Friday, April 26, 2024
Novel

നല്ല‍ പാതി : ഭാഗം 17

Spread the love

നോവൽ

Thank you for reading this post, don't forget to subscribe!

*******
എഴുത്തുകാരി: ധന്യ സുജിത്ത്‌

നന്ദുവിന്റെ തീരുമാനം എല്ലാവർക്കും സന്തോഷം നൽകുന്ന കാര്യമായിരുന്നു..
അമ്മയോട് പോയി വരാം.. എന്നു പറഞ്ഞ് നന്ദുവിന്റെ വീട്ടിലോട്ടിറങ്ങുമ്പോൾ എന്തെന്നില്ലാത്ത സന്തോഷമായിരുന്നു കാർത്തിയുടെ മുഖത്ത്…

ഇതുവരെ തന്നോടൊപ്പം
എന്തു കുരുത്തക്കേടിനും ഒപ്പമുണ്ടായിരുന്നവൾ..

തന്റെ ഒപ്പം എന്നല്ല.. അവൾക്കൊപ്പം താൻ ഉണ്ടായിരുന്നു എന്ന് പറയുന്നതാവും കൂടുതൽ ശരി..

സൗഹൃദത്തിനും അപ്പുറത്ത് എന്തോ ഒരു ആത്മബന്ധമുണ്ട് തനിക്കും നന്ദുവിനും ഇടയിൽ..
ചില സൗഹൃദങ്ങൾ അങ്ങനെയാണ്… കാണാൻ കഴിയാത്ത ആത്മബന്ധത്തിന്റെ നൂല് കൊണ്ട് അവ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു..

സൗഹൃദത്തിലുള്ള ഇണക്കങ്ങളും പിണക്കങ്ങളും ശാസനകളും കുറ്റപ്പെടുത്തലുകളും ഒക്കെ തങ്ങൾക്കിടയിലും ഉണ്ടായിട്ടുണ്ട്..

എങ്കിലും വാശി കാണിച്ച് പിണങ്ങിയാലും എന്തെങ്കിലും വിഷമം വന്നാൽ പരിഭവം പറയാൻ ഓടിവരും..

പറഞ്ഞു കഴിഞ്ഞിട്ടായിരിക്കും ഉടക്കി ഇരിക്കുകയായിരുന്നല്ലോ എന്ന് ഓർക്കുക…

പറയാതെ തന്നെ പരസ്പരം അറിയാൻ കഴിയുന്ന…എന്തോ ഒന്ന്… എന്തേലും പറയുന്നതിനും മുന്നേ..അതല്ലേ ടാ എന്നു ചോദിക്കുന്ന..വെകിളി പെണ്ണ്..

കോളേജ് പഠനകാലത്ത് കിട്ടിയ ഒരുപാട് സൗഹൃദങ്ങളിൽ ഒന്നായിരുന്നില്ല തനിക്ക് അവൾ…
സൗഹൃദത്തിന്റെ ആഴവും പരപ്പും താൻ മനസ്സിലാക്കിയത് അവളിൽ നിന്നാണ്..

എന്തിനും ഏതിനും കൂടെ നിൽക്കുന്ന.. തെറ്റ് കണ്ടാൽ കണ്ണു പൊട്ടുന്ന ചീത്ത പറയുന്ന..

മറ്റുള്ളവർ പ്രണയം എന്ന് പറഞ്ഞ് കളിയാക്കുമ്പോൾ പറയുന്നവർ പറയട്ടെ എന്ന് നോക്കാതെ..

അവർക്ക് വയറു നിറയെ കൊടുത്ത് ഹോ..ഇപ്പഴാ ഒരു സമാധാനമായതെന്ന് പറയുന്ന ഒരു വെട്ടു പോത്ത്..

തന്റെ കൂടെ പിറന്നിലെങ്കിലും കൂടപിറപ്പിനുമപ്പുറം ആരോ ആയവൾ.. തന്റെ നന്ദു..
ഇനിമുതൽ നന്ദു അല്ല… ഏട്ടത്തിയമ്മ… ഓർത്തപ്പോൾ അവന് ചിരിയാണ് വന്നത്…

കാർത്തി വരുന്നത് ബാൽക്കണിയിൽ നിന്നും നോക്കി നിൽക്കുകയായിരുന്നു നന്ദു..

“തമ്പുരാട്ടി മട്ടുപ്പാവിൽ നിന്ന് സ്വപ്നം കാണാണോ…
ഇങ്ങോട്ട് ഇറങ്ങി വാടീ… ”

ബുള്ളറ്റിന്റെ ശബ്ദം കേട്ട് വേണുഗോപാലും സുമയും വാതിൽ തുറന്നു പുറത്തേക്ക് വന്നിരുന്നു…

“ആരാ ഇത്… കാർത്തിയോ..വാ..കയറിയിരിയ്ക്ക്..”

അവരോട് സംസാരിച്ചു കൊണ്ടിരിയ്ക്കുന്നതിനിടയിലാണ് നന്ദു താഴോട്ടിറങ്ങി വന്നത്…

“എന്താ മോനേ വിശേഷിച്ച്..??”

എന്ന സുമയുടെ ചോദ്യം കേട്ടപ്പോഴേ നന്ദു വീട്ടിൽ ഒന്നും പറഞ്ഞിട്ടില്ലെന്ന് അവന് മനസ്സിലായി… അവൻ നന്ദുവിനെ കൂർപ്പിച്ചൊന്നു നോക്കി.. സുമയോടായ് പറഞ്ഞു..

“ഏയ്..ഒന്നുമില്ല ആന്റി.. ഞാൻ ഇവിടെ ടൗൺ വരെ ഒന്ന് വന്നതാ.. അപ്പോൾ ജസ്റ്റ് കേറി എന്നേയുള്ളൂ..”

“ആണോ.. എങ്കിൽ നിങ്ങൾ സംസാരിച്ചിരിക്കൂ.. ഞാൻ പോയി കുടിക്കാൻ എടുക്കാം..”

അല്പം സംസാരിച്ചതിനുശേഷം വേണുഗോപാലിനോടു പറഞ്ഞ് നന്ദുവിനോടൊപ്പം അവൻ പുറത്തോട്ടിറങ്ങി.. കാർത്തിക്ക് ദേഷ്യം അടക്കാൻ പറ്റുന്നുണ്ടായിരുന്നില്ല..

“ഡീ.. എന്താ നിന്റെ ഉദ്ദേശം..
നീ വീട്ടിൽ ഇതുവരെ പറഞ്ഞില്ലേ..??” നന്ദുവിനോടായി കാർത്തി ചോദിച്ചു

“എന്തു പറഞ്ഞില്ലേന്ന്..??”

ഒന്നുമറിയാത്ത ഭാവത്തിൽ നിൽക്കുകയാണ് നന്ദു..

“എന്താ.. നീ പൊട്ടൻ ആട്ടം കാണുന്ന പോലെ നിൽക്കണത്..?
ഏട്ടനോട് പറഞ്ഞ കാര്യം എന്തുകൊണ്ട് ഇതുവരെ നീ വീട്ടിൽ പറഞ്ഞില്ല എന്നാണ് ചോദിച്ചത്..”

“ഇല്ല.. ഞാൻ പറഞ്ഞില്ല..”

“അതാണ് ചോദിച്ചത്.. എന്തുകൊണ്ട് പറഞ്ഞില്ലാന്ന്..??”

“പറയണം എന്ന് തോന്നിയില്ല.. പറഞ്ഞില്ല..സഞ്ജുവോ അങ്കിളോ വന്നു പറഞ്ഞോട്ടെ എന്ന് കരുതി..”

“അവരാണോ പറയേണ്ടത്…??? നിന്റെ അച്ഛനോടും അമ്മയോടും ആരാ പറയണ്ടേ.. നീയല്ലേ നന്ദു..
അവരോടുള്ള വാശി നിനക്ക് ഇനിയും തീർന്നില്ലേ…”

“എനിക്ക് ആരോടും വാശിയും ദേഷ്യവും ഒന്നും ഇല്ല..”

“പിന്നെന്താ പ്രശ്നം… ഈഗോ.. അല്ലേ.. സത്യം പറയട്ടെ..

ചിലനേരത്ത് നിന്റെ സ്വഭാവം കണ്ടാൽ.. കരണക്കുറ്റിക്ക് രണ്ട് പൊട്ടിക്കാൻ തോന്നുട്ടാ..ം പിന്നെ പാവല്ലേ എന്ന് വിചാരിച്ചിട്ട് ഞാൻ ക്ഷമിക്കണതാ..

നമ്മളെ തനിച്ചാക്കിയവരെ നമ്മളൊരിക്കലും, തനിച്ചാക്കരുത്….

എന്നെങ്കിലും അവർ തനിച്ചാകുമ്പോൾ അവർക്കൊപ്പം നിൽക്കണം.. എന്നിട്ട് പറയണം ഞാനുണ്ട് കൂടെന്ന്……. അതാണ് ചെയ്യേണ്ടത്.. മനസ്സിലായോ..??
എവിടുന്ന് ല്ലേ..??

കാര്യം.. നിന്റെ അച്ഛനും അമ്മയും നിന്നെ പരിഗണിച്ചില്ല.. സ്നേഹിച്ചില്ല..

അതൊക്കെ അവരുടെ തെറ്റ് തന്നെയാണ്.. അത് ആരും എതിർക്കുന്നില്ല.. പക്ഷേ.. കഴിഞ്ഞ മൂന്നു വർഷമായി അവർ അനുഭവിക്കുന്ന പ്രയാസം അറിയുന്നുണ്ട് ഞാൻ…

നിനക്ക് പറയാൻ നിന്റേതായ ന്യായങ്ങൾ ഒക്കെ കാണും..

പക്ഷേ നീ ഇപ്പോ ഈ കാണിക്കുന്ന വാശി..അത് നിന്റെ സന്തോഷങ്ങളെ തന്നെയാണ് ഏറ്റവും കൂടുതൽ ബാധിക്കുക…”

ഇതൊന്നും തന്നോടല്ല എന്ന ഭാവത്തിൽ നിൽക്കുകയാണ് നന്ദു..

“ജീവിതമാണിത്. . വാശി കാണിക്കാനും സന്തോഷങ്ങൾ നൽകാനും ഒരൊറ്റ അവസരമേ കിട്ടൂ… മറക്കണ്ട നീ..

നീ അവരോടൊന്നു ചിരിച്ചു സംസാരിച്ചാൽ…ക്ഷമിച്ചാൽ മാറാവുന്നതേയുള്ളൂ…
അവർ അവരുടെ തെറ്റ് തിരിച്ചറിഞ്ഞു നമ്മിലേയ്ക്ക് വരുമ്പോൾ വാശി കാണിച്ച് മാറിയിരിക്കുന്നത് ശരിയാണോ…??

നീ വല്യ വായനക്കാരി അല്ലേ…
കുറേ ഡയലോഗ്സ് പറയാറുണ്ടല്ലോ..എന്തേ ഇന്നൊന്നും കിട്ടണില്ലേ…??”

“നിനക്കെന്താ വേണ്ടത്…?? കുറേ നേരമായി തുടങ്ങീട്ട്..ഇതിനാണോ നീ ഇപ്പോ വന്നേ…”

നന്ദു എടുത്തടിച്ച പോലെ പറഞ്ഞത് കാർത്തിയ്ക്ക് ശീലമായതുകൊണ്ട് വല്യ വിഷമമൊന്നും അവന് തോന്നിയില്ല..

“എന്തു സന്തോഷത്തിലാ ഞാൻ വന്നത് അറിയോ..??
എല്ലാം നശിപ്പിച്ചു…പിശാച്..

അമ്മ വിളിക്കാൻ തുടങ്ങിയപ്പോൾ ഞാൻ പറഞ്ഞതാ.. വേണ്ടെന്നു.. അതിപ്പോൾ നന്നായില്ലേ…
നിന്നെ എനിയ്ക്കറിഞ്ഞൂടെ…

നീ ഇവരോട് ശീതസമരത്തിലാവുംന്ന് എനിക്ക് അറിയാം.. അതാ ഇങ്ങോട്ടു പോന്നത്…

ഇനിയെങ്കിലും ഈ വാശിയൊന്നു മാറ്റിക്കൂടെ നന്ദൂ നിനക്ക്…
നീ തന്നെയാണ് നിന്റെ സന്തോഷം അകറ്റി നിർത്തുന്നത്..

നീ വിഷമിച്ചിരിക്കുന്ന സമയത്ത് നിനക്ക് ചുറ്റും ഞങ്ങളൊക്കെ ഉണ്ടായിരുന്നു.. വീടിനെ പറ്റി ആലോചിക്കുമ്പോൾ മാത്രമേ നിനക്ക് വിഷമം വന്നിരുന്നുള്ളൂ..

അല്ലാത്തപ്പോളൊക്കെ നീ ഹാപ്പി ആയിരുന്നു.. പക്ഷേ ഇവിടെ നോക്കിയേ.. അവർക്ക് സന്തോഷമാണോ..

തെറ്റ് തിരുത്താൻ അവർക്ക് ഒരവസരം കൊടുത്തൂടെ നന്ദു.. നീ വിചാരിച്ചാൽ മാത്രമേ ഇനി നിനക്ക് സന്തോഷം കിട്ടൂ… നിന്റെ സന്തോഷം നിന്റെ തീരുമാനമാണ്…

നീ സങ്കടപ്പെടാൻ വേണ്ടിയല്ല ഇതൊന്നും ഞാൻ പറഞ്ഞത്…
ഇനിയെങ്കിലും സന്തോഷത്തോടെ ഇരിക്കാനാ…
ചിന്തിച്ചു നോക്ക്…
ഞാനിറങ്ങുവാ…”

കാർത്തി പറഞ്ഞതിൽ ശരിയുണ്ടെന്ന് നന്ദുവിന് അറിയാമായിരുന്നു.. പക്ഷേ ഈഗോ… അങ്ങോട്ടേക്ക് ചെന്നു മിണ്ടാൻ ഉള്ള മടി.. അതാണ് അവളെ പിന്നിലോട്ടു വലിക്കുന്നത്…

“കാർത്തി…സോറി ഡാ.. എനിക്ക്.. എനിക്ക് അവരോട് സംസാരിക്കണം എന്നൊക്കെ ഉണ്ട്.. പക്ഷേ…”

“എന്തു പക്ഷേ.. ഈഗോ അല്ലേ… അവരെ ഏറ്റവും കൂടുതൽ ആഗ്രഹിച്ചത് നീ തന്നെയല്ലേ… ഇപ്പൊ അവരുണ്ട് നിന്നോടൊപ്പം…അതു മനസ്സിലാക്കി പതിയെ പോയി അവരുടെ അടുത്ത് സംസാരിച്ചാൽ തീരാവുന്നതേയുള്ളൂ..

ഇനിയെങ്കിലും ഒഴിവാക്കി കളയല്ലേ നീ… ഞാൻ പറയുന്നത് നിന്റെ നല്ലതിനല്ലേ.. പ്ലീസ്..”

“ഉം.. ഞാൻ സംസാരിക്കാം.. രണ്ടു ദിവസം കഴിയട്ടെ..”

“എന്തിനാ നിനക്ക് രണ്ടു ദിവസം…

നിന്നോട് ഐ എ എസ് എക്സാം എഴുതാനല്ലല്ലോ പറഞ്ഞത്… നിന്റെ അച്ഛനോടും അമ്മയോടും പോയി ഒന്നു മിണ്ടാനാ…. രണ്ട് ദിവസം..

അതൊന്നും പറഞ്ഞാൽ പറ്റില്ല..നാളെ അമ്മയും അച്ഛനും ചേട്ടനും കൂടി ഇങ്ങോട്ട് വരും.ം കൂടെ ഞാനും..

അതിനുമുന്നേ സംസാരിച്ച നിങ്ങൾ ഹാപ്പി ആയിരിക്കണം അല്ലെങ്കിൽ എന്റെ വിധം മാറും പറഞ്ഞേക്കാം..

ഇന്ന് രാത്രി ഉണ്ടല്ലോ.. അത് മതി..

എനിക്കറിയാം ഈ വെട്ടുപോത്ത് ഒരു പാവമാണെന്ന്..
എങ്കിൽ എന്റെ ഏട്ടത്തിയമ്മ ചെല്ല്..”

“ഏട്ടത്തിയമ്മയോ.. അയ്യേ…
എന്നെ അങ്ങനെ ഒന്നും വിളിക്കണ്ട..
നന്ദു അതുമതി..”

“അയ്യടി.. അതിന് നിന്നെ ആരാ ഇപ്പോ ഏട്ടത്തിയമ്മാന്ന് വിളിക്കാൻ പോകണത്..
ഞാനെന്തായാലും വിളിക്കാൻ ഉദ്ദേശമില്ല…

വേണമെങ്കിൽ അങ്ങനെ വിളിക്കാനൊരാളെ പരിചയപ്പെടുത്തി തരാം…”

“ഏ..ആരെയാടാ…”
നന്ദുവിന്റെ മുഖത്തെ അദ്ഭുതം കണ്ടപ്പോൾ ചമ്മിയെങ്കിലും സന്തോഷമായിരുന്നു അവനും..

“അതൊക്കയുണ്ട്.. നിന്റെ അടുത്താ ആദ്യം പറയണേ..കുളം കലക്കരുത്.. കേട്ടല്ലോ..”

കാർത്തി ഫോണെടുത്തു ഡയൽ ചെയ്തു…
അപ്പുറത്ത് കോൾ എടുത്തു സംസാരിക്കാൻ തുടങ്ങി..

“ഡീ.. ഹോസ്റ്റലിൽ എത്തിയോ..??”

“ഉം..ഉവ്വല്ലോ.. എന്താ ഈ നേരത്ത് പതിവില്ലാതെ ഒരു വിളി..”

“ഞാൻ ഒരാൾക്ക് ഫോൺ കൊടുക്കാട്ടോ….”

“ആർക്കാ..പറയ്..”
മറുവശത്ത് ടെൻഷൻ നിറഞ്ഞു..

“നീ ടെൻഷൻ അടിയ്ക്കണ്ട..

രാവിലെ നീ പറഞ്ഞില്ലേ..
ആ ആൾക്ക് തന്നെയാ..”

“ഏ..നന്ദു ചേച്ചിയ്ക്കോ..”

“അല്ലടീ.. ഏട്ടത്തിയമ്മയ്ക്ക്..”
അതും പറഞ്ഞു ചിരിച്ച അവൻ ചിരി നിർത്തിയത് നന്ദുവിന്റെ കയ്യിൽ നിന്ന് നടുംപുറത്ത് ഊക്കോടെ ഒരു അടി കിട്ടിയപ്പോളാണ്..

“ഹയ്യോ..
ഞാൻ കൊടുക്കാം..”

കാർത്തി ഫോൺ നന്ദുവിന് കൈമാറി…
യാതൊരുവിധ മുൻധാരണയുമില്ലാതെയാണ് നന്ദു സംസാരിക്കാൻ തുടങ്ങിയത്..

“ഹലോ..നന്ദേച്ചീയ്ക്ക് എന്നെ മനസ്സിലായോ..??
എന്റെ ശബ്ദം മറന്നോ…??”

ഒരു വിധത്തിലും നന്ദുവിന് ആളെ മനസ്സിലായില്ല…

“ഇല്ല.. എനിക്ക് ഓർമ്മ വരുന്നില്ല..”

എങ്കിൽ കാർത്തിയേട്ടനോട് ചോദിക്ക്..

“കാർത്തിയേട്ടനോ..??ഇവനോ..??”
നന്ദുവിന് ചിരി അടക്കാനായില്ല..

“എന്തെടി പോത്തേ.. മൂത്തവരെ എല്ലാവരും ഏട്ടാന്നാ വിളിക്കാ..
പിന്നെ എല്ലാവരും നിന്നെപ്പോലെ ആവോ.. ഇത്തിരി ബഹുമാനം ഒക്കെ കൊടുക്കാം..”

കാർത്തി അടുത്ത് നിന്ന് വഴക്കിട്ടു..

“രണ്ടാളും ഇനി വഴക്കിടണ്ട.. ഞാൻ തന്നെ പറയാം…
നന്ദേച്ചീ.. ഇതു ഞാനാ ഗായത്രി..”

“ഗായത്രി” എന്ന പേരു കേട്ടതും..നന്ദുവിന്റെ മുഖം വിടർന്നു.. ഒരുപാട് സന്തോഷത്തോടെ തിരിച്ചു ചോദിച്ചു.. “ഗായത്രിയോ..??”

“ആ.. ഗായത്രി തന്നെ.. ആനന്ദ് ഭവനിലെ ഗായത്രി….”

“ഇതെങ്ങനെ സംഭവിച്ചു..??”

“അതൊക്കെ സംഭവിച്ചു..
ആങ്ങളയോട് ചോദിച്ചാ മതീട്ടോ..

ചേച്ചി കല്യാണത്തിന് സമ്മതിച്ചിട്ട് പറയാം.. ചേച്ചിയുടെ അടുത്ത്.. എന്നു പറഞ്ഞതു കൊണ്ടാ ഞാൻ വിളിക്കാഞ്ഞത്ട്ടോ..

കല്യാണത്തിന് എന്തായാലും ഞാൻ വരും.. ടീച്ചർക്കും മാഷിനും ഒപ്പം.. ആരു വന്നില്ലെങ്കിലും..”

നന്ദു ആകെ കിളി പോയി നിൽക്കുവാണ്..

“ഡീ.. വല്ലതും പറയെടീ..”
എന്ന് കാർത്തി പറഞ്ഞപ്പോഴാണ് നന്ദുവിന് സ്ഥലകാലബോധം വന്നത്..

“ഉം.. മോൾക്ക് സുഖാണല്ലോ…വയ്യായ്കയൊന്നും ഇല്ലല്ലോ… സൂക്ഷിക്കണം ട്ടോ..”
ചേച്ചി പിന്നെ വിളിക്കാമെന്ന് പറഞ്ഞു ..

കാർത്തിയെ നോക്കി തലയാട്ടി കൊണ്ട് വേഗം ഫോൺ വച്ചു നന്ദു…

നന്ദുവിന്റെ തലയാട്ടലിന്റെ ഉദ്ദേശം മുൻകൂട്ടി അറിയാവുന്നതു കൊണ്ട് കാർത്തി രക്ഷപ്പെടാനുള്ള വഴിയൊക്കെ നോക്കി നിൽക്കുകയായിരുന്നു..

നന്ദു ടീഷർട്ടിൽ പിടിക്കാനാഞ്ഞതും അവൻ തൊടിയിലേയ്ക്ക് ഇറങ്ങി ഓടിയതും ഒരുമിച്ചായിരുന്നു..

“ഛെ.. ജസ്റ്റ് മിസ്സ്..
ഡാ…നീ വരുമല്ലോ ഇങ്ങോട്ട്.. ഇപ്പൊ തന്നെ ഞാൻ ഇത് പബ്ലിഷ് ചെയ്യും.. നോക്കിക്കോ..”

അവളുടെ ഫോണെടുത്തു അതു പറഞ്ഞതും കാർത്തി തൊഴുതു കൊണ്ട് വന്നു…
“പൊന്നുമോളെ ചതിയ്ക്കല്ലേ…

നിങ്ങളുടെ കാര്യം നടന്നാലേ.. ഇതിനൊരു നീക്കുപോക്കുണ്ടാകൂ…
അതോണ്ടല്ലേ പറയാഞ്ഞത്..
നീ ക്ഷമിക്കടീ..”

“ഉം..ശരി ശരി..

പക്ഷേ.. അവളുടെ അസുഖം..
അന്ന് പറഞ്ഞത്…

നീ ശ്രമിയ്ക്കാം.. എന്നൊക്കെ പറഞ്ഞിട്ട്… എനിക്കൊന്നും മനസ്സിലാകണില്ലല്ലോ…”

“അവൾക്ക് ഇപ്പോ ഒരു കുഴപ്പവുമില്ല…ഒരു സർജറി ഉണ്ടായിരുന്നു..നൗ ഷീ ഈസ് പെർഫെക്റ്റിലി ഓൾ റൈറ്റ്..

രണ്ടു വർഷം ഒന്നിനും പോകാതെ വീട്ടിലിരുന്നു.. കഴിഞ്ഞ വർഷമാണ് പഠിക്കാനായി ചേർന്നത്.. ബാംഗ്ലൂരിൽ…”

“എവിടെ..?? ബാംഗ്ലൂരിലോ..??”

“അപ്പോ വെറുതെ അല്ല നീ അവിടെ കറങ്ങി നടന്നിരുന്നത്..
അപ്പോ.. അവളുടെ സർജറി..അതെങ്ങനെ..??”

“അത്….”

അതിനിടയിലാണ് വേണുഗോപാലും ചായയുമായി സുമയും അങ്ങോട്ടേക്ക് വന്നത്..

നന്ദുവിനോട് എന്ത് ചോദിച്ചാലും ഒറ്റവാക്കിൽ മറുപടി പറഞ്ഞു ഒഴിയാറാണ് ആണ് പതിവ്.. പപ്പാ…അമ്മാ.. എന്നു പോലും വിളിച്ച കാലം മറന്നിരിക്കുന്നു..

അവരുടെ മുഖത്ത് ആ സങ്കടം കാണാം..

“എന്താ രണ്ടുപേരും കൂടെ ഭയങ്കര സംസാരം..??”
വേണുഗോപാൽ കാർത്തിയോട് ചോദിച്ചു..

“ഹേയ് ഒന്നുമില്ല അങ്കിളേ…
ആന്റി ഇതൊക്കെ ഇങ്ങോട്ടേക്ക് എടുത്തത് ഞാൻ വരില്ലേ…??”

സുമ കൊണ്ടുവന്ന ചായ എടുത്തു കുടിക്കുന്നതിനിടയിൽ കാർത്തി പറഞ്ഞു.. ചായ നന്ദുവിനെ നേരെ നീട്ടിയെങ്കിലും വേണ്ടെന്ന് എന്ന് ആംഗ്യം കാണിച്ചു നന്ദു…

“അതേ അങ്കിൾ..ആന്റീ..
ഒരു സർപ്രൈസ് ഉണ്ട്…”

“സർപ്രൈസോ…എന്താ കാർത്തീ..??”

അതൊക്കെ നന്ദു പറയും..

“നന്ദുവോ..??”
വേണുഗോപാലും സുമയും ഒരുമിച്ചാണ് ചോദിച്ചത്…

അവരുടെ മുഖത്ത് അത്ഭുതവും സന്തോഷവും മിന്നി മറഞ്ഞു..
കണ്ണെല്ലാം നിറഞ്ഞു…

അത് കണ്ടപ്പോൾ നന്ദുവിന് സങ്കടം തോന്നിയെങ്കിലും അതു മറച്ചു വെച്ച് അവളകത്തേക്ക് പോയി..

“മോൻ സത്യമാണോ പറയണത്..അവൾ ഞങ്ങളോട് സംസാരിക്കോ..??
ഉറപ്പാണോ കാർത്തീ..??”

രണ്ടുപേരും പരസ്പരം നോക്കി..മാറി മാറി ചോദിക്കുകയാണ്..

“ആ..ഉറപ്പ്…
കാർത്തീടെ വാക്ക് വെറും വാക്കല്ല.. നിങ്ങൾ നോക്കിക്കോ..”

വേണുവിനും സുമയ്ക്കും സന്തോഷം സഹിക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നു..

കാർത്തിയെ കെട്ടിപ്പിടിച്ച് അവർ നന്ദി പറയുന്നതും കരയുന്നതും കണ്ട് ബാൽക്കണിയിൽ നിൽക്കുന്ന അവളോട് കൈവീശി യാത്ര പറഞ്ഞു അവനിറങ്ങി..

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

രാത്രി അത്താഴ സമയത്താണ് അവൾ താഴേയ്ക്കിറങ്ങിയത്.

സാധാരണ വേണുഗോപാലും സുമയം കഴിച്ചതിനുശേഷം അവസാനം ഇറങ്ങി വന്ന് വല്ലതും കഴിച്ചു കിടക്കും അതായിരുന്നു നന്ദുവിന്റെ പതിവ്..

ഒരു കാര്യം പോലും അങ്ങോട്ട് ആവശ്യപ്പെടില്ല..

മരുന്ന് എടുത്ത് മേശപ്പുറത്ത് വെച്ചാൽ എടുത്തു കഴിക്കും ഇല്ലെങ്കിൽ അതും ഇല്ല.. എന്തെങ്കിലും ചോദിച്ചാൽ ഒറ്റവാക്കിൽ മറുപടി..

അങ്ങനെ ആയിരുന്നു കുറെ നാൾ..ഇപ്പൊ കുറച്ചൊക്കെ മാറ്റം വന്നിട്ടുണ്ടെങ്കിലും അവളുടെ മനസ്സിലുള്ള അകലം അത് കുറഞ്ഞിട്ടില്ല എന്നു തോന്നുന്നു..

വേണുഗോപാലും സുമയും കഴിക്കുന്നതിനിടയിൽ ഇറങ്ങി വന്നു ഭക്ഷണം കഴിക്കാനായി അവളെ കണ്ടു രണ്ടുപേരും അത്ഭുതത്തോടെ നോക്കുകയായിരുന്നു..

മൂന്ന് പേരും ഇങ്ങനെ ഒരുമിച്ചിരുന്ന് ആഹാരം കഴിച്ച കാലം ഓർമ്മയിലേ ഇല്ല.. തങ്ങളുടെ തെറ്റാണ് തങ്ങളുടെ മാത്രം തെറ്റാണ്..

വേണു മനസ്സിലോർത്തു..
ആരും പരസ്പരം ഒന്നും മിണ്ടുന്നില്ല..

എന്ത് പറഞ്ഞു തുടങ്ങുമെന്ന് ആശയക്കുഴപ്പത്തിലാണ് നന്ദു…. വേണുവും സുമയും നോക്കുമ്പോൾ പാത്രത്തിലേക്ക് നോക്കി കരയുകയാണ് നന്ദു..

“മോളേ ഭക്ഷണത്തിനു മുന്നിലിരുന്ന് കരയാണോ നീ..
എന്താ പറ്റിയത് അമ്മേടെ മോൾക്ക്..”
അമ്മയാണ് ചോദിച്ചത്..

“അമ്മയുടെ മോള്..”
അത് കേട്ടതും കരച്ചിലിന്റെ ശക്തി കൂടി..

“സങ്കടപ്പെടാതെ പറ..നന്ദു..
മോൾക്ക് ഞങ്ങളോടുള്ള ദേഷ്യം ഇതുവരെ മാറിയില്ലേ..??”

“പപ്പയുടെ ചോദ്യത്തിന് എന്താ ഞാൻ മറുപടി പറയാ.. എനിക്ക് ഇപ്പോ ദേഷ്യം ഒന്നുമില്ല പപ്പാ… ആദ്യമൊക്കെ ഉണ്ടായിരുന്നു.. പിന്നെ അത് അകൽച്ചയായി..

നിങ്ങളും മാറി എന്നൊക്കെ എനിക്കറിയാം.. പക്ഷേ നിങ്ങളോട് വന്നു എന്തു പറഞ്ഞു സംസാരിക്കണം എന്ന് എനിക്കറിയില്ല.. സങ്കടമായിരുന്നു.. വാശിയായിരുന്നു.. മനസ്സു മുഴുവൻ..

ഇത്രയും നാൾ എന്നെ ഒറ്റപ്പെടുത്തിയതല്ലേ… നിങ്ങളും കുറച്ച് ഒറ്റപ്പെടട്ടേ എന്ന് കരുതി..

പക്ഷേ അവൻ ഇന്നു പറഞ്ഞപ്പോൾ… നിങ്ങളുടെ സ്നേഹം അനുഭവിക്കാനുള്ള സമയം നഷ്ടപ്പെട്ടു പോവല്ലേ..

അപ്പൊ തോന്നി ഓടിവന്നു മിണ്ടാന്ന്.. അതാ.. സോറി പപ്പാ… സോറി അമ്മാ…”

“അയ്യേ… ഇത്രയും വാശി ഉള്ള ആള് കരയേ.. നന്നായി പോയി… കോളേജിലെ പുലിക്കുട്ടി എന്നല്ലേ പറയണേ.. ഇപ്പോൾ എലികുട്ടി ആയോ..

മോളുടെ ഭാഗത്ത് തെറ്റൊന്നുമില്ലടാ.. അച്ഛന്റേം അമ്മയുടെയും തന്നെയാണ് തെറ്റ്..സ്നേഹം ആയാലും ഭക്ഷണം ആയാലും പരിഗണന ആയാലും കൊടുക്കേണ്ട സമയത്ത് കൊടുക്കണം.. എങ്കിലേ ലഭിക്കുന്നവന് അതിന്റെ വിലയറിയൂ..”

അതു പറയുമ്പോൾ വേണുവിന്റെ മുഖത്ത് സന്തോഷവും സങ്കടവും പ്രകടമായിരുന്നു..

ഇപ്പോൾ ഞങ്ങൾ അറിയുന്നുണ്ട്.. ഞങ്ങളുടെ തെറ്റ്..

തിരുത്താൻ ശ്രമിക്കുന്നുണ്ട്.. മോൾ അത് മനസ്സിലാക്കുന്നില്ല എന്നേയുള്ളൂ..
അമ്മ ചെയ്യേണ്ട കടമ ഒന്നും ഞാൻ ചെയ്തിട്ടില്ല..

ചേർത്ത് പിടിക്കാൻ ഓ സമയം കണ്ടെത്തിയിട്ടില്ല ജോലിത്തിരക്കിനിടയിൽ..

തമ്മിലുള്ള വഴക്കുകൾക്കിടയിൽ മോളെ വേണ്ടത്ര ശ്രദ്ധിച്ചില്ല എന്ന് പറയുന്നതാവും ശരി..

സമയം ഒരുപാട് വൈകിപ്പോയി എന്ന് അമ്മയ്ക്കറിയാം.. എങ്കിലും ഒരു അവസരം തരണം.. അമ്മയ്ക്കും പപ്പയ്ക്കും..”

സുമയുടെ വാക്കുകൾ കേട്ടതും ഏങ്ങലടിച്ചു കൊണ്ട് അമ്മയെ കെട്ടിപ്പിടിച്ച് ഒരുപാട് കരഞ്ഞു നന്ദു.. കൂടെ അമ്മയും..

“കരഞ്ഞോ.. മതിയാവോളം..

കടിച്ചമർത്തിയ സങ്കടങ്ങൾ കരഞ്ഞു തന്നെ തീർക്കണം..” അതു പറയുമ്പോൾ വേണുവിന്റെ മുഖം കണ്ണീരാൽ കുതിർന്നിരുന്നു..

അവളുടെ സങ്കടങ്ങളും പെയ്തൊഴിയുകയായിരുന്നു..
ആകാശത്തെ കാർമേഘങ്ങൾ പെയ്തൊഴിയുന്ന മഴയ്ക്കൊപ്പം പോകുന്ന പോലെ…

ഇതുവരെയുണ്ടായിരുന്ന എല്ലാ സങ്കടങ്ങളും മനസ്സിൽ നിന്നും മായ്ച്ചു കളഞ്ഞു അച്ഛനുമമ്മയ്ക്കുമൊപ്പം കുറേ നേരം ഇരുന്നു..

പരാതികളും പരിഭവങ്ങളും എല്ലാം പങ്കുവെച്ചു..
അമ്മയുടെയും അച്ഛന്റെയും കയ്യിൽ നിന്നും ഓരോ ഉരുള ചോറ് വാങ്ങി കഴിയ്ക്കുമ്പോൾ ഇത്രയും നാൾ തനിക്കു ലഭിയ്ക്കാത്ത സ്നേഹം ഒരുമിച്ചു വന്നു തന്നെ പൊതിയുന്ന പോലെ… പണ്ടെപ്പോഴോ നഷ്ടപ്പെട്ട ബാല്യത്തിൽ താൻ കണ്ട സ്വപ്നങ്ങൾ..

തന്റെ കൊച്ചു കൊച്ചു ആഗ്രഹങ്ങൾ..തന്നെ തേടിയെത്തിയ പോലെ..

“കാർത്തി പറഞ്ഞപ്പോഴും ഞങ്ങൾക്ക് വിശ്വാസമില്ലായിരുന്നു…മോൾ ഞങ്ങളോട് സംസാരിക്കുമെന്ന്..

ഒരുപാട് സന്തോഷമായി പപ്പയ്ക്കും അമ്മയ്ക്കും..
എന്തോ സർപ്രൈസ് ഉണ്ടെന്ന് പറഞ്ഞല്ലോ കാർത്തീ..എന്താ അത്..??”

“അത്…..”
പറയാനൊരു മടിയോടെ ഇരിക്കുകയാണ് നന്ദു…

“പറ..മോളേ.. ഇനിയും അകൽച്ചയുണ്ടോ നിനക്ക്…”

“ഇല്ല..പപ്പാ… ഞാൻ പറയാം..
എനിക്ക് സമ്മതമാണ്.. സഞ്ജുവുമായുള്ള വിവാഹത്തിന്.. അതാണ് കാർത്തി പറഞ്ഞ സർപ്രൈസ്..”

“സത്യാണോ.. ഇതിലും വലിയ സന്തോഷം എന്താ വേണ്ടത്…ഇന്ന് ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും നല്ല ദിവസമാണ്….
ഏറെ സന്തോഷം നൽകുന്ന ദിവസം…

കാലം മായ്ക്കാത്ത മുറിവുകൾ ഇല്ലല്ലോ… സഞ്ജു നല്ല പയ്യനാ..മോളെ സങ്കടപ്പെടുത്താതെ നോക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്..

സ്നേഹിക്കുന്ന ഒരു മനസ്സുണ്ടെങ്കിൽ കുറവുകൾക്ക് അവിടെ സ്ഥാനമില്ല…

ചിലതൊക്കെ നഷ്ടപ്പെടുന്നത് മറ്റു ചില സന്തോഷങ്ങൾ നമ്മുടെ ജീവിതത്തിൽ വരാനായിരിക്കും..” അങ്ങനെ വിശ്വസിച്ചാൽ മതി…

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

കാർത്തി കിടക്കാനായി റൂമിലോട്ട് പോകുന്ന പോക്കിൽ സഞ്ജൂന്റെ റൂമിലോട്ട് എത്തിനോക്കിയപ്പോൾ ഹെഡ്സെറ്റും വച്ച് ലാപ്ടോപ്പിലെന്തോ നോക്കി കിടക്കുകയായിരുന്നു സഞ്ജൂ..

ഇടയ്ക്കിടെ ചിരിയ്ക്കുന്നുണ്ട്.. കാർത്തിയെ കണ്ടതും ലാപ് അടച്ചു..

“ഇതെന്താ സംഭവം… അറിഞ്ഞിട്ടു തന്നെ ബാക്കി കാര്യം.. ഇപ്പോഴാ ഇങ്ങനെ വാരാൻ പറ്റൂ.. ഇപ്പൊ ശരിയാക്കി തരാം…” കാർത്തി മനസ്സിൽ പറഞ്ഞു..

“എന്താടാ.. നിനക്ക് ഉറക്കമൊന്നുമില്ലേ..??”

സഞ്ജുവിന്റെ ചോദ്യം കേൾക്കാത്ത ഭാവത്തിൽ ഓടിപ്പോയി ഹെഡ്സെറ്റ് എടുത്ത് ചെവിയിൽ വച്ചു…

പിന്നെ ചിരിയോ ചിരി…

“എന്താ…ഫുൾ റൊമാന്റിക് മൂഡിലാണല്ലോ ചേട്ടായീ…

അല്ലാ..ഈ ലാപ്പിലെന്താ പണി..
ഏ.. ഇതെന്റെ ലാപ് അല്ലേ..??”

“ആണെങ്കിൽ…??
നിനക്ക് എന്താ വേണ്ടത്…??
ഞാനൊരു കാര്യം കോപ്പി ചെയ്യാൻ എടുത്തതാ…”

“സിവിലിയൻസിന്റെ ലാപ്ടോപ്പിൽ മെക്കിനെന്താ കാര്യം…??
പറ..പറ.. എന്താ വേണ്ടത്.. ഞാനെടുത്തു തരാം..
മര്യാദയ്ക്ക് തന്നോ…

ഇല്ലെങ്കിൽ ഞാനിപ്പോൾ മര്യാദരാമന്റെ കള്ളത്തരങ്ങളൊക്കെ പൊളിച്ചു കയ്യിൽ തരും..”

“ആ..നീ പൊളിയ്ക്ക്.. എന്നിട്ട് വേണം
എനിക്കും കുറച്ച് കാര്യങ്ങൾ പറയാൻ അമ്മയോട്… നിന്റെ ഇടയ്ക്കിടെയുള്ള ബാംഗ്ലൂരിൽ പോക്ക് എന്തിനാണെന്ന്…??”

“ഈശ്വരാ.. കയ്യീന്ന് പോകണ ലക്ഷണമാണല്ലോ…

ആ ദ്രോഹി അപ്പോഴേക്കും വിളിച്ചു പറഞ്ഞു കഴിഞ്ഞോ…. എന്തൊരു ആത്മാർത്ഥത… അപ്പോ അവിടെ വരെയായി കാര്യങ്ങൾ..

ഇനിയിപ്പോ എന്ത് ചെയ്യും..?? എങ്ങനെയെങ്കിലും സ്കൂട്ടാവണം..”
കാർത്തി മനസ്സിൽ പറഞ്ഞു തിരികെ പോകാൻ ഒരുങ്ങി…

“എടുത്തോ നിനക്ക് വേണ്ടേ ലാപ്…??”

“വേണ്ട വേണ്ടാ.. മോൻ എടുത്തോ…
എനിക്ക് മനസ്സിലായി എന്തിനാണെന്ന്..??

അവളുടെ ഫോട്ടോ കോപ്പി ചെയ്യാൻ അല്ലേ ബ്രോ…ഐ നോ..ഐ നോ…”

“കാർത്തി.. എന്താ നിൻറെ ഉദ്ദേശം…??
നന്ദു പറഞ്ഞത് സത്യമാണോ..??”

“അതെ…” മറുപടി ഒറ്റവാക്കിൽ ഒതുക്കി കാർത്തി..

“പക്ഷേ..” സഞ്ജൂ ബാക്കി പറയാനായി തുടങ്ങുമ്പോഴേക്കും കൈകൊണ്ട് തടഞ്ഞു..

“എനിക്കറിയാം ഏട്ടൻ ഇപ്പോ എന്താ പറയാൻ വരുന്നേ എന്ന്…
എനിക്ക് വേറൊന്നും പറയാനില്ല..

വേറെ ആര് എതിർത്താലും ഏട്ടൻ എതിർക്കില്ല അതെനിക്ക് ഉറപ്പാ…
ഞാൻ ഏട്ടന്റെ അനിയനാ…

ബാക്കിയെല്ലാം എല്ലാം ഏട്ടന് ആലോചിച്ചാൽ മനസ്സിലാവും.. പോട്ടെ.. നമുക്ക് ഈ വിഷയം പിന്നെ സംസാരിക്കാം… ഏട്ടത്തിയമ്മേനെ വിളിക്കുമ്പോ പറഞ്ഞേക്ക് ഞാൻ അവൾക്ക് വെച്ചിട്ടുണ്ട് എന്ന്..”

പോകുന്നപോക്കിൽ സഞ്ജുവിന്റെ കവിളിൽ പിടിച്ചു ഒരു പാട്ടും പാടി.. ആക്കിയൊരു നോട്ടം നോക്കിയാണവൻ പോയത്..

“നിന്നെ അണിയിക്കാൻ..
താമര നൂലിനാൽ..

ഞാനൊരു പൂത്താലി തീര്ത്തു വെച്ചു..
നീ വരുവോളം..

വാടാതിരിക്കുവാന്

ഞാനതെടുത്തു വച്ചു…
എന്റെ ഹൃത്തിലെടുത്തു വച്ചു…”

ബാക്കി കേട്ട് സ്വപ്നം കണ്ടു ഉറങ്ങൂ ബ്രോ…അപ്പൊ ഗുഡ് നൈറ്റ്…”

അതും പറഞ്ഞവൻ റൂമിലേക്ക് പോയി.. അപ്പോൾ സഞ്ജുവിന്റെ മനസ്സിൽ കാർത്തിയെ കുറിച്ച് അഭിമാനം മാത്രമേ ഉണ്ടായിരുന്നുള്ളൂ…..

കാത്തിരിക്കൂട്ടോ….

സ്നേഹത്തോടെ…. ധന്യ

നല്ല‍ പാതി : ഭാഗം 1

നല്ല‍ പാതി : ഭാഗം 2

നല്ല‍ പാതി : ഭാഗം 3

നല്ല‍ പാതി : ഭാഗം 4

നല്ല‍ പാതി : ഭാഗം 5

നല്ല‍ പാതി : ഭാഗം 6

നല്ല‍ പാതി : ഭാഗം 7

നല്ല‍ പാതി : ഭാഗം 8

നല്ല‍ പാതി : ഭാഗം 9

നല്ല‍ പാതി : ഭാഗം 10

നല്ല‍ പാതി : ഭാഗം 11

നല്ല‍ പാതി : ഭാഗം 12

നല്ല‍ പാതി : ഭാഗം 13

നല്ല‍ പാതി : ഭാഗം 14

നല്ല‍ പാതി : ഭാഗം 15

നല്ല‍ പാതി : ഭാഗം 16