Wednesday, September 18, 2024
Novel

നല്ല‍ പാതി : ഭാഗം 4

നോവൽ

*******
എഴുത്തുകാരി: ധന്യ സുജിത്ത്‌

“നാം പോലുമറിയാതെ നമ്മളെ പിന്തുടര്ന്ന് സ്നേഹിക്കുന്നവരെ തിരിച്ചറിയുന്നിടത്താണ് മോളേ നമ്മുടെ സന്തോഷം തുടങ്ങുന്നത്.
ആ തിരിച്ചറിവ് മോള്ക്ക് ഉണ്ടാകുമെന്നാ അമ്മയുടെ വിശ്വാസം…ബാക്കിയെല്ലാം മോളുടെ തീരുമാനം..

അമ്മ മോളെ നിര്ബന്ധിയ്ക്കില്ല..
ജീവിതം മോളുടെയാണ്..
തീരുമാനവും മോളു തന്നെ എടുക്കണം..ഇനിയും പഴയതൊക്കെ ആലോചിച്ചുകൊണ്ടിരിയ്ക്കാതെ..
നഷ്ടങ്ങളെന്നും നഷ്ടങ്ങള് തന്നെയാണ് മോളേ…പക്ഷേ ചില നഷ്ടങ്ങളാകാം ജീവിതത്തിലെ ഏറ്റവും വലിയ നേട്ടങ്ങള് തരുന്നത്..മോളൊന്നു ആലോചിയ്ക്കൂ…
എന്നിട്ട് പറഞ്ഞാല് മതി..”

എന്തൊക്കെയോ ഓര്ത്ത
പോലെ ആ കണ്ണുകള് നിറയുന്നുണ്ടായിരുന്നു. മറ്റുള്ളവര് അത് കാണാതിരിക്കാന് അ
ഒന്നു മൂളുക മാത്രം ചെയ്തു നന്ദിത. ശേഷം റൂമിലേയ്ക്ക് പോയി.

സംസാരങ്ങള്ക്കും ചര്ച്ചകള്ക്കും ഒടുവില് നന്ദുവിന്റെ വീട്ടില് നിന്നിറങ്ങാന് നേരം നന്ദുവിനോട് യാത്ര പറയാനായി കാര്ത്തി റൂമിലോട്ട് ചെന്നു.
മേശമേല് തലവച്ച് കമിഴ്ന്ന് കിടക്കുകയായിരുന്നു നന്ദിത‍‍..

“നന്ദൂ…ചുമലില് കൈ വച്ച് കാര്ത്തി വിളിച്ചു…”

കാര്ത്തിയുടെ വിളി കേട്ട് നന്ദിത തലയുയര്ത്തി നോക്കി.
കണ്ണെല്ലാം കരഞ്ഞു കലങ്ങി വീര്ത്തിരിയ്ക്കുന്നു.

“കരയുകയായിരുന്നോ
പെണ്ണേ നീ…എന്തു പറ്റീടാ നന്ദൂ..
ഇത്രയും നേരം ഗൗരവത്തോടെ സംസാരിച്ച ആളു തന്നാണോ ഇത്..”

അപ്പോഴാണ് നന്ദു തലവച്ചു കിടന്നിരുന്നത് ഒരു പുസ്തകത്തിലാണെന്നവന് ശ്രദ്ധിച്ചത്.

“എന്താ അത്..നമ്മുടെ റെക്കോഡോ..നോക്കട്ടെ..”

അവളുടെ കൈയ്യില് നിന്ന് അതു വാങ്ങി തുറന്നു നോക്കി കാര്ത്തിക്…അതിലൊരു ഫോട്ടോ കണ്ട് ഒരു ഞെട്ടലോടെയാണ് കാര്ത്തിക് ചോദിച്ചത്..

“ഇത്…??”

“മറന്നോ..നീ…
എന്റെ അഭിയെ..??”

ചുമല് പൊക്കി ഇല്ലെന്ന ആംഗ്യം കാണിച്ചു കാര്ത്തി.

“നന്ദൂ..നീ അവനെപ്പറ്റിയൊന്നും പറയാതിരുന്നപ്പോ ഞാന് കരുതി..”

“ഞാനവനെ മറന്നെന്ന്..അല്ലേ…???”

“ആരോരുമില്ലാത്ത അവനെ ആരു മറന്നാലും ഞാൻ മറക്കാൻ പാടുണ്ടോ..???
എനിക്കവനെ മറക്കാന് പറ്റോടാ..???
അവനെപ്പറ്റി പറഞ്ഞു തുടങ്ങിയാല് ചിലപ്പോ ഞാനെടുത്തു വച്ച
മുഖംമൂടിയെല്ലാം തകര്ന്നു പോകും..പിന്നെനിക്ക് പിടിച്ചു നില്ക്കാന് പറ്റിയെന്നു വരില്ല..
പക്ഷേ ഞാനങ്ങനെ ചെയ്താ സങ്കടാകും അവന്..
തന്റേടിയായ നന്ദിതയെ ആണ് അവനിഷ്ടം…നീ പറയണ പോലെ ഒരു വെട്ടുപോത്തിനെ.. അതുകൊണ്ടാ ഞാൻ…
പക്ഷേ കുറച്ചു മുന്നേ നഷ്ടങ്ങളെന്നും നഷ്ടങ്ങള് തന്നെയാണെന്ന് നിന്റെ അമ്മ പറഞ്ഞപ്പോൾ സഹിക്കാന് പറ്റിയില്ലെനിയ്ക്ക്..

ദേ..ഇതാണ് ഞങ്ങളുടെ ലോകം..ഈ മുറി..
ഇതിനപ്പുറത്തേയ്ക്ക് വേറൊരു നന്ദിതയാണ് ഞാന്..ഈ രണ്ടു വര്ഷങ്ങള് എനിക്കു തന്ന മാറ്റം..
ഇതിനപ്പുറത്തേയ്ക്ക് ഞാനെന്നെ കൊണ്ടുപോകാറില്ല..”

“നിനക്കെന്നോടെങ്കിലും മനസ്സൊന്നു തുറന്നു സംസാരിച്ചൂടെ നന്ദൂ..അല്ലെങ്കില്..”

“നീ പേടിയ്ക്കണ്ട.. കാർത്തീ..
ഞാനിപ്പോ നോര്മലാണ്..
ദേ.. മരുന്നും മന്ത്രവും എല്ലാമുണ്ട്..”

“അഭി..
അവനെന്റെ കൂടെ തന്നെയുണ്ട് കാര്ത്തീ.. ഇപ്പോഴും..
ഞാനൊന്നു വിളിച്ചാല് കേള്ക്കാവുന്ന ദൂരത്ത്…എന്റെ സങ്കടങ്ങള്ക്കു കൂട്ടായി.. അവനുണ്ട് എന്റൊപ്പം..

നിന്റെ ഏട്ടന് എന്നോടുള്ള ഇഷ്ടം സഹതാപത്തിന്റെ പുറത്താണെങ്കില് അതിന്റെ ആവശ്യമില്ല. പക്ഷേ എന്തായാലും എന്നെ പറ്റി ആളറിയണമെന്നു തോന്നി..നേരിട്ടു പറഞ്ഞാൽ ചിലപ്പോ എനിക്കു നിയന്ത്രിക്കാനായെന്നു വരില്ല..
അതാണ് ഞാന് ആ ഡയറി കൊടുത്തത്.
അതിലുണ്ട് എല്ലാം..
എന്നെ പറ്റി…
അഭിയെ പറ്റി…
ഞങ്ങളുടെ സ്വപ്നങ്ങളെ പറ്റി…
എന്റെ നഷ്ടങ്ങളെ പറ്റി…
എല്ലാം ഞാന് കാരണല്ലേ…
എന്റെ ഇഷ്ടങ്ങളൊക്കെയും എനിക്ക് നഷ്ടപ്പെട്ടിട്ടേയുള്ളൂ..
ഒരു ഭാഗ്യമില്ലാത്ത ജന്മം..വെറുതെ നിന്റെ ചേട്ടനെ കൂടി ഇതിലോട്ട് വലിച്ചിടേണ്ട…”

ഇതുവരെ കാണാതിരുന്ന നന്ദുവിനെ കണ്ടപ്പോള് കാര്ത്തിയ്ക്കും കണ്ണീരിനെ പിടിച്ചു നിര്ത്താനായില്ല..

“നന്ദൂ..മതി..നിര്ത്ത്..നീയാണ് കാരണം എന്നാരാ പറഞ്ഞേ..
അതായിരിക്കും അവന്റെ വിധി…”

“ഉം..വിധി..നടക്കാതെ പോയ ആഗ്രഹങ്ങള്ക്കും സ്വപ്നങ്ങള്ക്കും ലോകം നല്കിയ പേര്..”

“നന്ദൂ..”

“ഏയ്..ഞാന് ഓ.കെ ആണെടാ..നീ പൊയ്ക്കോ, കുറച്ചു നേരം ഞാനൊന്നു ഒറ്റയ്ക്കിരിക്കട്ടെ..”

കുറെ നേരമായി കാര്ത്തിയെ കാണാത്തതു കൊണ്ടാണ് സഞ്ജയ് അങ്ങോട്ടേയ്ക്കു ചെന്നത്..കാര്ത്തിയുടെ മുഖം കണ്ടപ്പോള് കാര്യം അത്ര പന്തിയല്ലെന്ന് സഞ്ജുവിന് മനസ്സിലായി.

“എന്താ കാര്ത്തീ..
എന്തു പറ്റീ..”

“ഏയ് ഒന്നുമില്ല ബ്രോ..
പോകണ്ടേ നമുക്ക്..”

“ഉം.. പോകാം..”

നന്ദിതയെ നോക്കി സഞ്ജയ് അതു പറയുമ്പോള് പുറത്തോട്ട് നോക്കിയിരിക്കുകയായിരുന്നു നന്ദിത..

“നന്ദൂ…എന്താ കാര്യമെന്ന് ഞാൻ ചോദിയ്ക്കുന്നില്ല..പക്ഷേ താന് വായിയ്ക്കാനേല്പ്പിച്ച ഈ ഡയറി..അതു വായിച്ചു കഴിഞ്ഞും എനിയ്ക്കു തന്നോടുള്ള പരിഗണനയ്ക്കോ സ്നേഹത്തിനോ..കുറവൊന്നും വന്നില്ലെങ്കില് തന്റെ ഭാഗത്തു നിന്നൊരു പോസിറ്റീവ് അപ്രോച്ച് ഞാന് പ്രതീക്ഷിക്കും…
ഓ.കെ ആണല്ലോ അല്ലേ..???”

നന്ദിത സഞ്ജുവിനെ ഒന്നു നോക്കുക മാത്രം ചെയ്തു..

“വാ കാര്ത്തീ..ഇറങ്ങാം..”
അതും പറഞ്ഞു സഞ്ജയ് നടന്നു..

“പോട്ടെ നന്ദൂ…ഞാനിടയ്ക്ക് വിളിയ്ക്കാം നിന്നെ…
പിന്നേ..
എന്റെ ഏട്ടനൊരു പാവമാ…
നിന്റെ അഭിയെ പോലെ..
ഒരുപാട് ഇഷ്ടമാ നിന്നെ… നമ്മുടെ കുറവുകൾ മനസ്സിലാക്കി നമ്മളെ സ്നേഹിക്കുന്നവര് എന്നും നമ്മോടൊപ്പം കാണും നന്ദൂ.. അവർ ഒരിക്കലും നമ്മെ വിട്ടു പോകില്ല.. നമ്മെ വിട്ടു കൊടുക്കുകയുമില്ല..
മനസ്സിലായില്ലേ ഞാന് പറഞ്ഞത്..
പോട്ടെടീ..വെട്ടുപോത്തേ…”

ചിരിച്ചുകൊണ്ട് തലയാട്ടി നന്ദു.

വേണുഗോപാലിനോടും സുമയോടും യാത്ര ചോദിച്ചവര് ഇറങ്ങി. അവർ പോകുന്നതും നോക്കി ബാല്ക്കണിയില് നില്പുണ്ടായി നന്ദു. കാറില് കയറുന്നതിനു മുന്നേ സഞ്ജയ് നന്ദിതയെ ഒന്നു നോക്കി..തന്റെ ഡയറി നെഞ്ചോടു ചേർത്തു നില്ക്കുന്ന സഞ്ജുവിനെ നോക്കിയൊന്നു പുഞ്ചിരിച്ചു നന്ദു…കാര്ത്തി കൈ വീശി കാണിച്ചു.

കാര്ത്തിയാണ് ഡ്രൈവ് ചെയ്തത്.. കാറിലിരുന്ന് അമ്മയാണ് സംസാരത്തിന് തുടക്കമിട്ടത്..

“മോനേ..സഞ്ജൂ..നന്ദു മോള് കല്യാണത്തിനു സമ്മതിയ്ക്കോ???”

“എനിക്ക് അറിയില്ല അമ്മാ…”

“സമ്മതിയ്ക്കും അമ്മാ.. നിങ്ങള് നോക്കിക്കോ… അവളെ കൊണ്ട് ഞാന് സമ്മതിപ്പിക്കും..”

കാര്ത്തി ആത്മവിശ്വാസത്തോടെ പറഞ്ഞു.

“എന്തായിരുന്നു കാര്ത്തീ നന്ദുവിന്റെ റൂമില് വച്ച് സംസാരിച്ചിരുന്നത്..നിന്റെ മുഖം വല്ലാതെയിരിക്കുന്നുണ്ടായല്ലോ…”

“അത്…അതുപിന്നെ..”

“പറയെടാ..”

“അഭിയെ കുറിച്ചു പറഞ്ഞതാ അവള്..പെട്ടന്നവന്റെ ഫോട്ടോ കണ്ടപ്പോ വല്ലാതായിപ്പോയി ഞാന്
ഒരു പാവമായിരുന്നു ഏട്ടാ അവന്…നന്ദൂനെ ഒരുപാട് സ്നേഹിച്ചിരുന്നു‍‍‍
ഏട്ടന് ഡയറിയിലെന്താണെന്നു നോക്കിയോ..”

“ഇല്ലടാ..വീട്ടിലെത്തട്ടേന്നു കരുതി…എനിക്കറിയാത്ത ഒന്നുമുണ്ടാകില്ലല്ലോ അതില്..
പിന്നെ നന്ദു തന്നപ്പോ വായിക്കാമെന്നു കരുതി..അവളുടെ ഒരു സമാധാനത്തിന്..”

“അവള്ക്കറിയിലല്ലോ ഏട്ടനീ രോഗം തുടങ്ങി കൊല്ലം കുറെ ആയെന്ന്..എല്ലാം വേഗമൊന്നു ശരിയായാ മതി..”

“നാളെ പോകണ്ടേ ഏട്ടന്..”

“ഉം..പോണം..പോയിട്ട് സണ്ഡേ വരാലോ..”

“ആ…അപ്പോഴേയ്ക്കും ഞാനൊക്കെ സെറ്റാക്കും നോക്കിക്കോ.…”

“ഡാ..കാര്ത്തീ..നീ അവന് വല്യ പ്രതീക്ഷയൊന്നും കൊടുക്കേണ്ട..
നടക്കാനുള്ളതാണേല് നടക്കും..”

കാര്ത്തിയുടെ ആത്മവിശ്വാസം കണ്ട് അച്ഛൻ പറഞ്ഞു..

“അച്ഛൻ പേടിക്കണ്ട..
ഞാൻ സന്യസിയ്ക്കാനൊന്നും പോകില്ലച്ഛാ..”

വിഷമത്തോടെയാണെങ്കിലും ചിരിച്ചു കൊണ്ടാണ് സഞ്ജയ് അതു പറഞ്ഞത്.
വീടെത്തിയതും സഞ്ജയ് ഒന്നും സംസാരിക്കാന് പോലും നില്ക്കാതെ റൂമിലോട്ടു പോയി..

“പാവം ന്റെ കുട്ടി…എന്താവോ എന്തോ…”
അമ്മ ആത്മഗതം പറഞ്ഞു.

ഭക്ഷണമെല്ലാം കഴിച്ച് രാത്രി കിടക്കാന് നേരമാണ് സഞ്ജയ് ഡയറി വായിക്കാനായി എടുത്തത്…

വായിക്കാനായി ഡയറി എടുത്തതും അതിൽനിന്ന് ഒരു ഫോട്ടോ താഴെ വീണു.
സഞ്ജു ഫോട്ടോ എടുത്തത് നോക്കി. നല്ല ഐശ്വര്യമുള്ള ഉള്ള മുഖം..ഫോട്ടോയ്ക്കു പിന്നില് ഇങ്ങനെ എഴുതിയിരിക്കുന്നു…

“എന്റെ മാത്രം നന്ദൂട്ടിയ്ക്ക്…
ദൂരം കൊണ്ട് എത്ര അകലെയാണെങ്കിലും.. മനസ്സുകൊണ്ട് ഞാനെപ്പോഴും നിൻ്റെ അടുത്തുണ്ട്….
“അഭി”

അഭിയെ ഒരൊറ്റ തവണയെ സഞ്ജയ് കണ്ടിട്ടുള്ളൂ…ആദ്യമായും അവസാനമായും…

ഡയറിയുടെ ആദ്യ പേജില് ഇങ്ങനെ എഴുതിയിരിക്കുന്നു..

“ഒറ്റയ്ക്ക്..”

“പ്രിയപ്പെട്ടവര് തിരക്കിലാകുമ്പോള് ഒറ്റയ്ക്കാവുക സ്വാഭാവികം..
ചുറ്റും വേണ്ടപ്പെട്ടവർ ഉണ്ടെങ്കിലും മനസ്സിൽ പേറുന്ന അനാഥത്വം മരണത്തിനു തുല്യമാണ്…
ഒരു ദിവസമെങ്കിലും സന്തോഷത്തോടെ അവരോടൊപ്പം ജീവിക്കണമെന്നാണ് ആഗ്രഹം..
ആഗ്രഹിയ്ക്കാന് കാശൊന്നും കൊടുക്കേണ്ടല്ലോ..”

പിന്നീടുള്ള ഒാരോ പേജിലും സഞ്ജയ് വായിച്ചത് അവളുടെ മനസ്സാണ്ആഗ്രഹങ്ങളാണ്… അവളുടെ ഇഷ്ടങ്ങളാണ്….

അച്ഛനേയും അമ്മയേയും അവളൊരുപാട് മിസ്സ് ചെയ്തിരുന്നു എന്ന് സഞ്ജുവിന് മനസ്സിലായി..
അവരുടെ തിരക്കുകള്ക്കിടയില് ഒറ്റപ്പെട്ടുപോയ നല്ല ദിവസങ്ങളെ കുറിച്ച്..
പേടിച്ചു കരഞ്ഞു തീര്ത്ത രാത്രികളെ കുറിച്ച്..
അവരോട് പറയാനായി മാറ്റി വച്ച അവളുടെ സന്തോഷങ്ങളെ കുറിച്ച്..
സങ്കടങ്ങളെ കുറിച്ച്.. അങ്ങനെ എല്ലാം അവളെഴുതിയിരിക്കുന്നു..

കോളേജിലെ ദിവസങ്ങളെക്കുറിച്ച്
എഴുതിയത് വായിച്ചപ്പോ അവള് അത് ആസ്വദിച്ചിരുന്നു എന്നവന് മനസ്സിലായി…
അതിനു കുറേയൊക്കെ താനും സാക്ഷിയാണല്ലോ..
പിന്നെ കുറേ പേജുകളിൽ കോളേജിനെ പറ്റി..
കൂട്ടുകാരെ പറ്റി..
അദ്ധ്യാപകരെ പറ്റി..
അവിടെ കാണിച്ചു കൂട്ടിയ തല്ലുകൊള്ളിത്തരങ്ങളെ പറ്റി…
അതൊക്കെ വായിക്കുമ്പോള് സഞ്ജയ് ആസ്വദിയ്ക്കുകയായിരുന്നു.. അവന്റെ മനസ്സും കലാലയ ജീവിതത്തിലേയ്ക്ക് ഒരു മടങ്ങിപ്പോക്ക് ആഗ്രഹിക്കുംവിധമാണ് അവള് ഓരോ കുറിപ്പും അവസാനിപ്പിച്ചിരുന്നത്..

കാര്ത്തിയായിരുന്നല്ലോ കോളേജിൽ അവളുടെ ക്രൈം പാര്ട്ണര്..അതുകൊണ്ടുതന്നെ മിക്ക സംഭവങ്ങളിലും അവന്റെ സാന്നിദ്ധ്യമുണ്ടായിരുന്നു..

കാര്ത്തിക്-എന്റെ കാര്ത്തി..
“പലരും പ്രണയമാണെന്നു തെറ്റിദ്ധരിച്ചിരിക്കുന്നു ഞങ്ങളുടെ സൗഹൃദത്തെ..
ഒരാണിനും പെണ്ണിനും ഇടയിലുള്ള ഇഷ്ടത്തിന് സൗഹൃദം എന്നും പേരില്ലേ..പലര്ക്കും അതറിയില്ലാന്നു തോന്നുന്നു.. അല്ലെങ്കില് അവരത് അറിയില്ലെന്നു ഭാവിയ്ക്കുന്നു..
സൗഹൃദത്തില് തുടങ്ങി കൂടപ്പിറപ്പിലേയ്ക്ക് വളര്ന്ന ബന്ധം..
സാരമില്ലെടീ വെട്ടുപോത്തേ..നിന്റൊപ്പം എന്തിനും ഞാനില്ലേ‍‍‍..എന്നു കേട്ടാല് പിന്നെ എന്റെ സങ്കടങ്ങള്..ഒറ്റപ്പെടല് ഒക്കെ കണ്ടം വഴി ഓടും..
നിന്റെ സൗഹൃദവും എന്നോടുള്ള പരിഗണനയും വേറൊരാളിലും ഞാന് കാണുന്നില്ലെടാ..
thank u karthi…thank u so much..”

ഓരോ ദിവസത്തെയും കാര്യങ്ങളൊന്നും അതിലവള് എഴുതിയിരുന്നില്ല..ഓാര്മ്മ കുറിപ്പുകള് പോലെ..വായിച്ചിരിയ്ക്കാന് സുഖമുള്ള എഴുത്തായി സഞ്ജുവിനു തോന്നി.. പേജുകള് മറിയ്ക്കുന്നതിനിടയിലാണ് ഒരു ബുക്ക് മാര്ക്ക് സഞ്ജയ് ശ്രദ്ധിച്ചത്..

“അഭിജിത്ത്.. എന്റെ അഭി..”
അടരുവാന് വയ്യ..
നിന് ഹൃദയത്തില്
നിന്നെനിക്കേതു സ്വര്ഗ്ഗം വിളിച്ചാലും..
ഉരുകി നിന്നാത്മാവിനാഴങ്ങളില് വീണു
പൊലിയുമ്പോഴാണെന്റെ സ്വര്ഗ്ഗം….
നിന്നിലടിയുന്നതേ നിത്യസത്യം…!!!

ഓഹോ..ഇതെനിക്കു വായിക്കാനായി വച്ച ബുക്ക് മാര്ക്കായിരുന്നോ..
മറ്റൊന്നും ഞാനറിയേണ്ട കാര്യങ്ങള് അല്ലല്ലോ..ഞാന് പിന്മാറണമെങ്കില് ഇതാണല്ലോ ഞാന് വായിക്കേണ്ടത് എന്നു വിചാരിച്ചു കാണും പാവം..അവള്ക്കറിയില്ലല്ലോ എന്തു വന്നാലും അവളേം കൊണ്ടേ ഞാന് പോകൂ എന്ന്.. ഓര്ത്തപ്പോ സഞ്ജുവിന് ചിരിയാണ് വന്നത്..

“അഭിജിത്ത്..അതാണ് അവന്റെ പേര്..ഒരു ഫോണ് കോള്..അങ്ങനെയാണ് ഞാനവനെ പരിചയപ്പെടുന്നത്..
കോളേജില് ഇന്റര് കോളേജ് ഫെസ്റ്റിവൽ നടക്കുന്ന സമയം..
ആര്ട്സ് ക്ലബ് മെംബർ ആയതിനാല് രജിസ്ട്രേഷൻ പാനലിലെ ആര്ട്സ് സെക്ഷനില് ഞാനുമുണ്ടായിരുന്നു. ഒരു ദിവസം വൈകീട്ട് ഹോസ്റ്റലില് ഇരിക്കുമ്പോള് ഒരു ഫോണ് കോള്..എകദേശം പത്തുമണി ആയിക്കാണും..”

നന്ദിതയുടെ എഴുത്തില് നിന്ന് ആ രംഗം സഞ്ജയ് മനസ്സില് കാണുകയായിരുന്നു..

“ഹലോ..”

“നന്ദിതയല്ലേ..”

“അതെ..”

“ഞാന് അഭിജിത്ത്, ചിറ്റൂർ ഗവണ്മെന്റ് കോളേജിൽ നിന്നാണ്..ഇന്റര് കോളേജ് ഫെസ്റ്റ് രജിസ്ട്രേഷൻ നു വേണ്ടിയാ വിളിച്ചത്..”

“ഈ പത്തു മണി നേരത്തോ..രജിസ്ട്രേഷനോ..
തനിക്കു പകലൊന്നും സമയം കിട്ടിയില്ലേ..എന്റെ നമ്പറെവിടുന്നു കിട്ടി..”

“അത്…”

“പറയെടോ..”

“അത്…”

അപ്പോഴേയ്ക്കും മറുതലയ്ക്കല് ഫോൺ ആരോ പിടിച്ചു വാങ്ങിയിരുന്നു..

“എന്താടീ പുല്ലേ… ഈ നേരത്ത് വിളിച്ചാ സംസാരിക്കാന് നിനക്കൊരു മടി..
എന്തേ.. നിന്റെ മറ്റവന് വിളിച്ചാ മാത്രേ നീ എന്തെങ്കിലും മൊഴിയുള്ളൂ…ഞങ്ങളോടു സംസാരിച്ചാ നിന്റെ വായില് നിന്നും മുത്തു പൊഴിയോടീ..”

“വച്ചിട്ടു പോടാ പട്ടീ..”

എന്നും പറഞ്ഞ് നന്ദു ഫോൺ വച്ചു.

“ഏതവനാണാവോ ഈ നേരത്ത്…വയറു നിറയെ കള്ളും കുടിച്ചാണ് വിളിച്ചതെന്ന് വ്യക്തം..
അല്ലെങ്കിലും പെണ്കുട്ടികളുടെ ഫോണിലോട്ട് വിളിച്ചു ശല്യംചെയ്യുന്ന കുറെ ഞരമ്പുകള് ഉണ്ടല്ലോ…നാളെയാകട്ടെ കാര്ത്തിയെ കൊണ്ട് വിളിപ്പിച്ചിട്ടു തന്നെ ബാക്കി കാര്യം… അപ്പോ വിളിച്ചവനും കിട്ടും സമാധാനം..എനിക്കും കിട്ടും സമാധാനം..ശരിയാക്കി കൊടുക്കാം..”

രാവിലെ ഉറങ്ങിയെഴുന്നേറ്റ നന്ദു ഫോണില് നോക്കിയപ്പോള് അറിയാത്ത നമ്പറില് നിന്നൊരു മെസേജ്.

“എക്സ്ട്രീമിലി സോറി…അഭി”

“ഓ…ഇന്നലെ വിളിച്ചവന്മാരാ..കെട്ടിറങ്ങി കാണും..അതാണീ സോറി..
ഇന്ന് ശരിയാക്കി കൊടുക്കാം… കോളേജിലെത്തട്ടെ… ”
നന്ദു ആത്മഗതം പറഞ്ഞു.

കോളേജിലെത്തിയതും കാര്ത്തിയെ കൊണ്ട് ആ ഫോണിലോട്ട് വിളിപ്പിച്ചു നന്ദു..
ഇങ്ങോട്ടെന്തെങ്കിലും പറയുന്നതിനു മുന്നേ കാര്ത്തി ഭരണിപ്പാട്ട് തുടങ്ങി…

“ഡാ..പതിയെ..കേള്ക്കുന്നവര് വിചാരിയ്ക്കും നിന്റെ വീട് കൊടുങ്ങല്ലൂരാണെന്ന്..”

“എന്റെ കയ്യീന്ന് കിട്ടേണ്ടത് കിട്ടിയപ്പോ സമാധാനമായി കാണും..നമ്മളാോടാ അവന്മാരുടെ കളി..ഇനി അവന്മാര് ഈ ജന്മത്ത് വിളിയ്ക്കില്ല..”

കാര്ത്തിയും നന്ദുവും സംസാരിയ്ക്കുന്നതിനിടയ്ക്കാണ്
ആര്ട്സ് ക്ലബ് സെക്രട്ടറി രോഹിത്തേട്ടന് വന്നത്..

“നന്ദിതാ..ഇന്നലെ രാത്രി ഒരു അഭിജിത്ത് വിളിച്ചിരുന്നോ…
ഞാനാ തന്റെ നമ്പര് കൊടുത്തത്..അപ്പോതന്നെ നോട്ടെയ്യാന് പറയാന് വേണ്ടി തന്നെ വിളിച്ചിട്ട് കിട്ടിയതുമില്ല.
അവരിപ്പോ വിളിച്ചു പറയുന്നു അവർ രജിസ്റ്റർ ചെയ്യുന്നില്ലെന്ന്..
എന്തുപറ്റി..?? എന്തെങ്കിലും പ്രശ്നമുണ്ടോ..??”

‘പണി പാളിയല്ലോ’ എന്ന ഭാവത്തിലായിരുന്നു രണ്ടു പേരും..കാര്ത്തിയും നന്ദുവും..

“പറയെടീ..”

“ആ..ഒരു ചെറിയ പ്രശ്നമുണ്ട് ചേട്ടാ..”
തലേ രാത്രിയിലെ സംഭവം രോഹിത്തിനോട് വിവരിച്ചു നന്ദു..

“ആ..അടിപ്പൊളി..!!
അവള് പറയണത് കേള്ക്കണ്ട താമസം അവരെ വിളിച്ച് പൊങ്കാലയിട്ടല്ലേ..നിന്നെയൊക്കെ എന്താ ചെയ്യണ്ടേ…
ഇത് നമ്മള് നടത്തുന്ന പ്രോഗ്രാം അല്ലേ…അപ്പൊ നമ്മളല്ലേ കുറച്ചു ക്ഷമ കാണിയ്ക്കേണ്ടത്..
വെറുതെയല്ല നിന്നെ വെട്ടുപോത്ത് ന്നു വിളിയ്ക്കണത്..”

“സോറി..രോഹിത്തേട്ടാ..”

“എന്തു സോറി…ആ ടീം മിസ്സായപ്പോ സമാധാനമായി കാണൂലോ രണ്ടിനും..
ഒരു കാര്യം ചെയ്യ്.. എങ്ങനെയെങ്കിലും അവരെ കൊണ്ട് രജിസ്ട്രേഷൻ നടത്തിപ്പിയ്ക്ക്..”

“എങ്ങനെ..???”

“ഓ..ഇനി അതും ഞാന് പറഞ്ഞു തരാം..”

“വേണ്ട…”

“വിളിച്ചൊരു സോറി പറ..”

“സോറിയോ..?? എന്തിന് .??
അവന്മാരാ മോശമായി പെരുമാറിയത്..
അപ്പോൾ അവരല്ലേ സോറി പറയണ്ടേ… ഞാന് പറയില്ല..”

“വേണ്ട..നീ സോറി പറയണ്ട…
അവരുടെ കോളേജിൽ നിന്ന് മിക്ക ഐറ്റത്തിനും പാര്ട്ടിസിപ്പേഷനുള്ളതാ…
എന്തു ചെയ്തിട്ടായാലും ഫെസ്റ്റിന് ചിറ്റൂർ ടീം ഉണ്ടായേ പറ്റൂ..
വല്ലതും പറയാനുണ്ടേല് പോയി എച്ച് ഓ ഡി യോട് പറഞ്ഞോ..”

“രോഹിത്തേട്ടന് കയ്യൊഴിഞ്ഞുല്ലോ കാര്ത്തീ… നിന്നോടാരാ ഇത്രേം ചൂടാകാന് പറഞ്ഞേ..???”

“ദേ..ഒരൊറ്റ ചവിട്ടിനു ഗ്രൗണ്ടിലെത്തും നീ..അല്ല പിന്നെ..
നിന്റെ വാക്കും കേട്ട് ഇറങ്ങിയ എന്നെ പറഞ്ഞാ മതി..”

“ഓ…”

“എന്തുട്ട് കോ…
മര്യാദയ്ക്ക് എന്തേലും വഴി ആലോചിയ്ക്ക്…
അല്ലേല് ഒരു കാര്യം ചെയ്താ മതി…ഒരു സോറി പറഞ്ഞാ തീരണ കാര്യമല്ലേ ഉള്ളൂ…”

“സോറി എന്റെ പട്ടി പറയും..”

“എങ്കില് പട്ടിയോട് പോയി പറയാന് പറ…”

“കാര്ത്തീ, ചൊറിയാന് നില്ക്കല്ലേ…
എന്തേലും വഴി പറ…”

“ഒരു കാര്യം ചെയ്യാം…എന്റെ ഫോണില് നിന്നല്ലേ വിളിച്ചത്..
നീ അറിയാത്ത പോലെ രാവിലെത്തെ മെസേജിനൊരു മറുപടി കൊടുക്ക്..”

“കൊടുക്കാംല്ലേ..”

“ആ..എന്താ റിപ്ലേ വരാന്ന് നോക്കാലോ..”

നന്ദു ഫോണെടുത്ത് രണ്ടും കല്പിച്ച് രജിസ്ട്രേഷൻ ഫീ ഡീറ്റെയില്സ് വച്ച്
ആ നമ്പറിലോട്ടൊരു മെസേജ് അയച്ചു..

“സോറി, ഞങ്ങൾ രജിസ്റ്റർ ചെയ്യുന്നില്ല..എന്നും പറഞ്ഞു തിരിച്ചൊരു മെസേജ് വന്നു…”

“ദേ..പണി വീണ്ടും പാളി മോനേ..”
നന്ദു കാര്ത്തിയോടായി പറഞ്ഞു..

“ഡീ..നീ വിളിയ്ക്കെടീ..”

“വിളിയ്ക്കണോ..അവന്മാരെങ്ങാനും ചൊറിയാന് വന്നാ ഞാന് വല്ലതും പറയും..”

“നീ വിളിച്ചു നോക്ക്..”

“ഉം..”

നന്ദിത ആ നമ്പര് ഡയല് ചെയ്തു..

“മുത്തുമഴ കൊഞ്ചല് പോലെ..
തൊട്ടുരുമ്മും തെന്നല് പോലെ..
നെഞ്ചിലോമല് പാട്ടുമായ്…
എന് മുന്നില് വന്നതെന്തിനോ..”

നല്ല പാട്ട്..അതും കേട്ട് നിന്ന് പോയി നന്ദു.. കോളെടുത്തതൊന്നും നന്ദു അറിഞ്ഞില്ല..

“ഡീ പോത്തെ, സംസാരിക്കാന്..”

“ആ..ഹ..ഹലോ..”

“അഭിജിത്താണോ..??”

“ആണെങ്കില്..??”

“ഞാന് നന്ദിതയാണ്..
എന്. എസ്. എസ് ല് നിന്ന്..”

“നിങ്ങളെന്താ രജിസ്ട്രേഷൻ ചെയ്യുന്നില്ലാന്ന് പറഞ്ഞല്ലോ..
അതറിയാനാ..”

“ഓ..അതാണോ..
അതൊന്നുമില്ല..ഒരു തെറ്റുപറ്റി സോറി പറഞ്ഞിട്ടും പറയാനുള്ളത് കേള്ക്കാന് പോലും നില്ക്കാതെ ഫോണില് വിളിച്ച് തെറി പറയുന്നവരുടെ കോളേജിൽ പോയി പരിപാടി അവതരിപ്പിയ്ക്കണ്ടാന്നു കരുതി.. അത്രേയുള്ളൂ.. പിന്നെ ഞങ്ങള് സാധാരണക്കാരല്ലേ.. നിങ്ങളെപ്പോലെ പ്രൊഫഷണൽസ് അല്ലല്ലോ..
ചിലപ്പൊ അതിന്റേതായ പ്രശ്നങ്ങള് കാണും.. ഞങ്ങൾക്ക് പിന്നെ പരിപാടി അവിടെ തന്നെ അവതരിപ്പിക്കണമെന്ന് യാതൊരു നിർബന്ധവുമില്ല… അടുത്തല്ലേ എന്ന് കരുതി രജിസ്റ്റർ ചെയ്യാമെന്ന് വിചാരിച്ചു അത്രയേ യുള്ളൂ… അല്ലാതെ പ്രൈസിന് വേണ്ടി ഒന്നും അല്ല.. മനസ്സിലായില്ലേ…”

എന്തു പറയണമെന്നറിയാതെ നന്ദു കാര്ത്തിയെ നോക്കി കണ്ണുരുട്ടി. അതു കണ്ടപ്പഴേ കാര്ത്തിയ്ക്കു മനസ്സിലായി ഫോൺ വച്ചു കഴിഞ്ഞാല് തന്റെ കാര്യം തീരുമാനമാകുമെന്ന്.

“ഡീ..ഞാനിപ്പം വരാട്ടാ..”
അതും പറഞ്ഞ് അവന് മുങ്ങി..

“ഹലോ..കേള്ക്കുന്നുണ്ടോ..”

“ആ..ഹലോ..പറയൂ..” നന്ദു പറഞ്ഞു

“ആ ..ഇനി പറയാനൊന്നുമില്ല.. ഞങ്ങൾ രജിസ്ട്രേഷൻ ചെയ്യുന്നില്ല അത്രതന്നെ.. താൻ ഫോൺ വെച്ച് പോകാൻ നോക്ക്…”

അതും പറഞ്ഞ് അഭിജിത്ത് ഫോൺ കട്ട് ചെയ്തു.
“ഇനിയിപ്പോ എന്തെയ്യും.. ആ പരട്ടെനെയാണെങ്കിൽ കാണാനുമില്ല.. അവൻ എന്റെ കയ്യിൽ കിട്ടട്ടെ… കൊല്ലും ഞാൻ… അവന്റെ ഒടുക്കത്തെ ഒരു ഐഡിയ.. ബ്ലഡി ഫൂൾ..
ഒന്നുകൂടി വിളിച്ചു നോക്കാം…
ചമ്മിയാൽ തന്നെ ഇവിടെ ആരും ഇല്ലല്ലോ..”
ആ ധൈര്യത്തിൽ
നന്ദു നമ്പർ ഒന്നു കൂടി ഡയൽ ചെയ്തു…

“മുത്തുമഴ കൊഞ്ചൽ പോലെ…
തൊട്ടുരുമ്മും തെന്നൽ പോലെ… നെഞ്ചിലോമൽ പാട്ടുമായി…
എൻമുന്നിൽ വന്നതെന്തിന്നോ…”

“ഹലോ… ഞാൻ വീണ്ടും നന്ദിത യാണ്..”

“ആ മനസ്സിലായി.. തന്നോട് പറഞ്ഞതല്ലേടോ.. പിന്നെ വീണ്ടും വിളിച്ച് ശല്യം ചെയ്യണോ..?? വി ആർ നോട്ട് ഇൻട്രസ്റ്റ്ഡ്..”

“ഹലോ പ്ലീസ്.. പ്ലീസ്.. പ്ലീസ്… വെക്കല്ലേ.. വെക്കല്ലേ.. ഞാൻ പറയുന്നത് ദയവായി ഒന്നു കേൾക്കൂ… പ്ലീസ്…എന്നെ ധർമ്മസങ്കടത്തിലാക്കരുത്..

നിങ്ങൾ പറയുന്നത് കേൾക്കാൻ നിൽക്കാതെ ചീത്ത പറഞ്ഞു എന്നുള്ളത് നേരാണ്.. പക്ഷേ നിങ്ങൾ കാണിച്ചത് തെറ്റല്ലേ.. അതുകൊണ്ടല്ലേ എനിക്ക് ദേഷ്യം വന്നത്..നമ്മൾ തമ്മിലുള്ള പ്രശ്നത്തിലേക്ക് ദയവായി കോളേജിനെ വലിച്ച് ഇടരുത്.. ഈ പ്രോഗ്രാം നന്നായി നടന്നില്ലെങ്കിൽ അതിൻറെ ചീത്തപ്പേര് മുഴുവനും ഞങ്ങളുടെ ഡിപ്പാർട്ട്മെൻറിനാകും..
നിങ്ങൾ പ്രോഗ്രാമിന് രജിസ്ട്രർ ചെയ്തില്ലെങ്കിൽ ഞാൻ പ്രിൻസി യോടും എച്ച് ഓ ഡി യോടും ഒക്കെ ഉത്തരം പറയേണ്ടിവരും… ഇതൊരു ഇഷ്യൂ ആക്കരുത്…
ദയവായി എന്നെ കൊലയ്ക്ക് കൊടുക്കരുത് പ്ലീസ്… ഞാൻ വേണമെങ്കിൽ മാപ്പ് പറയാം..
രജിസ്ട്രേഷൻ നടത്തണം.”

“താൻ മാപ്പൊന്നും പറയണ്ട.. ഞങ്ങളുടെ ഭാഗത്തും തെറ്റുണ്ടല്ലോ.. ഞാൻ വിളിച്ചത് രജിസ്ട്രേഷൻ വേണ്ടി തന്നെയാണ് പക്ഷേ അപ്പോഴേക്കും ഫ്രണ്ട്സ് ഫോൺ വാങ്ങി.. അവന്മാർ ആണെങ്കിൽ അന്ന് മൊത്തം വെള്ളമായിരുന്നു.. അതാണ് ഇന്നലെ അങ്ങനെയൊക്കെ സംസാരിച്ചത്..
അതുകൊണ്ടാ ഇന്ന് രാവിലെ ഞാൻ തന്നെ മൊബൈലിലേക്ക് സോറി എന്ന് പറഞ്ഞ് ഒരു മെസ്സേജ് ഇട്ടത്.. താൻ അത് കണ്ടു എന്ന് എനിക്കറിയാം.. പക്ഷേ താൻ റിപ്ലേ തന്നില്ല.. അപ്പോഴേ ഞാൻ ഊഹിച്ചു.. പണി പിന്നാലെ വരുന്നുണ്ടെന്ന്.. പിന്നെ ആ വിളിച്ച കക്ഷിയുടെ വീട് എവിടെയാ..??
കൊടുങ്ങല്ലൂർ എങ്ങാനും ആണോ..??
എന്നാ ഭരണിപ്പാട്ട് ആടോ വിളിച്ചത്..
ഞങ്ങടെ ഭാഗത്തും തെറ്റില്ലേന്നു കരുതി ഞാൻ ക്ഷമിച്ചു..
രജിസ്റ്റർ ചെയ്യണോ വേണ്ടയോ എന്ന് ഞങ്ങൾ ഒന്ന് ആലോചിക്കട്ടെ..”

“ആലോചിക്കാൻ എന്തിരിക്കുന്നു ബ്രദർ പ്ലീസ്…”

“ബ്രദറോ.. ഞാൻ എപ്പോഴാടോ തൻറെ ബ്രദർ ആയത്… കോൾ മി അഭി.. മനസ്സിലായോ….??”

“ആ ശരി.. അഭി എങ്കിൽ അഭി..
അപ്പോൾ രജിസ്ട്രേഷൻ..???”

“ആ ചെയ്യ്.. ഫീ ഞങ്ങൾ അക്കൗണ്ടിലേക്ക് ഇടാം..”

“ഹോ താങ്ക്യൂ… താങ്ക്യൂ സോ മച്ച്..”

ഹോ ഭാഗ്യം ആ തലവേദന ഒഴിഞ്ഞല്ലോ.. നന്ദു വിചാരിച്ചു.

“ഇനി ആ കുരങ്ങനെ കണ്ടു പിടിക്കട്ടെ.. ശരിയാക്കി കൊടുക്കാം…”

“ഡീ പോത്തേ…
നീ സോറി പറഞ്ഞല്ലേ ഞാൻ കേട്ടു..”

അപ്പോഴാണ് കാർത്തി തൂണിനു മറവിൽ നിൽക്കുന്നത് നന്ദു കണ്ടത്..

അവനെ നോക്കി നന്ദു ഒരു ചമ്മിയ ചിരി ചിരിച്ചു..

“വേറെ ആരും ഇത് അറിയേണ്ടട്ടാ നമ്മൾ അറിഞ്ഞാൽ മതി.. അല്ലെങ്കിലേ എനിക്ക് ക്ഷീണാകും… പ്ലീസ് ഡാ എന്റെ കാർത്തിയല്ലേ..”

“ഉം.. ശരി.. ശരി.. നടക്ക്…”

നന്ദിതയുടെ ഓരോ വാക്കുകളിലൂടെയും സഞ്ജയ് കാണുകയായിരുന്നു അവൾ ജീവിച്ചു തീർത്ത ജീവിതം.
പല പേജുകളും വായിക്കുമ്പോൾ അവന്റെ കണ്ണുനിറഞ്ഞു. ചില പേജുകൾ വായിക്കുമ്പോൾ ചിരിയടക്കാൻ പാടുപെടുകയായിരുന്നു..
സഞ്ജയ് വായന തുടർന്നു..

ഫെസ്റ്റിന്റെ ആദ്യത്തെ ദിവസമാണ് ഞാൻ അഭിയെ ആദ്യമായി കാണുന്നത്. അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിൽ യൂണിയൻ ഓഫീസിൻറെ മുൻവശത്ത് രജിസ്ട്രേഷൻ ഹെൽപ്പ് ഡെസ്കിൽ ഇരിക്കുകയായിരുന്നു.

രജിസ്ട്രേഷനു വേണ്ടി വന്ന അന്ന് ടീമുകളിൽ ചിറ്റൂർ ടീമും ഉണ്ടായിരുന്നു. രജിസ്റ്റർ ചെയ്യാൻ നേരം വന്ന ആളുകളെ നോക്കിയെങ്കിലും ഇതിൽ അഭിജിത്ത് ആരാണെന്ന് മാത്രം എനിക്ക് മനസ്സിലായില്ല..

പെട്ടെന്ന്ആ കൂട്ടത്തിലൊരാള് ചോദിച്ചു.

“ഇതിൽ ആരാ നന്ദിത..???”

ചോദ്യം കേട്ടപ്പോഴേ നന്ദുവിന് മനസ്സിലായി അതാണ് അഭിജിത്ത്.
പണി കിട്ടണ്ടാന്ന് കരുതി
ദേ ഇതാണ് എന്ന് ഫ്രണ്ട്സ് പറയാന് പോകുമ്പോഴേക്കും നന്ദു ചാടിക്കേറി പറഞ്ഞു..

“അയ്യോ നന്ദു ഇവിടെ ഇല്ലല്ലോ ചേട്ടാ…”

“ആണോ ഓക്കേ ഞാൻ പിന്നെ കണ്ടോളാം ..”

എന്നും പറഞ്ഞു അഭി നടന്നു..

അപ്പോഴാണ് ആ പരട്ട കാർത്തിയുടെ വരവ്.. നന്ദൂ എന്ന് വിളിച്ചുകൊണ്ട്..
അതോടെ തീർന്നില്ലേ..

അത് കേട്ടതും അഭി തിരിഞ്ഞു നിന്നു നന്ദുവിനെ നോക്കി പറഞ്ഞു.

“ഓഹോ തനിക്ക് ഭയങ്കര ബുദ്ധി ആണല്ലോടോ.. ഒരു പ്രോഗ്രാം നടക്കുമ്പോൾ അതിൽ കോഡിനേറ്റേഴ്സിനെ കണ്ടു പിടിക്കാനാണോ ബുദ്ധിമുട്ട്… പോട്ടെട്ടാ അപ്പൊ പിന്നെ കാണാം..”

“താങ്ക്സ് ട്ടാ..”

ചമ്മിയ മുഖത്തോടെ നന്ദു പറഞ്ഞു.

“എന്തിന്…???”

“രജിസ്റ്റർ ചെയ്തതിന്..”

“താൻ ഇവിടൊക്കെ തന്നെ കാണൂലോ അല്ലേ..??? ഓക്കേ അപ്പൊ പിന്നെ കാണാം…”

അവൾക്ക് ഒരു ചിരി സമ്മാനിച്ചു കൊണ്ടാണ് അവൻ അവിടെ നിന്ന് പോയത്.

പിന്നെ പിന്നെ പരിപാടികൾക്ക് ഇടയ്ക്ക് കാണാൻ തുടങ്ങി. ഇടയ്ക്ക് ഒരു മെസ്സേജ്.. കാണുമ്പോൾ കുറച്ചുനേരം സംസാരം.. ഫെസ്റ്റ് കഴിയുമ്പോഴേക്കും എത്ര പെട്ടെന്നാണ് ഞങ്ങൾ നല്ല സുഹൃത്തുക്കളായത്.
കാർത്തിയെ പോലെ എന്തും തുറന്നു പറയാവുന്ന എന്റെ നല്ലൊരു സുഹൃത്ത് അങ്ങനെ ആയിരുന്നു എനിക്ക് അവൻ.

വളർന്നത് ഒരു ഓർഫനേജിൽ. പഠിച്ചതൊക്കെ സ്കോളർഷിപ്പുകൾ വഴി. പറഞ്ഞു വരുമ്പോൾ ഞങ്ങൾ രണ്ടുപേരും തുല്യ ദുഖിതർ… ഒരു വ്യത്യാസം മാത്രം എനിക്ക് ചുറ്റും അച്ഛനും അമ്മയും ഒക്കെയുണ്ട്.. അവനു ചുറ്റും ആരുമില്ല…

അവനെക്കുറിച്ച് കൂടുതൽ അറിയുന്തോറും അവനിലേക്കുള്ള ദൂരം കുറഞ്ഞു കുറഞ്ഞു വരുന്നതായി എനിക്ക് തോന്നിയിട്ടുണ്ട്. ദിവസങ്ങൾ കഴിയുന്തോറും ഒരു സുഹൃത്ത് എന്നതിലുപരി എൻറെ മനസ്സിൽ സ്ഥാനം ഉറപ്പിച്ചിരുന്നു അവൻ. പക്ഷേ അവനത് മനസ്സിലാക്കിയോ എന്ന് എനിക്കറിയില്ലായിരുന്നു..

ഒരു ദിവസം അവിചാരിതമായി കോളേജ് ടൈമില് അവൻ എന്നെ വിളിച്ചു.

“ഹലോ നന്ദു നീ എവിടാ…???”

“ഞാൻ കോളേജിൽ… അല്ലാണ്ട് എവിടെ..”

“നിനക്ക് ക്ലാസ് ഉണ്ടോ ഈ അവർ”

“ഇല്ല ലാബാണ്… എന്താടാ…??”

“എങ്കിൽ ആൽത്തറ യിലേക്ക് ഒന്ന് വാ.. തനിയെ വരണേ.. കാർത്തിയെ വിളിക്കേണ്ട”

“എവിടെ… നീ ഇവിടെ ഉണ്ടോ..”

“ആ… ഉണ്ട്.. നീ വാ.. ഞാൻ വെയിറ്റ് ചെയ്യാം..”

ഫെസ്റ്റ് കഴിഞ്ഞ് പോയതിനുശേഷം രണ്ടോ മൂന്നോ തവണ ഞങ്ങൾ തമ്മിൽ കണ്ടിരുന്നു. അന്ന് കാർത്തിയും ഉണ്ടായിരുന്നു കൂടെ.. കുറെ നാളുകൾക്ക് ശേഷം ഇന്നാണ് ഞാൻ അവനെ കാണുന്നത്. കുറെ നാളുകൾക്കു ശേഷം കാണുന്നു കൊണ്ടാവാം അവൻ്റെ അടുത്ത് എത്താനുള്ള ആവേശമായിരുന്നു എനിക്ക്. ഞാൻ ചെല്ലുമ്പോ ആൽത്തറയിൽ ആണ് കക്ഷി എന്നെയും കാത്തിരിപ്പുണ്ട്.
കരിനീല ഷർട്ടും കരിനീല കരയുള്ള വെള്ള മുണ്ടും ഉടുത്ത്.. ഞാൻ ദൂരെ നിന്നും വരുന്നതേ അവൻ കണ്ടു കാണും.. എന്തോ സീരിയസ് കാര്യമാണ്.. കാരണം അപ്പോൾ തൊട്ട് താഴെ നോക്കി ഇരിപ്പാണ് കക്ഷി.

“എന്താടാ… എന്താ കാണണം എന്ന് പറഞ്ഞേ..”

“വാ നീ ഇവിടെ ഇരിക്ക്.. ഞാൻ പറയാം..എനിക്ക്…”

“ആ പറ.. നിനക്ക്…”

“എനിക്ക് നിന്നോട് രണ്ടു കാര്യങ്ങൾ പറയാൻ ഉണ്ട്. രണ്ടും സീരിയസ് ആണ്. നിനക്ക് ചിലപ്പോ തമാശ ആകും. നിന്നോട് പറയാൻ പാടില്ലാത്തതാണ്. അതും എന്നെപ്പോലെ ഒരാൾ..”

“അപ്പോ പിന്നെ പറയണ്ട..”

“ഏയ്..പറയണം അല്ലെങ്കിൽ എനിക്ക് ഉറങ്ങാൻ പറ്റില്ലെന്ന്… കുറെ നാളായി ഇതും കൊണ്ട് നടക്കുന്നു. ഇന്നെങ്കിലും എനിക്കൊന്നുറങ്ങണം..”

“എങ്കിൽ പറ എന്താ കാര്യം..
ഇനി അത് പറയാതെ ഉറങ്ങാതിരിക്കേണ്ട.. പറഞ്ഞോ..”

“നന്ദൂ..”

“ആ പറയൂ അഭീ.. എന്താടാ ഡാ..??”

“നിന്റെ ഫോൺ ഒന്ന് തരുമോ..”

“എന്തിനാ..”

“നീ.. തായോ… ഞാൻ പറയാം..”

അഭി ഫോൺ വാങ്ങി അവന്റെ നമ്പർ ഡിലീറ്റ് ചെയ്തു..

“എന്താടാ..എന്താ നിനക്ക് പറ്റിയെ..?? നീ എന്തിനാ നിന്റെ നമ്പർ ഡിലീറ്റ് ചെയ്തത്..??”

“ഇനിമുതൽ നീ എന്നെ വിളിക്കരുത്.. എന്നോട് സംസാരിക്കരുത്.. മെസ്സേജ് അയക്കരുത്.. അതിനുവേണ്ടിയാണ് നമ്പർ ഡിലീറ്റ് ചെയ്തത്.. അതാണ് ആദ്യത്തെ കാര്യം..”

അത് കേട്ടതും നന്ദുവിന്റെ കണ്ണുകൾ നിറഞ്ഞു. ഒഴുകാൻ വെമ്പി നിൽക്കുന്ന കണ്ണുനീർ നന്ദു പാടുപെട്ട് അടക്കി നിർത്തി. മുഖത്തെ ദേഷ്യം ഒട്ടും കുറയ്ക്കരുതല്ലോ…

“ഇനി സമാധാനമായി ഉറങ്ങാമല്ലോ..പറഞ്ഞു കഴിഞ്ഞോ..?? എങ്കിൽ എനിക്ക് പോകാമായിരുന്നു. എനിക്ക് ലാബുണ്ട്.”

“ടീ പോത്തേ.. പറഞ്ഞു കഴിഞ്ഞിട്ടില്ല. എന്നെ വിളിക്കരുത്.. സംസാരിക്കരുത്.. എന്നാ പറഞ്ഞേ.. കാരണം എന്താണെന്ന് നിനക്ക് അറിയണ്ടേ…??
അതാണ് രണ്ടാമത്തെ കാര്യം.. ആദ്യത്തെതേ കഴിഞ്ഞിട്ടുള്ളൂ ബാക്കി കൂടി പറയട്ടെ..”

“ആ പറഞ്ഞോ എനിക്ക് ചെവി കേൾക്കാം..”

“നിന്നോട് ഇവിടെ വന്നിരിക്കാനാ പറഞ്ഞെ.. ഇവിടെ ഇരിക്ക്…”

“ആ പറയ്..”

“കലിപ്പിൽ ആണല്ലോ..”

“എനിക്ക് ആരോടും കലിപ്പില്ല പറഞ്ഞോ..”

“എനിക്ക് ഇവിടെ ഒരാളെ ഇഷ്ടമാണ്.. ആളോട് അത് പറയാൻ നീ എന്നെ സഹായിക്കോ..”

അതു കേട്ടപ്പോൾ നന്ദുവിന് ദേഷ്യം അടക്കാനായില്ല ..

“ഞാൻ എന്തിനു സഹായിക്കണം എനിക്കല്ലല്ലോ നിനക്കല്ലേ പറയേണ്ടത്.. വേണെങ്കിൽ തനിയെ പോയി പറഞ്ഞാൽ മതി.. എനിക്ക് സൗകര്യം ഇത്തിരി കുറവാ.. അല്ല പിന്നെ.. ഞാനെന്താ നിന്റെ ബ്രോക്കറോ..”

“പ്ലീസ് ഒന്നു സഹായിക്കെ ടീ.. നീ എന്റെ ഫ്രണ്ട് അല്ലേ..??”

“ആ.. എങ്കിൽ പറ..ഏതാ കുട്ടി..”

മനസ്സിലെ ഇഷ്ടക്കേട് മുഴുവൻ മുഖത്ത് പ്രകടിപ്പിച്ചിട്ടാണ് നന്ദു ചോദിച്ചത്.

“ദേ.. ഇതാണ് കുട്ടി.. നോക്കിക്കേ..”

അഭി അവൾക്കു നേരെ ഒരു ഐഡി കാർഡ് നീട്ടി.. അതു കണ്ടതും നന്ദു ചോദിച്ചു

“ഫെസ്റ്റ് കോഡിനേറ്റർ ആയിരുന്നോ..???
ഇതാരപ്പാ ഞാനറിയാത്ത ഒരു കോഡിനേറ്റർ.. ??”

“നിനക്കറിയാം..നന്നായി അറിയാം.. നോക്കൂ.. അറിയില്ലെങ്കിൽ കാർത്തി യോടെ ചോദിച്ചാൽ മതി അവനും നന്നായറിയാം..”

ഐഡി കാർഡ് നോക്കിയതും നന്ദു കുറച്ചുനേരം കണ്ണടച്ചിരുന്നു. അതുവരെ പിടിച്ചുനിർത്താൻ പാടുപെട്ട കണ്ണീർ ഒഴുകിക്കൊണ്ടിരിക്കുന്നു. ആ കാർഡിൽ ഉണ്ടായിരുന്ന ഫോട്ടോയുടെ ഉടമ അവളായിരുന്നു. അവൾ ആഗ്രഹിച്ചപോലെ തന്നെ…

“നന്ദൂ…”

“ഉം..”

“നീ കരയാണോ..നീ എന്തിനാ കരയുന്നേ.. മനസ്സിലായി.. നിനക്ക് എന്നെ അങ്ങനെ കാണാൻ പറ്റില്ലല്ലേ.. എന്റെ കുറവുകൾ ഒക്കെ എനിക്കറിയാം..അതുകൊണ്ട് തന്നെ മറുപടിയും ഞാൻ പ്രതീക്ഷിച്ചിട്ടുണ്ട്..
നിനക്കൊരിക്കലും ഞാൻ ചേരില്ല.. എനിക്കറിയാം.. പക്ഷേ മനസാക്ഷിയെ വഞ്ചിച്ച് ഒരു സുഹൃത്തിനെപ്പോലെ മാത്രം പെരുമാറാൻ എന്റെ മനസ്സ് അനുവദിക്കുന്നില്ല.. അതുകൊണ്ടാ ഞാൻ ഇപ്പോ ഇതു വന്നു പറഞ്ഞത്.
സാരല്യ നിനക്ക് അങ്ങനെ കാണാൻ പറ്റില്ലെങ്കിൽ കുഴപ്പമൊന്നുമില്ല…ഇനി എന്നെ വിളിക്കരുത്. സംസാരിക്കരുത്.. നമ്മൾ പരിചയപ്പെട്ടിട്ടില്ല എന്ന് വിചാരിച്ചാൽ മതി.. ദേഷ്യം കൊണ്ടല്ലാട്ടോ.. എനിക്ക് നിന്നെ ഒരു സുഹൃത്തായി മാത്രം കാണാൻ വയ്യാ..അതു കൊണ്ടാ..
പോട്ടെ ഇനി എനിക്ക് സമാധാനമായി ഉറങ്ങാം..”

“ആ.. എൻ്റെ ഉറക്കം കളഞ്ഞപ്പോൾ നിനക്ക് സമാധാനം ആയല്ലോ..
നീ പോയി കിടന്നുറങ്ങ്..
അല്ല പിന്നെ..”

മനസ്സിൽ ഒരുപാട് സന്തോഷം ആണെങ്കിലും പുറമേയ്ക്ക് അത് പ്രകടിപ്പിക്കാൻ പാടുണ്ടോ.. നമ്മുടെ വില പോവില്ലേ.. നന്ദു മനസ്സിൽ ചിരിച്ചുകൊണ്ട് ലാബിലേക്ക് നടന്നു..

(Word limit kayinju.. ബാക്കി ഡയറിയെ പിന്നെ വായിക്കാം…)

(തുടരും )

നല്ല‍ പാതി : ഭാഗം 1

നല്ല‍ പാതി : ഭാഗം 2

നല്ല‍ പാതി : ഭാഗം 3