Thursday, April 25, 2024
Novel

പ്രണയവീചികൾ : ഭാഗം 2

Spread the love

നോവൽ
എഴുത്തുകാരി: ആർദ്ര നവനീത്‌

Thank you for reading this post, don't forget to subscribe!

ആദ്യം ഥാറിൽ നിന്നും ഇറങ്ങിയത് നീരവ് ആയിരുന്നു. മഹീന്ദ്രയുടെ മോഡിഫൈ ചെയ്ത ജീപ്പ് ആയിരുന്നു അത്. പിന്നാലെ അംബരീഷ് എന്ന അമ്പു.
ഋതുവിന്റേയും വൈശുവിന്റെയും കൂട്ടുകാർ. അവർ നാലുപേരും സുഹൃത്തുക്കളാണ്.

വൈകുന്നേരം ഷോപ്പിങ്ങിന് ഇറങ്ങിയതായിരുന്നു ഋതുവും വൈശുവും. അപ്പോഴാണ് അവർ എത്താറായെന്ന് അറിയിച്ചതും അവർക്ക് വേണ്ടി വെയിറ്റ് ചെയ്തതും.

ഋതൂ.. നീ വന്നപ്പോൾ തന്നെ പൊളിച്ചടുക്കിയല്ലേ കോളേജിൽ.. നീരവ് അവളുടെ തലയ്ക്കിട്ട് തട്ടിക്കൊണ്ട് പറഞ്ഞു.

ഋതു കണ്ണുരുട്ടിക്കൊണ്ട് വൈശുവിനെ നോക്കി.
അവൾ ഇളിച്ചു കാണിച്ചു.

അതുപിന്നെ അവൾ വന്നിറങ്ങിയപ്പോൾ തന്നെ വരവറിയിച്ച് പടക്കം പൊട്ടിച്ചു കളിച്ചതല്ലേ. അല്ലേടീ.. അവൻ ജീവനോടെയുണ്ടോ.. കൈമലർത്തിക്കൊണ്ട് അമ്പു അവളുടെ തോളിൽ കൈയിട്ട് കൊണ്ട് ചോദിച്ചു.

ടാ.. കൂടുതൽ ഊതാതെടാ.. ഋതു അവന്റെ വയറ്റിൽ പഞ്ച് ചെയ്തു.

എന്ത് ഇടിയാടീ ഇത്. ഒന്നുമില്ലെങ്കിലും ഞാനൊരു അവിവാഹിതനായ കന്യകൻ അല്ലേ. ഇങ്ങനൊക്കെ ഇടിച്ചാൽ എനിക്ക് കല്യാണം കഴിക്കാൻ പറ്റില്ല.. അമ്പു കുസൃതിയോടെ പറഞ്ഞു.

ഹാ… അതല്ലെങ്കിലും പറ്റില്ല. ബുദ്ധിയുറക്കാത്ത നിനക്ക് എവിടുന്ന് പെണ്ണ് കിട്ടാനാടാ..പുച്ഛിച്ചുകൊണ്ട് ഋതു ചോദിച്ചു.

പോടീ പുല്ലേ .. അമ്പു അവളുടെ ചെവിയിൽ വിളിച്ചു.

ഋതുവിന്റെ ഗസ്റ്റ്‌ ഹൗസിലാണ് അവരുടെ താമസം അറേഞ്ച് ചെയ്തിരിക്കുന്നത്.
ശ്രീനന്ദനം ഗ്രൂപ്പ്സിലെ നന്ദൻ മേനോന്റെയും ശ്രീദേവിയുടെയും മകളാണ് ഋതിക.

ശ്രീനന്ദനം കൺസ്‌ട്രക്‌ഷൻസ്, ശ്രീനന്ദനം ഫർണിഷിങ്സ്, ശ്രീനന്ദനം വുഡ് ഫാക്ടറി, ശ്രീനന്ദനം ടൈൽസ് ആൻഡ് മാർബിൾസ് അങ്ങനെ ബിസിനസ്സ് മേഖല പിടിച്ചടക്കിയ കുടുംബം.

എന്നാൽ അതിന്റെ തലക്കനം കാണിക്കാത്ത ഋതിക കൂട്ടുകാർക്ക് പോലും അത്ഭുതമാണ്. നീരവും അമ്പുവും ഡിഗ്രി മുതൽ അവളുടെ കൂടെയുണ്ട്.

അതിനിടയിൽ ഏതാനും തവണയേ അവൾ വീട്ടുകാരെപ്പറ്റി പറഞ്ഞിട്ടുള്ളൂ.
ഇടയ്ക്ക് അമ്മയെയല്ലാതെ ആരെയും വിളിച്ച് കണ്ടിട്ടുമില്ല. ഒരു സഹോദരൻ ഋഷികേശ് മേനോൻ.

അച്ഛന്റെ കൂടെ ബിസിനസിൽ ആണ്. ഡിഗ്രി മുതൽക്കേ അവൾ ഗസ്റ്റ്‌ ഹൗസിലാണ് താമസം.
വല്ലപ്പോഴുമേ വീട്ടിൽ പോകാറുള്ളൂ.

വൈശുവും അന്ന് മുതൽക്കേ ഋതുവിന്റെ കൂടെയാണ്.

നന്ദൻ മേനോന്റെ അടുത്ത സുഹൃത്ത് വിശ്വനാഥൻ നമ്പ്യാരുടെ മകളാണ് വൈഷ്ണവി.

അച്ഛനുമായി ഋതു നല്ല അടുപ്പത്തിൽ അല്ലെന്ന് കൂട്ടുകാർക്കറിയാം.

നീരവിന്റെയും അമ്പുവിന്റെയും വീട് പാലക്കാട്‌ ആണ്. ഡിഗ്രിക്ക് അവർ ഹോസ്റ്റലിൽ നിന്നാണ് പഠിച്ചത്.

ഇപ്രാവശ്യം ഋതു ആണ് അവരോട് ഔട്ട്‌ ഹൗസിൽ താമസിക്കാൻ പറഞ്ഞത്.

സമയം രാത്രി എട്ടുമണി കഴിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ പുറത്തുനിന്നും ഫുഡ് കഴിച്ചിട്ടാണ് അവർ തിരിച്ചത്.

ഔട്ട്‌ ഹൗസ് ആണെങ്കിലും എല്ലാവിധ സൗകര്യങ്ങളും അവിടെയുണ്ടായിരുന്നു. യാത്രാക്ഷീണവും ഉറക്കവും കാരണം അവർ ഗുഡ് നൈറ്റ് പറഞ്ഞ് കിടക്കാനായി പോയി.

പിറ്റേന്ന് രാവിലെ അവർ കോളേജിൽ പോകാനായി റെഡിയായി.
നീരവിന്റെ ഥാറിലാണ് അവർ കയറിയത്.

പതിവുപോലെ ജീൻസും ഷർട്ടും തന്നെയായിരുന്നു ഋതുവിന്റെ വേഷo.

നിന്നെ എന്നെങ്കിലും ഒരു പെണ്ണിന്റെ കോലത്തിൽ എന്നെങ്കിലും കാണാൻ പറ്റുമോടീ… അമ്പുവാണ് ചോദിച്ചത്.

വേഷത്തിലല്ല മോനേ കാരക്ടറിൽ ആണ് കാര്യം അവളും തിരിച്ചടിച്ചു.

അത് തന്നെയാ ഞാനും പറഞ്ഞത്.. അമ്പുവിന്റെ ചിരി എല്ലാവരും ഏറ്റെടുത്തു.

പോടാ പട്ടീ.. എന്ന് പറഞ്ഞ് ഋതു തിരിഞ്ഞ് അവന്റെ വയറ്റിൽ പഞ്ച് ചെയ്തു.

കഴിഞ്ഞ മൂന്നുവർഷം കൊണ്ട് പഞ്ച് ചെയ്ത് ചെയ്ത് എന്റെ വയർ ഒരടി താഴ്ന്നു. അവൻ പരിഭവം പറഞ്ഞു.

അതിന്റെ ഇരട്ടി നീ കഴിച്ചുകൊണ്ട് മെയിൻറ്റൈൻ ചെയ്യുന്നുണ്ടല്ലോ.. വൈശു കളിയാക്കി .

ദേ.. പെണ്ണേ ഓടിക്കൊണ്ടിരിക്കുന്ന വണ്ടിയാ.

എടുത്താ റോഡിൽ ഇടും ഞാൻ.. അമ്പു വൈശുവിനോടായി പറഞ്ഞു .

വഴക്കും ചിരിയുമൊക്കെയായി അരമുക്കാൽ മണിക്കൂർ കൊണ്ടവർ കോളേജിലെത്തി.

ഥാറിൽ നിന്നുമിറങ്ങുന്ന ഋതുവിനെയും കൂട്ടരെയും റിച്ചുവാണ് കണ്ടത്. അവനത് സാരംഗിനും കൂട്ടുകാർക്കും കാണിച്ചു കൊടുത്തു.

ഇന്ന് രണ്ട് വാനരന്മാരും ഉണ്ടല്ലോ കൂടെ.. അഞ്ജലി പറഞ്ഞു.

വൈശു അപ്പോഴേക്കും സാരംഗിനെ നീരവിനും അമ്പുവിനും കാണിച്ചു കൊടുത്തിരുന്നു.

തങ്ങളെ ശ്രദ്ധിക്കാതെ കടന്നുപോയ അവരെ സാരംഗും കൂട്ടരും വീക്ഷിച്ചുകൊണ്ടിരുന്നു.

നാളെ ഫ്രഷേഴ്‌സ് ഡേ അല്ലേ. അവർക്ക് വെൽക്കം കൊടുക്കണ്ടേ നമുക്ക്… റിച്ചു ചിരിയോടെ താടിയുഴിഞ്ഞു കൊണ്ട് പറഞ്ഞു.

എല്ലാവരും അത് ശരിവച്ചു.
. ക്ലാസ്സിലെ ബാക്ക് ബെഞ്ചിലാണ് അവർ സ്ഥാനം ഉറപ്പിച്ചത്.

തലേന്ന് തന്നെ ചില കോഴികൾ കൊത്തിപ്പെറുക്കി ഋതുവിന് പിന്നാലെ വന്നെങ്കിലുo അവളുടെ മൂർച്ചയേറിയ നോട്ടത്തിന് മുൻപിൽ അവർ പിന്മാറി.

ഇന്ന് കൂട്ടത്തിൽ രണ്ടുപേർ ആണുങ്ങളായതുകൊണ്ട് എല്ലാവരുടെയും നോട്ടം അവരിലായിരുന്നു.

നീരവിന്റെ തോളിൽ തലവച്ച് ഋതു ഇരിക്കുന്നതുകൂടി കണ്ടപ്പോൾ എല്ലാവരും നീരവിനെ ഋതുവിന്റെ കാമുകനായി പ്രഖ്യാപിച്ചു.

എന്നാൽ ഉച്ചയ്ക്ക് അമ്പുവുമായി കളിയ്ക്ക് വഴക്ക് കൂടുകയും അവന്റെ വയറ്റിൽ സ്ഥിരം പഞ്ച് കൊടുക്കുകയും ചെയ്തപ്പോൾ അമ്പു അവനോട് ചേർത്തവളെ ലോക്ക് ചെയ്തു.

അതുകൂടി കണ്ടപ്പോൾ ചിലർക്ക് അതിലാരാണ് ശരിക്കും അവളുടെ കാമുകനെന്ന് കൺഫ്യൂഷനായി.

ചില സൗഹൃദങ്ങൾ അങ്ങനെയാണല്ലോ.

പതിവുപോലെ അന്നത്തെ ദിവസവും കടന്നുപോയി.

സാരംഗിന് ഋതുവിനോട് സോറി പറയണമെന്നുണ്ടായിരുന്നു എങ്കിലും അവളുടെ റിയാക്ഷൻ എന്താകുമെന്ന് ഉത്ഖണ്ഠയുള്ളതിനാൽ പിന്മാറി.

പിറ്റേ ദിവസം ഫ്രഷേഴ്‌സ് ഡേ ആയതിനാൽ എല്ലാവരും ഹാളിൽ ഒത്തുകൂടി.

പിജി ഇംഗ്ലീഷ് ലിറ്ററേച്ചർ തന്നെയായിരുന്നു സാരംഗും

ടീച്ചേർസിന്റെയും പ്രിൻസിയുടെയും പ്രസംഗം കഴിഞ്ഞ് സീനിയേഴ്സിനെ പരിചയപ്പെടാൻ പറഞ്ഞശേഷം അവർ സ്ഥലം വിട്ടു.

ഹാളിൽ നിന്നും ഇറങ്ങാൻ പോയ ഋതുവിനും നീരവിനും വൈശുവിനും അമ്പുവിനും മുൻപിൽ സാരംഗും റിച്ചുവും അഞ്ജലിയും അഗസ്റ്റിയും അടങ്ങുന്ന സംഘം നിലയുറപ്പിച്ചു.

വരാറുള്ളത് എന്തായാലും അത് നേരിടാനെന്ന പോലെ അവരും കൈകൾ മാറിൽ പിണച്ചുകെട്ടി അവരെ ഉറ്റുനോക്കി.

(തുടരും )

പ്രണയവീചികൾ : ഭാഗം 1