Saturday, April 20, 2024
Novel

നിവേദ്യം : ഭാഗം 16

Spread the love

എഴുത്തുകാരി: ആഷ ബിനിൽ

Thank you for reading this post, don't forget to subscribe!

“നീ ഇതെവിടെ പോയി അമ്മു? എത്ര വിളിച്ചു എന്നറിയോ ഞാൻ?” അമ്മ ദേഷ്യത്തിൽ ആയിരുന്നു. ഞാൻ ഓടിപ്പോയി ആളെ കെട്ടിപ്പിടിച്ചു. “മ്മം..? എന്താ ഇത്ര സന്തോഷം? ലോട്ടറി വല്ലതും അടിച്ചോ?” “ലോട്ടറിയല്ല, അധ്വാനിച്ചു ജീവിക്കാനുള്ള മാർഗം ആണ്.. വാ പറയാം” ഞാൻ അമ്മയേയും വിളിച്ചു അകത്തേക്ക് നടന്നു. “വല്ല മണിചെയിനും ആണോ? ഓക്കെ തട്ടിപ്പാ കേട്ടോ” ഉമ്മറത്തുനിന്ന് ആഭിജാത്യം വിളിച്ചു പറയുന്നുണ്ടായിരുന്നു. എനിക്ക് ചിരി വന്നു. അത്താഴം കഴിക്കുന്ന സമയത്താണ് വെള്ളേപ്പം വിൽപന വീണ്ടും തുടങ്ങുന്ന കാര്യം പറഞ്ഞത്. ഞാൻ പ്രതീക്ഷിച്ച സന്തോഷം ആരിലും കണ്ടില്ല.

എല്ലാ മുഖങ്ങളും ഇരുണ്ടുകൂടി ഇരുന്നു. “എന്തേ? എല്ലാരും ഒരുമിച്ച് ഇഞ്ചി കടിച്ചോ?” “മോളെ.. നിനക്കിത്രയും നല്ല ജോലി ഒക്കെ ഉണ്ടായിട്ട് പിന്നെ ഇനി വെള്ളേപ്പം ഉണ്ടാക്കാനൊക്കെ പോണോ..?” അമ്മയാണ് തുടങ്ങിവച്ചത്. “അമ്മേ ജോലിയൊക്കെ ഉണ്ട്, എന്റെ എക്സ്പീരിയൻസ് വച്ചു നോക്കുമ്പോൾ നല്ല സാലറിയും ആണ്. പക്ഷെ അതുകൊണ്ട് മാത്രം നമ്മുടെ കാര്യങ്ങൾ നടക്കുമോ? ഇപ്പോ തന്നെ രണ്ടു മാസം കൂടി കഴിഞ്ഞാൽ അപ്പുവിന് പ്രോജക്ട് തുടങ്ങും. അതിന് പൈസ വേണ്ടേ? അമ്മയുടെ മുട്ട് വേദനയ്ക്കും അച്ഛന്റെ Psc ക്കും നല്ലൊരു ഡോക്ടറെ കാണിക്കേണ്ട? ഇതിപ്പോ കുറച്ചു നേരത്തെ എഴുന്നേൽകുന്ന കാര്യമേയുള്ളൂ..”

അച്ഛനും അമ്മയും പരസ്പരം നോക്കുന്നത് കണ്ടു. “മോളെ.. ഇവിടുത്തെ കാര്യങ്ങൾ നോക്കി നടന്നാൽ മാത്രം മതിയോ? നിനക്കൊരു കല്യാണം വേണ്ടേ? കുടുംബ ജീവിതം വേണ്ടേ?” “എന്റെ പൊന്നോ വേണ്ട. ഒന്ന് കെട്ടിയതിന്റെ ക്ഷീണം മാറിയിട്ടില്ല.” ഞാനത് പറഞ്ഞപ്പോൾ എല്ലാ മുഖങ്ങളും ഒന്നൂടെ മ്ലാനമായി. “ദേ അതിന്റെ പേരിൽ ഇനിയാരും വിഷമിക്കേണ്ട. നമ്മുടെ അന്തസിനും അഭിജാത്യത്തിനും ചേരുന്ന ആലോചന വന്നാൽ അപ്പോ നോക്കാം. അല്ലെ അച്ഛാ?” ആളുടെ മുഖത്ത് ഇപ്പോഴും തെളിച്ചമില്ല. “അല്ല.. ഞാനൊരു കാര്യം ചോദിക്കട്ടെ? നിങ്ങള് പറയുന്നത് പോലെ ഞാനങ്ങു കെട്ടി പോയാൽ പിന്നെ ഇവിടുത്തെ ചിലവൊക്കെ എങ്ങനെ നടക്കും?

ദേ അപ്പുവിന്റെ പഠിത്തം ഒക്കെ കഴിഞ്ഞ് അവനൊരു ജോലി ആയിട്ട് വേണം എനിക്കൊന്നു വിശ്രമിക്കാൻ. അന്നേരം വേണമെങ്കിൽ നമുക്ക് മൂന്നാല് ചെറുക്കൻ കാണലൊക്കെ നടത്തി ലാവിഷായി ചായ കുടിക്കാം. എന്ത് പറയുന്നു മിസ്റ്റർ ആഭിജാത്യം?” അപ്പോൾ അച്ഛനൊന്ന് ചിരിച്ചു. “ആഹ്. അപ്പോ എല്ലാം പറഞ്ഞപോലെ. അതുവരെ ഞാനിങ്ങനെ സിംഗിൾ പസങ്കേ സ്റ്റാറ്റസ് ഇട്ടു നടക്കട്ടേട്ടോ…” പറഞ്ഞുകൊണ്ട് ഞാൻ പ്ളേറ്റും എടുത്ത് എഴുന്നേറ്റു. “അതിന് ചേച്ചി ഇപ്പോ സിംഗിൾ അല്ലല്ലോ ഡിവോഴ്‌സീ അല്ലെ..?” ചിന്നുവിന്റെ ചോദ്യം കേട്ട ഞാൻ സ്റ്റക്ക് ആയി നിന്നുപോയി. അവൾ പെട്ടന്ന് എരിവ് കടിച്ചപോലെ നാവ് വലിച്ചു. ഇപ്പോഴാണ് അബദ്ധം മനസിലായത് എന്നു തോന്നുന്നു.

ഞാൻ വേഗം മുറിയിലേക്ക് വന്നു. സത്യത്തിൽ നല്ല വിഷമം വരുന്നുണ്ടായിരുന്നു. അവൾ ഒന്നും മനസിൽ വച്ചല്ല പറഞ്ഞത് എന്നറിയാം. പറഞ്ഞത് സത്യവും ആണ്. എല്ലാവരുടെയും മനസിൽ ഉള്ളത് അവൾ പറഞ്ഞെന്ന് മാത്രം. പക്ഷെ ഉള്ളിൽ എന്തോ കൊത്തി വലിക്കുന്നത് പോലെ. “ചേച്ചീ…” നോക്കുമ്പോൾ ചിന്നുവാണ്. കണ്ണൊക്കെ നിറഞ്ഞിരിക്കുന്നു. “സോറി ചേച്ചി.. ഞാൻ വിഷമിപ്പിക്കാൻ പറഞ്ഞതല്ല. അറിയാതെ നാവിൽ നിന്ന് വന്നുപോയതാ.” അവളെന്നെ കെട്ടിപ്പിടിച്ചു. ഇത്തവണ സന്തോഷം കൊണ്ടാണ് കണ്ണ് നിറഞ്ഞത്. പതിനെട്ട് വയസായിട്ടും പൊട്ടിപ്പെണ്ണാണ് ഇവൾ ഇപ്പോഴും.

“അതൊന്നും സാരമില്ലെടി…” “എന്നാലും ചേച്ചീ….” പെണ്ണ് ഷട്ടർ അടയ്ക്കാൻ ഉള്ള പ്ലാൻ ഇല്ലെന്ന് തോന്നുന്നു. “അതേയ്. ഇങ്ങനെ കരഞ്ഞോണ്ടിരിക്കാതെ നിനക്ക് പടിക്കാൻ ഒന്നുലെ?” ചിന്നു എന്റെ തോളിൽ നിന്ന് മുഖമുയർത്തി നോക്കി. “പോയി.. മൂഡ് പോയി..” അതും പറഞ്ഞ് അവൾ ഇറങ്ങി നടന്നു. ആ പോക്ക് ഞാൻ നോക്കിനിന്നു. പിറ്റേന്ന് ഞാൻ ഓഫീസിൽ നിന്ന് വരുമ്പോൾ മുറ്റത്തെ തൊഴുത്തൊക്കെ വൃത്തിയാക്കുകയാണ് അച്ഛനും അമ്മയും. “ഇതെന്താ പരിപാടി?” “അമ്മ കുടുംബശ്രീയിൽ ലോണിന് അപേക്ഷിച്ചിട്ടുണ്ട് മോളെ. രണ്ടു പശുക്കളെ വാങ്ങാം എന്നു വിചാരിച്ചു. അതാകുമ്പോ പാലും തൈരും നെയ്യും ഒക്കെ വിൽക്കാം.

പറമ്പിൽ കൃഷി തുടങ്ങുന്നുണ്ട്. ആവശ്യത്തിന് വളവും ആകുമല്ലോ..” അച്ഛൻ പറഞ്ഞു. പശു വളർത്തൽ ഒക്കെ നിർത്തിയിട്ട് വർഷങ്ങളായി. കൃഷി അതിനും കാലങ്ങൾക്ക് മുൻപ് നിർത്തിയതാണ്. എന്തായാലും ചെയ്യുന്നെങ്കിൽ ചെയ്യട്ടെ. നടന്ന് കണ്ടാൽ മതിയായിരുന്നു. അച്ഛൻ വെറുതെ പറഞ്ഞതല്ല എന്നു പിറ്റേന്ന് രാവിലെ മനസിലായി. കാപ്പി കുടിച്ചു കഴിഞ്ഞു ചാരുകസേരയിൽ കിടക്കുന്നതിന് പകരം കൈക്കോട്ടും ആയി പറമ്പിലേക്കിറങ്ങി. ഞങ്ങൾ മൂന്നുപേരും ഇറങ്ങി കഴിഞ്ഞ് അമ്മയും കൂടെപ്പോയി. ഒരാഴ്ചയ്ക്കകം രണ്ടു പശുക്കളും അവരുടെ കുട്ടികളും തൊഴുത്തിലും എത്തി.

ആ സൺഡേ ആയിരുന്നു ഞങ്ങൾക്ക് ആദ്യത്തെ ഓഡർ വന്നത്. അന്നുതന്നെ ആണ് വെങ്കി അളിയന്റെ കല്യാണവും. ആയിരം അപ്പത്തിന് ആയിരുന്നു ഓഡർ. ഞാൻ മൂന്ന് മണിക്ക് എഴുന്നേറ്റു. നാലുമണി ആയപ്പോഴേക്കും അമ്മയും ചിന്നുവും എഴുനേറ്റ് വന്നു. ഞാൻ പോയി ഉറങ്ങിക്കോളാൻ പറഞ്ഞിട്ടും കേട്ടില്ല. അരമണിക്കൂർ കഴിഞ്ഞുകാണും, അപ്പുവും അച്ഛനും കൂടി വന്നു. അവരും ഒപ്പം കൂടി. എല്ലാവരും കൂടി തമാശയൊക്കെ പറഞ്ഞാണ് ജോലി ചെയ്തത്. ആറുമണി ആയപ്പോഴേക്കും കഴിഞ്ഞു. എന്റെ കുടുംബത്തിന്റെ ഒത്തൊരുമയിൽ ഒരുപാട് സന്തോഷം തോന്നി. ഒരുപാട് പണവും പത്രാസും ഒക്കെയുള്ള പല വീടുകളിലും ഇല്ലാത്തതും ഞങ്ങൾക്ക് ഉള്ളതും ഇതാണ്.

പരസ്പര സ്നേഹവും ഒത്തൊരുമയും. ഞാനും അപ്പുവും ചിന്നുവും കൂടി ഹാരിമോന്റെ കൂടെയാണ് കല്യാണത്തിന് പോയത്. കാലങ്ങൾക്ക് ശേഷം ഞാനന്ന് സാരിയുടുത്തു. ശ്രീദേവിയമ്മയും ദേവച്ചനും വലിയ സന്തോഷത്തിൽ ആയിരുന്നു. “ഉണ്ണിക്കുട്ടൻ എവിടെ അമ്മേ?” “ഹരിയുടെ കൂടെയുണ്ട് മോളെ..” അമ്മ പറഞ്ഞത് കേട്ട് ഞാൻ ഞെട്ടി. മസിലളിയൻ നന്നായോ? “ഒരാഴ്ചയായി അവന് നല്ല മാറ്റമുണ്ട് മോളെ. ഞങ്ങളോട് മിണ്ടുകയൊക്കെ ചെയ്യും. ജോലി കഴിഞ്ഞു വന്നാൽ മോനെ നോക്കും. അവളും ഇപ്പോ ഒരുപാട് മാറി..” അമ്മ വലിയ സന്തോഷത്തിൽ ആയിരുന്നു. ഇതിനിടെ മോനെയും കൊണ്ട് ഹരിയേട്ടൻ മൂന്നാല് തവണ ഞങ്ങളുടെ മുന്നിൽ കൂടി അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നുണ്ടായിരുന്നു.

ഓഹ്. മോനെ നോക്കുന്നു എന്നു കാണിക്കാൻ ആയിരിക്കും. മദാമ്മയെ കെട്ടിയിട്ടും പദ്മാവതിയമ്മയുടെ സ്വഭാവം തന്നെയാണ് ഇപ്പോഴും.. എനിക്ക് ചിരി വന്നു. ഇതിന് മുൻപ് ഞങ്ങൾ പിരിയുന്ന സമയത്തും ആൾ ഒന്ന് നന്നായിരുന്നു. അച്ഛനോടും അമ്മയോടും ഒക്കെ സ്നേഹമായി ഇടപെട്ടിരുന്നു. ഇപ്പോ ടെക്നിക്ക് പിടികിട്ടി. ഇടയ്ക്കിടെ തലയ്ക്ക് ഓരോ കൊട്ട് കൊടുത്താൽ മതി. എൻടിആർ നന്നായിക്കോളും. കല്യാണമൊക്കെ നന്നായി നടന്നു. വൈകിട്ട് ഞങ്ങൾ വീട്ടിലേക്ക് മടങ്ങി. അടുത്ത മാസം ഒന്നും രണ്ടും മൂന്നും തീയതികളിൽ ബാംഗ്ലൂരിൽ വച്ച് ഇന്റർനാഷണൽ അഡ്വെർടൈസിംഗ് അസോസിയേഷന്റെ ആനുവൽ സമ്മിറ്റ് നടക്കുകയാണ്. അതിന് മുൻപ് ഒരു നാല് ദിവസത്തെ സെമിനാറും ഉണ്ട്.

കോഴിയും ഓഫീസിലെ ശെരിക്കും കോഴിയായ ദീപക്കും ആണ് പോകുന്നത്. അപ്പോ ഒരാഴ്ച കോഴിയുടെ പോര് കാണേണ്ട… എനിക്കങ്ങു സന്തോഷമായി. എനിക്ക് മാത്രമല്ല ഓഫീസിൽ എല്ലാവർക്കും. പക്ഷെ ആ സന്തോഷം എല്ലാം വീട്ടിൽ എത്തിയതോടെ പോയി. “മോളെ മാളുവിന്റെ കല്യാണം ആണ് രണ്ടാം തിയതി. നീ മറന്നിട്ടില്ലല്ലോ അല്ലെ. നേരത്തെ ലീവ് പറയണം കേട്ടോ.” അത്താഴം കഴിക്കുമ്പോൾ അച്ഛൻ പറഞ്ഞു. ഈ മാളു എന്ന മാളവിക എന്റെ കസിൻ ആണ്. അച്ഛന്റെ പെങ്ങൾ സുശീലയുടെ മകൾ. അവളുടെ ചേട്ടൻ മിഥുനെ കൊണ്ട് എന്നെ കെട്ടിക്കാൻ അവർക്കൊരു പ്ലാൻ ഉണ്ടായിരുന്നു. ആ സമയത്താണ് മസിലളിയൻ വന്ന് എന്നെ കൊത്തിക്കൊണ്ട് പോയത്.

ഞാൻ ഡിവോഴ്‌സ് ആയതിൽ ഏറ്റവും സന്തോഷിച്ചത് അവർ ആണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ആ സമയത്തായിരുന്നു മിഥുന്റെ കല്യാണം. എന്നെക്കാളും സൗന്ദര്യവും സമ്പത്തും ഉണ്ടായിരുന്നു അവന്റെ ഭാര്യ രമ്യയ്ക്ക്. ആ സമയത്ത് അപ്പച്ചി ഇവിടെ വന്നു കുറെ ഷോ കാണിച്ചു. ഞാൻ നന്നായി തിരിച്ചു പറഞ്ഞു. അതിന് ശേഷം പിന്നെ ഞാൻ അവരുടെ മുന്നിൽ പോയിട്ടില്ല. ഇതിപ്പോ മാളുവിന്റെ കല്യാണത്തിന് പോയാൽ അവർ എന്നെ കേറി ചൊറിയും. ഞാൻ മാന്തും. പിന്നെ അത് ബന്ധുക്കൾക്കിടയിൽ ചർച്ചയാകും. രക്ഷപെടാൻ എന്താ വഴി എന്ന് ആലോചിക്കുമ്പോൾ ആണ് IAA സമ്മിറ്റിന്റെ കാര്യം ഓർമ വന്നത്. “അമ്മൂ.. നീയെന്താ ആലോചിക്കുന്നത്?”

“ആഹ്. അച്ഛാ.. അത്… എനിക്ക് കല്യാണത്തിന് വരാൻ പറ്റില്ല. ആ സമയത്ത് ബാംഗ്ലൂരിൽ ഒരാഴ്ചത്തെ ഒരു പ്രോഗ്രാം ഉണ്ട്. അതിന് പോകുവാ. കമ്പനിയിൽ നിന്ന് സ്‌പെഷ്യൽ റെക്കമന്റെഷൻ ആണ് ഞാൻ…” ഞാൻ നിസ്സഹായത അഭിനയിച്ചു പറഞ്ഞു. അപ്പുവും ചിന്നുവും എന്നെ സംശയത്തോടെ നോക്കി. ഒരു ആവേശത്തിന്റെ പുറത്തു പറഞ്ഞതാണ്. ഇനി പോകണം എന്നുണ്ടെങ്കിൽ കോഴിക്കാൽ പിടിക്കേണ്ടി വരും. കാര്യം കാണാൻ കഴുതക്കാലും പിടിക്കണം എന്നാണല്ലോ. അപ്പോ പിന്നെ കോഴിക്കാലൊക്കെ നിസാരം. ആലോചനയോടെയാണ് അന്ന് ഉറങ്ങിയത്.

“ഞാനും ദീപക്കും ആണ് പോകുന്നതെന്ന് നേരത്തെ തന്നെ ഡിസൈഡ് ചെയ്തതല്ലേ? പിന്നെ ഇപ്പോൾ എന്താ തനിക്ക് ഇതിൽ ഇത്ര താല്പര്യം?” കോഴി പോരിന് റെഡിയായി നിൽക്കുകയാണ്. “അത് സർ… എനിക്ക് ഈ പ്രോഗ്രാമിന് വരണം എന്നു ഭയങ്കര ആഗ്രഹം ആയിരുന്നു. ദീപക്ക് ആണ് പോകണുന്നതെന്ന് അറിഞ്ഞപ്പോൾ മുതൽ എന്തോ വിഷമം. ഒരു ചാൻസ് മിസ് ആകുകയാണോ എന്നൊരു തോന്നൽ. അതാ ഞാൻ…” പറയുമ്പോൾ ആൾ എന്നെ ചൂഴ്ന്നു നോക്കുകയാണ്. കണ്ണാ.. ഇയാളുടെ മുഖത്തു നോക്കി കള്ളം പറയാനും പറ്റുന്നില്ലല്ലോ. “അതുകൊണ്ട് തന്നെയാണോ നിവേദ്യാ..?” പിന്നെ എനിക്ക് പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല. സത്യം പറഞ്ഞു.

എല്ലാം കേട്ട് കഴിഞ്ഞപ്പോൾ ദേ ചിരിക്കുന്നു. “ഡിവോഴ്‌സ് കഴിഞ്ഞു താൻ ഒരുപാട് ബുദ്ധിമുട്ട് സഹിക്കുന്നുണ്ടല്ലേ?” കോഴി ചോദിച്ചു. “ഡിവോഴ്സിന് മുൻപും ഉണ്ടായിരുന്നു സർ. രണ്ടും രണ്ടു വിധത്തിൽ ആണെന്ന് മാത്രം. അന്ന് ഭർത്താവിനെകൊണ്ട്, ഇപ്പോ നാട്ടുകാരെയും ബന്ധുക്കളെയും കൊണ്ട്. അതാണ് വ്യത്യാസം.” ഞാൻ പറഞ്ഞു. “ഹ്മ്മ. ഞാനൊന്ന് നോക്കട്ടെ തന്നെ അമ്മായിയിൽ നിന്ന് രക്ഷിക്കാൻ പറ്റുമൊന്ന്…” കോഴി പറഞ്ഞത് കേട്ട് ഞാൻ എഴുനേറ്റു. ആൾ നോക്കാം എന്നുപറഞ്ഞാൽ അതിനർത്ഥം നടന്നു എന്നുതന്നെയാണ്. ഇത്തവണ ഈ പേരും പറഞ്ഞു രക്ഷപെട്ടു. പക്ഷെ എത്രനാൾ? എത്രനാൾ ഞാനിങ്ങനെ നാട്ടുകാരിൽ നിന്നും ബന്ധുക്കളിൽ നിന്നും ഒളിച്ചോടും?

തുടരും

നിവേദ്യം : ഭാഗം 15