Friday, April 12, 2024
Novel

പ്രണയവീചികൾ : ഭാഗം 8

Spread the love

നോവൽ
എഴുത്തുകാരി: ആർദ്ര നവനീത്‌

Thank you for reading this post, don't forget to subscribe!

ആർത്തിരമ്പി എത്തുന്ന തിരമാലകൾ കരയെ പുൽകി പിൻവാങ്ങുന്നുണ്ടായിരുന്നു.
കടലമ്മ തോറ്റേ എന്ന് മണൽത്തരികളിൽ കുട്ടികൾ എഴുതുന്നതും ഭ്രാന്തമായ ആവേശത്തോടെ തിരതല്ലിയെത്തുന്ന തിരകൾ അതിനെ മായ്ക്കുന്നതും കുട്ടികൾ വാശിയോടെ വീണ്ടുമെഴുതുന്നതും ഋതു നോക്കി നിന്നു.

അസ്തമയസൂര്യന്റെ അന്തിചുവപ്പ് വ്യാപിച്ചു തുടങ്ങിയിരുന്നു.

അവൾക്ക് ചുറ്റും നീരവും അമ്പുവും വൈശുവും നിൽപ്പുണ്ടായിരുന്നു.
ഒരരികത്തായി സാരംഗും.

ഋതുവും തന്റെ കുട്ടിക്കാലം ഓർക്കുകയായിരുന്നു.
സന്തോഷം മാത്രം അലതല്ലിയിരുന്ന കാലം.

പട്ടുപാവാടയും കുപ്പിവളകളും നെഞ്ചോട് ചേർത്ത എല്ലാവരുടെയും സ്നേഹവാത്സല്യങ്ങൾ മാത്രം ആവോളം നുകർന്നിരുന്ന ഋതു.

അച്ഛന്റെ പൊന്നുമോൾ. ഏട്ടന്റെ കുറുമ്പി. അമ്മയുടെ കാന്താരി.

കോട്ടയത്ത് തന്നെയാണ് പഠിച്ചതും വളർന്നതുമൊക്കെ. ഓണത്തിനും ക്രിസ്തുമസിനും വേനലവധിക്കും ഓടിയെത്തുന്ന അച്ഛന്റെ തറവാട്.

അച്ഛച്ചനും അച്ഛമ്മയ്ക്കും അച്ഛനുൾപ്പെടെ അഞ്ച് മക്കളായിരുന്നു.
മൂത്തത് സുഭദ്ര അപ്പച്ചി.

ഭർത്താവ് ഭരതൻ മേനോൻ. മക്കൾ ആർച്ചയും അർച്ചനയും അന്ന് ഡിഗ്രിക്ക് പഠിക്കുന്നു.
രണ്ടാമത്തെയാൾ ഗൗരി അപ്പച്ചി.

ഭർത്താവ് ശ്രീധരൻ മേനോൻ. മകൻ ശ്രീവേദ് . അന്ന് വേദ് ഡിഗ്രിക്ക് പഠിക്കുന്നു.
മൂന്നാമത്തേതാണ് അച്ഛൻ.

അച്ഛന് താഴെ രണ്ടുപേർ കൂടിയുണ്ട്. മഹാദേവൻ അമ്മാവൻ ഭാര്യ സംഗീത. അവരുടെ മക്കൾ അനുവും ആരുവും. ഇരട്ടകളാണ്.

അഞ്ചാം ക്ലാസ്സിൽ പഠിക്കുന്നു.ഏറ്റവും അവസാനത്തേത് ചിത്ര അപ്പച്ചിയും. അപ്പച്ചി വിവാഹം കഴിച്ചിട്ടില്ല.

ചൊവ്വാദോഷം എന്ന് പറഞ്ഞ് വന്ന ആലോചനകളെല്ലാം മുടങ്ങിപ്പോയി. ഒടുവിൽ ഇനി ആരുടെയും മുൻപിൽ കെട്ടിയൊരുങ്ങി നിൽക്കാൻ വയ്യെന്ന് അപ്പച്ചി പ്രഖ്യാപിച്ചു.

മകളുടെ വേദന മനസ്സിലാക്കിയ അച്ഛഛനും അച്ഛമ്മയും പിന്നെ അപ്പച്ചിയെ വേദനിപ്പിച്ചില്ല.

അക്കൊല്ലം വേനലവധിക്ക് ഒത്തുകൂടിയതാണ് എല്ലാവരും.

അച്ഛനും ശ്രീധരൻ അമ്മാവനും കോട്ടയത്താണ്. ബിസിനസുമായി തിരക്ക്.
അന്നൊക്കെ ഋഷിയേട്ടന് ജീവനായിരുന്നു തന്നെ.

ആർച്ച ചേച്ചിയും അർച്ചന ചേച്ചിയും ഡിഗ്രിക്കായതുകൊണ്ട് അവരുമായി വലിയ കൂട്ടില്ലായിരുന്നു.
എന്നാൽ വേദുo ഋഷിയും ഋതുവും ഒരുമിച്ചാണ് നടക്കുന്നത്.
വേദിനും അവളെ ഒരുപാട് ഇഷ്ടമായിരുന്നു.

കുളത്തിൽ നിന്നും ആമ്പൽ പൊട്ടിക്കാനും അമ്പലത്തിൽ പോകാനുമൊക്കെ വേദ് കൂടെനിന്നു.

ചിത്ര അപ്പച്ചിക്ക് കുട്ടികളിൽ വാത്സല്യവും തന്നോടായിരുന്നു.

അവിടുത്തെ അമ്പലത്തിൽ ഉത്സവമായിരുന്നു.
തിരക്കിനിടയിലൂടെ വേദിന്റെയും ഋഷിയുടെയും കൈപിടിച്ചാണ് നടന്നിരുന്നത്.

അന്ന് തന്നെ അരയോളം മുടിയുണ്ട്. പട്ടുപാവാടയാണ് തറവാട്ടിൽ എത്തിയാൽ സ്ഥിരം വേഷം.
കൈനിറയെ കുപ്പിവളകൾ വാങ്ങി ഇട്ടുതരാൻ വേദുo ഋഷിയും മത്സരമായിരുന്നു.

തിരിച്ചു വരുന്നതിനിടെ വേദിന്റെ കൂട്ടുകാരെ കണ്ടു.
അതിലൊരാളുടെ കണ്ണുകൾ ഋതുവിലായിരുന്നു.

അവന്റെ കണ്ണുകൾ അവളുടെ വെള്ളാരംകണ്ണിലും പട്ടുപാവാടയിൽ തുള്ളിത്തുളുമ്പി നിന്ന കൗമാരത്തിലുമായിരുന്നു.

അത് മനസ്സിലാക്കിയത് കൊണ്ടാകാം വേദ് അപ്പോൾ തന്നെ അവളെ അവിടെനിന്നും കൊണ്ടു വന്നു.

അതിനിടയിലാണ് പനി പിടിച്ചത്. നല്ല പനി യുള്ളത് കൊണ്ട് ആറാട്ട് കാണാൻ പോകാൻ കഴിഞ്ഞില്ല.

ചിത്ര അപ്പച്ചി കാവലിരിക്കാമെന്ന് പറഞ്ഞിരുന്നു.
നെറ്റിയിൽ തുണി നനച്ചിട്ടശേഷം ചുക്ക് കാപ്പി തരികയും ചെയ്തു അപ്പച്ചി.

അടുത്ത വീട്ടിൽ ഉത്സവമായതുകൊണ്ട് തന്റെ കൂട്ടുകാരി വന്നെന്ന് പറഞ്ഞ് ചിത്രയപ്പച്ചി അവരെ കാണാൻ ആഗ്രഹിച്ചിരിക്കുകയായിരുന്നു.

അപ്പച്ചി പോയിട്ട് വാ. കാപ്പി കുടിച്ചല്ലോ. ഞാൻ വിയർത്തു തുടങ്ങി. ഒന്ന് ഉറങ്ങി എഴുന്നേൽക്കുമ്പോൾ പനി കുറയും.

ആ സമയം അപ്പച്ചി പോയിട്ട് വരുമല്ലോ.. വയ്യാതിരുന്നിട്ടും അപ്പച്ചിയുടെ സന്തോഷം കളയേണ്ടെന്ന് കരുതി അപ്പച്ചിയെ നിർബന്ധിച്ച് അയച്ചു.

പനിച്ചൂടിനിടയിൽ കണ്ണുകൾ അടഞ്ഞു തുടങ്ങിയിരുന്നു.

ആരോ തനിക്കരികിൽ വരുന്നതും മുഖത്തും ചുണ്ടുകളിലും ആ കൈകൾ തട്ടിതഴുകുന്നതും അറിഞ്ഞു.

താമരവള്ളിപോലെ കുഴഞ്ഞുകിടന്ന തന്നെ നെഞ്ചോട് ചേർക്കുന്നതും പട്ടുപാവാടയുടെ ഉടുപ്പിന്റെ ഹുക്കുകൾ എടുക്കുന്നതും അറിഞ്ഞു. കുതറിപ്പിടഞ്ഞു.

ഉച്ചത്തിൽ നിലവിളിക്കാനായില്ല. ശബ്ദമെല്ലാം അടഞ്ഞതുപോലെ.
കൈകൾ കൂപ്പി തൊഴുതു അരുതെന്ന് വിലക്കി.

പനിചൂടിനാൽ പൊള്ളുന്ന ശരീരത്തേക്ക് തണുത്ത ആ ശരീരം അപ്പോഴേക്കും അമർന്നിരുന്നു. കുപ്പിവളകൾ ഞെരിഞ്ഞുടഞ്ഞു.

തള്ളിമാറ്റാൻ പോലും കഴിയാതെ ദുർബലമായ കൈകൾ.
കണ്ണുനീർ നിറഞ്ഞ് കണ്ണുകൾ ചുട്ടുപൊള്ളിയിരുന്നു.

അതിനിടയിലും ശരീരത്തിലെ അസഹ്യമായ വേദന.

ശരീരത്തിന്റെ മൃദുലതകളിൽ ഞെരിഞ്ഞമരുന്ന കൈകൾ. ശരീരത്തിൽ പലയിടങ്ങളിലായി പല്ലുകൾ ആഴ്ന്നിറങ്ങി.

ഒടുവിലെപ്പോഴോ കണ്ണുകൾ തുറന്നപ്പോൾ കണ്ടു കരയുന്ന ചിത്ര അപ്പച്ചിയും അമ്മയും അച്ഛമ്മയുമൊക്കെ.
സഹിക്കാൻ കഴിയാത്ത ശരീരവേദന. പുതപ്പിനാൽ തന്നെ പൊതിഞ്ഞുപിടിച്ച് നെഞ്ചോട് ചേർത്തുകരയുന്ന അമ്മ.

പുകമറപോലെ ഓരോന്നായി തെളിഞ്ഞുവന്നു.
ആവി പൊങ്ങുംപോലെ ശരീരം വെന്തുനീറി.

അലറിക്കരഞ്ഞു.
പൊട്ടിക്കിടക്കുന്ന കുപ്പിവളകൾ അതുകാൺകെ വിളി ഉച്ചത്തിലായി.

ഞാൻ കാരണമാണല്ലോ എന്റെ മോൾക്കീ ഗതി വന്നത്.

നീ നിർബന്ധിച്ചതുകൊണ്ടല്ലേ മോളേ ഞാൻ പോയത്. ഇല്ലെങ്കിൽ അപ്പച്ചി ന്റെ മോളെടുത്ത് കാണുമായിരുന്നല്ലോ… സങ്കടങ്ങളെല്ലാം അപ്പച്ചി കരഞ്ഞു തീർത്തു.

ഓഹ്.. അപ്പോൾ മനപ്പൂർവം പറഞ്ഞ് വിട്ടിട്ട് ആരെയോ വിളിച്ചു കയറ്റിയതാ… ആർച്ച ചേച്ചിയുടെ പരിഹാസം ഉയർന്നുകേട്ടു.

ഞെട്ടലോടെ നിറമിഴികൾ ഉയർത്തി നോക്കി. പല മുഖങ്ങളിലും അത് വിശ്വസിച്ച ഭാവം..

ആരാണെന്ന് മാറിമാറി എല്ലാവരും ചോദിച്ചു.
തന്നെ വിശ്വസിക്കാതെ കഥകൾ മെനഞ്ഞുണ്ടാക്കാൻ മാത്രം നാവ് ചലിപ്പിക്കുന്നവർ എന്ത് വിശ്വസിക്കും.

ഗൗരി അപ്പച്ചി വന്നു. സ്നേഹപൂർവ്വം ചോദിച്ചു.

ഒന്നും മിണ്ടിയില്ല. അവരെ കാൺകെ അവളുടെ മിഴികളും നിറഞ്ഞുവന്നു.
ഒടുവിൽ ആ മിഴികളും നിറഞ്ഞൊഴുകി.

രണ്ടുമൂന്നു ദിവസങ്ങൾ കടന്നുപോയി.
അച്ഛമ്മയും ചിത്ര അപ്പച്ചിയും ഗൗരി അപ്പച്ചിയും അമ്മയും മാത്രം മുറിയിൽ കടന്നു വന്നു.

പുറത്തറിഞ്ഞാൽ കുടുംബത്തിന് മാനക്കേടാകും. ആരുമറിയേണ്ട ശ്രീധരൻ അമ്മാവന്റെ വാക്കുകൾ മുഴങ്ങിക്കേട്ടു. എല്ലാംകേട്ട് സമ്മതം മൂളുന്ന അച്ഛൻ.

പട്ടണത്തിലൊക്കെ വളർന്നതല്ലേ. കള്ളം കാണിച്ച് വീട്ടിൽ ഇരുന്നിട്ട് ചിത്രയെ പറഞ്ഞ് കൂട്ടുകാരിയുടെ അടുക്കൽ വിട്ടിട്ടാ വിളിച്ചു കയറ്റിയത്.

ബോധംകെട്ട് ഉറങ്ങിക്കാണും അതുകഴിഞ്ഞ്. എന്നാലും പതിനഞ്ച് വയസ്സല്ലേ ആയുള്ളൂ.

എന്റെ ആർച്ചയും അർച്ചനയും ഉണ്ടല്ലോ ഇതുവരെ ഒരു ചീത്തപ്പേര് കേൾപ്പിച്ചിട്ടുണ്ടോ പിള്ളേർ… സുഭദ്ര അപ്പച്ചിയുടെ വാക്കുകൾ ഉയർന്നുകേൾക്കുന്നുണ്ടായിരുന്നു.

അച്ഛൻ വന്നെന്ന് അറിഞ്ഞു. കാണാൻ പോലും വന്നില്ല.
ചിത്ര അപ്പച്ചി ആശ്വസിപ്പിച്ചു കൊണ്ടിരുന്നു.

അപ്പച്ചിയുടെ നിർബന്ധത്തിന് വഴങ്ങി ഒരാഴ്ചയ്ക്ക് ശേഷം മുറിക്ക് പുറത്തിറങ്ങി.

തന്നെ കണ്ടതും ദേഷ്യത്തോടെ കയറിപ്പോകുന്ന ഋഷിയേട്ടൻ. അതിന് പിന്നാലെ തന്നെ നോക്കിയശേഷം വേദ് കയറിപ്പോയി. ആ കണ്ണുകളിൽ വേദന നിറഞ്ഞിരുന്നോ.

അച്ഛൻ മുഖം തിരിച്ചു. നെഞ്ച് വിങ്ങി. കാൽമുട്ടുകളിൽ മുഖമമർത്തി ഒരുപാട് കരഞ്ഞു.

കുളപ്പടവുകളിൽ ഒറ്റയ്ക്കിരുന്നു. എപ്പോഴും ഇടവും വലവും ഉണ്ടായിരുന്ന ഋഷിയേട്ടനും വേദുമില്ല.

കുളപ്പടവിലേക്ക് മുങ്ങിക്കുളിക്കാൻ വന്ന ഋഷിയെട്ടൻ തന്നെ കണ്ടതും തിരിഞ്ഞു നടന്നു. പിന്നാലെ വേദുo.

ഏട്ടാ.. വിളിച്ചു കൊണ്ട് പിന്നാലെയോടി.

വിളിക്കരുത് നീയെന്നെ അങ്ങനെ. എന്റെ ഋതു തെറ്റ് ചെയ്യില്ലെന്ന് വിശ്വസിച്ചിരുന്നവനാ ഞാൻ… ആ ശബ്ദം ഇടറിയിരുന്നു.

ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ല ഏട്ടാ.. ഏട്ടന് തോന്നുന്നുണ്ടോ ഞാൻ തെറ്റ് ചെയ്യുമെന്ന്.. അവൾ ആർത്തു കരഞ്ഞു.

ആരായിരുന്നു അവൻ പറയ് ഋതൂ… വേദിന്റെ വാക്കുകളിൽ രോഷം നിറഞ്ഞിരുന്നു.

എങ്കിൽ പിന്നെ നീയെന്തിനാ അപ്പച്ചിയെ അടുത്ത വീട്ടിലേക്ക് അയച്ചത്. അല്ലെങ്കിൽ പറയ് ആരാണെന്ന്.

ആരാണെങ്കിലും കൊല്ലും ഞാൻ അവനെ.. ഋഷിയാണ് പറയുന്നത്….

അവന്റെ ചുവന്ന കണ്ണുകൾ അവൻ പറഞ്ഞത് അതുപോലെ പ്രവർത്തിക്കുമെന്ന് വ്യക്തമാക്കിയിരുന്നു.

തന്റെ ഏട്ടനെ കൊലപാതകിയായി കാണാൻ വയ്യ.. നിഷേധാർഥമായി അവൾ തലയനക്കി.

സത്യം അപ്പോൾ എല്ലാവരും പറയുന്നതാകും. ഋഷിക്ക് ഇനി ഇങ്ങനൊരു പെങ്ങളില്ല..

പടവുകൾ കയറി വേദുo ഋഷിയും പോകുമ്പോഴും അവന്റെ വാക്കുകൾ അവളുടെ തലയ്ക്കുള്ളിൽ മൂളിക്കൊണ്ടിരുന്നു.

മോളേ .. ചുമലിലൊരു കരസ്പർശം. തീപ്പൊള്ളലേറ്റപോലെ പിടഞ്ഞെഴുന്നേറ്റു.

പോ.. ദൂരെ പോ. എനിക്ക് കാണണ്ട. എനിക്കിഷ്ടമല്ല… അവൾ അലറി. ആ അലറൽ കുളപ്പടവുകളിൽ മാത്രമായൊതുങ്ങി നിന്നു.

അവളുടെ മിഴികൾ നിറഞ്ഞൊഴുകുകയായിരുന്നു.
വൈശു അവളെ ചേർത്തു പിടിച്ചു.

അന്നത്തെ പതിനഞ്ച് വയസ്സുകാരിയിൽ നിറഞ്ഞു നിന്നത് ഭയമായിരുന്നു.
പുറത്തറിഞ്ഞാലുള്ള നാണക്കേട്, കുടുംബത്തിലുള്ളവരുടെ തന്നെ കുറ്റപ്പെടുത്തലുകൾ, അവിശ്വാസം.

സത്യം എല്ലാവരോടും പറഞ്ഞാലുള്ള അവസ്ഥ. എല്ലാത്തിനെയും പേടിയായിയുന്നു…

പിന്നീട് സ്വയം മാറി. വിശ്വസിക്കാനും ചേർത്തുപിടിച്ചൊന്ന് തലോടാനും ആശിച്ച കൈകൾ മാറ്റിനിർത്തി. ആ ദേഷ്യത്തിൽ നിന്നുമാണ് ഞാൻ മാറാൻ ശ്രമിച്ചത്.

ഋതു വിങ്ങിക്കരഞ്ഞു. അവളുടെ കണ്മഷി ഒലിച്ചിറങ്ങിയിരുന്നു.
.

എന്നോട് കൂട്ട് വേണ്ടെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോടാ ഇപ്പോൾ.. അവളുടെ ഇടറിയ സ്വരം നീരവിന്റെയും അമ്പുവിന്റെയും നെഞ്ച് തകർത്തുകളഞ്ഞു.

എന്തിനാടീ.. നീയെന്ത് തെറ്റാ ചെയ്തത്.
കഴിഞ്ഞ മൂന്നുവർഷമായി കാണുന്നതാ ഞങ്ങൾ നിന്നെ. ഏതോ തെരുവുനായ കടിച്ചെന്ന് വച്ച് നീ തെറ്റ് ചെയ്തതാകുമോ.

നിന്നെ അവിശ്വസിക്കാൻ ഒരുപാട് പേർ കാണും. ഞങ്ങൾക്ക് നിന്നെ വിശ്വാസമാണ്.
നീ തെറ്റ് ചെയ്യില്ലെന്ന് ഞങ്ങൾക്കറിയാം.

പൊട്ടിക്കരഞ്ഞുകൊണ്ട് അവൾ അവരുടെ നെഞ്ചിൽ മുഖമമർത്തി.

തൊട്ടടുത്തായി ഹൃദയം തകർന്ന് സാരംഗ് നിൽപ്പുണ്ടായിരുന്നു.

ആദ്യമായി പ്രണയം തോന്നിയ പെണ്ണ്. എന്തൊക്കെയെയോ നിഗൂഢതകൾ അവളിൽ മറഞ്ഞിരിക്കുന്നു എന്ന് വ്യക്തമായിരുന്നു.

എന്നാൽ അത് ഇത്രത്തോളം ഭീകരമായിരിക്കുമെന്ന് അവൻ സ്വപ്നത്തിൽപ്പോലും ചിന്തിച്ചിരുന്നില്ല.

ഒരിക്കൽ മനസ്സിലടക്കി വച്ചിരുന്ന കോപം, അമർഷം അതെല്ലാമാണ് അന്നവളെ ആശിഷിനെതിരെ മൊഴി നൽകാൻ പ്രാപ്തയാക്കിയത്.

പതിനഞ്ചാം വയസ്സിൽ അവൾക്കേറ്റ ദുരന്തം.

പക്ഷേ അവളോടുള്ള ബഹുമാനം ഇരട്ടിയായി കൂടിയതേയുള്ളൂ.

കൂടെ നിൽക്കേണ്ടവർ പോലും മുഖം തിരിച്ചപ്പോൾ അവൾ ഉയർന്നു നിന്നു.
അതാണവളെ അഹങ്കാരത്തിന്റെ മുഖംമൂടി അണിയാൻ പ്രേരിപ്പിച്ചതും.

ഋതു തലയുയർത്തി. അവളുടെ നോട്ടം സാരംഗിന് മേൽ പതിഞ്ഞു.

ഇടറിയ ചുവടുകളുമായി അവൾ അവനടുത്തെത്തി.

താൻ പറഞ്ഞത് ശരിയാണ് ഒരുപാട് രഹസ്യങ്ങൾ ഒളിപ്പിച്ചുകൊണ്ട് പുറമേ മറ്റൊരു പൊയ്മുഖം അണിഞ്ഞുനടന്നവളാണ് ഞാൻ. പേടിയായിരുന്നു എല്ലാവരെയും.

സ്നേഹിക്കാൻ വരെ പേടിയായിരുന്നു.

എന്റെ അച്ഛനും ഏട്ടനും എന്നോട് സ്നേഹത്തിൽ സംസാരിച്ചിട്ട് ആറ് വർഷമാകുന്നു.
ആകെ സ്നേഹിച്ചത് ഇവരാണ്.

ഇവന്മാരെപ്പോലും കൂടെ കൂട്ടാൻ പേടിയായിരുന്നു. മറ്റൊന്നുമല്ല എല്ലാമറിയുമ്പോൾ എന്റെ ഋഷിയെട്ടൻ പോയതുപോലെ പോയാലോ. വരണ്ട ഒരു ചിരി അവളിൽ വിരിഞ്ഞു.

ഇനിയെന്റെ പിറകെ വരരുത് സാരംഗ് . എനിക്കീ ജന്മം ആരെയും സ്നേഹിക്കാൻ കഴിയില്ല.. പറഞ്ഞുകൊണ്ടവൾ മണൽത്തരികളിലൂടെ തിരിഞ്ഞു നടന്നു.

ഋതിക… നീയെന്തൊക്കെ പറഞ്ഞാലും എനിക്ക് നിന്നെ ഇഷ്ടമാണ്. ഒരു തരിപോലും ഇഷ്ടം കുറഞ്ഞിട്ടില്ല.

എല്ലാവിധ പരിശുദ്ധിയോടും കൂടിവേണം മറ്റൊരാളിന്റെ ജീവിതത്തിന്റെ ഭാഗമാകേണ്ടതെന്ന് ചിന്തിച്ച മനസ്സ് അതുമാത്രം മതിയെനിക്ക്..നിന്റെ ശരീരമല്ല ഞാൻ സ്നേഹിച്ചത്. സാരംഗ് ഉറച്ച സ്വരത്തിൽ വിളിച്ചു പറഞ്ഞു.

എന്നാൽ ഒന്ന് നിൽക്കുകപോലും ചെയ്യാതെ അവൾ ജീപ്പിൽ കയറി.

നിങ്ങളെപ്പോലെ ചിന്തിക്കാൻ നിങ്ങൾക്കേ കഴിയുള്ളൂ.

നിങ്ങൾക്ക് ഞങ്ങളുടെ ഋതുവിനോടുള്ള സ്നേഹം സത്യമാണെങ്കിൽ കൂടെ കാണും ഞങ്ങൾ.

കാരണം അത്രയ്ക്ക് നല്ലവളാണ് അവൾ.. നീരവ് സാരംഗിന്റെ മുഖത്ത് നോക്കി പറഞ്ഞു.

സ്വന്തം പരിശുദ്ധിക്ക് അത്രയേറെ വില കല്പിച്ചിരുന്നവളാണ് അവൾ. അഭിമാനിയായ പെണ്ണ് . താൻ കാരണം മറ്റാർക്കും ദോഷം വരരുതെന്ന് ചിന്തിക്കുന്നവൾ.

അതുകൊണ്ടാണ് അവളെ തകർത്തത് ആരാണെന്ന് അറിയാമായിരുന്നിട്ടും അവൾ അത് ഇന്നുവരെ ആരോടും പറയാത്തതും.. സാരംഗ് പറഞ്ഞു.

ഞെട്ടലോടെ അവർ വൈശുവിനെ നോക്കി.

അവരുടെ നോട്ടത്തിന്റെ അർത്ഥം മനസ്സിലായതുപോലെ വൈശു തലയാട്ടി.

എനിക്കറിയില്ല മറ്റൊന്നും. പറഞ്ഞിട്ടില്ലവൾ അതുമാത്രം.

ആകെ തകർന്നിരുന്ന അവസ്ഥയിൽ അവളിത് എന്നോട് മാത്രമേ പറഞ്ഞിരുന്നുള്ളൂ. ആളെ അവൾക്ക് ഓർമ്മയില്ലെന്നും പറഞ്ഞിരുന്നു. വൈശു പറഞ്ഞു.

അവൾക്കറിയാം അതാരാണെന്ന്.

അതവൾ ഋഷിയോട് പറയുമായിരുന്നു. പക്ഷേ അവന്റെ വാക്കുകളാണ് അവളെ പിന്നോട്ട് വലിച്ചത്.

താൻ കാരണം അവളുടെ ഏട്ടൻ കൊലപാതകിയാകേണ്ടെന്ന് കരുതി മാത്രം അവളൊളിപ്പിച്ച രഹസ്യം.

അവളെ സ്നേഹിക്കുന്നവർക്ക് ആപത്ത് വരാൻ അവൾ സമ്മതിക്കില്ല. കാരണം അവൾക്ക് എല്ലാവരെയും സ്നേഹിക്കാൻ മാത്രമേ അറിയാവൂ….

സാരംഗിന്റെ മിഴികൾ നിറഞ്ഞിരുന്നു .

(തുടരും )

പ്രണയവീചികൾ : ഭാഗം 1

പ്രണയവീചികൾ : ഭാഗം 2

പ്രണയവീചികൾ : ഭാഗം 3

പ്രണയവീചികൾ : ഭാഗം 4

പ്രണയവീചികൾ : ഭാഗം 5

പ്രണയവീചികൾ : ഭാഗം 6

പ്രണയവീചികൾ : ഭാഗം 7