Friday, April 26, 2024
Novel

നവമി : ഭാഗം 29

Spread the love

എഴുത്തുകാരി: വാസുകി വസു

Thank you for reading this post, don't forget to subscribe!

“ക്ഷമിക്കണം… നീതിയുടെ വിവാഹം ഉടനെ നടത്താൻ ഞങ്ങൾ ഉദ്ദേശിക്കുന്നില്ല…

അവിടേക്ക് സന്തോഷത്തോടെ ഓടിവന്ന നീതി അച്ഛന്റെ വാക്കുകൾ കേട്ട് തറഞ്ഞ് നിന്നുപോയി.അവളുടെ മുഖഭാവം മാറി..കണ്ണുകൾ നിറഞ്ഞൊഴുകി.

നവമിയും രാധയും അഭിയും അച്ഛനും അമ്മയും എല്ലാം ഏതാണ്ട് അതേ അവസ്ഥയിൽ ആയിരുന്നു.. അവരുടെ മുഖത്തെ ചിരികൾ പൊടുന്നനെ മാറി.മുഖം കരുവാളിച്ചു…

ചേച്ചി പൊട്ടിക്കരഞ്ഞു കൊണ്ട് തിരിഞ്ഞോടുന്നത് കണ്ടിട്ട് അവളും തകർന്നു പോയി..

” പാവം ചേച്ചിയും അഭിയേട്ടനും..ഒരുപാട് ആഗ്രഹിച്ചതാണ് ഒന്നിക്കാൻ..കൂടെ താനും…

എല്ലാം ഇപ്പോൾ അച്ഛന്റെ വാക്കിൻ പുറത്ത് തകർന്നടിഞ്ഞിരിക്കുന്നു.എന്ത് ചെയ്യണമെന്ന് അറിയാതെ നവമിയും കുഴങ്ങി…

അച്ഛനെന്താണ് ഇങ്ങനെയൊരു മാറ്റം എത്ര ചിന്തിച്ചിട്ടും നവമിക്ക് മനസ്സിലായില്ല. അഭിയേട്ടന്റെയും മാതാപിതാക്കളുടെയും മുഖം മങ്ങുന്നത് അവൾ കണ്ടു ‌വല്ലാത്തൊരു വേദന അനുഭവപ്പെട്ടതോടെ അവൾ അച്ഛന് അരികിലേക്ക് നീങ്ങി.

“അച്ഛാ ഈ അവസരത്തിൽ ഞാൻ സംസാരിക്കുന്നത് തെറ്റാണോന്ന് അറിയില്ല”

അഭിയും കുടുംബവും മെല്ലെ എഴുന്നേൽക്കാൻ ഒരുങ്ങുകയായിരുന്നു.ആ അവസരത്തിലാണ് നവമി രമണനുമായി സംസാരിക്കുന്നത്.അയാൾ അവളെ ആകാംഷയോടെ നോക്കി.

“എന്താണ് മോളേ മുഖവുരയുടെ ആവശ്യം. എന്താണെങ്കിലും നിനക്ക് പറയാമല്ലോ”

അച്ഛന്റെ സമ്മതം ലഭിച്ചതോടെ നവിയുടെ മുഖം തെളിഞ്ഞു.കണ്ണുകളാൽ അഭിക്ക് സിഗ്നൽ നൽകി. അവളെന്തെങ്കിലും പോംവഴി കണ്ടെത്തുമെന്ന് അവന് ഉറപ്പുണ്ട്.കാരണം നവി പൊളിയാണ്. മിടുക്കി.

“അച്ഛാ നമുക്ക് കിട്ടാവുന്നതിൽ നല്ലൊരു ബന്ധമാണിത്.പോരെങ്കിൽ അഭിയേട്ടൻ ചെറുപ്പം മുതലേ ചേച്ചിയെ ആഗ്രഹിക്കുന്നതാണ്.ഏട്ടൻ മാത്രമല്ല ഏട്ടന്റെ അച്ഛനും അമ്മയും ചേച്ചിയെ ഒരുപാട് ഇഷ്ടപ്പെടുന്നുണ്ട്”

രമണനെ സംബന്ധിച്ച് അതെല്ലാം പുതിയ അറിവ് ആയിരുന്നു. ഇതിനിടയിൽ നടന്നതൊന്നും അയാൾ അറിയുന്നുണ്ടായിരുന്നില്ല.

“മോളേ അച്ഛൻ പറഞ്ഞത് ഈ വിവാഹം നടത്താൻ താല്പര്യം ഇല്ലാഞ്ഞിട്ടല്ല.അച്ഛന് അഭിമന്യുവിനെ ഇഷ്ടമാണ്.. പക്ഷേ..”

“എന്താണ് അച്ഛാ ഒരു പക്ഷേ… ” അതറിയാനായിരുന്നു എല്ലാവർക്കും ആകാംഷ.എല്ലാവരുടേയും മിഴികൾ രമണനിലായി.

“കുറച്ചു നാൾ മുമ്പ് അച്ഛനൊരു ആലോചന കൊണ്ട് വന്നത് ഓർമ്മയില്ലേ..അന്നേ നിങ്ങൾക്ക് വാക്ക് തന്നതല്ലേ പഠിത്തം കഴിയാതെ ആലോചന നടത്തില്ലെന്ന്.അതും നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഒരാളെ ലഭിച്ചാൽ മാത്രമേ നടത്തൂ.അച്ഛനായിട്ട് നിങ്ങളെ ഒന്നിനും നിർബന്ധിക്കില്ല”

“ഹൊ… ഇത്രയേയുളളായിരുന്നോ…എല്ലാവർക്കും ശ്വാസം നേരെ വീണു.നവിക്ക് അച്ഛെനെ കെട്ടിപ്പിടിച്ചൊരുമ്മ കൊടുക്കാനാണ് തോന്നിയത്.എന്തായാലും അച്ഛനു എതിർപ്പില്ലെന്ന് മാത്രമല്ല അഭിയേട്ടനെ ഇഷ്ടവുമാണ്.അവൾക്ക് സമാധാനമായി.

” അച്ഛാ… നീതി ചേച്ചിക്കും അഭിയേട്ടനെ ഇഷ്ടമാണ് ” ഇനിയുമൊന്നും അച്ഛനെ അറിയിക്കാതിരിക്കുന്നത് ശരിയല്ലെന്ന് അവൾക്ക് തോന്നി.അഭി നീതിയെ പ്രൊപ്പോസൽ ചെയ്തതും വീട്ടിൽ വന്ന് ആലോചിക്കാൻ അറിയിച്ചതും അവൾ പറഞ്ഞു. അതോടെ രമണനു സന്തോഷമായി.

“ക്ഷമിക്കണം.. മുമ്പത്തെയൊരു അനുഭവം വെച്ചാണ് ഞാനങ്ങനെ പറഞ്ഞത്” ക്ഷമ ചോദിച്ചു കൊണ്ട് അയാൾ അതിനുണ്ടായ സാഹചര്യം വിശദീകരിച്ചു.അതോടെ അവരുടെ മനസ്സിലുണ്ടായ അനിഷ്ടം മാറി.

“ക്ഷമ പറയേണ്ട ആവശ്യമില്ല.. ഞങ്ങൾക്കും ഒരുമകനുണ്ട്..ഒരുപിതാവിന്റെ മനസ്സ് പറയാതെ അറിയാം” അഭിയുടെ അച്ഛൻ ചിരിയോടെ പറഞ്ഞു.

അഭിമന്യു നവമിയെ സ്നേഹത്തോടെ നോക്കി.അവൾക്ക് അതിന്റെ അർത്ഥം മനസ്സിലായി.

“നീതി മോളെ വിളിക്ക്..നമുക്ക് കാര്യത്തിലേക്ക് കടക്കാം” അച്ഛന്റെ അനുമതി ലഭിച്ചതും നവമി വേഗം നീതിയുടെ അടുത്തെത്തി. അവൾ ചെല്ലുമ്പോൾ കിടക്കയിൽ കിടന്ന് കരയുന്ന ചേച്ചിയെയാണ് കണ്ടത്.

“ഡീ പൊട്ടിക്കാളി ചേച്ചി” അനിയത്തിയുടെ വിളികേട്ട് അവൾ തല ഉയർത്തി‌.തൂവി തുളുമ്പിയ ചേച്ചിയുടെ കണ്ണുകൾ കണ്ടതോടെ മനസ്സിലായി അഭിയേട്ടനെ ആൾ എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്ന്.

“ചേച്ചി ഇങ്ങോട്ട് എഴുന്നേറ്റു വരുന്നുണ്ടോ!”. നവമി നീതിയുടെ കയ്യിൽ പിടിച്ചു വലിച്ചു.

” ഞാൻ വരുന്നില്ല..അച്ഛനു താല്പര്യം ഇല്ലെങ്കിൽ പിന്നെന്തിനാ ”

“ചേച്ചിയെ കാണാൻ പറ്റിയില്ലെങ്കിൽ അഭിയേട്ടനും അച്ഛനും അമ്മയും എല്ലാം ഇപ്പോൾ പോകുവേ” നീതിയിലൊരു കുതിച്ചു ചാട്ടമുണ്ടായി.അവൾ ചാടിയെഴുന്നേറ്റു.അച്ഛന്റെ വാക്കുകൾ ഓർമ്മയിൽ തെളിഞ്ഞതും വീണ്ടും വാടി തളർന്നു.

“ചേച്ചി അച്ഛനു സമ്മതമാണ്” നീതിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. അവിശ്വസനീയതോടെ അനിയത്തിയെ നോക്കി. ചിരിയോടെ അവൾ കാര്യങ്ങൾ ചുരുക്കി പറഞ്ഞു. അതോടെ നീതിയുടെ കണ്ണുകൾ വിടർന്നു.

“മുഖമൊക്കെ കഴുകി വീണ്ടും പുട്ടിയിട്ടുവാ..കരഞ്ഞ് കണ്ണുകളാകെ കലങ്ങിയട്ടുണ്ട്”

“പോടീ കളിയാക്കാതേ” ഒഴുകിയ കണ്ണുനീർ മുത്തുകൾ തുടച്ചു കൊണ്ടവൾ എഴുന്നേറ്റു ചെന്ന് മുഖം കഴുകി ഫ്രഷായി വന്നു.കുറച്ചു പൗഡറിട്ടു.നെറ്റിയിലൊരു കറുത്ത പൊട്ട് തൊട്ടു.മേക്കപ്പ് ഇല്ലെങ്കിലും ചേച്ചി സുന്ദരിയാണെന്ന് നവമിയോർത്തു.

നീതിയെയും കൂട്ടി നവമി നേരെ അടുക്കളയിലേക്കാണ് ചെന്നത്.അമ്മ രാധ ചായ തയ്യാറാക്കി കപ്പിൽ പകർന്നു വെച്ചിരുന്നു.

“എടുത്ത് കൊണ്ട് കൊടുക്കെടീ” നീതിയോടായി അവർ പറഞ്ഞു. അവൾ ചായക്കപ്പ് ഇരുന്ന ട്രേ കയ്യിലെടുത്തു.

“നീയും കൂടി വാടീ” അനിയത്തിയെ കൂടി അവൾ നിർബന്ധിച്ചു.

“ചേച്ചിയെ കാണാനാ അവർ വന്നത്.എന്നെ കാണാനല്ല” നവമി പുഞ്ചിരിച്ചു.

“പ്ലീസ് മോളേ… നീതി കെഞ്ചി.അതോടെ അവളും കൂടെ ചെന്നു.നടന്നു വരുന്ന നീതിയെ കണ്ണുകളെടുക്കാതെ അഭി നോക്കി കൊണ്ടിരുന്നു. അവൾക്ക് നാണം വന്നതോടെ തല കുനിച്ചു.തുളസി നീതിയേയും നവമിയേയും താരതമ്യം ചെയ്തു.കാഴ്ചയിൽ രണ്ടും ഒരുപോലെ ആണെങ്കിലും വ്യത്യാസമുണ്ട്. കുറച്ചു കൂടി സുന്ദരി നീതിയാണ്.നവിക്ക് കൂടുതൽ അടക്കവും ഒതുക്കവും ഉണ്ട്.

” ചായ കൊടുക്ക് മോളേ” രമണൻ പറഞ്ഞതോടെ ചായക്കപ്പ് നീതി അഭിക്ക് നേരെ നീട്ടി.ചിരിയോടെ അവനത് വാങ്ങിയട്ട് നീതിയുടെ കൈകകളിൽ വിരലോടിച്ചു.ഈ പ്രാവശ്യം കൈകൾ പിൻ വലിച്ചില്ലെങ്കിലും നാണം കൂടി വന്നു.അവൾ അവന്റെ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കി കൊണ്ടിരുന്നു. പ്രണയസാഗരം അഭിയുടെ കണ്ണുകളിൽ അലയടിക്കുന്നത് നീതി കണ്ടു.

“കണ്ണിൽ കണ്ണിൽ രണ്ടും കൂടി നോക്കാതെ ചായ ഞങ്ങൾക്ക് കൂടി താ” തുളസിയുടെ സംസാരം കേട്ടു ഇരുവരും ചമ്മിപ്പോയി. നീതി അച്ഛനും സിദ്ധാർത്ഥനും തുളസിക്കും ചായ കൊടുത്തിട്ട് നവിയുടെ പിന്നിലൊളിച്ചു.ഇടക്കിടെ ഏറുകണ്ണിട്ട് അഭിയെ നോക്കിക്കൊണ്ടു നിന്നു.അവന്റെ മിഴികളും അവളിൽ ആയിരുന്നു..

“നമുക്കിനി കാര്യത്തിലേക്ക് കടക്കാം” സിദ്ധാർത്ഥന്റെ ശബ്ദം ഉയർന്നതും എല്ലാവരുടെയും ശ്രദ്ധ അവിടേക്കായി.

“സ്ത്രീധനമായി തരാനായി വലിയ തുകയൊന്നും ഇല്ലെങ്കിലും ന്യായമായിട്ടുളളത് എന്റെ മകൾക്ക് കൊടുക്കും”

“ഞങ്ങൾക്ക് സ്ത്രീധനമായി മോളെ മാത്രം മതി” രമണനു മറുപടിയായി സിദ്ധാർത്ഥൻ പറഞ്ഞു..

“എന്നാലും മോൾക്ക് കൊടുക്കാനുള്ളത് കൊടുക്കുമെന്നാണു ഞാൻ ഉദ്ദേശിച്ചത്” രമണൻ തന്റെ ഭാഗം ന്യായീകരിച്ചു.

“അതിനെന്താ… ആയിക്കോളൂ…പക്ഷേ എത്രയും പെട്ടെന്ന് ഞങ്ങൾക്ക് നീതിമോളേ വേണം.. മരുമകളായിട്ടല്ല..മകളായിട്ട്” തുളസി എഴുന്നേറ്റു ചെന്ന് നീതിയെ ചേർത്തു പിടിച്ചു. നെറ്റിയിലൊരു ഉമ്മ കൊടുത്തു. അതു കണ്ടതും നവമിയിൽ നേരിയൊരു കുശുമ്പ് തോന്നി.

“ചേച്ചി ഭാഗ്യവതിയാണ്.അഭിയേട്ടനെ പോലെയൊരു ചെറുപ്പക്കാരൻ.. സ്നേഹിക്കാൻ മാത്രം അറിയാവുന്ന അച്ഛനും അമ്മയും” അവളോർത്തു.. പാവം ചേച്ചി ഒരുപാട് സങ്കടപ്പെട്ടിട്ടുണ്ട്.അതിനാണ് ഇപ്പോൾ നല്ലൊരു ജീവിതം നൽകി ഈശ്വരൻ അനുഗ്രഹിച്ചതും..

“രണ്ടു പേരുടെയും വിവാഹം ഒരുമിച്ച് നടത്തണമെന്നാണു ഞങ്ങളുടെ ആഗ്രഹം” സപ്പോർട്ടിനായി രമണൻ ഭാര്യയെ നോക്കി.

“അതെ.. ഇനിയെത്രയും പെട്ടെന്ന് നവമി മോൾക്കുമൊരു ചെറുക്കനെ കണ്ടുപിടിക്കണം” അമ്മയുടെ സംസാരം കേട്ടു നവമി നടുങ്ങിപ്പോയി.അവൾ ദയനീയമായി നീതിയെ നോക്കി.

സാരമില്ലെടീ നമുക്ക് ശരിയാക്കാമെന്ന രീതിയിൽ ചേച്ചി കണ്ണടച്ചു കാണിച്ചു. അതോടെ നവമിക്ക് ആശ്വാസമായി.

“ചെറുക്കനും പെണ്ണിനും സംസാരിക്കണമെങ്കിൽ ആകാം” അച്ഛൻ പറഞ്ഞതോടെ നീതി തന്റെ മുറിയിലേക്ക് പോയി.പിന്നാലെ അഭിമന്യു എഴുന്നേറ്റു അവളുടെ അടുത്ത് ചെന്നു.

“സംസാരിക്കാൻ മുറിയിനെക്കാൾ നല്ലത് പുറത്ത് നിൽക്കാം.ശുദ്ധവായുവും ശ്വസിക്കാം.മനസ്സ് തുറക്കുകയും ചെയ്യാം”

വെളിയിലേക്ക് ഇറങ്ങിയ അഭിയുടെ പിന്നാലെ നീതിയും കൂടി. പറമ്പിലെ കിളിച്ചുണ്ടൻ മാവിന്റെ തണലിൽ പരസ്പരം നോക്കി അവർ നിന്നു.അങ്ങോട്ടും ഇങ്ങോട്ടും ഒന്നും മിണ്ടിയില്ലെങ്കിലും അവരുടെ ഹൃദയം തമ്മിൽ പ്രണയം കൈമാറി.

“എല്ലാമൊരു സ്വപ്നം പോലെ തോന്നുന്നു.. വിശ്വസിക്കാൻ കഴിയുന്നില്ല” ഒടുവിൽ അഭിമന്യു മൗനം മുറിച്ചു.

“എനിക്കും അങ്ങനെ തന്നെയാണ് അഭിയേട്ടാ” നീതിയും സമ്മതിച്ചു. അവളും ഓർത്തു എത്ര പെട്ടന്നാണ് താൻ മാറിയാത്.ഇനിയൊരു വിവാഹം വേണ്ടെന്നു കരുതിയതാണ്. പക്ഷേ അപ്പോഴേക്കും അഭി അവളുടെ ഹൃദയത്തിൽ സ്ഥാനം പിടിച്ചു.

“ഡോ നമുക്ക് ഫ്രണ്ട്ലി ആയിട്ടങ്ങ് ജീവിക്കാം.മനസ്സിൽ ഒന്നും ഒളിപ്പിക്കാതെ സങ്കടവും സന്തോഷവും പരസ്പരം ഷെയർ ചെയ്ത്.എന്ത് പറയുന്നു”

“ഏട്ടന്റെ തീരുമാനം അതാണ് എന്റെയും”

നീതി മനസ്സ് തുറന്നു.. അഭിക്കത് വളരെയധികം സന്തോഷം വരുത്തി. തന്റെ കണ്ടെത്തൽ തെറ്റിയില്ലെന്ന് അവനോർത്തു.

“ഏട്ടാ… ”

“എന്താ പെണ്ണേ”

“നവമിയുടെ കാര്യത്തിലൊരു തീരുമാനം വേണം… പ്രണയം മനസ്സിൽ വെച്ചു അവളും നീറുകയാണ്.രണ്ടു വിവാഹവും ഒരുമിച്ച് നടത്താനാണ് അച്ഛന്റെ പ്ലാൻ.അങ്ങനെയെങ്കിൽ നവിയുടെ കാര്യം കുഴപ്പത്തിലാകും.അഥർവിന് ഒരുജോലി കിട്ടുന്നതുവരെ സമയം കിട്ടുകയും വേണം”

“അതൊക്കെ നമുക്ക് ശരിയാക്കാം” ചിരിയോടെ അവൻ പറഞ്ഞു. അതോടെ അവളുടെ മനസ്സ് തണുത്തു.കുറച്ചു സമയം കൂടി ചിലവഴിച്ചിട്ട് അവർ കൈകോർത്താണു നടന്ന് വീട്ടിലേക്ക് കയറിയത്.ആ വിരലുകൾ വേർപ്പെടുത്താവാൻ അവർക്ക് തോന്നിയില്ല.എങ്കിലും മറ്റുളളവർ കാണുമെന്ന് കരുതി കോർത്ത വിരലുകൾ പിൻ വലിച്ചു.

അഭിമന്യു അമ്മയെ അടുത്ത് വിളിച്ചു എന്തെക്കയോ പറഞ്ഞു. അവരത് ഭർത്താവിന്റെ ചെവിയിൽ മന്ത്രിച്ചു.

“അതേ മോന് സ്ഥലം മാറ്റമാണ്.. അതുകൊണ്ട് എത്രയും പെട്ടെന്ന് വിവാഹം നടത്തണം.‌തുളസിക്ക് ഇപ്പോൾ തന്നെ നീതിയെ ഇവിടെ നിന്ന് കൊണ്ട് പോയാൽ കൊളളാമെന്നുണ്ട്” പറഞ്ഞിട്ട് സിദ്ധാർത്ഥൻ ചിരിച്ചു.

“അതേ…എനിക്ക് എന്റെ മോളേ ഇപ്പോഴേ കിട്ടിയാൽ അത്രയും സന്തോഷം” തുളസി ഭർത്താവിനെ സപ്പോർട്ട് ചെയ്തു. അതോടെ രമണൻ ധർമ്മസങ്കടത്തിലായി.

“നീതിക്ക് എക്സാം കഴിയാൻ രണ്ടു മാസമുണ്ട്‌.അതിനുളളിൽ ഒരുചെറുക്കനെ തപ്പിയെടുക്കണം” രമണൻ മനസ്സിൽ കരുതി.

“നിങ്ങളുടെ ഇഷ്ടം അങ്ങനെ ആണെങ്കിൽ ഇതാദ്യം നടക്കട്ടെ”

“ശരി…അടുത്ത ആഴ്ച മോതിരം ഇടാം.മോളുടെ എക്സാം കഴിഞ്ഞിട്ട് വിവാഹം”

“ശരി.അങ്ങനെയാകട്ടെ…” വാക്കാൽ പരസ്പരം അവരത് ഉറപ്പിച്ചു.. നീതിയും അഭിമന്യുവും തമ്മിലുള്ള വിവാഹം. വീട്ടിലെ ഭക്ഷണവും കഴിച്ചിട്ടാണു അഭിയും ഫാമിലിയും യാത്രയായത്…

💃💃💃💃💃💃💃💃💃💃💃💃💃💃💃

നീതി നവമിയെ സമാധാനപ്പെടുത്തി.തന്റെ വിവാഹം കഴിഞ്ഞിട്ട് പതിയെ അവളുടെ കല്യാണം നടത്തുകയുള്ളൂന്ന് വാക്ക് കൊടുത്തു. ചേച്ചിക്ക് സമ്മാനമായൊരു മുത്തം കൊടുക്കാനും അവൾ മറന്നില്ല…

രാത്രിയിൽ അഭി വിളിച്ചതോടെ നീതിയും അവനും അവരുടെ ലോകത്തിലായി.നവമിക്കാകെ ബോറടി തുടങ്ങി. അവൾ എഴുന്നേറ്റു ഹാളിലേക്ക് ചെന്നു.

“എന്തായാലും നീതിക്ക് കിട്ടിയത് നല്ലൊരു ബന്ധമാണ്” അച്ഛനും അമ്മയും അങ്ങനെ പറയുന്നത് കേട്ടാണ് അവൾ അങ്ങോട്ട് ചെന്നത്.മനസ്സ് നിറഞ്ഞു.

“ഇനി നിന്നെ ആരെയെങ്കിലും കൂടി ഏൽപ്പിക്കണം” രാധ പറഞ്ഞതും അവളുടെ മുഖം വാടി.അവരത് ശ്രദ്ധിച്ചു.

“നിന്റെ മനസ്സിൽ ആരെങ്കിലും ഉണ്ടോടീ” മകളുടെ മനസ്സ് അറിയാനായിട്ട് കൂടി രാധ ചോദിച്ചത്.ഇതാണ്‌ അവസരമെന്ന് നവമിക്ക് മനസ്സിലായി..

“നാളെ പറയാം” അതുകേട്ട് രാധ ഞെട്ടിപ്പോയി..

“ആരായാലും മോൾ പറഞ്ഞോളൂ…അച്ഛൻ നടത്തി തരും”

“ഞാൻ നാളെ പറയാം അച്ഛാ..ആദ്യം ഞാൻ ഇഷ്ടപ്പെടുന്ന ആളുടെ മനസ്സിൽ ഞാനുണ്ടോന്ന് അറിയണ്ടേ” അഥർവ് സംസാരിക്കണമെന്ന് പറഞ്ഞത് അവൾ ഓർത്തു..

“ശരി നാളെ പറഞ്ഞാൽ മതി.. നവിക്ക് സമാധാനമായി..

💃💃💃💃💃💃💃💃💃💃💃💃💃💃💃

രാവിലെ കോളേജ് ഗേറ്റിനു അരികിൽ തന്നെയും പ്രതീക്ഷിച്ചു നിൽക്കുന്ന അഥർവിനെ നവമി കണ്ടിരുന്നു.

” ചേച്ചി ക്ലാസിലേക്ക് പൊയ്ക്കോളൂ.. ഇതിനൊരു തീരുമാനം ഇന്നറിയണം”

“ബെസ്റ്റ് വിഷസ്” നവിക്ക് ആശംസകൾ നേർന്ന് നീതി ക്ലാസിലേക്ക് പോയി.

“വാ നവി…” ധൈര്യം സംഭരിച്ചു അഥർവ് പറഞ്ഞു. അവന്റെ പിന്നാലെ അവളും നടന്നു.തണൽ വിരിച്ചു നിൽക്കുന്ന ഗുൽമോഹർ താഴ്വരയിലേക്ക്..അഥർവിന്റെ നിഴലായി നടന്ന അക്ഷരയെ അവിടെയെങ്ങും കാണാൻ കഴിഞ്ഞില്ല.

വർണ്ണരാജികൾ വിതറിയ ഗുൽമോഹർ താഴ്വരയിൽ പരസ്പരം നോക്കി അവരങ്ങനെ നിന്നു.ആരാദ്യം തുടങ്ങുമെന്ന സംശയത്തിൽ തുടക്കമില്ലാതെ ഇരുവരും മിണ്ടിയില്ല.തലമുടികളിലേക്ക് അടർന്ന് വീണു കൊണ്ടിരുന്ന ഗുൽമോഹർ പൂവിനെ വകഞ്ഞ് മാറ്റിക്കൊണ്ട് ഒടുവിൽ നവമി മൗനം ഭേദിച്ചു.

“എന്തിനാണ് കാണണമെന്ന് പറഞ്ഞത്.ക്ലാസ് തുടങ്ങാൻ സമയമായി” അവൾ ധൃതികൂട്ടി.

ഇനിയിങ്ങനെ പ്രണയാഗ്നിയിൽ ഉരുകി തീരാൻ വയ്യ.രണ്ടിൽ ഏതെങ്കിലും ഒന്നറിയണം.നവമി മനസ്സിൽ ഉറച്ച തീരുമാനം എടുത്തു. പ്രണയം തുറന്നു പറയാൻ മടിക്കുന്ന അഥർവിനോട് ദേഷ്യം തോന്നിത്തുടങ്ങിയിരുന്നു.

“എന്താണെങ്കിലും പറഞ്ഞോളൂ..എന്തായാലും ഉൾക്കൊളളാൻ ഞാൻ തയ്യാറാണ്”

എന്നിട്ടും അഥർവ് മൗനമായി നിൽക്കുന്നത് കണ്ടപ്പോൾ നവമിയിൽ പ്രഷർ കയറി.

“തനിക്ക് തിടുക്കമാണെങ്കിൽ പൊയ്പൊയ്ക്കോളൂ” അഥർവ് ചുണ്ടുകളനക്കി.അതോടെ അവളുടെ നശിച്ചു.കോപത്തോടെ നവമി പിന്തിരിഞ്ഞു നടന്നു. ഒരു പിൻ വിളിക്കായി അവളുടെ മനസ് തുടിച്ചു…കരയരുതെന്ന് എത്ര ശ്രമിച്ചിട്ടും അനുസരണയില്ലാതെ മിഴികൾ തുളുമ്പിയൊഴുകി…

തുടരും….

നവമി : ഭാഗം 1

നവമി : ഭാഗം 2

നവമി : ഭാഗം 3

നവമി : ഭാഗം 4

നവമി : ഭാഗം 5

നവമി : ഭാഗം 6

നവമി : ഭാഗം 7

നവമി : ഭാഗം 8

നവമി : ഭാഗം 9

നവമി : ഭാഗം 10

നവമി : ഭാഗം 11

നവമി : ഭാഗം 12

നവമി : ഭാഗം 13

നവമി : ഭാഗം 14

നവമി : ഭാഗം 15

നവമി : ഭാഗം 16

നവമി : ഭാഗം 17

നവമി : ഭാഗം 18

നവമി : ഭാഗം 19

നവമി : ഭാഗം 20

നവമി : ഭാഗം 21

നവമി : ഭാഗം 22

നവമി : ഭാഗം 23

നവമി : ഭാഗം 24

നവമി : ഭാഗം 25

നവമി : ഭാഗം 26

നവമി : ഭാഗം 27

നവമി : ഭാഗം 28