Friday, April 12, 2024
Novel

പ്രണയവീചികൾ : ഭാഗം 17

Spread the love

നോവൽ
എഴുത്തുകാരി: ആർദ്ര നവനീത്‌

Thank you for reading this post, don't forget to subscribe!

വൈകുന്നേരം നാൽവർ സംഘം ഒരുമിച്ചിരിക്കുമ്പോഴും ഋതുവിന്റെ ശരീരം മാത്രമേ അവിടെയുണ്ടായിരുന്നുള്ളൂ. അവളുടെ മനസ്സ് ചരട് പൊട്ടിയ പട്ടം കണക്കെ ഒരു തീരുമാനമെടുക്കാനാവാതെ അലയുകയായിരുന്നു.

അവളുടെ ശ്രദ്ധ ഇവിടെങ്ങുമില്ലെന്ന് മനസ്സിലായ നീരവ് അമ്പുവിനോടും വൈശുവിനോടും അവളെ ശ്രദ്ധിക്കാൻ കണ്ണുകൊണ്ട് ആംഗ്യം കാട്ടി.

ടീ.. അമ്പുവിന്റെ ശക്തമായ അടി ചുമലിൽ പതിഞ്ഞപ്പോഴാണ് അവൾക്ക് സ്ഥലകാലബോധം വന്നത്.

എന്താടാ ദുഷ്ടാ.. എന്റെ ചുമലിടിച്ചു പൊളിച്ചല്ലോ നീ .. വേദനിച്ച ഭാഗം ഉള്ളംകൈകൊണ്ട് ശക്തമായി തിരുമ്മിക്കൊണ്ട് അവൾ ചോദിച്ചു.

എത്ര പ്രാവശ്യം വിളിച്ചതാ. നീ എന്ത് ആലോചിച്ചിരിക്കുവാ… വൈശു ചോദിച്ചു.

അവളുടെ ഓർമ്മകളിൽ നിറഞ്ഞുനിൽക്കുന്നത് സാരംഗ് അല്ലാതെ മറ്റാരാണ്.. നാടക ഡയലോഗ് പോലെ നീരവ് പറഞ്ഞു.

അയ്യടാ… ഓർക്കാൻ പറ്റിയ മുതൽ . ഞാനെന്തിനാ അയാളെ ഓർക്കുന്നത്… സത്യം സമ്മതിക്കാതെ അവൾ ഉരുണ്ടു കളിച്ചു.

നീയിങ്ങനെ പതറുന്നതെന്തിനാ അതിന്..

അത്… അവൾ വിക്കി.

ഞാനൊന്ന് ചോദിച്ചാൽ നീ ഹൃദയത്തിൽ തട്ടിയേ ഉത്തരം തരാൻ പാടുള്ളൂ.. ചോദിക്കട്ടെ.. അമ്പു അവളുടെ മുഖത്തേക്ക് നോക്കി.

നീ സാരംഗിനെ ഒഴിവാക്കാനായി ഓരോ കാരണങ്ങൾ കണ്ടു പിടിക്കുമ്പോഴും നിന്റെ ഉള്ളിൽ അവൻ കൂടുതൽ കൂടുതൽ മിഴിവോടെ തെളിഞ്ഞു വരുന്നില്ലേ അതെന്തുകൊണ്ടാ…

അവന്റെ ചോദ്യത്തിന് അവൾ ഉത്തരം നൽകാതെ മൗനത്തെ കൂട്ടുപിടിച്ചു.

നിനക്കവനെ ഇഷ്ടമാണ് ഋതൂ. നീ സാരംഗിനെ പ്രണയിക്കുന്നു… വൈശു പറഞ്ഞപ്പോൾ ഞെട്ടലോടവൾ ഇല്ലെന്ന് തലയാട്ടി.

സാരംഗ് ഏട്ടൻ പറഞ്ഞതുപോലെ നീ ആവശ്യമില്ലാത്ത ഓരോ കാരണത്താൽ അവനോടുള്ള ഇഷ്ടത്തെ മറച്ചു പിടിക്കുകയാണ്. ഒന്നുമില്ലെങ്കിലും വർഷം ഇത്രയുമായില്ലേ ഋതൂ.

നിന്നെ ദ്രോഹിച്ചവനെ നിനക്കറിയില്ലെന്ന് നീയല്ലേ പറഞ്ഞത്.
നിന്റെ വീട്ടുകാർ നിനക്ക് വിവാഹവും ആലോചിക്കുന്നുണ്ട്.

ഒന്നുമറിയാതെ മറ്റൊരാളുടെ ജീവിതത്തിൽ കടന്നുപോകുന്നതിനേക്കാൾ എത്രയോ ഇരട്ടി നല്ലതാണ് നിന്നെ പ്രാണനായി കരുതുന്ന നിന്റെ മനസ്സറിയുന്ന സാരംഗിനെ വിവാഹം ചെയ്യുന്നത്… നീരവ് പ്രതീക്ഷയോടെ അവളുടെ മുഖത്തേക്ക് ഉറ്റുനോക്കി.

അവളുടെ മനസ്സിൽ വേദിന്റെ മുഖം തെളിഞ്ഞു. തന്നെ സ്വന്തമാക്കണമെന്ന വാശി കൊണ്ടു നടക്കുന്നവൻ.

കൂട്ടുകാരന്റെ വാക്കുകൾ കേട്ട് ഇരുപത് വയസ്സുള്ളപ്പോൾ അയാൾ ചെയ്ത പ്രവൃത്തി. അതിലൂടെ അവൻ ലക്ഷ്യം വച്ചത് തന്നെ സ്വന്തമാക്കാമെന്നായിരുന്നു.

അതിന് കഴിയാതെ വന്നപ്പോൾ വീട്ടുകാരുടെ സമ്മതത്തോടെ തന്നെ സ്വന്തമാക്കാൻ നിൽക്കുന്നു.

തന്റെ ശരീരത്തോടുള്ള ആർത്തി. അവന്റെ പ്രണയം ഋതികയെന്ന വ്യക്തിയോടല്ല അവളുടെ മനസ്സിനോടല്ല.. കേവലം ശരീരത്തോട് മാത്രം.

മണ്ണോടു ചേർന്നാൽ അലിഞ്ഞു തീരാവുന്ന ഈ ശരീരത്തോട്. അവന്റെ കണ്ണുകളിൽ കാമം മാത്രമേ കാണാൻ കഴിഞ്ഞിട്ടുള്ളൂ.
അതിൽ നിന്നൊക്കെ വ്യത്യസ്തനാണ് സാരംഗ്.

നോട്ടം കൊണ്ടുപോലും തെറ്റായി കാണാത്തവൻ. കരുതലും വാത്സല്യവും പ്രണയവും മിഴികളിൽ നിറച്ച് തനിക്കായി നീട്ടുന്നവൻ.

അവൻ പറഞ്ഞതുപോലെ കഴിഞ്ഞകാലം ഓർമ്മിച്ച് വെറുതെ തള്ളിനീക്കണമോ ഏകാകിനിയായി ഈ ജീവിതം. താനും ആഗ്രഹിക്കുന്നില്ലേ കുടുംബവും കുഞ്ഞുങ്ങളും.

താനവന്റെ പ്രണയം സ്വീകരിക്കുകയാണെങ്കിൽ വേദ് അടങ്ങിയിരിക്കുമോ. സാരംഗിനെ എന്തെങ്കിലും ചെയ്യുമോ.

താൻ കാരണം തനിക്ക് പ്രിയപ്പെട്ടവർ ഒരിക്കലും ദുഃഖിക്കാൻ പാടില്ല.
ചിന്തകളുടെ തള്ളിക്കയറ്റത്തിൽ ആകെ ധർമ്മസങ്കടത്തിലായി ഋതു.

വേദിന്റെ സ്വഭാവം നന്നായറിയാവുന്നത് തനിക്കല്ലാതെ മറ്റാർക്കാണ്. ആഗ്രഹിക്കുന്നത് നേടിയെടുക്കുന്നതിനായി ഏതറ്റം വരെയും പോകുന്നവൻ.

എന്ത് ക്രൂരതയും ചെയ്യുന്നവൻ…
പക്ഷേ അവൾക്ക് സാരംഗിനോടുള്ള പ്രണയം അതിനും മുകളിലായിരുന്നു..

ദിവസങ്ങൾ കഴിയുന്തോറും സാരംഗ് അവളുടെ മനസ്സിൽ കൂടുതൽ കൂടുതൽ വേരൂന്നുകയായിരുന്നു.

ഒരിക്കലും പിഴുതെറിയാൻ കഴിയാത്തവിധം അവനവളിൽ ആഴ്ന്നിറങ്ങിയിരുന്നു.

അവളുടെ നോട്ടങ്ങളിൽ നിന്നുപോലും അവനത് വ്യക്തമായിരുന്നു.

എന്നിരുന്നാലും അവൾ സ്വമനസ്സാലെ ഉള്ളിലെ പ്രണയം തുറന്നു പറയണമെന്നവൻ അതിയായി ആഗ്രഹിച്ചിരുന്നു..

അതിനാൽ തന്നെ അവളുടെ പിന്നാലെ പിന്നെയവൻ ഇഷ്ടമാണെന്ന് പറഞ്ഞു പോയിരുന്നില്ല. എങ്കിലും അവളുടെ നിഴൽപോലെ അവനുണ്ടായിരുന്നു.

തന്റെ മനസ്സിൽ താൻ ചിന്തിച്ചു കൂട്ടിയ ധാരണകൾ സാരംഗിന്റെ വാക്കുകളുടെ സത്യസന്ധതയിൽ അതിന്റെ മാസ്മരികതയിൽ മാഞ്ഞുപോയി.

ഹൃദയത്തിൽ പൊൻതൂലിക കൊണ്ട് സാരംഗ് എന്ന നാമമവൾ ചേർത്തു വച്ചു.

പൂർണ്ണമായും സാരംഗിനെ ഉൾക്കൊണ്ടുകൊണ്ട് അവന്റെ പ്രണയമായി ഒഴുകാൻ അവൾ തീരുമാനിച്ചു.

ആ തീരുമാനം അവളാദ്യം അറിയിച്ചതും തന്റെ സുഹൃത്തുക്കളെയായിരുന്നു.
ഋതുവിന്റെ മാറ്റത്തിൽ അവർ മനസ്സറിഞ്ഞ് സന്തോഷിച്ചു. അവളുടെ ജീവിതം സാരംഗിന്റെ കൈയിൽ ഭദ്രമാണെന്ന് അവർക്കറിയാമായിരുന്നു.

നീയിപ്പോൾ എടുത്ത തീരുമാനമാണ് ശരി ഋതു. കടന്നുപോയത് നിന്റെ ഭൂതകാലമായിരുന്നു. അതിനി ഓർക്കരുത്. നഷ്ടപ്പെട്ടതോർത്ത് വിലപിക്കാതെ ആഗ്രഹിക്കുന്നത് നേടിയെടുക്കണം.

നീ തുറന്ന് പറയുന്നില്ലേ നിന്റെ പ്രണയം … അമ്പുവാണ് ചോദിച്ചത്.

മ്.. നാളെ പ്രണയത്തിന്റെ പൂക്കൾ പൊഴിക്കുന്ന ഗുൽമോഹർ ചുവട്ടിൽ വച്ച് ഋതിക തന്റെ പ്രണയം സാരംഗിനോട് വെളിപ്പെടുത്തുന്നു.

പൂർണ്ണമായും അവന്റെ പ്രണയം എന്നിലേക്ക് ആവാഹിക്കാൻ ഞാൻ ഒരുക്കമാണ്…. ആദ്യമായവർ നാണത്തിന്റെ അലയൊലികൾ അവളിൽ നിറഞ്ഞതുകണ്ട് അത്ഭുതപ്പെട്ടു.

പിറ്റേന്ന് രാവിലെ കോളേജിൽ പോകാനിറങ്ങാൻ അവൾക്ക് വല്ലാത്ത സന്തോഷമായിരുന്നു.
റോയൽ ബ്ലൂവും സ്കൈ ബ്ലൂവും കലർന്ന ഒരു ചുരിദാർ ആണവൾ ധരിച്ചത്. കാതിൽ ജിമിക്കി ഊയലാടി.

തലമുടി അഴിച്ചിട്ടിന്നു. കണ്ണുകൾ കറുപ്പിച്ചു.

ഒരുങ്ങിയിറങ്ങി വന്ന അവളെക്കണ്ട് കൊല്ലാമെന്ന അർത്ഥത്തിൽ നീരവും അമ്പുവും കൈകാട്ടി.
വൈശു അവളെ ചേർത്തു പിടിച്ച് ചുംബിച്ചു.

ആദ്യത്തെ ഇന്റർവെൽ ആയപ്പോൾ തന്നെ അവൾക്ക് വല്ലാത്തൊരു വിറയൽ കൂടി.

ഡി.. എനിക്ക് പേടിയാകുന്നു… ഋതു വൈശുവിന്റെ കൈകളിൽ അമർത്തി പിടിച്ചു.

പിന്നേയ്.. നീ ഇന്ന് വിവാഹം കഴിക്കാനല്ല പോകുന്നത് നിനക്കും തിരികെ ഇഷ്ടമാണെന്ന് അറിയിക്കാനാണ്.. വൈശു അവളെ കളിയാക്കി.

അവർ ഗുൽമോഹർ ചുവട്ടിലെത്തുമ്പോൾ കൈയിലൊരു ബുക്കുമായി ഇരിക്കുന്ന സാരംഗിനെ കണ്ടു. അരികിലായി അഞ്ജലിയും റിച്ചുവും ഉണ്ട്.

ധൈര്യമായി പോടീ.. ഞങ്ങൾ ഇവിടെ നിൽക്കാം.. അമ്പു അവളെ പ്രോത്സാഹിപ്പിച്ചു.

വിറയ്ക്കുന്ന ചുവടുമായവൾ മുന്നോട്ട് നടന്നു.

തന്റെ മുൻപിൽ ഒരു സാമീപ്യം അറിഞ്ഞ് സാരംഗ് മിഴിയുയർത്തി.
സുന്ദരിയായി മുൻപിൽ നിൽക്കുന്ന ഋതികയെ അവൻ ഇമചിമ്മാതെ നോക്കിനിന്നു.

അവന്റെ നോട്ടം അവളുടെ വെള്ളാരംകണ്ണുകളിൽ നിറഞ്ഞുനിന്ന അലയടിച്ചുയരുന്ന പ്രണയത്തിലും പരിഭ്രമത്തിലുമായിരുന്നു.

എനിക്ക് സംസാരിക്കണം… വിറച്ചു കൊണ്ടവൾ പറഞ്ഞു.

അതുകേട്ട് അവനെ നോക്കി ചിരിച്ചു കൊണ്ട് അഞ്ജലിയും റിച്ചുവും അമ്പുവിനും കൂട്ടർക്കും അരികിലേക്ക് പോയി.

അവർ പങ്കു വയ്ക്കാൻ പോകുന്ന പ്രണയത്തിന് അനുഗ്രഹമെന്നോണം ചുവന്ന പൂക്കൾ അവർക്കുമേൽ പൊഴിഞ്ഞുവീണു.

മൗനം അന്നാദ്യമായി സുഖകരമായി അവർക്കിടയിൽ നിറഞ്ഞു നിന്നു.

അത് ഞാൻ… എനിക്ക്.. പറയാൻ…. മനസ്സിലെ പ്രണയം വാക്കുകളാൽ എങ്ങനെ അവനുമുൻപിൽ പകരണമെന്നറിയാതെ അവൾ വിക്കി.

അവന്റെ മുൻപിൽ നിന്നപ്പോൾ ഇന്നാദ്യമായി തന്റെ ഹൃദയം അവനുവേണ്ടി തുടിച്ചുയരുന്നത് അവൾ പ്രണയത്തോടെ അറിഞ്ഞു.

ധൈര്യo സംഭരിച്ച് വീണ്ടുമവൾ എന്തോ പറയുവാൻ പോയതും പിന്നിൽ നിന്നുമൊരു വിളികേട്ട് ഇരുവരും തിരിഞ്ഞു.

അച്ഛൻ… ഋതുവിന്റെ നാവ് മന്ത്രിച്ചു.

ഞാൻ നിന്നെ കൊണ്ടുപോകാനാണ് വന്നത്. പ്രിൻസിപ്പാളിനോട് പെർമിഷൻ ചോദിച്ചു.
വാ പോകാം… നന്ദൻ മേനോൻ പറഞ്ഞു.
അപ്പോഴേക്കും കൂട്ടുകാരെല്ലാം അതുകണ്ട് അവിടെ എത്തിയിരുന്നു.

അവരെ കണ്ട് അയാളൊന്ന് ചിരിച്ചു .

എന്താ അങ്കിൾ… അയാളെ കൂടുതൽ പരിചയം വൈശുവിനായതുകൊണ്ട് അവൾ ചോദിച്ചു.

ഞാനിവളെ കൊണ്ടുപോകാൻ വന്നതാ മോളേ.. അയാൾ പറഞ്ഞു.

എന്താ അങ്കിൾ വിശേഷിച്ച്.. എന്തെങ്കിലും പ്രശ്നമുണ്ടോ അവൾ ആരാഞ്ഞു.

പ്രശ്നമൊന്നുമില്ല.. സന്തോഷമുള്ള കാര്യമാണ്.. അയാൾ ചിരിച്ചു.

ആരും ഒന്നും മനസ്സിലാകാതെ അയാളെ ഉറ്റുനോക്കി. സാരംഗിന്റെ ഹൃദയം എന്തിനെന്നില്ലാതെ വിങ്ങി.
അവൻ നെഞ്ചിൽ പതിയെ തടവി. അവന്റെ നോട്ടം ഋതുവിൽ പാളിവീണു. അവളും അമ്പരന്ന് നിൽക്കുകയാണ്.

ഇവൾ ഒന്നും പറഞ്ഞില്ലേ.. ഇവളുടെ വിവാഹം ഉറപ്പിച്ചിരുന്നു. പഠിത്തം കഴിഞ്ഞ് നടത്താമെന്നായിരുന്നു പ്ലാൻ.

പക്ഷേ പയ്യന്റെ ജാതകം നോക്കിയപ്പോൾ അവന് ഇരുപത്തിയേഴ് വയസ്സിനുള്ളിൽ വിവാഹം നടക്കണമെന്നുണ്ട്.

അതിനിനി ഏഴുമാസമുണ്ട്.
അടുത്ത മാസം എൻഗേജ്മെന്റ് നടത്താമെന്ന് തീരുമാനിച്ചു.

അതിന് വസ്ത്രങ്ങളും ആഭരണങ്ങളും എടുക്കാൻ പോകണം.. അയാൾ ചിരിച്ചു കൊണ്ട് പറഞ്ഞു.

ഇടിത്തീ വീണതുപോലെ ഞെട്ടി സാരംഗ്. അവന്റെ മിഴികൾ നിറഞ്ഞു.
നനഞ്ഞ മിഴികളിലൂടെ അവൻ ഋതുവിനെ നോക്കി.
അവളുടെ മുഖം ദേഷ്യത്തിലെന്നപോലെ ചുവന്നിരുന്നു. മിഴികൾ നിറഞ്ഞിരുന്നു.

എല്ലാവരും അമ്പരന്ന് നിൽക്കുകയായിരുന്നു. അവരാരും ഇത് പ്രതീക്ഷിച്ചിരുന്നില്ല.

ദാ.. ഇതാണ് പയ്യൻ. എന്റെ സഹോദരിയുടെ മകനാണ്. ശ്രീവേദ്. എൻജിനീയർ ആണ്. പുഞ്ചിരിയോടെ നിൽക്കുന്ന വേദിനെ ചേർത്തുപിടിച്ചുകൊണ്ട് നന്ദൻ അവർക്ക് പരിചയപ്പെടുത്തി.

ദേഷ്യംകൊണ്ട് വിറച്ചുപോയി ഋതു. കോളേജ് ആയതുകൊണ്ട് അവൾക്ക് ഒന്ന് പ്രതികരിക്കാൻ പോലുമാകാത്ത അവസ്ഥയായിരുന്നു.

ഇന്റർവെൽ ആയതിനാൽ കുട്ടികളെല്ലാം ഗ്രൗണ്ടിലുണ്ടായിരുന്നു.

വേദിന്റെ മുഖത്ത് വിരിഞ്ഞ വിജയഭാവം അവളിൽ വെറുപ്പ് നുരച്ചു.

വാ ഋതൂ… അവനവളെ ചേർത്തു പിടിച്ചു.

അറപ്പോടെയും വെറുപ്പോടെയും അവളാ കൈകൾ ഉടൻ തട്ടിമാറ്റി അവനെ രൂക്ഷമായി നോക്കി.

അവളുടെ മുഖത്ത് അവനെ കണ്ടപ്പോഴുള്ള ഭാവവും ശരീരത്ത് സ്പർശിച്ചപ്പോൾ ഉള്ള ഭാവമാറ്റവും സൂക്ഷ്മമായി നിരീക്ഷിക്കുകയായിരുന്നു സാരംഗ്.

അവൾക്കവനോടുള്ള വെറുപ്പ് അവളുടെ മുഖത്ത് പ്രകടമായിരുന്നു.

മറ്റൊന്നും പറയാതെ നന്ദനെയും വേദിനെയും രൂക്ഷമായ നോട്ടത്തോടെ നോക്കിക്കൊണ്ട് അവൾ സാരംഗിനെ നോക്കി.

കഠിനമായ വേദന ആ വെള്ളാരംമിഴികളിൽ നിറഞ്ഞുനിൽക്കുന്നത് അവൻ തിരിച്ചറിഞ്ഞു. അവന്റെ നിറകണ്ണുകൾ അവളുടെ ഹൃദയത്തെ കുത്തിനോവിച്ചു.

അവൾ കാറിൽ കയറുന്നതും അവൾക്ക് പിന്നാലെ നന്ദനും വേദുo കയറുന്നതും കാർ കോളേജ് ഗേറ്റ് കടന്ന് പോകുന്നതും ഹൃദയമുരുകുന്ന വേദനയോടെ നിറമിഴികളോടെ സാരംഗ് നോക്കിനിന്നു.

അവന്റെ മിഴികളിൽ നിന്നും കണ്ണുനീർത്തുള്ളികൾ തറയിൽ കിടന്ന ഗുൽമോഹർ പൂക്കളിലേക്ക് ഇറ്റുവീണു.

(തുടരും )

പ്രണയവീചികൾ : ഭാഗം 1

പ്രണയവീചികൾ : ഭാഗം 2

പ്രണയവീചികൾ : ഭാഗം 3

പ്രണയവീചികൾ : ഭാഗം 4

പ്രണയവീചികൾ : ഭാഗം 5

പ്രണയവീചികൾ : ഭാഗം 6

പ്രണയവീചികൾ : ഭാഗം 7

പ്രണയവീചികൾ : ഭാഗം 8

പ്രണയവീചികൾ : ഭാഗം 9

പ്രണയവീചികൾ : ഭാഗം 10

പ്രണയവീചികൾ : ഭാഗം 11

പ്രണയവീചികൾ : ഭാഗം 12

പ്രണയവീചികൾ : ഭാഗം 13

പ്രണയവീചികൾ : ഭാഗം 14

പ്രണയവീചികൾ : ഭാഗം 15

പ്രണയവീചികൾ : ഭാഗം 16