Friday, June 14, 2024
Novel

പ്രണയവീചികൾ : ഭാഗം 4

നോവൽ
എഴുത്തുകാരി: ആർദ്ര നവനീത്‌

Thank you for reading this post, don't forget to subscribe!

ഋതൂ… വാതിൽ തുറക്ക്.. മതി ഒറ്റയ്ക്കിരുന്നത്.. അമ്പു വാതിലിൽ മുട്ടാൻ തുടങ്ങി. അൽപസമയം കഴിഞ്ഞപ്പോൾ വാതിൽ തുറന്നു. അവൾ നന്നായി കരഞ്ഞിട്ടുണ്ടെന്നവർക്ക് മനസ്സിലായി. വെള്ളിക്കണ്ണുകൾ ചുവന്നു കലങ്ങി കിടപ്പുണ്ട്. മൂക്കിൻത്തുമ്പും കവിൾത്തടങ്ങളും ചുവന്ന് കിടപ്പുണ്ട്.

കോളേജിൽ വച്ച് ആശിഷിനെതിരെ പ്രിൻസിയോട് പരാതി നൽകിയതും അവരോർത്തു.

വൈശു നിശ്ശബ്ദമായി തേങ്ങി. നീരവിന്റെയും അമ്പുവിന്റെയും അവസ്ഥ മറിച്ചായിരുന്നില്ല.

ഡിഗ്രി മുതൽ കാണാൻ തുടങ്ങിയതാണ് അവളെ. ഒരു നോട്ടം കൊണ്ടു പോലും തങ്ങളെ പരിഗണിക്കാതിരുന്നവൾ.

ബോൾഡ് ആയ ക്യാരക്ടർ. അഹങ്കാരിയാണെന്നേ ആരും കരുതുകയുള്ളൂ.

ഒടുവിലെപ്പോഴോ ഇടിച്ചു കയറി സൗഹൃദം സ്ഥാപിക്കുകയായിരുന്നു.

അവൾ ചിരിക്കുമ്പോൾ അതിൽ തീരെ ആത്മാർഥത പുലർത്താറില്ല.

ഹൃദയം തുറന്ന് സ്നേഹിക്കുന്നവരെ ആത്മാർത്ഥമായി സ്നേഹിക്കാനേ അവൾക്ക് കഴിയൂ.
ചുരുളഴിയാത്ത നിഗൂഢതകൾ ഒളിഞ്ഞിരിക്കുന്നവളാണ് ഋതുവെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.
ഇന്നത്തെ സംഭവം അതവളെ വല്ലാതെ ഉലച്ചിരുന്നു എന്ന് വ്യക്തമാണ്.

നിഴൽപോലെ കൂടെ നടന്നിട്ടും അവളൊരു ആപത്തിൽ പെട്ടപ്പോൾ കൂടെയുണ്ടായിരുന്നില്ല എന്ന കുറ്റബോധം മൂവരിലും പ്രകടമായിരുന്നു.

സോറി മോളേ.. തന്റെ മുൻപിൽ അപരാധികളെപ്പോലെ തല കുനിച്ചു നിൽക്കുന്ന മൂവരെയും കണ്ടപ്പോൾ ഋതുവിന്റെ ഹൃദയം പിടഞ്ഞു.

തന്റെ ദുഃഖം അവരിലെ സന്തോഷത്തെ പാടേ തല്ലി തകർത്തെന്ന് അവൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞു.

തന്നെ സ്നേഹിക്കുന്നവരെ വിഷമിപ്പിക്കാൻ കഴിയില്ല ഒരിക്കലും..

ഇത്രമാത്രം സ്നേഹിക്കാൻ ഞാൻ എന്ത് പുണ്യമാ ചെയ്തത്. എനിക്ക് നിങ്ങൾ മൂന്നുപേരും ഉണ്ടല്ലോ അതുമതി.. അവൾ മൂന്നുപേരെയും ഒന്നിച്ച് ചേർത്തു പിടിച്ചു.

ഒരമ്മയുടെ വയറ്റിൽ നിന്നും പിറവിയെടുക്കാത്ത രക്തബന്ധമില്ലാത്ത മൂന്നുപേരുടെ ബന്ധം അത്രമേൽ ദൃഢമാണെങ്കിൽ അവർ തമ്മിലുള്ള സ്നേഹത്തിന്റെ ആഴവും അത്രമേൽ താഴ്ചയുള്ളതാകണമല്ലോ.

ഈ സമയം മറ്റൊരിടത്ത് തന്റെ റൂമിൽ കിടക്കുകയായിരുന്നു സാരംഗ്. അവന്റെ മനസ്സിൽ അപ്പോൾ നിറഞ്ഞു നിന്നത് ഋതു ആയിരുന്നു.
വെള്ളിക്കണ്ണുകളിൽ ഗൗരവം നിറച്ചവൾ.

അവളുടെ മുഖത്തെ ആരെയും പേടിക്കാത്ത ഭാവം തന്നിൽ ദേഷ്യമുണർത്തിയിരുന്നു.
ആദ്യമായി തനിക്ക് നേരെ കൈയുയർത്തിയവൾ.

അത് താൻ അർഹിക്കുന്നുവെന്ന പൂർണ്ണബോധ്യം ഉണ്ടായിരുന്നു.

നാളെ മുതൽ പെണ്ണിനെപ്പോലെ വസ്ത്രം ധരിക്കാൻ പറഞ്ഞപ്പോഴും ഇല്ലെന്ന് വെട്ടിത്തുറന്ന് പറയുമ്പോൾ അവളിൽ ശാഠ്യം നിറഞ്ഞുനിന്നിരുന്നു.

കാറ്റുപോലെ തന്റെ നെഞ്ചിൽ വന്ന് പറ്റിച്ചേർന്നവൾ. ആ നിമിഷം തന്റെ ഹൃദയതാളം വല്ലാതെ ഉയർന്നിരുന്നു.

വാശി നിറഞ്ഞുനിന്ന വെള്ളിക്കണ്ണുകൾ ചുവന്ന് കലങ്ങിയപ്പോൾ പിടഞ്ഞത് തന്റെ ഇടനെഞ്ചായിരുന്നില്ലേ. അതെന്തിനായിരുന്നു.

മാറിക്കിടന്നിരുന്ന വസ്ത്രത്തിനിടയിലൂടെ പ്രകടമായിരുന്ന അവളുടെ ശരീരം ആരും കാണേണ്ടെന്ന് കരുതി അവളെ പൊതിഞ്ഞു പിടിച്ചത് എന്തിനായിരുന്നു.

അന്ന് അഞ്ജലിയെ ആശിഷ് കൈവച്ചപ്പോഴും ഇതേ ഫീലിംഗ് ആണോ തനിക്ക് തോന്നിയത്..

അവനെതിരെ ഉറച്ച സ്വരത്തിൽ അവൾ പരാതി പറയുമ്പോൾ ആ മുഖത്തെ ദൃഢത വല്ലാതെ അമ്പരപ്പിച്ചിരുന്നു.

ഇത്രയും ധൈര്യത്തോടെ ഒരു പെണ്ണിന് നിലകൊള്ളാൻ കഴിയുമോ.. അത് അഹങ്കാരമാണോ അതോ അതിനുമപ്പുറം മറ്റെന്തെങ്കിലുമോ..?

ആലോചിക്കുന്തോറും സങ്കീർണ്ണമായ ചോദ്യങ്ങൾ തന്നിൽ പിറവിയെടുക്കുന്നുവെന്ന് മനസ്സിലായതും അവൻ തല വെട്ടിക്കുടഞ്ഞു.. കണ്ണുകൾ അമർത്തി തുടച്ചു.

എന്നിട്ടും അവന്റെ മനസ്സിൽ ആ വെള്ളിക്കണ്ണുകൾ തെളിഞ്ഞു വന്നു കൂടുതൽ കൂടുതൽ മിഴിവോടെ.

കുറേ പ്രാവശ്യം ഫോൺ റിങ് ചെയ്തിട്ടും ഋതു കാൾ അറ്റൻഡ് ചെയ്യാൻ തയ്യാറായില്ല. അവളുടെ മുഖം മുറുകിയിരുന്നു.

നീയാ ഫോൺ എടുക്ക് ഋതു.. നിന്റെ അച്ഛനല്ലേ വിളിക്കുന്നത്. സഹികെട്ട് നീരവ് പറഞ്ഞു.

അവൾ അവനെയൊന്ന് കൂർപ്പിച്ചു നോക്കി.
പെട്ടെന്നാണ് വൈശുവിന്റെ ഫോൺ റിങ് ചെയ്തത്.

ഫോണിൽ തെളിഞ്ഞ നന്ദൻ അങ്കിൾ എന്ന പേര് കണ്ടവൾ ദയനീയമായി ഋതുവിനെ നോക്കി.

പെട്ടെന്ന് ഋതു ഫോൺ അറ്റൻഡ് ചെയ്ത് ചെവിയോട് ചേർത്തു.

എന്താ.. എന്താ വേണ്ടത്.. എന്നെ എന്തിനാ വിളിച്ചു ശല്യം ചെയ്യുന്നത്.. ഋതുവിന്റെ ശബ്ദം വല്ലാതെ ഉയർന്നിരുന്നു.

ഋഷി അങ്ങോട്ട് പുറപ്പെട്ടിട്ടുണ്ട്.

വിതിൻ ഫിഫ്റ്റീൻ മിനിറ്റ്സ് അവനവിടെ എത്തും. അവന്റെ കൂടെ ഇവിടേക്ക് എത്തണം നീ.. മറുവശത്ത് നിന്നും നന്ദൻ മേനോന്റെ ഗാoഭീര്യം നിറഞ്ഞ ശബ്ദം ഒഴുകിയെത്തി.

ആ സ്വരത്തിലെ ആജ്ഞാശക്തി കേട്ടവൾ തളർന്നു.

പ്ലീസ്‌ അച്ഛാ.. വേണ്ട.. അവളുടെ സ്വരം വല്ലാതെ തളർന്നിരുന്നു.

കൂടുതലൊന്നും പറയാതെ കാൾ കട്ട്‌ ആയി.

അവളുടെ മുഖഭാവത്തിൽ നിന്നും അവരെല്ലാം ഊഹിച്ചിരുന്നു.

ഋതു മുകളിലേക്ക് കയറിപ്പോയി.
അല്പസമയം കഴിഞ്ഞപ്പോൾ ഒരു കാർ വന്ന് ഹോണടിക്കുന്നത് അവർ കേട്ടു.

ഡ്രൈവിംഗ് സീറ്റിലിരുന്ന സുമുഖനായ ക്ലീൻ ഷേവ് ചെയ്ത ചെറുപ്പക്കാരനെ കണ്ടയുടൻ ഋഷിയാണെന്ന് അവർക്ക് മനസ്സിലായി.

അഹങ്കാരം നിറഞ്ഞ അയാളുടെ ഭാവം അവരിൽ അലോസരമുണ്ടാക്കി.

ഋതു വന്ന് കാറിൽ കയറുന്നതും നിറകണ്ണുകളോടെ തങ്ങളെ നോക്കുന്നതും നിസ്സഹായരായി കണ്ടുനിൽക്കാനേ അവർക്ക് കഴിഞ്ഞുള്ളു.

കൊണ്ടുപോകുന്നത് അവളുടെ സ്വന്തം സഹോദരനാണ്. തടയാൻ തങ്ങൾക്ക് കഴിയില്ല.
വൈശു കരഞ്ഞുകൊണ്ട് അകത്തേക്ക് ഓടി.

അകന്ന് പോകുന്ന കാറിലേക്കും അകത്തേക്കും നോക്കിക്കൊണ്ട് അവർ വൈശുവിന് പിന്നാലെ പോയി.

കാറിൽ മൗനം തളംകെട്ടി കിടന്നു. അല്ലെങ്കിലും അതെപ്പോഴും പതിവുള്ളതാണല്ലോ. പേരിനൊരു സഹോദരൻ അത്രേയുള്ളൂ ഋഷികേശ് മേനോനും ഋതിക മേനോനും ആയുള്ള ബന്ധം.

അതിനുമപ്പുറം ഹൃദയത്തിൽ ഏട്ടന്റെ മനസ്സിൽ ഒരു കുഞ്ഞനുജത്തിയായി താൻ ഇല്ലെന്ന് അവൾക്ക് നന്നായി അറിയാം.

അതൊക്കെ എന്നേ നഷ്ടപ്പെട്ടുപോയ ബന്ധങ്ങളാണ്.

ഞരമ്പിലൂടെ കുതിക്കുന്ന രക്തത്തിന്റെ ബലം കൊണ്ടുമാത്രം സഹോദരൻ എന്നവകാശപ്പെടാൻ കഴിയുന്ന വ്യക്തി. അവളുടെ ചുണ്ടിന്റെ കോണിലൊരു പുച്ഛം കലർന്ന ചിരി വിരിഞ്ഞു.

തറയോടുകൾ മനോഹരമായി പാകിയ നീണ്ട മുറ്റത്തെ പോർച്ചിൽ കാർ ചെന്നുനിന്നു.

ബോഗൻ വില്ലകളും തെച്ചിയും മറ്റെന്തൊക്കെയോ ചെടികൾ ഇരുവശത്തുമായി ഭംഗിയിൽ നിന്നിരുന്നു.
പച്ചപ്പുല്ല് പാകിയ വിശാലമായ ലോൺ.

കാറിൽ നിന്നിറങ്ങി തന്നെ ഗൗനിക്കാതെ ഋഷി അകത്തേക്ക് കയറി.

അവനുപിന്നാലെ അകത്തേക്ക് കയറിയപ്പോൾ കണ്ടു. ആഡoബരത്തിന്റെ അലങ്കാരികത വിളിച്ചോതുന്ന വിലകൂടിയ ഇരിപ്പിടങ്ങളിൽ തലയുയർത്തി ഇരിക്കുന്ന നന്ദൻമേനോനെ..

തന്റെ അച്ഛനെ. അതിനടുത്തായി അമ്മാവൻ ശ്രീധരൻ മേനോൻ.

അമ്മാവന്റെ മകൻ ശ്രീവേദിനെയും. അച്ഛന്റെ പിന്നിലായി അമ്മ നിൽപ്പുണ്ട്. ആ മിഴികളിൽ ദയനീയഭാവം നിറഞ്ഞിരുന്നു.

ആരെയും നോക്കാതെ മുകളിലെ തന്റെ റൂമിലേക്ക് കയറാൻ തുനിഞ്ഞതും വിളി കേട്ടു.

റൂമിൽ പോയി റസ്റ്റ്‌ എടുക്കാനല്ല നിന്നെ വരാൻ പറഞ്ഞത്. ഇവിടെ ഇരിക്കുന്നവരെ നീ കണ്ടല്ലോ. അഹങ്കാരം ഇത്രയൊക്കെയായിട്ടും കുറയുന്നില്ല കൂടുന്നതേയുളൂ.. അച്ഛന്റെ കുറ്റപ്പെടുത്തൽ കലർന്ന സ്വരം.

ഇതൊന്നും പുത്തരിയല്ലാത്ത ഭാവത്തിൽ മാറിൽ കൈകൾ പിണച്ചുകെട്ടി അവൾ നിന്നു.

കോളേജിലെ പ്രശ്നങ്ങൾ പ്രിൻസിപ്പൽ വിളിച്ച് പറഞ്ഞിരുന്നു. നിനക്ക് ഞങ്ങളെ നാണം കെടുത്തി മതിയായില്ലേ.
പീഡനശ്രമമെന്ന് പരാതി കൊടുത്തിരിക്കുന്നു… അയാളുടെ സ്വരത്തിൽ അമർഷം നിറഞ്ഞു തുളുമ്പി.

ഇങ്ങനെയുള്ള വേഷങ്ങൾ ധരിച്ചാൽ പിന്നെന്താ ചെയ്യുക.. അവളെ ഉഴിഞ്ഞുനോക്കി വെറുപ്പോടെ ശ്രീധരമേനോൻ പറഞ്ഞു.

ഒന്നും മിണ്ടാതെ അവൾ കേട്ടു നിന്നതേയുള്ളൂ.

മതി.. നിന്റെ ഗസ്റ്റ് ഹൗസിലുള്ള താമസവും പഠിത്തവുമെല്ലാം.
വിവാഹത്തിന് ഞങ്ങൾ നാൾ നോക്കാൻ പോകുകയാണ്. നിന്നോട് പറയേണ്ട കാര്യമില്ല. എങ്കിലും പറയുകയാണ്.

വേദിന് ഉടൻ വിവാഹം വേണമെന്ന് പറഞ്ഞു. അറിയാമല്ലോ അവൻ അന്നും ഇന്നും നിന്നെ മതിയെന്ന് തന്നെയാ ഉറച്ചു നിൽക്കുന്നതും.

ഈ ബന്ധം തന്നെ നിന്റെ ഏറ്റവും വലിയ ഭാഗ്യമാണ്. സ്വഭാവം അറിഞ്ഞാൽ വേറെ ആരും വരില്ല കെട്ടാൻ…

നന്ദൻ മേനോന്റെ അധിക്ഷേപങ്ങൾക്കിടയിലും അവളുടെ മിഴികൾ ശ്രീവേദിലായിരുന്നു.

അവനും അവളെ തന്നെ നോക്കുകയായിരുന്നു. പ്രണയം നിറഞ്ഞ മിഴികളോടെ..

(തുടരും )

പ്രണയവീചികൾ : ഭാഗം 1

പ്രണയവീചികൾ : ഭാഗം 2

പ്രണയവീചികൾ : ഭാഗം 3