Saturday, April 20, 2024
Novel

പ്രണയവീചികൾ : ഭാഗം 30

Spread the love

നോവൽ
എഴുത്തുകാരി: ആർദ്ര നവനീത്‌

Thank you for reading this post, don't forget to subscribe!

ബാംഗ്ലൂർ എം ജി റോഡിലെ ഫ്ലാറ്റ് നമ്പർ 12 ബി യിലെ ബാൽക്കണിയിൽ നിന്നും ഫ്ളാറ്റിന് മുൻവശത്ത് സെറ്റ് ചെയ്തിരിക്കുന്ന ഗാർഡനിലേക്ക് നോക്കി നിൽക്കുകയാണ് ഋതു.
അമ്പുവും നീരവും അടുത്ത ഫ്ലാറ്റിലുണ്ട്.

വൈശുവിന്റെ വിവാഹം കഴിഞ്ഞിട്ട് ഒരു വർഷമായി അവളും ഭർത്താവും ദുബായിലാണ് ഇപ്പോൾ.

റിച്ചുവിനെയാണ് അവൾ വിവാഹം കഴിച്ചതും.
അമ്പുവിന്റെ പരിചയത്തിലുള്ള വ്യക്തിയുടെ ഫ്ലാറ്റ് ആണ്.

റെന്റിന് താമസിക്കുകയാണ് ഋതു ഇപ്പോൾ.

നനഞ്ഞ മുടി മുൻപിലേക്കിട്ടുകൊണ്ട് അവൾ കോഫി മഗ് ചുണ്ടോടടുപ്പിച്ച് മൊത്തി.

രണ്ടരമാസമായിരിക്കുന്നു ബാംഗ്ലൂരിലേക്ക് വന്നിട്ട്.. ഒന്നുകൂടി വ്യക്തമായി പറയുകയാണെങ്കിൽ എല്ലാവരിൽനിന്നും ഒളിച്ചോടി വന്നിട്ട്.

ദിവസവും ഒരു പ്രാവശ്യം വീട്ടിൽ വിളിക്കും.

അമ്മയുടെ കരച്ചിലും പിഴിച്ചിലും സ്ഥിരമായി കേൾക്കാം. അച്ഛന്റെ സ്വരത്തിലെ നൊമ്പരം തിരിച്ചറിയാമെങ്കിലും അറിഞ്ഞതായി ഭാവിച്ചിരുന്നില്ല.

ഋഷിയേട്ടന്റെ സ്വരത്തിൽ തന്നോടുള്ള പരിഭവം വ്യക്തമാണ്. സാരംഗിനെ വേദനിപ്പിച്ചത് കൊണ്ടാണെന്ന് വ്യക്തമായി അറിയാം..

സാരംഗിനെപ്പറ്റി ചോദിക്കാൻ പലപ്പോഴും മനസ്സ് വെമ്പിയിട്ടുണ്ട്. അപ്പോഴെല്ലാം സ്വയം ശാസിച്ചിട്ടുണ്ട്. ഏട്ടനായി ഒന്നും ഇങ്ങോട്ട് പറയാറുമില്ല. മനഃപൂർവ്വമാണെന്ന് അറിയാം.

അവന് നല്ലൊരു ജീവിതം ലഭിക്കണമെന്ന് മാത്രമേ ആഗ്രഹിക്കാൻ കഴിയുന്നുള്ളൂ. മറ്റൊരു പെണ്ണിനൊപ്പം അതോർക്കുമ്പോൾ തന്നെ നെഞ്ച് പിടയുകയാണ്.

തന്റെ താലിയുടെ അവകാശിയാണ് … തന്നെ സ്വപ്നം കാണാൻ പഠിപ്പിച്ചവൻ.. തന്റെ മിഴികളിൽ നിന്നും മനസ്സ് വായിച്ചവൻ..

പ്രണയത്തിന്റെ ആഴവും പരപ്പും വ്യക്തമാക്കി തന്നവൻ… കണ്ണുകൾ നിറഞ്ഞു.
ഭാഗ്യമില്ലാത്ത ജന്മമായിപ്പോയി തന്റേത്.

കാത്തുസൂക്ഷിച്ച പരിശുദ്ധി പതിനഞ്ചാം വയസ്സിൽ ഒരുവൻ കവർന്നെടുത്തു. ആ വേദനയിൽ മനസ്സും ശരീരവും നീറിപ്പുകയുമ്പോൾ ചേർത്തു നിർത്തേണ്ടവരാൽ സ്വായത്തമാക്കേണ്ടി വന്ന അവഗണനകൾ..

ഒടുവിൽ മനോഹരമായ നൂലിഴകളിൽ കോർത്ത പ്രണയവുമായി തന്നിലേക്ക് വന്നണഞ്ഞവൻ..

എല്ലാം തിരികെ കിട്ടിയെന്ന് വിചാരിച്ച നിമിഷം കൈക്കുമ്പിളിലൂടെ ഊർന്നുപോയ ജീവിതം.

അവളുടെ മുൻപിൽ വേദിന്റെ രക്തത്തിൽ കുളിച്ച രൂപം തെളിഞ്ഞു വന്നു.
ഈ ഭൂമിയിൽ നിന്നും മാഞ്ഞുപോയിട്ടും വേദിനോടവൾക്ക് ആ നിമിഷം വല്ലാത്ത ദേഷ്യം തോന്നി.

ശ്രീവേദ് അങ്ങനെയൊരു വ്യക്തി ഇല്ലാതിരുന്നുവെങ്കിൽ താനിപ്പോൾ സാരംഗിന്റെ പാതിയായി.. അവന്റെ കുഞ്ഞുങ്ങളുടെ അമ്മയായി നല്ലൊരു ജീവിതം നയിക്കുമായിരുന്നു.
വിധി എന്ന രണ്ടക്ഷരം പലരുടെയും ജീവിതത്തിൽ വില്ലനാണ്.

അല്ലെങ്കിലും ആശിച്ചതെല്ലാം നേടാനായാൽ ആ ജീവിതത്തിന് എന്ത് കിക്ക്..

ഹ്മ്മ്.. അവളുടെ മുഖത്ത് പുച്ഛം നിറഞ്ഞൊരു ഭാവം വിരിഞ്ഞു.

പിറ്റേന്ന് അമ്പുവിനോടും നീരവിനോടുമൊപ്പമാണ് ഓഫീസിൽ പോകാനിറങ്ങിയത്. അങ്ങനെയാണ് പതിവും.

പഴയതുപോലെ കുസൃതിയില്ലാതെ തികച്ചും ഗൗരവമായ അന്തരീക്ഷമാണ് തങ്ങൾക്കിടയിൽ ഇപ്പോഴുള്ളത്.

അവർക്കും താൻ സാരംഗേട്ടനെ വെറുപ്പിച്ച് വന്നതിൽ ദേഷ്യമുണ്ട്.
കാരണം അവർ അത്രയേറെ ആഗ്രഹിച്ചിരുന്നല്ലോ ഞങ്ങൾ തമ്മിലുള്ള ജീവിതo.

മറ്റൊരു നാടായതുകൊണ്ട് തന്നെ ആർക്കും തന്നെപ്പറ്റി ഒന്നുമറിയില്ല.

അല്ലെങ്കിലും ബാംഗ്ലൂർ പോലൊരു തിരക്കുപിടിച്ച നഗരത്തിൽ സ്വന്തം കാര്യങ്ങൾ മാത്രം നോക്കി ജീവിതo ആഘോഷിക്കുന്നവർക്ക് മറ്റുള്ളവരുടെ കാര്യത്തിൽ തലയിടേണ്ട ആവശ്യമില്ലല്ലോ.

ഫോണും ചാറ്റിങ്ങും ഔട്ടിങ്ങും ഫ്രണ്ട്‌സുമായൊരു ലോകം. ശരിക്കും ത്രില്ലിംഗ്.

വിവാഹം കഴിഞ്ഞവരുമുണ്ട് അവർക്ക് കുഞ്ഞുങ്ങളും ഭർത്താവുമായി അവരുടെ മനോഹരമായ നിമിഷങ്ങൾ.

പതിവുപോലെ സിസ്റ്റത്തിന് മുൻപിലിരുന്ന് ചെയ്യാനുള്ള വർക്കുകൾ തീർക്കാൻ തുടങ്ങി .

ബ്രേക്ക്‌ ടൈമിൽ മൂന്ന് നിരകൾക്കപ്പുറത്ത് നിന്നും അമ്പുവിന്റെയും നീരവിന്റെയും ചിരി മുഴങ്ങിക്കേട്ടു. ദീപികയുമുണ്ട് കൂട്ടത്തിൽ.

മെലിഞ്ഞു കൊലുന്നനെയുള്ള സുന്ദരി. സ്ട്രൈറ്റ് ചെയ്തിട്ട മുടിയിഴകളും കാജൽ വരച്ചു കറുപ്പിച്ച മിഴികളുമായുള്ള പെൺകുട്ടി.

അവളെ കണ്ടപ്പോൾ തന്നെയാണ് ഋതുവിന് കാണാനായത്..

കൂട്ടുകാരോടൊപ്പമുള്ള നിമിഷങ്ങളിൽ സന്തോഷവതിയായിരുന്ന ഋതുവിനെ.
അങ്ങോട്ട് പോകണമെന്നും അവരുടെ കൂട്ടത്തിൽ കൂടണമെന്നും ഒക്കെ മനസ്സ് ആഗ്രഹിച്ചു കൊണ്ടിരുന്നു.

എന്നാൽ ഒരിക്കൽ താനവരുടെ അരികിലേക്ക് പോയപ്പോൾ അവർ സംസാരം നിർത്തി സീറ്റുകളിലേക്ക് മടങ്ങുകയാണുണ്ടത്.

അന്നത്തെ അവഗണന ഒരുപാട് വേദന സമ്മാനിച്ചെങ്കിലും അതിന് താൻ അർഹയാണെന്ന് സ്വയം മനസ്സിനെ പഠിപ്പിച്ചു.

പണ്ടൊക്കെ കോളേജ് വിട്ട് വന്നാൽ ഗസ്റ്റ് ഹൗസിൽ എല്ലാവരും കൂടി ഇരുട്ടുന്നതുവരെ കളിയും ബഹളവുമായിരുന്നു.

തന്നെ സന്തോഷിപ്പിക്കാൻ തന്റെ ചുണ്ടിലെ പുഞ്ചിരി കാണാൻ ഒത്തിരി ആഗ്രഹിച്ച തന്റെ കൂട്ടുകാരാണ് ഇന്ന് തൊട്ടടുത്ത ഫ്ലാറ്റിലുണ്ടായിട്ടും അന്യരെപ്പോലെ കഴിയുന്നത്.

ഒരുമിച്ച് ഉള്ള സന്ദർഭങ്ങളിലും തങ്ങൾക്കിടയിൽ നിശബ്ദത കൂട്ട് പിടിച്ചിരിക്കുന്നു.

കാത്തിരിപ്പല്ല ഇത്.. വിരഹവുമല്ല… പ്രണയത്തിന് മാത്രമറിയാവുന്ന എന്തോ ഒന്ന്.
അല്ലെങ്കിലും എന്നെങ്കിലും അവസാനിപ്പിക്കേണ്ട ജീവിതം.. അത്രേയുള്ളൂ ഋതികയ്ക്ക് ഈ ശരീരം.

സാരംഗ് പൂർണ്ണമായും മറ്റൊരു പെണ്ണിന്റേതാകുന്ന നിമിഷം ഈ ഭൂമിയിൽ നിന്നും എന്നെന്നേയ്ക്കുമായി വിട ചൊല്ലി മടങ്ങണം.

അടുത്ത ജന്മം എന്നൊന്നുണ്ടെങ്കിൽ സാരംഗിനെ പ്രണയമായി.. അവന്റെ ഭാര്യയായി.. അവന്റെ കുഞ്ഞുങ്ങളെ ഉദരത്തിൽ വഹിക്കാൻ ഭാഗ്യമുള്ളവളായി സൃഷ്ടിക്കണമെന്നൊരു ആഗ്രഹമേയുള്ളൂ.

പകരാൻ കരുതിവച്ച സ്നേഹം അവനായി പകർന്നു നൽകണം… അവന്റെ മാറിലെ ചൂടേറ്റ് അവന്റെ പ്രണയം തന്റെ ഓരോ അണുവിനും ഏറ്റുവാങ്ങണം… കണ്ണുനീർത്തുള്ളികൾ കീബോർഡിലേക്ക് ഇറ്റു വീണുകൊണ്ടിരുന്നു.

ദൂരെ മാറിനിൽക്കുകയായിരുന്നുവെങ്കിലും അവളുടെ കണ്ണുനീർത്തുള്ളികൾ ചുട്ടു പൊള്ളിക്കുകയായിരുന്നു അമ്പുവിനെയും നീരവിനെയും.

പരസ്പരം ഒന്നുനോക്കിയശേഷം അവർ സീറ്റിലേക്കിരുന്നു.

കണ്ടനാൾ ഇടിച്ചു കയറി നേടിയെടുത്ത സൗഹൃദമായിരുന്നു ഋതുവുമായി.
കൂടപ്പിറപ്പായി തന്നെയാണ് അവളെ കണ്ടിരുന്നതും.

എന്തൊക്കെയോ വിഷമങ്ങൾ ഉള്ളിൽ കൊണ്ടു നടക്കുന്നുവെന്ന് വ്യക്തമായിരുന്നിട്ടും അവളുടെ മനസ്സ് വിഷമിപ്പിക്കേണ്ടെന്ന് കരുതി ഒന്നും ചോദിച്ചിട്ടില്ല പകരo കൂടെയുണ്ടായിരുന്ന നിമിഷങ്ങളിൽ അവളെ സന്തോഷിപ്പിക്കാനേ ശ്രമിച്ചിട്ടുള്ളൂ .

ഒടുവിൽ ജീവിതത്തിലെ കറുത്ത അധ്യായങ്ങൾ ഒരു പുസ്തകംപോലെ മുൻപിൽ തുറന്നപ്പോൾ തകർന്നുപോയിരുന്നു.

അവളനുഭവിച്ച വേദനകളുടെയും അവഗണകളുടെയും കാഠിന്യമോർത്തപ്പോൾ ചങ്ക് തകർന്നിട്ടേയുള്ളൂ.

ഒടുവിൽ സാരംഗേട്ടന് അവളോടുള്ള പ്രണയം സത്യസന്ധമാണെന്നറിഞ്ഞപ്പോൾ അവളെക്കുറിച്ച് എല്ലാമറിഞ്ഞിട്ടും ആ മനുഷ്യൻ അവളെ ഭ്രാന്തമായി സ്നേഹിക്കുകയാണെന്നറിഞ്ഞപ്പോൾ അവരൊന്നിക്കാൻ ഒരുപാട് ആഗ്രഹിച്ചു.

അമ്പലനടയിൽ വച്ച് അവരൊന്നായപ്പോൾ മനസ്സ് നിറഞ്ഞു സന്തോഷിച്ചു.

ഒടുവിൽ അവളുടെ മാനം കവർന്നവൻ അവളുടെ കൈകൊണ്ട് തന്നെ അവസാനിച്ചുവെന്നറിഞ്ഞപ്പോൾ അവളെയോർത്തുള്ള വേദനയ്ക്കിടയിലും അവളെയോർത്ത് അഭിമാനിച്ചു.

പെണ്ണിന്റെ മാനത്തിന് നേരെയുയരുന്ന അവന്റെ പൈശാചികത ഉന്മൂലനം ചെയ്യാൻ പൂർണ്ണാധികാരം അവൾക്ക് തന്നെയാണ്.

എന്നാൽ താൻ നേരിട്ട് കണ്ടതാണ് അവളില്ലാതെ അവളുടെ സാമീപ്യമില്ലാതെ തകർന്നു നടക്കുന്ന സാരംഗ് ഏട്ടനെ.

അവൾ ജയിലിലായതിനുശേഷം ആ കണ്ണുകളിൽ തിളക്കം മടങ്ങി വന്നിട്ടില്ല…

ഒടുവിൽ ഡിവോഴ്സ് പേപ്പേഴ്സ് അയാൾക്ക് നേരെ നീട്ടി അയാളുടെ പതനം പൂർത്തിയാക്കിയശേഷമാണ് അവൾ തിരികെ വന്നതെന്നറിഞ്ഞപ്പോൾ ദേഷ്യമോ സങ്കടമോ അങ്ങനെയെന്തൊക്കെയോ ആണ് തോന്നിയത് .

ആ സ്നേഹo കണ്ടില്ലെന്ന് നടിക്കാൻ മാത്രം കാഠിന്യമുള്ളതായി തീർന്നോ ഋതുവിന്റെ ഹൃദയം.
ജീവിതം അങ്ങനെയാണ് ഒഴുക്കിനനുസരിച്ച് ഗതി മാറും.

ഇവിടെ രണ്ടും പ്രിയപ്പെട്ടവരാണ്.. ഋതുവും സാരംഗും.. ഇരു തുലാസ്സിലുമായി അവരെ നിർത്തുമ്പോൾ ഇരു ഭാഗവും പറയുന്ന ന്യായങ്ങൾ തുല്യമായതുകൊണ്ട് തന്നെ ഒരു തട്ടും താഴുന്നില്ല.

ഇരുവരും പ്രണയം കൊണ്ടാണ് പൊരുതുന്നത്.

എല്ലാമറിഞ്ഞിട്ടും അവളെ കൈനീട്ടി സ്വീകരിക്കാൻ തയ്യാറായി നിൽക്കുന്ന സാരംഗിന്റെ പ്രണയം ഒരു തുലാസിൽ…

പരിശുദ്ധിയില്ലാത്തവളെന്ന് ബോധ്യമുണ്ടായിട്ടും സാരംഗിന്റെ താലിക്ക് മുൻപിൽ തല കുനിച്ച് ഒരു ജീവിതം സ്വപ്നം കണ്ട് ഒടുവിൽ കൊലപാതകി എന്ന പട്ടം ചാർത്തപ്പെട്ട തന്നെപ്പോലൊരുവളല്ല അവന്റെ ജീവിതത്തിൽ വേണ്ടതെന്ന് തീരുമാനിച്ച ഋതു ഒരു വശത്ത്….

പ്രണയം… അത് ചിലപ്പോൾ ഇങ്ങനെയാണ്. ചില പ്രണയം വന്നുചേരുന്നവയാണ് … ചില പ്രണയം വിട്ടുകൊടുക്കുമ്പോഴാണ് ധന്യമാകുന്നത്…

ചില പ്രണയം പൊരുതി നേടേണ്ടി വരും.. ദുഃഖo സമ്മാനിച്ചാലും സന്തോഷo സമ്മാനിച്ചാലും പല ഭാവങ്ങളിൽ പ്രണയം ഒരവസാനവുമില്ലാതെ തുടർന്നുകൊണ്ടേയിരിക്കുന്നു…. ആഴത്തിലുള്ള പ്രണയം അതാണല്ലോ ഏറ്റവും വലിയ വേദനയും..

(തുടരും )

പ്രണയവീചികൾ : ഭാഗം 1

പ്രണയവീചികൾ : ഭാഗം 2

പ്രണയവീചികൾ : ഭാഗം 3

പ്രണയവീചികൾ : ഭാഗം 4

പ്രണയവീചികൾ : ഭാഗം 5

പ്രണയവീചികൾ : ഭാഗം 6

പ്രണയവീചികൾ : ഭാഗം 7

പ്രണയവീചികൾ : ഭാഗം 8

പ്രണയവീചികൾ : ഭാഗം 9

പ്രണയവീചികൾ : ഭാഗം 10

പ്രണയവീചികൾ : ഭാഗം 11

പ്രണയവീചികൾ : ഭാഗം 12

പ്രണയവീചികൾ : ഭാഗം 13

പ്രണയവീചികൾ : ഭാഗം 14

പ്രണയവീചികൾ : ഭാഗം 15

പ്രണയവീചികൾ : ഭാഗം 16

പ്രണയവീചികൾ : ഭാഗം 17

പ്രണയവീചികൾ : ഭാഗം 18

പ്രണയവീചികൾ : ഭാഗം 19

പ്രണയവീചികൾ : ഭാഗം 20

പ്രണയവീചികൾ : ഭാഗം 21

പ്രണയവീചികൾ : ഭാഗം 22

പ്രണയവീചികൾ : ഭാഗം 23

പ്രണയവീചികൾ : ഭാഗം 24

പ്രണയവീചികൾ : ഭാഗം 25

പ്രണയവീചികൾ : ഭാഗം 26

പ്രണയവീചികൾ : ഭാഗം 27

പ്രണയവീചികൾ : ഭാഗം 28

പ്രണയവീചികൾ : ഭാഗം 29