Sunday, December 22, 2024
Novel

നല്ല‍ പാതി : ഭാഗം 27

നോവൽ

*******
എഴുത്തുകാരി: ധന്യ സുജിത്ത്‌

ഓഫീസ് കഴിഞ്ഞാൽ തിരികെ വീട്ടിലോട്ട് പോകും വഴിയാണ് വിനു ചോദിച്ചത്…

“ഡാ.. നിനക്ക് എന്താ പറ്റിയത്..?? രണ്ടു ദിവസമായി ഞാൻ ശ്രദ്ധിക്കുന്നു.. എന്തെങ്കിലും ടെൻഷൻ ഉണ്ടെങ്കിൽ തുറന്നു പറ…”

“ഒന്നൂല്ല..”
മറുപടിയായി അത്രമാത്രമേ സഞ്ജു പറഞ്ഞോളൂ..

“ഒന്നുമില്ലെന്ന്…. അതെനിക്ക് കൂടി തോന്നണ്ടേ . നിന്നെ ഇന്നോ ഇന്നലെയോ അല്ല ഞാൻ കാണാൻ തുടങ്ങിയത്.. നീ മര്യാദയ്ക്ക് കാര്യം പറയാനുണ്ടോ സഞ്ജു…?? ദേഷ്യം പിടിപ്പിക്കാതെ…”

“ഒന്നുമില്ലെന്ന് പറഞ്ഞില്ലേ…
പിന്നെ നീ എന്തിനാ കുത്തി കുത്തി ചോദിക്കുന്നേ..???”

പെട്ടെന്ന് സഞ്ജുവിന്റെ ദേഷ്യത്തോടെയുള്ള മറുപടി കേട്ട് വിനു പതറിപ്പോയി..

“ആദ്യമായിട്ടാണ് ഇങ്ങനെ… ഒരാളുടെ പോലും അവൻ ചൂടാവുന്നത് താൻ ഇതുവരെ കണ്ടിട്ടില്ല..
അവന് കാര്യമായി എന്തോ പറ്റിയിട്ടുണ്ട്..”

വിനു സാവധാനം വണ്ടി ഒതുക്കി..
അത് കണ്ടിട്ടാകണം സഞ്ജു ചോദിച്ചത്

“നീ എന്തിനാ വണ്ടി നിർത്തിയത്..??”

“അതൊക്കെ പറയാം നീ വാ..
ഇറങ്ങി വരാൻ..”

ഇറങ്ങാനായി മടിച്ചുനിന്ന സഞ്ജുവിനോടായി വിനു പറഞ്ഞു..
സഞ്ജുവിനെ വിളിച്ചുകൊണ്ട് വിനു സബീൽ പാർക്കിലേക്ക് നടന്നു..

“ഇവിടെ ഇരിക്ക്…”

ഒഴിഞ്ഞ ഒരു കോണിൽ… സിമന്റ് കൊണ്ട് കെട്ടിയ ബെഞ്ചിലേക്ക് വിരൽ ചൂണ്ടികാണിച്ചു വിനു പറഞ്ഞു..

“നീ വന്നേ വിനൂ.. കാണാതായ നന്ദു ടെൻഷൻ ആകും..”

പോകാനായി തിരിഞ്ഞ സഞ്ജുവിനെ പിടിച്ച് നിർബന്ധിച്ച് ആ ബഞ്ചിലിരുത്തി..

“ആരും ടെൻഷൻ അടിക്കില്ല..
നീ ഇത് ഇവിടുന്ന് പറഞ്ഞിട്ടേ പോകുന്നുള്ളൂ..

ഞാൻ ശ്വേതയോട് പറഞ്ഞിട്ടുണ്ട്..
നമ്മൾ അൽപ്പം വൈകുമെന്ന്..

ഇനി കാര്യം പറയാലോ…പറയാൻ
സഞ്ജു… ഞാൻ നിന്നെ ഞാൻ അനിയനെ പോലെയാണ് കാണുന്നത്…

നിന്റെ മുഖത്ത് ഉണ്ടാവുന്ന ഒരു ചെറിയ മാറ്റം എനിക്ക് പെട്ടെന്ന് മനസ്സിലാകും.. യാതൊരുവിധ ഞാൻ ടെൻഷനും മുഖത്ത് കാണിക്കാതെ.. മനസ്സ് തുറന്ന് സംസാരിക്കുന്ന ഒരാൾ ആവശ്യമില്ലാതെ ദേഷ്യപ്പെടുമ്പോൾ..

അസ്വസ്ഥതയോടെ ഇരിക്കുമ്പോൾ.. അത്രമാത്രം നൊമ്പരപ്പെട്ടിരിക്കാം എന്ന് എനിക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ..

നിനക്ക് എന്തും തുറന്നു പറയാലോ എന്നോട്.. നീ ധൈര്യമായി പറയടാ.. എന്തിനാ നമുക്ക് പരിഹാരം കാണാം..”

“ഞാൻ പറയാം വിനൂ.. ആരോടെങ്കിലും ഇതൊന്നു പറയണം.. ഒരുപാട് ആഗ്രഹിച്ച് കാത്തിരുന്നു പ്രതീക്ഷിച്ചു കിട്ടിയ ജീവിതാമാ എനിക്കിത്… ഈ സന്തോഷം തല്ലിക്കെടുത്താൻ ഒരുത്തനെയും ഞാൻ സമ്മതിക്കില്ല…”

“നീ ആരെ കുറിച്ചാ പറയുന്നേ..??
എനിക്ക് മനസ്സിലാകുന്നില്ല..”

“അവനെക്കുറിച്ച്.. കിരൺ..”

“ഏത്..?? നമ്മുടെ ഓഫീസിലെ പുതിയ എൻജിനീയറോ..??”

“ആ..അവൻ തന്നെ..
ഞാൻ എല്ലാം വിശദമായി പറയാം..”

പണ്ടത്തെ കഥകളെല്ലാം പറഞ്ഞു കഴിയുമ്പോഴേക്കും സമയം ഒരുപാട് വൈകിയിരുന്നു..
കഥകളെല്ലാം കേട്ട വിനു എന്തു പറയണമെന്നറിയാതെ ഇരിക്കുകയാണ്..

“നീ ഇതൊന്നും പറഞ്ഞിരുന്നില്ലല്ലോ സഞ്ജൂ…??”

“അതിനുള്ള അവസരം ഒന്നും വന്നില്ലല്ലോ ഇവിടെ വന്നപ്പോൾ മുതൽ വേറെ ഒരു ലോകമായിരുന്നു.. സന്തോഷം മാത്രമായിരുന്നു.. ഞങ്ങൾക്കു ചുറ്റും…

കഴിഞ്ഞുപോയ സംഭവങ്ങളെക്കുറിച്ചുള്ള ചെറിയൊരു ഓർമ്മപ്പെടുത്തൽ പോലും അവൾക്ക് ഉണ്ടാകേണ്ട എന്ന് കരുതിയാണ് ഞാനവളെ ഒരിടത്തും വിടാതെ ചേർത്തുപിടിച്ച് നടന്നിരുന്നത്..

അവളുടെ ഡെലിവറി സമയത്ത് പോലും നാട്ടിലോട്ട് വിടാതെ ഞാനിവിടെ നിർത്തിയത് എന്തിനാണെന്ന് നിങ്ങൾ രണ്ടുപേരും ചോദിച്ചിരുന്നില്ലേ..

ഇതൊക്കെ തന്നെയാണ് കാരണം.. ഒറ്റയ്ക്കായാൽ അവളെക്കൊണ്ട് പറ്റില്ലടാ… പ്രത്യേകിച്ചും അന്നത്തെ സംഭവത്തിന് ശേഷം..

ആദ്യമൊക്കെ വലിയ ധൈര്യശാലി ആയിരുന്നു.. ഇപ്പോഴും ധൈര്യശാലി ആണെന്ന് കാണിക്കാൻ ഭയങ്കര മിടുക്കാ…

പക്ഷേ സത്യം എനിക്കേ അറിയൂ…

നിനക്കറിയോ..?? വർഷങ്ങൾക്കുശേഷം ഇന്നലെ ഒന്ന് ഉറങ്ങാൻ വേണ്ടി മരുന്ന് തേടിപ്പോയി അവൾ..

അതൊരു നല്ല ലക്ഷണം ആണോ..??
അവളുടെ മനസ്സിൽ അത്രയ്ക്കധികം ആശങ്കയുണ്ട്.. പക്ഷേ പുറമേക്ക് പ്രകടിപ്പിക്കുന്നില്ല എന്ന് മാത്രം…”

“സഞ്ജു.. ഇത് നിങ്ങൾ ഉദ്ദേശിക്കുന്ന കിരൺ ആണെങ്കിൽ തന്നെ അവന് മനസ്സിലായോ നീ ആരാണെന്ന്…

നന്ദു നിന്റെ ഭാര്യയാണെന്ന് അവനറിയാമോ…???”

“അറിഞ്ഞുകൂടാ ചിലപ്പോ അറിയുമായിരിക്കും…

അത് അറിഞ്ഞിട്ട് ആയിരിക്കാം.. ചിലപ്പോ അവൻ അവിടെ വന്നത്.. അല്ലെങ്കിൽ പിന്നെ.. യാദൃശ്ചികം ആയിരിക്കാം.. എന്തുതന്നെയായാലും നന്ദുവും അവനുമായുള്ള കണ്ടുമുട്ടൽ ഒഴിവാക്കുന്നതാണ് നല്ലത് എന്ന് എനിക്ക് തോന്നുന്നു…

എന്തായാലും ഇന്ന് ഞാൻ അറിഞ്ഞത് നന്ദു ഒരിക്കലും അറിയരുത്..

കാർത്തി അയച്ച ഫോട്ടോ നോക്കുന്നതിന് മുമ്പുവരെ.. ഞാനും ഒന്നും പ്രതീക്ഷിച്ചു പോയി അത് അവൻ അല്ലായിരുന്നുവെങ്കിൽ എന്ന്…”

“നീ വിഷമിക്കാതെ…
നമുക്ക് പരിഹാരമുണ്ടാക്കാം..
നീ വാ… ഇപ്പോ തന്നെ ഒരുപാട് വൈകി…”

തിരികെ റൂമിൽ എത്തുമ്പോഴേക്കും ചക്കി ഉറക്കം പിടിച്ചിരുന്നു… ഡൈനിങ് ടേബിളിൽ ഭക്ഷണം മൂടിവച്ചിരിക്കുന്നു..

“എന്തുപറ്റി സഞ്ജൂ.. വൈകാൻ..??
വിളിച്ചു പറഞ്ഞു പോലുമില്ലല്ലോ..??”

“ഏയ്… ഒന്നുമില്ലടോ..
അൽപ്പം വർക്ക് പെൻഡിംഗ് ഉണ്ടായിരുന്നു…
കഴിഞ്ഞപ്പോ..ഇത്രയും വൈകുമെന്ന് വിചാരിച്ചില്ല…
താൻ കഴിച്ചില്ലല്ലോ…
ദാ..വരണൂ..ഒരു ഫൈവ് മിനിറ്റ്സ്…”

അതും പറഞ്ഞു സഞ്ജു ഫ്രഷാവാനായി ബാത്റൂമിൽ കയറി.. ആ സമയത്താണ് കാർത്തി വിളിക്കുന്നത്…
അടുക്കളയിൽ നിന്ന് നന്ദു ഫോണെടുക്കാനായി ചെന്നതും കോൾ കട്ടായി..

കാർത്തി യെ തിരിച്ചു വിളിക്കാമെന്നു കരുതിയാണ് നന്ദു ഫോണെടുത്തത്..

ഫോണെടുത്തതും സഞ്ജു ബാത്റൂം വാതിൽ തുറന്നു വന്നതും ഒരുമിച്ചായിരുന്നു…

നന്ദുവിന്റെ കയ്യിൽ തന്റെ ഫോൺ കണ്ടപ്പോൾ തന്നെ സഞ്ജുവിന് ആകെ ടെൻഷനായി…

“ഈശ്വരാ..അവളെങ്ങാനും ആ ഫോട്ടോ കണ്ടു കാണുമോ…???”

സഞ്ജുവിന്റെ മനസ്സിലുള്ള ആശങ്ക മുഖത്ത് പ്രകടമായിരുന്നു.
അത് കണ്ടിട്ടാകണം നന്ദു ചോദിച്ചത്…

“എന്താ സഞ്ജൂ…ആകെയൊരു വെപ്രാളം… പതിവില്ലാതെ…??
വാ.. വന്ന് ഭക്ഷണം കഴിക്ക്…”

രണ്ടു പേരും ഭക്ഷണം കഴിക്കുന്നതിനിടയിലാണ് നന്ദു ചോദിച്ചത്…

“ആട്ടെ… അന്വേഷിച്ചു കണ്ടെത്തിയോ… സഞ്ജു..??”

“എന്ത്… ???”

“രണ്ടും ഒരാളാണോന്ന്…??”

പെട്ടെന്നുള്ള നന്ദുവിന്റെ ചോദ്യം കേട്ടപ്പോൾ കഴിച്ചുകൊണ്ടിരുന്ന ഭക്ഷണം ശിരസ്സിൽ കയറി..
ചുമ നിർത്തനായി വെള്ളം കുടിക്കുന്നതിനിടയിലും ശ്രദ്ധ മുഴുവനും നന്ദുവിന്റെ മുഖത്തായിരുന്നു…

“ആ… കണ്ടു പിടിക്കാതെ പിന്നെ…?? ഞാൻ അപ്പോഴേ പറഞ്ഞില്ലേ അത് അവൻ അല്ല എന്ന്…
വെറുതെ മനുഷ്യൻ ടെൻഷനടിച്ചതു മിച്ചം… നീ വേഗം കഴിക്കാൻ നോക്ക്…”

ഭക്ഷണം കഴിച്ച് കിടക്കുന്നത് വരെയും നന്ദു വേറൊന്നും ചോദിച്ചില്ല… അവൾക്ക് അറിയാമായിരുന്നു സഞ്ജു മറച്ചുവെക്കുന്നത് എന്താണെന്ന്…

“താനത് തുറന്നു ചോദിച്ചാൽ പാവം ആകെ ടെൻഷനാകും.. അതുവേണ്ട..”
നന്ദു തീരുമാനിച്ചു..

പിന്നീടുള്ള ദിവസങ്ങളിൽ വലിയ പ്രശ്നങ്ങളില്ലാതെ കടന്നുപോയി.. ഒന്നുകിൽ തന്നെ മനസ്സിലായിട്ടില്ല.. അല്ലെങ്കിൽ അവൻ മനപ്പൂർവ്വം മനസ്സിലാകാത്തത് പോലെ നടിക്കുന്നു…

സഞ്ജുവും ജോലിത്തിരക്കിനിടയിൽ മനഃപൂർവം ആ കാര്യം മറന്നെന്നു ഭാവിച്ചു… ഓഫീസിലെ ലേഡീസ് സ്റ്റാഫിനിടയിൽ കിരണിന് നല്ലൊരു ഇമേജ് അല്ല.. എന്ന് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ സഞ്ജുവിനും വിനുവിനും മനസ്സിലായിരുന്നു..

അത് ആദ്യദിവസം തന്നെ ബോധ്യപ്പെട്ടതാണല്ലോ..

ദിവസങ്ങൾ കടന്നു പോയി കൊണ്ടിരുന്നു…
കിരണിന് തന്നെ മനസ്സിലായി കാണില്ലെന്ന് സഞ്ജു വിശ്വസിച്ചു..

സാധാരണ ദിവസങ്ങളിൽ ക്ലാസ്സ് കഴിഞ്ഞു വരുമ്പോൾ താമസിക്കുന്ന ബിൽഡിംഗിനു മുന്നിൽ തന്നെയാണ് ചക്കിയും അമ്മുവും ബസ്സിറങ്ങുക…

അമ്മു കൂടെയുള്ളത് കൊണ്ട് രണ്ടു പേരും ഒരുമിച്ച് ഫ്ലാറ്റിലേക്ക് വരാറാണ് പതിവ്.. ചില ദിവസങ്ങളിൽ ഒന്നുകിൽ ശ്വേതയെയോ നന്ദുവോ ചെല്ലും…

ഒരു ദിവസം ഉച്ചയ്ക്ക് ശേഷം ..
ചക്കിയെയും കൊണ്ട് പുറത്തോട്ട് ഇറങ്ങിയതാണ് നന്ദു…

സാധാരണ ഒന്നുകിൽ ശ്വേതയുണ്ടാകാറുണ്ട്.. അല്ലെങ്കിൽ സഞ്ജുവും.. രണ്ട് ദിവസം കഴിഞ്ഞ്
അമ്മുവിന്റെ പിറന്നാളാണ്.

അവൾക്ക് ഒരു പ്രസന്റ് വാങ്ങണം.. അതാണ് ശ്വേതയെ കൂട്ടാതെ നന്ദുവും ചക്കിയും തനിയെ പുറത്തേക്ക് ഇറങ്ങിയത്..
വല്ലാതെ ദൂരേയ്ക്ക് ഒന്നുമല്ല..

കരാമ സെന്റർ അല്ലെങ്കിൽ ലുലു.. അതാണ് ലക്ഷ്യം.. ഒരു ജോഡി ഡ്രസ്സ് ഒപ്പം ഒരു കുഞ്ഞു സർപ്രൈസും..

ലുലുവിൽ കയറി അമ്മുവിനും കൂടെ ചക്കിക്കും ഡ്രസ്സുകൾ എടുത്തു..
ശേഷം കരാമ സെന്ററിലേയ്ക്കുള്ള നടത്തത്തിനിടയിലാണ് ചക്കി എങ്ങോട്ടോ നോക്കി നിൽക്കുകയാണ്..

“ചക്കീ..
എന്തുവാ അവിടെ.. വേഗം നടക്ക്… നീ ആരെയാ ഈ നോക്കുന്നേ…??”

“അല്ലമ്മാ…
ഒരങ്കിൾ..കുറേ നേരമായി നമ്മളെ തന്നെ നോക്കുന്നുണ്ടായിരുന്നു..”

“എവിടെ..?? നിനക്കു ചുമ്മാ തോന്നിയതാകും…മോളു വാ..”

“അല്ല.. സത്യം..
ലുലുന്ന് വച്ചേ ആ അങ്കിൾ ഉണ്ടായിരുന്നു.. ഇപ്പം വരെ ഞാൻ കണ്ടതാണേ…”

“ആ..ദാ നിൽക്കുന്നു..ആ അങ്കിളാ..”

ചക്കി ചൂണ്ടിക്കാട്ടി..

കാർ പാർക്കിംഗിനിടയിൽ ഒരു മരച്ചുവട്ടിൽ തങ്ങളെയും നോക്കി തന്നിലേക്ക് തന്നെ നടന്നടുക്കുന്ന ആ രൂപം വ്യക്തമായി കാണാൻ കഴിയാത്ത വിധം ഭയം വന്നു കണ്ണുകളെ പൊതിഞ്ഞു.. നന്ദു ചുറ്റും നോക്കി.. ഏതോ ഉൾപ്രേരണയോടെ ചക്കിയെ കൂടുതൽ ചേർത്ത് പിടിച്ചു.. അറിയാതെ തന്നെ ചുണ്ടുകൾ മന്ത്രിച്ചു…

“കിരൺ…”

നന്ദുവിനു മുന്നിൽ ഒരു റീലെന്നപോലെ പഴയ ഓർമ്മകൾ ഒന്നിന് പിറകെ മറ്റൊന്നായി തെളിയുകയായിരുന്നു…

ആ ഓർമ്മകളെല്ലാം വന്നവസാനിച്ചത് “നന്ദൂ.. രക്ഷപ്പെടാൻ നോക്ക്”
എന്ന വാചകത്തിലും..

അത് ചുറ്റും മുഴങ്ങി കേൾക്കുന്ന പോലെ… തിരിഞ്ഞു നടക്കാൻ തുടങ്ങിയപ്പോഴേക്കും കിരൺ അടുത്തെത്തിയിരുന്നു..

“ഹായ് നന്ദിതാ…
വാട്ട് എ സർപ്രൈസ്… ഒട്ടും പ്രതീക്ഷിച്ചില്ല കേട്ടോ…”

മനസ്സിലായില്ല എന്ന ഭാവത്തിൽ നിൽക്കുകയാണ് നന്ദു..

“ഡോ.. തനിക്ക് മനസ്സിലായി എനെനെനിക്കറിയാം.. അത് തന്റെ മുഖത്ത് എഴുതി വച്ചിട്ടുണ്ട്..
എന്താണ് പണ്ടത്തെ വീരശൂരപരാക്രമിയായ നന്ദു ആകെ മാറിയിരിക്കുന്നു എന്നതാണ് അദ്ഭുതം…

ഇത് മോളായിരിക്കും അല്ലേ..??”

ചക്കിയെ നോക്കി കിരൺ പറഞ്ഞു..

“ഹായ് സ്വീറ്റീ..
ആം യുവർ മോംമ്സ് ഫ്രണ്ട്..

യു കാൻ കോൾ മീ കിരൺ അങ്കിൾ..
വാട്ട്സ് യുവർ നെയിം..??”

“സദ്ഗമയ സഞ്ജയ്…
യു കാൻ കോൾ മീ ചക്കീ..”

ചക്കി ചിരിച്ചു കൊണ്ട് പറഞ്ഞു..

“സോ സ്വീറ്റ് ഓഫ് യൂ.. ഡിയർ..
ഇത് മോൾക്ക് ഇരിക്കട്ടെ…”
ചക്കിക്കു നേരെ ഒരു ഗിഫ്റ്റ് നീട്ടിപ്പിടിച്ച് കിരൺ പറഞ്ഞു..

വാങ്ങണോ വേണ്ടയോ എന്ന സംശയത്തിൽ ചക്കി നന്ദുവിനെ നോക്കി…

“മോള് ധൈര്യായിട്ട് വാങ്ങിക്കോ അമ്മയൊന്നും പറയില്ല…

കിരൺ പറഞ്ഞതിന്റെ ധൈര്യത്തിൽ ചക്കി ഗിഫ്റ്റ് വാങ്ങി…

“താങ്ക്യൂ അങ്കിൾ…”

ആ ഗിഫ്റ്റും കൊണ്ട് അടുത്തുള്ള കടയിലെ ടോയ്സ് നോക്കുന്ന തിരക്കിലായിരുന്നു ചക്കി..

“അമ്മയെ പോലെ തന്നെ സുന്ദരിയാണല്ലോ മോളും..”

നന്ദുവിനെ നോക്കി കണ്ണിലൊരു ഗൂഢമായ ഭാവത്തിലാണ് കിരൺ പറഞ്ഞത്..

അവനെ ചൊടിപ്പിക്കാൻ നിൽക്കുന്നത് അപകടമാണെന്ന് അറിയാവുന്നതിനാൽ നന്ദു ഒന്നും മിണ്ടാതെ നിൽക്കുകയാണ്…

“ഡോ..നീനെന്താ ഒന്നും മിണ്ടാത്തത്…

പണ്ടത്തെ വീരശൂരപരാക്രമിയായ നന്ദുവിനെ ആകെ മിസ്സ് ചെയ്യുന്നല്ലോ…ആ നന്ദൂനെയാ എനിക്കിഷ്ടം…

നീ ഇവിടെ ഉണ്ടെന്ന് അറിഞ്ഞു കൊണ്ടല്ല ഞാൻ ദുബായിൽ എത്തിയത്…
ബട്ട് ദൈവാനുഗ്രഹം കൊണ്ട് നിന്നെ അധികം അന്വേഷിക്കേണ്ടി വന്നില്ല… ദാ ദൈവം തന്നെ എന്റെ മുന്നിൽ കൊണ്ടെത്തിച്ചില്ലേ..”

“മാറി നിൽക്ക്.. കിരൺ..എനിക്ക് പോകണം..”

“ഓഹോ..അപ്പോ നിനക്ക് സംസാരിക്കാൻ അറിയാം..”

അവന്റെ മുഖത്തെ അസാധാരണമായ മാറ്റം കണ്ട് കൊണ്ട് പേടിയോടെ നോക്കി നിൽക്കുകയാണ് ചക്കീ…

“മോള് പേടിക്കേണ്ടട്ടോ…
അങ്കിൾ ചുമ്മാ പറഞ്ഞതല്ലേ..”

“നിന്റെ കെട്ടിയവൻ എന്നെപ്പറ്റി ഒരു അന്വേഷണം നടത്തിയപ്പോഴേ ഞാൻ സംശയിച്ചു….. ഇങ്ങോട്ടേയ്ക്കു വന്ന് മുട്ടിയതല്ലേ… വിശദമായി അന്വേഷിച്ചപ്പോൾ മനസ്സിലായി.. അവനാരാണെന്ന്…

പക്ഷേ സത്യം ഞാൻ അവനോട് പറഞ്ഞില്ലാട്ടോ.. ഞാനാരാണെന്ന് അവനറിയാം.. അത് അവന് അറിയാമെന്ന് എനിക്കുമറിയാം… ഒരുതരം കള്ളനും പോലീസും കളി…
ഒരുത്തനെ ചാവാൻ വിട്ടുകൊടുത്തു നീ ഇവിടെ കുടുംബജീവിതം ആസ്വദിക്കാണ് അല്ലേ.. കൊള്ളാം…

അപ്പൊ ഷോപ്പിംഗ് നടക്കട്ടെ നമുക്ക് ഇനിയും കാണാം.. കാണണം…
ബൈ.. സ്വീറ്റീ..”

ചക്കിയോട് യാത്ര പറഞ്ഞു അവൻ നടന്നു കാറിൽ കയറി…

അത്ര നേരം ഒന്നും പറയാതെ നിന്ന നന്ദു അത് കേട്ടു ആകെ തളർന്നു… തലയ്ക്കുള്ളിലൂടെ എന്തൊക്കെയോ പാഞ്ഞുപോകുന്ന പോലെ..

ആരോ കൂടം കൊണ്ട് അടിക്കുന്ന പോലെ…

“ഒരുത്തനെ ചാവാൻ വിട്ടുകൊടുത്തു.. നീ ഇവിടെ കുടുംബ ജീവിതം ആസ്വദിക്കുകയാണ് അല്ലേ…”

അവന്റെ വാക്കുകൾ ചുറ്റും മുഴങ്ങി കേൾക്കുന്നു…

കൂടെ ചക്കി ഉണ്ടായിരുന്നതിനാൽ മാത്രം ഒന്നും പറയാതെ തിരിച്ചു ഓടുകയായിരുന്നു… നന്ദു..
വന്നയുടൻ കയ്യിലിരുന്ന ബാഗും കവറുകളുമെല്ലാം വലിച്ചെറിഞ്ഞ്.. റൂമിൽ കയറി വാതിൽ അടച്ചു…

എന്തുചെയ്യണമെന്നറിയാതെ നിൽക്കുകയാണ് ചക്കി…

“മ്മാ…വാതിൽ തുറക്കമ്മാ… പ്ലീസ് മ്മാ… നന്ദൂന്റെ ചക്കിയല്ലേ വിളിക്കണേ…”

നേരത്തെ വിളികൾക്കു ശേഷം നന്ദു കതക് തുറന്നു…

“സോറി ട്ടോ…

അമ്മക്ക് പെട്ടെന്ന് വിഷമം വന്നു.. അതുകൊണ്ടാ..സോറി മുത്തേ…
മോള് ശ്വേതാമ്മേടെ അടുത്ത് പോയിരുന്നോ… നന്ദു ഒന്ന് കിടക്കട്ടെ…
ഭയങ്കര തലവേദന..”

ചക്കിയെ ശ്വേതയുടെ ഫ്ലാറ്റിലേക്ക് പറഞ്ഞുവിട്ടു… നേരെ കേറി കതകടച്ചു കിടന്നു…
തലവേദനയാണ് എന്ന് പറഞ്ഞതിനാൽ ശ്വേതയും ശല്യപ്പെടുത്താൻ പോയില്ല…

വൈകിട്ട് സഞ്ജു തിരിച്ചുവരുമ്പോൾ ആകെ ശോക മൂകമായിരുന്നു അന്തരീക്ഷം..

ഒരു ലൈറ്റ് പോലും തെളിയിച്ചിട്ടില്ല..

സഞ്ജു ലൈറ്റ് ഓൺ ആക്കി… ചുറ്റും കവറുകളും ബാഗും വലിച്ചിട്ടിരിക്കുന്നു… ചക്കിയെയും നന്ദുവിനെയും കാണുന്നില്ല…

സഞ്ജു റൂമിൽ നിന്ന് പുറത്തിറങ്ങി വിനുവിൻറെ ഫ്ലാറ്റിലേക്ക് പോയി…
നോക്കുമ്പോൾ ചക്കി അമ്മുവിന് ഒപ്പമിരുന്ന് കളിക്കുന്നുണ്ട്… നന്ദുവിനെ അവിടെങ്ങും കണ്ടില്ല…

സഞ്ജു ചക്കിയോടായി ചോദിച്ചു…

“അപ്പയുടെ ചക്കിക്കുട്ടി എന്താ പതിവില്ലാതെ ഈ നേരത്ത് ഇവിടെ….
നന്ദു എവിടെ..??”

“അച്ഛേ… അമ്മയ്ക്ക് വയ്യ..
കിടക്കാ.. ചക്കിയോട് അമ്മുചേച്ചീന്റൊപ്പം കളിച്ചോളാൻ പറഞ്ഞു.. ”

“എന്തു പറ്റീതാ കണ്ണാ… നന്ദൂന്..
വാ നോക്കാം നമുക്ക്…”

“തലവേദനാന്നാ പറഞ്ഞേ…

ഞാനും നന്ദൂം കൂടെ ലുലൂന്ന് ഇറങ്ങുമ്പോൾ.. ഒരങ്കളിനെ കണ്ടാരുന്നു… ആ അങ്കിൾ എന്തൊക്കെയോ പറഞ്ഞു.. തിരികെ പോരുമ്പോൾ.. നന്ദു എന്നേം വലിച്ചോണ്ട് ഓടി ഓടിയാ വന്നേ… മോൾക്ക് വയ്യാതെ ആയി…

ഇവിടെത്തിയപ്പോ നന്ദു റൂമിൽ കേറി ഡോറടച്ചു… മോള് കൊറേ വിളിച്ചിട്ടാ തുറന്നേ…. പിന്നെ മോളേം കെട്ടിപ്പിടിച്ച് കുറേനേരം കരഞ്ഞു… ചക്കിയോട് ശ്വേതാമ്മേടെ അടുത്ത് പോയിരുന്നോന്ന് പറഞ്ഞു…”

ചക്കി പറഞ്ഞത് കേട്ടപ്പോൾ വിനുവും സഞ്ജുവും പരസ്പരം നോക്കി…

കിരൺ ഉച്ചയ്ക്ക് ഇറങ്ങിയതാണ്…സൈറ്റിലേക്ക് ആണെങ്കിൽ താനും കൂടി ഉണ്ടെന്നു പറഞ്ഞപ്പോൾ സൈറ്റിലേക്ക് അല്ല.. പേഴ്സണൽ കാര്യമുണ്ട് എന്ന് പറഞ്ഞാണ് ഇറങ്ങിയത്..

ഇനി കിരണെങ്ങാനും നന്ദുവിനെ കണ്ടു കാണുമോ…???

സഞ്ജുവിനെ മനസ്സിൽ ആശങ്കകൾ ഉയർന്നു…

“മോളിവിടെ ഇരിക്കേ… അച്ഛ ഇപ്പൊ വരാം.. നന്ദൂനെ നോക്കട്ടെ..”

മോളെ വിനുവിനെ ഏൽപ്പിച്ചു സഞ്ജു ഓടുകയായിരുന്നു..
കുറെയധികം തവണ കതകിൽ തട്ടി വിളിച്ചിട്ടാണ് നന്ദു തുറന്നത്…

നന്ദുവിന്റെ കോലം കണ്ടപ്പോൾ ആകെ തകർന്നു പോയിരുന്നു സഞ്ജു..
കണ്ണെല്ലാം എല്ലാം കരഞ്ഞു വീർത്തു..

“എന്തു പറ്റിയെടാ നന്ദൂ….
എന്താ ഉണ്ടായേ…??”

“സഞ്ജൂ….
ഞാൻ ഇന്ന് കണ്ടു…
കണ്ടു സഞ്ജൂ…..”

“ആരെ.. ആരെ കണ്ടൂന്നാ നീ പറയണേ…??”

“അവനെ… കിരണിനെ..

സഞ്ജു എന്നെ പറ്റിച്ചതാ അല്ലേ… സഞ്ജുവിന് അറിയാമായിരുന്നു അല്ലേ…. അത് കിരൺ ആയിരുന്നു എന്ന്… എന്തിനാ സഞ്ജൂ… എന്നോട് ഒരു വാക്ക് പറഞ്ഞൂടായിരുന്നോ…

അവൻ പറഞ്ഞത് ശരിയാ…
അല്ലേ സഞ്ജു…

ഒരുത്തനെ ചാവാൻ വിട്ടു കൊടുത്തു ജീവിതം ആസ്വദിക്കുകയല്ലേ ഞാൻ ഇപ്പോ… ഞാനെന്തു പാപി ആണല്ലേ സഞ്ജൂ…അഭീ… മാപ്പ്… ഒരായിരം മാപ്പ്..”

ചുമരിൽ ചാരി നിന്നു നിലത്തേക്ക് ഊർന്നു ഇറങ്ങിയ അവളെ പിടിച്ചു എഴുന്നേൽപ്പിയ്ക്കുമ്പോൾ സഞ്ജുവും ആകെ തകർന്നിരുന്നു…

“നന്ദൂട്ടീ…”
സഞ്ജുവിന് തന്നെ നിയന്ത്രിക്കാൻ ആയില്ല..

“എന്താ നീ പറഞ്ഞേ…
നിനക്കെന്താ പറ്റിയത്… ആരും
ആരെയും ചാവാൻ വിട്ടുകൊടുത്തത് ഒന്നുമല്ല…

അഭി നിനക്ക് വെച്ചുനീട്ടിയ ജീവിതം അല്ലേ ഇത്… നിനക്ക് അങ്ങനെ ചിന്തിച്ചുകൂടെ…”

കാലങ്ങൾക്കുശേഷമാണ് നന്ദു അഭിയെപ്പറ്റി പറയുന്നത്…
നന്ദുവിന്റെ മനസ്സ് ഒരു തിരിച്ചുപോക്ക് നടത്തുകയാണോ…

മനസ്സ്…
അതെന്താണ് ചിന്തിച്ചു കൂട്ടുന്നതെന്ന് ആർക്കുമറിയില്ല… ഒരു പക്ഷേ അതിന്റെ ഉടമയ്ക്കുപോലും….

ആകെ കരഞ്ഞ് തളർന്നിരിക്കുന്ന നന്ദുവിനെ ചേർത്തുപിടിക്കുമ്പോൾ ഒരു തീരുമാനമേ ഉണ്ടായിരുന്നുള്ളൂ സഞ്ജുവിന്റെ മനസ്സിൽ…

ഒരിക്കൽ തിരിച്ചുപിടിച്ച നന്ദുവിന്റെ മനസ്സ് വീണ്ടും.. അങ്ങനെ ഒന്നിനു വേണ്ടിയും വിട്ടുകൊടുക്കില്ല താൻ.

(തുടരും )

നല്ല‍ പാതി : ഭാഗം 1

നല്ല‍ പാതി : ഭാഗം 2

നല്ല‍ പാതി : ഭാഗം 3

നല്ല‍ പാതി : ഭാഗം 4

നല്ല‍ പാതി : ഭാഗം 5

നല്ല‍ പാതി : ഭാഗം 6

നല്ല‍ പാതി : ഭാഗം 7

നല്ല‍ പാതി : ഭാഗം 8

നല്ല‍ പാതി : ഭാഗം 9

നല്ല‍ പാതി : ഭാഗം 10

നല്ല‍ പാതി : ഭാഗം 11

നല്ല‍ പാതി : ഭാഗം 12

നല്ല‍ പാതി : ഭാഗം 13

നല്ല‍ പാതി : ഭാഗം 14

നല്ല‍ പാതി : ഭാഗം 15

നല്ല‍ പാതി : ഭാഗം 16

നല്ല‍ പാതി : ഭാഗം 17

നല്ല‍ പാതി : ഭാഗം 18

നല്ല‍ പാതി : ഭാഗം 19

നല്ല‍ പാതി : ഭാഗം 20

നല്ല‍ പാതി : ഭാഗം 21

നല്ല‍ പാതി : ഭാഗം 22

നല്ല‍ പാതി : ഭാഗം 23

നല്ല‍ പാതി : ഭാഗം 24

നല്ല‍ പാതി : ഭാഗം 25

നല്ല‍ പാതി : ഭാഗം 26