Thursday, December 12, 2024
Novel

നല്ല‍ പാതി : ഭാഗം 8

നോവൽ

*******
എഴുത്തുകാരി: ധന്യ സുജിത്ത്‌

ഇന്നാണ് ആ ദിവസം..
എല്ലാ പെൺകുട്ടികളും നല്ല ഉഷാറാണ്.. തരംതാഴ്ത്താൻ നോക്കിയവർ തങ്ങളോട് തന്നെ മാപ്പു പറയുന്ന ദിവസം അല്ലേ… അപ്പോ കുറച്ച് അഹങ്കാരം ഒക്കെ ആവാം…

ആൺപിള്ളേർ മിക്കവരും തലതാഴ്ത്തി തന്നെയാണ് പോകുന്നത്.. ഇത്രയും നാൾ തല ഉയർത്തിപ്പിടിച്ച് കളിയാക്കിയവർ ഇന്നിതാ തലയും കുമ്പിട്ടു പോകുന്നു.. അവന്മാർ ഒരിക്കലും പ്രതീക്ഷിച്ചുകാണില്ല അവസാനം വിജയം പെൺപടയ്ക്കു തന്നെ ആയിരിക്കുമെന്ന്…

അധ്യാപകർ ഓരോരുത്തരായി എത്തി തുടങ്ങുന്നതേയുള്ളൂ…

കോളേജ് ഗേറ്റിൽ തന്നെ പോലീസുകാർ ഉണ്ട്.. ഇന്ന് എന്തെങ്കിലും പ്രശ്നം കിരണും ഗ്യാങ്ങും ഒപ്പിക്കും എന്നാണ് എല്ലാവരുടെയും പേടി..

കാർത്തി എത്തുമ്പോൾ നന്ദുവും കൂട്ടുകാരും എല്ലാം ഓഡിറ്റോറിയത്തി മുന്നിൽ തന്നെയുണ്ട്.

“മങ്കമാർ എല്ലാവരും നേരത്തെ എത്തിയിട്ടുണ്ടല്ലോ..??”

“പിന്നെ എത്താതെ… അതെ മോനേ ഇന്ന് ഞങ്ങളുടെ ദിവസമാണ്..

ആണുങ്ങളുടെ അഹങ്കാരത്തിന് മേൽ പെണ്ണുങ്ങളുടെ ദൃഢനിശ്ചയം വിജയം കണ്ട ദിവസം..” നന്ദുവാണത് പറഞ്ഞത്.

“എന്നാലും നിങ്ങളൊക്കെ കൂടി ഇത് ഇവിടെ വരെ എത്തിയ്ക്കുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല.. സമ്മതിച്ചു തന്നു മക്കളെ…”

“ഇതൊക്കെ എന്ത്..”എന്ന ഭാവത്തിൽ നിൽക്കുകയാണ് നന്ദുവും പാറുവും കൂട്ടുകാരും.

“നന്ദിതാ..
തന്നെ പ്രിൻസിപ്പാൾ വിളിക്കുന്നു.”
ഒരു കുട്ടി വന്ന് പറഞ്ഞു.

“പാറു.. നീ കൂടെ വാ..”

നന്ദു പാറുവിനെയും പിടിച്ചുവലിച്ച് പ്രിൻസിപ്പാളിന്റെ റൂമിലേക്ക് ചെന്നു. മുന്നിൽ തന്നെ അവരെ കാത്തിരുന്ന പോലെ അദ്ദേഹം നിൽക്കുന്നുണ്ടായിരുന്നു.

“നന്ദിത..
എല്ലാം ഓക്കേ അല്ലേ..നിങ്ങളുടെ ഭാഗത്തുനിന്നും യാതൊരുവിധ പ്രകോപനവും ഉണ്ടാവരുത്..”

“നോ..സർ.. ഞങ്ങൾ നോക്കിക്കോളാം..

ആരും ദേഷ്യം പിടിപ്പിക്കാനോ.. കൂവാനോ ഒന്നിനും മുതിരരുത്.. അവരെക്കൊണ്ട് മാപ്പ് പറയിയ്ക്കുക എന്നുള്ളതാണ് അവർക്കുള്ള ഏറ്റവും വലിയ ശിക്ഷ.. അവിടെ നിങ്ങൾ വിജയിച്ചു എന്ന ഭാവം..

അവരുടെ മനസ്സിൽ പക വളർത്താനേ ഉപകരിക്കൂ.. സൊ.. അത് മനസ്സിൽ വച്ച് വേണം പെരുമാറാൻ… മനസ്സിലാകുന്നുണ്ടോ.. കൃത്യം പത്തു മണിക്ക് തുടങ്ങാം… ഇത് ഇന്നത്തോടെ തീരണം.. ഇനി അതിനൊരു തുടർച്ച ഉണ്ടാകരുത്.. കേട്ടല്ലോ..
ഓക്കേ പൊക്കോളൂ..”

“ഓക്കേ സർ.. താങ്ക്യൂ..”

“അവർക്കെതിരെ കൂവാൻ പോലും പാടില്ല എന്ന് പറഞ്ഞത് മാത്രം പിടിച്ചില്ല എനിക്ക്..”
പറഞ്ഞത് പാറു ആണ്.

“കൂവരുത്.. എന്നല്ലേ പറഞ്ഞുള്ളൂ നമുക്ക് അസ്സലായി കൈ അടിക്കാം.. നീ വാ.. അവളുമാരോട് എല്ലാവരോടും പറയണ്ടേ.. അല്ലെങ്കിൽ കിടന്നു കൂവും.. പണി പാളും..”

നന്ദു പാർവ്വതിയേയും കൂട്ടി ഓഡിറ്റോറിയത്തിലേക്ക് നടന്നു.

സമയം ആയപ്പോഴേക്കും എല്ലാവരും സീറ്റുകളിൽ സംസ്ഥാനം പിടിച്ചിരുന്നു. യാതൊരു പ്രത്യേകതകളും ഇല്ലാത്ത ഒരു സാധാരണ പരിപാടി. ഒരു മണിക്കൂർ മാത്രം.

നന്ദു പാറുവും കൂടി ഓഡിറ്റോറിയത്തിലേക്ക് കടക്കുന്നതിനു തൊട്ടുമുൻപായാണ് അന്നത്തെ താരങ്ങൾ അവിടെ എത്തുന്നത്.

അവർ അഞ്ചു പേർ..
കിരൺ,രാഹുൽ, സാം, സമീർ, രഞ്ജിത്ത് ..ബാക്കിയും കുറേ വാലുകൾ ഉണ്ട് പക്ഷേ മാപ്പു പറയാൻ പോകുന്നത് പ്രധാനികൾ ഇവരാണ്.

നന്ദുവിനെയും പാർവ്വതിയേയും കണ്ടപ്പോൾ.. എല്ലാവരുടെയും മുഖം ദേഷ്യം കൊണ്ട് ചുവന്നിരുന്നു.. കിരണിന്റെ ഒഴിച്ച്.. അവൻറെ മുഖത്ത് ഒരു പുഞ്ചിരിയായിരുന്നു.. ഗൂഢമായ പുഞ്ചിരി..

അത് കണ്ടപ്പോൾ നന്ദുവും പാറുവും മുഖത്തോട് മുഖം നോക്കി.. ഇവനെന്താ പറ്റിയേ എന്ന ഭാവത്തിൽ..

അവർ ഓഡിറ്റോറിയത്തിലേക്ക് കടന്നതിന് പിന്നാലെയാണ് പ്രതാപചന്ദ്രൻ നായരും മറ്റും മാതാപിതാക്കളും അവിടെ എത്തിയത്..
അയാൾക്കും അതേ പുഞ്ചിരി..

“ഈ ചിരിയിൽ എന്തോ പണി വരുന്നുണ്ടല്ലോ നന്ദു…”

കാർത്തി ആണത് പറഞ്ഞത്..

“പണിയല്ലേ.. വരട്ടെ നമുക്ക് നോക്കാം..”

ഓഡിറ്റോറിയത്തിലേക്ക് കയറിയതും പിന്നിൽ നിന്നൊരു വിളി.

“മോളേ നന്ദിതാ..”
വിളിച്ചത് പ്രതാപചന്ദ്രനാണ്..

“അവസാനം നിങ്ങൾ വിജയിച്ചു അല്ലേ…”

“അയ്യോ അങ്കിൾ.. തെറ്റിദ്ധരിക്കരുത്.. ഞങ്ങൾക്ക് അങ്കിളിനോടോ മോനോടോ യാതൊരു വ്യക്തി വിരോധവുമില്ല.. ഈയൊരു വിഷയത്തിൽ..

അതിൽ ഞങ്ങൾക്ക് എതിർക്കേണ്ടി വന്നിട്ടുണ്ട്. അതിന്റെ കാരണം ഞങ്ങളുടെ ഭാഗത്തുനിന്ന് ചിന്തിച്ചാൽ മനസ്സിലാകും.

പിന്നെ ഞങ്ങളെ ഭീഷണിപ്പെടുത്താൻ നോക്കിയപ്പോൾ ഞങ്ങൾക്ക് ഭീഷണി ഏൽക്കില്ല എന്ന് അറിയിക്കണം എന്ന് തോന്നി. അത്രയേ ഉള്ളൂ..
വേറൊന്നും വിചാരിക്കരുത്..”

“എന്തായാലും കൺഗ്രാറ്റ്സ്..”

പ്രതാപചന്ദ്രൻ നന്ദുവിനു നേരെ കൈ നീട്ടി.. കൈ കൊടുക്കണോ വേണ്ടയോ എന്ന സംശയത്തോടെ നിൽക്കുകയായിരുന്നു നന്ദു..

“പേടിക്കണ്ട.. കൈ താടോ… നിങ്ങളെപ്പോലുള്ള.. വിട്ടുവീഴ്ചയില്ലാത്ത ലീഡേഴ്സ് മുന്നിലുണ്ടായാൽ വിജയം ഉറപ്പല്ലേ… അതിനാണ് ഈ കൺഗ്രാറ്റ്സ്..

പക്ഷേ ഇനി മുതൽ അങ്ങോട്ട് എപ്പോഴും സൂക്ഷിച്ചോളണം..
ഈ ലോകം അത്ര നന്നല്ല..”

നന്ദു കൈനീട്ടി എങ്കിലും അയാളുടെ സംസാരത്തിലെ ഭീഷണിയുടെ ധ്വനി നന്ദുവിന് മനസ്സിലായി..

ഇതിന്റെ പേരിൽ ഇനി ഒരു ഇഷ്യൂ ഉണ്ടാക്കരുത് എന്ന് പ്രിൻസിപ്പാളിന്റെ നിർദേശം ഉള്ളതുകൊണ്ട് നന്ദു ഒന്നും മിണ്ടാതെ നടന്നു..

ചടങ്ങുകൾ ആരംഭിക്കാറായി..

വേദിയിൽ പ്രിൻസിപ്പാളും എച്ച്.ഓ.ഡി മാരും മാത്രം..
ബാക്കി അധ്യാപകർ ഒക്കെ മുന്നിൽ തന്നെ ഇരുപ്പുറപ്പിച്ചിട്ടുണ്ട്..

ഹോസ്റ്റൽ സെക്രട്ടറി എന്ന നിലയിൽ പാറു ആണ് സംസാരിച്ചു തുടങ്ങേണ്ടത്.. നന്ദു പാറുവിനെ ഉന്തിത്തള്ളി സ്റ്റേജിലേക്ക് വിട്ടു..

“പ്ലീസ് നന്ദൂ…നീ പോയാ മതി.. ഞാൻ പോണില്ലടീ.. എന്തു പറഞ്ഞു തുടങ്ങും..??”

“അയ്യടി മോളേ.. അങ്ങനെ എല്ലാത്തിനും നീ എന്നെ പിടിച്ചിട്ടു രക്ഷപ്പെടണ്ടട്ടാ…
പോയി സംസാരിക്കെടീ..”

പാർവ്വതി മുന്നിലൂടെ തന്നെയാണ് സ്റ്റേജിലേക്ക് കയറിയത്..
ധൈര്യം സംഭരിച്ച് പാർവതി തുടങ്ങി..

“ഗുഡ്മോർണിംഗ് ആൾ.. ഞാൻ പാർവതി.. ഈ വർഷത്തെ ഹോസ്റ്റൽ സെക്രട്ടറിയാണ്.. നമുക്ക് കാര്യത്തിലേക്ക് കടക്കാം..

ഇന്നവിടെ നമ്മളെല്ലാവരും കൂടിയിരിക്കുന്നത് അത്ര സന്തോഷം നൽകുന്ന ഒരു കാര്യത്തിന് അല്ലെന്ന് എനിക്കറിയാം…

എനിക്ക് മാത്രമല്ല നിങ്ങൾക്ക് ഓരോരുത്തർക്കും അറിയാം.. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇതൊരു വിജയം ആയിരിക്കാം.. പക്ഷേ ഞങ്ങളുടെ സുഹൃത്തുക്കളെ സംബന്ധിച്ചിടത്തോളം…

അവരുടെ മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം… ഇത് അങ്ങനെ ആയിരിക്കണമെന്നില്ല..

വെറും ചെറിയ ചെറിയ പ്രശ്നങ്ങളുടെ പേരിൽ തുടങ്ങിയ ഒരു വിഷയം… അതാണ് ഇവിടെ വരെ കൊണ്ടെത്തിച്ചത്.

ഇതിനുശേഷം എങ്കിലും നമ്മുടെ കോളേജിൽ ഇങ്ങനെ ഒരു വിഷയം ആവർത്തിക്കാതെ ഇരിക്കട്ടെ..

എല്ലാവരും സൗഹൃദത്തോടെ പെരുമാറുന്ന ഒരു കോളേജ് അന്തരീക്ഷമാണ് നിങ്ങൾക്കും ഞങ്ങൾക്കും എല്ലാവർക്കും ആഗ്രഹം..

ചെറിയ ചെറിയ പ്രശ്നങ്ങൾ ഉണ്ടാക്കാത്ത കോളേജുകൾ ഇല്ല.. കാലങ്ങൾക്കുശേഷം ആലോചിക്കുമ്പോൾ കോളേജിലെ പ്രശ്നങ്ങൾ..

ഓർത്തു ചിരിക്കാൻ ഉള്ള അനുഭവങ്ങൾ തരുന്നതായിരിക്കും.. ഞാൻ അധികം സംസാരിക്കുന്നില്ല.. കൂടുതൽ പറയുന്നതിനായി പ്രിൻസിപ്പൽ സാറിനെ ക്ഷണിക്കുന്നു..”

പ്രിൻസിപ്പൽ കസേരയിൽ നിന്ന് എണീറ്റത് കയ്യടിക്കാൻ തുടങ്ങിയതും കുട്ടികൾക്ക് നേരെ കൈയുയർത്തി വേണ്ട എന്ന് ആംഗ്യം കാണിച്ചു.. അദ്ദേഹം സംസാരിച്ചു തുടങ്ങി..

“ഗുഡ്മോർണിംഗ് എവരിവൺ..
ഈ മോർണിംഗ് എല്ലാവർക്കും ഗുഡ് ആകില്ല എന്നെനിക്കറിയാം.. ചിലർക്കൊക്കെ ഇത് ബാഡ് മോണിംഗ് തന്നെയായിരിക്കും..

പാർവതി പറഞ്ഞപോലെ ഈ കോളേജിലെ ചരിത്രത്തിലെ തന്നെ ആദ്യത്തെ സംഭവമാണിത്..
ഈ മാപ്പ് പറയൽ..

ഈ മാപ്പുപറച്ചിൽ ഒഴിവാക്കി കേസെടുത്ത് അതിനെ തുടർന്ന് ഈ കുട്ടികളെ ഡീബാർ ചെയ്യാനുമൊക്കെ വകുപ്പുകൾ ഉണ്ടായിട്ടും ഞാൻ ഈ പെൺകുട്ടികൾ പറഞ്ഞപോലെ തന്നെ ഈ മാപ്പുപറച്ചിൽ മതി എന്ന് തീരുമാനിച്ചത് രണ്ടേ രണ്ട് കാരണങ്ങൾ കൊണ്ടാണ്.

ഒന്ന്… ഞാനും ഒരു അച്ഛനാണ് ആണ്.. എനിക്കും രണ്ട് പെൺമക്കളാണ് ഉള്ളത്. അവരുടെ വികാരങ്ങളും വിചാരങ്ങളും വിഷമങ്ങളും എല്ലാം അറിയുന്ന സാധാരണക്കാരനായ അച്ഛനാണ് ഞാൻ..

ഇവർ വന്ന് ഈ സംഭവം പറയുമ്പോൾ.. അവിടെ ഞാൻ പ്രിൻസിപ്പാളിനെ പോലെയല്ല ചിന്തിച്ചത്. എന്റെ മക്കൾ എന്നോട് അവർക്ക് ഇങ്ങനെ ഒരു അനുഭവം ഉണ്ടായി..

ഞങ്ങൾ എന്തു ചെയ്യണം അച്ഛാ.. എന്ന് ചോദിക്കുമ്പോൾ ഞാൻ ഒരിക്കലും അവരെ പിന്തിരിപ്പിക്കാൻ അല്ല, ധൈര്യത്തോടെ മുന്നോട്ട് പോകൂ അച്ഛൻ ഉണ്ടാവും നിങ്ങളോടൊപ്പം എന്ന് പറയാനേ ആഗ്രഹിക്കൂ…

അതുപോലെത്തന്നെയാണ് പാർവതിയും നന്ദിതയും എന്നെ വന്നു കണ്ടു സംസാരിച്ചപ്പോൾ ഞാനും അവരോട് പറഞ്ഞത്.

എനിക്ക് വേണമെങ്കിൽ കോളേജിന്റെ പേര് കളയാതിരിക്കാൻ ഒത്തുതീർപ്പാക്കി ഒഴിവാക്കി
കളയാം ആയിരുന്നു.. എന്നിലെ അച്ഛൻ അതിന് സമ്മതിച്ചില്ല എന്ന് പറയുന്നതാവും കൂടുതൽ ശരി..

രണ്ടാമത്തെ കാരണം..ഈ തെറ്റ് ഇനിയൊരിക്കലും ഈ കോളേജിലെ ചരിത്രത്തിൽ ആവർത്തിക്കരുത്..

ഇതൊരു മാതൃകാ നടപടിയായി കണ്ടാൽ മതി എല്ലാവരും. ഇതുകൊണ്ട് കൊണ്ട് ആർക്കും ഒരു ദോഷവും വരില്ല..ആരും ഡി ബാർ ചെയ്യപ്പെടുന്നില്ല..
പോലീസ് കേസ് ആകുന്നില്ല..

ആൺ കുട്ടികളും പെൺ കുട്ടികളുംഒരുമിച്ച് ചേർന്ന് സൗഹൃദാന്തരീക്ഷത്തോടെ പഠിക്കേണ്ടുന്ന ഒരു സ്ഥാപനത്തിൽ ഇതുപോലുള്ള പ്രവർത്തികൾ ഇനിയൊരിക്കലും ആവർത്തിക്കരുത് എന്ന് ഉറച്ച തീരുമാനത്തോടെ ഞാനെടുത്ത നടപടിയാണിത്. തീരുമാനത്തോടൊപ്പം നിന്ന എല്ലാ ടീച്ചേഴ്സിനും ഞാൻ നന്ദി പറയുന്നു..

പിന്നെ ഇവിടെ വന്നിരിക്കുന്ന എല്ലാം മാതാപിതാക്കളോട്.. ഇതിൽ നിങ്ങളുടെ മക്കൾ മാത്രമല്ല അവർക്ക് പിന്നിൽ കുറെ പേരുണ്ട്..

പക്ഷേ ഇതിനു മുന്നിൽ നിന്ന് പ്രവർത്തിച്ചത് ഇവരാണെന്ന ഒരൊറ്റ കാരണം കൊണ്ടാണ് നിങ്ങൾ ഇന്ന് ഇപ്പോൾ ഇവിടെ ഇരിക്കുന്നത്.. അവരുടെ ഈ തെറ്റിന് ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ നമ്മൾ എല്ലാവരും കാരണക്കാരാണ്..

വീട്ടിൽ നിന്ന് തുടങ്ങേണ്ട പാഠങ്ങൾ… പഠിപ്പിക്കേണ്ട അധ്യാപകർ മനപ്പൂർവ്വം പഠിപ്പിക്കാതെ വിട്ടു കളയുന്ന പാഠങ്ങൾ..

ആർത്തവം എന്ന് പറഞ്ഞാൽ എന്താണ്..??
മനുഷ്യ സൃഷ്ടിക്കുവേണ്ടി സ്ത്രീശരീരത്തിൽ നടക്കുന്ന ഒരു പ്രക്രിയ. ഓരോ പെൺകുട്ടിയും യും അമ്മയാകാൻ ഒരുങ്ങുന്ന..

തന്നെ കുഞ്ഞിനെ കാത്തിരിക്കുന്ന ഒരു അവസ്ഥ.. അതാണ് ആർത്തവം.. ഞാനും നിങ്ങളും നമ്മളോരോരുത്തരും വന്നത് അങ്ങനെ തന്നെയാണ്..

ആ അവസ്ഥയെ നമ്മൾ ഇതുപോലെ തരംതാണ രീതിയിൽ കണ്ടാൽ അവിടെ തരംതാഴ്ന്ന താഴ്ന്നത് അവരല്ല നമ്മൾ തന്നെയാണ്.

സ്ത്രീയുടെ ഏറ്റവും പവിത്രമായ അവസ്ഥകളിൽ ഒന്നായാണ് അതിനെ നാം കാണേണ്ടത്. അറയ്ക്കേണ്ട ഒരു കാര്യമല്ല അത്..

അവർക്കും പറയാനുണ്ടാവും ഒരുപാട് കഥകൾ.. മാനസിക സംഘർഷങ്ങളുടെ… വേദനകളുടെ.. ഒറ്റപ്പെടലുകളുടെ.. മാറ്റിനിർത്തപ്പെടലുകളുടെ… ഒരുപാട് കഥകൾ..

ഇന്ന് അനുഭവിക്കുന്ന വേദനകൾ നാളെ അവൾക്ക് തന്നെ മാതൃത്വത്തിന്റെ മാധുര്യം നൽകുമെന്ന പ്രതീക്ഷയാണ്.. വിശ്വാസമാണ്..

അവരെ അതു സഹിക്കാൻ പ്രാപ്തരാക്കിയത്.. നമ്മുടെ അടുത്ത തലമുറയ്ക്ക് വേണ്ടി തയ്യാറെടുത്തു കൊണ്ടിരിക്കുന്ന ഓരോ പെൺകുട്ടിയെയും നമ്മൾ അപ്പോൾ ബഹുമാനത്തോടെയല്ലേ കാണേണ്ടത്..

മരണത്തിൻറെ പടിവാതിൽക്കൽ എത്തിയാണ് നമ്മുടെ അമ്മമാർ ഓരോരുത്തരും നമുക്ക് ജന്മം നൽകുന്നത്. ഇവരെ അപമാനിക്കുമ്പോൾ നമ്മൾ അപമാനിക്കുന്നത് നമ്മളെ കൂടിയാണ്…

നമ്മുടെ അമ്മമാരെ അറിഞ്ഞാൽ.. നമ്മുടെ സഹോദരിമാരെ അറിഞ്ഞാൽ.. നമ്മുടെ പെണ്മക്കളെ അറിഞ്ഞാൽ…

നമുക്കൊരിക്കലും ഇവരോടല്ല ലോകത്തിലെ ഒരു പെണ്ണിനോടും അപമര്യാദയായി പെരുമാറാൻ സാധിക്കില്ല. ഞാൻ ഇത് പറയുന്നത് എൻറെ സ്വന്തം ആൺ മക്കളോടാണ് ഒരു അച്ഛനെന്ന നിലയിൽ..

ആർത്തവത്തെപ്പറ്റി പെൺകുട്ടികളോട് പറയുന്നതുപോലെ തന്നെ ആ പ്രായത്തിലുള്ള ആൺകുട്ടികളോടും പറഞ്ഞു കൊടുക്കേണ്ടത് അത്യാവശ്യമാണ്..

മാതാപിതാക്കൾ മാത്രമല്ല അധ്യാപകരും ആ കാര്യത്തിൽ തെറ്റുകാർ തന്നെയാണ്.. ഹൈസ്കൂൾ ക്ലാസുകളിൽ നിങ്ങൾ തന്നെ പഠിച്ചാൽ മതി എന്ന് പറഞ്ഞ് മറിച്ചു കളഞ്ഞ ആ പാഠഭാഗങ്ങൾ..

അന്ന് അവിടെ അവർക്ക് വിവരിച്ചു കൊടുക്കാനുള്ള ധൈര്യം അവർ കാണിച്ചിരുന്നുവെങ്കിൽ… അതിന്റെ മഹത്വം ഇവരെ പഠിപ്പിച്ചിരുന്നെങ്കിൽ.. ഇവർ മനസ്സിലാക്കിയിരുന്നുവെങ്കിൽ..

ഇവർ ഇങ്ങനെ എന്ന് പെരുമാറിയില്ലാരുന്നു..ഇനി നിങ്ങൾ എങ്കിലും നിങ്ങളുടെ വരും തലമുറയോട് അങ്ങനെ ചെയ്യാതിരിക്കുക… ആൺ പെൺ വ്യത്യാസമില്ലാതെ എല്ലാവർക്കും പറഞ്ഞു കൊടുക്കുക..

ഈ ലോകത്തിലെ ഏറ്റവും മാന്യനായ വ്യക്തി ഒരു സ്ത്രീയോട് മര്യാദയോടെ പെരുമാറുന്നവനാണ്.
എന്നാൽ നബിവചനം ഓർക്കുക.

ഇനി അധികം സംസാരിക്കുന്നില്ല. കാര്യത്തിലേക്ക് കടക്കാം..

“ഏറെ മനോവിഷമത്തോടെ തന്നെയാണ് ഞാൻ ഈ കാര്യത്തിലേക്ക് കടക്കുന്നത്..
ഇങ്ങനെ ഒരു അവസ്ഥ ഒരിക്കലും എന്റെ അധ്യാപന ജീവിതത്തിൽ വന്നിട്ടില്ല.. ഇല്ല.. നേരിടേണ്ടിവരുമെന്ന് മനസ്സിൽ പോലും കരുതിയിട്ടില്ല..

ഇനിയെങ്കിലും ഈ തെറ്റ് എന്റെ മക്കൾ ആവർത്തിക്കില്ല എന്ന് ഞാൻ വിശ്വസിക്കുന്നു..

ഓരോരുത്തരെയായി വിളിക്കുന്നില്ല.. അഞ്ചുപേരും പേരെയും ഒരുമിച്ച് വിളിക്കാം..
കിരൺ പ്രതാപ്..
രാഹുൽ ജി നായർ..

സാം അലക്സ്..
സമീർ മുഹമ്മദ്..&
രഞ്ജിത്ത് ബാലകൃഷ്ണൻ..

പേരു വിളിച്ചതും അഞ്ചു പേരും സ്റ്റേജിലേക്ക് കയറി. സദസ്സിലും കാണികൾക്കിടയിലും ഭയങ്കരമായ ഒരു നിശബ്ദതയായിരുന്നു..

അവരെന്തുപറയും എന്നുള്ള ആകാംഷ ഓരോരുത്തരുടെയും കണ്ണിൽ ഉണ്ടായിരുന്നു.

മാപ്പ് പറയാതന്നെ അവരുടെ മനസ്സിലെ വികാരങ്ങൾ എല്ലാം അവരുടെ മുഖത്ത് പ്രതിഫലിച്ചിരുന്നു…

ബാക്കി നാലുപേരും ആകെ ടെൻഷനടിച്ച് നിൽക്കുമ്പോൾ..
കിരൺ മാത്രം വളരെ കൂളായിട്ടാണ് നിന്നത്..

“ആരാണ് ആദ്യം പറയുന്നത്..??” പ്രിൻസിപ്പാളിന്റേതാണ് ചോദ്യം..

“ഞാൻ പറയാം.. സർ..”

കിരണിന്റെ മറുപടി കേട്ടതും ബാക്കി നാലുപേരും മുഖത്തോടുമുഖം നോക്കി അന്തംവിട്ടു നിൽക്കുകയാണ്.

നാലു പേർ മാത്രമല്ല എല്ലാവരും.. നന്ദുവും കാർത്തിയും എന്താണ് ഇവിടെ സംഭവിക്കുന്നത് ഒരു പിടിയും കിട്ടുന്നില്ലല്ലോ എന്നൊരു ഭാവം..

“ഓക്കേ.. കിരൺ ആണ് ആദ്യം പറയുന്നതെങ്കിൽ വരൂ.. പറയൂ..”

മൈക്ക് കിരണിന് കൈമാറി പ്രിൻസിപ്പൽ..

“താങ്ക്യൂ സാർ..”

യാതൊരു ഭാവഭേദവും കൂടാതെ പുഞ്ചിരിയോടെ തന്നെയാണ് കിരൺ തുടങ്ങിയത്..
കിരണിന്റെ പുഞ്ചിരി കണ്ടതും എല്ലാവരുടെയും മുഖത്ത് അത്ഭുതം.. ഒരു പൊട്ടിത്തെറി ആണ് എല്ലാവരും പ്രതീക്ഷിച്ചത്.

കിരൺ സംസാരിച്ചുതുടങ്ങി…

ഗുഡ്മോർണിംഗ് ആൾ..
ഫസ്റ്റ് ഓഫ് ആൾ വെരി ബിഗ് സോറി ഫോർ ആൾ ഓഫ് യു മൈ ഡിയർ ഫ്രൻസ്..
ഞങ്ങൾ ചെയ്ത തെറ്റിനെ ഞങ്ങൾ ഒരിക്കലും ന്യായീകരിക്കുന്നില്ല.. ചെയ്തത് തെറ്റാണ്..

മാപ്പർഹിക്കാത്ത തെറ്റ്.. എന്നിട്ടുപോലും ഈയൊരു മാപ്പുപറച്ചിൽ കൊണ്ട് നിങ്ങൾ ഞങ്ങൾക്ക് മാപ്പ് തരുമെങ്കിൽ… എല്ലാവരോടും..

ഇവിടെ ഇരിക്കുന്ന ഓരോ പെൺകുട്ടികളോടും ഞാൻ ഹൃദയത്തിൽ നിന്നും മാപ്പ് ചോദിക്കുന്നു.. എല്ലാവർക്കും അത്ഭുതം ആണെന്ന് എനിക്കറിയാം അറിയാം കിരൺ പ്രതാപിന്റെ മാറ്റം..

നിങ്ങൾക്ക് ഉൾക്കൊള്ളാൻ ബുദ്ധിമുട്ടാണെന്നും അറിയാം.. ഞാൻ തന്നെ എന്റെ മാറ്റം ഉൾക്കൊള്ളാൻ കുറച്ചു ബുദ്ധിമുട്ടി..

അപ്പൊ പിന്നെ നിങ്ങളുടെ കാര്യം പറയേണ്ടല്ലോ..ഞാൻ ഈ കോളേജിലെ അവസാന വർഷ വിദ്യാർത്ഥിയാണ..

ഈ നാലുവർഷം കോളജിൽ ഒരാളോട് പോലും ഞാൻ നന്നായി പെരുമാറിയിട്ടില്ല.. റാഗിംഗിന്റെ പേരിലായാലും.. നിസ്സാര പ്രശ്നങ്ങളുടെ പേരിൽ ആയാലും..

ഒറ്റ മകന് ആയതു കൊണ്ടും പഠിച്ചിരുന്ന സ്കൂളിലും എല്ലായിടത്തും എനിക്ക് മുൻഗണന കിട്ടിയിരുന്നത് കൊണ്ടും ഇവിടെ വന്നപ്പോൾ ഞാൻ ഹീറോയിസം കാണിച്ചു എന്നത് ശരി തന്നെ..

പണമാണ് എല്ലാത്തിനും വലുത് എന്ന് അഹങ്കരിച്ചിരുന്ന ഒരു കിരൺ ഉണ്ടായിരുന്നു ഒരാഴ്ച മുന്നേ വരെ.. ഇപ്പോ ആ അഹങ്കാരമില്ല..

ഇനി അങ്ങോട്ട് ഉണ്ടാകുകയുമില്ല.. ഇനി ഇതുപോലെ ഒരു തെറ്റ് ഞങ്ങളുടെ ഭാഗത്തു നിന്ന് ഉണ്ടാകില്ല.. അത് ഞാൻ നിങ്ങൾക്ക് ഓരോരുത്തർക്കും തരുന്ന ഉറപ്പാണ്..

ദയവുചെയ്ത് ഈ നിൽക്കുന്ന നാലുപേരെ ഇതിൽ നിന്ന് ഒഴിവാക്കി തരണം.. എന്റെ വാശിക്ക് ഞാൻ ചെയ്ത പ്രവർത്തിക്ക് അവർ കൂടെ നിന്നു എന്നേയുള്ളൂ.. അല്ലാതെ ഇവരിലാരും ഇതിനുവേണ്ടി മുന്നിട്ടിറങ്ങിട്ടില്ല..

എനിക്ക് വേണ്ടി ചെയ്ത തെറ്റിന് ദയവു ചെയ്തു അവരെ കൂടി ശിക്ഷിക്കരുത്… നിങ്ങളോടുള്ള എന്റെ ഒരു അപേക്ഷയാണ്.. അവർക്കും കൂടി വേണ്ടി ഞാൻ നിങ്ങളോട് മാപ്പ് ചോദിക്കാം..

ഞങ്ങൾ ചെയ്ത തെറ്റിന് ഞങ്ങളോട് ക്ഷമിക്കാൻ സാധിക്കുമെങ്കിൽ എങ്കിൽ ക്ഷമിക്കുക.. ഒരു തവണ കൂടി എല്ലാവരോടും മാപ്പ് ചോദിക്കുന്നു.

ഒരു കാര്യം കൂടി.. പറഞ്ഞു അവസാനിപ്പിക്കാം.

എന്റെ ഈ മാറ്റത്തിന് കാരണം..
ഞാൻ എന്നും വഴക്ക് അടിച്ചിട്ടുള്ള ഒരിക്കൽപോലും നന്നായൊന്ന് സംസാരിക്കാത്ത ഒരാളാണ്.. നിങ്ങൾക്കെല്ലാവർക്കും അറിയാവുന്ന ഒരാളാണ്.. നന്ദിത..
നന്ദിതാ വേണുഗോപാൽ..

നിങ്ങളുടെ എല്ലാം നന്ദു.. നന്ദുവിന്.. സോറി നന്ദിതയ്ക്ക് ഒരു വലിയ താങ്ക്സ്.. താങ്ക്സ് എ ലോട്ട്..

കേട്ടുകൊണ്ടിരുന്ന എല്ലാവരും അന്തം വിട്ടിരിക്കുകയാണ്..
ഈ സമയമത്രയും പ്രതാപചന്ദ്രന്റെ കണ്ണുകൾ നന്ദിതയുടെ മുഖത്തായിരുന്നു. അവളുടെ ഭാവമാറ്റങ്ങളിൽ..

നന്ദുവാണെങ്കിൽ ഞാൻ കേട്ടത് അത് സത്യമാണോ.. അല്ലയോ.. എന്നു വിശ്വസിക്കാനാവാതെ ഇരിക്കുകയായിരുന്നു.

“ഡീ… നിന്റെ കൈയിൽ നിന്ന് അടി കിട്ടിയപ്പോൾ അവന്റെ റിലേ അടിച്ചു പോയോ..??
എന്താടി അവൻ പറഞ്ഞത്..??

സത്യമാണോ..?? എല്ലാവരുടെയും മുഖത്ത് ഒന്നു നോക്കിയേ..?? എല്ലാവരുടെ കിളികളും ഒരുമിച്ച് പറക്കുന്നു..”

കാർത്തിയുടെ വാക്കുകേട്ട് നന്ദു ചിരി കടിച്ചമർത്തി.

“സർ ബാക്കിയുള്ളവരും മാപ്പ് പറയണോ ഇനി…??”
കിരൺ പ്രിൻസിപ്പാളിനോട് ചോദിച്ചു..

“അത് അവരുടെ തീരുമാനം ആണ് ഞാൻ അവരോട് ചോദിക്കാം..??”

“കുട്ടികളെ.. നമ്മൾ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു മാപ്പുപറച്ചിൽ ആണ് ഇപ്പോൾ ഇവിടെ നടന്നത്.. കിരണിന്റെ ഈ
മാറ്റം നിങ്ങളെപ്പോലെ തന്നെ എന്നെയും അത്ഭുതപ്പെടുത്തി..

കിരൺ എല്ലാവർക്കും വേണ്ടി മാപ്പ് ചോദിച്ച സ്ഥിതിക്ക്.. അയാളുടെ മാറ്റം സത്യസന്ധമാണെങ്കിൽ..

അതിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്ന ഒരാൾ ഞാനായിരിക്കും.. എന്റെ ചോദ്യം ഇനി ഈ നിൽക്കുന്ന നാലുപേരും നിങ്ങളോട് മാപ്പ് പറയണം എന്ന് നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ എന്നാണ്..?? ഏറ്റവും വലിയ ഒരു മാപ്പുപറച്ചിൽ.. അതല്ലേ ഇപ്പോൾ നടന്നത്..

പ്രിൻസിപ്പൽ എല്ലാവരോടും കൂടി ചോദിച്ചു.. എല്ലാവരും ഒരുമിച്ച് വേണ്ടെന്ന മറുപടിയാണ് കൊടുത്തത്.. അത് കിരണിനെ മുഖത്തെ പുഞ്ചിരി ഒന്നുകൂടി തെളിച്ചം ഉള്ളതാക്കി..

പിന്നിൽ നിന്ന് നാലുപേർക്കും സന്തോഷമായി..അവരുടെ മുഖത്ത് അത്ഭുതമായിരുന്നു കിരണിന്റെ മാറ്റം…

അവർ കണ്ട കിരൺ ഇതൊന്നും അല്ലായിരുന്നു.. അവരൊരിക്കലും വിശ്വസിച്ചിരുന്നില്ല ഈ മാറ്റം സത്യസന്ധമാണെന്ന്..

കാരണം അവർക്ക് അറിയുന്ന പോലെ ഈ ഓഡിറ്റോറിയത്തിൽ ഇരിക്കുന്ന ഒരാൾക്ക് പോലും അവനെ അറിയില്ല.. പ്രതാപചന്ദ്രന് ഒഴിച്ച്.. അവൻ ഇങ്ങനെ ഒരു മാറിയിട്ടുണ്ടെങ്കിൽ അതിന്റെ പിന്നിൽ എന്തെങ്കിലും അവൻ കണ്ടിരിക്കും..

എന്തു തന്നെയായാലും ഈ പരട്ട പെണ്ണുങ്ങളുടെ മുന്നിൽ മാപ്പ് പറയാതെ രക്ഷപ്പെട്ടല്ലോ അതാണ് ലാഭം നാലുപേരുടെയും മുഖത്ത് ആ സന്തോഷമായിരുന്നു.

“ഓക്കേ അപ്പോൾ നിങ്ങൾ നാല് പേരും മാപ്പുപറയേണ്ട.. എല്ലാവർക്കും വേണ്ടി കിരൺ മാപ്പു പറഞ്ഞല്ലോ അതുമതി.. ഇനി ഈ പ്രശ്നത്തിന് ഒരു തുടർച്ച ഉണ്ടാകരുത്..ഒരു കാര്യം കൂടി പറയട്ടെ..”

പ്രിൻസിപ്പൽ തുടർന്നു..

“കിരണിന്റെ ഈ മാറ്റം സത്യമാണെങ്കിൽ എങ്കിൽ ആ മാറ്റത്തിന് കാരണക്കാരിയായ ആളെ ഇങ്ങോട്ട് വിളിക്കേണ്ടേ.. അതല്ലേ.. അതിൻറെ ഒരു ശരി.. നന്ദിതാ പ്ലീസ് കം ഓൺ ടു ദി സ്റ്റേജ്..”

നന്ദിത ആകെ കിളി പോയ അവസ്ഥയിൽ നിൽക്കുകയായിരുന്നു..

എന്തെങ്കിലും പ്രശ്നം ഒപ്പിക്കും എന്ന് തന്നെയായിരുന്നു അവസാന നിമിഷം വരെ നന്ദുവും ചിന്തിച്ചു കൊണ്ടിരുന്നത്.. ഇതിപ്പോ തനിക്ക് ഒരു ഇരുട്ടടി കിട്ടിയ പ്രതീതിയാണ്..

കാർത്തി തട്ടി സ്റ്റേജിലേക്ക് വിളിക്കുന്നു എന്ന് പറഞ്ഞപ്പോഴാണ് ബോധത്തിലേക്ക് വന്നത്..

നന്ദിത സ്റ്റേജിലേക്ക് കയറി. നന്ദിതയെ പിടിച്ച് മുന്നിലേക്ക് നിർത്തി പ്രിൻസിപ്പാൾ പറഞ്ഞു…
ദാ ഇതാണ് നന്ദിത..

നന്ദിതാ വേണുഗോപാൽ… കൂട്ടുകാരുടെ എല്ലാം നന്ദു.. തേർഡ് ഇയർ പഠിക്കുന്ന മിടുക്കിയാണ്, ഇന്ന് ഇവിടെ ഈ ഈ പരിപാടി നടക്കാൻ മുഖ്യ കാരണക്കാരിൽ ഒരാൾ.. ബാക്കിയുള്ളവരൊക്കെ ദാ അവിടെ നിൽക്കുന്നുണ്ട്..”

പാർവ്വതിയേയും കൂട്ടുകാരെയും ചൂണ്ടിക്കാട്ടി പ്രിൻസിപ്പാൾ തുടർന്നു.

“അവർ ആരെയും മറന്നതു കൊണ്ടല്ല.. ഞാൻ നന്ദിതയെ സ്റ്റേജിലേക്ക് വിളിപ്പിച്ചത്.. ഇവിടെ ഉണ്ടായ ഒരു സംഭവത്തിന്റെ പേരിലാണ് ആണ്..

നമുക്കെല്ലാവർക്കും അറിയാം, ഇതുവരെ കിരൺ പ്രതാപ് എങ്ങനെ ആയിരുന്നു എന്ന്.. പക്ഷേ ഇപ്പോൾ അയാളിൽ ഉണ്ടായ മാറ്റം സത്യമാണെന്ന് ഞാൻ വിശ്വസിക്കുന്നു..

സത്യമാണെങ്കിൽ എങ്കിൽ അതിന് കാരണക്കാരിയായ നന്ദിതയെ വിളിച്ചു അഭിനന്ദിക്കാതിരിക്കാൻ കഴിയുന്നതെങ്ങനെ…

നന്ദിതയെ കുറിച്ച് പറയുമ്പോൾ വളരെ ഏറെ അഭിമാനം തോന്നുന്നു എനിക്ക്.. തന്റെ ദൃഢനിശ്ചയത്തിനു മുന്നിൽ മറ്റൊന്നും ഒന്നുമല്ല എന്ന് തെളിയിക്കുന്ന സ്വഭാവം..

കാര്യം തുറന്നു പറയുന്നവർക്ക് ലോകം ചാർത്തിക്കൊടുക്കുന്ന ഒരു പേരുണ്ടല്ലോ.. അഹങ്കാരി..
നന്ദിതയും ആ ഗണത്തിൽ പെടുന്ന ഒരാളാണ്..

പക്ഷേ എനിക്ക് തോന്നിയത് വേറൊന്നാണ്.. പരിചയപ്പെടുന്ന ഓരോ വ്യക്തിയിലും അവളുടേതായ ഒരു കുഞ്ഞു ഓർമ്മയും എങ്കിലും നൽകിയിട്ടു പോകുന്ന ഒരു കാന്താരി..

കാരണം ഞാനാകെ നന്ദിതയോടെ സംസാരിച്ചത്.. അത് ഈ ഒരാഴ്ച.. ഈ വിഷയത്തെപറ്റി മാത്രമാണ്.. അതിനു മുൻപൊരിക്കൽ പോലും എനിക്ക് നന്ദിതയോട് സംസാരിക്കേണ്ടി വന്നിട്ടില്ല.. പക്ഷേ ഈ ഒരാഴ്ച കൊണ്ട്.. ഇനി അങ്ങോട്ടുള്ള എന്റെ ജീവിതത്തിൽ..

എപ്പോൾ ഞാൻ നന്ദിത അല്ലെങ്കിൽ നന്ദു എന്ന പേരു കേട്ടാലും.. എന്റെ മനസ്സിലേക്ക് ഓടിയെത്തുന്ന മുഖം ഈ നന്ദിതയുടെ ആയിരിക്കും.. അതുറപ്പ്. എവിടെയോ വായിച്ചതോർക്കുന്നു ..

പെൺകുട്ടികൾ വളരേണ്ടത് തൊട്ടാൽ ഭയക്കുന്ന പൂമ്പാറ്റകളെ പോലെയല്ല… തൊട്ടാൽ കുത്തുന്ന കടന്നലുകളെ പോലെയാണ്..
ദേ ഇതുപോലെ..”

“സൊ മൈ ഹാർട്ടി കൺഗ്രാജുലേഷൻസ് ടു നന്ദിത വേണുഗോപാൽ..”

പ്രിൻസിപ്പാൾ വന്ന് കൈ തരുമ്പോഴും.. കെട്ടി പിടിക്കുമ്പോഴും.. നന്ദുവിന്റെ കണ്ണുകൾ ആത്മാഭിമാനത്താൽ നിറയുന്നുണ്ടായിരുന്നു.. ഒപ്പം കാർത്തിയുടെയും..

“അപ്പോ ഇനി നിങ്ങൾ തമ്മിലുള്ള വഴക്കും പിണക്കവും ഒക്കെ അവസാനിപ്പിക്കാം..അല്ലേ..??”

കിരണിനോടും നന്ദിതയോടുമായി പ്രിൻസിപ്പൽ ചോദിച്ചു..

“ഷുവർ സർ.. കിരൺ ആണ് മറുപടി പറഞ്ഞത്..”

വിശ്വാസം വരാത്തത് പോലെ കിരണിന്റെ മുഖത്തോട്ട് തന്നെയായിരുന്നു നന്ദുവിന്റെ നോട്ടം. അപ്പോഴും കിരണിന്റെ മുഖത്ത് പുഞ്ചിരി തന്നെ.

“സൊ.. ബോത്ത് ഓഫ് യു മസ്റ്റ് ഗിവ് എ ഹാൻഡ്സ് ഷെയ്ക്ക് നൗ ഇറ്റ് സെൽഫ്…”

രണ്ടുപേരും പരസ്പരം കൈ കൊടുത്തു. പരസ്പരം നോക്കി പുഞ്ചിരിച്ചെങ്കിലും നന്ദിതയുടെ മനസ്സിൽ സംശയം ബാക്കിയാണ്…

കാരണം കിരണിന്റെ കണ്ണുകളിൽ അവൾ കണ്ടത് മാറ്റം അല്ല.. പകരം തന്നോടുള്ള പകയാണ്.. അടങ്ങാത്ത പക..

രണ്ടുപേരും കൈകൊടുത്ത് പിരിയുമ്പോൾ അധ്യാപകരും കുട്ടികളും ഒന്നടങ്കം കൈയടിച്ചു.. പ്രശ്നങ്ങളൊന്നുമില്ലാതെ അതെ ഈ പരിപാടി അവസാനിച്ചത് പ്രിൻസിപ്പാളിന് വളരെ ആശ്വാസം നൽകി.. എല്ലാവരും നന്ദുവിനെ അഭിനന്ദനങ്ങൾ കൊണ്ട് മൂടി..

സന്തോഷത്തിന് ഇടയിലും
നന്ദുവിന്റെ മനസ്സിൽ ഒരു കനലെരിയുന്നുണ്ടായിരുന്നു..
അതിനുകാരണം പ്രതാപചന്ദ്രൻ പറഞ്ഞ വാക്കുകളായിരുന്നു..

“ഇനി മുതൽ അങ്ങോട്ട് എപ്പോഴും സൂക്ഷിച്ചോളണം..
ഈ ലോകം അത്ര നന്നല്ല..” എന്ന വാക്കുകൾ..

(ഇന്നത്തെ പാർട്ട് അല്പം ചെറുതായൊന്ന് എനിക്കും സംശയം ഇല്ലാതില്ല.. ക്ഷമിയ്ക്ക്ട്ടാ.. അടുത്ത തവണ ശരിയാക്കാം.. എന്ന് കരുതി അഭിപ്രായങ്ങൾ പറയാതെ ഇരിക്കരുത്..)

(കാത്തിരിയ്ക്കണേ….
ഒത്തിരി സ്നേഹത്തോടെ…
ധന്യ..)

നല്ല‍ പാതി : ഭാഗം 1

നല്ല‍ പാതി : ഭാഗം 2

നല്ല‍ പാതി : ഭാഗം 3

നല്ല‍ പാതി : ഭാഗം 4

നല്ല‍ പാതി : ഭാഗം 5

നല്ല‍ പാതി : ഭാഗം 6

നല്ല‍ പാതി : ഭാഗം 7