Saturday, July 27, 2024
Novel

പ്രണയവീചികൾ : ഭാഗം 7

നോവൽ
എഴുത്തുകാരി: ആർദ്ര നവനീത്‌

Thank you for reading this post, don't forget to subscribe!

സെറ്റുസാരിയിൽ സുന്ദരിയായി ഒരുങ്ങിയിറങ്ങി വന്ന ഋതുവിനെക്കണ്ട അമ്പുവും നീരവും വായ് തുറന്നുനിന്നു.

അത്രമേൽ മനോഹരിയായിരുന്നു അവൾ.

വാങ്ങിക്കൊടുത്തെങ്കിലും അവൾ സാരി ഉടുക്കുമെന്നവർ തീരെ പ്രതീക്ഷിച്ചില്ല.
അവൾ തങ്ങളുടെ സൗഹൃദത്തിന് തരുന്ന വില ഓർത്തപ്പോൾ രണ്ടുപേരുടെയും മനസ്സ് നിറഞ്ഞു.

ആ വായ് അടച്ചു പിടിക്കെടാ ഈച്ച കയറേണ്ട.. അവന്റെ വായ് വൈശു കൈകൾ കൊണ്ട് അടച്ചു.

പോടീ പുല്ലേ… അവൻ അവളെ വിളിച്ചു.

സത്യം.. എന്ത് ഭംഗിയാടീ നിന്നെ കാണാൻ. ഇത്രയൊക്കെ സൗന്ദര്യം ആരെങ്കിലും ഒളിപ്പിച്ചു വയ്ക്കുമോ മോളേ.. നീരവ് അവളെ ചേർത്തു പിടിച്ചു.

പുറമേ പുഞ്ചിരി അണിഞ്ഞു നിൽക്കുന്നെങ്കിലും അവളുടെ മനസ്സ് പിടയുന്നത് വൈശുവിന് കാണാൻ കഴിഞ്ഞു.
അവൾ ഒന്നുമില്ലെന്ന് കണ്ണുചിമ്മി കാട്ടി.

ഥാർ ക്യാമ്പസിനുള്ളിലേക്ക് കയറിയപ്പോഴേ കുട്ടികളെല്ലാം സെറ്റുസാരിയിലും പച്ചയിലും മുങ്ങി നിൽക്കുന്നത് കാണാൻ കഴിഞ്ഞു.

കോ ഡ്രൈവർ സീറ്റിൽ നിന്നും മുടി മാടിയൊതുക്കി ഇറങ്ങുന്ന ഋതുവിനെ കണ്ടപ്പോൾ കൂട്ടുകാരോട് സംസാരിച്ചു കൊണ്ടിരുന്ന സാരംഗ് അറിയാതെ എഴുന്നേറ്റു പോയി.

ബാഗെടുക്കുവാനായി അവൾ തിരിഞ്ഞപ്പോൾ വിടർത്തിയിട്ട അരയോളമുള്ള സമൃദ്ധമായി വളർന്നു കിടക്കുന്ന മുടി ദൃശ്യമായി.

ഇവളിത്രയും മുടി എങ്ങനെ ഒളിപ്പിച്ചു വച്ചിരുന്നു എന്ന് സാരംഗ് അത്ഭുതത്തോടെ ഓർത്തു.

ഇപ്പോൾ ശരിക്കുമൊരു നാടൻ സുന്ദരി തന്നെ. അല്ലെങ്കിലും സെറ്റുസാരി ഉടുത്ത പെൺപിള്ളേരെ കാണാൻ അടാർ ലുക്ക്‌ ആയിരിക്കുമല്ലോ.

ഇങ്ങനെ ആ കൊച്ചിന്റെ രക്തം ഊറ്റാതെടാ. അതിന് ഒടുവിൽ ബ്ലഡ് കയറ്റേണ്ടി വരും.. റിച്ചു അവന്റെ ചുമലിൽ തട്ടിക്കൊണ്ട് പറഞ്ഞു.

അളിയാ.. നോക്കെടാ.. മിക്ക വായിനോക്കികളുടെയും കണ്ണ് ഇന്ന് അവളിൽ തന്നെയാ. നീ കുറേ പാട് പെടും മോനേ…റിച്ചു അവന്റെ ചുമലിൽ തട്ടിക്കൊണ്ട് പറഞ്ഞു.

ഡി സാരംഗ് ദേ നിൽക്കുന്നു… അമ്പു പറഞ്ഞു.

പോടാ പട്ടീ.. അയാളോട് ഒരു കസേരയിട്ട് ഇരിക്കാൻ പറയ്.. നിന്റെ സങ്കടം തീരട്ടെ… ഋതു മെല്ലെ പറഞ്ഞു.

കോമഡി ആയിരുന്നല്ലേ.. വലിയ നിലവാരമൊന്നുമില്ലല്ലോടീ.. അവൻ തിരിച്ചടിച്ചു.

ഓഹ്.. നിനക്ക് ഈ നിലവാരത്തിലുള്ളത് മതിയാകും.. ഋതുവും വിട്ടില്ല.

നല്ലൊരു ദിവസമായിട്ട് ഒന്ന് വായ അടച്ചിട്ട് വരുന്നുണ്ടോ രണ്ടും… നീരവ് കപട ഗൗരവത്തിൽ പറഞ്ഞു.

ക്ലാസ്സിലെത്തിയപ്പോഴേ അമ്പുവും നീരവും ഡിസൈൻ വരയ്ക്കുന്നതിന്റെയും പൂവ് നോക്കുന്നതിന്റെയുമൊക്കെ തിരക്കിലായി.

കുറച്ചു നേരം പൂവ് നുള്ളിയപ്പോഴേക്കും ഋതുവിനും വൈശുവിനും മടുത്തു.

വാടീ നമുക്ക് സെക്കൻഡ് ഇയേഴ്‌സിന്റെ പൂക്കളം നോക്കിയിട്ട് വരാം. വൈശു വിളിച്ചു.

വരുന്നില്ലെന്ന് കുറേ പറഞ്ഞെങ്കിലും അവൾ ഋതുവിനെ നിർബന്ധിച്ച് വിളിച്ചു കൊണ്ടുപോയി.

രണ്ട് ഹാളിലായിട്ടായിരുന്നു പൂക്കളമത്സരം നടത്തിയിരുന്നത്.
സെക്കന്റ് ഇയേഴ്സുകാർ അവരുടെ പൂക്കളവുമായി തിരക്കിലായിരുന്നു.

മിക്ക കുട്ടികളും ഹാളിലാണുണ്ടായിരുന്നത്. പെൺകുട്ടികളിൽ ചിലർ ഗ്രൗണ്ടിലും ഊഞ്ഞാൽ ഉള്ളിടത്തുമായി കൂടിയിരുന്നു.

ഗുൽമോഹറിന്റെ ചുവട്ടിൽ നിന്നും സെൽഫി എടുക്കുന്ന കപ്പിൾസ്. ഇതൊക്കെ കണ്ടുകൊണ്ട് നടക്കുകയായിരുന്നു അവർ.

വൈഷ്ണവീ.. പിന്നിൽ നിന്നും വിളികേട്ടവർ തിരിഞ്ഞു നോക്കി. റിച്ചുവായിരുന്നു അത്.
എനിക്ക് തന്നോട് സംസാരിക്കണം അവൻ പറഞ്ഞതും വൈശു വിറച്ചു തുടങ്ങി.

റിച്ചുവിന്റെ മിഴികളിൽ നിറഞ്ഞുനിന്ന പ്രണയം ഋതു കണ്ടു. പുഞ്ചിരിയോടെ വൈശുവിനോട് സംസാരിക്കുവാൻ പറഞ്ഞശേഷം അവൾ നടന്നു.

എടോ.. താനിങ്ങനെ പേടിക്കയൊന്നും വേണ്ട. ഞാൻ തന്നെ പിടിച്ച് തിന്നുകയൊന്നുമില്ല. എന്നെ കാണുമ്പോഴല്ലേ ഈ വിറയലുള്ളൂ. അതെന്താ.. കുസൃതിയോടെ നിന്ന റിച്ചുവിനെ പെട്ടെന്നവൾ നോക്കി.

മൗനം തളംകെട്ടി നിന്ന നിമിഷങ്ങൾ. കടന്നുവന്ന കാറ്റുപോലും നിശ്ശബ്ദമായി മടങ്ങി.

ആദ്യം മിഴികൾ വെട്ടിച്ചത് വൈശുവാണ്.

വൈഷ്ണവി റിയലി ഐ ലവ് യു. ഈ ക്യാമ്പസിൽ ഒതുക്കി തീർക്കാനല്ല ജീവിതകാലം മുഴുവൻ ചേർത്തുപിടിക്കാൻ എനിക്ക് നീ വേണം.

എനിക്കറിയില്ല എന്ത് കൊണ്ടാണ് നിന്നെ ഇഷ്ടപ്പെട്ടതെന്ന്. പക്ഷേ എനിക്ക് നീ വേണം… ആലോചിച്ചു പറഞ്ഞാൽ മതി കേട്ടോ… മറുപടിക്ക് കാത്തുനിൽക്കാതെ റിച്ചു ഹാളിലേക്ക് പോയി.

പരിഭ്രമം നിറഞ്ഞ നിമിഷങ്ങൾ. നെഞ്ചിൽ കൈചേർത്ത് ദീർഘമായി ഒന്ന് ശ്വസിച്ചു.
പിന്നെ തിരിഞ്ഞു നടന്നു.

ഈ സമയം അങ്ങേയറ്റത്തുള്ള ക്ലാസ്സിന് മുൻപിലായി ഗുൽമോഹറിലേക്ക് നോക്കി നിൽക്കുകയായിരുന്നു ഋതു.

പൊഴിഞ്ഞുവീഴുന്ന ഓരോ ഗുൽമോഹറിനും നേടാൻ കഴിയാതെ പോയ ഒരായിരം കിനാവുകൾ ഉണ്ടായിരുന്നിരിക്കാം.

അധികം ആയുസ്സില്ലാതെ പൊഴിഞ്ഞു വീഴുന്നവ ആയിട്ടുകൂടി പ്രണയത്തിൽ ഗുൽമോഹർ വഹിക്കുന്ന സ്ഥാനം ചെറുതല്ല.

ഹൃദയത്തിന്റെ നിറമുള്ള ചുവന്ന പൂവുകൾ.. ഒരായിരം പ്രണയം പങ്കുവച്ച നിമിഷങ്ങൾ ഓർമിപ്പിച്ചു കൊണ്ടേയിരിക്കും.

ഹലോ.. എന്താണ് ഋതിക മാഡം വലിയ ആലോചനയിലാണല്ലോ..

സാരംഗ് ആണെന്ന് തിരിച്ചറിഞ്ഞ നിമിഷമവൾ തിരിഞ്ഞു നടക്കാനൊരുങ്ങി.

ഒന്ന് നിൽക്കേടോ. ഞാൻ ഇഷ്ടമാണെന്ന് പറഞ്ഞിട്ട് നാളൊരുപാട് ആയി. ഇത്രയും ദിവസമായിട്ടും തന്റെ മറുപടി അറിഞ്ഞില്ലല്ലോ.

ദേ.. ഇന്നാകുമ്പോൾ നല്ലൊരു ദിവസമാണ്. സെറ്റുസാരി ഉടുത്തപ്പോൾ നീ സുന്ദരിപ്പെണ്ണായി കേട്ടോ..

സാരംഗിന്റെ വാക്കുകൾ കേട്ടവൾ കണ്ണുകൾ ഇറുകെയടച്ചു തുറന്നു.

ദേ.. ആ പൊഴിഞ്ഞുവീഴുന്ന ഗുൽമോഹർ പൂക്കളെയും ഈ ആളൊഴിഞ്ഞ ഇടനാഴിയും സാക്ഷിയാക്കി ചോദിക്കുവാ എന്റെ പ്രണയം സ്വീകരിച്ചു കൂടെ.. സാരംഗ് അവളുടെ മുഖത്തേക്ക് ഉറ്റുനോക്കി.

ഋതു… വൈശുവിന്റെ വിളികേട്ട് സാരംഗ് തിരിയുന്നതിന് മുൻപേ അവൾ വൈശുവിന്റെ കൈയും പിടിച്ച് നടന്നിരുന്നു.

അത്തപ്പൂവ് മത്സരത്തിൽ ഫസ്റ്റ് ഇയേഴ്സ് വിജയികളായി.
പായസമടങ്ങിയ ഓണസദ്യ കഴിച്ചു.

കുട്ടികളെല്ലാം വീടുകളിലേക്ക് മടങ്ങി തുടങ്ങി. ഇനി ഓണം കഴിഞ്ഞേ ക്ലാസ്സ്‌ ഉള്ളൂ .
അവർ ഹാളിൽ നിന്നുമിറങ്ങി പാർക്കിങ്ങിലേക്ക് നടന്നു തുടങ്ങി. രണ്ട് ബ്ലോക്ക്‌ കഴിഞ്ഞുവേണം പാർക്കിങ്ങിൽ എത്താൻ.

എടീ ഞങ്ങൾ രണ്ടുപേരും നാളെ തന്നെ മടങ്ങും വീട്ടിലേക്ക്. ഇനി ഓണം കഴിഞ്ഞേയുള്ളൂ. നീരവ് പറഞ്ഞു .

അമ്മ എന്നെ വിളിച്ചിരുന്നു.
കൂട്ടിക്കൊണ്ട് പോകാൻ വരണോ അതോ ഋതുവിന്റെ കൂടെ പോരുമോ എന്ന് ചോദിച്ചു.
വൈശു പറഞ്ഞു.

വീട്ടിൽ പോകാൻ ഋതുവിന് ഒട്ടും മനസ്സില്ല. സ്നേഹിക്കാൻ ആരുമില്ലാത്തിടത്ത് കടന്നുപോകാൻ പൊതുവെ എല്ലാവർക്കും മടിയാണല്ലോ.

പക്ഷേ പോയില്ലെങ്കിൽ ഇവിടെ വന്ന് കൊണ്ടുപോകുമെന്ന് അവൾക്ക് നന്നായറിയാം.
ഉത്രാടത്തലേന്ന് തന്നെ എല്ലാവരും തറവാട്ടിൽ ഒത്തുകൂടും.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി താൻ ഒഴിഞ്ഞു നിന്നതാണ്.

അന്നെല്ലാം അമ്മയുടെ അനിയത്തി രാഖി ചിറ്റയോടൊപ്പമായിരുന്നു. എന്നാൽ ചിറ്റ മകൻ ആരവിന്റെ കൂടെ അമേരിക്കയിൽ പോയിട്ട് ഏതാനും മാസങ്ങളെ ആകുന്നുള്ളൂ.

തറവാട്ടിൽ പോകുന്ന കാര്യം ഓർക്കുന്തോറും അവൾക്ക് ഭീതിയേറി.

അംബരീഷ് തന്നെ മുകുന്ദൻ സാർ വിളിക്കുന്നു.. ക്ലാസ്സിലെ മിയ ആണ് വന്നുപറഞ്ഞത്.

നീരവിനെയും കൂട്ടി അവൻ സാറിനടുത്തേക്ക് പോയി.
വൈശുവും ഋതുവും അവിടെ നിന്നു.

ഫോൺ റിങ് ചെയ്യുന്നത് കണ്ട് അവൾ എടുത്തുനോക്കി. അമ്മയാണ് എപ്പോൾ തിരിക്കുമെന്ന് അറിയാൻ.
റേഞ്ച് ഇല്ലാത്തതുകാരണം വൈശു മാറിനിന്ന് സംസാരിക്കാൻ തുടങ്ങി.

ഋതു പുറത്തേക്ക് നോക്കിനിന്നു. പലവിധ ചിന്തകളാൽ അവളുടെ മനസ്സ് സംഘർഷഭരിതമായിരുന്നു.

പെട്ടെന്ന് ആരോ അവളെ ബി കോമിന്റെ ക്‌ളാസിലേക്ക് വലിച്ചിട്ടു.

ഞെട്ടിയവൾ തിരിഞ്ഞതും വാതിൽക്കൽ കൈകൾ പിണച്ചുകെട്ടി ചിരിയോടെ നിൽക്കുന്ന സാരംഗിനെ കണ്ടു.

തനിക്കെന്താടോ പ്രശ്നം. താനെന്തിനാ എന്നെ ശല്യം ചെയ്യുന്നത്.
മനസ്സ് കൂടി ശരിയല്ലാത്തതിനാൽ ഋതു ദേഷ്യത്തിലായിരുന്നു.

ചൂടാവാതെ പെണ്ണേ.. നിന്നെ ആദ്യം കണ്ടപ്പോൾ അഹങ്കാരിയായിട്ടാ എനിക്ക് തോന്നിയത്. പക്ഷേ നിന്റെയീ വെള്ളാരം കണ്ണുകളിൽ ഉണ്ടായിരുന്നു നീ അണിഞ്ഞിരുന്നത് വെറും മുഖംമൂടി മാത്രമായിരുന്നെന്ന്.

പിന്നെയെപ്പൊഴോ ഞാൻ നിന്നിലേക്ക് അടുത്തു. ആദ്യമായി ദേ ഈ നെഞ്ചിൽ വന്ന് ചേർന്നപ്പോൾ എനിക്ക് എന്തോ ഒരു ഫീൽ ആയിരുന്നു.

എനിക്കറിയില്ല ഋതിക പക്ഷേ ഒന്നുറപ്പ് തരാം എന്റെ ആത്മാവ് എന്നിൽനിന്നും അകലുന്നത് വരെ ഞാൻ സ്നേഹിച്ചോളാം. കണ്ണുകൾ പോലും കലങ്ങാതെ നോക്കിക്കൊള്ളാം..

നിറഞ്ഞ ആത്മാർഥത അവന്റെ വാക്കുകളിൽ നിറഞ്ഞു നിന്നത് അവൾ തിരിച്ചറിഞ്ഞു.

അത് മനപ്പൂർവം അവഗണിച്ചു ഋതു.

ആഹാ.. എന്താ ഡയലോഗ്. എന്താ പ്രണയത്തിന്റെ തീവ്രത. കത്തി ജ്വലിച്ചു നിൽക്കുകയല്ലേ പ്രണയം വാക്കുകളിൽ.

തുള്ളിത്തുളുമ്പുകയല്ലേ അതിന്റെ മാധുര്യം.
അവളുടെ വാക്കുകളിലെ പരിഹാസം അവൻ തിരിച്ചറിഞ്ഞു.

എന്റെ കണ്ണുകളിൽ ഒളിഞ്ഞിരിക്കുന്നുപോലും കുറേ നിഗൂഢതകൾ. താൻ പല പെൺകുട്ടികളുടെയും പിന്നാലെ നടന്നിട്ടുണ്ടാവും. തന്റെ സൗന്ദര്യത്തിൽ മയങ്ങി പലരും തന്റെ പിറകെ വന്നിട്ടുമുണ്ടാകും.

പക്ഷേ ഋതികയെ ആ കൂട്ടത്തിൽപ്പെടുത്തരുത്.
പ്രണയം.. എനിക്ക് ആരോടും അങ്ങനെ ഒരു വികാരം തോന്നില്ല.

തന്നോട് ഒട്ടും തോന്നില്ല. പിന്നെന്തിനാടോ പട്ടിയെപ്പോലെ പിറകെ നടക്കുന്നത്.

അവളുടെ വാക്കുകൾ എവിടെ വരെ പോകുമെന്ന് കാതോർത്ത് നിന്നവന് അതൊരു അടിയായിരുന്നു.

അവളുടെ വാക്കുകൾ ഓരോന്നും അവന്റെ ഹൃദയത്തെ കീറിമുറിച്ചു.
അതിൽ നിന്നൊഴുകിയ രക്തം അവന്റെ കണ്ണുകളിൽനിന്നും കണ്ണുനീരായി ഇറ്റുവീണു.

ഒരു കൊടുങ്കാറ്റ് പോലവൻ പാഞ്ഞുചെന്ന് അവളെ വലിച്ചടുപ്പിച്ചു.

അവളുടെ മുഖത്തെ കല്ലിച്ച ഭാവം അവനെ സങ്കടത്തിലും ആ സങ്കടത്തിനെ ദേഷ്യത്തിലേക്കും കൊണ്ടെത്തിച്ചു .

കുറേ സൗന്ദര്യമുണ്ടെന്ന അഹങ്കാരമാണോടീ നിനക്ക്. ഞാൻ സ്നേഹിച്ച ഋതിക അല്ല നീ. ഞാൻ മനസ്സിലാക്കിയ പെണ്ണല്ല നീ. തെറ്റ് പറ്റില്ലെനിക്ക്.

അഭിനയിക്കുന്നതാ നീ. എന്തിന് വേണ്ടി.. അവൻ കോപത്തോടെ അലറി.

അഭിനയമല്ല യാഥാർഥ്യം. എനിക്ക് തന്നെ ഇഷ്ടമല്ല. എനിക്ക് അഹങ്കാരമാണ് വാശിയാണ്.

എനിക്ക് താൻ ചേരില്ല.. അതുപോലെതന്നെ ഋതുവും ശബ്ദമുയർത്തി.

ചങ്ക് പൊടിയുന്നെടീ.. പറയല്ലേടീ അങ്ങനൊന്നും.

അവളെ നെഞ്ചോട് വലിച്ചു ചേർത്തുകൊണ്ട് സാരംഗ് കരയുകയായിരുന്നു.

വിടെടോ.. അവനിൽനിന്നും അവൾ കുതറിപ്പിടഞ്ഞു.

അതിനിടയിൽ അവളുടെ തലയിൽ ചൂടിയിരുന്ന മുല്ലമാല പൊട്ടി പൂക്കൾ ചിതറി വീണു.
കുപ്പിവളകൾ തട്ടിയുടഞ്ഞു.

നിന്നെ എനിക്ക് വേണം ഋതു. നീ എന്തൊക്കെ പറഞ്ഞാലും അതെല്ലാം നുണയാണ്. നിന്നെ സ്വന്തമാക്കാനായി എങ്ങനെയും തരംതാഴുന്നവനല്ല ഞാൻ.

നിന്റെ ശരീരത്തിൽപ്പോലും ഞാൻ തൊടില്ല. നീ ഒരു വാക്ക് പറഞ്ഞാൽ മതി ഇഷ്ടമാണെന്ന്.. സാരംഗ് കെഞ്ചി.

ഋതുവിന് അത് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. പൊട്ടിയ കുപ്പിവളകളും മുല്ലമാലയും അവൾ മറക്കാൻ ശ്രമിച്ചവ ഓരോന്നായി പുറത്തേക്ക് കൊണ്ടുവരാൻ തുടങ്ങി.

വിവാഹം ചെയ്യണമെന്ന് ആഗ്രഹിക്കുന്ന പെൺകുട്ടിക്ക് വേണ്ടതൊന്നുണ്ട് പരിശുദ്ധി.

പവിത്രമായ താലി അവളുടെ നെഞ്ചോടവൻ ചേർക്കുമ്പോൾ അവൾ അവന് പൂർണ്ണമായും സമർപ്പിക്കപ്പെടുന്നത് പരിശുദ്ധിയാർന്ന ശരീരവും കളങ്കമില്ലാത്ത മനസ്സുമാണ്.

എനിക്കില്ലാത്തതും അത് തന്നെയാണ്.

സാരംഗ് ചന്ദ്രശേഖറിന്റെ ഭാര്യാപദവി ഏറ്റുവാങ്ങേണ്ട പവിത്രതയും പരിശുദ്ധിയും ഞാൻ ചുമക്കുന്ന ഈ ശരീരത്തിനില്ല.

നിങ്ങളുടെ ഭാഷയിലെ വിർജിനിറ്റി ഇല്ലാത്തവളാണ് ഞാൻ.

പതിനഞ്ചാം വയസ്സിൽ ഒരാണിന്റെ കൈക്കരുത്തിൽ തല്ലിക്കൊഴിഞ്ഞതാണീ ശരീരം. നഷ്ടപ്പെട്ടതാണെന്റെ കന്യകാത്വം.

ഒരു പുരുഷൻ ആഗ്രഹിക്കുന്ന ശരീരപരിശുദ്ധി നഷ്ടമായവൾ.

എ റേപ്പ് വിക്‌ടിം..

അവളുടെ വാക്കുകൾ ആ മുറിക്കുള്ളിൽ മുഴങ്ങിക്കേട്ടു.
സാരംഗ് ഒന്ന് പിന്നോട്ടാഞ്ഞു.

എല്ലാം കണ്ടും കേട്ടും വാതിൽക്കൽ നിന്ന നീരവും അമ്പുവും ശക്തമായി ഞെട്ടി.

എന്നാൽ എല്ലാമറിയുന്ന വൈശു ഹൃദയം പൊട്ടുമാറ് ഉറക്കെയുറക്കെ കരഞ്ഞു.

(തുടരും )

പ്രണയവീചികൾ : ഭാഗം 1

പ്രണയവീചികൾ : ഭാഗം 2

പ്രണയവീചികൾ : ഭാഗം 3

പ്രണയവീചികൾ : ഭാഗം 4

പ്രണയവീചികൾ : ഭാഗം 5

പ്രണയവീചികൾ : ഭാഗം 6