Sunday, November 10, 2024
Novel

നല്ല‍ പാതി : ഭാഗം 13

നോവൽ

*******
എഴുത്തുകാരി: ധന്യ സുജിത്ത്‌

“യൂണിവേഴ്സിറ്റി എ സോൺ കലോത്സവത്തിനിടെ വിദ്യാർത്ഥി സംഘർഷം..കുത്തേറ്റ വിദ്യാർത്ഥി മരിച്ചു.. ആറുപേർക്ക് പരിക്ക്..
സമാപന സമ്മേളനം റദ്ദാക്കി..”

പിറ്റേ ദിവസത്തെ പത്രങ്ങളിൽ ഒക്കെയും ആ വാർത്ത സ്ഥാനം പിടിച്ചത് അങ്ങനെയാണ്…
അഭിയുടെ മരണത്തിലും നന്ദുവിന് സംഭവിച്ച അപകടത്തിലും അന്വേഷണം ആവശ്യപ്പെട്ട് കോളേജ് യൂണിയൻ രംഗത്ത് വന്നു..

എത്ര പെട്ടെന്നാണ് ഉത്സവപ്രതീതമായ അന്തരീക്ഷം ശ്മശാനമൂകമായത്.. ഒരൊറ്റ രാത്രികൊണ്ട്.. എല്ലാം മാറി മറഞ്ഞു..

ശോകനാശിനി തീരത്തെ വിശാലമായ..തന്റെ പ്രിയപ്പെട്ട
ക്യാമ്പസിൽ… കൂട്ടുകാർക്ക് നടുവിൽ…

പ്രകടമാക്കാൻ കഴിയാത്ത… ഒരുപിടി വികാരങ്ങളുമായി… വെള്ളത്തുണിയിൽ പൊതിഞ്ഞ്… എന്നുമുള്ള ചിരിയില്ലാതെ…. അവൻ കിടന്നു….

പറഞ്ഞു തീരുമ്പോൾ മാത്രം അർത്ഥം മനസ്സിലാകുന്ന കഥ പോലെയാണ് മരണവും..
ചിലർ ഇല്ലാതാകുമ്പോഴാണ് ആ ശൂന്യതയുടെ വില നമ്മളിൽ പലരും തിരിച്ചറിയുന്നത്..

ക്യാമ്പസിലെ പൊതുദർശനത്തിനു ശേഷം അവനെയും കൊണ്ട് ആനന്ദ ഭവനിലേക്ക് എത്തുമ്പോൾ ആ വീടും മുറ്റവും ആകെ നിറഞ്ഞു കവിഞ്ഞിരുന്നു..

ചന്ദനത്തിരിയുടെ സുഗന്ധം പേറുന്ന നടുത്തളത്തിൽ അവനെ കിടത്തി.. കൺതടം കണ്ണീരിൽ കുതിർന്ന് അവനരികിൽ ടീച്ചറമ്മ ഇരിപ്പുണ്ട്..

നിശബ്ദം കരഞ്ഞുകൊണ്ട് അവന്റെ മാഷും.. പലപ്പോഴും വരുമ്പോൾ ഓടിവരുന്ന കുഞ്ഞു മുഖങ്ങളിൽ ഒക്കെയും പേടിയും സങ്കടവും മാത്രം… അവരോടൊപ്പമിരുന്നു പഠിക്കുവാൻ… കളിയായി വഴക്കുണ്ടാക്കി പിണങ്ങുവാൻ….

പിന്നീട് ഒരു സോറി പറഞ്ഞു ഇണങ്ങുവാൻ.. അവരുടെ കൂടെ തമാശകൾ പറഞ്ഞ് പൊട്ടിച്ചിരിക്കാൻ… ഇനി അവരുടെ അഭിയേട്ടൻ ഇല്ല… ആ യാഥാർത്ഥ്യം ആ കുഞ്ഞു മനസ്സുകൾക്ക് ഉൾക്കൊള്ളാൻ സാധിക്കാത്ത പോലെ…

യാതൊരു ഭാവഭേദവുമില്ലാതെ അഭിയെ തന്നെ നോക്കിയിരിക്കുന്ന അവരെ കണ്ട് കാർത്തിക്കും കരച്ചിലടക്കാനേ കഴിഞ്ഞുള്ളൂ…
ചടങ്ങുകൾ തീരുന്നതുവരെ കാർത്തി ആനന്ദ് ഭവനിലുണ്ടായിരുന്നു..

എവിടെയോ ജീവിച്ച് എവിടെയോ വളർന്ന രണ്ടുപേർ… ഒരിക്കലും പരിചയപ്പെടാൻ സാധ്യതയില്ലാത്ത രണ്ടുപേർ…

ഒരുപാട് വൈകി കിട്ടിയ സൗഹൃദം…. എങ്കിലും അത് ഒരു ജന്മം മുഴുവൻ അനുഭവിച്ച പോലെ ഒരു തോന്നൽ…. അതായിരുന്നു അഭി തനിക്ക്… ഏട്ടനെ പോലെ ഒരു സുഹൃത്ത്…

അഭീ…നീയെന്ന നഷ്ടം ഞങ്ങൾക്ക് ഒരിക്കലും നികത്താൻ ആവില്ല…അളിയാ…
അഭിയുടെ ചിതക്ക് അരികിൽ നിന്നുകൊണ്ട് കാർത്തിയത് പറയുമ്പോൾ ചേർത്തുപിടിക്കാൻ മാത്രമേ സഞ്ജുവിന് കഴിഞ്ഞുള്ളൂ….

തുടർ ചികിത്സയ്ക്കായി നന്ദിതയെ തൃശൂരിലേക്കു മാറ്റി.. നന്ദുവിന്റെ
അച്ഛനെയും അമ്മയെയും കൂടാതെ കാർത്തിയും സഞ്ജുവും ആശുപത്രിയിലുണ്ടായിരുന്നു..

സത്യനാഥൻ മാഷ് ഇടയ്ക്കിടെ ആശുപത്രിയിൽ വന്ന് വിവരം അന്വേഷിയ്ക്കും..

സംഭവത്തിനു ശേഷം ഒരാഴ്ചയും കൂടി കഴിഞ്ഞാണ് നന്ദുവിന് ബോധം തിരിച്ചുകിട്ടിയത്..
ബോധം വന്നതിനുശേഷവും നന്ദു ആകെ സംസാരിക്കുന്നത് അഭിയെപ്പറ്റി മാത്രമായിരുന്നു…

ഡോക്ടർ നന്ദുവിനെ ഇപ്പോഴത്തെ അവസ്ഥ വിവരിയ്ക്കുമ്പോൾ ഏറെ സങ്കടത്തോടെയാണ് നന്ദുവിന്റെ അച്ഛനും കാർത്തിയും അത് കേട്ടിരുന്നത്…

“മിസ്റ്റർ വേണു ഗോപാൽ…
ഇനി ഞാൻ പറയാൻ പോകുന്ന കാര്യം നിങ്ങൾ ശ്രദ്ധിച്ചു കേൾക്കണം…
നന്ദിത ഇപ്പോൾ ഫിസിക്കലി ഒക്കെയാണ്. രണ്ട് ഓപ്പറേഷൻ കഴിഞ്ഞെങ്കിലും ഞങ്ങൾ വിചാരിച്ചതിനേക്കാൾ വേഗത്തിൽ ആ കുട്ടി റിക്കവർ ചെയ്യുന്നുണ്ട്…

ബട്ട്.. ഷീസ് നോട്ട് മെന്റെലി ഫിറ്റ്..
നിങ്ങൾ പേടിക്കുന്നത് പോലെ വേറെ പ്രശ്നങ്ങളൊന്നുമില്ല… ഒരു ഡിപ്രഷൻ സ്റ്റേജ്…. ഇതൊരു അവസ്ഥയല്ല.. രോഗമാണ്..

നിങ്ങളിപ്പോൾ ചിന്തിക്കുന്നുണ്ടാവും ഡിപ്രഷൻ എങ്ങനെയാണ് രോഗം ആകുന്നത് എന്ന്..ശരിയാണ്.

എല്ലാ വിഷാദവും രോഗമല്ല. എന്നാൽ അങ്ങനെയൊരു രോഗം ഉണ്ടെന്ന് മനസ്സിലാക്കുകയും അംഗീകരിക്കുകയുമാണ് ആദ്യം ചെയ്യേണ്ടത്..

വൈകുന്തോറും ഈ പ്രശ്നങ്ങളെല്ലാം കൂടാനാണ് സാധ്യത. മാത്രമല്ല ചിലർക്ക് ആത്മഹത്യാ പ്രവണതയും ഉണ്ടാകാം.

ചുരുക്കിപ്പറഞ്ഞാൽ ശരിയായി ചികിത്സിച്ചില്ലെങ്കിൽ മരണം വരെ സംഭവിക്കാവുന്ന രോഗമാണിത്.. അതിന്റെ പ്രാധാന്യം മനസ്സിലാക്കാൻ ഇതിൽ കൂടുതൽ പറയേണ്ടതില്ലല്ലോ?

ചിലപ്പോൾ നന്ദിത ഇതിൽ നിന്ന് റിക്കവർ ആകാൻ കുറച്ചു സമയമെടുക്കും. അത് ചിലപ്പോൾ ആറുമാസമാകാം.. ഒരു വർഷമാകാം.. ചിലപ്പോൾ അതിൽ കൂടുതലും..

തന്റെ കൺമുന്നിൽ വച്ച് നടന്ന ആ സംഭവം.. അതാ കുട്ടിയെ വല്ലാതെ ബാധിച്ചിരിക്കുന്നു.. പ്രത്യേകിച്ച് അവർ തമ്മിൽ ഒരു റിലേഷനിലായതു കൊണ്ട്…

ആ കുട്ടി ഇപ്പോൾ സംസാരിക്കുന്നത് ആ പയ്യനെ പറ്റി മാത്രമാണ്. വേറെ ഒന്നും…ആരും…ആ മനസ്സിലില്ല..

ഷീ നോസ് ഹി ഈസ് നോ മോർ..ബട്ട്.. അത് അംഗീകരിക്കാനുള്ള മടി..

അവളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ആയിരിക്കാം അവന് ആ അപകടം പറ്റിയത്.. അതും അവളെ വല്ലാതെ ഹോണ്ടയെന്നുണ്ട്.. താൻ കാരണം ആണല്ലോ എന്നൊരു കുറ്റബോധം..

ഈ അവസ്ഥ അത് അവളുടെ കുറ്റമല്ല..നമ്മളെ അവളുടെ സ്ഥാനത്ത് ഒന്നു ചിന്തിച്ചാൽ മതി.. അതാണ് നമ്മൾ ആദ്യം മനസ്സിലാക്കേണ്ടത്…”

എല്ലാം മൂളിക്കേട്ടു കൊണ്ട് കാർത്തിയും വേണുഗോപാലും ഡോക്ടർക്കു മുൻപിൽ ഇരുന്നു..

ഡോക്ടർ തുടർന്നു…
“ഇനി ചികിത്സയുടെ കാര്യം..

രോഗം മനസ്സിലാക്കുന്നതിനോളം പ്രധാനമാണ് എങ്ങനെ ചികിത്സിക്കുന്നുവെന്നതും.. മരുന്നുകളും സൈക്കോതെറാപ്പി എന്ന ചികിത്സാരീതിയുമാണ് പ്രധാന ചികിത്സ. ഇത് എങ്ങനെ വേണം , എത്രത്തോളം വേണമെന്നൊക്കെ തീരുമാനിക്കേണ്ടത് വിദഗ്ധ പരിശോധനയ്ക്കു ശേഷമാണ്..

പേടിക്കാനൊന്നുമില്ല…മരുന്നുകളും മുടങ്ങാതെയുള്ള കൗൺസിലിങ്ങും കൊണ്ട് നന്ദിതയെ തിരികെ പഴയ നന്ദിതയാക്കാൻ പറ്റുമെന്ന് ഞങ്ങൾക്ക് പൂർണ്ണ വിശ്വാസമുണ്ട്..

പക്ഷേ നിങ്ങളുടെ പൂർണ സഹകരണം ഞങ്ങൾക്ക് ആവശ്യമാണ്…ഓ.ക്കേ..”

ഡോക്ടറോട് പറഞ്ഞ് അവിടെ നിന്നിറങ്ങുമ്പോൾ വേണുഗോപാൽ ആകെ തകർന്നിരുന്നു…

“ഒരു അച്ഛൻ എന്ന നിലയ്ക്ക് ഞാൻ തീർത്തും പരാജയമായിരുന്നു അല്ലേ മോനേ..”

കാർത്തിയോട് അയാൾ ചോദിച്ചു..

“എന്താ അങ്കിൾ ഇത്..???
ഇപ്പോ ഇങ്ങനെയൊന്നും പറയരുത്..

എന്തൊക്കെ പറഞ്ഞാലും അവൾക്ക് നിങ്ങളെയൊക്കെ ഭയങ്കര ഇഷ്ടമായിരുന്നു… നിങ്ങൾ ശ്രദ്ധിക്കുന്നില്ല..കെയർ ചെയ്യുന്നില്ല എന്ന ഒരു വിഷമം മാത്രമേ അവൾക്ക് ഉണ്ടായിരുന്നുള്ളൂ…

കോളേജിൽ ആദ്യം വന്നപ്പോൾ ഞാൻ പരിചയപ്പെട്ട നന്ദു ആരോടും മിണ്ടാതിരിക്കുന്ന ഒരാളായിരുന്നില്ല..

എല്ലാവരോടും ഓടിച്ചാടി സംസാരിക്കുന്ന.. ആരും അവളോട് സംസാരിച്ചിലെങ്കിലും.. വായിൽ കുത്തി വർത്തമാനം പറയിക്കുന്ന ഒരു നന്ദുവായിരുന്നു..

സംസാരിക്കാൻ ഒരുപാട് ഇഷ്ടപ്പെടുന്ന.. സൗഹൃദങ്ങൾ ഒരുപാട് സ്നേഹിക്കുന്ന.. ഒരു നന്ദു.. ആകെ വിഷമിച്ചിരിക്കുന്നത് വീടിനെ പറ്റി പറയുമ്പോൾ മാത്രമായിരുന്നു..

കോളേജിലെ അവളുടെ ഏറ്റവുമടുത്ത സുഹൃത്ത് എന്ന നിലയിൽ ഞാൻ പറയും അവൾ കുറച്ചൂടെ പരിഗണന അർഹിക്കുന്നുണ്ട്.. കാരണം ഇക്കഴിഞ്ഞ പിറന്നാളിന് പോലും അവൾ അത് പറഞ്ഞ് ഒരുപാട് കരഞ്ഞിരുന്നു..

ഫസ്റ്റ് ഇയർ മുതലേ ഞങ്ങളായിരുന്നു ഒരുമിച്ച്.. എന്തിനും ഏതിനും ഏതു കുരുത്തക്കേടിനും അവളുടെ കൂടെ ഞാൻ ഉണ്ടായിരുന്നു.. കൂടെ നടന്ന് കൂടെ നടന്നു അവളെനിയ്ക്കൊരു കൂടപ്പിറപ്പായി മാറുകയായിരുന്നു..

എനിക്ക് ഉറപ്പുണ്ട് അങ്കിൾ അവളെ നമുക്ക് തിരിച്ചു കൊണ്ടുവരാൻ സാധിക്കും..
പക്ഷേ… നിങ്ങൾ അല്പം മാറാൻ ശ്രമിക്കണമെന്നു മാത്രം..

നിങ്ങളിൽനിന്ന് അവൾക്ക് ലഭിക്കാത്ത സ്നേഹവും പരിഗണനയും സന്തോഷവും എല്ലാമാണ് സൗഹൃദങ്ങളിൽ അവൾ തേടിയത്..അഭിയിൽ നിന്നും അവള് അതു തന്നെയാണ് പ്രതീക്ഷിച്ചത്..
അങ്കിൾ വിഷമിക്കേണ്ട നമുക്ക് ശ്രമിക്കാം..”

“ശരിയാണ് മോൻ പറഞ്ഞത്..

മക്കളോട് സ്നേഹം പ്രകടിപ്പിക്കുവാൻ പാടില്ല, അത് മനസിലിരുന്നാൽ മതി… പുറമേ പ്രകടിപ്പിച്ചാൽ അവർ പിന്നെ അനുസരിക്കുകയില്ല.” തലമുറകളായി കേട്ടു വരുന്ന ഒരു പല്ലവി..

അതിലാണ് ഞാനും വിശ്വസിച്ചത്.. നന്ദുവിനെ മോളെ എന്ന് വിളിക്കാൻ പോലും ഞാൻ പിശുക്ക് കാണിച്ചിട്ടുണ്ട്..

അവൾ ആഗ്രഹിച്ച സമയത്തൊന്നും ഞങ്ങൾ അവളുടെ കൂടെ ഉണ്ടായിട്ടില്ല.
ഞങ്ങടെ തെറ്റ് മനസ്സിലാക്കാൻ ഇത്രയും വലിയൊരു ശിക്ഷ..”

അതെല്ലാം പറഞ്ഞു അയാൾ കരയുമ്പോൾ കാർത്തിക്ക് ഉറപ്പായിരുന്നു നന്ദുവിന് അവളുടെ ആഗ്രഹം പോലെ അവളുടെ അച്ഛനേയും അമ്മയെയും തിരികെ കിട്ടുമെന്ന്…

രണ്ടു മാസത്തെ ഹോസ്റ്റ്പിറ്റൽ വാസത്തിനു ശേഷമാണ് നന്ദു ഡിസ്ചാർജ് ആയത്.
പിന്നീടങ്ങോട്ട് ചികിത്സയും പരിചരണവും ആയിരുന്നു..

കോളേജിൽ നന്ദു ഇല്ലാതെ വീർപ്പുമുട്ടുന്ന രണ്ടു പേരുണ്ടായിരുന്നു..
പാറുവും കാർത്തിയും..

സഞ്ജു കൂടെയുള്ളത് കാർത്തിയെ സംബന്ധിച്ചെടുത്തോളം വലിയൊരു ആശ്വാസമായിരുന്നു..
പതിയെ രണ്ടുപേരും അതിനോട് പൊരുത്തപ്പെട്ടു.. യൂണിവേഴ്സിറ്റി പരീക്ഷകളും ലാബ് എക്സാമുകളും എല്ലാം അവസാനിച്ചു..

സൗഹൃദത്തിന്റെയും സാന്ത്വനത്തിന്റെയും ആ കലാലയ ജീവിതം ഇന്നുമുതൽ ഓര്മകളായി മാറുകയാണ്……

ഇവിടത്തെ ഓര്മകള്ക്ക്
ഇപ്പോൾ നഷ്ടപെടലിന്റെ വേദനയാണ്..!!

ഇവിടത്തെ കാറ്റിന് ഇപ്പോൾ വിരഹത്തിന്റെയും, വേര്പാടിന്റെയും ഗന്ധമാണ്.
മനംനിറയെ നല്ല ഓർമ്മകൾ മാത്രമായി പടിയിറങ്ങേണ്ടതിനു പകരം നഷ്ടപ്പെടലിന്റെ നൊമ്പരമാണ് മനംനിറയെ…

കോളേജ് ജീവിതം കഴിഞ്ഞ് എല്ലാവരും ഓരോ വഴിയ്ക്ക് അങ്ങു പോയി…

മാസങ്ങൾ കഴിഞ്ഞിട്ടും നന്ദുവിനൊരു മാറ്റവും കണ്ടില്ല… മുറിയിൽ നിന്നും പോലും പുറത്തിറങ്ങാതെ… അഭിയുടെ ചിത്രം നോക്കി തനിയെ ഇരുന്നു സംസാരിയ്ക്കുന്നതു കാണാം.. ഒന്നു കരയുക പോലും ചെയ്യാതെ..

കാർത്തി തുടർപഠനം തിരഞ്ഞെടുത്തു.. കാർത്തി പഠിയ്ക്കാനായി പോയ ശേഷം സഞ്ജുവും അച്ഛനുമുണ്ടായിരുന്നു വേണുഗോപാലിന്റെ ആശ്വാസത്തിന്.

നന്ദുവിന്റെ മനസ്സിൽ ഉറഞ്ഞു കൂടിയ ചിന്തകൾ മുഴുവനായി മാറണമെങ്കിൽ എങ്കിൽ അഭി മരിച്ചു എന്ന് അവളുടെ മനസ്സ് അംഗീകരിക്കണം.. ചിലപ്പോൾ അവൾക്കത് ഒരു ഷോക്ക് ആയിരിക്കാം..

എങ്കിലും അവളുടെ നല്ലതിനുവേണ്ടി അല്ലേ.. എന്ന ഡോക്ടറുടെ നിർദ്ദേശമനുസരിച്ചാണ് സഞ്ജു അവളെയും കൂട്ടി ആനന്ദ് ഭവനിലേക്ക് ചെന്നത്..

അവിടെയെത്തിയാൽ അഭിയെ മറവ് ചെയ്ത സ്ഥലം കണ്ടാൽ… ചിലപ്പോൾ അവൾ അത് അംഗീകരിക്കും.. കുറഞ്ഞ പക്ഷം ഒന്നു കരഞ്ഞാലെങ്കിലും ചെയ്താൽ മതിയെന്നാണ് ഡോക്ടറുടെ നിർദേശം ..

ആനന്ദ് ഭവനിലേക്ക് അവരോടൊപ്പം നന്ദുവിന്റെ അച്ഛനുമമ്മയും ഉണ്ടായിരുന്നു..

കാറിൽ നിന്നിറങ്ങി തുളസിതൈകൾ അതിരുതീർക്കുന്ന വഴിയിലൂടെ വീട്ടിലോട്ടു നടക്കുമ്പോൾ
അവളുടെ മനസ്സിൽ നിറയെ അഭിയായിരുന്നു…ആ വീട്ടിൽ അവനോടൊപ്പം ചിലവഴിച്ച നല്ല നിമിഷങ്ങളായിരുന്നു..

പൂമുഖത്ത് എത്തുമ്പോൾ തന്നെയും കാത്തു നിൽക്കുന്ന മാഷും ടീച്ചറും… നന്ദുവിനെ കണ്ടതും ടീച്ചറുടെ സങ്കടം അണപൊട്ടി.. ഓരോ പതം പറഞ്ഞു കരയുന്ന ടീച്ചറിനെ നോക്കി നിൽക്കുകയായിരുന്നു നന്ദു..

പെട്ടെന്നാണ് അവളുടെ ശ്രദ്ധ ചുമരിലെ ആനന്ദിന്റെ ഫോട്ടോയിലേയ്ക്ക് എത്തിയത്..
അതിനപ്പുറത്ത് ചിരിച്ചുകൊണ്ട് ഇരിക്കുന്ന അഭിയുടെ ഫോട്ടോ.. കുറച്ച് നേരം ആ ഫോട്ടോ നോക്കി നിന്ന് നേരെ പോയത് അവന്റെ റൂമിലോട്ടാണ്.

ആ മുറിയ്ക്കുള്ളിൽ ഇരിക്കുമ്പോൾ അഭി അടുത്തുള്ള പോലെ അവൻറെ മണവും ചൂടും തൻറെ ചുറ്റും ഉള്ളതുപോലെ…

ചുമരിൽ അവൻ വരച്ച ചിത്രങ്ങൾ നിറഞ്ഞിരുന്നു… അതെല്ലാം ഓരോന്നായി നോക്കുമ്പോൾ .. ആണ് ഡ്രോയിങ് ബോർഡിൽ പൂർത്തിയാക്കാത്തൊരു ചിത്രം ..

തന്റെ വാശിക്ക് വേണ്ടി അഭി വരയ്ക്കാമെന്ന് സമ്മതിച്ച താനും അഭിയും ഒരുമിച്ചുള്ള ചിത്രം…

“മോൾക്ക് തരാനായി അവൻ വരച്ചു തുടങ്ങിയതാ…തിരക്കൊക്കെ കഴിഞ്ഞ് മുഴുവനാക്കി കൊടുക്കാമെന്ന് പറഞ്ഞിട്ടാ ഇവിടുന്ന് ഹോസ്റ്റലിൽ പോയത്..

ഇപ്പൊ തിരക്ക് കഴിഞ്ഞപ്പോൾ അവനും കൂടെ …”
വാക്കുകൾ പാതിയിൽ നിർത്തിയ ടീച്ചറെ നോക്കി നന്ദു വിളിച്ചു.

“ടീച്ചറമ്മേ… എനിക്കെന്റെ അഭിയെ കാണണം..”

കുറേ നാളുകൾക്ക് ശേഷം അവളുടെ ശബ്ദം കേട്ടതു കൊണ്ടാകാം ടീച്ചറിന് സന്തോഷമാണ് തോന്നിയത്.

“എന്റെ മോളൊന്ന് സംസാരിച്ചല്ലോ..
വാ..അമ്മ കാണിക്കാം…

അവന് സന്തോഷമാകും…
മോള് അവനെ കാണാൻ വന്നല്ലോ…”

ടീച്ചറോടൊപ്പം അഭിയുടെ പട്ടടയിലേക്ക് നടക്കുമ്പോൾ അഭിയുടെ വാക്കുകൾ അവളുടെ കാതുകളിൽ
അലയടിക്കുന്നുണ്ടായിരുന്നു..

“നന്ദൂ…ഒരു വാക്കേ എനിക്ക് തരാൻ പറ്റുള്ളൂ..ഞാൻ ഒരിക്കലും നിന്നെ തനിച്ചാക്കി പോകില്ല.. എന്റെ മരണം വരെ ഞാൻ നിന്നോടൊപ്പം ഉണ്ടായിരിക്കും..”

കുറേ നേരമായുള്ള ആ നിൽപ്പ് കണ്ടപ്പോൾ ടീച്ചറും മാഷും നന്ദുവിന്റെ അടുത്ത് ചെന്നു.

“മോളെ..നന്ദു..

മോളൊന്നു മനസ്സിലാക്കണം നമ്മുടെ അഭി ഇനിയില്ല… മോൾ ഇങ്ങനെ വിഷമിച്ച് ആരോടും ഒന്നും
മിണ്ടാതിരുന്നാൽ അഭിക്ക് സന്തോഷം ആകുമെന്ന് മോൾക്ക് തോന്നുന്നുണ്ടോ..ഈ നന്ദുവിനെയല്ല അവന്റെ ആ പഴയ നന്ദൂട്ടിയെ കാണാനാണ് അവനിഷ്ടം….

പ്രയാസമാണെന്നറിയാം എങ്കിലും മോള് പതിയെ മാറാൻ ശ്രമിച്ചേ പറ്റൂ..”

“എനിക്കറിയാം ടീച്ചർ… ഞാൻ ശ്രമിച്ചോളാം…” അതു പറയുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു..

നന്ദുന്റെ കണ്ണുകൾ നിറഞ്ഞത് കണ്ടിട്ടാകണം മാഷ് ടീച്ചറോട് പറഞ്ഞു..

“എന്റെ ടീച്ചറെ..
എൻറെ മോൾക്ക് ഒന്നുമില്ല.. അവളുടെ മൗനമാണ് നിങ്ങളെ പേടിപ്പിക്കുന്നെങ്കിൽ.. ഞാൻ ഒന്നു പറയട്ടെ.. അവൾ മനസ്സിലാക്കി കൊണ്ടിരിക്കുകയാണ്… തിരിച്ചറിവുകളുടെ പുതിയ പാഠങ്ങൾ..

മാധവിക്കുട്ടി പറഞ്ഞതുപോലെ.. മൗനം അതൊരു ബലഹീനതയെ അല്ല.. ഒരു ഇടവേളയാണ്.. പുതിയ തിരിച്ചറിവ് ലേക്കുള്ള നിസ്സാരമായ ഒരു ഇടവേള.. അല്ലേ മോളേ..”

മാഷിനെ നോക്കി ഒന്ന് പുഞ്ചിരിക്കുമ്പോൾ നന്ദുവിന്റെ കണ്ണിൽനിന്ന് കണ്ണീർച്ചാലുകൾ ഒഴുകുന്നുണ്ടായിരുന്നു…

അഭിയെ അടക്കിയ സ്ഥലത്തേക്ക് നോക്കി..നന്ദു പറഞ്ഞത് കേട്ട് മാഷും ടീച്ചറും കണ്ണീരടക്കി നിന്നു.

“അഭീ…നന്ദൂട്ടി പോവാണ്…
ഞാൻ അർഹതയില്ലാത്തതാണ് ആഗ്രഹിച്ചത്.. അത് എനിക്കിപ്പോൾ മനസ്സിലാകുന്നു..
പക്ഷേ അതെന്നിൽ നിന്നകറ്റാൻ ദൈവം ഇത്രയും ക്രൂരനാകേണ്ടിയിരുന്നില്ല… ”

തിരിച്ച് നടക്കാൻ തുടങ്ങിയതും ശരീരം തളരുന്ന പോലെ… കാലുകൾ നിലത്ത് ഉറയ്ക്കാത്ത പോലെ..

ഊർന്നു വീഴുമ്പോൾ ആരൊക്കെയോ ചേർന്ന് പിടിച്ചതു മാത്രം ഓർമ്മയുണ്ട്…
പിന്നീട് ബോധം വരുമ്പോൾ അമ്മയുടെ മടിയിൽ ആണ്…

തലമുടിയിഴകൾ തലോടുന്ന അമ്മയെക്കണ്ട് അത്ഭുതത്തോടെ നോക്കി.. കരഞ്ഞുകൊണ്ട് തിരിഞ്ഞു കിടക്കുമ്പോൾ ഇനിയെല്ലാം പെട്ടെന്ന് ശരിയായിക്കൊള്ളും എന്ന് കാർത്തിയുടെ അച്ഛൻ പറയുന്നത് കേട്ടു…

പിന്നീടങ്ങോട്ട് പതിയെ പതിയെ നന്ദു നോർമൽ സ്റ്റേജിലേക്ക് വരികയായിരുന്നു…. മരുന്നും ചികിത്സയും കൗൺസിലിങ്ങും ഒക്കെയായി..

പുറത്തോട്ട് ഒന്നും ഇറങ്ങാറില്ല.. വീടിനുള്ളിൽ തന്നെ.. ആകെ ഇറങ്ങുന്നത് മാസം തോറുമുള്ള ചെക്കപ്പിനു വേണ്ടി മാത്രം.. ആശുപത്രിയിലേക്ക് പോകാനായി കാർത്തിയുടെ അച്ഛനോ..

സഞ്ജുവോ… ആരെങ്കിലും വരും.. അതൊരു ആശ്വാസമായിരുന്നു വേണുഗോപാലിന്.. പക്ഷേ അച്ഛനോടും അമ്മയോടും ഇപ്പോഴും നന്ദുവിന്റെ മനസ്സിൽ ഒരു ചെറിയ അകലം ഉണ്ട്.. പതുക്കെ അതും മാറും എന്നാണ് അവരുടെ പ്രതീക്ഷ..

നോർമലായി എന്ന് തോന്നുന്ന സമയത്താണ് സഞ്ജയ് രണ്ടാമതും ഈ കാര്യം പറയുന്നത്..
ഫോണിലൂടെ അത് കേട്ടപ്പോൾ കാർത്തിക്ക് ഒരുപാട് സന്തോഷമായി എങ്കിലും ആ സന്തോഷത്തിന് കണ്ണീരിന്റെ ഒരു നനവ് ഉണ്ടായിരുന്നു..

അഭിയെ കുറിച്ചോർത്ത്…

എന്തായാലും കാർത്തിയുടെ കോഴ്സ് കഴിഞ്ഞ് വന്നിട്ട് സംസാരിക്കാം എന്ന തീരുമാനത്തിലായിരുന്നു സഞ്ജു..

“ഏട്ടാ… എന്നിട്ട് എന്ത് തീരുമാനിച്ചു..??”

സഞ്ജുവിനെ ഓഫീസിൽ കൊണ്ടുവിടുന്ന വഴി കാർത്തി ചോദിച്ചു..

“എന്ത് തീരുമാനിക്കാൻ..??
ഞാൻ എന്റെ തീരുമാനം ഞാൻ പണ്ടേ എടുത്തതല്ലേ..”

“ഉവ്വ്.. അതെനിക്ക് അറിയാലോ..
പക്ഷേ..അവൾക്കറിയില്ലല്ലോ അവള് അഭിയെ കാണുന്നതിനു മുൻപേ ഏട്ടൻറെ മനസ്സിൽ അവൾ ഉണ്ടെന്ന് എന്ന്.. അത് അവളോട് പറയണ്ടേ..

ഏട്ടന് വിശ്വാസം ഉണ്ടായിരുന്നോ.. അവളെ ഏട്ടന് കിട്ടുമെന്ന്..??”

“ഏയ് ഒരിക്കലുമില്ല… അഭിയെ പറ്റി അറിഞ്ഞപ്പോൾ ആദ്യം വിഷമം തോന്നിയെങ്കിലും അവരുടെ സന്തോഷം തന്നെയാണ് ഞാൻ ആഗ്രഹിച്ചത്.. കാരണം നമ്മളെ സ്നേഹിക്കുന്നവരുടെ സന്തോഷം അതല്ലേ നമുക്ക് വലുത്..

പിന്നെ എന്റെ മനസ്സിൽ നിന്ന് ഞാൻ അതങ്ങ് വിട്ടു.. ജോലി തിരക്കുകൾക്കിടയിൽ മനഃപൂർവം അതങ്ങു മറന്നു. അതാണ് സത്യം..

നീ കേട്ടിട്ടില്ലേ.. സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്നവയെ സ്വതന്ത്രമായി വിടുക.. തിരിച്ചുവന്നാൽ എന്നാൽ അവ നിങ്ങളുടേതാണ്… അല്ലെങ്കിൽ എങ്കിൽ മറ്റാരുടെയോ ആണ്…..
ഇതും അത്രയേയുള്ളൂ…

കാത്തിരിയ്ക്കുട്ടോ..

സ്നേഹത്തോടെ…. ധന്യ

നല്ല‍ പാതി : ഭാഗം 1

നല്ല‍ പാതി : ഭാഗം 2

നല്ല‍ പാതി : ഭാഗം 3

നല്ല‍ പാതി : ഭാഗം 4

നല്ല‍ പാതി : ഭാഗം 5

നല്ല‍ പാതി : ഭാഗം 6

നല്ല‍ പാതി : ഭാഗം 7

നല്ല‍ പാതി : ഭാഗം 8

നല്ല‍ പാതി : ഭാഗം 9

നല്ല‍ പാതി : ഭാഗം 10

നല്ല‍ പാതി : ഭാഗം 11

നല്ല‍ പാതി : ഭാഗം 12