Novel

നല്ല‍ പാതി : ഭാഗം 20

Pinterest LinkedIn Tumblr
Spread the love

നോവൽ

Thank you for reading this post, don't forget to subscribe!

*******
എഴുത്തുകാരി: ധന്യ സുജിത്ത്‌

ദേഷ്യത്തോടെ മുഖം തിരിച്ചാലും ആ മനസ്സിൽ താൻ മാത്രമേ ഉള്ളൂവെന്ന്…ഈ ദേഷ്യം തട്ടിപ്പാണെന്ന് തനിക്കറിയാം.. ഉള്ളിലെ സ്നേഹം പുറത്തറിയാതിരിക്കാനുള്ള ശുദ്ധ തട്ടിപ്പ്…

നന്ദു പതിയെ കട്ടിലിൽ സഞ്ജുവിന്റെ അടുത്തിരുന്നു.. സഞ്ജു നന്ദുവിനെ നോക്കുക പോലും ചെയ്യാതെ താഴോട്ട് തന്നെ നോക്കി ഇരിക്കുകയാണ്..

സഞ്ജുവിന്റെ മൗനത്തിലും അവൾ അറിയുന്നുണ്ടായിരുന്നു..

അവളോടുള്ള കരുതലും സ്നേഹവും… അന്നുണ്ടായ പോലെ പോലെ തന്നെ ചേർത്തു പിടിച്ചാൽ താൻ എങ്ങനെ പ്രതികരിക്കും എന്നുള്ള സംശയം കൊണ്ടാണ് ആണ് ഈ ഗൗരവത്തിന്റെ മുഖംമൂടി എടുത്തു അണിഞ്ഞിരിക്കുന്നത്..

തന്നെ നോക്കി ദഹിപ്പിക്കുമ്പോഴും ആ കണ്ണുകളിൽ ഉണ്ട് തന്നോടുള്ള പ്രണയം… ആ മൗനത്തിൽ ഉണ്ട് തന്നോടുള്ള ഉള്ള സ്നേഹം… അതറിയാൻ ഇപ്പോൾ തനിക്ക് കഴിയുന്നുണ്ട്..

“ഞാൻ തനിക്ക് ആരാടോ…??”

പെട്ടെന്ന് തന്റെ മുഖത്ത് നോക്കി സഞ്ജു ചോദിച്ചപ്പോൾ നന്ദുവിന് ഉത്തരം കിട്ടുന്നുണ്ടായിരുന്നില്ല..

“ജസ്റ്റ് ഒരു ഫ്രണ്ട് അത്രയല്ലേയുള്ളൂ.. അല്ലേ..?? പക്ഷേ എനിക്ക്…
വേണ്ട.. ഞാനൊന്നും പറയുന്നില്ല..

തനിക്ക് എങ്കിലും തോന്നിയില്ലല്ലോ.. എന്നെ ഒന്ന് വിളിച്ചു പറയണം എന്ന്…”

“എന്തിനാ സഞ്ജു ഇത്രയും ദേഷ്യം.. സമാധാനത്തിൽ ചോദിച്ചാൽ പോരെ ഞാൻ പറയില്ലേ… സഞ്ജു ഞാൻ പറയുന്നതൊന്നു കേൾക്ക്.. ഇത് അത്രയ്ക്ക് ഒന്നും ഉണ്ടായില്ല..
ബാത്റൂമിൽ ജസ്റ്റ് ഒന്നു വീണതാ…

തല ചെന്നിടിച്ചു ചുമരില്.. കയ്യിൽ അല്പം ഫ്രാക്ചർ ഉണ്ട്.. അത്രേയുള്ളൂ…”

“വേണ്ടന്നേ.. പറഞ്ഞു ബുദ്ധിമുട്ടണ്ട…എനിക്ക് ഒന്നും അറിയണ്ട… എല്ലാം മനസ്സിലായിട്ടും മനസ്സിലായില്ല എന്ന് ഭാവിക്കുന്നവർക്ക് മൗനമാണ് ഏറ്റവും നല്ല മറുപടി..”

പെട്ടെന്നുള്ള സഞ്ജുവിന്റെ അവഗണന..നന്ദു ഒരിക്കലും പ്രതീക്ഷിച്ചില്ലായിരുന്നു..
മനസ്സിൽ എന്തോ ഒരു കനൽ കോരിയിട്ട പോലെ..

മൂർച്ചയുള്ള വാക്കുകളേക്കാൾ ആഴത്തിൽ മുറിവേൽപ്പിക്കാൻ ചിലരുടെ അവഗണനക്കു കഴിയും..

നന്ദുവിന്റെ കണ്ണെല്ലാം നിറഞ്ഞു.. മറുത്തൊന്നും സംസാരിക്കാതെ പതിയെ പുറത്തോട്ടിറങ്ങി.. ബാൽക്കണിയിൽ പോയിരുന്നു..

“അതിനു മാത്രം താനെന്താ ചെയ്തത്… പെട്ടെന്ന് ടെൻഷൻ ആവണ്ട എന്ന് കരുതി മാത്രമാണ് വിളിച്ചുപറയാഞ്ഞത്..” നന്ദു വ്യക്തമല്ലാതെ പിറുപിറുത്തു..

നന്ദു മുറിവിട്ടു പുറത്തു പോകുമ്പോൾ അവളെ തന്നെ നോക്കി ഇരിക്കുകയായിരുന്നു സഞ്ജു..ഒരു ചെറു പുഞ്ചിരിയോടെ..

“അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ… എപ്പോഴും എന്തിനും കൂടെ നിൽക്കുന്നവരുടെ മൗനവും അവഗണനയും ഒരാളെ എത്രമേൽ ബാധിക്കും എന്ന് കുറച്ചെങ്കിലും അവളറിയട്ടെ…

എന്തായാലും കാർത്തിയുടെ ഐഡിയ കൊള്ളാം…

പക്ഷേ അവൾക്ക് വയ്യാതിരിക്കുമ്പോ തന്നെ വേണമായിരുന്നോ.. എന്ന സംശയമേയുള്ളൂ..”

സഞ്ജു കുളിച്ച് ഫ്രഷായി തിരിച്ചു വരുമ്പോഴും നന്ദു ബാൽക്കണിയിൽ തന്നെയായിരുന്നു.

“പണി പാളാതിരുന്നാൽ മതിയായിരുന്നു.. എന്താ ഉണ്ടായത് എന്ന് അറിയാഞ്ഞിട്ട് ഒരു സമാധാനവുമില്ല… വിശദമായി അമ്മയോട് ചോദിക്കാം..”

എന്ന് മനസ്സിൽ പറഞ്ഞു സഞ്ജു താഴോട്ട് ഇറങ്ങി.

വൈകീട്ട് ഭക്ഷണം കഴിക്കാൻ അമ്മ വിളിച്ചിട്ടും പോലും നന്ദു വരാതിരുന്നപ്പോൾ തന്നെ കാർത്തിയുടെ പ്ലാൻ ഏറ്റു തുടങ്ങി എന്ന് സഞ്ജുവിന് മനസ്സിലായി.. ഭക്ഷണം കഴിക്കുമ്പോഴും മനസ്സ് നന്ദുവിന്റെ അടുത്ത് തന്നെയായിരുന്നു..

“എന്താ അമ്മേ ഉണ്ടായത്…??”

ഭക്ഷണം കഴിക്കുന്നതിനിടെ സഞ്ജു അമ്മയോട് ചോദിച്ചു.

“നീ മോളോട് ചോദിച്ചില്ലേ…??”

“നിങ്ങടെ മോളോടു ചോദിച്ചാലും ഒറ്റവാക്കിലേ ഉത്തരം പറയൂ… അമ്മ പറയ്..”

“നീ അതിന് ചാടി കടിക്കാൻ ചെന്നു കാണും.. പിന്നെങ്ങനെ പറയാനാ..?? രാവിലെ കുളിക്കാനായി പോയതാ എന്റടുത്ത് നിന്ന്…

അത്രയും നേരം എന്റെ കൂടെ അടുക്കളയിൽ ഉണ്ടായിരുന്നു.. ചുമ്മാ ഓരോന്ന് പറഞ്ഞു കൊണ്ട്..

കരച്ചിൽ കേട്ട് ഓടിചെല്ലുമ്പോൾ എണീക്കാൻ വയ്യാതെ കിടക്കുവായിരുന്നു.. കുളിച്ചു കഴിഞ്ഞ് പുറത്ത് ഇറങ്ങിയപ്പോൾ..സ്ലിപായി വീണതാണെന്നാ മോള് പറഞ്ഞത്..

തലയിടിച്ച് വീണു.. കൈയക്ക് ചെറിയ ഒരു ഫ്രാക്ചറുണ്ട്..കുറച്ച് നാൾ എടുക്കും ശരിയാകാൻ..

ഭാഗ്യം കൊണ്ട് ഇത്രയേ പറ്റിയുള്ളൂ… പക്ഷേ ഡോക്ടർ പറഞ്ഞത് പ്രഷർ വേരിയേഷൻ ഉണ്ടായിരുന്നു എന്നാണ്… ശ്രദ്ധിക്കണം എന്നും പറഞ്ഞു..

വയ്യാതിരിക്കുമ്പോ ഭർത്താവിന്റെ സ്നേഹവും സാമീപ്യവും ആയിരിക്കും ഏതൊരു ഭാര്യയും ആഗ്രഹിക്കുക… അതെങ്ങനാ.. നീ എന്താ കാണിച്ചു കൂട്ടിയത്.. ”

“നിനക്ക് എന്താ പറ്റീത് സഞ്ജൂ.. നിനക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടോ..??

ഇന്നും ഇന്നലെയും കാണാൻ തുടങ്ങിയതല്ല നിന്നെ ഞങ്ങൾ.. എത്ര വിഷമവും ദേഷ്യവും ഉണ്ടെങ്കിലും മറ്റുള്ളവരുടെ മനസ്സിന് വിഷമം ഉണ്ടാകാതെ കൊണ്ടു നടക്കുന്ന ആളല്ലേ നീ…

കാർത്തിയാണ് ഇങ്ങനെ ചെയ്യുന്നത് എങ്കിൽ എനിക്കും നിന്റെ അമ്മയ്ക്കും ഒരു അദ്ഭുതവും തോന്നില്ല.. ഇത് പക്ഷേ..???”

“അപ്പോ അഭിനയം ഏൽക്കുന്നുണ്ട്..”
അച്ഛന്റെ ചോദ്യം കേട്ട് ചിരി വന്നെങ്കിലും ചിരി കടിച്ചമർത്തി മനസ്സിൽ പറഞ്ഞു..

“ഒന്നുമില്ല അച്ഛാ..
പെട്ടെന്ന് നന്ദൂനെ അങ്ങനെ കണ്ടപ്പോൾ…”

സഞ്ജു പറഞ്ഞൊപ്പിക്കാൻ പാടുപെടുകയായിരുന്നു.. എന്നാലും മനസ്സിൽ ഒരു വിങ്ങൽ.. ഛെ..വേണ്ടായിരുന്നു..

“പോട്ടെ.. സാരമില്ല.. ഭക്ഷണം കഴിച്ചു കഴിഞ്ഞ് പോകുമ്പോൾ മോൾക്കുള്ളത് മുകളിലേക്ക് എടുത്തോ…

അവളെ അധികം നടത്തിക്കേണ്ട.. നാളത്തേയ്ക്കാ വേദനയൊക്കെ കൂടുതൽ ആകൂ..
പിന്നെ തലയധികം അനക്കാതെ നോക്കണം കേട്ടല്ലോ…”

“ഉം..ശരിയച്ഛാ… ഞാൻ ശ്രദ്ധിച്ചോളാം…”

അച്ഛനോട് മറുപടി പറഞ്ഞ് നന്ദുവിനുള്ള ഭക്ഷണവുമെടുത്ത് സഞ്ജു റൂമിലെത്തുമ്പോൾ കിടക്ക വിരിയ്ക്കാനുള്ള തത്രപ്പാടിലാണ് നന്ദു..

“ഡോ..ഈ ഒറ്റ കൈ വച്ച് ചെയ്താൽ താനിന്ന് ഉറങ്ങലുണ്ടാകില്ല.. തന്നോടല്ലേ തലയധികം അനക്കാതെ നോക്കണം എന്ന് പറഞ്ഞത്..

ഇവിടെ വന്നിരിയ്ക്ക്… ഞാൻ ചെയ്തു തരാം…”

അല്പം ഗൗരവത്തോടുകൂടി നന്ദുവിനെ നോക്കി സഞ്ജു പറഞ്ഞു..

“വേണ്ട ഞാൻ തന്നെ ചെയ്തോളാം…”

“വാശി കാണിക്കാതെ മാറിയിരിക്കാൻ… എന്നിട്ട് ആദ്യം ആ കഞ്ഞി എടുത്തു കഴിക്ക്..”

“വേണ്ട ..എനിക്ക് വിശപ്പില്ല… ഞാൻ ആദ്യമേ പറഞ്ഞല്ലോ അമ്മയോട്..”

“തനിക്ക് വിശപ്പ് ഉണ്ടോ ഇല്ലയോ എന്നതല്ല ഇവിടുത്തെ വിഷയം.. ഭക്ഷണം കഴിച്ചിട്ട് മരുന്നില്ലേ കഴിക്കാൻ.. അതുകൊണ്ടാ..

പോയി കഴിക്കാൻ പറഞ്ഞാൽ കഴിച്ചോളണം…”

തിരിച്ചൊന്നും മിണ്ടാതെ നന്ദു പോയി കസേരയിൽ ഇരുന്നു..

കിടക്കയൊക്കെ ശരിയാക്കി ഇട്ടു കഴിഞ്ഞു നോക്കുമ്പോൾ പാത്രത്തിലേക്ക് തന്നെ നോക്കി ഇരിക്കുകയായിരുന്നു നന്ദു..

“ഡോ..വെറുതെ ഇങ്ങനെ പാത്രത്തിലേക്ക് നോക്കി സ്പൂൺ ഇട്ട് ഇളക്കി കൊണ്ടിരുന്നാൽ ഉള്ളിലോട്ട് ഒന്നും ചെല്ലത്തില്ല..

വല്ലതും എടുത്തു കഴിക്കണം..
ഇങ്ങു താ.. ഞാൻ തരാം…”

“വേണ്ട…”
സഞ്ജുവിനെ മുഖത്ത് നോക്കാതെയാണ് നന്ദു മറുപടി പറഞ്ഞത്..

“തനിക്ക് ഈ വേണ്ടാ വേണ്ടാന്ന് പറയാൻ മാത്രേ അറിയത്തൊള്ളു… ഞാനിപ്പോ സമാധാനത്തിലാ പറയണത്.. വെറുതെ എന്നെ ദേഷ്യം പിടിപ്പിക്കരുത്..”

മറുപടിക്ക് വേണ്ടി കാത്തു നിൽക്കാതെ നന്ദുവിന്റെ കയ്യിൽ നിന്നും സ്പൂൺ വാങ്ങി കഞ്ഞി എടുത്തു നന്ദുവിനു നേരെ നീട്ടി..

സഞ്ജുവിന്റെ പെരുമാറ്റം നന്ദുവിന് ഒരുപാട് വിഷമം ഉണ്ടാക്കുന്നുണ്ട്.. എങ്കിലും അതൊന്നും പുറത്തുകാട്ടാതെയാണ് നന്ദു സഞ്ജുവിന്റെ കയ്യിൽ നിന്ന് കഞ്ഞി വാങ്ങി കഴിക്കുന്നത്..

നന്ദുവിന് തന്റെ പെരുമാറ്റം വിഷമം ഉണ്ടാക്കുന്നു എന്ന് അവളുടെ കണ്ണിൽ നിന്നും വായിച്ചെടുക്കാം..

ഇടയ്ക്കിടെ നന്ദുവിന്റെ നോട്ടം തന്നിലേക്ക് വരുന്നതും കണ്ട് സഞ്ജു ഇരുന്നു.. അത് മനസ്സിലായെങ്കിലും മനഃപൂർവം അവഗണിച്ചു..

മനസ്സിൽ ഒരുപാട് സന്തോഷമായിരുന്നു സഞ്ജുവിന്.. ഇങ്ങനെയെങ്കിലും തനിക്ക് അവളോടൊപ്പം സമയം ചെലവഴിക്കാൻ പറ്റുന്നുണ്ടല്ലോ..

നന്ദുവിന് എല്ലാ സഹായത്തിനും സഞ്ജു ഒപ്പമുണ്ടായിരുന്നു…

നന്ദുവിനും അത് സന്തോഷം നൽകുന്ന കാര്യമായിരുന്നു.. പക്ഷേ മനസ്സു തുറന്നു സന്തോഷിക്കാൻ സഞ്ജുവിന്റെ ഭാവമാറ്റം അനുവദിക്കുന്നില്ല എന്ന് മാത്രം…

കാർത്തി ഉണ്ടായിരുന്നെങ്കിൽ അവനോടെങ്കിലും ചോദിക്കാമായിരുന്നു… സഞ്ജുവിന് എന്താ പറ്റിയത് എന്ന്…സഞ്ജു പോയി കഴിഞ്ഞു കാർത്തിയെ വിളിക്കാം.. നന്ദു മനസ്സിലോർത്തു..

സഞ്ജു ഫോണെടുത്തു പുറത്തേയ്ക്ക് ഇറങ്ങുന്നതും നോക്കിയിരിക്കുകയാണ് നന്ദു..
അത് മനസ്സിലാക്കിയ പോലെയാണ് സഞ്ജു പറഞ്ഞത്…

“കിടക്കാൻ നോക്ക്… ഞാനിപ്പോ വരാം..വാതിലടയ്ക്കണ്ട… ഫോണിൽ കുത്തി തലവേദന കൂട്ടണ്ട.. കേട്ടല്ലോ..”

സഞ്ജു പുറത്തോട്ടു ഇറങ്ങിയതും കാർത്തിയെ വിളിക്കാനായി ഫോണെടുത്തു.. അതറിയാതെ നന്ദു വിളിച്ചു നോക്കിയപ്പോൾ..
നമ്പർ ബിസി..

ആ തെണ്ടി അവിടെ ഗായത്രിയെ വിളിച്ചു പഞ്ചാര അടിക്കുകയാകും.. ദ്രോഹി.. അവനൊന്നു വിളിച്ചു പോലുമില്ലല്ലോ..

കാർത്തിയെ മനസ്സിൽ തെറി പറഞ്ഞു നന്ദു കിടന്നു..

അതേസമയം സഞ്ജു കാർത്തിയോട് ഇന്നത്തെ വിശേഷങ്ങൾ ഓരോന്ന് ഓരോന്നായി പറയുകയാണ്.. കാർത്തി വേണ്ട ഉപദേശങ്ങൾ നൽകുകയും ചെയ്യുന്നുണ്ട്..

സംസാരം അവസാനിപ്പിച്ച്
കയ്യിലൊരു പായയും തലയണയുമായി സഞ്ജു റൂമിലേക്ക് വന്നപ്പോഴേക്കും
നന്ദു ഉറക്കം പിടിച്ചിരുന്നു..

പതിയെ ബെഡിനു താഴെയായി പാ വിരിച്ചു.. കട്ടിലിനരികിലായി മുട്ടുകുത്തി ഇരുന്നു നന്ദുവിനെ നോക്കി.. പതിയെ നന്ദുവിന്റെ നെറ്റിയിൽ ഒന്ന് ചുണ്ട് ചേർത്തു..

തലമുടിയിഴകളിൽ പതിയെ തലോടി..ഫ്രാക്ചറായ കൈയ്യുടെ ഷോൾഡറിൽ നീരുവന്ന് കല്ലിച്ചു കിടക്കുന്നിടത്ത് മൃദുവായൊന്നു തൊട്ടു..

നീരിൽ തൊട്ടപ്പോൾ ഉള്ള വേദന കൊണ്ടാകാം നന്ദു ചെറുതായൊനാനു ഞരങ്ങി..

സോറീ നന്ദൂട്ടീ…

നിന്നെ അവഗണിച്ചതിന്…നിന്റെ മനസ്സിൽ ഇപ്പോ ഞാനുണ്ടോന്ന് അറിയാനുള്ള ഒരു കുഞ്ഞു സൂത്രം… അത്രയേ ഉള്ളൂ..

പക്ഷേ എനിക്ക് എത്ര നാൾ ഈ ഗൗരവം പിടിച്ചു നിൽക്കാൻ പറ്റും എന്നറിയില്ല..

ദുബായിലേക്ക് പോകുന്നതിനു മുന്നേ തന്റെ മനസ്സിൽ ഞാൻ ഉണ്ട് എന്നു എനിക്കു ഉറപ്പ് വരുത്തണം.. അതിനു വേണ്ടി മാത്രമാണ് എന്റെ ഈ അഭിനയം..

സോറി മോളേ… രണ്ടു ദിവസം ഇതിങ്ങനെ പോകട്ടെ ട്ടോ…

നന്ദുവിനെ തന്നെ നോക്കി കുറേ നേരം കിടന്നു.. പതിയെ ഉറക്കത്തിലേക്ക് വഴുതി വീണു..

പിറ്റേദിവസം രാവിലെ നന്ദു എണീക്കാൻ തുടങ്ങുമ്പോഴാണ് താഴേ കിടന്നുറങ്ങുന്ന സഞ്ജുവിനെ കാണുന്നത്.. പാവം തോന്നി നന്ദുവിന്..

ഇവിടെയാണോ സഞ്ജു ഇന്നലെ കിടന്നത്.. തന്റെ മനസ്സ് മാറാൻ കാത്തിരിക്കുകയല്ലേ.. പാവം..

താൻ അവഗണിക്കുന്നതിന്റെ ഫ്രസ്ട്രേറ്റഷൻ ആണിതെല്ലാം…

അധികം നാളിങ്ങനെ സഞ്ജുവിനെ മാറ്റി നിർത്താനാകില്ല.. നന്ദു
കട്ടിലിൽ നിന്നും തനിയെ എണീക്കാൻ ശ്രമിച്ചു..

എണീക്കാൻ പറ്റാത്ത വിധം ശരീരവേദനയുണ്ട്..തല അനക്കുമ്പോൾ ഉള്ള വേദന സഹിക്കാൻ കഴിയുന്നില്ല..

എണീക്കാൻ സഞ്ജുവിനെ വിളിച്ചേ പറ്റൂ.. കുറേനേരം സഞ്ജുവിനെ തന്നെ നോക്കി വിളിക്കണോ വേണ്ടയോ എന്ന സംശയത്തോടെ കിടന്നു..

സഞ്ജു ഉറക്കമുണർന്നപ്പോൾ കാണുന്നത് തന്നെ തന്നെ നോക്കി കിടക്കുന്ന നന്ദുവിനേയാണ്.. അവരുടെ കണ്ണുകൾ തമ്മിലുടക്കി…

കുറച്ച് നേരം കൂടി അവളെ തന്നെ നോക്കി കിടന്നാൽ ഇന്നത്തോടെ അഭിനയം നിർത്തേണ്ടി വരും..

പെണ്ണേ… എന്റെ മൗനത്തിന് പ്രണയം എന്നൊരു അർത്ഥം കൂടിയുണ്ട്.. അതു നീ മനസ്സിലാക്കും വരെ ഞാനിതു തുടരും..

സഞ്ജു മനസ്സിൽ പറഞ്ഞു..നന്ദുവിനെ നോക്കി പുരികമുയർത്തി എന്താണെന്ന് ചോദിച്ചപ്പോഴാണ് നന്ദു യാഥാർത്ഥ്യത്തിലേയ്ക്ക് വന്നത്..

“എനിക്ക്.. എണീക്കാൻ പറ്റണില്ല..അതാ..”

“ഓ..മറന്നു.. ഇപ്പൊ വരാം.. അൽപനേരം കൂടെ കിടക്ക്..”

സഞ്ജു വന്ന് നന്ദുവിന്റെ കഴുത്തിന് പിന്നിൽ കൈകൾ വെച്ച് പിടിച്ചു എണീപ്പിക്കുമ്പോൾ തന്നിലേക്ക് എത്തുന്ന അവന്റെ ഹൃദയതാളം അവൾ അറിയുന്നുണ്ടായിരുന്നു..

അവളവന്റെ കണ്ണുകളിലേയ്ക്ക് തന്നെ നോക്കി..

അവളുടെ എല്ലാ പരിഭവങ്ങളും ആ കണ്ണുകളിൽ നിന്നും അവനു മനസ്സിലായി… എഴുന്നേൽക്കാൻ
നന്ദു സഞ്ജുവിന്റെ ചുമലിൽ പിടിച്ചപ്പോൾ സഞ്ജുവാണ് പതറിയത്..

“എന്തിനാ സഞ്ജൂ.. എന്നോടിങ്ങനെ..??”

എന്നുള്ള അവളുടെ ഒരൊറ്റ ചോദ്യത്തിൽ അലിഞ്ഞില്ലാതാകാനുള്ള പിണക്കമേ തനിക്കുള്ളൂ… അവളുടെ മുന്നിൽ അധികം പിടിച്ചു നിൽക്കാൻ തന്നെ കൊണ്ട് കഴിയില്ല..

ഒരാഴ്ച കഴിഞ്ഞു തിരിച്ചു പോകുമ്പോൾ തനിക്ക് ഒരു ഉറപ്പ് വേണം..ആ മനസ്സിൽ ഇപ്പോ താനാണെന്ന്..

💐💐💐💐💐💐💐💐💐💐💐💐💐💐

ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോഴാണ് സഞ്ജു എല്ലാവരോടുമായി പോകുന്ന കാര്യം പറഞ്ഞത്..

“അച്ഛാ..വിത്ത് ഇൻ വൺ വീക്ക്..

എനിക്ക് പോകണം.. ടിക്കറ്റ് എല്ലാം ഓ.കെ ആയിട്ടുണ്ട്.. ഇന്നലെ മെസേജ് വന്നതാണ്.. പിന്നെ ഇവിടുത്തെ തിക്കിനും തിരക്കിനുമിടയിൽ പറഞ്ഞില്ലെന്നേയുള്ളൂ..”

സഞ്ജു പറഞ്ഞത് കേട്ട് നന്ദു അടക്കം എല്ലാവരും ഞെട്ടി..

“ഇത്ര പെട്ടെന്നോ..?? വെറുതെ അല്ല.. ഇതിനായിരുന്നല്ലേ ഇന്നലത്തെ പ്രകടനം…”
അമ്മയാണ് ചോദിച്ചത്..

“അമ്മയ്ക്കല്ലേ പെട്ടെന്ന്…
കല്യാണം കഴിഞ്ഞ് ഒരു മാസം കഴിഞ്ഞു… അവർ ഇന്റർവ്യൂ ദിവസം തന്നെ പറഞ്ഞിരുന്നു.. എക്സ്റ്റെന്റ് ഒന്നും ചെയ്യാൻ കഴിയില്ലെന്ന്..”

“പോകാനുള്ള ഒരുക്കങ്ങൾ എല്ലാം ചെയ്യണ്ടേ..ഇനി അധികം ദിവസങ്ങൾ ഇല്ലല്ലോ… അപ്പോ എങ്ങനാ നന്ദു മോളെയും ഒപ്പം കൊണ്ടു പോകല്ലേ നീ..”

“ഇല്ല അച്ഛാ…തൽക്കാലം നന്ദുവിനെ കൊണ്ട് പോകാൻ പറ്റില്ല.. പോയിട്ട് ആറു മാസം കഴിഞ്ഞു നോക്കാം..”

സഞ്ജു അച്ഛനോട് മറുപടി പറയുന്നുണ്ടെങ്കിലും നോട്ടം നന്ദുവിന് നേർക്കാണ്…

നന്ദു കേട്ടിട്ടും മുഖമൊന്നുയർത്താതെ ഭക്ഷണം കഴിക്കാൻ പ്രയാസപ്പെടുകയാണ്.. കണ്ണു നിറഞ്ഞു കാഴ്ച മറച്ചിരിക്കുന്നു.. ശ്രീദേവി തന്നെയാണ് അവൾക്കുള്ള ഭക്ഷണം കോരിക്കൊടുക്കുന്നത്…

താൻ ചെയ്ത പുണ്യമാണ് തനിക്കു ലഭിച്ച ഈ കുടുംബം..

മനസ്സു നിറഞ്ഞു സ്നേഹിക്കാൻ കഴിയുന്ന അച്ഛനുമമ്മയെയും കിട്ടിയില്ലേ.. പക്ഷേ തന്നോട് സഞ്ജു പോകുന്ന കാര്യം മറച്ചുവച്ചത് അവളെ വേദനിപ്പിച്ചു..

ഒരു പക്ഷേ അതാകും തന്നോട് ഈ അകൽച്ച കാണിക്കുന്നത്.. എന്നാലും ഒരാഴ്ച.. അതു കഴിഞ്ഞാൽ… താൻ തനിയെ..
നന്ദു ഓർത്തു..

ഇതേസമയം നന്ദുവിന്റെ ഓരോ ചലനങ്ങളും തന്റെ മനസ്സിൽ പകർത്തിയെടുക്കുകയായിരുന്നു സഞ്ജു… പതിയെ റൂമിലേക്ക് കയറുമ്പോഴും നന്ദു ചിന്തിക്കുകയായിരുന്നു..

‘ഈ കഴിഞ്ഞ ഒരു മാസം താൻ സഞ്ജുവിനെ ശ്രദ്ധിച്ചിട്ടുണ്ടോ… ഇല്ല… കല്യാണത്തിന് മുമ്പ് കാണിച്ചിരുന്ന അടുപ്പം പോലും പിന്നീട് കാണിച്ചിട്ടില്ല.. സഞ്ജുവിനെ കുറ്റം പറയാൻ പറ്റില്ല… തന്റെ തെറ്റാണ്..’

റൂമിലേക്ക് സഞ്ജു വരുന്നതും കാത്തു ഇരിക്കുകയാണ് നന്ദു..
തന്നോട് പറയുമോ എന്നറിയണം..

പക്ഷേ മനഃപൂർവം സഞ്ജൂ ആ സാഹചര്യം ഒഴിവാക്കി.. രാത്രിയും അങ്ങനെ തന്നെ…

ചുമലിൽ ചൂടുപിടിക്കുമ്പോഴും…തലയിലെ മുറിവ് ഡ്രസ്സ് ചെയ്യുമ്പോഴും നന്ദുവിന്റെ നോട്ടത്തിൽ പതറി പോകാതിരിക്കാൻ സഞ്ജൂ നന്നായി പരിശ്രമിച്ചു…

“സഞ്ജൂ..

നിന്റെ മൗനം കൊണ്ട് നീയെന്നെ തോൽപ്പിക്കാൻ ശ്രമിക്കുന്തോറും നിന്റെ ഹൃദയതാളം പറയുന്നുണ്ട് നിനക്കെന്നോടുള്ള പ്രണയം.. പക്ഷേ..ഈ മൗനം..ഈ അവഗണന… അതാണ് താങ്ങാൻ കഴിയാത്തത്..”
നന്ദു മനസ്സിൽ പറഞ്ഞു..

ഒരാളുടെ മൗനം.. ഒരാളുടെ അവഗണന നമ്മളെ അത്രയേറെ ആഴത്തിൽ വേദനപ്പിക്കുന്നുണ്ടെങ്കിൽ അവർ നമ്മളുടെ ആരെല്ലാമോ ആയി മാറിയിരിക്കുന്നു എന്നതാണ് സത്യം… ഇപ്പോ എനിക്കറിയാം.. സഞ്ജു ഒരു സുഹൃത്തിന് അപ്പുറം ആരെല്ലാമോ ആണെനിക്ക്..

പക്ഷേ എന്നോട് കാണിക്കുന്ന അവഗണന..അതും സ്നേഹം കൊണ്ട് പൊതിഞ്ഞു തരുന്നതാണ് അസഹനീയമായി തോന്നുന്നത്….

ഒന്നു തുറന്നു സംസാരിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ…

നന്ദു ഫോണെടുത്ത് കാർത്തിയെ വിളിച്ചു… കാർത്തി ഫോണെടുത്തിട്ടും നന്ദു ഒന്നും സംസാരിക്കാതെ ഇരുന്നപ്പോഴേ കാർത്തിക്ക് കാര്യം പിടികിട്ടി..

“എന്താ നന്ദൂ.. നീയൊന്നും മിണ്ടാതിരിയ്ക്കണേ…
എങ്ങനുണ്ട് ഇപ്പോ.. വേദനയൊക്കെ..??”

“അതൊക്കെ കുറഞ്ഞു.. എങ്ങനെ ഉണ്ടെടാ നിന്റെ ജോലി..?? ഗായത്രി എന്തു പറയുന്നു..??”

“അതൊക്കെ കുഴപ്പമില്ല…അവൾ സുഖമായിരിക്കുന്നു.. അതൊക്കെ പോട്ടെ..
എന്തായി ഏട്ടന്റെ പോക്ക്…??”

“നിനക്ക് ചോദിച്ചൂടെ..??

എന്തു പറ്റിയെന്ന് അറിയില്ല എനിക്ക്..
എന്നോട് ഇപ്പോ അധികം സംസാരിക്കാറില്ല..”

എന്താ നിങ്ങളുടെ ഉദ്ദേശം…?? ഇങ്ങനെ പോയാൽ ഇതെവിടെ ചെന്നെത്തും… മര്യാദയ്ക്ക് പ്രശ്നങ്ങൾ പറഞ്ഞ് തീർക്കാൻ നോക്കെടീ.. ഏട്ടനോട് ഞാൻ സംസാരിക്കണോ..

“ഏയ്..വേണ്ടാ.. എന്റെ ഭാഗത്തും തെറ്റില്ലേ കാർത്തി.. സഞ്ജൂന് സംസാരിക്കാൻ തോന്നുമ്പോൾ സംസാരിച്ചാൽ മതി…

എന്തായാലും ഞാൻ സംസാരിക്കാൻ തീരുമാനിച്ചിട്ടുണ്ട്..

ആരോടെങ്കിലും ഒന്ന് സംസാരിക്കേണ്ട എന്ന് വിചാരിച്ചു വിളിച്ചതാണ്… നീ വെച്ചോ..
ഞാൻ കിടക്കട്ടെ…”

സഞ്ജു വരുമ്പോഴയ്ക്കും മരുന്നെല്ലാം കഴിച്ച് അൽപ്പം വേദന സഹിച്ചാണെങ്കിലും നന്ദു കിടന്നു.. ഉറക്കം വരുന്നിലെങ്കിലും മനഃപൂർവം കണ്ണടച്ച് കിടന്നു…

രണ്ടുദിവസം കൊണ്ട് ആ മുറിയുടെ ഏകാന്തതയിൽ നന്ദുവിന്റെ മനസ്സ് മടുത്തു തുടങ്ങിയിരുന്നു..

താനിതുവരെ അനുഭവിച്ചിരുന്ന ഏകാന്തത ഒറ്റയടിക്ക് വന്നു പൊതിയുന്ന പോലെ..

ഇന്നെന്തായാലും സഞ്ജുവിനോട് സംസാരിക്കണമെന്നു കരുതിയാണ് നന്ദു കിടന്നത്.. പക്ഷേ മയങ്ങിപ്പോയി..

പകലൊന്നും സഞ്ജുവിനെ കാണാനേ കിട്ടില്ല..

പോകാനുള്ള ഒരുക്കങ്ങൾക്കായി ഓടി നടക്കുകയാണ്.. അടുക്കളയിൽ അമ്മയും തിരക്കിലാകും..

“ഡോ..താനിന്ന് നേരത്തെ ഉറങ്ങിയോ…??”
സഞ്ജുവിന്റെ സംസാരം കേട്ടിട്ടാണ് നന്ദു കണ്ണു തുറന്നത്…

“ഓ.. അപ്പോ മയത്തിൽ സംസാരിക്കാൻ മറന്നിട്ടില്ല..”
നന്ദു മനസ്സിൽ കരുതി..

“എനിക്ക് അൽപ്പം സംസാരിക്കാനുണ്ട്..”

“എനിക്കും..” നന്ദു മറുപടിയായി പറഞ്ഞു..

“എങ്കിൽ നന്ദു ആദ്യം പറഞ്ഞോ..”

“ഓ..അതു വേണ്ട…”
നിറഞ്ഞു വന്ന കണ്ണുകളോടെ നന്ദു പറഞ്ഞു.

പതിയെ എണീക്കാൻ ശ്രമിയ്ക്കുമ്പോൾ സഞ്ജൂ തന്നെയാണ് സഹായിച്ചത്..

അവളുടെ കണ്ണുകൾ നിറഞ്ഞത് കണ്ടെങ്കിലും കാണാത്ത പോലെ മുഖം തിരിച്ചു..

“ഞാൻ..നാലു ദിവസം കഴിഞ്ഞാ പോകാനായി എനിക്ക്.. തനിക്ക് മനസ്സിലാക്കാൻ ഉള്ള സമയത്തിൽ ഒരു ഇടവേള എടുക്കാൻ സമയമായി..

ഞാൻ കരുതി താൻ എന്നോട് ഇന്നലെ തന്നെ ചോദിക്കുമെന്ന്…

പിന്നെ ആരെയും നിർബന്ധിച്ച് ചോദിപ്പിക്കാനൊന്നും പറ്റില്ലല്ലോ.. അതുകൊണ്ട് ഞാൻ തന്നെ പറയാം എന്ന് കരുതി.. ഞാൻ പറഞ്ഞ പോലെ തന്നെ ഇപ്പോൾ തന്നെ കൂടെ കൂട്ടാൻ പറ്റില്ല..

തനിക്ക് വേണമെങ്കിൽ മാത്രം കുറച്ചു നാളു കഴിഞ്ഞു കൊണ്ടു പോകാം ഞാൻ.. തനിക്ക് തീരുമാനിക്കാം..”

നന്ദുവിന് അടുത്തിരുന്ന് മുഖത്തു പോലും നോക്കാതെ സഞ്ജൂ പറഞ്ഞു..

“പോകാനുള്ള ഒരുക്കങ്ങൾ ഒക്കെ ആയോ.. സഞ്ജു..”

നന്ദുവിന്റെ ശബ്ദത്തിലെ ഇടർച്ച സഞ്ജുവിന് സഹിക്കാൻ കഴിയുന്നില്ലായിരുന്നു.. അവളെ ചേർത്തു പിടിക്കാൻ തന്നെയാണ് താനിപ്പോൾ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നതും… പക്ഷേ..

“ഉം.. ഏറെക്കുറെ എല്ലാം ഓ.കെ ആയി..”

“താൻ തന്റെ ആരോഗ്യം ശ്രദ്ധിക്കണം.. വേണമെങ്കിൽ കുറച്ച് ദിവസം വീട്ടിൽ പോയി നിന്നോ.. ഞാൻ പപ്പയോട് വിളിച്ചു പറയാം…”

അതുകേട്ടപ്പോൾ നന്ദുവിന് ക്ഷമ നശിച്ചു… അവഗണന സഹിക്കുന്നതിലും ഒരു പരിധി ഇല്ലേ.. അതു കഴിഞ്ഞാൽ പിന്നെ..

“അത്രയ്ക്കും ബുദ്ധിമുട്ടായോ സഞ്ജുവിന് ഞാൻ ഇപ്പോ…??”

ആ ചോദ്യമല്ല സഞ്ജൂ പ്രതീക്ഷിച്ചത്.. എടുത്തിടിച്ച പോലുള്ള ഒരു മറുപടിയായിരുന്നു.. പ്രതീക്ഷിക്കാത്ത ചോദ്യം കേട്ടതും സഞ്ജൂ നന്ദുവിന്റെ മുഖത്തോട്ട് നോക്കി.. നന്ദു മുഖം താഴ്ത്തിയാണ് ഇരുന്നിരുന്നത്..

നന്ദുവിന്റെ മുന്നിലേയ്ക്ക് കയറി നിന്ന് താഴ്ന്നു നിന്ന മുഖം ഒരു വിരൽ കൊണ്ട് പിടിച്ചുയർത്തുമ്പോൾ തനിക്ക് ഇതിൽ കൂടുതൽ അഭിനയിക്കാനറിയില്ലെന്ന്
സഞ്ജൂ സ്വയം മനസ്സിലാക്കുകയായിരുന്നു..

അവന്റെ കണ്ണുകൾ നോക്കിയത് അവളുടെ നിറഞ്ഞു തുളുമ്പി നിൽക്കുന്ന കണ്ണുകളിലേയ്ക്കാണ്…

“എന്തിനാ സഞ്ജൂ..എന്നോടിങ്ങനെ.. ??

ഇതിൽ കൂടുതൽ എനിക്ക് താങ്ങാൻ കഴിയില്ല സഞ്ജൂ..

കാരണം എന്തുതന്നെയായാലും ഈ അവഗണന.. എനിക്ക് സഹിക്കാൻ കഴിയുന്നതിലും അപ്പുറമാണ്.. ഇനി എനിക്ക് ചിലപ്പോൾ പിടിച്ചു നിൽക്കാൻ പറ്റില്ല.. ”

അതു പറയുമ്പോഴേക്കും കണ്ണുനീർ അനുസരണയില്ലാതെ ഒഴുകി കൊണ്ടിരുന്നു..

“ഞാൻ… എനിക്ക്..”
നന്ദു പറയാൻ തുടങ്ങുന്നതിനു മുൻപ് അവളുടെ മുഖം കയ്യിലെടുത്തു…

“നന്ദൂട്ടീ…”

അവന്റെ ആ വിളി കേട്ടപ്പോൾ അവന്റെ നെഞ്ചിലേയ്ക്ക് ആദ്യം ചേർന്ന് നിന്നത് അവളാണ്..
സഞ്ജു ആദ്യം ഒന്നു നടുങ്ങിയെങ്കിലും സന്തോഷം കൊണ്ട് കണ്ണുകൾ നിറഞ്ഞിരുന്നു..

“എനിക്ക്..”

ഒരു വാക്ക് പോലും പറയാൻ സമ്മതിയ്ക്കാതെ.. ഒരു കൈ കൊണ്ട് തന്നെ വട്ടം ചുറ്റി കെട്ടിപ്പിടിച്ച് ഇരിക്കുന്ന നന്ദു..

വിശ്വസിക്കാനാവാതെ നിൽക്കുകയാണ് സഞ്ജൂ.. അവളെ പിടിച്ചു എഴുന്നേൽപ്പിയ്ക്കുമ്പോൾ സഞ്ജുവിന് അറിയാനായിരുന്നു അവളുടെ മനസ്സിൽ തനിക്കുള്ള സ്ഥാനം..

ആ മുഖം കയ്യിലെടുത്തു നെറ്റിയിൽ തന്റെ ചുണ്ടുകൾ ചേർത്തു.. ആ ശ്വാസം മുഖത്തേറ്റപ്പോൾ അവന്റെ നെഞ്ചിലേയ്ക്ക് തന്നെ അവൾ മുഖം പൂഴ്ത്തി…അവനവളെ ഇറുകെ പുണർന്നു..

“എന്തിനാ സഞ്ജു..എന്നോടീ അകൽച്ച കാണിച്ചത്..??”
അവന്റെ നെഞ്ചിലെ ചൂടേറ്റ് നിന്ന് നന്ദു ചോദിച്ചു..

“നിന്നോട് ഇത്തിരി പരിഭവം കാണിച്ചതു കൊണ്ടല്ലേ പെണ്ണേ… നിന്നെ ഇപ്പോഴെങ്കിലും അറിയാൻ കഴിഞ്ഞത്..

നന്ദൂട്ടീ..

നിന്നോടുള്ള എന്റെ സ്നേഹം എന്നിൽ എത്ര ആഴത്തിൽ പതിഞ്ഞു എന്നെനിക്ക് പറയാൻ അറിയില്ല.. അതാണ് സത്യം..

പക്ഷേ ഈ രണ്ട് ദിവസം കൊണ്ട് നീ പറയാതെ തന്നെ ഞാൻ അറിഞ്ഞിരുന്നു.. നിന്റെ കണ്ണുകൾ എന്നോടു പറഞ്ഞിരുന്നു… നിനക്ക് എന്നോടുള്ള പ്രണയം…

കണ്ണുകൾ കള്ളം പറയില്ലല്ലോ…”

“ഇനിയിപ്പോ ഞാൻ താഴെ കിടക്കേണ്ടല്ലോ അല്ലേ..??”

സഞ്ജു കുസൃതി ചിരിയോടെ പറഞ്ഞത് കേട്ട് നന്ദുവിന്റെ മുഖത്ത് നാണത്തിന്റെ ഒരായിരം പൂക്കൾ വിരിഞ്ഞ പോലെ തോന്നി സഞ്ജുവിന്..

തന്നെ തന്നെ നോക്കി നിൽക്കുന്ന നന്ദുവിനെ കണ്ടപ്പോൾ ഇതുവരെ പിടിച്ചു നിർത്തിയ പ്രണയം തന്നിൽ അലയടിച്ചുയരുന്നത് സഞ്ജുവിന് മനസ്സിലായി..

അവന്റെ ശ്വാസം മുഖത്ത് അടിച്ചപ്പോൾ അവളുടെ കണ്ണുകൾ പിടഞ്ഞു… അവന്റെ ചുണ്ടുകൾ നെറ്റിയിൽ ചേർത്തു..

പതിയെ അവന്റെ ചുണ്ടുകൾ തന്റെ ചുണ്ടുകളെ തേടുന്നത് അവളറിഞ്ഞു..അവൾ കണ്ണു കൾ ഇറുക്കിയടച്ചു… അതു കണ്ടപ്പോൾ അവന് ചിരിയാണ് വന്നത്..

ഡോ.. പേടിക്കേണ്ട..ഞാനൊന്നും ചെയ്യില്ല… എനിക്ക് ഒരു തിരക്കുമില്ല… കുസൃതി ചിരിയോടെ സഞ്ജു പറഞ്ഞു..

സഞ്ജുവിനോട് ചേർന്ന് ആ വലംകൈയ്ക്കുള്ളിൽ കിടക്കുമ്പോൾ ഇതുവരെയും തന്നെ അവഗണിച്ചതിന്റെ പ്രായശ്ചിത്തം പോലെ അവനിലേക്ക് അവളെ ചേർത്ത് പിടിച്ചിരുന്നു..

പതിയെ അവളുടെ മൂർദ്ധാവിൽ ചുംബിച്ചപ്പോൾ അവളൊന്നു കൂടെ അവനിലേക്ക് ചേർന്ന് കിടന്നു.. ഒരിക്കലും വേർപെടില്ല എന്ന് ഉറപ്പോടെ…

(തുടരും )

എല്ലാവായനക്കാരോടും, എല്ലാവർക്കും എല്ലാ നോവലും വായിക്കാൻ കിട്ടുന്നില്ല എന്നു കണ്ടു. ആയതിനാൽ ഞങ്ങൾ ഒരു ടെലഗ്രാം ഗ്രൂപ്പ് ആരംഭിച്ചിരിക്കുന്നു. സുരക്ഷിതമായ ഒരു ആപ്പാണ് ടെലഗ്രാം ആപ്പ്. വാട്‌സാപ്പ് പോലെ അല്ല. സുരക്ഷിതമാണ്. ഒരാൾക്ക് മറ്റൊരാളുമായി ചാറ്റാനോ ഒന്നും സാധിക്കില്ല. കാണാനും പറ്റില്ല. ആയതിനാൽ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് എല്ലാവരും ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യുക. നിങ്ങളുടെ മൊബൈലിൽ ടെലഗ്രാം ആപ്പ് ഇൻസ്റ്റാൾ ചെയ്തിട്ടുവേണം ലിങ്കിൽ ക്ലിക്ക് ചെയ്യാൻ. മൊബൈലിൽ പ്ലേ സ്റ്റോറിൽ കയറി Telegram എന്ന് ടൈപ്പ് ചെയ്താൽ നിങ്ങൾക്ക് പ്ലേ സ്റ്റോറിൽ നിന്നും അത് ഇൻസ്റ്റാൾ ചെയ്യാം. എല്ലാ നോവലുകളും നിങ്ങൾക്ക് നിങ്ങളുടെ സൗകര്യത്തിന് വായിക്കാനും സാധിക്കും.telegram

ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക…

നല്ല‍ പാതി : ഭാഗം 1

നല്ല‍ പാതി : ഭാഗം 2

നല്ല‍ പാതി : ഭാഗം 3

നല്ല‍ പാതി : ഭാഗം 4

നല്ല‍ പാതി : ഭാഗം 5

നല്ല‍ പാതി : ഭാഗം 6

നല്ല‍ പാതി : ഭാഗം 7

നല്ല‍ പാതി : ഭാഗം 8

നല്ല‍ പാതി : ഭാഗം 9

നല്ല‍ പാതി : ഭാഗം 10

നല്ല‍ പാതി : ഭാഗം 11

നല്ല‍ പാതി : ഭാഗം 12

നല്ല‍ പാതി : ഭാഗം 13

നല്ല‍ പാതി : ഭാഗം 14

നല്ല‍ പാതി : ഭാഗം 15

നല്ല‍ പാതി : ഭാഗം 16

നല്ല‍ പാതി : ഭാഗം 17

നല്ല‍ പാതി : ഭാഗം 18

നല്ല‍ പാതി : ഭാഗം 19

Comments are closed.