പ്രണയവീചികൾ : ഭാഗം 32
നോവൽ
എഴുത്തുകാരി: ആർദ്ര നവനീത്
കണ്ണുകൾ തുറന്നപ്പോൾ വേദനയാൽ മുഖം ചുളിഞ്ഞു. മൂക്കിലേക്ക് തുളച്ചു കയറിയ മരുന്നുകളുടെയും ലോഷന്റെയും രൂക്ഷഗന്ധത്താൽ ഹോസ്പിറ്റലിൽ ആണെന്ന് മനസ്സിലായി.
കൈയിൽ കാനുലയിൽ ഘടിപ്പിച്ചിരിക്കുന്ന ഡ്രിപ്പ്. തലയ്ക്ക് വല്ലാത്ത ഭാരവും വേദനയും തോന്നി. വലതുകൈയും വേദനയുണ്ട്.
കാർ എവിടേക്കോ ഇടിച്ചു കയറിയതായി ഓർമ്മയുണ്ട്. പിന്നൊന്നും ഓർത്തെടുക്കാൻ സാധിക്കുന്നില്ല.
മരണത്തിന് പോലും തന്നെ വേണ്ടെന്നോർത്തപ്പോൾ അവൾക്ക് ആ അവസ്ഥയിലും ചിരി വന്നു.
കണ്ണ് തുറന്നത് അപ്പോഴാണ് നഴ്സ് കണ്ടത്.
പുഞ്ചിരിയോടെ അരികിൽ നിൽക്കുന്ന ഭൂമിയിലെ മാലാഖ.
അവരുടെ ഇളംതണുപ്പുള്ള കൈ തന്റെ കൈകളിലമർന്നു ഒരു സാന്ത്വനം പോലെ.
കൊണ്ടുവരുമ്പോൾ ബോധമില്ലായിരുന്നു.
വലതുകൈ ഫ്രാക്ച്ചർ ഉണ്ട്.
തലയിൽ നാല് സ്റ്റിച്ചുമുണ്ട്.
പിന്നെ നല്ല ശരീരം വേദനയുണ്ടാകും രണ്ടു ദിവസത്തേക്ക്.. വേഗം സുഖമാകും..ആശ്വസിപ്പിക്കാനെന്നപോലെ അവർ പറഞ്ഞു.
മറുപടിയായി ഒരു പുഞ്ചിരിയേ നൽകിയുള്ളൂ..
ആരാ എന്നെ ഇവിടെ എത്തിച്ചത്..
അറിയില്ല.. പുറത്തുണ്ട് അവർ. പോയവഴി കണ്ടതാണെന്നാണ് പറഞ്ഞത്.
ഞാൻ ഏതായാലും ഡോക്ടറോട് പറഞ്ഞിട്ട് വരാം ബോധം തെളിഞ്ഞെന്ന് ..
അൽപ്പസമയത്തിനകം റൂമിലേക്ക് മാറ്റി.
റൂമിലേക്ക് കയറിവന്നത് ഒരു ചെറുപ്പക്കാരനും പെൺകുട്ടിയുമായിരുന്നു.
ഞങ്ങളാണ് തന്നെ ഇവിടേക്ക് കൊണ്ടുവന്നത്. മരത്തിൽ ഇടിച്ച നിലയിലായിരുന്നു കാർ..
ഇതെന്റെ ഭാര്യയാണ് നീലിമ.. മനസ്സിലാകാത്ത ഭാവത്തിൽ നോക്കുന്നത് കൊണ്ടാകാം അവർ സ്വയം പരിചയപ്പെടുത്തിയത്.
നന്ദി കലർന്നൊരു പുഞ്ചിരി മടക്കി നൽകി.
ഹസ്ബന്റിന്റെ നമ്പർ തന്നാൽ ഞങ്ങൾ വിളിച്ചു പറയാം..
കഴുത്തിൽ കിടക്കുന്ന താലി കണ്ടാണ് അയാൾ പറഞ്ഞതെന്ന് ബോധ്യമായി.
ഞങ്ങൾ നാട്ടിലേക്ക് പോകുന്ന വഴിയായിരുന്നു. ഇവളുടെ അനിയത്തി പ്രസവിച്ചു. അതിനുവേണ്ടി..
നമ്പർ തരുമോ.. അയാൾ വീണ്ടും വിശദീകരിച്ചു.
താൻ കാരണം ആ കുടുംബത്തിന് ബുദ്ധിമുട്ടുണ്ടാക്കേണ്ടെന്ന് കരുതി അമ്പുവിന്റെ നമ്പർ കൊടുക്കേണ്ടി വന്നു.
ക്ഷീണം കാരണം വീണ്ടും കണ്ണുകൾ അടഞ്ഞു. കണ്ണുകൾ തുറക്കുമ്പോൾ റൂമിൽ അമ്പുവും നീരവും ഉണ്ടായിരുന്നു.
അവരുടെ മുഖത്തെ ആധിയും വെപ്രാളവും നോക്കി കിടന്നു. നീലിമയെയും ഭർത്താവിനെയും കണ്ടില്ല. ഇവർ വന്ന് ഇവരെ ഏൽപ്പിച്ചശേഷം അവർ മടങ്ങിയെന്നവൾക്ക് മനസ്സിലായി.
നീരവ് ആണ് കണ്ണ് തുറന്നത് ആദ്യം കണ്ടത്. അവനോടി അരികിലെത്തി.
നിനക്ക് കുഴപ്പമില്ലല്ലോ.. വേദനയുണ്ടോ ഇപ്പോൾ തലയിലും പ്ലാസ്റ്ററിട്ട കൈകളിലും മെല്ലെ തലോടി ആധിയോടവൻ ചോദിച്ചു.
വർഷങ്ങൾക്കിപ്പുറമാണ് ആ സ്നേഹം വീണ്ടും തൊട്ടറിയുന്നത്.
പണ്ട് എന്തെങ്കിലും വയ്യായ്ക തോന്നിയാൽ ആദ്യം ചാരുന്നതും അവന്റെ ചുമലിലാണ്.
നിറകണ്ണുകളോടെ ഇല്ലെന്ന് തലയാട്ടി..
ദിവസങ്ങൾക്കുശേഷം മനസ്സിലല്പം സന്തോഷം തോന്നിയത് ആ നിമിഷമാണ്.
അമ്പു അരികിലുണ്ട്.
അവനെന്തോ പറയാൻ തുടങ്ങിയപ്പോഴേക്കും ഡോക്ടറും നഴ്സും കടന്നുവന്നു.
ബോഡി നല്ല വീക്ക് ആണ്.
രക്തക്കുറവ് ഉണ്ട്. ഭക്ഷണം നന്നായി കഴിക്കുന്നില്ല അല്ലേ.. എന്തായാലും കുറച്ചു ദിവസം അഡ്മിറ്റ് ആണ്.
ക്ഷീണത്തിന് ഡ്രിപ്പ് കയറ്റുകയേ നിർവാഹമുള്ളൂ.
ഭക്ഷണം നന്നായി കഴിച്ചു തുടങ്ങിയാൽ മാത്രമേ അതൊഴിവാക്കുവാൻ സാധിക്കുകയുള്ളൂ.
ഏതായാലും നന്നായി റസ്റ്റ് എടുക്കൂ.
വേദനയ്ക്ക് പെയിൻ കില്ലർ തരും.. കൺപോള പരിശോധിച്ചശേഷം കവിളിലൊന്ന് തട്ടിയിട്ട് ഡോക്ടർ പുറത്തേക്കിറങ്ങി.
രൂക്ഷമായ നോട്ടമായിരുന്നു അമ്പുവിൽ നിന്നും ലഭിച്ചത്.
ആരോടും പറയാതെ തോന്നുന്നയിടത്ത് ഇറങ്ങി പോയേക്കുകയാ. ഒരൊറ്റ അടിയാ തരേണ്ടത്. അവൾക്ക് ആഹാരം ഇറക്കമില്ലെന്ന്.
നിന്റെ അനാവശ്യമായ കോംപ്ലെക്സും വാശിയും കാരണം കെട്ടിയെടുത്തതല്ലേ ഇങ്ങോട്ട്.
സ്നേഹിക്കുന്നവരെപ്പോലും അകറ്റി നിർത്തിയിട്ട്.
എന്നിട്ട് ആരെക്കാണിക്കാനാ ഭക്ഷണത്തോട് അകൽച്ച കാണിക്കുന്നത്… അമ്പുവിന്റെ സങ്കടമാണ് ദേഷ്യമായി പുറത്തു വരുന്നതെന്ന് അറിയാമായിരുന്നു അതുകൊണ്ടുതന്നെ നിശബ്ദമായി അതെല്ലാം ഏറ്റുവാങ്ങി.
നീരവ് മൗനം പാലിച്ചതേയുള്ളൂ.
ആരെയും ബുദ്ധിമുട്ടിക്കാൻ ഇഷ്ടമില്ലാത്തത് കൊണ്ടാണ് വിളിക്കാതെ പുറത്തു പോയത്.
എല്ലാവരോടും സ്നേഹം ഉള്ളതുകൊണ്ടാണ് എല്ലാവരിൽനിന്നും അകന്നു കഴിയുന്നത്.
എനിക്ക് വേണ്ടി നിങ്ങൾ ബുദ്ധിമുട്ടേണ്ട. ഓഫീസിൽ പോകേണ്ടതല്ലേ നിങ്ങൾ പൊയ്ക്കോ.. ശാന്തമായിരുന്നു അവളുടെ സ്വരം.
ഞാൻ എന്തെങ്കിലും പറഞ്ഞാൽ ശരിയാകില്ല. എഴുന്നേൽക്കാൻ വയ്യെങ്കിലും അഹങ്കാരത്തിന് കുറവൊന്നുമില്ല.
ദേഷ്യത്തോടെ നോക്കിയശേഷം അമ്പു വാതിൽ തുറന്ന് പുറത്തേക്കിറങ്ങി.
നീരവ് അരികിലായി കസേരയിൽ ഇരുന്നു.
നീയെന്താ ഋതു ഇങ്ങനെ.. എല്ലാവരോടും സ്നേഹമാണത്രെ.. ഇങ്ങനെയാണോ സ്നേഹിക്കുന്നത്. ഇപ്പോൾ എല്ലാവരും വിഷമിക്കുന്നതും നീറുന്നതും നീ കാരണമാണ്.
നീരവ് പതിയെ പറഞ്ഞു.
ഞാൻ കാരണമാണ് എന്റെ ഏട്ടനൊരു ജീവിതം ഉണ്ടാകാത്തത് നീരവ്. കൊലപാതകിയായൊരു പെങ്ങളുള്ള വീട്ടിലേക്ക് ഏത് മാതാപിതാക്കളാണ് ഒരു പെൺകുട്ടിയെ വിവാഹം ചെയ്തയക്കുന്നത്…
സാരംഗിന് എന്നേക്കാൾ നല്ലൊരു പെൺകുട്ടിയെ കിട്ടും.
നീയൊന്നാലോചിച്ച് നോക്കെടാ.. ഞങ്ങളൊന്നിച്ച് പുറത്തേക്കിറങ്ങുമ്പോൾ മറ്റൊരുത്തനെ മാനഭംഗശ്രമത്തിനിടെ കൊന്നവളാണ് എന്ന് എന്നെ നോക്കി ആരെങ്കിലും വിരൽ ചൂണ്ടിയാലുള്ള അവസ്ഥ.
ആ വേദനയും ആ പാവം സഹിക്കേണ്ടി വരില്ലേ. അതുമാത്രമല്ല ആ അമ്മയുടെയും അനിയന്റേയും താങ്ങ് അവനാണ്.
മരുമകളെപ്പറ്റി ഒരുപാട് കാഴ്ചപ്പാടുകൾ ആ അമ്മയ്ക്ക് കാണില്ലേ.. തന്റെ ഏട്ടത്തി കൊലപാതകിയായണെന്ന് കൂട്ടുകാർ കളിയാക്കിയാലുള്ള അവന്റെ അനിയന്റെ അവസ്ഥയോ.
ഇപ്പോൾ കുറച്ച് സങ്കടപ്പെട്ടാലും അവന് നല്ല ജീവിതം ലഭിക്കും… മറുപടി പറയുമ്പോഴും അവളുടെ മിഴികൾ നിറഞ്ഞൊഴുകുകയായിരുന്നു.
വർഷങ്ങൾക്കുശേഷം താൻ വീണ്ടും മനസ്സിലെ വിഷമം പങ്കു വച്ചതോർത്ത് അവൾക്ക് അത്ഭുതം തോന്നി.
നീരവ് നിസ്സഹായനായി നോക്കിയിരിക്കുകയായിരുന്നു അവളെ.
സ്നേഹിക്കാൻ മാത്രമറിയാവുന്നൊരു പെൺകുട്ടി.
എന്നാൽ സന്തോഷിക്കാൻ അവസരം നൽകാതെ വിധി തന്റെ കരിനിഴൽപ്പാടുകളുമായി അവളുടെ ജീവിതത്തെ പിന്തുടരുന്നു ഇപ്പോഴും..
പണ്ടത്തെ ഋതുവിന്റെ പ്രേതമാണ് തന്റെ മുൻപിലുള്ളതെന്ന് അവന് തോന്നി.
പണ്ടത്തെ പ്രസരിപ്പോ തിളക്കമോ ഒന്നുമില്ല. നിർജ്ജീവമായ മിഴികൾ.
ശരീരം നന്നേ മെലിഞ്ഞിരിക്കുന്നു.
കണ്ണുകൾക്ക് ചുറ്റും കറുപ്പുനിറം പടർന്നിരിക്കുന്നു..
അവന് വല്ലാതെ സങ്കടം തോന്നി.
ആത്മാർത്ഥ സുഹൃത്ത് ദുരന്തങ്ങളുമായി മല്ലിടുമ്പോൾ ആർക്കാണ് വേദന തോന്നാത്തത്.
എപ്പോഴാണ് മയങ്ങിപ്പോയതെന്നറിയില്ല. ഉറക്കമുണരുമ്പോൾ നീരവ് ആ കസേരയിൽ തന്നെയുണ്ട്. കട്ടിലിൽ തല വച്ച് ഉറങ്ങുകയാണ്. കൈയിലെ ഡ്രിപ്പ് മാറ്റിയിരുന്നു. നല്ല വേദനയുണ്ട്.
ബാത്‌റൂമിൽ പോകണമെന്ന് തോന്നിയപ്പോൾ കൈകുത്തി എഴുന്നേൽക്കാൻ ശ്രമിച്ചു.
ശരീരമാസകലം വേദന തോന്നി വിളിച്ചു പോയി.
വിളി കേട്ടവൻ ചാടിയെഴുന്നേറ്റു.
നീയെന്താ വിളിക്കാത്തത്.. പരിഭവത്തോടെ തന്നെ താങ്ങിപ്പിടിച്ചിരുത്തി. പതിയെ കട്ടിലിൽ നിന്നുമിറക്കി ബാത്റൂമിലാക്കി തന്നു.
ബ്രഷും പേസ്റ്റും നൽകി
വിളിച്ചാൽ മതിയെന്നും പറഞ്ഞ് വാതിൽ അടച്ച് അവൻ പുറത്തേക്കിറങ്ങി.
ഫ്രഷ് ആയി വന്നപ്പോൾ വാതിലിനടുത്തായി തന്നെയും കാത്ത് നിൽപ്പുണ്ടായിരുന്നു.
താങ്ങിപ്പിടിച്ച് കട്ടിലിൽ ഇരുത്തിയപ്പോഴേക്കും അമ്പു വന്നിരുന്നു.
കൈയിലെ ചെറിയ ബാഗിൽ തനിക്കുള്ള വസ്ത്രങ്ങളാണെന്ന് മനസ്സിലായി.
ഒരു പൊതിയിലായി പ്രാതലും ഉണ്ട്. മുഖത്ത് നോക്കാതെ അവൻ ബാഗിൽ നിന്നും ചീർപ്പ് എടുത്തിട്ട് വന്നു.
തന്റെ പിന്നിലായി നിന്നുകൊണ്ട് അഴിഞ്ഞുലഞ്ഞ മുടി വേദനിക്കാതെ മുറിവിൽ തട്ടാതെ പതിയെ ചീകിയൊതുക്കി.
മുടി മെടഞ്ഞിട്ടശേഷം അവൻ അല്പം പൗഡർ മുഖത്തിട്ട് മിനുക്കി തന്നു.
ഒരമ്മ ചെയ്തു തരേണ്ട കാര്യങ്ങളാണ് വളരെ സൂക്ഷ്മതയോടെ രണ്ടു കൂട്ടുകാരും തനിക്ക് ചെയ്തു തരുന്നത്. സന്തോഷവും സങ്കടവും കാരണം കരച്ചിൽ വന്നു.
വസ്ത്രം മാറണ്ടേ. ഞങ്ങൾ നഴ്സിനെ ഇങ്ങോട്ട് അയക്കാം.. നീരവ് പറഞ്ഞപ്പോൾ ശരിയെന്ന് തലയനക്കി.
അൽപ്പസമയം കഴിഞ്ഞപ്പോൾ ഒരു നഴ്സ് വന്ന് വസ്ത്രം മാറാൻ സഹായിച്ചു.
കൂട്ടുകാർ ആണല്ലേ. ഇങ്ങനെ രണ്ട് കൂട്ടുകാരെ ലഭിക്കാൻ ഭാഗ്യം വേണം. ആ ഭാഗ്യം തനിക്ക് ആവോളമുണ്ട്.
പാതിരാത്രി വരെയും ഉറങ്ങാതെ ഡ്രിപ്പ് തീരുന്നത് നോക്കിയിരുന്ന് വന്ന് പറയുകയായിരുന്നു.. വേദന കാണുമോയെന്നും ഒരുപാട് പ്രാവശ്യം അന്വേഷിച്ചു.
നഴ്സ് പോകുമ്പോഴും അവരുടെ വാക്കുകൾ ചെവിയിൽ മുഴങ്ങുന്നുണ്ടായിരുന്നു.
പരിചയപ്പെട്ട നാൾ മുതൽ വിസ്മയിപ്പിച്ചിട്ടേ ഉള്ളൂ രണ്ടുപേരും.
സുഖമില്ലാതെ കിടക്കുമ്പോൾ തന്നെ പരിചരിക്കുന്നതും അവന്മാരായിരുന്നു.
പലപ്പോഴും കുശുമ്പ് കുത്തി വൈശുവും പറയുമായിരുന്നു “അല്ലെങ്കിലും അവന്മാർക്ക് ഋതുവിനോട് മാത്രമേ സ്നേഹമുള്ളൂ എന്ന്..”
വർഷങ്ങൾക്കിപ്പുറം ഇന്നും ആ സ്നേഹം അതേ തീവ്രതയോടെ നിലനിൽക്കുണ്ടെന്നറിഞ്ഞപ്പോൾ അവൾക്ക് വല്ലാത്ത സന്തോഷം തോന്നി.
ഒരുപക്ഷേ സ്ത്രീ സുഹൃത്തുക്കളെക്കാൾ നന്നായി പെണ്ണിനെ മനസ്സിലാക്കുവാനും സംരക്ഷിക്കുവാനും പുരുഷ സുഹൃത്തുക്കൾക്ക് കഴിഞ്ഞേക്കുമെന്ന് അവൾക്ക് തോന്നി.
സൗഹൃദങ്ങൾ ഭാഗ്യം തന്നെയാണ്. എന്നാൽ അതിലും ഭാഗ്യമാണ് മനസ്സറിയാവുന്ന ആത്മമിത്രത്തെ നേടുക എന്നത്.
ആരാണ് പറഞ്ഞത് സ്ത്രീക്കും പുരുഷനും കേവലം സുഹൃത്തുക്കൾ മാത്രമായി ജീവിക്കാൻ കഴിയില്ലെന്ന്.
പുരുഷനായാലും സ്ത്രീകളായാലും സൗഹൃദത്തിന്റെ മാസ്മരികത അത് പറഞ്ഞറിയിക്കാൻ കഴിയില്ല.
നമ്മൾ എത്രയൊക്കെ അകന്നു മാറി നിന്നാലും വീണ്ടും നമ്മളെ അതിലേയ്ക്കടിപ്പിക്കുന്ന ഒരു കാന്തമാണ് സൗഹൃദം.
ജീവിതത്തില്‍ ഏറ്റക്കുറച്ചിലുകളുണ്ടായാലും കൂടെ നില്‍ക്കാന്‍ എന്നും നല്ല സൗഹൃദങ്ങളുണ്ടാകും.
സ്വന്തബന്ധുക്കള്‍ തള്ളിപ്പറയുമ്പോഴും വേദനകള്‍ക്കിടയിലും കൂടെനില്‍ക്കാന്‍ താങ്ങും തണലുമായി കൂട്ടുകാര്‍ ഉണ്ടാകും.
കോളേജിൽ നിന്നും തുടങ്ങിയ ദൃഢമായ സൗഹൃദം.. ആ ഓർമ്മകളിൽ അവളുടെ ചൊടികളിൽ പുഞ്ചിരി വിരിഞ്ഞു.
ദാ.. വായ തുറക്ക്… നീരവ് ആണ്. ഇടിയപ്പവും മുട്ടക്കറിയുമാണ് നീട്ടിപ്പിടിച്ചിരിക്കുന്നത്.
ദയനീയതയോടെ അവനെ നോക്കിയെങ്കിലും ഒരു മയവും അവനിൽ കാണാൻ കഴിഞ്ഞില്ല.
എനിക്കിപ്പോൾ വിശപ്പില്ല.. പറഞ്ഞുതീർന്നതും ചാടിക്കുതിച്ച് അമ്പു മുൻപിലെത്തി.
വിശപ്പില്ലപോലും വായ തുറക്കെടീ അങ്ങോട്ട്.. ഇങ്ങോട്ട് താടാ ഞാൻ നോക്കട്ടെ അവൾ കഴിക്കുമോയെന്ന്.. നീരവിന്റെ കൈയിൽനിന്നും ഭക്ഷണം വാങ്ങി അവൾക്ക് നേരെ നീട്ടി അമ്പു.
അവന്റെ ദേഷ്യം കണ്ട് അറിയാതെ വായ തുറന്നുപോയി.
മതിയായെന്ന് പറഞ്ഞിട്ടും കേട്ടഭാവം നടിക്കാതെ
മൂന്നെണ്ണം കഴിപ്പിച്ചശേഷമാണ് അവൻ പിൻവാങ്ങിയത്.
വീട്ടിൽ അറിയിച്ചിട്ടില്ല. എന്ത് ചെയ്യണം ഗുളികയും കഴിപ്പിച്ച് ബെഡിലേക്ക് താങ്ങിപ്പിടിച്ച് ചായ്ച്ച് കിടത്തുമ്പോൾ നീരവ് ചോദിച്ചു.
ഒന്നും പറയേണ്ട.. ഇനി അതിന്റെ പേരിൽ കൂടി കണ്ണുനീർ കളയേണ്ട ആ പാവങ്ങൾ.. പിന്നൊന്നും പറയാതെ അവൾ കണ്ണുകളടച്ചു.
ഒരാഴ്ചയായപ്പോൾ ഡിസ്ചാർജ് ചെയ്തു. അതുവരെയും ലീവ് എടുത്തുകൊണ്ട് അവന്മാർ ഒപ്പമുണ്ടായിരുന്നു.
നഷ്ടമായെന്ന് കരുതിയ നാളുകൾ തിരികെ കിട്ടിയ നാളുകളായിരുന്നു കടന്നുപോയത്.
ഒരിക്കൽക്കൂടി അമ്പുവിന്റെയും നീരവിന്റെയും സ്നേഹവും കരുതലും അനുഭവിക്കാൻ കഴിയുമെന്ന് കരുതിയിരുന്നില്ല.
തന്റെ നിർബന്ധം കാരണം അവർ ഓഫീസിൽ പോയി തുടങ്ങി.
കഴിക്കാൻ ഭക്ഷണം വരെ എടുത്തു വയ്ച്ചിട്ടേ ഓഫീസിൽ പോകുള്ളൂ. തന്നെ ശാസിച്ച് ഭക്ഷണം കഴിപ്പിക്കുന്ന ജോലി അമ്പു ഏറ്റെടുത്തിരിക്കുകയാണ്.
ഓഫീസിൽ പോയാലും കൃത്യമായി വിളിക്കാറുണ്ട് ഭക്ഷണം കഴിച്ചോ മരുന്ന് കഴിച്ചോയെന്നൊക്കെ ചോദിച്ചുകൊണ്ട്.
വീട്ടിലേക്ക് വിളിച്ച് ഇപ്പോൾ
പതിവിലും കൂടുതൽ സമയം സംസാരിക്കുന്നുമുണ്ട്.
അമ്മയ്ക്കും അച്ഛനും അത് സന്തോഷം നൽകുന്നുണ്ടെന്ന് ആ സ്വരങ്ങളിൽ നിന്നും വ്യക്തമാണ്.
പുസ്തകങ്ങൾ വായിച്ചും ടി വി കണ്ടും ബാക്കിയുള്ള സമയം തള്ളി നീക്കും.
ഇപ്പോൾ ജോലി കഴിഞ്ഞു വന്നാൽ അവന്മാർ ഫ്ലാറ്റിൽ വരും.
ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കും. വൈശുവിനെ വീഡിയോ കാൾ ചെയ്യാറുണ്ട്. അവൾക്കിപ്പോൾ ആറാം മാസമാണ്.
റിച്ചുവേട്ടൻ തനിക്ക് മുഖം തരാറില്ല.
സുഹൃത്തിനെ വേദനിപ്പിക്കുന്ന പെൺകുട്ടിയോട് മിണ്ടാനും സംസാരിക്കാനുമൊക്കെ ആർക്കാണ് കഴിയുക.
രണ്ടുദിവസം കഴിഞ്ഞാൽ തലയിലെ സ്റ്റിച്ച് എടുക്കാൻ പോകണം.
ബാൽക്കണിയിലിരുന്ന് മീരയുടെ ആരാച്ചാർ വായിച്ചു കൊണ്ടിരുന്നപ്പോഴാണ് കോളിംഗ് ബെൽ മുഴങ്ങിയത്.
ക്ലോക്കിലേക്ക് മിഴികൾ നീണ്ടു.
മൂന്നുമണി കഴിഞ്ഞതേയുള്ളൂ. അവന്മാർ ഓഫീസിൽ നിന്നും എത്തേണ്ട സമയം ആയിട്ടില്ല.
പിന്നെ ആരാകുമെന്ന സംശയത്തോടെയാണ് വാതിൽ തുറന്നത്.
മുൻപിൽ നിൽക്കുന്ന ആളെക്കണ്ട് ഞെട്ടി പിന്നോട്ട് മാറി.
എത്ര ഒഴിവാക്കാൻ ശ്രമിച്ചാലും ഒഴിഞ്ഞു മാറില്ലെന്ന വാശിയോടെ
തന്നെത്തേടി ദൂരങ്ങൾ താണ്ടിയെത്താൻ ആരാണുള്ളത്…
അവൻ തന്നെ…
ഇളംചിരിയോടെ വളർന്നുകിടക്കുന്ന മുടിയിഴകൾ വലംകൈകൊണ്ട് പിന്നിലേക്കൊതുക്കി കണ്ണുകളിൽ പ്രണയം മാത്രം നിറച്ച് അവൻ…
സാരംഗ് !
സാരംഗ് ചന്ദ്രശേഖർ !
(തുടരും )
കഴിഞ്ഞ പാർട്ടിൽ ബാംഗ്ലൂർ ബീച്ചിനെപ്പറ്റി പറഞ്ഞിരുന്നു. ബാംഗ്ലൂർ ബീച്ച് ഇല്ലാത്തതിനാൽ അടുത്തുള്ള ബീച്ച് ആണ് ഗൂഗിളിൽ സെർച്ച് ചെയ്തത്. ഗോകർണ്ണ ബീച്ചിലെത്താൻ എട്ട് ഒൻപത് മണിക്കൂർ യാത്രയുണ്ട് എം ജി റോഡിൽ നിന്നും.
കിലോമീറ്റർ ശ്രദ്ധിക്കാതെയാണ് എഴുതിയത്. തെറ്റ് ശ്രദ്ധയിൽ പെടുത്തുകയും ചിലർ ചെയ്തിരുന്നു. അവരോട് നന്ദി. ബീച്ച് മാറ്റി പാർക്ക് ആക്കിയിട്ടുണ്ട്.
സാരംഗിനെയും ഋതുവിനെയും പിരിച്ചെന്നും ഋതുവിനെ കൊന്നു കളഞ്ഞാൽ എനിക്ക് സന്തോഷമാകുമെന്നുമൊക്കെ പറഞ്ഞവർ ഇവിടെ കമോൺ… ദേ സാരംഗിനെ എത്തിച്ചിട്ടുണ്ട്