Saturday, September 14, 2024
Novel

പ്രണയവീചികൾ : ഭാഗം 21

നോവൽ
എഴുത്തുകാരി: ആർദ്ര നവനീത്‌

പിന്നീടുള്ള ദിവസങ്ങൾ സാരംഗിനും ഋതുവിനും വേണ്ടിയുള്ളതായിരുന്നു.
കോളേജിലെ ഗുൽമോഹർ അവരുടെ പ്രണയത്തിന് സാക്ഷ്യം വഹിച്ചു.

കോളേജിലെ ഓരോ മണൽത്തരിക്കും വ്യക്തമായിരുന്നു സാരംഗിന് ഋതുവിനോടുള്ള പ്രണയത്തിന്റെ ആഴം.

അമ്പുവിനെയും നീരവിനെയും വൈശുവിനെയും സാരംഗ് പരിഗണിച്ചിരുന്നു.
അവരിലൊരാളായി മാറുകയായിരുന്നു സാരംഗ്.

എന്തും തുറന്നു പറയാവുന്ന നല്ലൊരു സുഹൃത്തായും വഴികാട്ടിയായും അവർ സാരംഗിനെ അംഗീകരിച്ചു.

വൈശുവും അവളുടെ പ്രണയം തുറന്നു പറഞ്ഞില്ലെങ്കിലും റിച്ചുവിന് അറിയാമായിരുന്നു അവൾ തന്നെ പ്രണയിക്കുന്നുവെന്ന്.

വേദുമായുള്ള എൻഗേജ്മെന്റ് വലിയൊരു സമസ്യയായി അവളുടെ മുൻപിൽ ചോദ്യചിഹ്നമായി നിലനിന്നു.

മുൻപും അവധി ദിവസങ്ങളിൽ അവർ പുറത്ത് പോകുമായിരുന്നു. ഇപ്പോൾ റിച്ചുവും സാരംഗും കൂടിയുണ്ടെന്ന് മാത്രം.

അന്നത്തെ ഞായറാഴ്ചയും അവർ ബീച്ചിലേക്ക് പോയി.

എല്ലാവരും കൂടി ആദ്യമേ വെള്ളത്തിലിറങ്ങി കളിച്ചു.

വസ്ത്രം നനയാതിരിക്കാൻ വൈശുവും ഋതുവും ശ്രദ്ധിച്ചിരുന്നു .

അൽപനേരം കഴിഞ്ഞപ്പോൾ ഋതു കരയിലേക്ക് കയറി. ബാക്കിയുള്ളവർ അപ്പോഴും കടലിലായിരുന്നു.

അവരെയും നോക്കിക്കൊണ്ട് അവൾ
കരയിലിരുന്നു.

വൈകുന്നേരമായതുകൊണ്ട് സൂര്യൻ കടലിലേക്ക് താഴുന്നതിന്റെ ദൃശ്യങ്ങളിലേക്കവൾ നോട്ടം പായിച്ചു.

അൽപ്പനേരം കഴിഞ്ഞ് സാരംഗ് അവൾക്കരികിലായി വന്നിരുന്നു.

ഒരാഴ്ച കൂടിയുണ്ട് ഇനി എൻഗേജ്മെന്റിന്. നീ എന്താ ഋതു തീരുമാനിച്ചിരിക്കുന്നത്.. സാരംഗ് ആശങ്കയോടെ അവളെ നോക്കി.

അവളവന്റെ മുഖത്തേക്ക് നോക്കി ചിരിച്ചു.

അവന്റെ മുൻപിൽ അവനിടുന്ന മോതിരത്തിനായി ഞാൻ കൈനീട്ടുമെന്ന പേടിയുണ്ടോ നിനക്ക്… അവന്റെ കണ്ണുകളിൽ നോക്കിയാണ് അവൾ ചോദിച്ചത്.

മറുപടിയായി അവനൊന്ന് ചിരിച്ചു.

ഇതിന്റെ ഉത്തരം നിനക്കുതന്നെ അറിയാം.

എന്നിട്ടും ഇങ്ങനൊരു ചോദ്യം… എന്നിൽനിന്നും അതിനുള്ള ഉത്തരം നിനക്ക് കിട്ടണം അതിനായിട്ടാണ്.. അവനവളുടെ വെള്ളാരം കണ്ണുകളിലേക്ക് ഉറ്റുനോക്കി.

അവളവനെ നോക്കി കുറുമ്പോടെ ചിരിച്ചു.

എന്ത് വന്നാലും നീയവന്റെ മുൻപിൽ അവനായി അണിഞ്ഞൊരുങ്ങി നിൽക്കില്ല.. ഉറച്ച സ്വരത്തിൽ അവനത് പറഞ്ഞു.

നീ അങ്ങനൊരു വേഷത്തിൽ നിൽക്കുന്നുണ്ടെങ്കിൽ അതീ സാരംഗിന്റെ പെണ്ണായി മാത്രമാകും.

എന്റെ പേര് ആലേഖനം ചെയ്ത ആലിലത്താലി നിന്റെ കഴുത്തിൽ ചേരുന്നതിനായി മാത്രം..

അവന്റെ വാക്കുകളിൽ നിറഞ്ഞുനിന്ന ആത്മവിശ്വാസം മാത്രം മതിയായിരുന്നു അവൾക്ക്..
അവളവന്റെ ചുമലിലേക്ക് തല ചായ്ച്ചു.

നിനക്ക് വേദിനോടുള്ള വെറുപ്പും അമർഷവും അവൻ നിന്നെ വിവാഹമാലോചിച്ചതുകൊണ്ട് മാത്രമല്ലെന്ന് എനിക്കറിയാം. അന്ന് നിന്റെ കണ്ണുകളിൽ ഞാൻ കണ്ടതാണ് അവനോടുള്ള വെറുപ്പ്.

പറയ്.. അവനോട് എന്താണിത്ര വെറുപ്പിന് കാരണം.. സാരംഗ് അവളോട് ചോദിച്ചു.

അവൻ അങ്ങനൊരു ചോദ്യം ചോദിക്കുമെന്ന് അവൾ വിചാരിച്ചില്ല. അവളുടെ മിഴികൾ നിറഞ്ഞു.

തുറന്നുപറഞ്ഞാലുള്ള ഭവിഷ്യത്തായിരുന്നു അവളോർത്തത്.

തന്റെ ശരീരത്തിൽ കൈവച്ചത് അവനാണെന്ന് സാരംഗ് അറിഞ്ഞാൽ ഉണ്ടാകുന്ന പ്രത്യാഘാതം എന്താണെന്ന് അവൾക്ക് തന്നെ നിശ്ചയമില്ലായിരുന്നു.

എന്ത് പറയണമെന്നറിയാതെ ഇരുന്നപ്പോഴാണ് മാറിനിന്ന് കൊഞ്ചുന്ന വൈശുവിനെയും റിച്ചുവിനെയും കണ്ടത്.

അവളുടെ മുൻപിൽ മുട്ടുകുത്തി നിന്ന് അവൻ പ്രൊപ്പോസ് ചെയ്യുന്നു. അവളാണെങ്കിൽ നാണം കൊണ്ട് പൂത്തുലഞ്ഞു നിൽക്കുന്നു.

ഋതുവിന് ചിരി പൊട്ടി. അവളുടെ നോട്ടം പോയ ദിക്കിലേക്ക് സാരംഗിന്റെ നോട്ടം പാഞ്ഞു. ആ കാഴ്ച അവനിലും ചിരിയുണർത്തി.

കുറച്ചപ്പുറത്തായി അതെല്ലാം വീഡിയോ ആയെടുക്കുന്ന തിരക്കിലാണ് അമ്പുവും നീരവും. റിച്ചുവിന്റെയും വൈശുവിന്റെയും മുഖത്ത് വിരിയുന്ന ഭാവങ്ങൾ കണ്ടവർ ചിരിച്ചു മറിയുന്നുമുണ്ട്.

സാരംഗിനെ ഒളികണ്ണിട്ടു നോക്കിക്കൊണ്ട് ഋതു അവിടുന്നെഴുന്നേറ്റു.
മുന്നോട്ട് ഓടാനായി നിന്നവളെ സാരംഗിന് പെട്ടെന്ന് പിടി കിട്ടിയത് അവളുടെ കഴുത്തിൽ കിടന്ന ദുപ്പട്ടയിലാണ്.

പെട്ടെന്ന് തിരിഞ്ഞ ഋതു ബാലൻസ് കിട്ടാതെ എഴുന്നേൽക്കാൻ ശ്രമിച്ചു കൊണ്ടിരുന്ന സാരംഗിന് മേലെയായി വീണു.

അവളുടെ ശരീരം അവന്റെ ശരീരത്തോടമർന്നു.
വീഴ്ചയിൽ അവളുടെ അധരങ്ങൾ അവന്റെ കവിളിൽ പതിഞ്ഞു.

അവളുടെ കഴുത്ത് അവന്റെ ചുണ്ടുകളിലും അമർന്നിരുന്നു.
അടിമുടി വിറച്ചുപോയി ഋതു.

സാരംഗിന്റെ അവസ്ഥയും മറിച്ചായിരുന്നില്ല.

ഒഴിഞ്ഞ കോണിലായിരുന്നതുകൊണ്ട് അധികം ആളുകൾ അവിടെയില്ലായിരുന്നു.
അത് കണ്ടവരിൽ ചിലർ ചിരിച്ചു കൊണ്ട് തല തിരിച്ചു.

വൈശുവും റിച്ചുവും അമ്പുവും നീരവും കിളിപോയി നിൽക്കുകയാണ്.

മുഖമുയർത്തിയ ഋതു കണ്ടത് അവന്റെ പ്രണയം നിറഞ്ഞ മിഴികളാണ്.

പ്രണയിക്കുന്ന സ്ത്രീയും പുരുഷനും അവരുടെ ശരീരങ്ങൾ പരസ്പരം അമരുമ്പോഴുള്ള അവസ്ഥ..അതിലൂടെ അവർ കടന്നുപോയി.

എങ്കിലും അവന്റെ കണ്ണുകൾ സ്ഥാനം തെറ്റിക്കിടന്ന അവളുടെ വസ്ത്രങ്ങൾക്കിടയിലൂടെ ദൃശ്യമായ ശരീരഭാഗങ്ങളിൽ പതിഞ്ഞില്ല.

അവന്റെ നോട്ടം അവളുടെ വെള്ളാരംകണ്ണുകളിൽ നിറഞ്ഞുനിന്ന പിടച്ചിലിൽ മാത്രം ആയിരുന്നു.

അവന്റെ പ്രണയപൂർവ്വമുള്ള നോട്ടം താങ്ങാൻ കഴിയാതെ ഋതു ഒരുവിധം എഴുന്നേറ്റു.

ചിരിച്ചുകൊണ്ട് കൂട്ടുകാർക്കടുത്തേക്ക് ഓടി ഋതു.
ഋതുവിനെ പിടിക്കാനായി പിന്നാലെ ഓടിയ സാരംഗ് പെട്ടെന്ന് തെറിച്ചു വീണു.

എല്ലാവരുടെയും വിളിയുയർന്നു.

ചവിട്ടാൻ ഉയർത്തിയ കാലുകളുമായി നിൽക്കുന്നയാളെ കണ്ട് ഋതു സ്തംഭിച്ചു പോയി.

ഒരുനിമിഷത്തെ ഞെട്ടലിൽ നിന്നും മോചിതയായവൾ സാരംഗിനടുത്തേക്ക് കുതിച്ചു.
പിന്നാലെ കൂട്ടുകാരും.

മണ്ണിൽ വീണുകിടന്ന സാരംഗിനെ എഴുന്നേൽപ്പിച്ചു ഋതു. അവളുടെ മിഴികൾ ആ വ്യക്തിയിലായിരുന്നു.

കോപം വന്ന് ചുവന്ന മുഖത്തോടെ മുന്നിൽ വേദ്.

ഋതുവിന്റെ മുടിയിൽ ചുറ്റി അവനവളെ വലിച്ചുയർത്തി.
വേദന സഹിക്കാൻ കഴിയാതെ അവൾ അലറിക്കരഞ്ഞു.

ഋതുവിന്റെ കരച്ചിൽ കൂരമ്പുകളായി സാരംഗിന്റെ ഹൃദയത്തിൽ പതിച്ചു.

വേദിന്റെ കൈയിൽ ചുറ്റിയ അവളുടെ മുടിയും വേദനകൊണ്ട് പുളയുന്ന അവളുടെ അവസ്ഥയും അവന്റെ സമനില തെറ്റിച്ചു.

തന്റെ വേദന വകവയ്ക്കാതെ അവൻ ചാടിയെഴുന്നേറ്റു.

വലംകാൽ ഉയർത്തി വേദിന്റെ നെഞ്ചത്ത് ആഞ്ഞു ചവിട്ടുന്നതിനോടൊപ്പം ഒരു കൈകൊണ്ട് ഋതുവിനെ വലിച്ച് തന്നിലേക്ക് അടുപ്പിച്ചു.

അടുത്തയാഴ്ച എൻഗേജ്മെന്റും വച്ചിട്ട് കണ്ണിൽ കണ്ട പുന്നാര മോന്മാരോട് കൂത്താടി നടക്കുന്നല്ലേടീ ഒരുമ്പെട്ടോളെ…

വീണിടത്തുനിന്നും എഴുന്നേറ്റുകൊണ്ട് വേദ് അവൾക്കരികിലേക്ക് പാഞ്ഞെത്തി.

സാരംഗിനോട് ചേർന്നുനിൽക്കുന്ന ഋതു അവന് സഹിക്കാൻ പറ്റാത്ത കാഴ്ചയായിരുന്നു.

പാഞ്ഞെത്തിയ വേദിനെ കൈകൾ കൊണ്ട് ആഞ്ഞുതള്ളിക്കൊണ്ട് അമ്പുവും നീരവും അവർക്ക് മുൻപിൽ കവചമായി നിലകൊണ്ടു.

വൈശു പേടിച്ച് റിച്ചുവിലേക്ക് ഒതുങ്ങിക്കൂടി.

നിനക്കൊക്കെ കൊണ്ടു നടക്കാൻ എന്റെ പെണ്ണിനെ തന്നെ വേണമല്ലെടാ. നാലെണ്ണം ഉണ്ടല്ലോ. നിനക്ക് ഇവന്മാരെ അത്രയ്ക്ക് സുഖിച്ചോടീ… അശ്ലീലം കലർത്തി വേദ് പറഞ്ഞു.

തന്റെ കൂട്ടുകാരെക്കൂടി ഉൾപ്പെടുത്തിയവൻ
പറഞ്ഞതുകേട്ട് ഋതു കരഞ്ഞുപോയി.

അടുത്ത നിമിഷം അവന്റെ കവിളടക്കം അടി വീണു.

കത്തി ജ്വലിച്ചു കൊണ്ട് സാരംഗ്.
അവൾ അമ്പരന്ന് അവനെ നോക്കി. അവന്റെ കോപം അവളാദ്യമായി കാണുകയായിരുന്നു.

മേലിൽ അവളെപ്പറ്റി അനാവശ്യമായി ഒരു വാക്കുപോലും നിന്റെ വായിൽനിന്നും വീഴരുത്. .

നിന്റെ പെണ്ണോ.. ഏത് വകയിൽ. അവൾ സാരംഗിന്റെ പെണ്ണാണ്.

എന്റെ പ്രാണൻ. എന്റെ ജീവശ്വാസം… സാരംഗ് നെഞ്ചിൽ കൈവച്ച് പറഞ്ഞു.

എടാ… വേദ് അവന്റെ ഷർട്ടിൽ കുത്തിപ്പിടിച്ചു.

വാക്കുകൾകൊണ്ടുപോലും പറയരുത് അവൾ നിന്റേതാണെന്ന്. അവളെന്റെതാണ്..ഈ ശ്രീവേദിന്റെ മാത്രം.

നിന്റെ പ്രാണനോ… അവളെന്നിൽ അലിഞ്ഞവളാണ്.

ഞാൻ അനുഭവിച്ചവൾ. നിന്നോടൊട്ടി നിൽക്കുന്ന ഈ ശരീരം എന്നോടൊട്ടി കിടന്നതാടാ ഒരിക്കൽ.

ആ അവളെത്തന്നെ നിനക്ക് വേണോ.. അതിയായ കോപത്തിനിടയിൽ വേദിൽ നിന്നും ആ വാക്കുകൾ പൊഴിഞ്ഞുവീണു.

മുഖം പൊത്തിക്കരഞ്ഞുകൊണ്ട് ഋതു മണലിലേക്ക് ഊർന്നുവീണു.

വേദിന്റെ വാക്കുകൾ കേട്ട ഞെട്ടലിലായിരുന്നു ബാക്കിയുള്ളവരും.

ചുറ്റും കൂടിനിന്ന നാലഞ്ചുപേരുടെ നോട്ടവും ഋതുവിലായിരുന്നു.

വിജയിച്ച ഭാവത്തിൽ നിൽക്കുന്ന വേദിനെ നോക്കിനിന്ന സാരംഗിന്റെ അപ്പോഴത്തെ ഭാവം അജ്ഞാതമായിരുന്നു ഏവർക്കും..

(തുടരും )

പ്രണയവീചികൾ : ഭാഗം 1

പ്രണയവീചികൾ : ഭാഗം 2

പ്രണയവീചികൾ : ഭാഗം 3

പ്രണയവീചികൾ : ഭാഗം 4

പ്രണയവീചികൾ : ഭാഗം 5

പ്രണയവീചികൾ : ഭാഗം 6

പ്രണയവീചികൾ : ഭാഗം 7

പ്രണയവീചികൾ : ഭാഗം 8

പ്രണയവീചികൾ : ഭാഗം 9

പ്രണയവീചികൾ : ഭാഗം 10

പ്രണയവീചികൾ : ഭാഗം 11

പ്രണയവീചികൾ : ഭാഗം 12

പ്രണയവീചികൾ : ഭാഗം 13

പ്രണയവീചികൾ : ഭാഗം 14

പ്രണയവീചികൾ : ഭാഗം 15

പ്രണയവീചികൾ : ഭാഗം 16

പ്രണയവീചികൾ : ഭാഗം 17

പ്രണയവീചികൾ : ഭാഗം 18

പ്രണയവീചികൾ : ഭാഗം 19

പ്രണയവീചികൾ : ഭാഗം 20