Wednesday, May 22, 2024
Novel

പ്രണയവീചികൾ : ഭാഗം 9

Spread the love

നോവൽ
എഴുത്തുകാരി: ആർദ്ര നവനീത്‌

Thank you for reading this post, don't forget to subscribe!

തന്നെക്കുറിച്ച് എല്ലാ കാര്യങ്ങളും
അറിഞ്ഞിട്ടും തന്റെ കൂട്ടുകാർ തന്നെ ചേർത്തു പിടിച്ചതേയുള്ളൂ
അതോർത്തപ്പോൾ അവളിൽ നിന്നും കണ്ണുനീർത്തുള്ളികൾ അടർന്നു വീണു.

നിന്റെ ഭാഗത്ത് തെറ്റില്ലാത്തപ്പോൾ നീയെന്തിനാ ഋതു എല്ലാത്തിൽനിന്നും പിന്മാറി നിൽക്കുന്നത്.

തെറ്റ് ചെയ്തവൻ ആരായാലും അവൻ തലയുയർത്തി നടക്കുന്നില്ലേ ഇത്രയും വർഷങ്ങൾ ആയിട്ടും.
നിന്റെ ശരീരത്തിൽ കുറച്ച് അഴുക്ക് പറ്റി അത് നീയൊന്ന് സോപ്പുപയോഗിച്ച് കുളിച്ചപ്പോൾ അങ്ങ് മാറി.

തെറ്റ് ചെയ്തവന് കുറ്റബോധം ഇല്ല നിരപരാധിയായ നീ എല്ലാവരിൽ നിന്നും ഓടിയൊളിച്ചു.

നിന്നെയോർത്ത് വിങ്ങുന്ന ഹൃദയവുമായി ജീവിക്കുന്നവർ ഇന്നുമുണ്ട്. അവരെ നീ വേദനിപ്പിക്കുകയല്ലേ ചെയ്യുന്നത്.

പുണ്യനദിയായ ഗംഗയെപ്പോലെ പവിത്രമാണ് നിന്റെ മനസ്സ്. അതുകൊണ്ട് ധൈര്യമായി പോകണം തറവാട്ടിലേക്ക്.

തലയുയർത്തി തന്നെ നിൽക്കണം എല്ലാവർക്കും മുൻപിൽ…

എന്താണോ അവൾക്കിത് വരെ സ്വന്തബന്ധങ്ങളിൽ നിന്നുകൂടി ലഭിക്കാത്തത് ആ കരുതലും ആത്മവിശ്വാസവും അതവൾക്ക് കൂട്ടുകാർ ആവോളം പകർന്നു നൽകി.

ആരെങ്കിലും കൂടെ ഉണ്ടെന്ന തോന്നലാണല്ലോ മനുഷ്യർക്ക് മുന്നോട്ട് ചുവടുവയ്ക്കാൻ പ്രചോദനമാകുന്നത്.

ഋതുവിനെ ചേർത്തു പിടിക്കുവാനും ആത്മവിശ്വാസം പകരാനും സ്നേഹിക്കാനും അവളുടെ കൂട്ടുകാർ കൂടെനിന്നു

ഋതുവിനോട് യാത്ര പറഞ്ഞ് അമ്പുവും നീരവും നാട്ടിലേക്ക് യാത്രയായി.

വൈശു അവളുടെ ഏട്ടനോടൊപ്പം പോയി.

ഋതുവിനെ കൂട്ടുന്നതിനായി ഋഷി പോകുമെന്ന് അമ്മ വിളിച്ചറിയിച്ചിരുന്നു അതിനാൽ അവൾ ഗസ്റ്റ് ഹൗസിൽ തന്നെ അവനായി കാത്തിരുന്നു.

ഉച്ചയോടടുത്തപ്പോൾ ഋഷി എത്തി.
പുറത്തിറങ്ങാതെ അവൻ കാറിന്റെ ഹോൺ നീട്ടിയടിച്ചു.

ബാഗുമായി പുറത്തേക്കിറങ്ങിവന്ന ഋതുവിൽ അവന്റെ നോട്ടം തങ്ങിനിന്നു.

പിങ്ക് ലോങ്ങ്‌ സ്കർട്ടും ലൈം യെല്ലോ ടോപുമായിരുന്നു അവൾ ധരിച്ചിരുന്നത്. നീളന്മുടി അഴിച്ചിട്ടിരുന്നു. കൈകളിൽ വളയും അണിഞ്ഞിരുന്നു. കണ്ണുകളിൽ കണ്മഷി.

അവന്റെ മുൻപിൽ പട്ടുപ്പാവാടയിട്ട കൈനിറയെ കിലുങ്ങുന്ന കുപ്പിവളകളിട്ട വെള്ളാരംകണ്ണുകൾ കറുപ്പിച്ചെഴുതിയ ഒരു കൗമാരക്കാരി നിറഞ്ഞു നിന്നു.

ഋഷിയേട്ടാ എന്ന് വിളിച്ചവൾ പൊട്ടിച്ചിരിച്ചുകൊണ്ട് പടിക്കെട്ടുകൾ ഓടിയിറങ്ങുന്നു..

അവന്റെ മിഴികളിൽ നീരുറവ പൊടിഞ്ഞു .

പോകാം… ഡോർ അടച്ചുകൊണ്ട് മുന്നിലേക്ക് നോക്കി അവൾ പറഞ്ഞു.

കണ്മുൻപിൽ തെളിഞ്ഞതെല്ലാം മാഞ്ഞുപോയി. നിർവികാരികമായ മുഖത്തോടെ അവളുടെ കണ്ണുകൾ റോഡിലേക്കാണ്.

കണ്ണുകൾ ഇറുകെയടച്ചു തുറന്നുകൊണ്ട് അവൻ ഡ്രൈവ് ചെയ്തു.

വഴിയിലുടനീളം അവർ നിശ്ശബ്ദരായിരുന്നു.
ആറ് വർഷങ്ങൾക്ക് മുൻപുവരെ ഇങ്ങനല്ലായിരുന്നുവെന്ന് അവനോർത്തു.

പൊട്ടിച്ചിരിയും കുറുമ്പും കുസൃതിയും കൊണ്ട് സന്തോഷം നിറഞ്ഞ ദിനങ്ങൾ. ആ സന്തോഷങ്ങളുടെ ഉറവിടവും അന്ത്യവുമെല്ലാം ഋതുവായിരുന്നു.

ആഹാരം കഴിച്ചിട്ട് പോകാം… സാമാന്യം വലിയൊരു ഹോട്ടലിലേക്ക് കാർ കയറ്റിക്കൊണ്ട് ഋഷി പറഞ്ഞു.

എനിക്ക് വിശപ്പില്ല. നിങ്ങൾ കഴിച്ചോളൂ..

അവനോട് പറഞ്ഞിട്ട് അവൾ മൊബൈൽ ഓണാക്കി.

തുറന്നുപിടിച്ച ഡോറുമായി ഋഷി സ്തംഭിച്ചു നിന്നു.

നിങ്ങൾ ആ വിളിയായിരുന്നു അവന്റെ കർണ്ണപടത്തിൽ മുഴങ്ങി കേട്ടത്.

ഋഷിയേട്ടാ എന്നല്ലാതെ വിളിക്കാത്തവളാണ് ഇന്ന് അന്യനെപ്പോലെ നിങ്ങൾ എന്ന പദം പ്രയോഗിച്ചിരിക്കുന്നത്.

അവനെന്തോ ഹൃദയത്തിൽ വല്ലാത്തൊരു വേദന തോന്നി.

ദേഷ്യവും സങ്കടവും ഒരുപോലെ നിറഞ്ഞു.

ഡ്രൈവിംഗ് സീറ്റിലേക്ക് കയറി ആഹാരം കഴിക്കാൻ നിൽക്കാതെ കാർ മുന്നോട്ടെടുത്തു.

അൽപനേരം കഴിഞ്ഞപ്പോൾ ഫോൺ റിങ് ചെയ്യുന്നതും അവൾ സന്തോഷത്തോടെ സംസാരിക്കുന്നതും അവൻ കാണുന്നുണ്ടായിരുന്നു.

മറുവശത്ത് അവളുടെ കൂട്ടുകാർ ആണെന്ന് അവൻ മനസ്സിലാക്കി.

വീഡിയോ കാൾ വന്നതും നാലുപേരും സന്തോഷത്തോടെ സംസാരിക്കുന്നതും അവളുടെ ചെറിയ കാര്യം പോലും വലിയ താല്പര്യത്തോടെ അവർ കേൾക്കുന്നതും തിരികെ ആഹാരം കഴിക്കാത്തതിന് ശാസിക്കുന്നതും അവൾ മുഖം വീർപ്പിക്കുന്നതും ഉടനെ തമാശയിലൂടെ അവർ അവളെ പൊട്ടിചിരിപ്പിക്കുന്നതും അവൻ കൗതുകപൂർവ്വം കണ്ടു.

ആ സമയം അവൾ തന്റെ പഴയ കിലുക്കാംപെട്ടി ഋതു ആണെന്നവന് തോന്നി .

അവർക്ക് അവളോടുള്ള അടുപ്പവും സ്നേഹവും അവൾക്ക് തിരിച്ചവരോടുള്ള സ്നേഹവുമെല്ലാം അതിൽ നിന്നും വ്യക്തമായിരുന്നു.

എന്തെന്നില്ലാത്ത ഒരു നീറ്റൽ അവനിൽ പടർന്നു.

അവളുടെ കൂട്ടുകാരോടുള്ള അസൂയ അവനിൽ മുളപൊട്ടി.

വീട്ടിൽ കാർ വന്നു നിന്നപ്പോൾ മൂളിപ്പാട്ടുമായി ബാഗുമെടുത്ത് ഊർജ്ജസ്വലയായി അവൾ കയറിപ്പോയി.
അമ്മയോട് കൊഞ്ചുന്നതും കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുന്നതുമവൻ അത്ഭുതത്തോടെ കണ്ടുനിന്നു.
ഏതാനും ദിവസങ്ങൾ മുൻപ് വരെ അവളിൽ ഇല്ലാത്ത മാറ്റo അതവനിൽ അത്ഭുതം തീർത്തിരുന്നു.

അവൾ മുകളിലേക്ക് കയറിപ്പോകുന്നത് നോക്കിനിൽക്കെ സന്തോഷം കൊണ്ട് നിറഞ്ഞ കണ്ണുകൾ അമ്മ സാരികൊണ്ട് അമർത്തി തുടച്ചു.

രാത്രി ആഹാരം കഴിക്കാൻ ഇറങ്ങി വരികയും അമ്മയുണ്ടാക്കിയ ഭക്ഷണം ആസ്വദിച്ച് കഴിക്കുകയും ചെയ്തു. അവളുടെ മാറ്റo അച്ഛനും അദ്ഭുതമായിരുന്നു.

അവൾ ആരെയും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. കഴിച്ച പാത്രം തനിയെ കഴുകിവച്ച് തിരിഞ്ഞതും ഫോൺ റിങ് ചെയ്തു.

അമ്പൂട്ടാ… അവൾ ഫോൺ ചെവിയോട് ചേർത്തു.


കഴിച്ചെടാ… നീ സത്യം ഞാൻ കഴിച്ചു.

….
നിങ്ങളെക്കാൾ എനിക്ക് വലുതായി ആരാടാ ഉള്ളത്.. മിസ്സ്‌ യു ലോട്ട്..

അവൾ മുകളിലേക്ക് കയറിപ്പോയി.

അവൾ ഒരുപാട് മാറിയില്ലേ… ഭക്ഷണത്തിൽ നിന്നും മുഖമുയർത്തിക്കൊണ്ട് നന്ദൻ ചോദിച്ചു.

മ്.. ഋഷി മൂളി. അവന്റെ മനസ്സിൽ അവൾ പറഞ്ഞ വാക്കുകളായിരുന്നു.
”നിങ്ങളെക്കാൾ വലുതായി എനിക്കാരാടാ ഉള്ളത്. ”

എനിക്ക് എന്റെ ഏട്ടനെയാ ഏറ്റവുമിഷ്ടം.. എന്റെ ജീവനേക്കാളേറെ ഇഷ്ടം.. പട്ടുപാവാടയിട്ട ഋതു കൊഞ്ചുന്നു.

അല്ലെങ്കിലും സ്നേഹിക്കാൻ ആരെങ്കിലുമൊക്കെ ഉണ്ടാകുമ്പോൾ എല്ലാവരും മാറും.

എന്റെ മോൾ ആറുവർഷം കരഞ്ഞില്ലേ ഉള്ളിൽ. ഇനിയെങ്കിലും അവൾ മനസ്സറിഞ്ഞ് സന്തോഷിക്കട്ടെ.

സ്വന്തം രക്തത്തിന് തോന്നാത്ത സ്നേഹം ഏതോ അമ്മമാർക്ക് പിറന്ന കുട്ടികൾക്ക് ഉണ്ടായല്ലോ..
എല്ലാ അമർഷവും അതിൽ പറഞ്ഞൊതുക്കി ശ്രീദേവി അടുക്കളയിലേക്ക് നടന്നു.

ആറുവർഷങ്ങൾക്കിപ്പുറം ഋതുവിന് വേണ്ടി ഋഷിയുടെ മിഴികൾ നിറഞ്ഞു. കണ്ണുനീർത്തുള്ളികൾ ഭക്ഷണത്തിലേക്ക് ഇറ്റുവീണു.

(തുടരും )

പ്രണയവീചികൾ : ഭാഗം 1

പ്രണയവീചികൾ : ഭാഗം 2

പ്രണയവീചികൾ : ഭാഗം 3

പ്രണയവീചികൾ : ഭാഗം 4

പ്രണയവീചികൾ : ഭാഗം 5

പ്രണയവീചികൾ : ഭാഗം 6

പ്രണയവീചികൾ : ഭാഗം 7

പ്രണയവീചികൾ : ഭാഗം 8