Novel

ദേവാസുരം : ഭാഗം 3

Pinterest LinkedIn Tumblr
Spread the love

എഴുത്തുകാരി: അഞ്ജലി അഞ്ജു

Thank you for reading this post, don't forget to subscribe!

കുറേ നാളു കൂടി മനസമാധാനം തോന്നിയത് ഇന്നായിരുന്നു. ആ ഒരു സന്തോഷത്തിലാണ് വീട്ടിലേക്ക് ചെന്നത്. റോഡിൽ നിന്ന് ഇറങ്ങിയപ്പോളേ വീടിന് മുന്നിലൊരു കാർ കിടക്കുന്നത് കണ്ടിരുന്നു. വിരുന്നുകാർ ആരെങ്കിലും എത്തിയതാവുമെന്നാണ് കരുതിയത്.

പക്ഷെ എന്തൊക്കെയോ ഒച്ചയും ബഹളവുമൊക്കെ കേട്ടപ്പോൾ അറിയാതെ തന്നെ ഉള്ളിൽ പല ഭയ ചിന്തകളും ഉരുണ്ടു കൂടി. അത് കൊണ്ട് തന്നെ കാലുകൾക്ക് വേഗത കൂടിയിരുന്നു.

ചെന്നു കേറുമ്പോൾ തന്നെ ആരൊക്കെയോ ചേർന്ന് മാമനെ എടുത്തു കൊണ്ട് വരുന്നതാണ് കണ്ടത്. ഒരു നിമിഷത്തേക്ക് ശരീരം തളർന്നു പോയിരുന്നു.

അമ്മായിയും കുട്ടികളും അലമുറയിട്ട് കരയുന്നുണ്ട്. പെട്ടെന്ന് തന്നെ ഞാൻ മനസ് വീണ്ടെടുത്തു.

മാമൻ പറയാറുള്ളത് മനസിൽ വന്നു.
“നീയെന്റെ മൂത്ത മോളാണ്.

എനിക്ക് എന്തെങ്കിലും പറ്റിയാലും ഇവരെ നീയാണ് നോക്കേണ്ടത്.” അതേ തളരാൻ പാടില്ല.

ഞാൻ വേഗം റൂമിലേക്ക് ഓടി. കുട്ടികളെ ട്യൂഷൻ പഠിപ്പിച്ചു കുറേശെ സ്വരുക്കൂട്ടി വെച്ച കുറച്ചു പൈസ കയ്യിലുണ്ടായിരുന്നു അതെടുത്തു ഓടി വന്നു.

കുട്ടികൾ രണ്ടാളും വീട്ടിൽ തന്നെ നിൽക്കാൻ പറഞ്ഞ് ഞാനും അമ്മായിയും അടുത്തുള്ള ഒരു ഏട്ടനും കൂടെ കാറിൽ കയറി.

അമ്മായി ഭയത്തോടെ മാമന്റെ മുഖത്തു നോക്കി കരയുന്നുണ്ടായിരുന്നു. ഞാൻ അമ്മായിയുടെ കയ്യിൽ പിടിച്ചു ഒന്നും വരില്ലെന്ന് മനസ് കൊണ്ട് പറഞ്ഞു.

അടുത്ത് തന്നെയുള്ള സ്വകാര്യ ആശുപത്രിയിലേക്കാണ് പോയത്. പണം എങ്ങനെയെങ്കിലും ഉണ്ടാക്കാമെന്ന വിശ്വാസം ഉണ്ടായിരുന്നു. അവിടെ ചെന്നപ്പോൾ തന്നെ മാമനെ icu വിലാക്കി.

കുറച്ചു സമയം കഴിഞ്ഞപ്പോൾ ഇന്ദ്രേട്ടന്റെ അച്ഛനും അമ്മയും ശിവയേയും അനുവിനെയും കൂട്ടി വന്നു. പേടിച്ചിട്ട് രണ്ടാളും കൂടെ അവരെ വിളിച്ച് പറഞ്ഞതാണത്രേ.

ഏതായാലും അച്ഛൻ വന്നത് ആശ്വാസമായി. സൗഹൃദങ്ങളുടെയും ബന്ധങ്ങളുടെയും വില മനസിലാവുന്ന ചില സന്ദർഭങ്ങൾ ഉണ്ട്. ഒന്ന് ആശ്വസിപ്പിക്കാനെങ്കിലും മറ്റൊരാൾ കൂടെയുള്ളത് ഭാഗ്യമാണ്.

ഇതൊക്കെ കൊണ്ടാവും മാമൻ എന്റെ കാര്യത്തിൽ തിടുക്കത്തിൽ ഒരു തീരുമാനം എടുത്തത്.

മാമന് ഇസിജി യിൽ ചെറിയ വേരിയേഷൻ ഉണ്ട്. കുറച്ചു ചെക്ക് അപ്പ്‌ നടത്താൻ ഉണ്ടത്രേ. അധികം സ്‌ട്രെയിൻ ഒന്നും എടുപ്പിക്കരുതെന്നാണ് ഡോക്ടർ പറഞ്ഞത്.

ഒരു ദിവസം അവിടെ കിടക്കാൻ പറഞ്ഞു.

അമ്മയും അച്ഛനും പോയപ്പോൾ അവരെയും കൊണ്ട് പോയി. അമ്മായിയും ഞാനും അവിടെ തന്നെ നിന്നു.

✡️✡️✡️✡️✡️✡️✡️✡️✡️✡️✡️✡️✡️✡️✡️✡️

പതിവ് പോലെ നേരം വൈകിയാണ് ഇന്ദ്രൻ വീട്ടിൽ എത്തിയത്. സേതു ആണ് വാതിൽ തുറന്നത്. സേതുവിൻറെ മുഖത്തു ദേഷ്യ ഭാവമായിരുന്നു.

അത് ഗൗനിക്കാതെ അകത്തേക്ക് കയറിയപ്പോളാണ് ശിവയേയും അനുവിനെയും കണ്ടത്.

ആദ്യം അത്ഭുതം തോന്നിയെങ്കിലും ഒന്ന് ചിരിച്ചെന്ന് വരുത്തി പോകാൻ ഒരുങ്ങുകയായിരുന്നു ഇന്ദ്രൻ.

“മാധവൻ സുഖമില്ലാതെ ആശുപത്രിയിൽ ആണ്. മോളും നിർമ്മലയും ആശുപത്രിയിൽ നിക്കുന്നത് കൊണ്ട് കുട്ടികളെ ഞങ്ങൾ ഇങ്ങോട്ടേക്കു കൊണ്ട് വന്നു.

അവിടുത്തെ കാര്യം പറയാൻ നിന്നെ വിളിച്ചിട്ട് കിട്ടിയില്ല.”

“ഓഫീസിൽ അൽപം തിരക്കായിരുന്നു.”

“അവന് അല്ലെങ്കിലും ഓഫീസ് കഴിഞ്ഞിട്ടേ ബാക്കി എന്തുമുള്ളു.”

ഉഷയായിരുന്നു അത് പറഞ്ഞത്. ഒന്ന് ചിരിച്ചെന്ന് വരുത്തി ഇന്ദ്രൻ മുറിയിലേക്ക് പോയി.

“മക്കൾ കഴിച്ചിട്ട് കിടക്കാൻ നോക്കൂ.”

“ഏട്ടനും വരട്ടെ നമുക്ക് ഒന്നിച് കഴിക്കാം.”

അനു അത് പറഞ്ഞതും സേതു ഇന്ദ്രനെ വിളിക്കാനായി മുകളിലേക്ക് പോയി.
സേതു മുറിയിൽ ചെല്ലുമ്പോൾ എന്തോ ആലോചിച്ചു ജനലിലൂടെ പുറത്തേക്ക് നോക്കി നിക്കുന്ന ഇന്ദ്രനെ ആണ് കണ്ടത്.

“ആ കുട്ടികളെ ഒന്നും അറിയിക്കേണ്ട എന്ന് വെച്ചാണ് താഴെ വെച്ചു നിന്നോട് ഞാനൊന്നും പറയാതിരുന്നത്.”

സേതുവിന്റെ ശബ്ദമാണ് ഇന്ദ്രനെ ചിന്തകളിൽ നിന്ന് ഉണർത്തിയത് എങ്കിലും തന്റെ ദൃഷ്ടിയിൽ മാറ്റം വരുത്താതെ പുറത്തേക്ക് നോക്കി തന്നെ അവൻ നിന്നു.

“നിന്നോട് എത്ര തവണ പറഞ്ഞതാണ് ആശുപത്രിയിലേക്ക് വരാൻ. ഒന്ന് മുഖം കാണിക്കാണെങ്കിലും വരാമായിരുന്നില്ലെ.”

“ഞാൻ വന്നില്ലെന്ന് വെച്ചു അവിടുത്തെ കാര്യങ്ങൾക്ക് മുടക്കൊന്നും വന്നില്ലല്ലോ.”

“ഇന്ദ്രാ… ഇത്ര ദുഷ്ടനാണോ നീ. നിന്നിൽ അവർക്ക് എത്രത്തോളം പ്രതീക്ഷ ഉണ്ടാവും.

ഉണ്ടാവാൻ പോവുന്ന ബന്ധങ്ങളെ പറ്റി ആലോചിച്ചു ഒന്നും ചെയ്യണ്ട ആരോരുമില്ലാത്തവരെ സഹായിക്കുന്ന പോലെ കണ്ടാൽ മതി.

നാളെ ഏതായാലും നീ ഓഫിസിൽ ലീവ് പറഞ്ഞേക്ക്. മാധവൻ നാളെ ഡിസ്ചാർജ് ആവും. നീ വേണം അവരെ വീട്ടിൽ കൊണ്ട് ആക്കാൻ.”

“എനിക്ക് നാളെ തിരക്കുണ്ട്.”

“സേതു മാധവന്റെ മകൻ ആണെങ്കിൽ നീ നാളെ അവിടെ പോകും. ആഹ് ഫ്രഷ് ആയി താഴേക്ക് വാ. ആ കുട്ടികൾ നിന്റെയൊപ്പം കഴിക്കാൻ കാത്തിരിക്കുകയാണ്.”

“ഞാൻ കഴിച്ചിട്ടാ വന്നത്.”

“കഴിച്ചില്ലെങ്കിലും അവരുടെ കൂടെ കുറച്ചു നേരം സംസാരിക്കൂ.”

ഇത്രയും പറഞ്ഞ് സേതു പോയി.

കുറച്ചു കാലങ്ങൾക്ക് ശേഷം അന്നാണ് ഇന്ദ്രിയത്തിൽ എല്ലാവരും ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്നത്.

അതിന്റെ സന്തോഷം ഉഷയുടെയും സേതുവിന്റെയും മുഖത്തു പ്രതിഫലിച്ചിരുന്നു.

കുറഞ്ഞ സമയം കൊണ്ട് തന്നെ അനുവും ശിവയും ഇന്ദ്രനോട് അടുത്തു. ആദ്യമൊക്കെ അകൽച്ച തോന്നിയെങ്കിലും ഇന്ദ്രനും അവരെ അനിയത്തിമാരായി കണ്ടു തുടങ്ങിയിരുന്നു.

കുറേ സമയത്തെ സംസാരത്തിനു ശേഷം വൈകിയാണ് എല്ലാവരും കിടക്കാനായി പോയത്.

ശിവയുടെയും അനുവിന്റെയും കൂടെ രാവിലേ തന്നെ ഇന്ദ്രൻ ഹോസ്പിറ്റലിലേക്ക് പോയി.

ജാനകിയുടെ കുടുംബവുമായി ഇന്ദ്രൻ അടുക്കാൻ വേണ്ടി സേതു മനഃപൂർവം കൂടെ പോയിരുന്നില്ല. അവിടെയെത്തി ഡിസ്ചാർജ് ചെയ്യാനുള്ള ബില്ല് ഒക്കെ ശെരിയാക്കി.

കുറേ സമയം അവരുടെ കൂടെ ചിലവഴിച്ചു. ഇന്ദ്രനും ആ കുടുംബത്തോട് എന്തോ ഒരു ആത്മബന്ധം തോന്നി തുടങ്ങിയിരുന്നു. നിഷ്കളങ്കരായ കുറച്ചു മനുഷ്യർ. എല്ലാവരോടും സ്നേഹം മാത്രം.

നിർമലയാണ് അൽപം വത്യസ്ഥ സ്വഭാവം ഇടക്കെങ്കിലും കാണിക്കാറുള്ളത് പക്ഷെ ഇപ്പോൾ മാധവന് വയ്യാത്തത് കൊണ്ടാവും അവരിലും ചെറിയ മാറ്റങ്ങൾ ഉണ്ടായിരുന്നു.

എല്ലാവരോടും സംസാരിക്കുമ്പോളും ജാനകിയും ഇന്ദ്രനും പരസ്പരം അകൽച്ച കാണിച്ചിരുന്നു.

വിഷ്ണുവിന്റെ കാര്യം അറിയുന്നത് കൊണ്ടാവാം ഇന്ദ്രനിൽ ജാനകിയോട് സഹതാപം പോലും ഉണ്ടാവാത്തത്.

നിശ്ചയത്തിന്റെ അന്ന് കണ്ടതല്ലാതെ ജാനകിക്കും ഇന്ദ്രന്റെ കൂടെ ഇടപെഴകി പരിചയം ഇല്ലായിരുന്നു.

അവന്റെ പെരുമാറ്റങ്ങളിൽ നിന്നും അവന് തന്നെ ഇഷ്ടമല്ലെന്ന് അവൾ നേരത്തേ തന്നെ ഊഹിച്ചിരുന്നതാണ്.

ഡിസ്ചാർജ് ചെയ്തു അവരെ വീട്ടിൽ കൊണ്ട് പോയി ആക്കിയത് ഇന്ദ്രനാണ്. തിരികെ യാത്ര പറഞ്ഞ് മടങ്ങിയ ഇന്ദ്രന് പിറകെ ജാനകിയെ മാധവൻ പറഞ്ഞ് വിട്ടു. കാറ്‌ വരെ അവൾ അവനെ അനുഗമിച്ചു.

“ഇന്ദ്രേട്ടാ.. നന്ദി എല്ലാ സഹായങ്ങൾക്കും.”

“ഓ നിന്റെ നന്ദിക്ക് വേണ്ടിയല്ല ഞാൻ ഇതൊക്കെ ചെയ്തത്. അകത്തു കിടക്കുന്ന ആ മനുഷ്യനോടും കുട്ടികളോടും തോന്നിയ സഹതാപത്തിന്റെ പുറത്താണ്.”

“അറിയാം. എന്നോടുള്ള സ്നേഹം കൊണ്ടല്ല ഇതൊക്കെ ചെയ്തതെന്ന് അറിയാം. എന്നോട് ദേഷ്യം ആണെങ്കിൽ പോലും അതൊന്നും അവരോട് കാണിക്കാതിരുന്നാൽ മതി.”

നിർവികാരമായ ഇത്രയും പറഞ്ഞ് അവൾ തിരികെ നടന്നു പോയി.

അവളുടെ മറുപടി അവനിൽ ഞെട്ടലാണ് ഉണ്ടാക്കിയത്. തന്റെ സ്വത്തിനും പണത്തിനും വേണ്ടിയാണ് അവൾ ഈ കല്യാണത്തിന് സമ്മതിച്ചതെങ്കിൽ എന്റെ സ്നേഹം അവൾ പിടിച്ചു വാങ്ങാൻ അല്ലേ ശ്രമിക്കേണ്ടത്.

അവൾ എന്നിൽ നിന്നും ഒന്നും പ്രതീക്ഷിക്കാത്ത രീതിയിലെ മുഖ ഭാവം ആയിരുന്നു അവൾക്ക്. അവളുടെ ഉദ്ദേശം എന്താണെന്ന് ഇന്ദ്രന് മനസിലാവുന്നുണ്ടായിരുന്നില്ല.

വൈകിട്ട് തന്നെ സേതുവും ഉഷയും മാധവനെ കാണാൻ എത്തിയിരുന്നു.

എത്രയും പെട്ടെന്ന് ഇന്ദ്രന്റെയും ജാനകിയുടെയും വിവാഹം നടത്തണമെന്ന് മാധവനാണ് പറഞ്ഞത്. ഉഷയ്ക്കും സേതുവിനും സന്തോഷമേ ഉണ്ടായിരുന്നുള്ളു.

ജോത്സ്യരെ കണ്ടു അടുത്ത് തന്നെയുള്ള ഒരു മുഹൂർത്തം കുറിപ്പിക്കാമെന്ന് പറഞ്ഞാണ് ഉഷയും സേതുവും പോയത്.

ഇവരുടെ സംസാരമൊക്കെ കേട്ട് ശിവയാണ് ജാനകിയോട് ഈ കാര്യങ്ങൾ പറഞ്ഞത്. ജാനുവിന് ഒരു മരവിപ്പാണ് തോന്നിയത്.

എത്രയൊക്കെ മുറിച്ചു മാറ്റിയാലും മറക്കാൻ ശ്രമിച്ചാലും വിഷ്ണു അവളുടെ മനസിൽ നിന്ന് മാഞ്ഞിരുന്നില്ല.

ഇന്ദ്രനും ഈ വിവാഹത്തിൽ താല്പര്യമില്ല അത് അറിഞ്ഞിട്ടും തനിക്ക് എതിർക്കാൻ പറ്റാത്തതിൽ അവൾക്ക് സങ്കടം തോന്നി.

ഒരു ഭർത്താവിന്റെ സ്നേഹമൊന്നും അല്ലെങ്കിലും ആഗ്രഹിക്കുന്നില്ല. ആഗ്രഹിക്കാൻ പേടിയുമാണ്.

എനിക്കായി എന്തെങ്കിലും മാറ്റി വയ്ക്കാൻ ദൈവം മറന്നു പോയിരിക്കണം. ആകെയുള്ള ആശ്വാസം അമ്മയും അച്ഛനുമാണ്.

എന്റെ അമ്മ മരിച്ചതിനു ശേഷം അമ്മയോളം സ്നേഹം കിട്ടുന്നത് ഉഷ അമ്മയുടെ അടുത്ത് നിന്നാണ്. ആ സ്നേഹമെങ്കിലും കിട്ടുമെന്നത് അവളിൽ പ്രതീക്ഷ നിറച്ചിരുന്നു.

✡️✡️✡️✡️✡️✡️✡️✡️✡️✡️✡️✡️✡️✡️✡️✡️

വൈകിട്ട് വന്നപ്പോൾ തന്നെ സേതു ഇന്ദ്രനോട് കല്യാണ കാര്യം പറഞ്ഞിരുന്നു. എതിർത്തൊന്നും പറയാൻ നിന്നില്ല.

മുറിയിലേക്ക് കയറി കുറേ നേരത്തെ ആലോചനയ്ക്ക് ശേഷം ലാപ് എടുത്ത് അലീനയെ വീഡിയോ കാൾ ചെയ്തു.

സ്‌ക്രീനിൽ വെളുത്തു മെലിഞ്ഞ നീല കണ്ണുകളുള്ള ഒരു പെൺകുട്ടിയുടെ രൂപം തെളിഞ്ഞു വന്നിരുന്നു.

“ഹായ് ഇന്ദ്രാ…”

“ഹായ് അലീ..”

അവന്റെ മുഖത്തു എന്തെന്നില്ലാത്ത സന്തോഷം തളം കെട്ടി നിന്നിരുന്നു.

“എവിടാണ് മാൻ ! കാണാനേ ഇല്ലല്ലോ. പണ്ടൊക്കെ മൂന്നും നാലും നേരം വിളിച്ചിരുന്നതാണ്.”

“നീയല്ലേ എപ്പോളും ബിസി.”

“അതൊക്കെ പോട്ടെ അലക്സ്‌ നിന്നെ വിളിച്ചിരുന്നോ?”

“ഇല്ല രണ്ടു ദിവസായി വിളിച്ചിട്ട്.”

“എന്നെയും വിളിച്ചിട്ട് രണ്ടു ദിവസായി. അല്ല നീ ഇതെന്ത് കോലമാണ് ഒരുമാതിരി നിരാശ കാമുകൻമാരെ പോലെ. താടിയും മുടിയും വളർത്തി.. ആ പഴയ കോലം ആയിരുന്നു നല്ലത്.”

മറുപടി ഒരു പുഞ്ചിരിയിൽ ഒതുക്കി ഇന്ദ്രൻ സംസാരിച്ചു തുടങ്ങി.

“അലീ ഞാനൊരു കാര്യം പറയാനാണ് വിളിച്ചത്. എന്റെ കല്യാണം ഉടനെ ഉണ്ടാവും. ചിലപ്പോൾ രണ്ടാഴ്ചക്ക് ഉള്ളിൽ.”

“ആഹാ അപ്പോ കല്യാണ ചെക്കൻ ആണല്ലേ.
കൺഗ്രാറ്സ്‌ ഡിയർ.. അപ്പൊ കല്യാണം വിളിക്കാനാണോ വിളിച്ചേ. ശേ എനിക്ക് ചിലപ്പോൾ ഉടനേ ലീവ് കിട്ടില്ല.”

“അതൊന്നും പറ്റില്ല നീ വരണം.”

“ലീവ് കിട്ടിയ ഉടനേ ഞാൻ അവിടെ ലാൻഡ് ചെയ്തിരിക്കും. അല്ലെങ്കിലും അമേരിക്ക എനിക്ക് മടുത്തു.”

“മ്മ്.”

“അല്ല നിനക്ക് എന്താ ഒരു വിഷമം?”

“ഒന്നുമില്ല. തലവേദന ആണ്. ഞാൻ പിന്നെ വിളിക്കാം.”

“ഓക്കേ ടേക്ക് കെയർ. ലവ് യൂ..”

വേഗം കാൾ കട്ട്‌ ആക്കി അവൻ ബെഡിലേക്ക് കിടന്നു. അവനിൽ നിരാശ കുമിഞ്ഞു കൂടുന്നുണ്ടായിരുന്നു. അവളുടെ മുഖത്തെ ഭാവം അടുത്തറിയാനാണ് വീഡിയോ കാൾ ചെയ്തത്.

മറ്റൊരാൾ അവന്റെ ജീവിതത്തിലേക്ക് കടന്നു വരുന്നെന്നു അറിയുമ്പോളെങ്കിലും അവളിലൊരു മാറ്റം അവൻ പ്രതീക്ഷിച്ചിരുന്നു.

തെല്ലൊരു ഞെട്ടൽ പോലും അവളിൽ ഉണ്ടാക്കാത്തത് അവനെ വേദനിപ്പിച്ചു. അതവനെ കൂടുതൽ ഭ്രാന്തനാക്കി കൊണ്ടിരുന്നു.

(തുടരും )

എല്ലാവായനക്കാരോടും, എല്ലാവർക്കും എല്ലാ നോവലും വായിക്കാൻ കിട്ടുന്നില്ല എന്നു കണ്ടു. ആയതിനാൽ ഞങ്ങൾ ഒരു ടെലഗ്രാം ഗ്രൂപ്പ് ആരംഭിച്ചിരിക്കുന്നു. സുരക്ഷിതമായ ഒരു ആപ്പാണ് ടെലഗ്രാം ആപ്പ്. വാട്‌സാപ്പ് പോലെ അല്ല. സുരക്ഷിതമാണ്. ഒരാൾക്ക് മറ്റൊരാളുമായി ചാറ്റാനോ ഒന്നും സാധിക്കില്ല. കാണാനും പറ്റില്ല. ആയതിനാൽ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് എല്ലാവരും ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യുക. നിങ്ങളുടെ മൊബൈലിൽ ടെലഗ്രാം ആപ്പ് ഇൻസ്റ്റാൾ ചെയ്തിട്ടുവേണം ലിങ്കിൽ ക്ലിക്ക് ചെയ്യാൻ. മൊബൈലിൽ പ്ലേ സ്റ്റോറിൽ കയറി Telegram എന്ന് ടൈപ്പ് ചെയ്താൽ നിങ്ങൾക്ക് പ്ലേ സ്റ്റോറിൽ നിന്നും അത് ഇൻസ്റ്റാൾ ചെയ്യാം. എല്ലാ നോവലുകളും നിങ്ങൾക്ക് നിങ്ങളുടെ സൗകര്യത്തിന് വായിക്കാനും സാധിക്കും.telegram

ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക…

ദേവാസുരം : ഭാഗം 1

ദേവാസുരം : ഭാഗം 2

Comments are closed.