Tuesday, September 17, 2024
Novel

പ്രണയവീചികൾ : ഭാഗം 27

നോവൽ
എഴുത്തുകാരി: ആർദ്ര നവനീത്‌


അപമാനഭാരത്താൽ വേദിന്റെ മുഖം താഴ്ന്നിരുന്നു.

ഇക്കാലമത്രയും എല്ലാവരുടെയും മുൻപിൽ കെട്ടിയാടിയ ആട്ടത്തിന്റെ മുഖപടമാണിന്ന് ഏവർക്കും മുൻപിൽ അഴിഞ്ഞു വീണത്.
ഋതു അവളെന്നും ഒരു ലഹരിയായിരുന്നു തന്നിൽ.

മറ്റൊരു പെണ്ണിനും ഇടം നേടാൻ കഴിയാത്ത തന്റെ ഹൃദയത്തിൽ വർഷങ്ങൾക്ക് മുൻപേ പ്രതിഷ്ഠിച്ച രൂപo.

അന്നത്തെ കൂട്ടുകാരന്റെ വാക്കുകൾ.. അവൾ അകന്നു പോകുമോ എന്ന അനാവശ്യമായ ചിന്തകൾ ഇതെല്ലാമായിരുന്നു അന്നവളെ സ്വന്തമാക്കാൻ കാരണമായത്.

അങ്ങനെ സംഭവിച്ചാൽ ഉടൻ തന്നെ അവളുടെ വിവാഹം നടത്താൻ എല്ലാവരും ശ്രമിക്കുമെന്നും അതുവഴി എങ്ങനെയെങ്കിലും അവളെ കൂടെ കൂട്ടാമെന്നും വിചാരിച്ചു.

എന്നാൽ വാടിത്തളർന്ന് കിടക്കാതെ അവൾ കരുത്തോടെ മുന്നോട്ട് കുതിച്ചു.
എല്ലാവരിൽ നിന്നുമകന്നു.

കാണുമ്പോഴെല്ലാം മോഹമുണർത്തിക്കൊണ്ടവൾ രൂപത്തിലും ഭാവത്തിലും മാറിക്കൊണ്ടിരുന്നു.

ഓരോ തവണയും തന്റെ പിടിയിൽനിന്നും പരൽമീൻ പോലെ വഴുതിപ്പോകുമ്പോഴും അവളോടുള്ള മോഹവും ആവേശവും കൂട്ടിയിട്ടേയുള്ളൂ.

പ്രണയവും പകയും വാശിയും ഒക്കെ കലർന്നൊരു വികാരമായിരുന്നു അവളോട്.

ശരീരം പിടിച്ചടക്കിയാൽ പെണ്ണ് കൈപ്പിടിയിലൊതുങ്ങുമെന്ന് വിചാരിച്ചിരുന്നു. എന്നാൽ ആ ധാരണകൾ തെറ്റായിരുന്നുവെന്ന് ഓരോ നിമിഷവും അവൾ തെളിയിച്ചു കൊണ്ടിരുന്നു.

ഒടുവിൽ നന്ദൻ അമ്മാവന്റെ മനസ്സിൽ കയറിക്കൂടി ഋതുവിനെ സ്വീകരിക്കാമെന്ന് അറിയിച്ചു.
എന്നാൽ അവൾ എതിർത്തു.

അവളുടെ എതിർപ്പുകൾ അമ്മാവൻ വകവയ്ക്കില്ലെന്ന് അറിയാമായിരുന്നതിനാൽ അവൾ തന്റേതാകുമെന്ന് അടിയുറച്ചു വിശ്വസിച്ചു.

എന്നാൽ എല്ലാം തകർത്തത് അവനാണ് സാരംഗ്.

വേദിന്റെ കണ്ണുകൾ വൈരപ്പൊടി വീണതുപോലെ പുകഞ്ഞു.

അന്നവന്റെ നെഞ്ചിലവൾ കിടക്കുന്നത് കണ്ടപ്പോൾ സമനില തെറ്റുമെന്ന് തോന്നിയതാണ്.
ഇരുവരുടെയും കണ്ണുകളിൽ നിറഞ്ഞു നിന്ന പ്രണയം മനസ്സിനെ ഉലച്ചിരുന്നു.

എന്നാലും വിശ്വാസമായിരുന്നു അമ്മാവനെ വേദനിപ്പിച്ചവൾ അവനെ സ്വീകരിക്കില്ലെന്ന്.

നന്ദൻ ഋതുവിന്റെ മുൻപിൽ നിന്നു.

അവളുടെ വേദിന്റെ കൈപ്പാട് തെളിഞ്ഞ ചുവന്നു തിണർത്ത കവിളും അഴിഞ്ഞുലഞ്ഞ മുടിയും വസ്ത്രങ്ങളും അയാൾ വേദനയോടെ നോക്കിക്കണ്ടു.

മകളുടെ വാക്കുകൾക്ക് ചെവിയോർക്കാതെ ബന്ധുക്കളുടെ വാക്കുകൾക്ക് വില നൽകിയതിൽ അയാൾ ആത്മാർത്ഥമായി പശ്ചാത്തപിച്ചു.

താൻ ജന്മം നൽകിയ കുഞ്ഞാണ്.. തന്റെ വിരൽത്തുമ്പിൽ പിടിച്ചു പിച്ചവച്ച.. തന്റെ നെഞ്ചോട് ചേർത്ത് താൻ ഉറക്കിയ മകൾ.. എന്നിട്ടും അത്രയും വലിയൊരു ദുരന്തം മകൾക്ക് സംഭവിച്ചിട്ടും അവളെ ചേർത്തു പിടിക്കാതെ അവഗണിച്ച മഹാപാപി.

അച്ഛന്റെ നിറഞ്ഞ മിഴികളും കുറ്റബോധം കാരണം നീറിപ്പുകയുന്ന മനസ്സും അവൾക്ക് കാണാൻ കഴിഞ്ഞു.

തന്റെയുള്ളിൽ വല്ലാത്തൊരു നീറ്റൽ പടരുന്നത് അവളറിഞ്ഞു.

ജന്മം നൽകിയ കുഞ്ഞിനെ വിശ്വസിക്കാൻ കൂട്ടാക്കാത്തവനാണ് ഞാൻ. ചേർത്തുപിടിച്ച് ആത്മവിശ്വാസം പകരുന്നതിന് പകരം വാക്കുകൾ കൊണ്ട് നോവിച്ചിട്ടേ ഉള്ളൂ. തളർത്താൻ നോക്കിയിട്ടേയുള്ളൂ.. എന്തിനും കുറ്റം മാത്രമേ കണ്ടെത്താൻ ശ്രമിച്ചിട്ടുള്ളൂ..

ഒരച്ഛനെന്ന നിലയിൽ പരാജയമായിപ്പോയി മോളേ ഈ നന്ദൻ മേനോൻ… ഗാംഭീര്യം നിറഞ്ഞ സ്വരത്തിനുപകരം ആ സ്വരം ഇടറിപ്പോയിരുന്നു.

അച്ഛാ.. സഹിക്കാനാകാതെ അവൾ ആ വായ കൈകളാൽ മറച്ചു.

അന്നും ഇന്നും ഋതുവിന് അച്ഛനെ ഒരുപാട് ഇഷ്ടമാണ്. വേദന തോന്നിയിട്ടുണ്ട് അച്ഛൻ മനസ്സിലാക്കാത്തതിൽ… ഒന്ന് ചേർത്ത് പിടിച്ചെങ്കിലെന്ന് ആശിച്ചിട്ടുണ്ട് .

എങ്കിലും ഒരിക്കലും ഒരു തരിമ്പുപോലും ഇഷ്ടം കുറഞ്ഞിട്ടില്ല.. എന്റച്ഛനെ ഞാൻ വെറുത്തിട്ടുമില്ല… വിമ്മിക്കരയുന്ന മകളെ തന്റെ നെഞ്ചോട് ചേർത്ത് നെറുകയിൽ ചുണ്ടമർത്തി അയാൾ.

എന്നെന്നേക്കുമായി നഷ്ടമായെന്ന് കരുതിയ അച്ഛന്റെ വാത്സല്യചൂരിൽ അവൾ അലിഞ്ഞു നിന്നു.

കണ്ടുനിന്ന ശ്രീദേവിയുടെയും ഋഷിയുടെയും മിഴികൾ ഒരുപോലെ നനഞ്ഞു.

ഒരരികിലായി എല്ലാം കണ്ട് പുഞ്ചിരിയോടെ നിന്ന സാരംഗിനെ നന്ദൻ കൈയുയർത്തി തന്റെ അരികിലേക്ക് വിളിച്ചു.

മുൻപിൽ നിൽക്കുന്ന ഒത്ത ശരീരമുള്ള സുമുഖനായ ചെറുപ്പക്കാരനെ നന്ദൻ ആപാദചൂഡം വീക്ഷിച്ചു.

അവന്റെ കണ്ണുകളിൽ അലയടിക്കുന്ന പ്രണയവും കരുതലും അയാൾ തിരിച്ചറിഞ്ഞു.

ഋഷി പറഞ്ഞു എല്ലാം..

എന്റെ മകളുടെ മനസ്സിനെ തൊട്ടറിഞ്ഞ.. അവളെ ആത്മാർത്ഥമായി സ്നേഹിക്കുന്ന.. അവളുടെ ജീവൻ രക്ഷിക്കാൻ അവളുടെ കഴുത്തിൽ താലി ചാർത്തിയ സാരംഗിനെ കുറിച്ചെല്ലാം.

അച്ഛന്റെ വാക്കുകൾ ധിക്കരിക്കാനാകാതെ എന്നാൽ വേദിന് മുൻപിൽ തല കുനിക്കാതിരിക്കാൻ സ്വയം അവസാനിപ്പിക്കാൻ തയ്യാറായിനിന്ന എന്റെ മോളെ രക്ഷിക്കാൻ താലി എന്ന കവചം അവൾക്ക് നൽകിയതിനെപ്പറ്റി…

ഋതുവിന്റെ മിഴികൾ പിടപ്പോടെ സാരംഗിൽ പതിഞ്ഞു.

അച്ഛനെ വേദനിപ്പിക്കാതിരിക്കാൻ.. ഋഷിയെട്ടനെയും സാരംഗിനെയും കൊലപാതകി എന്ന പട്ടം ചാർത്താതിരിക്കാൻ താൻ തിരഞ്ഞെടുത്ത വഴി.

വേദ് എന്ന നീചൻ തന്റെ കഴുത്തിൽ താലി ചാർത്തുന്നതിന് മുൻപ് സ്വയം ജീവൻ ത്യജിക്കണമെന്ന്.

എന്നാൽ തന്നെ പൂർണ്ണമായും മനസ്സിലാക്കുന്നവന് തന്റെ മനസ്സ് വായിക്കാൻ കഴിയുമെന്ന് ചിന്തിക്കാൻ മറന്നു.

അതുകൊണ്ടാണല്ലോ ഉടൻ തന്നെ അവൻ താലി കൊണ്ട് സംരക്ഷിച്ചതും.

അവന്റെ താലി കഴുത്തിലുള്ളിടത്തോളം താൻ തളരില്ലെന്ന് അവൻ മനസ്സിലാക്കി.

നിന്റെ വെള്ളാരംകണ്ണുകൾ അതിൽ നിന്റെ മനസ്സ് കാണാൻ സാധിക്കുമെനിക്ക്..

വിട്ടുപോകാനല്ല എന്നുമെന്റെ നെഞ്ചോട് ചേർത്തു വയ്ക്കാനാണ് ആഗ്രഹിച്ചത് പെണ്ണേ.
നീയില്ലാതെ സാരംഗ് പൂർണ്ണനാകില്ല.

ആലിലത്താലി കൊണ്ട് നിന്നിലെ അധികാരം ആവാഹിച്ചെടുത്തവനാണ് ഞാൻ.

നിന്റെ പ്രണയം അതെന്നിൽ തുടങ്ങി എന്നിൽ അന്ത്യം കുറിക്കണം.

ആത്മാവ് തൊട്ടറിഞ്ഞ പ്രണയം. നിന്റെ കഴുത്തിലെ എന്റെ നാമം ആലേഖനം ചെയ്ത താലി ഏഴ് ജന്മങ്ങളിലും നീയെന്റേതാണെന്നുള്ള വാഗ്ദാനം കൂടിയാണ്.

ഋതു ഇല്ലാതെ സാരംഗോ സാരംഗില്ലാതെ ഋതുവോ ഇല്ലെന്ന തിരിച്ചറിവാണ് നമ്മുടെ പ്രണയം.
എനിക്കായി പിറന്നവൾ.. ദൈവം എനിക്കായി കരുതിവച്ച കനി.

അവന്റെ മിഴികൾ അവളുമായി മൗനമായി സംവദിച്ചു.

കൂടുതലൊന്നും പറയാനില്ലാതെ ബന്ധുക്കൾ നിശബ്ദത പാലിച്ചു.

വേദ് ആകും ഇതിന്റെ പിന്നിലെന്ന് ആരും ചിന്തിച്ചിരുന്നില്ല. കാരണം അവർക്കിടയിൽ അവൻ കെട്ടിപ്പടുത്തിയ വിശ്വാസം അത്രമേൽ വലുതായിരുന്നു.

ഗൗരിയും ശ്രീധരനും നിസ്സഹായരായിരുന്നു.

തന്റെ മകൻ ചെയ്ത തെറ്റിന് പകരമായി അവൻ ചാർത്തുന്ന താലി അതിനൊരു പരിഹാരമാണെന്ന് ചിന്തിച്ചിരുന്നു ഗൗരി.

തന്റെ മകനാണ് എല്ലാത്തിനും കാരണക്കാരനെന്ന സത്യം ശ്രീധരനെ ഉലച്ചിരുന്നു.

ഋതുവിന് നൽകുന്ന ഔദാര്യമോ ദാനമോ ആയിരുന്നു അയാൾക്ക് ഈ ബന്ധം.

അതുമൂലം വന്നുചേരുന്ന സ്വത്തുക്കൾ. അതെല്ലാം അയാളിൽ ഹുങ്ക് നിറച്ചിരുന്നു.

എന്നാൽ വേദ് തെറ്റുകാരനാണെന്ന് മനസ്സിലാക്കിയ നിമിഷം അയാളിലെ അഹങ്കാരിയായ മനുഷ്യന് പതനം സംഭവിച്ചിരുന്നു.

നന്ദന് മുൻപിൽ ഉയർന്നുനിന്നിരുന്ന ശിരസ്സ് കുനിക്കേണ്ടി വന്നു.
മക്കൾ തെറ്റുകാരെന്ന് തിരിച്ചറിയുന്ന മാതാപിതാക്കളുടെ അവസ്ഥ ദയനീയമാണെന്ന് അയാൾ തിരിച്ചറിഞ്ഞു.

കഴിഞ്ഞതെല്ലാം കഴിഞ്ഞു.

കുടുംബത്തിലെ ഈ തലമുറയിലെ ആദ്യത്തെ വിവാഹമാണ്. അത് നാടറിഞ്ഞ് നടത്തണം.
നിശ്ചയിച്ച മുഹൂർത്തത്തിൽ തന്നെ സാരംഗ് ഒരിക്കൽക്കൂടി താലി ചാർത്തട്ടെ… അച്ചാച്ചന്റെ വാക്കുകളായിരുന്നു..

എല്ലാവർക്കും സമ്മതമായിരുന്നു.
ഋഷി സാരംഗിനെ ആലിoഗനം ചെയ്തു.

ശ്രീദേവി മകളെ ചേർത്തു പിടിച്ചു.
അവരിലെ അമ്മ സന്തോഷിച്ച നിമിഷങ്ങൾ.

ആ സന്തോഷത്തിനിടയിൽ എല്ലാവരും അൽപനേരം വേദിനെ മറന്നു.
എന്നാൽ അവന്റെ ഭാവമാറ്റം ഒരാൾ ശ്രദ്ധിച്ചു.

ആ മുഖത്തെ പക കത്തി ജ്വലിക്കുന്നത് ആ വ്യക്തി കണ്ടു.

തനിക്ക് കിട്ടാതെ പോയത് ആർക്കും കിട്ടാൻ പാടില്ലെന്ന ദുഷ്ചിന്ത അവനിൽ നിറഞ്ഞു.

പരസ്പര സ്നേഹത്താലും വിശ്വാസത്തിലുo കെട്ടിപ്പടുക്കേണ്ട പവിത്രമായ ഉടമ്പടിയാണ് വിവാഹമെന്നും സ്നേഹമെന്നത് ഒരു വ്യക്തിക്ക് മാത്രം തോന്നേണ്ടതല്ലെന്നും ബലമായി പിടിച്ചെടുക്കാൻ കഴിയുന്നതല്ല പ്രണയമെന്നും അപ്പോഴവൻ മനഃപൂർവം വിസ്മരിച്ചു.

പകയും വാശിയും വൈരാഗ്യവും ആധിപത്യം സ്ഥാപിച്ച മനസ്സിൽ മറ്റൊന്നിനും സ്ഥാനമില്ലല്ലോ.
തനിക്ക് നേടിയെടുക്കാൻ കഴിയാത്തതിനെ മുച്ചൂട് നശിപ്പിക്കാൻ ശ്രമിക്കുന്നവരും ഇന്നീ സമൂഹത്തിൽ നിലകൊള്ളുന്നല്ലോ.

ഋതുവിന്റെ മുഖത്തെ സന്തോഷം ഇനി വേണ്ട. അവൾ കരയണം. പ്രണയം എന്ന വാക്ക് കേട്ടാലവൾ ഭയക്കണം.

സ്നേഹം അവൾക്കന്യമാകണം… അവന്റെ മനസ്സ് മന്ത്രിക്കുന്നതിനോടൊപ്പം അവന്റെ മിഴികൾ നാലുചുറ്റും ഓടിനടന്നു.

ഒടുവിൽ ഡൈനിങ്ങ് ടേബിളിൽ ഫ്രൂട്ട്സ് മുറിക്കാൻ വച്ച കത്തിയിൽ കണ്ണുകൾ ഉടക്കി .
അതവൻ കൈപ്പിടിയിലൊതുക്കി.
വന്യമായ ഭാവത്തോടെ സാരംഗിനെ ലക്ഷ്യമാക്കി പിന്നിലൂടെ ആ കത്തി ചലിച്ചു.

വീട് പോലും വിറച്ചുപോകുന്ന സ്വരത്തിൽ മുറിവേറ്റതിന്റെ അലർച്ചയും ബാക്കിയുള്ളവരുടെ നിലവിളിയും ആ വീട്ടിൽ മുഴങ്ങിക്കേട്ടു.

വെളുത്ത മാർബിളിൽ പരന്നൊഴുകുന്ന രക്തം കണ്ട് എല്ലാവരും അന്തിച്ചു നിന്നു..

(തുടരും )

പ്രണയവീചികൾ : ഭാഗം 1

പ്രണയവീചികൾ : ഭാഗം 2

പ്രണയവീചികൾ : ഭാഗം 3

പ്രണയവീചികൾ : ഭാഗം 4

പ്രണയവീചികൾ : ഭാഗം 5

പ്രണയവീചികൾ : ഭാഗം 6

പ്രണയവീചികൾ : ഭാഗം 7

പ്രണയവീചികൾ : ഭാഗം 8

പ്രണയവീചികൾ : ഭാഗം 9

പ്രണയവീചികൾ : ഭാഗം 10

പ്രണയവീചികൾ : ഭാഗം 11

പ്രണയവീചികൾ : ഭാഗം 12

പ്രണയവീചികൾ : ഭാഗം 13

പ്രണയവീചികൾ : ഭാഗം 14

പ്രണയവീചികൾ : ഭാഗം 15

പ്രണയവീചികൾ : ഭാഗം 16

പ്രണയവീചികൾ : ഭാഗം 17

പ്രണയവീചികൾ : ഭാഗം 18

പ്രണയവീചികൾ : ഭാഗം 19

പ്രണയവീചികൾ : ഭാഗം 20

പ്രണയവീചികൾ : ഭാഗം 21

പ്രണയവീചികൾ : ഭാഗം 22

പ്രണയവീചികൾ : ഭാഗം 23

പ്രണയവീചികൾ : ഭാഗം 24

പ്രണയവീചികൾ : ഭാഗം 25

പ്രണയവീചികൾ : ഭാഗം 26