണിച്ചു….
എല്ലാം ശരിയാവും… ശരിയാവാതെ എവിടെ പോവാൻ… അല്ലേ ടീച്ചറേ..

“താൻ നോക്കിക്കോ സഞ്ജൂ…അധികം വൈകാതെ രണ്ടുപേരും ഒരുമിച്ച് ഒരിക്കൽക്കൂടി ഇങ്ങോട്ട് വരും…
അന്ന് കിടക്കാൻ ഈ രണ്ടു റൂം ഒന്നും തരില്ലാട്ടോ…. ഒറ്റമുറിയിൽ അഡ്ജസ്റ്റ് ചെയ്യണം കേട്ടോ…”

ചമ്മിയ മുഖത്തോടെ നിൽക്കുന്ന സഞ്ജുവിനെ കണ്ടിട്ടാവണം ടീച്ചർ
ഈ മാഷിന്റെ ഒരു കാര്യം ആ കുട്ടി പോയി കിടക്കട്ടെ…എന്നും പറഞ്ഞു മാഷിനെ വിളിച്ചത്.
ആ സമയം….

ജനലിലൂടെ അഭിയോട് സമ്മതം ചോദിക്കുകയായിരുന്നു നന്ദു…
അഭീ…
ഞാൻ എന്താ ചെയ്യണ്ടേ…

നിൻറെ സ്ഥാനത്ത് അത് വേറൊരാളെ സങ്കൽപ്പിക്കാൻ പോലും എനിക്ക് പറ്റില്ല… നീ ഇല്ലാ എന്ന് ഒരായിരം വട്ടം ഞാൻ എന്റെ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചിട്ടും എന്നെക്കൊണ്ട് പറ്റുന്നില്ല…

പക്ഷേ ഞാൻ സമ്മതം പറഞ്ഞ എല്ലാവർക്കും സന്തോഷം ആണ്.. എനിക്ക് സന്തോഷമായി ഇരിക്കാൻ പറ്റോ എന്ന് എനിക്കറിഞ്ഞുകൂടാ… മാഷ് പറഞ്ഞ പോലെ
കുറേ കാലങ്ങൾക്ക് ശേഷം ചിലപ്പോൾ പറ്റുമായിരിക്കും..

എനിക്കുവേണ്ടി അല്ലെങ്കിലും ഇപ്പോൾ മറ്റുള്ളവർക്ക് വേണ്ടി എനിക്ക് ഒരു തീരുമാനം എടുത്തേ പറ്റൂ…

ഞാൻ പറഞ്ഞോട്ടെ എനിക്ക് സമ്മതമാണെന്ന്…

ഒരു തണുത്തകാറ്റ് അവളെ തഴുകി കടന്നുപോയി..
തണുത്ത കാറ്റിന് ശേഷിപ്പ് എന്നോണം ഒരു നനുത്ത ചാറ്റൽ മഴയും…
ആ കാറ്റിന് അഭിയുടെ ഗന്ധമുണ്ടായിരുന്നതു പോലെ..

അഭി തന്റെ സമ്മതം അറിയിച്ചതാണോ….
അവൾ എവിടെയോ വായിച്ചത് ഓർക്കുന്നു…
“ആത്മാക്കളുടെ സന്തോഷമാണ് മഴ..”

കാത്തിരിയ്ക്കുട്ടോ..

സ്നേഹത്തോടെ…. ധന്യ

നല്ല‍ പാതി : ഭാഗം 1

നല്ല‍ പാതി : ഭാഗം 2

നല്ല‍ പാതി : ഭാഗം 3

നല്ല‍ പാതി : ഭാഗം 4

നല്ല‍ പാതി : ഭാഗം 5

നല്ല‍ പാതി : ഭാഗം 6

നല്ല‍ പാതി : ഭാഗം 7

നല്ല‍ പാതി : ഭാഗം 8

നല്ല‍ പാതി : ഭാഗം 9

നല്ല‍ പാതി : ഭാഗം 10

നല്ല‍ പാതി : ഭാഗം 11

നല്ല‍ പാതി : ഭാഗം 12

നല്ല‍ പാതി : ഭാഗം 13

നല്ല‍ പാതി : ഭാഗം 14