Friday, April 19, 2024
Novel

നല്ല‍ പാതി : ഭാഗം 26

Spread the love

നോവൽ

Thank you for reading this post, don't forget to subscribe!

*******
എഴുത്തുകാരി: ധന്യ സുജിത്ത്‌

കഴിഞ്ഞുപോയ ആറു വർഷങ്ങൾ… തങ്ങളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങൾ..

തങ്ങൾ മാത്രമല്ല… തന്റെയും നന്ദുവിന്റെയും അച്ഛനുമമ്മയും ഏറ്റവും കൂടുതൽ സന്തോഷിച്ചതും ഈ കാലയളവിൽ ആയിരിക്കും..

ചക്കി വന്നതിനു ശേഷം… വർഷാവർഷം കിട്ടുന്ന ഇരുപതോ മുപ്പതോ ദിവസങ്ങളിൽ… കാർത്തിയുടെ കാര്യവും അങ്ങനെ തന്നെ…. വർഷാവർഷമുള്ള അവധിക്കായി തങ്ങളെക്കാൾ കാത്തിരിക്കുന്നത് അവരാണ്….

അവധിയ്ക്കു പോകുമ്പോൾ തങ്ങളേക്കാൾ മുന്നേ ലീവെടുത്ത് ഹാജരുണ്ടാകും അവൻ.. കാർത്തി… നാട്ടിൽ എത്തിയാൽ പിന്നെ ചക്കിക്ക് കൊച്ചച്ചനേ വേണ്ടൂ.. ചക്കിയോട് അവന്റെയും അവളുടെ അമ്മയുടെയും വീരശൂര പരാക്രമങ്ങൾ പറഞ്ഞു കൊടുത്ത് ആളാവാൻ കിട്ടുന്ന ഒരഅവസരവും അവൻ പാഴാക്കാറില്ല..

അമ്മമ്മയുണ്ടാക്കുന്ന നാട്ടു രുചികൾ അറിഞ്ഞ്… അപ്പൂപ്പനൊപ്പം നാട്ടിൽ നടക്കുന്ന സകല ഉത്സവങ്ങളിലും ഹാജർ വെച്ച് …കൊച്ചച്ചനൊപ്പം പുഴയിൽ കുളിച്ച്…കുഞ്ഞ് പരൽമീനുകളെ പിടിച്ച്.. മണ്ണിനോടും.. മരങ്ങളോടും… മഴയോടും… കാറ്റിനോടും… ആകാശത്തോടും.. പുല്ലിനോടും…പൂത്തുമ്പിയോടും… മതിയാവോളം സംസാരിച്ച്… നാടിന്റെ സുഗന്ധം പേറുന്ന കാറ്റിനെ ശ്വസിച്ച്…

അവൾ അവധിക്കാലം പരമാവധി ആസ്വദിച്ചിക്കും… ഒരർത്ഥത്തിൽ പറഞ്ഞാൽ പ്രവാസികളായ കുഞ്ഞുങ്ങൾക്ക് അവരുടെ നാടിനെ അറിയാൻ കിട്ടുന്ന നല്ല സമയമാണ്..

നാട്ടിലെ അവധിക്കാലം… കുടുംബ ബന്ധങ്ങളെ പറ്റി… അതിന്റെ മൂല്യത്തെ പറ്റി അറിയാൻ അവർക്ക് ലഭിക്കുന്ന ഏറ്റവും നല്ല അവസരം..

പക്ഷേ… അവധിക്കാലത്ത് വീട്ടിൽ ചെന്നത്തുന്നത് മാത്രമേ ഓർമ്മ കാണൂ… അപ്പോഴേക്കും തിരികെ വരാൻ സമയമായതു പോലെ…

കൊച്ചിനെ കണ്ട് കൊതിതീർന്നില്ല…എന്ന മുത്തച്ഛൻമാരുടെയും മുത്തശ്ശിമാരുടെയും പരാതി മാത്രം ബാക്കിനിൽക്കും…

ശരിയാണ്…
പെട്ടെന്ന് പെയ്തു തോരുന്ന വേനൽമഴ പോലെയാണ് ഓരോ പ്രവാസിയുടെയും അവധിക്കാലം…

വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ കൊണ്ട് ചെയ്തു തീർക്കേണ്ട കാര്യങ്ങളുടെ വലിയൊരു ലിസ്റ്റുമായാണ് ഓരോ പ്രവാസിയും നാട്ടിലേക്ക് അവധി ആഘോഷിക്കാൻ എത്തുന്നത്..
അവധി അങ്ങ് പെട്ടെന്ന് തീരും..

തിരികെ യാത്ര പറഞ്ഞിറങ്ങുമ്പോൾ അച്ഛൻറെയും അമ്മയുടെയും മുഖത്തെ വിഷമം മനപ്പൂർവ്വം കണ്ടില്ലെന്ന് നടിക്കും….

അടുത്ത അവധി പെട്ടെന്ന് ഇങ്ങ് എത്തില്ലേ… വേഗം വരാം അമ്മേ.. എന്ന് പറഞ്ഞ് ഇറങ്ങുമ്പോൾ ഏതൊരു പ്രവാസിയുടെയും കൺകോണിൽ ഉണ്ടാകും ഒരു നനവ്.. ജനിച്ച നാടിനെ വിട്ട്… വളർന്നുവന്ന വീടിനെ വിട്ട്..

കൂട്ടുകാരോടൊപ്പം സൊറ പറഞ്ഞിരുന്ന വായനശാലയെ വിട്ട് മൂളിപ്പാട്ടും പാടിയും കവിത ചൊല്ലിയും നടന്ന നാട്ടുവഴികൾ വിട്ട്… മാറി നിൽക്കേണ്ടി വരുന്ന ഏതൊരാളും പ്രവാസി തന്നെയാണ്..

മനസ്സ് നിറയെ പച്ചപ്പും… തന്റെ നാടിന്റെ ഗന്ധവും പേറിയാണ് ഓരോ പ്രവാസിയും തിരികെ പോരുന്നത്..

ആദ്യമായി അവധിക്കു പോയപ്പോഴാണ് കവയിലേക്ക് വീണ്ടും ഒരു യാത്ര നടത്തിയത്…
കവ ആയിരുന്നില്ല പ്രധാന ലക്ഷ്യം… ആനന്ദ് ഭവൻ ആയിരുന്നു…

ചക്കിയെ ടീച്ചറിനെയും മാഷിനെയും കാണിക്കാൻ…കുട്ടികളെ കാണിക്കാൻ… അതിലുപരി അഭിയെ കാണിക്കാൻ…അന്ന് തങ്ങൾക്കൊപ്പം എല്ലാവരും ഉണ്ടായിരുന്നു… അച്ഛനുമമ്മയും കാർത്തിയും…

അന്ന് ആനന്ദഭവനിൽ എത്തുമ്പോൾ പതിവിലും വിപരീതമായി നന്ദുവിന്റെ മുഖത്ത് സന്തോഷമായിരുന്നു… ടീച്ചറോടും മാഷോടും വിശേഷങ്ങൾ പറഞ്ഞ്..

ചക്കിയെയും എടുത്ത് കുട്ടികൾക്കൊപ്പം കളിക്കാൻ കൂടി.. എല്ലാം കൊണ്ടും സന്തോഷമായിരുന്നു അവളുടെ മുഖത്ത്…

എന്നാൽ ചക്കിയെയും എടുത്ത് അഭിയുടെ അസ്ഥിത്തറയ്ക്ക് മുന്നിൽ നിൽക്കുമ്പോൾ എന്തുകൊണ്ടോ തന്റെ കണ്ണുകളെ നിയന്ത്രിക്കാൻ ആയില്ല… അനുസരണയില്ലാത്ത കുട്ടിയെ പോലെ കണ്ണ് നിറഞ്ഞു ഒഴുകിയിരുന്നു… മനസ്സറിഞ്ഞ് സന്തോഷിച്ച ദിനങ്ങൾ..

കാർത്തിയുടെയും ഗായത്രിയുടെയും
കാര്യത്തിൽ എല്ലാവരെയും അദ്ഭുതപ്പെടുത്തിയത് അച്ഛനായിരുന്നു… അവളുടെ പഠിപ്പെല്ലാം കഴിഞ്ഞ്…വീട്ടിൽ പറയാം എന്ന് കരുതി മിണ്ടാതെ കൊണ്ട് നടക്കുകയാണ് കാർത്തി..

അതിനാൽ ഗായത്രിയെ കണ്ടിട്ടും കാർത്തി യാതൊരു പരിചയഭാവവും കൂടാതെ ഇരിക്കുകയായിരുന്നു..

അവന്റെ ഭാവവ്യത്യാസം സഞ്ജുവും നന്ദുവും ആസ്വദിച്ച് ഇരുന്നു.. പെട്ടെന്ന് അച്ഛനാണ് ചോദിച്ചത്..

“മാഷേ… ഗായത്രിയുടെ പഠിപ്പെല്ലാം കഴിയാറായോ…
വിവാഹം ആലോചിച്ച് തുടങ്ങേണ്ട സമയമായില്ലേ…??”

അച്ഛന്റെ സംസാരം കേട്ട്
ഗായത്രി കാർത്തിയും പരസ്പരം നോക്കി.. കാർത്തിയ്ക്ക് ദേഷ്യമാണ് വന്നത്..

“അച്ഛൻ എന്തിനാ ഇപ്പോൾ കല്യാണ കാര്യം എടുത്തിട്ടത്… ഇപ്പോഴേ ഞങ്ങൾ തമ്മിലുള്ള കാര്യം പറഞ്ഞാൽ പണിപാളും..”

കാർത്തി മനസ്സിൽ പറഞ്ഞു.. നിസ്സഹായാവസ്ഥയിൽ സഞ്ജുവിനെ നോക്കി..
മറുപടിയായി സാരമില്ല എന്നർത്ഥത്തിൽ സഞ്ജു
കണ്ണടച്ചു..

“ഇനി രണ്ടുവർഷം കൂടി ഉണ്ട് അല്ലേ.. മോളെ..” മാഷ് ഗായത്രിയോടായി ചോദിച്ചു..

“ഉം..അതേ മാഷേ..
രണ്ടുവർഷം കൂടെയുണ്ട്..”
ഗായത്രി മറുപടി പറഞ്ഞു..

“പഠിപ്പിക്കാനുള്ള ചെലവൊക്കെ…??”

“അതെല്ലാം ട്രസ്റ്റിന് കീഴിലുള്ള സ്പോൺസർമാർ വഴി അല്ലേ.. അങ്ങനെയൊക്കെ അങ്ങ് പോവും… ഇവിടെയുള്ള ബാക്കി കുട്ടികളുടെ കാര്യം കൂടി നോക്കണ്ടേ…പ്രൊഫഷണൽ കോഴ്സ് ഒക്കെ പഠിപ്പിക്കാൻ ഭയങ്കര ചെലവ് അല്ലേ..

ഗായത്രിക്ക് ആവശ്യമുള്ളത് അത് കുറച്ചൊക്കെ ഇവിടുന്ന് അയച്ചുകൊടുക്കും.. അവധി കിട്ടുമ്പോഴൊക്കെ പാർട്ട് ടൈം ആയി ജോലിക്ക് പോകുന്നുണ്ട് അവിടെ.. എന്നിട്ടുപോലും വലിയ ബുദ്ധിമുട്ടാണ്..

നിങ്ങളെപ്പോലുള്ളവർ ഉള്ളതുകൊണ്ട് ഇതുവരെ വേറെ വഴിയെക്കുറിച്ച് ആലോചിക്കേണ്ടി വന്നിട്ടില്ല…”

മാഷ് സഞ്ജുവിന്റെ അച്ഛനോടായി പറഞ്ഞു..

ഞാനൊരു കാര്യം പറഞ്ഞാൽ മാഷ് തെറ്റിദ്ധരിക്കരുത്..

“ഇല്ലെന്നേ.. സർ പറഞ്ഞോളൂ..”

“ഗായത്രിയുടെ പഠിപ്പും അങ്ങോട്ടുള്ള എല്ലാ ചെലവുകളും ഇനി നിങ്ങൾ സ്പോൺസർ ചെയ്യേണ്ട… അതിന് പറ്റിയൊരാളെ ഞാൻ കണ്ടു വച്ചിട്ടുണ്ട്..”

അച്ഛൻ പറയുന്നത് കേട്ടതും കാര്യങ്ങൾ കൈവിട്ടു പോയി കൊണ്ടിരിക്കുകയാണെന്ന് കാർത്തിക്കു മനസ്സിലായി..

“ഇപ്പൊ താൻ വല്ലതും പറഞ്ഞാൽ എല്ലാം ഇവിടെ പൊളിയും…
സമാധാനത്തോടെ വീട്ടിൽ ചെന്നിട്ട് പറയാം…

എന്ത് ചെയ്യണമെന്നറിയാതെ തന്നെത്തന്നെ നോക്കി നിൽക്കുന്ന ഗായത്രിയുടെ മുഖത്തോട്ട് എങ്ങനെ സമാധാനിപ്പിക്കും.. ഇവിടെവെച്ച് മനസ്സ് തുറന്നു സംസാരിക്കാൻ പോലും സാധിക്കില്ല പ്രത്യേകിച്ച് അച്ഛനുമമ്മയും ഉള്ളപ്പോൾ…

ഏട്ടനോടോ..നന്ദുവിനോടോ.. പറഞ്ഞാൽ ചിലപ്പോൾ നടക്കുമായിരിക്കും…”

കാർത്തി പതിയെ നന്ദുവിനെ നോക്കി…

“നന്ദൂ.. ഒരു മിനിറ്റ്.. ഒന്നിങ്ങു വന്നേ..??”
കാർത്തി നന്ദുവിനെ വിളിച്ചു.. അതിന്റെ ഗുട്ടൻസ് പിടികിട്ടിയത് പോലെ അച്ഛനാണ് മറുപടി പറഞ്ഞത്…

“എവിടേക്കാ രണ്ടുംകൂടി.. അവിടെ ഇരിക്ക്.. ഞാൻ പറയട്ടെ.. പറയുന്നത് മുഴുവൻ കേൾക്ക്… നിങ്ങളും കൂടി കേൾക്കേണ്ടതാണ്..”

“സർ..എന്താ പറയുന്നത്.. എനിക്കൊന്നും മനസ്സിലാകുന്നില്ല..”

മാഷും ടീച്ചറും പരസ്പരം നോക്കി..

“അതോ ഞാൻ വിശദമായി പറയാം.. എന്തായാലും ഗായത്രിയ്ക്ക് വിവാഹപ്രായമായി… രണ്ടു വർഷത്തിനുള്ളിൽ വേണംതാനും… അവളുടെ പഠിപ്പിന് ആണെങ്കിൽ എങ്കിൽ ചിലവ് കൂടുതലല്ലേ.. അവളെ ഇപ്പോഴേ സ്പോൺസർ ചെയ്യാൻ ഒരാളുണ്ടെങ്കിൽ ആ പൈസ എല്ലാം ബാക്കി കുട്ടികൾക്കായി എടുക്കാമല്ലോ… നിങ്ങൾ

പേടിക്കണ്ട.. ഞാൻ പറയുന്ന ആൾക്ക് അവളെപ്പറ്റി.. അവളുടെ ആരോഗ്യ പ്രശ്നങ്ങളെപ്പറ്റി.. എല്ലാം നന്നായിട്ട് അറിയാം…

പോരാത്തതിന് ആളുടെ ഫാമിലി നല്ല സപ്പോർട്ടാണ്… രണ്ടു വർഷത്തിനു ശേഷം മതി വിവാഹം പഠിപ്പ് എല്ലാം കഴിഞ്ഞു.. വിവാഹത്തെപ്പറ്റി നിങ്ങൾ ഒന്നുകൊണ്ടും ചിന്തിച്ചു പേടിക്കേണ്ട മാഷേ ഒരു തരി പൊന്നു പോലും വേണ്ടെന്നാ പറഞ്ഞിരിക്കുന്നത്…”

“സാറിന് അത്ര വിശ്വാസമുള്ള ഫാമിലി ആണോ…??
എങ്കിൽ പിന്നെ ആലോചിക്കാവുന്നതേയുള്ളൂ അല്ലേ ടീച്ചറെ..??”

“ഈശ്വരാ കൈയിൽനിന്ന് പോയല്ലോ..”

എന്ന് മനസ്സിൽ പറഞ്ഞു തലയ്ക്കു കയ്യും കൊടുത്ത് താഴോട്ട് നോക്കിയിരിക്കുകയാണ് കാർത്തി… ഗായത്രിയുടെയും അവസ്ഥ അതു തന്നെ..

അവന്റെ ഇരിപ്പു കണ്ട് സഞ്ജു നന്ദുവിനെ നോക്കി… അവളാണെങ്കിൽ ചക്കിയെ കളിപ്പിക്കുന്നതിന്റെ തിരക്കിലാണ്..

നന്ദുവിനെ മുഖത്ത് എന്തോ ഒരു കള്ള ലക്ഷണം ഉള്ളതായി തോന്നി സഞ്ജുവിന്.. ഇവൾക്ക് ഒരു ടെൻഷനും ഇല്ലല്ലോ.. അമ്മയാണെങ്കിൽ ടീച്ചറോട് കാര്യമായി എന്തോ പറയുന്നു.. ടീച്ചർ അത് കേട്ട് ചിരിക്കുന്നുണ്ട്..

“എല്ലാം കയ്യീന്നു പോയല്ലോ ഡാ” എന്ന ഭാവത്തിലാണ് സഞ്ജു കാർത്തിയെ നോക്കുന്നത്..

“അച്ഛാ.. ഒന്നുകൂടെ ആലോചിച്ചിട്ട് പോരേ.. അവരെക്കുറിച്ച് അച്ഛൻ വിശദമായി അന്വേഷിച്ചോ…??”
സഞ്ജു അച്ഛനോട് ചോദിച്ചു..

“അവരെ പറ്റി വിശദമായി അന്വേഷിക്കാൻ ഒന്നുമില്ല… പയ്യനെയും അവന്റെ കുടുംബത്തെയും എന്നെപ്പോലെ വിശദമായി അറിയാവുന്ന ഒരാൾ വേറെ ഇല്ല… നിനക്കറിയാം ആളെ…
നിനക്ക് മാത്രമല്ല ഇവിടെ എല്ലാവർക്കും അറിയാം.. ആളെ…
അല്ലേ നന്ദു മോളേ…??”

സഞ്ജു നോക്കുമ്പോൾ അച്ഛൻ നന്ദുവിനെ നോക്കി ചിരിക്കുന്നു..നന്ദു തിരിച്ചു അച്ഛനെയും.. കാർത്തി തലകുമ്പിട്ട് തന്നെ ഇരിപ്പാണ്…

ഒന്ന് ചോദിക്കുന്നു പോലുമില്ല…

“അച്ഛൻ കാര്യം പറ.. ഞങ്ങൾക്ക് എല്ലാവർക്കും അറിയാം എന്നുണ്ടെങ്കിൽ ആരാണ് അത്…??”

“അപ്പോ..പറയാല്ലേ മോളേ..
ഇതാണ് ആള്..

മാരാത്ത് കാർത്തിക് നാരായണൻ.. അച്ഛൻ എണീറ്റ് ചെന്നു കാർത്തിയുടെ തോളിൽ കൈവച്ചു പറഞ്ഞു… ”

“എന്താ മാഷേ..സമ്മതമല്ലേ..??”

അച്ഛൻ പറയുന്നത് കേട്ടു..കിളി പോയ പോലെ നിൽക്കുകയാണ് നന്ദു ഒഴികെ മറ്റെല്ലാവരും…
നന്ദുവും അച്ഛനും പരസ്പരം നോക്കി ചിരിക്കുന്നുണ്ട്…

കാർത്തി ആണെങ്കിൽ മുഖമുയർത്തി നോക്കുക പോലും ചെയ്യാതെ തല കുമ്പിട്ടു തന്നെ ഇരിക്കുന്നു… ഗായത്രിയുടെ കണ്ണ് എല്ലാം നിറഞ്ഞു തുളുമ്പി..

“എന്താ സാറേ ഇവിടെ നടക്കുന്നത് ഞങ്ങൾക്കൊന്നും മനസ്സിലാകുന്നില്ലല്ലോ..??”
മാഷ് പറഞ്ഞു..

“ദേ ഇവൻ ഉണ്ടല്ലോ ഈ വിരുതൻ കാർത്തി… എന്റെ മോൻ ആയതുകൊണ്ട് പറയണതല്ല… കള്ളത്തരത്തിന്റെ ആശാനാ… ദേ അവനെ പോലെ അല്ല..”

സഞ്ജുവിനെ ചൂണ്ടിക്കാട്ടി അച്ഛൻ പറഞ്ഞു..

ഇവന്റെ ഇടയ്ക്കിടയ്ക്കുള്ള ബാംഗ്ലൂർ യാത്ര കണ്ടപ്പോഴേ എനിക്ക് ഡൗട്ട് അടിച്ചതാ… പിന്നെ ജോലി കിട്ടിയപ്പോ ഉറപ്പായി…

ദേ നന്ദു മോളാ എല്ലാം എനിക്ക് പറഞ്ഞു തന്നത്… ഇപ്പോൾ ഒന്നും അല്ലാട്ടോ.. ഒന്നര വർഷം മുൻപ്..

അപ്പോൾ അവൻ ജോലിക്ക് കയറിയിട്ടില്ലേ ഉള്ളൂ.. അപ്പോൾ കുറച്ച് സാവകാശം കൊടുക്കാം എന്ന് കരുതി… അതുകൊണ്ടാ വൈകിയത് പറയാൻ…

ഇനി ഗായത്രി മോളെ ഇവൻ സ്പോൺസർ ചെയ്തോളും അല്ലടാ.. ഇപ്പൊ നിശ്ചയം നടത്താം… വിവാഹം നമുക്ക് പഠിപ്പൊക്ക കഴിഞ്ഞു നടത്താം…

അല്ലെങ്കിൽ ആ കൊച്ചിന്റെ പഠിപ്പൊക്കെ അവതാളത്തിൽ ആകും… ”

കാർത്തി എന്തു പറയണം എന്തുചെയ്യണമെന്നറിയാതെ ഇരിക്കുകയാണ്… ഉടൻ എണീറ്റുനിന്ന് അച്ഛനെ കെട്ടിപിടിച്ചു കുറെ നേരം നിന്നു…

“താങ്ക്യൂ… താങ്ക്യൂ മൈഡിയർ.. താങ്ക്യൂ സോ മച്ച്..
അച്ഛനാണച്ഛാ അച്ഛൻ…”

കണ്ണെല്ലാം നിറഞ്ഞു തുളുമ്പി.. അച്ഛനെ കെട്ടിപ്പിടിച്ച് കാർത്തി അത് പറയുമ്പോൾ സഞ്ജു അച്ഛനെ തന്നെ നോക്കിയിരിക്കുകയായിരുന്നു…

മക്കളുടെ മനസ്സ് മനസ്സിലാക്കുന്ന ഏതൊരു അച്ഛനും അമ്മയും മക്കളുടെ ഭാഗ്യമാണ്… തിരിച്ചും.. തനിക്കും ഇതുപോലൊരു അച്ഛനാകണം…

തന്റെ ചക്കി മോളുടെ മനസ്സ് മനസ്സിലാക്കുന്ന അച്ഛൻ… ശരിയായ തീരുമാനങ്ങൾ അവൾക്കെടുക്കാൻ പ്രാപ്തി നേടിക്കൊടുക്കുന്ന ഒരച്ഛൻ…

മാഷും ടീച്ചറും എന്തു പറയണമെന്നറിയാതെ ഇരിക്കുകയാണ്…

സന്തോഷം കൊണ്ടോ സങ്കടം കൊണ്ടോ… ഇരുവരുടെയും കണ്ണുകൾ ഈറനണിഞ്ഞു…

ഗായത്രിയെ കെട്ടിപ്പിടിച്ച് ടീച്ചർ കരയുകയായിരുന്നു…

എല്ലാം എന്റെ അഭിമോൻ കാരണമാണ്… അല്ലേ മാഷേ..

ടീച്ചറുടെ പറച്ചിൽ മാഷിനും വിഷമം ഉണ്ടാക്കിയെങ്കിലും
“മാഷും കൂടെ കരഞ്ഞു കുളമാക്കല്ലേട്ടാ..”

എന്ന് അച്ഛൻ പറയുന്നത് കേട്ട് എല്ലാവരും ചിരിച്ചു…

“എന്നാലും നന്ദൂട്ടീ.. നീ എന്റടുത്ത് പോലും പറഞ്ഞിലല്ലോ…??”
സഞ്ജു പരിഭവം പറഞ്ഞു…

“അവൻ നമുക്കൊരു സർപ്രൈസ് തന്നപ്പോൾ തിരിച്ചൊരെണ്ണം കൊടുത്തു… അച്ഛനുമമ്മയും കൂടെ നിന്നു.. അത്രയേയുള്ളൂ.. സഞ്ജൂ..”

“ഇപ്പൊ സന്തോഷമായില്ലേ രണ്ടാൾക്കും…”
ഗായത്രിയെയും കാർത്തിയെയും ചേർത്ത് പിടിച്ചു നന്ദു പറഞ്ഞു…

അങ്ങനെ ആ അവധിക്ക് തന്നെ നിശ്ചയവും രണ്ടുവർഷത്തിനു ശേഷം തങ്ങളുടെ അവധി നോക്കി അവരുടെ വിവാഹവും…

രണ്ടു പേരും ഇപ്പോൾ ബാംഗ്ലൂരിൽ സെറ്റിലായി… എല്ലാ വീക്കെൻഡും നാട്ടിൽ അവനെത്തും.. മൂന്നു വീട്ടിലും പോകും.. ആകെ സന്തോഷം മാത്രമായിരുന്നു തങ്ങൾക്കു ചുറ്റും…

തികച്ചും സന്തോഷം നിറഞ്ഞ ജീവിതം…
പക്ഷേ ദൈവത്തിന് പരീക്ഷിച്ചു മതിയായില്ല എന്ന് തോന്നുന്നു…

കഴിഞ്ഞ് പോയ വർഷങ്ങളിൽ താൻ അനുഭവിച്ച സന്തോഷം…സമാധാനം.. ഒരിക്കൽ തിരികെ പിടിച്ച നന്ദുവിന്റെ മനസ്സ്… അതെല്ലാം തനിക്ക് എന്നന്നേക്കുമായി നഷ്ടപ്പെടുമോ എന്നുള്ള ഭയം ഉണ്ടായിരുന്നു സഞ്ജുവിന്…

🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶

പിറ്റേ ദിവസം ഉണരുമ്പോഴും മനസ്സിലുള്ള ആശങ്ക സഞ്ജുവിന്റെ മുഖത്ത് പ്രകടമായിരുന്നു…
എത്ര ശ്രമിച്ചിട്ടും മനസ്സറിഞ്ഞ് ചിരിക്കാൻ കഴിയാത്ത പോലെ..
നന്ദുവിനെ കാണുമ്പോൾ മനസ്സിൽ ഒരു പേടി…

“എന്താ സഞ്ജു…?? ടെൻഷൻ മാറിയില്ലേ ഇതുവരെ…???
സാധാരണ..നിസ്സാര കാര്യത്തിന് ഞാനാണ് ടെൻഷനടിക്കുന്നേ എന്ന് പറഞ്ഞ് കളിയാക്കാറുള്ള ആളാണല്ലോ… എന്തുപറ്റി…??”

“എനിക്ക് ടെൻഷൻ ഒന്നുമില്ലടോ.. നിനക്ക് തോന്നുന്നതാ…”
മുഖത്ത് ഒരു ചിരി വരുത്തി സഞ്ജു പറഞ്ഞു…

ചക്കിയെ ബസ് സ്റ്റേഷനിൽ കൊണ്ടുചെന്നാക്കുമ്പോഴും തിരികെ ഭക്ഷണം കഴിക്കുമ്പോഴും സഞ്ജുവിന്റെ ടെൻഷൻ നന്ദു ശ്രദ്ധിക്കുന്നുണ്ടായിരുന്നു…

തനിക്ക് എന്തെങ്കിലും സംഭവിക്കുമോ എന്ന ചിന്തയാണ് അവനെ കൂടുതൽ വിഷമിപ്പിക്കുന്നത് എന്നറിയാവുന്നതു കൊണ്ട് നന്ദുവും പിന്നെ അങ്ങോട്ട് ഒന്നും ചോദിക്കാൻ നിന്നില്ല…..

“നന്ദൂട്ടീ… ആവശ്യമില്ലാതെ ഓരോന്ന് ആലോചിച്ച് ടെൻഷൻ അടിക്കരുത്.. താൻ ആലോചിച്ചു കൂട്ടുന്ന പോലെ ഒന്നും ഉണ്ടാവില്ല… ഞാനില്ലേ തന്നോടൊപ്പം…”

ഇറങ്ങാൻ നേരം പതിവുപോലെ നന്ദുവിന്റെ നെറുകയിൽ ഒരു മുത്തം നൽകി സഞ്ജു പറഞ്ഞു…

“എന്തുപറ്റി എന്റെ സഞ്ജൂന്..?? എനിക്ക് ഒരു ടെൻഷനും ഇല്ല… ഇപ്പോൾ ടെൻഷൻ മുഴുവനും സഞ്ജുവിനാ… പോയിട്ട് വാ… ഞാൻ ഒന്നും ആലോച്ചിക്കില്ല പോരെ..”

മറുപടിയായി ഒന്നു മൂളി സഞ്ജു ഓഫീസിലേക്ക് ഇറങ്ങി…

ഓഫീസിൽ എത്തിയിട്ടും കാർത്തിയുടെ മറുപടി മെസ്സേജ് ഒന്നും കണ്ടില്ല…
ഒരു പക്ഷേ അവൻ ഇന്നലെ താനയച്ച കണ്ടു കാണില്ല..

കുറച്ചുകഴിഞ്ഞ് ഒന്ന് വിളിച്ചു നോക്കാം.. എന്ന് മനസ്സിലുറപ്പിച്ച് ആണ് സഞ്ജു ക്യാബിനിലേക്ക് കയറിയത്..

ഒരുപക്ഷേ എച്ച് ആർ ൽ ചോദിച്ചാൽ കിരണിന്റെ പ്രൊഫൈൽ ലഭിക്കും… അതിൽ നിന്ന് മനസ്സിലാക്കാമല്ലോ…

മേഘയോട് ചോദിക്കാം…

സഞ്ജു ഫോൺ എടുത്തു കണക്ട് ചെയ്തു…

“മേഘാ…
പ്ലീസ് ഡു എ ഫേവർ ഫോർ മീ… ഇഫ് യു ഡോണ്ട് മൈന്റ് .. പ്ലീസ് ഷെയർ ഡി ഡീറ്റെയിൽസ് ഓഫ് കിരൺ പ്രതാപ് ഫ്രം എച്ച്. ആർ..അറ്റ് ദ് ഏർളിയെസ്റ്റ്…”

“ഷുവർ സർ…വിൽ ഷെയർ..”

മേഘയുടെ മറുപടി കേട്ട് സഞ്ജു ഫോൺ വെച്ച് ജോലിയിൽ മുഴുകി…

കുറച്ചു കഴിഞ്ഞപ്പോഴാണ് ആണ് ക്യാബിന്റെ വാതിലിൽ ആരോ മുട്ടിയത്..

“ഹായ്..സഞ്ജയ്.. ഗുഡ് മോണിംഗ്..
എന്തുണ്ട് വിശേഷം…??”

ക്യാബിന്റെ വാതിൽ തുറന്നു കൊണ്ട് ചോദിച്ചു..

സഞ്ജു തലയുയർത്തി നോക്കി… നോക്കുമ്പോൾ വാതിൽക്കൽ നിൽക്കുന്നത് കിരൺ ആണ്…

“ഇത് തന്നെയാണോ ആ മുഖം എന്ന് തനിക്ക് ഉറപ്പില്ല… പക്ഷേ ആ പേര് കേൾക്കുമ്പോൾ പോലും തനിക്ക് ഇത്രമാത്രം അസ്വസ്ഥത അനുഭവപ്പെടുന്നുവെങ്കിൽ….”

മനസ്സിൽ വന്ന അസ്വസ്ഥത മറച്ചുവെച്ച് സഞ്ജു പറഞ്ഞു…

“യെസ് കിരൺ.. ഗുഡ് മോണിംഗ്..
വരൂ… ഇരിക്കൂ..
എങ്ങനെ ഉണ്ട് ഓഫീസ് ആൻഡ് സ്റ്റാഫ്സ്…ആർ യു കംഫർട്ടബിൾ..”

“യെസ്.. യെസ്… റിയലി കംഫർട്ടബിൾ…”

“കുറച്ച് കഴിഞ്ഞ് സൈറ്റിലേക്ക് ഒന്ന് പോകാം.. സഞ്ജു ഫ്രീ അല്ലേ..”

“യെസ് ഫ്രീയാണ്… എപ്പോഴാണ് സമയം എന്ന് പറഞ്ഞോളൂ… അയാം ഒക്കെ…”

“എങ്കിൽ പിന്നെ വൈകിക്കേണ്ട ഇപ്പോൾതന്നെ ഇറങ്ങാം… എം.ഡി യോട് ഞാൻ പറഞ്ഞിട്ടുണ്ട്..”

പോകുന്ന വഴിയിൽ സംസാരം മുഴുവനും പ്രോജക്റ്റിനെ പറ്റി ആയിരുന്നു വേറൊന്നും രണ്ടു പേരും അങ്ങോട്ടും ഇങ്ങോട്ടും സംസാരിച്ചില്ല…

താൻ മനസ്സിൽ ഉദ്ദേശിക്കുന്ന ആൾ ആണോ തന്നോടൊപ്പം ഇരിക്കുന്നത് എന്നറിയാത്തതിനാൽ വിശദമായി സഞ്ജുവും സംസാരിക്കാൻ നിന്നില്ല..

തിരികെ വരുമ്പോഴാണ് കിരൺ സംസാരിച്ചു തുടങ്ങിയത്…

“എന്തുപറ്റി സഞ്ജു ആകെ അസ്വസ്ഥനാണല്ലോ…??”

“ഹേയ് നത്തിംഗ് കിരൺ..”

“സഞ്ജുവിന് എന്നെക്കുറിച്ച് എന്തെങ്കിലും അറിയാൻ ഉണ്ടോ…??”

“എന്താടോ.. അങ്ങനെ ചോദിച്ചത്..??”

“എച്ച് ആർ ൽ നിന്ന് എന്റെ പ്രൊഫൈൽ എടുക്കാൻ പറഞ്ഞു എന്ന് അറിഞ്ഞു… അതുകൊണ്ട് ചോദിച്ചതാ…എന്നെ പറ്റി എന്തെങ്കിലും കൂടുതലായി അറിയണമെന്നുണ്ടെങ്കിൽ എന്നോട് തന്നെ ചോദിക്കുന്നതല്ലേ നല്ലത്…”

“സോറി കിരൺ… തന്നെ കണ്ടപ്പോൾ നമ്മൾ ഒരു കോളേജിലാണോ പഠിച്ചത് എന്നൊരു സംശയം… അതൊന്നും ക്ലാരിഫൈ ചെയ്യാമെന്ന് കരുതി… ഏതു ബാച്ചാണ് എന്നറിയാൻ വേണ്ടിയാ പ്രൊഫൈൽ എടുക്കാൻ പറഞ്ഞത്… സോ സോറി..”

“ഇറ്റ്സ് ഓ.കെ..
ഞാൻ പറഞ്ഞെന്നേയുള്ളൂ…”

“സഞ്ജു എവിടാ പഠിച്ചത് പാലക്കാട് ആണോ…???

ഞാൻ പഠിച്ചത് പാലക്കാടാണ്..
പാലക്കാട് എൻ എസ് എസ് ൽ…”

ഉത്തരം കേട്ടതിന്റെ ഞെട്ടലിൽ ആയിരുന്നു സഞ്ജു..
സഞ്ജു മറുപടിയൊന്നും പറഞ്ഞില്ല…

“ഡോ.. ഞാൻ പറഞ്ഞത് കേട്ടില്ലേ എന്നുണ്ടോ…”

“ഏയ്…കേട്ടു കേട്ടു…
ഞാൻ പഠിച്ചതും അവിടെ തന്നാ..”

പെട്ടെന്നാണ് സഞ്ജുവിനെ ഫോണിൽ ഒരു മെസ്സേജ് വന്നത്… നോക്കുമ്പോൾ കാർത്തി…

ഓപ്പൺ ആക്കാതെ തന്നെ സഞ്ജുവിന് മനസ്സിലായി അത് കിരണിന്റെ ഫോട്ടോ ആയിരിക്കും എന്ന്…

“ആഹാ.. അത് വലിയ അത്ഭുതമാണല്ലോ..

അപ്പോ എന്നെപ്പറ്റി കേട്ടുകേൾവി കാണും അല്ലേ… അതുകൊണ്ടാണല്ലോ പ്രൊഫൈൽ തപ്പാൻ ഇറങ്ങിയത്..”

കിരൺ പറയുന്നത്
കേട്ടപ്പോൾ സഞ്ജുവിന് ഉണ്ടായ ഭാവമാറ്റം കിരണിൽ നിന്ന് മറച്ചു വെച്ച് മറുപടിയൊന്നും പറയാതെ സഞ്ജു ഫോണിൽ തന്നെ നോക്കിയിരുന്നു…

രണ്ടും കൽപ്പിച്ച് സഞ്ജു കാർത്തിയുടെ മെസ്സേജ് തുറന്നു…

രണ്ടു ഫോട്ടോയും കൂടെ ഒരു വോയ്സ് നോട്ടും..

സഞ്ജു ആദ്യം വോയിസ് നോട്ട് ബ്ലൂടൂത്ത് ഹെഡ്സെറ്റ് വെച്ച് വോയ്സ് നോട്ട് പ്ലേ ചെയ്തു..

“ഹായ് ഏട്ടാ എന്താ പ്രശ്നം..??

ഞാൻ ഇന്ന് രാവിലെ ആണ് മെസ്സേജ് കണ്ടത് ഞാൻ വൈകിട്ട് വിളിക്കാം.. എന്തേലും പ്രശ്നം ഉണ്ടോ അവിടെ..?? ഇപ്പൊ എന്തിനാ അവന്റെ ഫോട്ടോ തപ്പി ഇറങ്ങിയത്…

ഞാൻ രണ്ടെണ്ണം അയച്ചിട്ടുണ്ട് കുറെ തപ്പിയാണ് കിട്ടിയത്…”

സഞ്ജു ഫോട്ടോ ഓപ്പൺ ആക്കി… തൻറെ അപ്പുറം ഇരുന്ന് ഡ്രൈവ് ചെയ്യുന്ന കിരണിനെ നോക്കി…

രണ്ടും ഒരാൾ തന്നെ…

തന്റെ മനസ്സ് അസ്വസ്ഥമാക്കുന്നത് സഞ്ജു അറിഞ്ഞു..

വീണ്ടും എന്തൊക്കെയോ പ്രശ്നങ്ങൾ തന്നെ കാത്തിരിക്കുന്നതുപോലെ..

(തുടരും )

നല്ല‍ പാതി : ഭാഗം 1

നല്ല‍ പാതി : ഭാഗം 2

നല്ല‍ പാതി : ഭാഗം 3

നല്ല‍ പാതി : ഭാഗം 4

നല്ല‍ പാതി : ഭാഗം 5

നല്ല‍ പാതി : ഭാഗം 6

നല്ല‍ പാതി : ഭാഗം 7

നല്ല‍ പാതി : ഭാഗം 8

നല്ല‍ പാതി : ഭാഗം 9

നല്ല‍ പാതി : ഭാഗം 10

നല്ല‍ പാതി : ഭാഗം 11

നല്ല‍ പാതി : ഭാഗം 12

നല്ല‍ പാതി : ഭാഗം 13

നല്ല‍ പാതി : ഭാഗം 14

നല്ല‍ പാതി : ഭാഗം 15

നല്ല‍ പാതി : ഭാഗം 16

നല്ല‍ പാതി : ഭാഗം 17

നല്ല‍ പാതി : ഭാഗം 18

നല്ല‍ പാതി : ഭാഗം 19

നല്ല‍ പാതി : ഭാഗം 20

നല്ല‍ പാതി : ഭാഗം 21

നല്ല‍ പാതി : ഭാഗം 22

നല്ല‍ പാതി : ഭാഗം 23

നല്ല‍ പാതി : ഭാഗം 24

നല്ല‍ പാതി : ഭാഗം 25