Sunday, November 10, 2024
Novel

നല്ല‍ പാതി : ഭാഗം 3

നോവൽ

*******
എഴുത്തുകാരി: ധന്യ സുജിത്ത്‌

“കിരണ് പ്രതാപ് ” എന്ന പേരിന് തന്റെ ജീവിതം മാറ്റിമറിയ്ക്കാന് പാകത്തില് വലിയൊരു സ്ഥാനമാണുള്ളതെന്ന് വിനുവിന് അറിയില്ലല്ലോ…”

സഞ്ജയ് ഓര്ത്തു. അപ്പോഴും താനുദ്ദേശിച്ച ആളാകല്ലേ ഈ കിരണ് എന്നായിരുന്നു, സഞ്ജുവിന്റെ പ്രാര്ത്ഥന..

ഫ്ലാറ്റിലെത്തിയതും ചക്കി പാര്ക്കില് പോകാനായി റെഡിയായി ഇരിയ്ക്കുന്നുണ്ടായിരുന്നു.
പാര്ക്കിലെത്തിയിട്ടും സഞ്ജു മിണ്ടാതിരിക്കുന്നത് കണ്ടു കൊണ്ടാകണം നന്ദു ചോദിച്ചു.

“എന്താ സഞ്ജൂസിനൊരു മൗനം..
എന്തെങ്കിലും എന്നോടു പറയണ്ടാന്ന് കരുതി ഒഴിവാക്കുന്നതാണോ??? അല്ലല്ലോ??”

തന്റെ മനസ്സിലെ അസ്വസ്ഥത നന്ദു അറിയാതിരിയ്ക്കാന് പരമാവധി ശ്രമിച്ചിട്ടും തന്റെ കണ്ണില് നിന്നവള് അത് ചികഞ്ഞെടുക്കുമ്പോ അവനു തോന്നി മറ്റാരേക്കാളും തന്നെ മനസ്സിലാക്കിയത് നന്ദു
തന്നെയാണെന്ന്…

നന്ദുനോട് പറയണോ??വേണ്ടയോ ??? ആകെ വിഷമത്തിലായിരുന്നു സഞ്ജയ്..

“കിരൺ പ്രതാപ് ” ആ പേരു കേട്ടാല് അവളെങ്ങനെ പ്രതികരിയ്ക്കും???

അതായിരുന്നു സഞ്ജുവിനെ അലട്ടിയിരുന്നത്. സാരമില്ല എന്തു വന്നാലും തനിക്കവളെ സമാധാനിപ്പിക്കാന് പറ്റും..തനിക്ക് മാത്രമേ അവളെ സമാധാനിപ്പിക്കാന് പറ്റൂ….എന്തായാലും പറയാം..

“സഞ്ജൂ, എന്താ കാര്യം?? പറയെടാ..??”

നന്ദുവിന്റെ ചോദ്യം കേട്ടാണ് സഞ്ജയ് ചിന്തയില് നിന്നുണര്ന്നത്.

“ആ, ഇന്നു പുതിയ എഞ്ചിനീയർ വരുമെന്ന് പറഞ്ഞിട്ട് ആളു വന്നോ???
മലയാളിയാണോ???

എങ്ങനുണ്ട് ആള്???”

“ഒക്കെ ഒറ്റയടിയ്ക്ക് ചോദിയ്ക്കാതെ നന്ദൂ…
നിര്ത്തി നിര്ത്തി ചോദിയ്ക്കൂ…
എങ്കിലല്ലേ മനസ്സിലാകൂ..”

സഞ്ജയ് ചിരി വരുത്തി കൊണ്ട് പറഞ്ഞു.

“ഓഹോ, സര്ഗ്ഗം കളിയ്ക്കാണോ ന്റെ മോന്…വളിപ്പടിയ്ക്കാതെ പറയണുണ്ടോ???”

മുഖം കോട്ടികൊണ്ട് നന്ദു ചോദിച്ചു.

“ആ..പറയാം മോളെ…”

ധൈര്യം സംഭരിച്ച് പറയാം എന്ന തീരുമാനം എടുത്തു സഞ്ജയ്.

“ആ..ഇന്ന് ഓഫീസിലെത്തുമ്പോള് പുതിയ എഞ്ചിനീയർ എത്തിയിട്ടുണ്ടായിരുന്നു.
ദുബായില് ഇന്നലെ രാവിലെ എത്തിയെന്നാ പറഞ്ഞെ..

ആ..പിന്നെ മലയാളിയാണ്, നാട്ടില് ട്രിവാൻഡ്രം ആണെന്നാ പറഞ്ഞത്. ആളെ കണ്ടിട്ട് കുഴപ്പമില്ലെന്നു തോന്നുന്നു.
ഇപ്പൊ കമ്പനി എക്കോമഡേഷനിലാ… ഫാമിലി നാട്ടില്..”

സഞ്ജയ് പറഞ്ഞൊപ്പിച്ചു.

“ഊം…”സഞ്ജു പറഞ്ഞതെല്ലാം നന്ദു മൂളികേട്ടു.

“ആഹാ…ഇപ്പൊ ആരാ ഒറ്റ ശ്വാസത്തില് പറഞ്ഞു തീര്ത്തത്..???
സഞ്ജുവിന് എന്തു പറ്റി, മനസ്സ് ഇവിടെ അല്ലല്ലോ???”

“ഒന്നൂല്ലടാ..എന്റെ നന്ദൂസിന് തോന്നുന്നതാ…”

“ഉം..ആയിരിക്കും..അതോണ്ടാണല്ലോ പറഞ്ഞേ…എല്ലാം പറഞ്ഞിട്ടും എന്താ ആളുടെ പേര് പറഞ്ഞില്ലല്ലോ?? എന്താ പേര്??”

“അത്….കിരൺ പ്രതാപ്!!”

രണ്ടും കല്പിച്ച് സഞ്ജയ് പറഞ്ഞു.
നന്ദിതയുടെ മുഖത്തോട്ടു തന്നെയായിരുന്നു സഞ്ജുവിന്റെ ശ്രദ്ധ മുഴുവന്. പേരു കേട്ടതും നന്ദുവിന്റെ
മുഖത്തെ പ്രകാശം കെട്ടു. കണ്ണിലെ ഭാവം ഭയമോ സങ്കടമോ പകയോ എന്നു തിരിച്ചെടുക്കാന് സഞ്ജുവിന് കഴിയുന്നുണ്ടായിരുന്നില്ല.

നന്ദുവിന്റെ കണ്കോണില് നനവ് പൊടിഞ്ഞിരുന്നു. പെട്ടന്നൊരു ഭാവവ്യത്യാസവും കൂടാതെ നന്ദു എണീറ്റു മക്കളെ വിളിച്ചു.

“ചക്കീ, അമ്മൂ മതി കളിച്ചത് ഇനി നാളെ..വാ പോകാം…”

നന്ദുവിന്റെ പെരുമാറ്റത്തിലെ മാറ്റം ഉള്ക്കൊള്ളാനാകാതെ സഞ്ജു അവിടെ തന്നെ ഇരുന്നു.

“സഞ്ജൂ, എന്താ വരണില്ലേ..??? ഇന്നിനി ലുലുവില് കേറണ്ട, നാളെ കേറാം..വായോ..”

സഞ്ജയ് എണീറ്റു ചെന്ന് നന്ദുവിന്റെ കൈ മുറുകെ പിടിച്ചു. നന്ദു സഞ്ജുവിനെ നോക്കി കണ്ണടച്ചു കാണിച്ചു.

“വാ മാഷേ..നടക്ക്..”

ഒരു സങ്കടക്കടല് നന്ദുവിന്റെ ഉള്ളിലുണ്ടെന്ന് സഞ്ജുവിനറിയാം..

വിഷമം വരുമ്പോഴാണ് അവള്ക്കീ മാഷേ വിളി ഉള്ളത്.

ആ മനസ്സ് അതൊന്നു ശാന്തമായി കണ്ടാല് മതിയായിരുന്നു.

ആ മനസ്സ് കൈവിട്ടു പോകാതിരിയ്ക്കാന് സകല ദൈവങ്ങളെയും വിളിച്ചു സഞ്ജയ്.

റൂമിലെത്തിയിട്ടും നന്ദു യാതൊരു ഭാവഭേദവും കൂടാതെ തന്നെയാണ് പെരുമാറിയിരുന്നത്.

പതിവുപോലെ രാത്രി ഭക്ഷണം കഴിഞ്ഞു ചക്കിയെ ഉറക്കാനായി നന്ദു പോയപ്പോൾ കിച്ചനെല്ലാം വൃത്തിയാക്കി നന്ദുവിന്റെ പാട്ടും കേട്ട് വാതില്ക്കല് നില്പ്പുണ്ടായിരുന്നു സഞ്ജയ്.

“ഇപ്പൊ വരാട്ടോ മാഷേ..”

എന്നു പറഞ്ഞു പോയ നന്ദുവിനെ നോക്കി സഞ്ജയ് നിന്നു.

ബാല്ക്കണിയില് ലൈറ്റു പോലുമിടാതെ സഞ്ജയ് ആലോചനയിലായിരുന്നു.
നന്ദു ബാത്റൂമിലാണ്..
കാര്ത്തിയെ വിളിയ്ക്കാമെന്നു കരുതി സഞ്ജയ് ഫോണെടുത്തു ഡയല് ചെയ്തു..

“നീ ഹിമമഴയായ് വരൂ…
ഹൃദയം അണിവിരലാൽ തൊടൂ..”

ഡയലര് ടോണ് കേള്ക്കുന്നുണ്ട്..

അല്ലെങ്കില് വേണ്ട ഇപ്പോ വിളിച്ചാല് നന്ദു അറിയും..അവള്ക്ക് സംശയത്തിന് ഇട കൊടുക്കേണ്ടെന്നു കരുതി അപ്പോള് തന്നെ കാള് ഡിസ്കണക്ട് ആക്കി..

പകരം കാര്ത്തിയ്ക്കൊരു മെസേജ് അയച്ചു..

ഡാ, പ്ലീസ് അറേഞ്ച് എ ഫോട്ടോ ഓഫ് കിരൺ പ്രതാപ്….ഫോര് ക്ലിയര് സം ഡൗട്ട്സ്…ഇറ്റ്സ് അര്ജന്റ്..കാള് യു ലേറ്റര്..ഗുഡ്നൈറ്റ്..

“വാ മാഷേ കിടക്കണ്ടേ..???”

കുളി കഴിഞ്ഞു തിരികെ വന്നു പിന്നിലൂടെ നന്ദു തന്നെ കെട്ടിപ്പിടിച്ചു ചോദിക്കുമ്പോഴും
സഞ്ജുവിന്റെ മനസ്സാകെ കലുഷിതമായിരുന്നു..
പക്ഷേ നന്ദുവില് നിന്നത് വിദഗ്ദമായി മറച്ചുവച്ചേ പറ്റൂ..

പിന്നിലൂടെ തന്നെ കെട്ടിപ്പിടിച്ചു നില്ക്കുന്ന നന്ദുവിനെ തന്റെ നെഞ്ചിലേയ്ക്ക് ചേർത്തു

നിര്ത്തുമ്പോള് അവന്റെ കണ്ണുകളില് പ്രണയത്തെക്കാള് മുന്നിട്ട് നിന്നിരുന്നത് ദൃഢനിശ്ചയമായിരുന്നു.

യാതൊരു വിധിയ്ക്കും തന്റെ നന്ദുവിനെ വിട്ടുകൊടുക്കില്ല എന്ന ദൃഢനിശ്ചയം..

“എന്തു പറ്റീ എന്റെ സഞ്ജൂന്..???
കണ്ണൊക്കെ കലങ്ങിയിരിക്കുന്നല്ലോ…

എനിയ്ക്കെന്തെങ്കിലും പറ്റുമെന്ന പേടിയുണ്ടോ??
എനിയ്ക്കൊന്നൂല്ലടാ..”

“പേടിയോ..എനിയ്ക്കോ..
തനിയ്ക്കെന്തെങ്കിലും പറ്റാന് ഞാന് സമ്മതിച്ചിട്ടു വേണ്ടേ..”

“എങ്കില് വാ കിടക്കാം..”

രാത്രി കിടന്നു കുറച്ചു കഴിഞ്ഞപ്പോള് നന്ദിത പതിയെ എണീറ്റു. റൂമിലെ ഷെല്ഫില് എന്തോ തിരയുന്നത് കണ്ട് സഞ്ജയ് ചോദിച്ചു.

“എന്തു പറ്റി നന്ദൂ…
എന്താ നീ തിരയണേ..?? അതും ഈ നേരത്ത്…”

“ഏയ്..എന്റെ ടാബ്‌ലെറ്റ് നോക്കിയതാ..ഇപ്പോ കുറെ നാളായില്ലേ ഉപയോഗിച്ചിട്ട്..
കാണുന്നില്ലന്നേ..”

“എന്തിനാ ഇപ്പോ അത്..”

“ഭയങ്കര തലവേദന സഞ്ജൂ…
ഉറങ്ങണമെന്നുണ്ട്..പക്ഷേ ഉറങ്ങാന് പറ്റണില്ല..അതു കഴിച്ചു കിടന്നാലെങ്കിലും ഉറങ്ങാന് പറ്റിയാലോന്ന് കരുതിയാ..”

“അവിടൊന്നും ഒരു ടാബ്‌ലെറ്റുമില്ല..നീ ഇങ്ങു വാ..
നിനക്ക് ഞാൻ പോരേ ഉറങ്ങാന്..

എന്റെ നന്ദു ആരെയും പേടിയ്ക്കണ്ടട്ടോ..

സഞ്ജയ് നന്ദിതയെ കൂടെ കൂട്ടിയത് പാതിവഴിയില് ഇട്ടിട്ടു പോകാനല്ല..നല്ല പാതിയായി ജീവിതം മുഴുവന് കൂടെ കൂട്ടാനാ…”

“സഞ്ജൂ ടെന്ഷനാകണ്ടാ..
ഞാന് ഓ.കെ ആണ്..

എന്റെ മോനെം ചക്കി മോളെം വിട്ടു പോകാന് ദൈവം വന്നു പറഞ്ഞാലും ഞാൻ പോകില്ല. അങ്ങനെ
പോകാൻ സഞ്ജൂന്റെ നന്ദൂന് കഴിയോ???”

തന്റെ നെഞ്ചിൽ മുഖചേര്ത്ത് നന്ദു പറയുമ്പോള് ആശ്വാസമായിരുന്നു.
എങ്കിലും സഞ്ജുവിന്റെ മനസ്സില് ആ പേരും ആളും മനസ്സില് തീ കോരിയിട്ടുകൊണ്ടേയിരുന്നു.

കിരൺ എന്ന പേര് മനസ്സിലെ ഭയത്തെ ആളിക്കത്തിക്കുന്നതു കൊണ്ടാകാം അതു തന്നെയാണ് നന്ദുവിന്റെ ചിന്തയില് മുഴുവനും.

സഞ്ജയ് പതിയെ നന്ദുവിന്റെ മുടികള്ക്കിടയിലൂടെ വിരലോടിച്ചു.

ആ വിരലുകള് മുടികള്ക്കിടയിലെ സ്റ്റിച്ചില് തൊട്ടപ്പോള് നന്ദുവിന്റെ കണ്ണില് നിന്നു കണ്ണീര് പെയ്തിറങ്ങി സഞ്ജുവിന്റെ നെഞ്ചാകെ നനഞ്ഞിരുന്നു..

“നന്ദൂസേ….ചിലപ്പോ താന് പേടിക്കുന്ന പോലെ ഒന്നും ഉണ്ടാകില്ല. ഒരാളെപ്പോലെ ഒന്പതു പേരുണ്ടെന്നല്ലേ പറയാറ്..
താന് ഉറങ്ങാന് നോക്ക്…”

“ഉം..”
സഞ്ജുവിന്റെ നെഞ്ചിൽ മുഖം ചേര്ത്ത് നന്ദു ഉറങ്ങാന് കിടന്നു.
ആ കണ്ണുകളില് ഭയമായിരുന്നു. തന്റെ മനസ്സ് കൈവിട്ടു പോകുമോ എന്ന ഭയം.

തന്നെ നെഞ്ചോടു ചേർത്തു മുറുകെ പിടിച്ചു ഉറങ്ങാതെ കിടക്കുന്ന സഞ്ജുവിനെയും ഒന്നുമറിയാതെ കിടന്നുറങ്ങുന്ന ചക്കി മോളെയും തനിച്ചാക്കി പോകേണ്ടിവരുമോ എന്ന ഭയം..

എന്തുവന്നാലും തന്നെ ആര്ക്കും വിട്ടുകൊടുക്കില്ലെന്ന ഭാവത്തില് സഞ്ജയ് മുറുകെ ചേർത്തു പിടിച്ചു നന്ദിതയെ..

കുറേനേരത്തെ ചിന്തകള്ക്കൊടുവില് നന്ദു ഉറങ്ങിയെന്നു മനസ്സിലായപ്പോള് സഞ്ജയ് ഫോണുമെടുത്തു

ബെഡ്റൂമിനോടു ചേർന്ന ബാല്ക്കണി തുറന്നു.നല്ല ഭംഗിയില് ഒരു കുഞ്ഞു ഗാര്ഡന് സെറ്റ് ചെയ്തിരുന്നു അവിടെ.

ഒപ്പം രണ്ടു കസേരയും ഒരു കുഞ്ഞു മേശയും. സഞ്ജു അവിടെ ചെന്നിരുന്നു. പുറമെ തിരക്കൊഴിയുന്നതേയുള്ളൂ…

ദുബായ് നഗരം അങ്ങനെയാണ്.രാത്രി ഉണരുന്ന തെരുവുകളാണ് ഇവിടെ അധികവും. ബാല്ക്കണിയിലിരുന്നു മുന്നിലെ കാഴ്ചകളിലേയ്ക്ക് അവന് നോക്കികൊണ്ടിരുന്നു.

🌾🌾🌾🌾🌾🌾🌾🌾🌾🌾🌾

സഞ്ജുവിന്റെ മനസ്സ് ഓര്മ്മകള്ക്കൊപ്പം പുറകിലേയ്ക്കുപോയി..

നന്ദുവിന്റെ വീട്ടിലേയ്ക്ക് തനിയ്ക്കായി അവളെ തരുമോ എന്നു ചോദിയ്ക്കാന് ചെന്ന ദിവസം..
അന്നു തനിക്കൊരു പ്രതീക്ഷ പോലും അവള് തന്നിരുന്നില്ലെന്ന് അവനോര്ത്തു..

വാശിയായിരുന്നു പെണ്ണിന്..
അവളെ തന്നെ തോല്പ്പിയ്ക്കാനുള്ള വാശി..

അന്ന് അച്ഛനും അമ്മയ്ക്കും കാര്ത്തിയ്ക്കുമൊപ്പം നന്ദിതയുടെ വീട്ടിലേയ്ക്കു ചെല്ലുമ്പോള് ബാല്ക്കണിയില് നില്ക്കുവായിരുന്നു നന്ദിത..

കാറില് നിന്ന് ആദ്യം ഇറങ്ങിയത് കാര്ത്തിയായതു കൊണ്ടാകണം അവളുടെ മുഖത്തൊരു തെളിച്ചം വന്നിരുന്നു. കോഴ്സ് കഴിഞ്ഞു കുറച്ചു നാളുകള്ക്കു ശേഷം കാര്ത്തി എം.എസി നു വിദേശത്തു പോയതിനാല് മൂന്നു വര്ഷത്തിനു ശേഷമാണവര് തമ്മില് കാണുന്നത്.

“കാര്ത്തീ” എന്നു വിളിച്ചു ഓടി വരുമ്പോള് അവിടെയിരിക്കുന്ന ആരെയും അവള് ശ്രദ്ധിച്ചിരുന്നില്ല..

ആരെയും മനസ്സിലായിരുന്നില്ല അവള്ക്ക്… മുന്പ് ആ വീട്ടില് രണ്ടു മൂന്നു തവണ വന്നിരുന്നുവെങ്കിലും അതൊക്കെ അവളെ ഹോസ്പിറ്റലില് കൊണ്ടുപോകാനായിരുന്നു…

അന്നൊക്കെ ആരെയും മനസ്സിലാക്കാനുള്ള മാനസികാവസ്ഥ ആയിരുന്നില്ല അവള്ക്ക്..

“കുറെ നാളുകള്ക്കു ശേഷം എന്റെ കുട്ടീടെ മുഖത്തൊരു തെളിച്ചം കണ്ടു.”

നന്ദുന്റെ അമ്മ പറഞ്ഞത് അച്ഛനും ശരിവച്ചു.

“നീയെന്താടാ ഇവിടെ..???”
കാര്ത്തിയോടാണ് ചോദ്യം

“എനിയ്ക്കെന്താ വന്നൂടെ..??

ഞങ്ങൾ ഗുരുവായൂർ പോകണ വഴിയാടീ..അപ്പോ ഇവിടെ കേറിയെന്നേയുള്ളൂ…നിന്നെയൊന്നു കാണാന്..”

“ഉവ്വ് ഉവ്വേ…ഞാനതങ്ങ് വിശ്വസിച്ചു.
നീ ഈ വഴിയാണോ നീ ഗുരുവായൂർ പോകാറ്…ചുമ്മാ തള്ളി മറിയ്ക്കല്ലേട്ടാ…”

“ഡീ..പോത്തേ..ഞാന് ട്രെയിനിംഗ് കഴിഞ്ഞ് വന്നിട്ട് രണ്ടു ദിവസായുള്ളൂ..

അപ്പോ കാണാനായി ഓടി വന്നപ്പോ ജാടയിറക്കുന്നോ..കുറെ പറയാനുണ്ട് നീ വന്നേ..”

അതു വരെയും സഞ്ജുവിന്റെ നോട്ടം നന്ദുവിന്റെ മുഖത്തു തന്നെയായിരുന്നു..താന് നോക്കുന്നതു കണ്ടതുകൊണ്ടാകണം അവളൊരു ഒരു ചെറു പുഞ്ചിരി തന്നത്.

“ഞങ്ങളിപ്പോ വരാം നിങ്ങള് സംസാരിയ്ക്കൂ…”

എന്നും പറഞ്ഞ് നന്ദുവിനെയും കൊണ്ട് കാര്ത്തി മുറ്റത്തോട്ടിറങ്ങി.

താനും അച്ഛനും നന്ദുവിന്റെ അച്ഛനും മാത്രം സ്വീകരണമുറിയില്..

അമ്മമാര് രണ്ടു പേരും അടുക്കളയിലേയ്ക്കു ചേക്കേറിയിരുന്നു. അവര് ചായയുമായി തിരികെ വരുമ്പോഴാണ് അച്ഛൻ സംസാരിച്ചു തുടങ്ങിയത്..

“വേണുഗോപാൽ..ഞങ്ങൾ മുഖവുരയില്ലാതെ പറയാം…
ഞങ്ങൾ വന്നത് നന്ദിതയ്ക്കൊരു വിവാഹാലോചനയുമായാണ്.

വേറെ ആര്ക്കും വേണ്ടിയല്ല..എന്റെ മകനു വേണ്ടിയാണ്.. അല്ലാതെ കാര്ത്തി പറഞ്ഞപോലെ ഞങ്ങള് ഗുരുവായൂർ പോകുന്ന വഴിയൊന്നുമല്ല..

കാര്ത്തി വന്നിട്ടു ഈ ആലോചന പ്രൊസീഡ് ചെയ്താമതിയെന്നായിരുന്നു തീരുമാനം.. അതാണ് പറയാന് വൈകിയത്.”

ഇതെല്ലാം കേട്ടുകൊണ്ട് ആകെ സ്തംഭിച്ചിരിയ്ക്കുകയായിരുന്നു നന്ദുവിന്റെ അച്ഛനും അമ്മയും..
നന്ദുവിന്റെ അച്ഛൻ വേണുഗോപാൽ ആണ് പറഞ്ഞു തുടങ്ങിയത്.

“കാര്ത്തീടെ അച്ഛനറിയാലോ എനിയ്ക്കും സുമയ്ക്കും സ്വന്തമെന്നു പറയാന് അവളേ ഉള്ളൂ…പക്ഷേ അവളെ വേണ്ടതു പോലെ ഞങ്ങള് സ്നേഹിച്ചിട്ടില്ല..

ഞങ്ങൾ തമ്മിലുള്ള ഈഗോയ്ക്കു നടുവിൽ പെട്ടുപോയി എന്റെ മോള്..

ഞങ്ങളുടെ വഴക്കിനും വാശിയ്ക്കും ഇടയില് അവള്ക്കു ആവശ്യമായ സ്നേഹമോ പരിഗണനയോ ഒന്നും നല്കാന് ഞങ്ങള്ക്ക് സാധിച്ചിട്ടില്ല..

മാതാപിതാക്കൾ എന്ന നിലയിൽ വന് പരാജയമാണ് ഞങ്ങള് രണ്ടു പേരുമെന്ന് മനസ്സിലാക്കാന് ഞങ്ങൾക്കിപ്പോ സാധിക്കുന്നുണ്ട്.

ഞങ്ങൾക്ക് ദൈവം തന്ന ശിക്ഷയാണിത്. നിങ്ങള്ക്കറിയോ കുറെ നാളുകൾക്കു ശേഷമാണ് അവളീ മുറ്റത്തോട്ട് ഇറങ്ങുന്നതു തന്നെ…
അല്ലെങ്കില് മുഴുവന് സമയവും ആ മുറിയില് കതകടച്ചിരിപ്പാ..

ഞങ്ങളുടെ തെറ്റ് മനസ്സിലാക്കാന് ദൈവം തന്നത് ഇങ്ങനൊരു ദുര്വിധിയായിപ്പോയി..ഞങ്ങളുടെ തെറ്റുകള് തിരുത്താന് ഒരവസരം ദൈവം തരുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ..അതു മാത്രമാണ് പ്രാര്ത്ഥനയും…”

ഇതെല്ലാം പറയുമ്പോഴും നന്ദുവിന്റെ അച്ഛനും അമ്മയും കരയുകയായിരുന്നു.

“സാരമില്ലെന്നേ…ഈ സമയവും കടന്നു പോകും…എല്ലാം നല്ലതിനാണെന്ന് വിചാരിയ്ക്കാം..കാര്ത്തി പറഞ്ഞു പറഞ്ഞു നന്ദുവിനെ ഞങ്ങൾക്ക് നല്ല പരിചയമാണ്. പിന്നെ ഇപ്പോൾ സംഭവിച്ചതൊക്കെ ദൈവഹിതം.

അങ്ങനെ വിചാരിയ്ക്കുന്നതല്ലേ നല്ലത്.ഞങ്ങള്ക്കു രണ്ടാണ്മക്കളാണ് അറിയാലോ..നിങ്ങള്ക്കു വിരോധമില്ലെങ്കില് ഞങ്ങൾക്കു മരുമകളായല്ല മകളായി തന്നെ നന്ദുവിനെ തരുമോ..???

“അയ്യോ..
അതിപ്പോ എങ്ങനാ.. അതും അവളുടെ ഈ അവസ്ഥയില്…” പറഞ്ഞത് നന്ദുവിന്റെ അമ്മയാണ്.

“ഏതവസ്ഥ…അവള്ക്കൊരു പ്രശ്നവുമില്ല..

നിങ്ങളെന്നും കാണുന്നതു കൊണ്ടാണ്. ഒരു മുറിയിൽ തന്നെ കതകടച്ച് കുറച്ച് നാളിരുന്നാല് നമുക്കും പ്രശ്നം വരാം..പുറത്തോട്ടിറങ്ങിയാല് മാറാവുന്നതേയുള്ളൂ..”

അവളെയൊന്നു കാണാനായി..
ഒന്നു സംസാരിക്കാനായി എത്രമാത്രം ആഗ്രഹിക്കുന്നു..ഈ അച്ഛനെന്താ കാര്യം പറയാത്തത്????
സഞ്ജയ് ക്ഷമ നശിച്ച് അച്ഛനെ നോക്കി..അച്ഛൻ പറയാം എന്ന ഭാവത്തില് കണ്ണടച്ചു കാണിച്ചു.

“പോരാത്തതിന് കാര്ത്തി, അവർ ഫ്രണ്ട്സല്ലേ…നന്ദുന് അവനെ വേറെ രീതിയിൽ കാണാൻ കഴിയുമെന്ന് എനിയ്ക്കു തോന്നുന്നില്ല.. പിന്നെ ചേട്ടന് നില്ക്കുമ്പോളെങ്ങനാ???” അമ്മ പറഞ്ഞു.

“അയ്യോ…നിങ്ങളുദ്ദേശിച്ച പോലെ കാര്ത്തിയ്ക്കു വേണ്ടിയല്ലട്ടോ ,ദേ ഇവനു വേണ്ടി തന്നെയാണ് നന്ദുവിനെ ചോദിച്ചത്..”

അവർ രണ്ടുപേരും അത്ഭുതത്തോടെ നോക്കിയപ്പോള് ഒന്നു ചിരിച്ചതേയുള്ളു സഞ്ജയ്..

‘തീരുമാനം എടുക്കേണ്ടത്
നന്ദുവാണ്.ഞങ്ങൾക്ക് എതിര്പ്പൊന്നുമില്ല..

നിങ്ങള് എല്ലാം അറിഞ്ഞു കൊണ്ട് ചോദിയ്ക്കുമ്പോള് ഞങ്ങൾക്ക് എതിര്ക്കാന് കഴിയോ??? ഇനി
ഇതിനെക്കാള് നല്ലൊരു ബന്ധം നന്ദൂന് കിട്ടുമോ എന്നും അറിയില്ല..”

“ഒരു കാര്യം ചെയ്യാം..ഈ വിഷയം നമുക്ക് കാര്ത്തിയെ ഏല്പ്പിക്കാം..അവന് സംസാരിച്ചോളും നന്ദുവിനോട്…”
സഞ്ജൂ…മോന് അവരുടെ അടുത്തോട്ടു ചെല്ല്..ഞാനവനോട് പറഞ്ഞിട്ടുണ്ട്..”അച്ഛൻ പറഞ്ഞു.

അവളോടെങ്ങനെ സംസാരിച്ചു തുടങ്ങുമെന്ന ആശങ്കയോടെയാണ് സഞ്ജയ് മുറ്റത്തേയ്ക്കിറങ്ങിയത്..

ആ സമയം ഗാര്ഡനിലെ ബഞ്ചിലിരുന്നു നന്ദിതയും കാര്ത്തികും കാര്യമായെന്തോ സംസാരിക്കുകയായിരുന്നു..

തന്റെ വിഷയം തന്നെയാണോ കാര്ത്തി സംസാരിക്കുന്നത് എന്നറിയാനായി
പെട്ടെന്ന് അങ്ങോട്ടേയ്ക്ക് പോകണ്ടാന്ന് തീരുമാനിച്ചു സഞ്ജയ്..

“നന്ദൂ…
ഞാനൊരു കാര്യം പറയട്ടെ??? നീ കാര്യമായി ചിന്തിക്കണം…”

“ആ പറയെടാ..
എന്തിനാ ഈ ഇന്ഡ്രോ..”

“ഊം പറയാം..
നീയിങ്ങനെ ചാടാതെ ക്ഷമയോടെ കേള്ക്കണം..”

“ആ..ശരി ശരി നീ പറ..”

“നിന്നെ ഞങ്ങളുടെ വീട്ടിലേയ്ക്ക് കൂട്ടി കൊണ്ട് പൊയ്ക്കോട്ടേന്ന് ചോദിയ്ക്കാനാ ഞങ്ങളെല്ലാരും കൂടി വന്നേ..???”

“എന്തുട്ടാന്ന്?? എനിക്ക് മനസ്സിലായില്ല..”

“ഡീ പോത്തേ..നിന്നെ കെട്ടിയെടുക്കട്ടെ അങ്ങ് സംഗമേശ്വരന്റെ മണ്ണിലോട്ട് എന്ന് ചോദിയ്ക്കാനാ വന്നതെന്ന്..”

“നിനക്കെന്താ കാര്ത്തീ…??

എന്തൊക്കെയാ പറയണേന്ന് വല്ല ബോധമുണ്ടോ..
എനിക്ക് നിന്നെ അങ്ങനെ കാണാന് പറ്റുമെന്ന് തോന്നുന്നുണ്ടോ..അതോ നമ്മുടെ ക്ലാസിലെല്ലാരും പറയുമ്പോലെ നിന്റെ മനസ്സില് അങ്ങനെ വല്ലതുമുണ്ടായിരുന്നോ???”

“ഹൗ…ഈ പെണ്ണ്..നീയധികം ചിന്തിച്ച് കാടു കേറണ്ട…നിന്നെ പോലൊരു വെട്ടുപോത്തിനെ സഹിയ്ക്കാന് ഇത്തിരി പക്വതയുള്ള..മയമുള്ള.. ആളാ നല്ലത്..എന്നാലേ ടാലിയാകൂ..

എന്നെ കൊണ്ടൊന്നും അതിന് പറ്റില്ല ..അണ്സഹിക്കബിള്..”

“പിന്നെ..നീ ബ്രോക്കര് പണി തുടങ്ങിയോ..എങ്കില് നല്ല വല്ല കുട്ടികളെ കാണിച്ചു കൊടുക്ക്..
എന്നെ വിട്..

ഞാനതിനേ പറ്റി ചിന്തിയ്ക്കുന്ന കൂടിയില്ല..നിന്നെ കുറെ നാളുകള്ക്കു ശേഷം കണ്ടപ്പോള് കളഞ്ഞു പോയ എന്തോ തിരികെ കിട്ടിയ ഫീലായിരുന്നു…അതാ ഞാനിത്രയും സംസാരിച്ചത്..

ഞാനൊന്ന് മനസ്സറിഞ്ഞ് വാതോരാതെ സംസാരിച്ചിട്ടെത്ര നാളായീന്നറിയോ കാര്ത്തീ നിനക്ക്..
മനസ്സു മടുത്ത് ആ റൂമില് നിന്നിറങ്ങാതെ വേദന കടിച്ചമര്ത്തി കഴിച്ചു കൂട്ടിയ എത്രയോ രാത്രികള്..

ദേഹത്തെ മുറിവുകളേ മരുന്നുകള്ക്ക് മായ്ക്കാന് പറ്റൂ കാര്ത്തീ..മനസ്സിലെ മുറിവുകൾ മാറാതെ മായാതെ തന്നെ നിലനില്ക്കും..

പക്ഷേ അവരില്ലേ…വേണുഗോപാലും സുമയും..എന്റെ അച്ഛനും അമ്മയും..

അവരെ കാണുമ്പോള് അവരുടെ വാശികള്ക്കു വേണ്ടി ജീവിതം നശിപ്പിച്ച എന്നോടു തന്നെ വെറുപ്പു തോന്നും..അവരുടെ ഒരു നോട്ടത്തിനു വേണ്ടി, മോളെ എന്നുള്ള വിളിയ്ക്കു വേണ്ടി ഞാനെത്രമാത്രം കൊതിച്ചിട്ടുണ്ടെന്നോ…

അവര്ക്ക് മുഖം കൊടുക്കാതിരിയ്ക്കാനാ ഞാനിപ്പോ ശ്രമിയ്ക്കാറ്..

ആത്മഹത്യ ചെയ്യാന് പേടിയുണ്ടായിട്ടല്ല..ഞാനങ്ങനെ ചെയ്താ അവന് ജയിക്കും..അങ്ങനെ ജയിക്കാന് ഞാനവനെ വിടില്ല..അതുകൊണ്ട് ജീവിക്കാന് തന്നെയാണെന്റെ തീരുമാനം..
നീ ആലോചിച്ചിട്ടുണ്ടോ കാര്ത്തീ..

ഈ ആത്മഹത്യ ചെയ്യുന്നോരൊക്കെ ജീവിയ്ക്കാന് ആഗ്രഹമില്ലത്തവരാണോന്ന്???

അവർ ജീവിതത്തില് തോറ്റുപോയതു കൊണ്ടാണോ ആത്മഹത്യ ചെയ്യുന്നതെന്ന്???

ഒരിക്കലുമല്ല..അവർ ജീവിതത്തില് തോറ്റുപോയവരല്ല..മറിച്ച് ആരൊക്കെയോ കൂടി തോല്പിച്ചതാണ് അവരെ..”

“കോപ്പ്..ഇനി ആ വാക്ക് മിണ്ടിയാല് കൊല്ലും ഞാന് നിന്നെ…”

“കുറെ നാളുകൾക്കു ശേഷം ഞാന് ഇന്നൊന്ന് സംസാരിച്ചു..ഇതു മതി കുറേ നാളെത്തേയ്ക്ക്..
വാ..നമുക്കു പോകാം..കുറേ നേരമായില്ലേ ഇവിടിരിയ്ക്കുന്നൂ..”

“ഏയ്..നില്ക്കെടീ..
ഞാന് പറഞ്ഞു കഴിഞ്ഞില്ല..
ഞാൻ കാര്യമായി പറഞ്ഞതാണ്..

ഞാനെന്നോടു തന്നെ പല തവണ ചോദിച്ച ചോദ്യമാണ്…
നീയെനിയ്ക്ക് ആരാണെന്ന്??? വെറും ക്ലാസ്മേറ്റാണോ?? അല്ല..

വെറും ഫ്രണ്ട്ടാണോ?? അതുമല്ല..
നീയെന്നെ എങ്ങനാ കാണുന്നേ എന്നെനിക്കറിയില്ല..
ഫ്രണ്ട്ടായിട്ടാകും…

പക്ഷേ നീയെനിക്കെന്റെ കൂടപ്പിറപ്പു തന്നെയാണ്.നിന്നെ മിസ്സെയ്യാന് എനിക്കാകില്ല നന്ദൂ…
ഞങ്ങൾക്കെല്ലാം നിന്നെ തിരികെ വേണം…ആ പഴയ വായാടിപ്പെണ്ണായി..

കാന്താരിയായി..അതിനു സമയമെടുക്കുമെന്നറിയാം..എടുത്തോ ആവശ്യത്തിന് ടൈം എടുത്ത് മാറിയാ മതി..പക്ഷേ മാറണം…അത് നിര്ബന്ധമാണ്..”

“പിന്നെ ഞാന് ചോദിച്ചത്..അത് സത്യമാണ്..പെണ്ണു ചോദിക്കാന് തന്നെയാ ഞങ്ങള് വന്നത്..
എന്റെ ഏടത്തിയമ്മയായി..

നിന്നെ കൊണ്ടുപോകാനുള്ള സമ്മതം വാങ്ങാനാ വന്നത്..എന്നെ പോലൊന്നുമല്ല..എന്റെ ഏട്ടനൊരു പാവമാണ്..

പിന്നൊരു കാര്യം എന്റെ നിര്ബന്ധം കൊണ്ടൊന്നുമല്ലാട്ടോ, എന്റെ ഏട്ടന് നിന്നോട് മുടിഞ്ഞ ഇഷ്ടമാടീ പെണ്ണേ…
അതുകൊണ്ടാ..ബാക്കിയൊക്കെ ഏട്ടന് പറയും..നീയിവിടെ നില്ക്ക്..ഞാന് ഏട്ടനെ ഇങ്ങോട്ടേയ്ക്ക് വിടാം..”

“വേണ്ട..
ഇതൊന്നും ശരിയാവില്ല..നിനക്കു വേറെ വല്ലതുമുണ്ടോ പറയാന്…”

“ആ ഉണ്ട്… നമുക്ക് സാര്ക്ക് ഉച്ചകോടിയെ പറ്റി സംസാരിക്കാം..
എന്താണ് നിന്റെ അഭിപ്രായം…??അല്ല പിന്നെ..

നീയല്ലേ വലിയ വായില് പറഞ്ഞത്, ആരുടെ മുന്നിലും നീ തോറ്റു കൊടുക്കില്ലെന്ന്.. നീ ജീവിച്ചു കാണിക്കുമെന്ന്..നിനക്കു ജയിച്ചു കാണിക്കാനുളള ഏക പോംവഴിയാണിത്..”

“നിന്റെ ഏട്ടന് എന്നെ പറ്റി എന്തറിയാം..ഒന്നുമറിയില്ല..സഹതാപം കൊണ്ട് എനിയ്ക്കൊരു ജീവിതം വെച്ചു നീട്ടി ആളുടെ ജീവിതം കൂടി ഇരുട്ടിലാക്കണ്ടെന്ന് പറഞ്ഞേക്ക്… ”

“എനിക്ക് നിന്നെ പറ്റി എന്തെല്ലാം അറിയാമോ..അത്രയും.. ഒരു പക്ഷേ അതില് കൂടുതലും അറിയാം..നീയെത്ര വാശിയെടുത്തിട്ടും കാര്യമില്ല നന്ദൂ…

നിന്റെ കാര്യത്തില് ഇത്രയും സ്വാതന്ത്ര്യമില്ലെങ്കില് പിന്നെ നീയെന്റെ കൂടപ്പിറപ്പാണെന്ന് വീമ്പു പറഞ്ഞിട്ടെന്താ കാര്യം…

നീയാലോചിയ്ക്ക്..എല്ലാം കഴിഞ്ഞു രണ്ടു കൊല്ലമാകാറായില്ലേ…ഇനിയാര് അന്വേഷിച്ചു വരാനാ..വന്നാല് അപ്പോഴല്ലേ..അപ്പോ നോക്കാം”

“അവനെ നിനക്കറിഞ്ഞൂടാഞ്ഞിട്ടാ കാര്ത്തീ…അവന് വരും..വരാതിരിയ്ക്കണമെങ്കില് ഞാനവനെ അന്നേ തീര്ക്കണമായിരുന്നു..അവിടെയാ എനിക്ക് തെറ്റു പറ്റിയത്..”

“എന്തൊക്കെയാ നന്ദൂ നീ പറയണേ..

ഇനിയെങ്ങാനും ആരെങ്കിലും അന്വേഷിച്ചു വന്നാല് ചോദിക്കാനും പറയാനുംനിനക്കും വേണ്ടേ ആള്..അതിനു വേണ്ടിയാണിതെന്നു കൂട്ടിയാ മതി…”

എതിര്ത്തൊരു വാക്കുപോലും പറയാനാകാതെ ഇരിയ്ക്കുകയായിരുന്നു നന്ദിത..

“നീയിവിടെ ഇരിയ്ക്ക്..ഞാന് ഏട്ടനെ ഇങ്ങോട്ടു വിടാം..”

എന്നും പറഞ്ഞ് കാര്ത്തി തിരികെ പോരുമ്പോഴാണ് സഞ്ജയ് അവിടെ നില്ക്കുന്നതവന് കണ്ടത്..

“ആഹാ…ഇവിടെ നില്പുണ്ടായിരുന്നോ..

ചെല്ല് ചെല്ല്…ഞാനൊരു ഇന്ഡ്രോ കൊടുത്തിട്ടുണ്ട്.
ബാക്കിയൊക്കെ ബ്രോയുടെ കയ്യിലാ…”

“ഉം..”
എന്നു മൂളിയതല്ലാതെ ഒന്നും പറഞ്ഞില്ല സഞ്ജയ്..
എന്തു പറയണം എന്നറിയില്ലായിരുന്നു..അതായിരുന്നു സത്യം..

തന്നെ കണ്ടതും നന്ദിത അവിടെ നിന്ന് എണീറ്റു…ബഹുമാനം കൊണ്ടല്ല..തടിതപ്പാനാണെന്നു വ്യക്തമായിരുന്നു സഞ്ജുവിന്.

“നന്ദിതാ..ഒരു മിനിറ്റ്..
എനിക്കു കുറച്ചു സംസാരിയ്ക്കാനുണ്ട്.വിരോധമില്ലെങ്കില് ഇവിടെയിരിക്കൂ..”

എതിര്പ്പൊന്നും കൂടാതെ നന്ദു അവിടെ തന്നെയിരുന്നു..

“പറയൂ എന്താ കാര്ത്തീടെ ഏട്ടന് പറയാനുള്ളത്..”

“കാര്ത്തി പറഞ്ഞു കാണുലോ, ഞങ്ങൾ വന്നതെന്തിനാണെന്ന്..

നന്ദിത ചിന്തിക്കുന്നതു പോലെ പെട്ടെന്നൊരു ദിവസം സഹതാപം കൊണ്ടെടുത്ത തീരുമാനമൊന്നുമല്ലിത്..പതിയെ പതിയെ തന്നെ അറിഞ്ഞു വര്ഷങ്ങള് കൊണ്ടെടുത്ത തീരുമാനമാണിത്…

കാലങ്ങളായി മനസ്സില് മാത്രം കൊണ്ടു നടന്നിരുന്ന ഒരാഗ്രഹം..തനിക്കൊരു റിലേഷൻ ഉണ്ടെന്നറിഞ്ഞപ്പോ പുസ്തകങ്ങളുടെ പുതപ്പിനടിയിലേയ്ക്ക് സൂക്ഷിച്ചെടുത്തു വച്ച ഒരു കുഞ്ഞ് ഇഷ്ടം..

കോളേജ് റൊമാന്സിനോട് വല്യതാത്പര്യമില്ലാത്തതിനാലാകാം ആദ്യ കാഴ്ചയില് തന്നെ ശ്രദ്ധിച്ചിരുന്നുവെങ്കിലും പിന്നീടങ്ങോട്ട് മനപൂര്വ്വം ഒഴിവാക്കുകയായിരുന്നു..
ഒന്നു രണ്ടു തവണയേ നമ്മള് ആകെ സംസാരിച്ചിട്ടുള്ളൂ…

പിന്നെ പിന്നെ കാര്ത്തി പറഞ്ഞു പറഞ്ഞു നന്ദിതയെ കുറിച്ച് കൂടുതൽ കൂടുതൽ അറിഞ്ഞപ്പോള്, എന്തോ ഇഷ്ടമായി തുടങ്ങുകയായിരുന്നു..അവനോട് തന്നെയാണ് ഞാനിത് ആദ്യം പറഞ്ഞത്..

തന്നോട് പറയാനായി വന്നപ്പഴേയ്ക്കും വൈകിപ്പോയിരുന്നു..തനിക്ക് വേറൊരു റിലേഷൻ ഉണ്ടെന്നറിഞ്ഞപ്പോ ആദ്യം ഒത്തിരി സങ്കടം തോന്നി..പിന്നെ കരുതി ഈ ജന്മം തന്നെ എനിയ്ക്കാകില്ല വിധിച്ചിരിയ്ക്കാ എന്ന്..പക്ഷേ തന്നോടുള്ള ഇഷ്ടം അതേ അളവിൽ എന്റെ ഉള്ളിലുണ്ടായിരുന്നു…

ഇപ്പോഴുമുണ്ട്…

അതുകൊണ്ടാണ് തനിയ്ക്കൊരു അപകടം പറ്റുമെന്നായപ്പോള് ഒന്നും നോക്കാതെ ഇറങ്ങി പുറപ്പെട്ടത്…

മനസ്സറിഞ്ഞു പറയുവാ..സഞ്ജയ് നന്ദിതയെ കൂടെ കൂട്ടാന് ആഗ്രഹിയ്ക്കുന്നു… പാതിവഴിയില് ഇട്ടിട്ടു പോകാനല്ല..നല്ല പാതിയായി ജീവിതം മുഴുവന് കൂടെ കൂട്ടാന്
താന് ആലോചിയ്ക്ക്..മറുപടി പിന്നെ പറഞ്ഞാമതി..”

കണ്ണൊക്കെ നിറഞ്ഞു വന്നെങ്കിലും
ഒക്കെ കേട്ടുകഴിഞ്ഞു യാതൊരു ഭാവഭേദവും കൂടാതെ യാണ് നന്ദിത സംസാരിച്ചു തുടങ്ങിയത്.

“എന്നെപ്പറ്റി കാര്ത്തി പറഞ്ഞുള്ള അറിവല്ലേയുള്ളൂ കാര്ത്തീടെ ഏട്ടന്..എന്നെപ്പറ്റി ഞാനല്ലേ പറയേണ്ടത്…”

“തനിക്ക് സംഭവിച്ചതൊക്കെ എനിക്ക്ക്കറിയാം…കാരണം താനറിയാതെ തന്റെ കൂടെ ഞാനും ഉണ്ടായിരുന്നു..പലപ്പോഴും..
മനപൂര്വ്വമല്ല… യാദൃച്ഛികമായി..

സോ..അറിയണമെന്ന് യാതൊരു നിര്ബന്ധവുമില്ല..”

“പക്ഷേ അങ്ങനൊരു നിര്ബന്ധം എനിക്കുണ്ട്..കാരണം ഒരു വിവാഹത്തെ കുറിച്ച് ചിന്തിയ്ക്കാവുന്ന ഒരു മാനസികാവസ്ഥയിലൂടെയല്ല ഞാന് കഴിഞ്ഞ കുറെ നാളുകളായി കടന്നുപോകുന്നത്..

ഉറക്കം വരാത്ത കുറെ രാത്രികള്…മനംമടുക്കുന്ന മരുന്നുകളുടെ ഗന്ധം..ഇടയ്ക്കിടെയുള്ള കൗണ്സിലിംഗ്..

ഇതൊക്കെയാണ് കഴിഞ്ഞ ഒന്നര വര്ഷമായി എന്റെ റൂട്ടീന്…ഇതൊക്കെ അറിഞ്ഞിട്ടും സഹതാപ തരംഗം അലയടിക്കുന്നുണ്ടോ…??? ഒരു മിനിറ്റ്.. എന്റെ കൂടെ വരൂ..”

അതും പറഞ്ഞു അവള് അകത്തേയ്ക്ക് നടന്നു..എല്ലാവരും നോക്കിനില്ക്കേ റൂമില് പോയി ഒരു ഡയറി കൊണ്ടുവന്നു സഞ്ജയ് ക്കു നേരെ നീട്ടി..

“ഇതിലുണ്ട് നന്ദിത ..
ഇതായിരുന്നു നന്ദിത..
സമയമെടുത്ത് പതിയെ വായിച്ച് തീരുമാനിച്ചാ മതി…”

സഞ്ജയ് അതു വാങ്ങുമ്പോള് അച്ഛനെയും അമ്മയെയും മാറി മാറി നോക്കി..

“മോളേ…നന്ദൂ..” ശ്രീദേവിയുടെ
സ്നേഹം നിറഞ്ഞ ആ വിളിയില് നന്ദു അവിടെ തന്നെ നിന്നു…

“എന്റെ മോനോ, ഞങ്ങൾക്കോ ആര്ക്കും മോളോടൊരു ഇഷ്ടം തോന്നിയത് യാതൊരു വിധ സഹതാപത്തിന്റെം പുറത്തല്ല…സ്നേഹം.. പരിഗണന.. അത്രേയുള്ളൂ..എനിയ്ക്കന്റെ കാര്ത്തിയെ പോലെ തന്നെയാണ് നീ..

സഞ്ജുവിന് ഇങ്ങനൊരു ഇഷ്ടം നിന്നോടുണ്ടെന്നറിഞ്ഞപ്പോ ഏറ്റവും സന്തോഷിച്ചത് എന്റെ കാര്ത്തിയാണ്.

അതവന് നിന്നോട് പറയാനായി വന്നതുമാണ്..

പക്ഷേ അവന് പറയുന്നതിനു മുന്നേ മോളുടെ മനസ്സില് വേറൊരു ഇഷ്ടമുണ്ടെന്ന് കാര്ത്തിയോട് പറഞ്ഞിരുന്നു. പിന്നെ സഞ്ജുവാണ് തീരുമാനിച്ചത്, പറയണ്ട എന്ന്..

ഇപ്പോള് മോള്ക്കൊരു പ്രതിസന്ധി വന്നിട്ടും മോളുടെ കൂടെ നില്ക്കാനിവന് തയ്യാറായില്ലെങ്കില് അവന്റെ സ്നേഹത്തിന് എന്തര്ത്ഥമാണുള്ളത്.

നാം പോലുമറിയാതെ നമ്മളെ പിന്തുടര്ന്ന് സ്നേഹിക്കുന്നവരെ തിരിച്ചറിയുന്നിടത്താണ് മോളേ നമ്മുടെ സന്തോഷം തുടങ്ങുന്നത്.

ആ തിരിച്ചറിവ് മോള്ക്ക് ഉണ്ടാകുമെന്നാ അമ്മയുടെ വിശ്വാസം…ബാക്കിയെല്ലാം മോളുടെ തീരുമാനം..”

(ഇഷ്ടപ്പെട്ടോ ആവോ…???എന്തായാലും അഭിപ്രായങ്ങൾ എഴുതണേ…)

(തുടരും )

നല്ല‍ പാതി : ഭാഗം 1

നല്ല‍ പാതി : ഭാഗം 2