Thursday, April 25, 2024
Novel

നല്ല‍ പാതി : ഭാഗം 23

Spread the love

നോവൽ

Thank you for reading this post, don't forget to subscribe!

*******
എഴുത്തുകാരി: ധന്യ സുജിത്ത്‌

“എങ്കിൽ ശരി…
നിങ്ങൾ സംസാരിച്ചിരിക്ക്…
ഞാൻ പോയി ഫ്രഷായി വരാം…”

സഞ്ജു എണീറ്റു പോകുന്നതും നോക്കി ചിരിയടക്കി ഇരിക്കുകയാണ് കാർത്തിയും വിനുവും ശ്വേതയും…

“ചെല്ലുമ്പോൾ എന്താകുമോ എന്തോ…?? പെട്ടെന്ന് നന്ദുനെ കാണുമ്പോൾ ഷോക്ക് ആവോ ആ ചെക്കന്…??
ഒരു സൂചനയെങ്കിലും കൊടുക്കാമായിരുന്നു..”

വിനുവാണത് പറഞ്ഞത്..

“ഏയ് കുഴപ്പമൊന്നുമില്ലന്നേ… അതൊക്കെ അവരു മാനേജ് ചെയ്തോളും..”

കാർത്തി വിനുവിനോടായി പറഞ്ഞു..

“ഉം.. ഉവ്വ.. ഉവ്വ.. എന്താകുമെന്ന് കണ്ടറിയണം…??”

എന്താകുമെന്ന് ആലോചിച്ച് ഇരിക്കുകയാണ് മൂന്നു പേരും..

🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶

സഞ്ജു ഫ്ലാറ്റ് തുറന്നു അകത്തു കയറുമ്പോൾ ആരും ഉള്ളതായി സഞ്ജുവിന് തോന്നിയതേയില്ല.. പക്ഷേ എ.സി വർക്ക് ചെയ്യുന്നുണ്ട്.. മ്യൂസിക് സിസ്റ്റവും ഓൺ ആയിരുന്നു.. അതിൽ നിന്നും തന്റെ പ്രിയപ്പെട്ട പാട്ടും കേൾക്കുന്നുണ്ട്..

“”ഏതോ… നിദ്രതൻ പൊൻമയിൽപ്പീലിയിൽ…

ഏഴുവർണ്ണകളും നീർത്തി
തളിരിലത്തുമ്പിൽ നിന്നുതിരും…

മഴയുടെ ഏകാന്ത സംഗീതമാ…യ്
മൃദുപദമോടെ… മധുമന്ത്രമോടെ…

അന്നെന്നരികിൽ വന്നുവെന്നോ….

എന്തേ ഞാനറിഞ്ഞീല…. ഞാ…നറിഞ്ഞീ…ല..

ഏതോ… നിദ്രതൻ പൊൻമയിൽപ്പീലിയിൽ…..

ആ…. വഴിയോരത്ത്..
അന്നാർദ്രമാം സന്ധ്യയിൽ….
ആവണിപ്പൂവായ് നീ നിന്നുവെന്നോ….””

“ആ… ഇതൊക്കെ അവന്റെ പണിയായിരിക്കും.. വന്നപ്പൊഴേയ്ക്കും തുടങ്ങി..
പോകുമ്പോൾ ഓഫ് ചെയ്തു പൊയ്ക്കൂടെ ഈ കഴുതയ്ക്ക്…
ഇങ്ങു വരട്ടെ..”

കാർത്തിയെ ചീത്തവിളിച്ച്…
ഡ്രസ്സ് മാറ്റാനായി സഞ്ജു റൂമിൽ കയറി.. ഷർട്ട് അഴിച്ച് കബോർഡിലെ ഹാങ്ങറിൽ ഇട്ടു..
പാന്റ്സ് മാറി ഷോർട്സ് ധരിച്ചു..

പെട്ടെന്ന് വാതിൽ തുറക്കുന്ന ശബ്ദം കേട്ടപ്പോൾ കാർത്തിയാകുമെന്ന ധാരണയിൽ തന്നെയാണ് സഞ്ജു സംസാരിച്ചു തുടങ്ങിയത്..

“പരിചയപ്പെടലൊക്കെ ഇത്ര വേഗം തീർന്നോ… സാധാരണ ഗതിയിൽ ഭാര്യയും ഭർത്താവും കൂടി സംസാരം തുടങ്ങി കഴിഞ്ഞാൽ രക്ഷപ്പെട്ടു വരാൻ ഭയങ്കര പാടാ…
പിന്നെ…
വിശേഷങ്ങൾ പറ.. അച്ഛനും അമ്മയും നന്ദുവുമൊക്കെ സുഖായിരിയ്ക്കുന്നോടാ..?? ”

തിരിഞ്ഞു നിന്ന് ഇന്നർ ബനിയനും ഷോർട്സുമിട്ട് പാന്റ്സ് ഹോൾഡറിൽ ഇടുന്നതിനിടയിലാണ് മറുപടി കേട്ടത്….

“ഉം.. എല്ലാവരും സുഖമായി ഇരിക്കുന്നു… നന്ദു ഒഴികെ..”

മറുപടിയായി നന്ദുവിന്റെ ശബ്ദം കേട്ടതും സഞ്ജു തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് റൂമിന്റെ വാതിൽക്കൽ തന്നെ നോക്കി കൈ പിണച്ചു കെട്ടി സഞ്ജുവിനെ തന്നെ നോക്കി പുഞ്ചിരിച്ചു നിൽക്കുന്ന നന്ദുവിനെയാണ് …

കൺമുന്നിൽ കണ്ടത് വിശ്വസിയ്ക്കാനാകാതെ വാ പൊത്തി നിൽക്കുകയാണ് സഞ്ജു.
കണ്ണൊന്ന് കൂട്ടി അടച്ചു തുറന്നു കൺമുന്നിലുള്ളത് യാഥാർത്ഥ്യം തന്നെയാണോ അതോ സ്വപ്നമാണോ എന്ന ഉറപ്പിയ്ക്കാനുള്ള ശ്രമത്തിലാണ്..

കുറേ നാളുകൾക്ക് ശേഷം കണ്ടപ്പോൾ… ആ കണ്ണുകളിൽ അമ്പരപ്പോ.. ആകാംക്ഷയോ.. എന്തൊക്കെയോ മിന്നി മറയുന്നുണ്ട്..

സഞ്ജുവിന്റെ ഭാവം കണ്ട് ചിരിമർത്തി നിൽക്കുകയാണ് നന്ദു..
സഞ്ജു പതിയെ നന്ദുവിനടുത്തേയ്ക്കു വന്നു..

ചൂണ്ടുവിരൽ കടിച്ച് പിടിച്ച് കണ്ണിലേക്ക് തന്നെ നോക്കി നിൽക്കുവാണ്..
നന്ദു സഞ്ജു ചോദിയ്ക്കാറുള്ള പോലെ പുരികമുയർത്തി എന്താണെന്ന് ചോദിച്ചു..

“നന്ദൂട്ടീ..
നീയതെങ്ങനെ…
ഒരു സൂചന പോലും തന്നില്ലല്ലോ നീ.. വിശ്വസിക്കാമോ എനിക്ക്..??”

“എന്താ സഞ്ജൂ..
വിശ്വാസം വരണില്ലേ…
എങ്കിൽ ഒന്നു കൂടി നോക്കിക്കേ..
എത്തി പിടിക്കാൻ പറ്റണുണ്ടോന്ന്…”

“ഇങ്ങു വാടി പെണ്ണേ..”
എന്ന് പറഞ്ഞ് ചിരിയോടെ നന്ദു നീട്ടിയ കൈകളിൽ മുറുകെ പിടിച്ചു തന്റെ നെഞ്ചിലേയ്ക്ക് അവളെ വലിച്ചിട്ട് ഇറുകെ പുണരുമ്പോൾ ഇത്രയും നാൾ പിരിഞ്ഞു നിന്നതിന്റെ സങ്കടവും പ്രതീക്ഷിയ്ക്കാതെ കണ്ടതിന്റെ സന്തോഷവും എല്ലാം വേർതിരിച്ചറിയാനാകാത്ത വിധം ആ കണ്ണുകളിൽ നിറഞ്ഞു നിന്നിരുന്നു..

വേനൽചൂടിൽ ലഭിച്ച പുതുമഴ നനഞ്ഞ മണ്ണുപോലെ.. ആ നെഞ്ചിലെ ചൂടേറ്റ് അവളും അങ്ങനെ തന്നെ നിന്നു…

“നന്ദൂട്ടീ..” എന്ന ആർദ്രമായ വിളിയോടെ അവളുടെ മുഖം കയ്യിലെടുത്തു… നെറ്റിയിൽ ചുണ്ടുകൾ മൃദുവായി ചേർത്തു..നിറഞ്ഞു വന്ന കണ്ണുകളോടെ അവൻ ചോദിച്ചു..

“സുഖമാണോ മോളെ നിനക്ക്..??”

മറുപടിയായി ഒന്നും പറയാതെ കണ്ണടച്ചു നിൽക്കുകയാണ് നന്ദു.. രണ്ടു പേരുടെയും കണ്ണിൽ നിന്നും കണ്ണീർ ചാലുകൾ ഒഴുകി…

മനസ്സുകൊണ്ട് ഏറ്റവും ആഗ്രഹിച്ചിരുന്ന ഒരു കാര്യം…
ജോലി കഴിഞ്ഞ് ക്ഷീണിച്ചു വരുമ്പോൾ… റൂമിൽ ഒറ്റയ്ക്കായി പോകുമ്പോൾ.. ഒന്നു വയ്യാതാകുമ്പോൾ.. ഒന്നു സംസാരിക്കാൻ..

അടുത്തൊന്നിരിക്കാൻ..ആ മടിയിലൊന്നു കിടക്കാൻ.. എല്ലാം താൻ പലപ്പോഴും താൻ ആഗ്രഹിച്ചിട്ടുണ്ട്..

മനസ്സുകൊണ്ട് ഒരുമിച്ചു തന്നെയായിരുന്നു.. പക്ഷേ.. ഈ അകൽച്ചയൊന്നു അവസാനിച്ച്.. തന്റെ അരികിൽ അവളുണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കാത്ത ഒരു ദിവസം പോലും ഉണ്ടായിരുന്നില്ല..

പക്ഷേ ഒരിക്കൽ പോലും ഈ സർപ്രൈസ് താൻ ഈ പ്രതീക്ഷിച്ചിരുന്നില്ല..
കാർത്തി പറഞ്ഞപ്പോൾ പോലും..

പരിസരം മറന്ന് പുണർന്നു നിൽക്കുന്ന അവരുടെ ഇടയിലേക്ക് കാർത്തിയും വിനുവും വന്നതുപോലും അവരറിഞ്ഞില്ല…

“മതി..മതി.. തൽക്കാലം ഇത്രേം മതി..ഇനി പിന്നെ..”

കാർത്തി പറയുന്നത് കേട്ട് നന്ദുവാണ് ചമ്മലോടെ മാറിയത്..

അപ്പോഴും തന്റെ പ്രാണനെ കൈയ്യിൽ നിന്നും വിടാതെ തന്നോട് ചേർത്ത് പിടിച്ചിരുന്നു സഞ്ജു..

“അയ്യേ.. ഇതെന്താ രണ്ടുപേരും കരഞ്ഞോ.. നാണക്കേട്…

പറയുമ്പോൾ രണ്ടാളും വലിയ വലിയ തത്വങ്ങൾ മാത്രേ പറയൂ..
കാണുമ്പോൾ ദേ ഇത്രേയുള്ളൂ..”

കാർത്തി പറയുന്നത് കേട്ട് കളിയാക്കാൻ വിനുവും കൂടി…

“വീട്ടിലോട്ടു വിളിച്ചോ നിങ്ങളെത്തീട്ട്..??” സഞ്ജു കാർത്തിയോട് ചോദിച്ചു..

“അതൊക്കെ വിളിച്ചു… ശ്വേതയുടെ ഫോണിൽ നിന്നും വിളിച്ചു പറഞ്ഞിട്ടുണ്ട്… ഇനി നാളെ വിളിച്ചാൽ മതിയെന്ന് പറഞ്ഞു അച്ഛനുമമ്മയും..

അതൊക്കെ പോട്ടെ…

എങ്ങനുണ്ട് സർപ്രൈസ്..??
ഇഷ്ടായോ.. എന്റെ ഏട്ടന്..”

“അതു പിന്നെ ചോദിക്കാനുണ്ടോ… കാർത്തി..???
കണ്ടോ, കണ്ടോ..

പുന്നെല്ല്‌ കണ്ട എലി ചിരിക്കുന്ന പോലുള്ള ചിരി കണ്ടോ..??
ആ ചിരി കണ്ടാലറിഞ്ഞൂടെ…”

കാർത്തിയുടെ ചോദ്യത്തിന് വിനുവാണ് മറുപടി നൽകിയത്..

മറുപടിയായി സഞ്ജു ചിരിയോടെ അവനെ ഇറുകെ പുണരുമ്പോൾ കാർത്തിയ്ക്കും സന്തോഷമായിരുന്നു..

“ഇനി നീ പോയി ഫ്രഷായിട്ട് വാ.. ഞങ്ങൾ എന്റെ ഫ്ലാറ്റിൽ കാണും..
നന്ദൂ.. താൻ കൂടെ വാടോ..
ഇനി താനിവിടെ നിന്നാൽ അവൻ പിന്നേം വൈകും.. അല്ലേടാ സഞ്ജൂ..”

“മോനേ വിനൂ…നീ ഇവന്റെ കൂടെ കൂടി എന്നെ ആക്കാൻ നിക്കല്ലേ… ഒരാഴ്ച കഴിഞ്ഞാൽ അവനങ്ങ് പോകും… പിന്നെ ഞാനേ കാണൂ.. ഓർത്തോ നീ..
അവളെങ്ങോട്ടും ഇല്ല.. അല്ലേ നന്ദൂ..??”

സഞ്ജു നന്ദുവിനെ നോക്കി കണ്ണൊന്നു ചിമ്മി..

“അയ്യടാ.. അതൊന്നും നടക്കില്ല..ദാ അവിടെ ശ്വേത കാത്തിരിക്കാൻ തുടങ്ങിയിട്ട് കുറേ ആയി..അവളെ ഇങ്ങോട്ട് വരുത്തണോ…അതോ.. അങ്ങോട്ടേക്ക് പോകണോ..??”

എന്തു ചെയ്യണമെന്നറിയാതെ നിൽക്കുന്ന നന്ദുവിനെ നോക്കി വിനു പറഞ്ഞു..

“അയ്യോ വേണ്ടേ… അങ്ങോട്ട് പൊയ്ക്കോ..അതാ ഭേദം..നന്ദു ചെല്ല്.. ഞാൻ വരാം.. ”

നന്ദു കാർത്തിയോടും വിനുവിനോടുമൊപ്പം വിനുവിന്റെ ഫ്ലാറ്റിലേക്കു പോകുമ്പോൾ സഞ്ജുവിന്റെ മനസ്സു പറഞ്ഞത് ഇതാണ്..

കാത്തിരിപ്പ് അവസാനിക്കുകയാണ്…

🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶

വൈകീട്ട് എല്ലാവരും കൂടെ പുറത്തോട്ടിറങ്ങി..

എല്ലാവരും ഒരുമിച്ചാണ് നടന്നത്.. എങ്കിലും ഇടയ്ക്കിടെ നന്ദുവിനും സഞ്ജുവിനും അവരുടേതായ സ്പേസ് കൊടുക്കാൻ മറ്റുള്ളവർ ശ്രദ്ധിച്ചിരുന്നു..

വിവിധ വർണ്ണങ്ങളിൽ തീർത്ത വൈദ്യുതാലങ്കാരങ്ങളാൽ ദുബായ് സുന്ദരിയായി മാറിയിരിക്കുന്നു.. പകലിനേക്കാൾ രാത്രിയുടെ നിറവിലാണ് ദുബായ് കൂടുതൽ വിസ്മയം തീർക്കുന്നത്..

ദുബായിലെ റോഡും പരിസരവും പൂക്കളാലും ചെടികളാലും മനോഹരമാണ്… ആദ്യമായി ദുബായിൽ എത്തുന്ന ഒരാളുടെ മനസ്സിലേയ്ക്ക് ഓടി കയറാൻ ഒരു പ്രത്യേക കഴിവുണ്ട് ഈ നഗരത്തിനെന്നു തോന്നി നന്ദുവിന്..

വൈദ്യുതാലങ്കാരങ്ങൾ കാണുമ്പോൾ ഉള്ള അമ്മുക്കുട്ടിയുടെ സന്തോഷപ്രകടനങ്ങൾ കണ്ട് നന്ദുവും സഞ്ജുവും നടന്നു.. ഇടയ്ക്കിടെ ദുബായ് വിശേഷങ്ങൾ വിനു വിവരിക്കുന്നത് കേൾക്കുന്നുമുണ്ട്… കാർത്തിയും അതെല്ലാം അതീവ ശ്രദ്ധയോടെ കേൾക്കുന്നുണ്ട്..

സുന്ദരകാഴ്ചകളൊരുക്കി സഞ്ചാരികളെ കാത്തിരിക്കുന്ന മായാലോകമാണിത്.. പുതുമയുള്ള കാഴ്ചകൾ ഇവിടെ വന്നു പൊയ്കൊണ്ടേയിരിക്കും..

കേട്ടറിയേണ്ടതിനെക്കാൾ കണ്ടറിയേണ്ട നഗരം.. പക്ഷേ ഇവിടെയുള്ളവരെല്ലാം നേടിയവർ മാത്രമല്ല…നേടിയവരെക്കാൾ ഈ നാടിനുമേൽ അവകാശം നഷ്ടപ്പെട്ടവർക്കാണ്…

കരാമ പാർക്കിന്റെ വഴിയോരത്തുകൂടെ സഞ്ജുവിന്റെ കൈകോർത്ത് പിടിച്ചു നടക്കുമ്പോൾ നന്ദു തനിക്കുണ്ടാകുന്ന മാറ്റങ്ങൾ മനസ്സിലാക്കുകയായിരുന്നു..

സഞ്ജുവിന്റേതു മാത്രമായി മാറാൻ താൻ മനസ്സു കൊണ്ട് തയ്യാറായി കഴിഞ്ഞിരിക്കുന്നു..

മനസ്സിൽ നാട്ടിലെ രുചിയോർമ്മകൾ ഓടിയെത്തുമ്പോൾ ദുബായിലെ മലയാളികൾ ഓടിയെത്തുന്ന സ്ഥലമാണ് ഹോട്ടലുകളുടെ പറുദ്ദീസയായ കരാമ.. കേരള രുചികളാൽ മാത്രമല്ല ലോകത്തിലെ വൈവിധ്യമാർന്ന രുചികളാൽ മത്സരിക്കുന്ന ഒരുപാട് ഹോട്ടലുകൾ കരാമയിലുണ്ട്.. അതുകൊണ്ട് തന്നെ വാരാന്ത്യത്തിൽ കരാമയിൽ തിരക്കോടു തിരക്കായിരിക്കും..

വ്യാഴാഴ്ച ആയതിനാൽ റസ്റ്റോറന്റുകളിൽ പതിവിലും കൂടുതൽ തിരക്കായിരുന്നതിനാൽ പലയിടങ്ങളിലും ടോക്കൺ വ്യവസ്ഥയിലാണ് ആളുകളെ കയറ്റുന്നത്.. എല്ലാവരും പാർക്കിൽ ഇരുന്നു..

വിനുവും സഞ്ജുവും കൂടെ ടോക്കൺ എടുക്കാനായി പോയിരിന്നു..

കരാമ പാർക്കിൽ കൃത്യമായ ദൂരത്തിൽ ഇട്ടിരിക്കുന്ന ബഞ്ചുകളിലും പുൽത്തകിടിയിലും കുടുംബങ്ങൾ സ്ഥാനം ഉറപ്പിച്ചിരുന്നു… ഒറ്റയ്ക്ക് ഇരുന്ന് നാട്ടിലെ ഓർമ്മകൾക്കൊപ്പം സഞ്ചരിക്കുന്നവരും കുറവല്ല എന്ന് തോന്നി.. കുട്ടികൾ വിവിധ തരം കളികളിൽ ഏർപ്പെട്ടിരിക്കുന്നു..

കുറേനേരം കാത്തിരുന്നതിനു ശേഷം ഭക്ഷണം കഴിക്കാനിരിക്കുമ്പോഴും സഞ്ജുവിന്റെ നോട്ടം മുഴുവനും എതിർവശത്തിരുന്ന നന്ദുവിലായിരുന്നു..

എല്ലാവരുമൊത്ത് ഭക്ഷണം കഴിക്കുന്നതിനിടയിലും ആ നോട്ടം നന്ദുവിലൊരു പുഞ്ചിരി വിടർത്തി..

ഭക്ഷണം കഴിച്ചു കഴിയുമ്പോൾ തന്നെ സംശയം വൈകി.. പക്ഷേ ദുബായിൽ അങ്ങനെ വൈകിയ സമയം എന്നൊന്നില്ല…

രാത്രി സജീവമാകുന്ന തെരുവുകളും കടകളുമാണ് ഇവിടെ.. ഒരിക്കലും നിശ്ചലമാകാത്ത റോഡുകൾ.. ഇരുപത്തിനാല് മണിക്കൂറും പ്രവർത്തിക്കുന്ന നഗരം..
ഫ്ലാറ്റിലേക്ക് ഇറങ്ങാനായി നിന്നതും മഴ തുടങ്ങി…

അമ്മുക്കുട്ടിയ്ക്ക് മഴയടിച്ച് പനി പിടിയ്ക്കേണ്ടെന്നു കരുതി ശ്വേത കുഞ്ഞിനെയും കൊണ്ട് റസ്റ്റോറന്റിനുള്ളിലേയ്ക്ക് കയറി..

ഫ്ലാറ്റിലേക്ക് നടക്കാവുന്ന ദൂരമേയുള്ളൂ എങ്കിലും അധികം നേരം അവിടെ നിൽക്കാൻ സാധിക്കില്ലായിരുന്നു..

പാർക്കിൽ ഇരുന്നിരുന്നവരെല്ലാം ബെഞ്ചുകൾ നിരത്തിയിരുന്ന സിറ്റിംഗ് ഏരിയായിൽ സ്ഥാനം പിടിച്ചിരുന്നു..

എല്ലാവരും വിചാരിക്കുന്ന പോലെ ദോഷകരമായ എന്തോ രാസവസ്തു ഉപയാഗിച്ചു കൃത്രിമമായല്ല.., സ്വാഭാവിക മഴമേഘങ്ങൾക്കു മുകളിൽ ഉപ്പുപരലുകൾ വിതറിയാണ് മഴ പെയ്യിക്കുന്നത്…ദുബായിൽ മഴപെയ്യുന്നത് നന്ദു അദ്ഭുതത്തോടെ നോക്കുന്നത് കണ്ടിട്ടാവണം വിനു ക്ലൗഡ് സീഡിംഗിനെ പറ്റി വിശദമായി ക്ലാസ്സെടുത്തു കൊടുക്കുന്നുണ്ടായിരുന്നു..

നന്ദുവാണെങ്കിൽ അതീവ ശ്രദ്ധയോടെ കേൾക്കുന്നുമുണ്ട്..

വിനു കത്തിവയ്ക്കാൻ ഒരാളെ കിട്ടിയ സന്തോഷത്തിലാണ്..

‘എന്തായാലും നന്ദു വന്ന ദിവസം കൊള്ളാം…നല്ല ആമ്പിയൻസാണല്ലോ സഞ്ജൂസേ…”

സഞ്ജുവിന്റെ ചെവിയിലായി വിനു പറഞ്ഞു…

മറുപടിയായി ചിരിച്ചു കൊണ്ട് വിനുവിന്റെ വയറ്റിൽ ചെറുങ്ങനെ ഒരിടി കൊടുത്തു സഞ്ജു..

മഴ തോരുന്ന ലക്ഷണം കാണാത്തത് കൊണ്ടാകണം അമ്മുക്കുട്ടിയുള്ളതിനാൽ റസ്റ്റോറന്റുകാർ തന്നെ ഒരു കുട തന്നു സഹായിച്ചു… അതു കൊണ്ട് ശ്വേതയും അമ്മുക്കുട്ടിയും നനയാതെ റൂമിലെത്തി…

“അവർക്ക് കുറച്ച് വലിയ കുട തന്നൂടെ… ??”
കാർത്തി തലചൊറിഞ്ഞു കൊണ്ട് പറഞ്ഞു..

“ഇതു തന്നെ ആ ക്യാഷിലിരിയ്ക്കുന്ന പയ്യനെ അറിയാവുന്നതു കൊണ്ട് കിട്ടിയതാ… അപ്പോഴാ അവന്റെ..

നീ വാ..ഒന്ന് ഓടിയാൽ എത്തിയില്ലേ… ദേ ആ കാണുന്നതാ നമ്മടെ ബിൽഡിംഗ്..
ചുറ്റി നടന്നതുകൊണ്ടാ ദൂരമുണ്ടെന്നു തോന്നണത്..”

കരാമ പാർക്കിനു മുൻവശത്തുള്ള ബിൽഡിംഗ് കാണിച്ചു കൊണ്ട് സഞ്ജു പറഞ്ഞു.. നാലുപേരും കൂടി ഓടി റൂമിലെത്തുമ്പോൾ ആകെ നനഞ്ഞിരുന്നു…

സഞ്ജുവിന്റേത് വൺ ബെഡ്റൂം ഫ്ലാറ്റായതിനാൽ കാർത്തി ഹാളിൽ കിടക്കേണ്ടി വന്നു…
ടി. വി യും ഓൺ ചെയ്തു സിനിമ കണ്ടു കിടക്കാലോ എന്നുള്ളത് കൊണ്ട് അവൻ ഹാപ്പിയാണ്..

റൂമിലെത്തി അവൾ ഫ്രഷായി വരുമ്പോൾ സഞ്ജുവും കാർത്തിയും വിശേഷങ്ങൾ പറയുകയാണ്… ഏട്ടന്റെ മടിയിൽ തലവെച്ചാണ് അനിയന്റെ കിടപ്പ്…

ഏട്ടന് സംസാരിക്കാൻ ഒരു ഗ്യാപ്പ് പോലും കൊടുക്കാതെ തകർത്തു കേറുകയാണ്… ടിക്കറ്റും വിസയും എടുത്തതും.. തനിക്കു തന്ന സർപ്രൈസും.. ഡയലോഗ്സ് അടക്കം പറയുന്നുണ്ട്..അത് കേട്ടു കൊണ്ട് കുറച്ചു നേരം അവരുടെ സ്നേഹം അവിടെ നിന്ന് ആവോളം ആസ്വദിച്ചു നന്ദു…

വളരുന്തോറോം അകലുന്ന സ്വന്ത ബന്ധങ്ങൾക്കിടയിൽ ഇങ്ങനെയും അടുപ്പം കാണിക്കുന്ന സഹോദരബന്ധങ്ങളുണ്ടാകുന്നത് ഭാഗ്യമാണ്… ഒറ്റ മോളായതുകൊണ്ട് തനിക്ക് ഇതെല്ലാം കിട്ടാകനിയാണ്…

പലപ്പോഴും ഒരു ഏട്ടനുണ്ടായിരുന്നെങ്കിലെന്ന് മനസ്സാലെ ആഗ്രഹിച്ചിട്ടുണ്ട്… അങ്ങനെ എങ്കിലും താനനുഭവിച്ച ഒറ്റപ്പെടലിന്റെ വേദന കുറച്ചൊന്നു കുറഞ്ഞേനെയെന്ന് തോന്നാറുണ്ട്… നന്ദു ഓർത്തു..

പക്ഷേ ഇപ്പോഴെങ്കിലും ഇവരുടെ ഇടയിലേക്ക് തനിക്ക് വരാൻ സാധിച്ചത് കുറച്ചെങ്കിലും ഭാഗ്യം തനിക്കുള്ളതു കൊണ്ടല്ലേ..
അതുതന്നെ വലിയ സന്തോഷം..

“എന്താടോ..താൻ അവിടെ തന്നെ നിന്നു കളഞ്ഞത്.. ഇങ്ങു വാ.. ഇവിടിരിക്ക്.. ”

സഞ്ജു നന്ദുവിനെ പിടിച്ചിരുത്തി..

മൂന്നു പേരും സംസാരിച്ചിരുന്ന് വൈകി.. കുറച്ച് കഴിഞ്ഞ് നന്ദു കൊണ്ട് വന്ന ലഗേജ് മാറ്റൈ വച്ച് കാർത്തിക്ക് കിടക്കാനായി സ്ഥലം ഒരുക്കി കൊടുത്തു.. ഹാളിൽ തന്നെ തങ്ങൾ ഒരുമിച്ചുള്ള ഫോട്ടോയും അച്ഛനും അമ്മയുടെ ഫോട്ടോയും കാർത്തിയോടൊപ്പമുള്ള ഫോട്ടോയും ഒക്കെ ഫ്രെയിം ചെയ്ത് വച്ചിരിക്കുന്നു.. അതെല്ലാം നോക്കി പതിയെ നന്ദു എല്ലായിടവും ചുറ്റി കണ്ടു..

ഒരു ചെറിയ അടുക്കള..ഒരു കോമൺ ബാത്ത് റൂം.. പിന്നെ ഒരെണ്ണം അറ്റാച്ച്ഡും.. ഹാളിൽ നിന്നും ബെഡ് റൂമിൽ നിന്നും കടക്കാവുന്ന വിധത്തിൽ ഓരോ ബാൽക്കണിയും ഉണ്ട്..

ഒരു ഫാമിലിയ്ക്കു താമസിക്കാൻ അതു തന്നെ ധാരാളം..
നന്ദു മനസ്സിലോർത്തു..

നാളെ അവധിയായതിനാൽ നേരം വൈകി എണീറ്റാൽ മതിയല്ലോ…
നാളെ കഴിഞ്ഞ് ഒരാഴ്ച ലീവ് പറയാം.. എന്ന തീരുമാനത്തിൽ ആണ് സഞ്ജു… എങ്ങനെ റൂമിലേക്ക് പോകണമെന്ന് പറയും..അതും ആലോചിച്ചു ഇരിക്കുകയാണ് സഞ്ജു..

അതു മനസ്സിലാക്കിയ പോലെയാണ് കാർത്തി പറഞ്ഞതും..

“അതേ…എന്നെ ബോധ്യപ്പെടുത്താനായി ബ്രോ ഇവിടിരുന്ന് ബുദ്ധിമുട്ടണ്ട.. പോയി കിടക്കാൻ നോക്ക്… ആ മനസ്സിൽ പ്രാകണതു മുഴുവൻ എനിക്ക് കിട്ടും..”

ചിരിച്ചു കൊണ്ട് മടിയിൽ നിന്നിറങ്ങി കിടന്നു കാർത്തി..
അവന്റെ തലയ്ക്കൊരു കൊട്ട് കൊടുത്തു ചിരിച്ചു കൊണ്ട് സഞ്ജു എണീറ്റു..

🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶

കിടക്കാനായി റൂമിലെത്തുമ്പോൾ
കട്ടിലിന് എതിർവശ ചുമരിൽ നല്ല ഭംഗിയായി വച്ചിരിക്കുന്ന തന്റെ വിവിധ ഭാവങ്ങളിലുള്ള ചിത്രങ്ങൾ നോക്കി ഓരോന്നിലൂടെയും വിരലോടിച്ചു നിൽക്കുകയായിരുന്നു നന്ദൂ..
കണ്ണെല്ലാം നിറഞ്ഞു നിൽപ്പുണ്ട്..

അതിന്റെ കാരണം തനിക്കറിയാം… വാതിലിൽ ചാരി നിന്നു സഞ്ജു മനസ്സിൽ പറഞ്ഞു..

“എന്താടോ… ഇതെവിടെയെങ്കിലും കണ്ടതായി ഓർക്കുന്നുണ്ടോ താൻ..??”

വാതിലടച്ചു വന്ന്.. പിന്നിലൂടെ അവളെ കെട്ടിപ്പിടിച്ചു കൊണ്ട് അവൻ ചോദിച്ചു..

“ഇതെല്ലാം എവിടുന്ന് കിട്ടി സഞ്ജൂന്…??”

മറുപടിയായി ആ ഫോട്ടോകൾ ചൂണ്ടിക്കാട്ടി ഒരു മറുചോദ്യം ചോദിച്ചു നന്ദു…

“അത്..താനുദ്ദേശിച്ച സ്ഥലത്തും നിന്ന് തന്നെ കിട്ടി.. ആനന്ദ് ഭവനിൽ നിന്ന്…

ഓർക്കുന്നോ താൻ..
ഇത് തന്റെ പിറന്നാളാഘോഷത്തിന് അഭി വരച്ച ചിത്രങ്ങൾ തന്നെയാണ്…

അന്നു നമ്മൾ അവിടെ നിന്ന് തിരിക്കുമ്പോൾ ടീച്ചറമ്മ തന്നതാണിത്… കണ്ടപ്പോൾ കളയാൻ തോന്നിയില്ല.. അതാണ് ഇങ്ങ് കൊണ്ട് പോന്നത്…

താനിവിടെ ഒരു വാക്കുപോലും പറയാതെ പ്രത്യക്ഷപ്പെടുമെന്ന് ഞാനറിഞ്ഞോ… സോറി..

അഭിയോടൊത്തുള്ള ഓരോ നിമിഷവും താൻ മനസ്സിൽ നിധി പോലെ തന്നെ സൂക്ഷിച്ചു വച്ചിട്ടുണ്ടെന്ന് എനിക്കറിയാം…

അതൊക്കെ അങ്ങനെ തന്നെ ഇരുന്നോട്ടെ…

അതിനടുത്ത് കുറച്ച് സ്ഥലം എനിക്കായി ഒഴിച്ചിട്ടാമതി… ബാക്കി കാര്യം ഞാനേറ്റു..”

കുസൃതി ചിരിയോടെ സഞ്ജു പറഞ്ഞു..

“ഇതിവിടെ കിടക്കട്ടെ അല്ലേ..നന്ദൂട്ടീ..അതോ മാറ്റണോ..??”

“വേണ്ട..മാറ്റേണ്ട..”
ആ ചിത്രങ്ങളിൽ തലോടി അവൾ മറുപടി നൽകി…

“സഞ്ജു.. ഞാനൊരു കാര്യം ചോദിക്കട്ടെ…??”

“ഉം..ചോദിക്കെടോ..”

“സഞ്ജുവിന് എന്നോട് എത്ര സ്നേഹമുണ്ട്.. സത്യം പറയണം..
ക്ലീഷേ ഡയലോഗ് പറയരുത്..”

“അതിനു മുന്പ് ഞാന് തന്നോട് ഈ ചോദ്യം ചോദിച്ചാലോ…
തന്റെ ഉത്തരം മുട്ടില്ലേ..??”

അതു പറഞ്ഞതും നന്ദുവിന്റെ മുഖം മാറി..

“യ്യോ…ഇനി മുഖം വീർപ്പിയ്ക്കല്ലേ…

ഞാൻ ആ ചോദ്യം ചോദിക്കില്ല ഒരിക്കലും.. തന്റെ ചെയ്തികളിൽ നിന്നും മനസ്സിലാക്കിക്കോള്ളാം…

ആ.. തന്റെ ചോദ്യത്തിനുള്ള ഉത്തരം പറയട്ടെ.. അത്
എന്റെ ഡയലോഗ് അല്ല..

പക്ഷേ എനിക്ക് തന്നോട് തോന്നിയിട്ടുള്ളത് അതാണ്..അതാണ് യോജിച്ച ഉത്തരവും..പറയട്ടെ..

എനിക്ക് തന്നോടുള്ള സ്നേഹത്തെ.. ഇത്ര ഭാഗം സ്നേഹം.. ഇത്ര ഭാഗം പ്രണയം.. ഇത്ര ഭാഗം വാത്സല്യം.. ഇത്ര ഭാഗം സൗഹൃദം.. എന്നൊന്നും വേർതിരിച്ചു പറയാൻ അറിയില്ല ടോ… അതാണ് സത്യം..

പക്ഷേ ഒന്നറിയാം.. താൻ കൂടിച്ചേർന്നതാണ് ഇപ്പോ എന്റെ ലോകം.. മുന്നോട്ടുള്ള ജീവിതത്തിൽ എന്റെ കൂടെ താൻ ഉണ്ടെങ്കിൽ മാത്രമേ എന്റെ സ്വപ്നങ്ങൾ പൂർണ്ണമാകുകയുള്ളൂ..
ഇപ്പൊ മനസ്സിലായില്ലേ..??

ഇനി പറഞ്ഞു തരാൻ എനിക്ക് അറിയില്ല.. എന്റെ സ്നേഹം എത്രത്തോളമുണ്ടെന്ന് വേണെങ്കിൽ കാണിച്ചുതരാം… മതിയോ.. ??”

എന്തെങ്കിലും പറയുന്നതിന് മുമ്പേ സഞ്ജു അവളെ കിടക്കയിലേയ്ക്ക് വലിച്ചിട്ടു.. അവളുടെ തലയ്ക്കിരുവശത്തും കൈ കുത്തി നിന്ന് അവളെ തന്നെ നോക്കി നിൽക്കുകയാണ്…

തന്റെ ഹൃദയമിടിപ്പിന്റെ താളം തെറ്റി തുടങ്ങിയത് അവളറിഞ്ഞു… അവനും അത് മനസ്സിലായി തുടങ്ങിയിരുന്നു…

അവന്റെ മുഖത്ത് ഒരു കുസൃതി ചിരി നിറഞ്ഞു.. അവന്റെ കുസൃതി ചിരി യും കണ്ണുകളിലെ പ്രണയവും തന്നെ തളർത്തുന്നതവൾ അറിഞ്ഞു.. കൺ മുന്നിൽ നിൽക്കുന്നവന്റെ പ്രണയത്തെ തിരസ്കരിക്കാൻ ഇനി തനിക്കാവില്ലെന്ന് അവൾ മനസ്സിലാക്കി ..

അവന്റെ ചുണ്ടുകൾ അവളുടെ നെറ്റിയിൽ അമരുന്നത് അവളറിഞ്ഞു..കണ്ണുകളടച്ച് അവളതേറ്റു വാങ്ങി..

താൻകണ്ണടച്ചാൽ തന്റെ കണ്ണിലെ പ്രണയം കണ്ണുകളിൽ നിന്ന് മാറി ഈ കവിളുകളിൽ മൊത്തം പ്രതിഫലിക്കും…

കണ്ടില്ലേ ചുവന്നു തുടുത്തിരിയ്ക്കണേ.. കുറച്ച് സമയം കഴിഞ്ഞ് അവന്റെ അനക്കമൊന്നും അവൾ കണ്ണുകൾ പതിയെ തുറന്നു… അപ്പോഴേയ്ക്കും റൂമിൽ ഇരുണ്ട പ്രകാശമായിരുന്നു..

സഞ്ജു തലയ്ക്ക് കയ്യും കൊടുത്ത് തന്റെ അപ്പുറത്ത് തന്നെ നോക്കി ചിരിച്ചു കിടക്കുന്നു..

“സഞ്ജൂ… നേരത്തെ സഞ്ജു ചോദിച്ച ചോദ്യത്തിന് ഞാൻ ഉത്തരം പറയട്ടെ..??
എനിക്ക് സഞ്ജുവിനോട് എത്രമാത്രം സ്നേഹമുണ്ടെന്ന് ചോദിച്ചില്ലേ..വേണോ അതിനുത്തരം..??”

“വേണോന്ന് ചോദിക്കാനുണ്ടോ..??
പറ..കേൾക്കട്ടെ…”

“പ്രണയമെന്തെന്ന് എനിക്ക് മുന്നേ അറിയാവുന്നതാ.. ഞാൻ അത് അറിഞ്ഞത് അത് അഭിയിൽ നിന്നാണ് സഞ്ജൂ… പക്ഷേ…

എങ്ങനെ പ്രണയിക്കണം എന്ന് എന്നെ പഠിപ്പിച്ചത്..അത് സഞ്ജുവാണ്… എനിക്ക് ഈ പേടിയുണ്ടായിരുന്നു പലപ്പോഴും സഞ്ജുവിൽ ഞാൻ അഭിയെ തിരയുമോ എന്ന്..

പക്ഷേ ഇപ്പോ ഞാനത് ചെയ്യാറില്ല.. ഇതിൽ കൂടുതൽ പറഞ്ഞ് തരാന് എനിക്കറിഞ്ഞൂടാ…”

എന്നും പറഞ്ഞു സഞ്ജുവിന്റെ നെഞ്ചിലേയ്ക്ക് മുഖം ഒളിപ്പിക്കുമ്പോൾ അവന്റെ കൈകൾ പരിധി ലംഘിക്കാൻ തുടങ്ങിയിരുന്നു..

അവന്റെ ചുണ്ടുകൾ അവയുടെ ഇണയെ തേടിയെത്തിപ്പോൾ എതിർപ്പൊന്നും പറയാതെ തന്നെ അവന്റെ പ്രണയം സ്വീകരിക്കാൻ അവൻ തന്റെ സമ്മതമറിയിച്ചു..

പുറത്ത് മഴമേഘങ്ങൾ ആർത്തലച്ചു പെയ്യുമ്പോൾ…ചാറ്റൽ മഴയിൽ തുടങ്ങി ആർത്തലച്ചു പെയ്യുന്ന മഴയായി പെയ്യുകയായിരുന്നു അവരുടെ പ്രണയവും…

(തുടരും )

നല്ല‍ പാതി : ഭാഗം 1

നല്ല‍ പാതി : ഭാഗം 2

നല്ല‍ പാതി : ഭാഗം 3

നല്ല‍ പാതി : ഭാഗം 4

നല്ല‍ പാതി : ഭാഗം 5

നല്ല‍ പാതി : ഭാഗം 6

നല്ല‍ പാതി : ഭാഗം 7

നല്ല‍ പാതി : ഭാഗം 8

നല്ല‍ പാതി : ഭാഗം 9

നല്ല‍ പാതി : ഭാഗം 10

നല്ല‍ പാതി : ഭാഗം 11

നല്ല‍ പാതി : ഭാഗം 12

നല്ല‍ പാതി : ഭാഗം 13

നല്ല‍ പാതി : ഭാഗം 14

നല്ല‍ പാതി : ഭാഗം 15

നല്ല‍ പാതി : ഭാഗം 16

നല്ല‍ പാതി : ഭാഗം 17

നല്ല‍ പാതി : ഭാഗം 18

നല്ല‍ പാതി : ഭാഗം 19

നല്ല‍ പാതി : ഭാഗം 20

നല്ല‍ പാതി : ഭാഗം 21

നല്ല‍ പാതി : ഭാഗം 22